Tuesday, October 19, 2010

എല്‍ഡിഎഫ് വിജയം ഉറപ്പാക്കുക

എല്‍ഡിഎഫ് വിജയം ഉറപ്പാക്കുക

ഒക്ടോബര്‍ 23, 25 തീയതികളില്‍ നടക്കാനിരിക്കുന്ന പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കേരള ജനത തയ്യാറെടുത്തുകഴിഞ്ഞു. വ്യക്തമായ രാഷ്ട്രീയ നയങ്ങളോടുകൂടിയ രണ്ടു മുന്നണികള്‍ ഏറ്റുമുട്ടുന്ന ഈ തെരഞ്ഞെടുപ്പില്‍ അവരുടെ മുന്നിലുള്ള ചോദ്യം ഇതാണ്. പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കിക്കൊണ്ട് സാധാരണ ജനങ്ങളെ ദ്രോഹിക്കുന്ന യുഡിഎഫിനെ സ്വീകരിക്കണമോ? അതോ പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് എതിരായ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന എല്‍ഡിഎഫിനെ സ്വീകരിക്കണമോ? 1957 മുതല്‍ കേരളത്തില്‍ പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഈ രണ്ട് നയങ്ങളും അവയെ ആസ്പദിച്ച രണ്ട് മുന്നണികളും കാഴ്ചവെച്ച ഭരണ മാതൃകകളുടെ അനുഭവം മുന്നിലുള്ളപ്പോള്‍ ഇവയിലേതിനെ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ വോട്ടര്‍മാര്‍ക്ക് സംശയമുണ്ടാവില്ല. വികസനോന്മുഖവും ജനക്ഷേമകരവും സുസ്ഥിരവുമായ ഭരണം കാഴ്ചവെയ്ക്കുന്ന എല്‍ഡിഎഫിനെയാണവര്‍ ഹാര്‍ദ്ദമായി സ്വീകരിക്കുക. ജനദ്രോഹകരമായ നയങ്ങളും ദുര്‍ഭരണവും തമ്മിലടിയും കുതികാല്‍വെട്ടുംകൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ച് ജനങ്ങളില്‍ നിന്നകന്ന യുഡിഎഫ്, ഒരു ഭാഗത്ത് ജമാഅത്തെ ഇസ്ളാമിയേയും എന്‍ഡിഎഫിനേയും എസ്ഡിപിഐയേയും മറുഭാഗത്ത് ബിജെപി-ആര്‍എസ്എസ് സംഘങ്ങളെയും കൂട്ടുപിടിച്ച്, എല്ലാവിധ വര്‍ഗ്ഗീയ ശക്തികളെയും അണിനിരത്തിക്കൊണ്ടാണ് എല്‍ഡിഎഫിനെ നേരിടാന്‍ ശ്രമിക്കുന്നത്. മാര്‍ക്സിസ്റ്റ് വിരോധം മാത്രം കൈമുതലായുള്ള വിരലിലെണ്ണാവുന്ന ചില പുരോഹിതന്മാരുടെ ഇടയലേഖനങ്ങളും അവര്‍ക്ക് തുണയ്ക്കുണ്ട്. എല്ലാ എല്‍ഡിഎഫ് വിരുദ്ധരേയും ഒന്നിപ്പിച്ചണിനിരത്തുന്നതിനായി അവര്‍, പല മണ്ഡലങ്ങളിലും അരാഷ്ട്രീയ വേഷംകെട്ടി, കൈപ്പത്തിയും കോണിയും ഉപേക്ഷിച്ച് "മാങ്ങയും'' "തേങ്ങയും'' "ആപ്പിളും'' ചിഹ്നമായി സ്വീകരിക്കുന്നു.
1957ലെ ഇ എം എസ് ഗവണ്‍മെന്റ് നടപ്പാക്കിയ ജനക്ഷേമ നടപടികളെയെല്ലാം തകിടംമറിച്ച പട്ടം, ശങ്കര്‍ സര്‍ക്കാരുകളുടെ റെക്കോര്‍ഡുമായിട്ടാണ് യുഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. ജനകീയാസൂത്രണത്തേയും അധികാര വികേന്ദ്രീകരണത്തേയും എല്ലാം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുള്ള യുഡിഎഫ്, ഓരോതവണ അധികാരത്തില്‍ വരുമ്പോഴും, മുന്‍എല്‍ഡിഎഫ് ഗവണ്‍മെന്റ് കൈക്കൊണ്ട ജനക്ഷേമ നടപടികളെയെല്ലാം തകിടംമറിച്ചിട്ടേയുള്ളൂ. അടുത്തതവണ അധികാരംലഭിച്ചാല്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ ജനകീയ-ജനാധിപത്യ സ്വഭാവം നശിപ്പിക്കും എന്ന് കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വികസനോന്മുഖവും സുതാര്യവും സുസ്ഥിരവുമായ എല്‍ഡിഎഫ് ഭരണം തുടര്‍ച്ചയായി നിലനില്‍ക്കുന്നതിന് വിഘാതമായ യുഡിഎഫിന്റെ ഈ നയത്തെ, "കേരളത്തില്‍ ഭരണം മാറിമാറിവരും'' എന്ന ആസൂത്രിതമായ കെട്ടുകഥകൊണ്ടാണ് വലതുപക്ഷ വൈതാളികര്‍ വെള്ളപൂശുന്നത്. നിലവിലുള്ള ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരിന്റെ ഭരണത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പുകൊണ്ടല്ല, മറിച്ച് 1959ലെ പിരിച്ചുവിടല്‍തൊട്ട് രാജീവ്തരംഗവും സംഘടിതമായ മാധ്യമ-യുഡിഎഫ് കള്ള പ്രചാരവേലയും സര്‍വ്വവര്‍ഗ്ഗീയ-പിന്‍തിരിപ്പന്‍ ശക്തികളുമായുള്ള കൂട്ടുകെട്ടും കുതന്ത്രങ്ങളുംകൊണ്ടാണ് യുഡിഎഫിന് ഓരോ തവണയും ഭരണം പിടിച്ചുപറ്റാന്‍ കഴിഞ്ഞത് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.
"മുന്‍ സര്‍ക്കാരിന്റെകാലത്തെ നല്ലതെല്ലാം നശിപ്പിക്കുക'' എന്ന യുഡിഎഫിന്റെ ഈ പിന്‍തിരിപ്പന്‍ നശീകരണനയത്തെ പരാജയപ്പെടുത്തി, സുതാര്യവും ജനക്ഷേമകരവുമായ നയങ്ങള്‍ തുടരാനും സംസ്ഥാനത്തിന്റെ പുരോഗതി ഉറപ്പാക്കാനും സുസ്ഥിരമായ ഭരണം ആവശ്യമാണ്. അതിന് എല്‍ഡിഎഫിനെ, ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കേണ്ടത് ആവശ്യമാണ്.

No comments: