Tuesday, January 18, 2011

സഃ ഇ ബാലാനന്ദന്‍ ,കമ്യൂണിസ്റ് പാര്‍ടിയും തൊഴിലാളി വര്‍ഗപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിന് നിസ്തുലമായ പങ്ക് വഹിച്ച നേതാവ്.

സഃ ഇ ബാലാനന്ദന്‍ ,കമ്യൂണിസ്റ് പാര്‍ടിയും തൊഴിലാളി വര്‍ഗപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിന് നിസ്തുലമായ പങ്ക് വഹിച്ച നേതാവ്.
കമ്യൂണിസ്റ് പാര്‍ടിയും തൊഴിലാളി വര്‍ഗപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിന് നിസ്തുലമായ പങ്ക് വഹിച്ച സ: ഇ ബാലാനന്ദന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാവുകയാണ്. മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ അസാധാരണ ശേഷി സഖാവ് പ്രകടിപ്പിച്ചിരുന്നു. പറയേണ്ട കാര്യം നന്നായി പഠിച്ച് വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ രൂപപ്പെടുത്തിയ പ്രസംഗം ജനങ്ങളെ ഏറെ ആകര്‍ഷിച്ചിരുന്നു. ഔപചാരിക വിദ്യാഭ്യാസം ഏറെയൊന്നും അദ്ദേഹത്തിന് ലഭിച്ചില്ല. ജീവിതത്തിന്റെ പാഠശാലയിലായിരുന്നു ബാലാനന്ദന്റെ വിദ്യാഭ്യാസം. ജീവിതദുരിതങ്ങളുടെ നടുവിലായിരുന്നു ബാല്യകാലം. ബാല്യത്തിലേ ചെറിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് ജീവിതം മുന്നോട്ടുനയിച്ചത്. 1941ല്‍ ഏലൂരിലെ അലുമിനിയം കമ്പനിയില്‍ ജീവനക്കാരനായി. തൊഴിലാളിപ്രസ്ഥാനത്തിന്റെ ബാലപാഠങ്ങള്‍ ഇവിടെവച്ചാണ് സഖാവ് സ്വായത്തമാക്കുന്നത്. അലുമിനിയം ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ രൂപീകരണത്തില്‍ പങ്ക് വഹിച്ച അദ്ദേഹം അതിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായി. അന്ന് തിരുവിതാംകൂറില്‍ രജിസ്റര്‍ചെയ്ത ആറാമത്തെ യൂണിയനായിരുന്നു ഇത്. അവകാശ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ബാലാനന്ദനെ കമ്പനിയില്‍നിന്ന് പിരിച്ചുവിടുകയുണ്ടായി. പുന്നപ്ര-വയലാര്‍ സമരത്തെതുടര്‍ന്ന് കമ്പനിയില്‍നിന്ന് പുറത്താക്കപ്പെട്ട ബാലാനന്ദന്‍ പിന്നീട് പൂര്‍ണസമയ പാര്‍ടിപ്രവര്‍ത്തകനായി. 1943ല്‍ കമ്യൂണിസ്റ് പാര്‍ടിയുടെ ആലുവ സെല്ലില്‍ അംഗമായി. കേരളത്തില്‍ സിപിഐ എം രൂപംകൊണ്ടപ്പോള്‍ സംസ്ഥാന കമ്മിറ്റി അംഗമായും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. 1972ല്‍ സിപിഐ എമ്മിന്റെ ഒമ്പതാം പാര്‍ടി കോഗ്രസില്‍ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1978ലെ 10-ാം പാര്‍ടി കോഗ്രസില്‍ പൊളിറ്റ് ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 27 വര്‍ഷം പിബി അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. 1970ല്‍ സിഐടിയു രൂപംകൊണ്ടപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് അഖിലേന്ത്യാ തലത്തില്‍ ട്രഷററായും പ്രവര്‍ത്തിച്ചു. 1990ല്‍ സിഐടിയുവിന്റെ അഖിലേന്ത്യാ പ്രസിഡന്റായി. 2002 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. സിഐടിയുവിനെ അഖിലേന്ത്യാതലത്തില്‍ ശ്രദ്ധേയമായ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തിയ ഉജ്വലമായ പ്രതിരോധങ്ങളില്‍ നേതൃപരമായ പങ്കാണ് ബാലാനന്ദന്‍ നിര്‍വഹിച്ചത്. മാര്‍ക്സിസ്റ് സംവാദത്തിന്റെ എഡിറ്റര്‍ എന്ന നിലയിലും സഖാവ് പ്രവര്‍ത്തിച്ചിരുന്നു. അഞ്ചു വര്‍ഷം ജയില്‍വാസവും നാലരവര്‍ഷം ഒളിവുജീവിതവും നയിച്ച ബാലാനന്ദന്‍ നിരവധി തവണ പൊലീസ് മര്‍ദനത്തിന് ഇരയായിട്ടുണ്ട്. ഒരു തവണ ലോക്സഭയിലേക്കും രണ്ട് തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എമ്മിന്റെ രാജ്യസഭാകക്ഷി നേതാവായും പ്രവര്‍ത്തിച്ചു. രണ്ടുതവണ കേരള നിയമസഭയില്‍ അംഗമായി. പാര്‍ടി സഖാക്കളോടും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരോടും വാത്സല്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. നര്‍മം കലര്‍ന്ന ബാലാനന്ദന്റെ സംസാരം പരിചയപ്പെട്ട ആര്‍ക്കും മറക്കാനാവുന്നതല്ല. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ സമരപോരാട്ടങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെ നിലയുറപ്പിച്ച ബാലാനന്ദന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് നല്‍കിയ സംഭാവന ചരിത്രത്തില്‍ എന്നും നിലനില്‍ക്കുന്നതാണ്. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആഗോളവല്‍ക്കരണ നയം സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നതും സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുകയും ചെയ്യുന്നതാണ്. ഭക്ഷ്യകലാപങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വന്നിരിക്കുന്നു. രാജ്യത്തെ 87 കോടി ജനങ്ങള്‍ക്ക് ദിവസത്തില്‍ ശരാശരി ലഭിക്കുന്ന വരുമാനം 20 രൂപയാണ്. അതുകൊണ്ട് ഒരുനേരത്തെ ആഹാരം കഴിക്കാനാവില്ല. അതേസമയംതന്നെ കുത്തകകളുടെയും സര്‍ക്കാരിന്റെയും ഗോഡൌണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നു. വിലക്കയറ്റം മറയാക്കി ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ നീക്കം. ഭക്ഷ്യവസ്തുക്കളുടെ മെച്ചപ്പെട്ട വിതരണം ഉറപ്പാക്കാന്‍ ചെറുകിട വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുകമാത്രമാണ് പോംവഴിയെന്നാണ് സര്‍ക്കാര്‍ നിലപാട്. പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വിലക്കയറ്റം നിയന്ത്രിക്കാന്‍ വിഷമമാണെന്ന് പ്രധാനമന്ത്രിയുടെ കാര്യാലയംതന്നെ പറയുന്നു. പച്ചക്കറികളും മറ്റും സൂക്ഷിക്കാന്‍ കോള്‍ഡ്സ്റോറേജുകളും മറ്റും സര്‍ക്കാരിന്റെ കൈവശമില്ലാത്ത പ്രശ്നം പരിഹരിക്കാന്‍ വിദേശനിക്ഷേപം സ്വാഗതം ചെയ്യണമെന്നാണ് നിര്‍ദേശം. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ മറപിടിച്ചുപോലും രാജ്യത്തെ സാധാരണ ജനങ്ങളെ ദ്രോഹിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നാണ് ഇതിനര്‍ഥം. ഭരണാധികാരികളും കോര്‍പറേറ്റുകളും കുത്തക വ്യാപാരികളും കൂടി കഴിഞ്ഞവര്‍ഷം 78 ലക്ഷം കോടി രൂപയുടെ ഊഹക്കച്ചവടമാണ് നടത്തിയത് എന്നാണ് കണക്കുകള്‍ പുറത്തുവന്നിട്ടുള്ളത്. ഇങ്ങനെ സമ്പന്നസേവ നടത്തുമ്പോള്‍, വിലക്കയറ്റംകൊണ്ട് പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുന്ന ജനങ്ങളെ നോക്കി, നിങ്ങള്‍ വിലകുറഞ്ഞ ഭക്ഷണം വാങ്ങി കഴിച്ചോളൂ എന്നുപദേശിക്കാനുള്ള ധാര്‍ഷ്ട്യവും യുപിഎ ഭരണം കാണിക്കുന്നു. പെട്രോളിന്റെ വിലനിയന്ത്രണം നീക്കി അടിക്കടി വില വര്‍ധിപ്പിക്കാനുള്ള ലൈസന്‍സാണ് എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത്. ഡീസലിന്റെ നിയന്ത്രണം ഒഴിവാക്കാന്‍ പോകുന്നു. ചരക്കുകടത്തുകൂലി വര്‍ധിപ്പിച്ചു. ഊഹക്കച്ചവടവും അവധി വ്യാപാരവുമൊക്കെയാണ് ഇടതടവില്ലാതെ നടക്കുന്നത്. ഏറെ വില കുറഞ്ഞ, സാധാരണക്കാരന്റെ ഭക്ഷ്യവിഭവങ്ങളായിരുന്ന സവാളയും ഉരുളക്കിഴങ്ങും ഗോതമ്പുമെല്ലാം വിലകൂടിയ വസ്തുക്കളാണിന്ന്. അഴിമതി എക്കാലത്തെയും റെക്കോഡുകള്‍ തകര്‍ത്ത് മുന്നോട്ടു കുതിക്കുന്നു. ഒന്നേമുക്കാല്‍ ലക്ഷം കോടിരൂപ രാജ്യത്തിന് നഷ്ടമായ 2ജി സ്പെക്ട്രം അഴിമതിയില്‍ യുപിഎ സര്‍ക്കാരിന്റെ അത്യുന്നതര്‍തന്നെയാണ് പ്രതിക്കൂട്ടില്‍. ആയിരക്കണക്കിന് കോടി രൂപയുടെ അനേകം അഴിമതികള്‍ ഭരണ നേതൃത്വത്തിനെതിരെ വ്യക്തമായി ഉയര്‍ന്നിരിക്കുന്നു. കോര്‍പറേറ്റ് ദല്ലാളന്‍മാരുടെ കൈപ്പിടിയിലൊതുങ്ങിയ ഭരണാധികാരികള്‍ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നതിന് ഒത്താശചെയ്യുക കൂടിയാണ്. വിലക്കയറ്റത്തിന്റെയും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ആഴങ്ങളിലേക്ക് ഇന്ത്യയെ യുപിഎ സര്‍ക്കാര്‍ തള്ളിയിടുമ്പോള്‍ ബദല്‍മാര്‍ഗങ്ങളിലൂടെ ജനങ്ങള്‍ക്ക് ആശ്വാസത്തിന്റെ തെളിനീര്‍ പകരുകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍. ഇന്ത്യയില്‍ ക്രമസമാധാനനില ഭദ്രമായതും വിലനിലവാരം ഏറ്റവും കുറഞ്ഞതും മികച്ച നിലയില്‍ പഞ്ചായത്തീരാജ് നടപ്പാക്കുന്നതും ജനകീയാസൂത്രണം നടപ്പാക്കുന്നതും ഏറ്റവും മെച്ചപ്പെട്ട സാമ്പത്തിക മാനേജ്മെന്റ് ഉള്ളതും സാമൂഹ്യനീതിയിലേക്ക് നീങ്ങുന്നതും നല്ല നിലയിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതുമായ സംസ്ഥാനം കേരളമാണ്. ഇത്തരം നേട്ടങ്ങള്‍ അംഗീകരിച്ച് കേരളത്തിലെ സദ്ഭരണത്തെ ആദരിക്കാന്‍ കേന്ദ്രസര്‍ക്കാരിനുതന്നെ തയ്യാറാകേണ്ടിവന്നു. ജനപക്ഷ ബദല്‍ ഉയര്‍ത്തിയാണ് കേരളം ആഗോളവല്‍ക്കരണ നയങ്ങളെ ചെറുക്കുന്നത്. അത്തരം മാതൃകയെ അവഹേളിക്കാനും കല്‍പ്പിത കഥകളിലൂടെ സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും നേട്ടങ്ങള്‍ കുറച്ചുകാട്ടാനുമാണ് യുപിഎയുടെ കേരളരൂപമായ യുഡിഎഫ് മുതിരുന്നത്്. ആഗോളവല്‍ക്കരണ നയങ്ങള്‍ ജനങ്ങള്‍ക്കു മുകളില്‍ ജീവിതദുരിതം വിതയ്ക്കുമ്പോള്‍ അതിനെതിരായുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തെ സജ്ജമാക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് സ: ബാലാനന്ദന്‍ നിര്‍വഹിച്ചത്. ഈ പോരാട്ടം കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സ: ബാലാനന്ദന്റെ സ്മരണ നമുക്ക് കരുത്ത് പകരും.

No comments: