Friday, January 14, 2011

പരമാധികാരികള്‍ ജനങ്ങളാണെന്ന് തിരിച്ചറിയണം

പരമാധികാരികള്‍ ജനങ്ങളാണെന്ന് തിരിച്ചറിയണം.

ജീവനക്കാരുടെ പ്രതിബദ്ധത പൂര്‍ണമായും പൊതുജനങ്ങളോടാണ്, രാഷ്ട്രീയ പാര്‍ടികളോടല്ല. ഈ പരമപ്രധാനമായ കാര്യം ഓരോ സംഘടനയും അവരുടെ അംഗങ്ങളെ ബോധ്യപ്പെടുത്തണം. ഇന്ന് സിവില്‍ സര്‍വീസിന്റെ ഏറ്റവും വലിയ ശാപം കാലപ്പഴക്കം ചെന്ന ചട്ടങ്ങളാണ്. അശാസ്ത്രീയമായ ഈ ചട്ടങ്ങള്‍ കാലോചിതമായി പരിഷ്കരിക്കണം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രൂപത്തിലായിരിക്കണം സിവില്‍ സര്‍വീസിന്റെ ഘടന. പൊതുജനങ്ങള്‍ക്ക് ചട്ടങ്ങളെയും നിയമങ്ങളെയും കുറിച്ചുള്ള ധാരണപ്പിശകും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. വേഗത്തില്‍ കാര്യങ്ങള്‍ നടക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍, കാര്യങ്ങള്‍ വിചാരിച്ചപോലെ നടക്കുന്നില്ല. ഇതിനു കാരണം കാലപ്പഴക്കം ചെന്ന ചട്ടങ്ങളാണ്. ഉദാഹരണമായി, ജനങ്ങള്‍ ഏറ്റവും കൂടുതല്‍ സമീപിക്കുന്നത് വില്ലേജ്, പഞ്ചായത്ത് ഓഫീസുകളെയാണ്. ഇവിടെയെത്തുന്ന പല അപേക്ഷയും ഒറ്റ ദിവസം കൊണ്ടു തീര്‍പ്പാക്കാന്‍ കഴിയാത്തതാണ്. കാരണം ഓരോന്നിനും നിശ്ചിത സമയപരിധി ആവശ്യമാണ്. പലപ്പോഴും പൊതുജനങ്ങള്‍ക്ക് ഇതു ദഹിക്കില്ല. ഇതിന് എളുപ്പത്തില്‍ പരിഹാരം കാണാന്‍ കഴിയും. ഒറ്റ കാര്‍ഡില്‍ ജാതി, വരുമാനം, ക്രീമിലെയര്‍, റസിഡന്‍സി, നേറ്റിവിറ്റി തുടങ്ങിയ വിവരം സംഗ്രഹിച്ച് ഉള്‍പ്പെടുത്താനും ഇതിന്റെ കാലപരിധി മൂന്നുവര്‍ഷം വരെയാക്കാനും സാധിച്ചാല്‍, ഈ ഓഫീസുകളിലെ തിരക്ക് കുറയ്ക്കാന്‍ കഴിയും. ഓഫീസുകളിലെ പ്രശ്നങ്ങള്‍ക്ക് ജീവനക്കാരെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. രാഷ്ട്രീയക്കാരും ഉത്തരവാദികളാണ്. വിവരാവകാശനിയമം കുറേക്കൂടി വിപുലീകരിക്കാന്‍ കഴിയണം. ജീവനക്കാരില്‍ ദിശാബോധം വളര്‍ത്തുന്നതിന് പൊതുജന സമ്പര്‍ക്ക പരിപാടികള്‍ വ്യാപകമാക്കണം. ജനങ്ങളെ ചൊടിപ്പിക്കുന്നത് വാസ്തവത്തില്‍ ചെറിയ ഒരുവിഭാഗം ജീവനക്കാരാണ്. അവരാണ് സിവില്‍ സര്‍വീസിന്റെ മുഖമായി വരുന്നത്. ജനത്തിന്റെ മുന്നില്‍ അവനാണ് ഉദ്യോഗസ്ഥന്‍. ഇതു മാറ്റിയെടുക്കാനും ജനസൌഹൃദ കേന്ദ്രങ്ങളായി സര്‍ക്കാര്‍ ഓഫീസുകളെ മാറ്റാനും കഴിയണം. പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവിനാണ് ഉദ്യോഗസ്ഥരുടെ മേല്‍ പൂര്‍ണ നിയന്ത്രണം. അതുകൊണ്ട് ജനോപകാരപ്രദമായ ഭരണ നടപടികള്‍ കൈക്കൊള്ളുന്നതിലും നടപ്പാക്കുന്നതിലും രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെ ചുമതല വളരെ വലുതാണ്. ഭരണനേതൃത്വം തീരുമാനമെടുക്കുന്നതില്‍ ആര്‍ജവവും നടപ്പാക്കുന്നതില്‍ ഇച്ഛാശക്തിയും പ്രകടിപ്പിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കോ ജീവനക്കാര്‍ക്കോ വലിയ തടസ്സമൊന്നും സൃഷ്ടിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ജനോപകാര നടപടികള്‍ വിജയിപ്പിക്കുന്നതില്‍ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്തം രാഷ്ട്രീയ നേതൃത്വത്തിനു തന്നെയാണ്. അതുപോലെതന്നെ, ഏകജാലക സംവിധാനമെന്നു പറയുന്നത് വളയമില്ലാത്ത ചാട്ടമാകാന്‍ പാടില്ല. കെട്ടിടനിര്‍മാണച്ചട്ടം, തീരദേശപരിപാലന നിയമം, നീര്‍ത്തടസംരക്ഷണ നിയമം തുടങ്ങിയ പരമപ്രധാന നിയമങ്ങളെയും ചട്ടങ്ങളെയും മറികടക്കാന്‍ വേണ്ടിയുള്ള എളുപ്പവഴിയായി ഈ സംവിധാനം പരിണമിക്കാനും പാടില്ല. അതേസമയം, സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനുതകുന്ന നയങ്ങള്‍ അത് ഏതു ഭരണകൂടത്തിന്റേതാണെങ്കിലും വിജയകരമായി നടപ്പാക്കാന്‍ എല്ലാ ജീവനക്കാര്‍ക്കും ബാധ്യതയുണ്ട്.
എം എസ് ഇര്‍ഷാദ്

1 comment:

sha said...

നല്ലകാര്യം .പക്ഷെ ജനത്തിന് യുനിയന്‍ ഇല്ലാലോ .ഉദ്യോഗസ്ഥര്‍ക്ക് അതുണ്ട് താനും .ഉദ്യോഗസ്ഥര്‍ അവരുടെ ഉത്തരവാദിത്തം പകുതി എങ്കിലും നിര്‍വഹിചെങ്കില്‍ നാട് എന്നെ നന്നായേനെ .