Monday, October 4, 2010

തദ്ദേശ സ്വയംഭരണത്തിലെ ദേശഭേദം

തദ്ദേശ സ്വയംഭരണത്തിലെ ദേശഭേദം
വി ശിവദാസന്‍
അധികാരം വരേണ്യനുമാത്രം അവകാശപ്പെട്ടതാണെന്ന പൊതുബോധത്തിന് ഇന്നൊരു വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. വിവിധ മണ്ഡലങ്ങളിലെ ജനകീയ ഇടപെടലുകളാണ് അതിനു കാരണമായത്. പഞ്ചായത്തീരാജ് സംവിധാനവും അധികാര വികേന്ദ്രീകരണവും അതിന്റെ തുടര്‍ച്ചയാണ്. ഗവണ്‍മെന്റ് ചുമതലപ്പെടുത്തിയും അല്ലാതെയുമായി നിരവധി ആളുകള്‍ ഈ മേഖലയില്‍ പഠനം നടത്തിയിട്ടുണ്ട്. സാരാംശത്തില്‍ ആ പഠനങ്ങളെല്ലാം വ്യക്തമാക്കുന്നത് സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളും സമൂലമായ ഭൂപരിഷ്കരണവും ഇല്ലാതെ പഞ്ചായത്തീരാജ് സംവിധാനം വിജയിപ്പിക്കുക സാധ്യമല്ലെന്നാണ്. കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലെ വിജയകരമായ അനുഭവവും, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പരിതാപകരമായ സ്ഥിതിവിശേഷവും മുകളിലത്തെ പ്രസ്താവനയെ കൂടുതല്‍ ശരിവെയ്ക്കുന്നു.
രാജ്യത്തെ ജനസംഖ്യയുടെ 72.2% ജനങ്ങള്‍ ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. അറുപത് ശതമാനവും ഉപജീവനത്തിന് നേരിട്ട് ആശ്രയിക്കുന്നത് കൃഷിയെയാണ്. എന്നാല്‍ ഇവരില്‍ എഴുപത് ശതമാനവും സ്വന്തമായി ഭൂമിയില്ലാത്തവരാണ്. ഭൂമിയില്ലാത്തവര്‍, വീടില്ലാത്തവര്‍, ഒരുനേരമെങ്കിലും വയര്‍നിറയെ ഭക്ഷണം കഴിക്കാന്‍ ശേഷിയില്ലാത്തവര്‍, ഇവരാണ് ഇന്ത്യയിലെ ഭൂരിപക്ഷ ജനത. യുപിഎ ഗവണ്‍മെന്റ് ചുമതലപ്പെടുത്തിയ അര്‍ജുന്‍സെന്‍ഗുപ്ത ചെയര്‍മാനായ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 83.6 കോടി ഇന്ത്യക്കാര്‍ ജീവിക്കുന്നത് പ്രതിദിനം ഇരുപത് രൂപപോലും വരുമാനം ഇല്ലാതെയാണ് - അതായത് എഴുപത്തി ഏഴുശതമാനത്തിലേറെ ഇന്ത്യക്കാര്‍.
ഇതിനൊരു മറുപുറമുണ്ട്. ഫോബ്സ് മാസികയുടെ കണക്കുപ്രകാരം ലോകത്തിലെ പത്ത് അതിസമ്പന്നരില്‍ മൂന്നുപേര്‍ ഇന്ത്യക്കാരാണ്. ഇന്ത്യയിലെ ആറ് അതിസമ്പന്നരുടെ സമ്പാദ്യം 13,80,000 കോടി രൂപയാണ്. രാജ്യത്തിന്റെ ആകെ ആഭ്യന്തരോല്‍പാദനത്തിന്റെ നാലിലൊന്ന് വരുമിത്. സമ്പന്നരില്‍ ഒന്നാമനായ അംബാനിക്കാണ് 50,000 കോടി രൂപയുടെ ആനുകൂല്യം നികുതി ഇളവായ് നല്‍കിയത്. സര്‍ക്കാര്‍ സമ്പന്നരെ സഹായിക്കുകയും ജനങ്ങളുടെ സ്വയംഭരണാവകാശത്തെ തകര്‍ക്കുകയും ചെയ്യുന്നു. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രിയായിരുന്ന മണിശങ്കര്‍ അയ്യറുടെ വാക്കുകളില്‍: "രാജ്യത്തിന്റെ നയം ഒരു ചെറു സമ്പന്നവിഭാഗം കവര്‍ന്നെടുത്തിരിക്കുകയാണ്. മന്ത്രിസഭയും അതിനനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഗ്രാമങ്ങളുടെ വികസനത്തിനുവേണ്ടി ആകെ ചെലവഴിക്കുന്നത് 650 കോടി രൂപ മാത്രമാണ്. അതുതന്നെ അനാവശ്യ ചെലവായാണ് കണക്കാക്കുന്നത്. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനുവേണ്ടി ഭ7000 കോടി (ഇപ്പോള്‍ ഭ70000 കോടിയായി മാറി വകയിരുത്തുമ്പോള്‍ അത് ഒഴിച്ചുകൂടാനാകാത്തതാണ്.'' (2007ല്‍ ഡല്‍ഹിയില്‍ നടന്ന മീറ്റിങ്ങിലെ പ്രസംഗം) കേന്ദ്രസര്‍ക്കാരിന്റെയും ഇടതുപക്ഷ ഇതര സംസഥാന സര്‍ക്കാരുകളുടെയും സമീപനം ഗ്രാമ-നഗര വ്യത്യാസമില്ലാതെ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. അതിനെ ശരിവെക്കുന്ന ചില സാമൂഹ്യ അനുഭവങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
ഒന്ന്
കടുത്ത പനിബാധിച്ചാണ് ഞാന്‍ ഡല്‍ഹിയിലെ റാം മനോഹര്‍ലോഹ്യ ആശുപത്രിയിലെത്തിയത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍നിന്നും രണ്ട് കിലോമീറ്റര്‍പോലും ഇവിടേക്ക് ദൂരമില്ല. അന്നത്തെദിവസം അവിടെ ഒ പി വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. അത്യാഹിതവിഭാഗത്തിലാണ് ഞാന്‍ ചെന്നത്. നീണ്ട നിരയാണ് അവിടെയും. രോഗതീവ്രതകാരണം ഇരിക്കാനോ നില്‍ക്കാനോ കഴിയാത്തവര്‍... സഹോദരങ്ങളുടെയും മറ്റും കൈകളില്‍ കിടക്കുന്നവര്‍. കുട്ടികളും യുവാക്കളും പ്രായമായവരുമെല്ലാം ഈ നിരയിലുണ്ട്. മണിക്കൂറുകള്‍ കാത്തുനിന്നാണ് ഞാന്‍ ഡോക്ടറെ കണ്ടത്. അറ്റന്‍ഡറുടെ നിര്‍ദ്ദേശപ്രകാരം ഡോക്ടറുടെ അടുത്ത കസേരയില്‍ ഇരുന്നു. ഞാനദ്ദേഹത്തോട് എന്റെ പനിയുടെ തീവ്രതയും പ്രത്യേകതയും വിവരിച്ചു. രക്തസമ്മര്‍ദ്ദവും, ആര്‍.ബി.എക്സും പരിശോധിക്കാനും അഭ്യര്‍ത്ഥിച്ചു. മൂന്നോ നാലോ മിനിട്ടിനകം മരുന്നുചീട്ട് എന്റെ കയ്യിലെത്തി. അതുമായി മെഡിക്കല്‍ സ്റ്റോറിലെ സ്റ്റാഫിനടുത്തേക്ക് ഞാന്‍ ചെന്നു. അതിലെഴുതിയ നാല് ആന്റിബയോട്ടിക്കുകള്‍ പുറത്തുനിന്നു വാങ്ങാനുള്ള ഉപദേശം സൌജന്യമായി അവരെനിക്കുതന്നു.
രക്തം പരിശോധിക്കേണ്ടത് എവിടെയാണെന്നായി അവരോടുള്ള എന്റെ അടുത്ത അന്വേഷണം. മറുപടി അതൊക്കെ പരിശോധിച്ചു കഴിഞ്ഞുവല്ലോ എന്നായിരുന്നു. അതിശയത്തോടെ ഞാന്‍ 'ഞാനറിഞ്ഞില്ലല്ലോ' വീണ്ടും അവരുടെ മറുപടി, 'ഇതാ നോക്കൂ, ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു'. ഞാനറിയാതെ ഇതെങ്ങനെ സാധിച്ചു എന്നതായി എന്റെ സംശയം. കേരളത്തില്‍ ഇങ്ങനെയൊരു സംവിധാനം എനിക്കറിയില്ല. സ്റ്റാഫിന്റെ കയ്യില്‍നിന്നും ചീട്ടുതിരികെ വാങ്ങി ഞാന്‍ വീണ്ടും ഡോക്ടര്‍ക്കടുത്തെത്തി. ഞാന്‍ വിനയത്തോടെ ചോദിച്ചു: 'ഡോക്ടര്‍ എപ്പോഴാണ് നിങ്ങളെന്റെ രക്തം പരിശോധിച്ചത്? ഒരു ഭാവവ്യത്യാസവുമില്ലാതെ മറുപടി വന്നു. ഭയ്യാ ഇന്‍സ്ട്രുമെന്റ് ഖരാബ്, ഹെ (സഹോദരാ, ഉപകരണം തകരാറാ) ഡോക്ടറോട് നല്ല രണ്ട് വര്‍ത്തമാനം പറയാനാഞ്ഞ എന്നോട് രോഗ കാഠിന്യം മൂലം ഏറെ ക്ഷീണിതനായ ഒരാള്‍ ക്ഷുഭിതനായി പറഞ്ഞു: "വേഗം മാറിനില്‍ക്ക്. ഞങ്ങള്‍ ഡോക്ടറെ കാണട്ടെ''. ഞാന്‍ പിന്നെ കൂടുതലൊന്നും പറയാതെ പുറത്തിറങ്ങി. എന്റെ കൂടെത്തന്നെ പനിബാധിച്ച് ഡോക്ടറെ കാണാന്‍ വന്ന ബിനോയിയുടെ ചീട്ട് നോക്കി. അതിലും എന്റേതില്‍നിന്നും ഒരു വ്യത്യാസവുമില്ല. തുടര്‍ന്ന് അവിടെയുണ്ടായ കുറച്ചാളുകളുടെ കൂടി മരുന്നുശീട്ടുകള്‍ പരിശോധിച്ചു. രക്തസമര്‍ദ്ദം, പഞ്ചസാരയുടെ അളവ്, കഴിക്കേണ്ട മരുന്ന് എല്ലാത്തിലും തുല്യത. ഡല്‍ഹിയിലെ ഗവണ്‍മെന്റാശുപത്രികളിലെത്തുന്നവര്‍ക്ക് രക്തസമ്മര്‍ദ്ദത്തില്‍പോലും വ്യത്യാസം വരില്ലെന്ന് അപ്പോഴാണെനിക്ക് മനസ്സിലായത്. സോഷ്യലിസ്റ്റ് കാര്യപരിപാടി ഇവിടെ ഇങ്ങനെയാണ് നടപ്പിലാക്കുന്നത്. എന്നോട് ചൂടായ ആ പാവം മനുഷ്യന്‍ അപ്പോഴും അവിടെ ക്യൂവിലുണ്ടായിരുന്നു. കൂടെയുണ്ടായ മഹേഷ് പറഞ്ഞു: 'അടുത്ത് ഫോട്ടോസ്റ്റാറ്റ് കടയുണ്ടായിരുന്നെങ്കില്‍ ചീട്ടിന്റെ ഒരു കോപ്പി അയാള്‍ക്കുകൂടി കൊടുക്കാമായിരുന്നു. കാത്തിരിപ്പിന്റെ ബുദ്ധിമുട്ടെങ്കിലും കുറയ്ക്കാമല്ലോ.
ആശുപത്രിയില്‍നിന്നും തിരികെ വണ്ടിയില്‍ കയറാന്‍ നോക്കുമ്പോള്‍ കയ്യിലുണ്ടായിരുന്ന മാതൃഭൂമി പത്രം തുറന്നുനോക്കി. ഡങ്കിപ്പനി ബാധിച്ച് ഡല്‍ഹിയില്‍ മലയാളി മരിച്ചു എന്ന വാര്‍ത്ത കണ്ടു. കൂടെയുണ്ടായ ബിനോയ് ഉടന്‍ പറഞ്ഞു: എനിക്ക് നാട്ടിലേക്ക് പോകണം.
രണ്ട്
ഡല്‍ഹി സംസ്ഥാനത്ത് രണ്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാണുള്ളത്. ഒന്ന് ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും (ചഉങഇ) രണ്ടാമത്തേത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഡല്‍ഹിയും (ങഇഉ). എന്‍ഡിഎംസി കോണ്‍ഗ്രസിന്റെയും എംസിഡി ബിജെപിയുടെയും നിയന്ത്രണത്തിലാണ്. ഗവണ്‍മെന്റ് രാജ്യത്താകെയുള്ള പഞ്ചായത്തുകള്‍ക്കനുവദിക്കുന്നതിന്റെ എത്രയോ മടങ്ങു തുക ഇവിടെ വ്യത്യസ്ത പേരുകളില്‍ അനുവദിക്കുന്നു. പക്ഷേ അതിന്റെ യാതൊരു ഗുണവും ഇവിടെ അനുഭവിക്കാനാകില്ല. ലോകത്തിലെ വന്‍കിട നഗരങ്ങളെടുത്താല്‍ അടിസ്ഥാന സൌകര്യങ്ങിലും ആരോഗ്യ-വിദ്യാഭ്യാസ സംവിധാനത്തിലും ഏറ്റവും പിന്നണിയില്‍ കിടക്കുന്ന നഗരങ്ങളിലൊന്നാണിത്. കോര്‍പ്പറേഷന്‍ ഭരണസമിതിയെന്നത് ഒരുതരത്തില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ക്ക് തുല്യമാണ്. അവിടെയെന്തു നടക്കുന്നു. അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതി എങ്ങനെയാണ്. ഇതിലൊന്നും ജനങ്ങള്‍ക്ക് ഒരു പങ്കുമില്ല. വന്‍കിട കോണ്‍ട്രാക്ടര്‍മാര്‍ക്ക് കോടികള്‍ സമ്പാദിക്കാന്‍വേണ്ടി രൂപപ്പെടുത്തുന്ന കോര്‍പ്പറേഷന്‍ പ്രോജക്ടുകളിലെ അഴിമതി നോക്കിനില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് ഡല്‍ഹിനിവാസികള്‍.
രാജ്യതലസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നില അത്യന്തം ശോചനീയമാണ്. അതി സമ്പന്നരായ കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍മാര്‍ ആരുംതന്നെ ഇവിടേക്ക് പോകാറേയില്ല. സമ്പന്നരുടെ കുട്ടികള്‍ക്ക് പഠന സൌകര്യമൊരുക്കാന്‍ നഗര ഹൃദയത്തില്‍ പലയിടത്തും ഭൂമി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പതിച്ചുകൊടുത്തിട്ടുണ്ട്. എന്നാല്‍ പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ക്ക് ഭൂമിയില്ല, കെട്ടിടമില്ല. 2009 സപ്തംബര്‍ 10ന് ഡല്‍ഹി നഗരത്തിലെ ഖജൂരിഖാസ് സ്കൂളില്‍ തിക്കിലും തിരക്കിലും പെട്ടാണ് അഞ്ച് പെണ്‍കുട്ടികള്‍ മരിച്ചത്. അഞ്ച് കുടുസുമുറികളില്‍ എഴുന്നൂറിലധികം കുട്ടികളെയിരുത്തി ക്ളാസ് നടത്തുക, ഡല്‍ഹിയില്‍ ഇത് സാധാരണമാണ്. പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങള്‍ ഇരുട്ടുമുറികള്‍ രണ്ടിലേതെങ്കിലും ഒന്നിലായിരിക്കും സര്‍ക്കാര്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുക.
അയല്‍ കൂട്ടങ്ങളോ, വാര്‍ഡുതല സമിതികളോ, ജനകീയമായ ആസൂത്രണ പ്രക്രിയയോ ഒന്നുമില്ലാത്ത ഡല്‍ഹി.
ഇവിടെ റേഷന്‍ ഷോപ്പുകള്‍ ജനജീവിതത്തിന്റെ ഭാഗമല്ല. നീതിസ്റ്റോറുകളും പൊതുവിതരണ ശൃംഖലയും ഇവര്‍ക്കന്യമാണ്.
മൂന്ന്
1957ലെ പ്രഥമ കേരള മന്ത്രിസഭയെ പിരിച്ചുവിടാന്‍ ഉത്തരവിട്ട ഡോ. രാജേന്ദ്ര പ്രസാദിന്റെ സംസ്ഥാനമാണ് ബീഹാര്‍. കേരള ഗവണ്‍മെന്റ് ഇന്ത്യന്‍ ഭരണകൂടത്തിന് അഹിതമായതാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ അതാകട്ടെ ജനഹിതമായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കേരള മുന്നേറ്റത്തിന് അടിത്തറയിട്ട കാല്‍വെപ്പുകളായിരുന്നു അത്. എന്നാല്‍ ബിഹാര്‍ ഇന്നും പിന്നോക്കാവസ്ഥയുടെ കൊടുമുടിയിലാണുള്ളത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ കൃത്യമായി നടത്തുന്ന പാരമ്പര്യം ഇവിടെയില്ല. രണ്ട് ദശകത്തിലേറെ കഴിഞ്ഞാണ് 2001ല്‍ അവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പെന്നത് കേള്‍ക്കാനായത്.
പഞ്ചായത്തുകള്‍ക്ക് നീക്കിവച്ചിരിക്കുന്നതും ചെലവഴിക്കുന്നതുമായ തുക എത്രയെന്ന് ഇവിടുത്തെ ധനകാര്യവകുപ്പ് മന്ത്രിക്കുതന്നെ നിശ്ചയമുണ്ടാകില്ല. ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് എന്നിങ്ങനെയുള്ള പേരുകളിലാണ് ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവിടെ അറിയപ്പെടുന്നത്. 1992ലെ പഞ്ചായത്തീരാജ് നിയമപ്രകാരം പഞ്ചായത്തുകള്‍ക്ക് കൈമാറേണ്ടുന്ന സ്കൂള്‍ വിദ്യാഭ്യാസം, ഗ്രാമീണ ജലസേചനം, ദാരിദ്യ്രനിര്‍മ്മാര്‍ജ്ജനം, കുടുംബക്ഷേമം തുടങ്ങിയവയൊന്നും ഇനിയും കൈമാറിയിട്ടില്ല. സഹര്‍സ ജില്ലയിലെ നൌഹട്ട പഞ്ചായത്ത് സമിതി (ബ്ളോക്ക്)യിലെ നൌഹട്ട ഈസ്റ്റ്, നൌഹട്ട വെസ്റ്റ് എന്നീ ഗ്രാമ പഞ്ചായത്തുകളില്‍നിന്നും ലഭ്യമായ വിവരങ്ങള്‍ ശ്രദ്ധിക്കുക. ഈ രണ്ടു പഞ്ചായത്തിലേയും ഒറ്റ വാര്‍ഡില്‍പോലും ഗ്രാമസഭ, ചേര്‍ന്നിട്ടില്ല. ഗ്രാമസഭ, ഗ്രാമപഞ്ചായത്ത് - ബ്ളോക്ക് - ജില്ലാതല വികസന സമിതികളെക്കുറിച്ചൊന്നും പഞ്ചായത്ത്സമിതി അംഗങ്ങള്‍ക്കുപോലും യാതൊരു ധാരണയുമില്ല. ബി.ഡി.ഒ ആണ് ഇവിടങ്ങളിലെ പ്രധാന അധികാരി. കിട്ടിയ കണക്കുപ്രകാരം എഴുത്തോ വായനയോ അറിയാത്തവരാണ് 70% പഞ്ചായത്ത് അംഗങ്ങളും. നൌഹട്ട ഈസ്റ്റ് പഞ്ചായത്തില്‍ ആകെ വരുന്ന ദിനപത്രത്തിന്റെ നാലെണ്ണവുമാണ്.
അംഗന്‍വാടികളുടെ പ്രവര്‍ത്തനം താരതമ്യത്തിനുപോലും സാധിക്കാത്തതാണ്. കെട്ടിടങ്ങളില്ല; കുടിക്കാന്‍ ശുദ്ധജലമില്ല; കക്കൂസോ മൂത്രപ്പുരകളോ ഇല്ല, കുട്ടികള്‍ക്കുള്ള ആഹാരവിതരണത്തിന് (പോഷകാഹാരമെന്ന് ധരിക്കരുത്) മാസം 25,000/- രൂപ അനുവദിച്ചാല്‍ അതില്‍നിന്നും ഒരു ഭാഗം ഉദ്യോഗസ്ഥാദികള്‍ തട്ടിയെടുക്കും. അംഗന്‍വാടി ജീവനക്കാരെയും ഇവര്‍ ഉപദ്രവിക്കുന്നു. ഗ്രാമമുഖ്യന്‍ ഒപ്പിട്ടുകൊടുത്താല്‍ മാത്രമെ ഇവരുടെ ഓണറേറിയം കിട്ടുകയുള്ളു. ഒപ്പിട്ടുകൊടുക്കാന്‍ 10 രൂപ മുതല്‍ നുറുരൂപവരെ കൈക്കൂലി വാങ്ങും. അംഗന്‍വാടിയിലെ സഹായികളുടെ ഓണറേറിയം വെറും 750 രൂപ മാത്രമാണെന്ന് ഓര്‍ക്കുക. ദേശീയ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ പഞ്ചായത്ത് സമിതികളുടെ യാതൊരുവിധ ഇടപെടലുകളുമില്ല. കരാറുകാരാണ് കാര്യങ്ങള്‍ തീരുമാനിക്കുക. പ്രവൃത്തികള്‍ക്ക് ഗ്രാമസഭയുടെയോ പഞ്ചായത്തിന്റെയോ ഒരനുമതിയും വാങ്ങാറില്ല. ഭവനനിര്‍മ്മാണ പദ്ധതി മറ്റൊരു കൊടുംചതിക്ക് കളമൊരുക്കി കൊടുക്കുന്നതാണ്. സര്‍ക്കാര്‍ കണക്കില്‍ പലര്‍ക്കും ഭവനനിര്‍മ്മാണ പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടാകും. സ്റ്റാമ്പുപതിച്ച പേപ്പറുകളില്‍ ഉദ്യോഗസ്ഥസമേതം വന്ന് ഇടനിലക്കാര്‍ ഒപ്പ് വാങ്ങിക്കൊണ്ടുപോകും. നാല്‍പതിനായിരം രൂപയില്‍ അഞ്ഞൂറോ ആയിരമോ കൊടുത്തെങ്കിലായി. ബാക്കി ഇടനിലക്കാര്‍ തട്ടിയെടുക്കും. സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ കാരണമാണ് ഗ്രാമീണര്‍ ഈ ചതിക്കിരയാകുന്നത്.
നൌഹട്ട പഞ്ചായത്തുകാരനും ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ നോര്‍ത്ത് ക്യാമ്പസിലെ പി ജി വിദ്യാര്‍ത്ഥിയുമായ സുനന്ദ്സിങ്ങിന്റെ അഭിപ്രായത്തില്‍ "പരാതിപ്പെടാന്‍പോലും ശേഷിയില്ലാത്തവരാണ് ബീഹാറിലെ ഗ്രാമീണര്‍. അങ്ങനെ ചെയ്തുപോയാല്‍ അവിടെ തുടര്‍ന്നു ജീവിക്കുക പ്രയാസകരമാകും. ഗ്രാമസഭകള്‍ വര്‍ഷത്തില്‍ രണ്ടുതവണ ചേരുന്നുണ്ടത്രെ ഗവണ്‍മെന്റു കണക്കില്‍. ഞങ്ങളുടെ വീട്ടിലാരും ഇതുവരെ അങ്ങനെ ഒന്നറിഞ്ഞിട്ടില്ല. എല്ലാം നിശ്ചയിക്കുന്നത് ഉദ്യോഗസ്ഥരും പിന്നെ ചില പ്രമാണിമാരും ചേര്‍ന്നാണ്. നസ്റിഗഞ്ച് ബ്ളോക്കിലാണ് അമിയാവര്‍ റോഹ്താസ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് . അശോകന്റെ കാലത്തേതുപോലെ തോന്നിക്കുന്ന ഒരു കുടുസുകെട്ടിടത്തിന് സര്‍ക്കാര്‍ രേഖകളില്‍ പേര് പഞ്ചായത്ത് ഓഫീസ് എന്നാണ്. 71788 ആണ് ഇവിടുത്തെ ജനസംഖ്യ. 13809 കുട്ടികള്‍ 0-5 വയസ്സ് പ്രായപരിധിയില്‍പെട്ടവരാണ്. പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികള്‍ അഞ്ചാണ്. ഏറെ നാളായി ഡോക്ടറെ പ്രതീക്ഷിച്ചിരിക്കുന്ന ഒരു ആരോഗ്യ കേന്ദ്രവുമുണ്ട്. പഞ്ചായത്ത് ഭരണസമിതിയുടെയും ഗ്രാമസമിതിയുടെയും യോഗങ്ങളുടെ ഹാജര്‍ രേഖകളില്‍ നൂറുശതമാനം കൃത്യമായിരിക്കുമത്രേ. ഒപ്പിക്കാനറിയാത്തവരുടെയും അറിയുന്നവരുടെയും ഒക്കെ ഒപ്പുകള്‍ പതിച്ച് സഹായിക്കാന്‍ ആളുകളുണ്ട്. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് എന്നിവ മാത്രമല്ല ടെലഫോണ്‍ സൌകര്യംപോലും ഇവിടത്തെ പഞ്ചായത്താഫീസില്‍ ലഭ്യമല്ല.
പ്രാചീന ഇന്ത്യാചരിത്രത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായ അശോകന്റെ തലസ്ഥാനനഗരിയായിരുന്നു പാടലീപുത്രം. പ്രൌഢിയിലും യശസിലും അക്കാലത്തെ ഏറ്റവും മികച്ച സ്ഥലം. അതാണ് ഇന്നത്തെ പാറ്റ്ന. വണ്ടിയില്‍നിന്നും ഇറങ്ങുമ്പോള്‍തന്നെ പാറ്റ്നയെക്കുറിച്ച് ഒരു ലഘുചിത്രം നമുക്ക് കിട്ടും, നഗരഭരണസമിതിയുടെ കാര്യക്ഷമതയും ഇവിടെ റോഡും ഓവുചാലും തമ്മില്‍ തിരിച്ചറിയുക പ്രയാസമാണ്. സൈക്കിള്‍ റിക്ഷയാണ് നഗരത്തിലെ പ്രധാന യാത്രാവാഹനം. അതു ചവിട്ടുന്ന പകുതിയോളമാളുകളുടെ വീടും അതുതന്നെയാണ്. പാറ്റ്ന ജില്ലയിലെ ഇരുപതിനായിരത്തോളം ആളുകള്‍ താമസിക്കുന്ന പഞ്ചായത്താണ് അഖ്തിയാര്‍പുര്‍ മഞ്ചൌളി. ഇവിടുത്തെ ഗതാഗത വാര്‍ത്താവിനിമയ സംവിധാനം കേരളീയര്‍ക്ക് സങ്കല്‍പിക്കാനാകുന്നതിലും താഴെയാണ്. ജനസംഖ്യയില്‍ 50% നിരക്ഷരര്‍. അഞ്ചുശതമാനംപോലും പത്രം വായിക്കുന്നവരായില്ല. പഞ്ചായത്ത് ഓഫീസിലാകട്ടെ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ടെലഫോണ്‍ ഒന്നുംതന്നെയില്ല. ഒരൊറ്റ ഹൈസ്കൂളും ഇവിടെയില്ല. പാറ്റ്നയില്‍ ഡിഗ്രിക്കു പഠിക്കുന്ന രാഹുല്‍കുമാറിനോട് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന മറ്റ് സ്ഥാപനങ്ങളേതൊക്കെയാണെന്ന ചോദ്യത്തിന് രാഹുലിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി: 'പഞ്ചായത്ത് ഓഫീസ് ഉണ്ടെന്ന് ഉറപ്പ്' എന്നായിരുന്നു.
അധികാരവും പണവും പഞ്ചായത്തുകള്‍ക്ക് കൊടുക്കാത്ത സംസ്ഥാന ഗവണ്‍മെന്റിനേയും വികസന പ്രക്രിയയില്‍ പങ്കാളിത്തമില്ലാത്ത ജനങ്ങളേയുമാണ് ഇവിടെ കാണാന്‍ കഴിയുക.
നാല്
അര്‍ജുന്‍ മുണ്ടയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവണ്‍മെന്റാണ് ഇപ്പോള്‍ ത്സാര്‍ഖണ്ഡ് ഭരിക്കുന്നത്. പത്തുവര്‍ഷം മുമ്പ് ബീഹാറിനെ വിഭജിച്ചാണ് ത്സാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിച്ചത്. വിദ്യാര്‍ത്ഥിയായ ദിനേഷ് ഭാരതിയോട് ത്സാര്‍ഖണ്ഡിലെ പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ഞാനന്വേഷിച്ചു. തിരികെ ദിനേഷിന്റെ ചോദ്യം വന്നു: "പഞ്ചായത്തോ?'' അത്ഭുതപ്പെടേണ്ടതില്ല. ത്സാര്‍ഖണ്ഡിലെ ഒരു തലമുറ അങ്ങനെയൊരു സംവിധാനത്തെക്കുറിച്ച് ഇനിയും അറിഞ്ഞിട്ടുപോലുമില്ല. മൂന്ന് പതിറ്റാണ്ടിനുമുമ്പാണിവിടെ അവസാനമായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. ഞാന്‍ ഇടപഴകിയ അമ്പതുവയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ എണ്‍പതുശതമാനത്തിനും അന്നത്തെ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് വോട്ടുണ്ടായിരുന്നോ എന്നുപോലുമറിയില്ല. ഭരിക്കുന്നവര്‍ നിശ്ചയിക്കുന്ന ഗ്രാമമുഖ്യരും ബിഡിഒമാരുമാണിവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഉദ്യോഗസ്ഥവൃന്ദത്തിന്റെയും ഗ്രാമമുഖ്യരിലൊരുവിഭാഗത്തിന്റെയും പിടിച്ചുപറിക്ക് ഇവിടുത്തെ ജനങ്ങള്‍ വിധേയരാകുന്നു. ഒപ്പം മാവോയിസ്റ്റുകളുടെ കൊള്ളയും. ധാതുസമ്പത്തിനാല്‍ സമ്പന്നമായ ഭൂപ്രദേശമായിട്ടും ജനങ്ങള്‍ കൊടിയ ദാരിദ്യ്രത്തിലാണ്. യുറേനിയം, മൈക്ക, ബോക്സൈറ്റ്, കല്‍ക്കരി (ഇന്ത്യയുടെ 32%), സ്വര്‍ണ്ണം, ചെമ്പ് (ഇന്ത്യയുടെ 25%) ഇവയെല്ലാം ഇവിടെ ലഭിക്കുന്നു. ഖനനത്തിലൂടെ കോടികളാണ് ഇവിടെനിന്നും വന്‍കിട കമ്പനികള്‍ സമ്പാദിക്കുന്നത്. മാവോയിസ്റ്റുകളും അധികാരികളും ഒരുപോലെ കാശുവാങ്ങി ഈ ചൂഷണത്തിന് സംരക്ഷണം ചെയ്തുകൊടുക്കുന്നു.
ജനങ്ങളില്‍ എണ്‍പതുശതമാനത്തിലേറെയും ആദിവാസികളാണ്. ഗ്രാമങ്ങളില്‍ പകുതി സ്ഥലത്തും വൈദ്യുതി എത്തിയിട്ടില്ല. നാലില്‍ മൂന്നു ഭാഗം ഗ്രാമങ്ങളിലും റോഡുകളില്ല. അംഗന്‍വാടികളുടെ പ്രവര്‍ത്തനം പേരിലൊതുങ്ങുന്നു. പഞ്ചായത്തുകള്‍ക്ക് കൈമാറിയ ചുമതലകളിലൊന്ന് അംഗന്‍വാടികളാണ്. പഞ്ചായത്തിന് കൈമാറിയെന്നാല്‍ ഫലത്തില്‍ ബിഡിഒയ്ക്ക് വിട്ടുകൊടുത്തു എന്ന് പറയുന്നതാണ് കൂടുതല്‍ ശരിയാകുക.
മുന്‍ എംഎല്‍എ രാജേന്ദ്രസിങ് മുണ്ടയുടെ വാക്കുകളില്‍ "അംഗന്‍വാടികളില്‍ ബഹുഭൂരിപക്ഷവും പ്രവര്‍ത്തിക്കുന്നത് തുറസായ സ്ഥലങ്ങളിലാണ്. ചിലയിടത്തൊക്കെ മറ ചാപ്പകളുണ്ടാകും. പഞ്ചായത്തുകള്‍ക്ക് അധികാരവും കാശും നല്‍കുകയും തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യണം.'' കിലോമീറ്ററുകള്‍ സഞ്ചരിച്ചാലും ഇവിടെ സ്കൂളുകള്‍ കാണാനാകില്ല. നാല്‍പത് ശതമാനത്തിലേറെ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളേയില്ല.
വൃത്തിശൂന്യമായ പരിതഃസ്ഥിതിയില്‍ ജീവിക്കുന്നവരാണ് കൂലിവേലക്കാരായ ത്സാര്‍ഖണ്ഡുകാര്‍. പൊതുസ്ഥലങ്ങളില്‍ പഞ്ചായത്തിന്റെയോ നഗരസഭയുടെയോ കക്കൂസുകളും മൂത്രപ്പുരകളും ഇവിടങ്ങളില്‍ കാണുകയില്ല. നടന്നുപോകുന്ന വഴിയില്‍ അവര്‍ തുണിയുരിഞ്ഞ് മലമൂത്രവിസര്‍ജ്ജനം നടത്തും. ഇതില്‍ ആണ്‍ പെണ്‍ വ്യത്യാസമൊന്നുമില്ല. 32,620 വില്ലേജുകളുള്ള ഇവിടെ കേവലം 506 ആരോഗ്യ കേന്ദ്രങ്ങളാണുള്ളത്. വ്യാജഡോക്ടര്‍മാരുടെ പിടിയിലാണ് ആരോഗ്യമേഖല. പലാമു ജില്ലയിലെ ബര്‍ഹമാനിയയിലെ അനുഭവം പ്രമുഖ പത്രപ്രവര്‍ത്തകനായ പി സായ്നാഥ് വിവരിക്കുന്നത് നോക്കുക: "നമുക്കിനി ഡോക്ടറും സര്‍ജനുമെന്നവകാശപ്പെടുന്ന ഇഖ്ബാല്‍ കാസിമിനെ കാണാം. ബെലൂമത്തിലുള്ള കാസിമിക്ളിനിക്കിന്റെ ഉടമയാണയാള്‍, ദയൂബത്തില്‍വെച്ച് നടത്തിയ നീണ്ടകാലത്തെ 'വൈദ്യശാസ്ത്ര പഠനങ്ങളുടെ' തുടര്‍ച്ചയായാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അയാളിവിടെ പ്രാക്ടീസ് ചെയ്യുന്നത്. അവിടെവച്ച് ബോട്ടണി, ബയോളജി, സുവോളജി, ഗൈനക്കോളജി, യുനാനി എന്നിവയെല്ലാം ചേര്‍ത്ത് ഒരു ഡിഗ്രി കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ടത്രേ. ഇതുകൂടാതെ ആധുനിക അലോപ്പതി വൈദ്യത്തില്‍ ഒരു സ്പെഷല്‍ കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ടുപോലും. എന്നാല്‍ ഈ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളൊന്നും ഇപ്പോള്‍ കൈയിലില്ല. അവയെല്ലാം കുറച്ചകലത്തുള്ള ജന്മനഗരത്തിലാണിരിക്കുന്നത്. ഏത് ചെറിയ രോഗത്തിനും കാസിം രോഗികള്‍ക്ക് നല്‍കുന്നത് ആംബുസിലിന്‍ ഇന്‍ജക്ഷനും ടെട്രോസൈക്ളിന്‍ ഇന്‍ജക്ഷനുമാണ്. വീടുകള്‍ സന്ദര്‍ശിച്ചുള്ള ചികിത്സയുമുണ്ട് ഇയാള്‍ക്ക്.'' (മുറി വൈദന്മാര്‍ക്കൊരു വാഗ്ദത്ത ഭൂമി) ഇപ്പോഴും ഇത് വ്യാപകമായി തുടരുന്നു.
വാര്‍ദ്ധക്യകാല പെന്‍ഷന്‍ വിതരണമാണ് പഞ്ചായത്തിന്റെ മറ്റൊരു ചുമതല (ഇതുമാത്രമാണ് ഏക ക്ഷേമ പെന്‍ഷന്‍). പഞ്ചായത്തില്ലാത്തതിനാല്‍ വിതരണം ബിഡിഒയാണ് കൈകാര്യംചെയ്യുക. തുഛമായ തുക വാങ്ങാന്‍ പ്രായംചെന്ന മനുഷ്യര്‍ ബ്ളോക്കോഫീസില്‍ വരണം. ഒന്നര ലക്ഷത്തിലേറെ ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശമായിരിക്കും ചിലപ്പോള്‍ ഒരു ബിഡിഒയുടെ കീഴില്‍: ഗതാഗതസൌകര്യം പരിമിതമായ ഇവിടെ ബ്ളോക്ക് കേന്ദ്രത്തിലെത്തുക എന്നതുതന്നെ ദുര്‍ഘടമാണ് യാത്ര ചെലവിന് പെന്‍ഷന്‍ കാശ് തികയാതെയും വരും. മറ്റൊരു വസ്തുത. അറുപത്തിയഞ്ച് വയസുപൂര്‍ത്തിയായവര്‍ക്കാണ് വാര്‍ദ്ധക്യകാല പെന്‍ഷന്‍. ജാര്‍ഖണ്ഡിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 62 വയസു മാത്രമാണ്. പെന്‍ഷന്‍ കൊടുക്കാന്‍ വലിയതുക ചെലവാകില്ലെന്ന് ചുരുക്കം.
അഞ്ച്
ഇന്ത്യയിലെ വിഐപി മണ്ഡലങ്ങളെന്നറിയപ്പെടുന്ന അമേത്തിയും റായ്ബറേലിയും ഉള്‍ക്കൊള്ളുന്നതാണ് ഉത്തര്‍പ്രദേശ്. രാജ്യത്തിന്റെ എട്ട് പ്രധാനമന്ത്രിമാര്‍ ഈ സംസ്ഥാനത്തുനിന്നായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. ഇവിടുത്തെ ഇപ്പോഴത്തെ പഞ്ചായത്തിന്റെ സംവിധാനം തങ്ങള്‍ കണ്ട സ്വപ്നമാണെന്ന് അവകാശവാദം ആര്‍ക്കുമില്ല. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് മാത്രം ഉദാഹരണമായെടുത്താല്‍ അത് മനസ്സിലാക്കാനാകും.
ഗ്രാമീണ തൊഴിലില്ലായ്മയ്ക്ക് പരിഹാരമായിട്ടാണല്ലോ ങഏചഞഋഏഅ പാസാക്കിയത്. ഇവിടെ 'കരാറുകാര്‍ അല്ലെങ്കില്‍ ഉദ്യോഗസ്ഥ-രാഷ്ട്രീയ നേതൃത്വത്തിന്റെ വേണ്ടപ്പെട്ടവര്‍ ട്രാക്ടറോ അതുപോലുള്ള മറ്റ് യന്ത്രങ്ങളോ ഉപയോഗിച്ച് പണിതീര്‍ക്കും. തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ ലിസ്റ്റ് (മസ്റ്റര്‍റോള്‍) കൃത്രിമമായുണ്ടാക്കി കാശ് തട്ടിയെടുക്കുകയും ചെയ്യും. തൊഴിലാളികളുടെ പേരും ഒപ്പുമൊക്കെ അവര്‍തന്നെ രേഖപ്പെടുത്തും. ആരെങ്കിലും തൊഴിലെടുത്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നാമമാത്ര കൂലിയുമായിരിക്കും. അതിശയിക്കേണ്ടതില്ല. ഇത് യുപിയില്‍ വ്യാപകമായി നടക്കുന്നതാണ്. (കാണുക-ടൈംസ് ഓഫ് ഇന്ത്യ, 2010 സെപ്തംബര്‍ 2)
കേരളത്തില്‍ തൊഴിലാളികളുടെ തുക അവരുടെ ബാങ്ക് അക്കൌണ്ടിലാണ് എത്തുക. തട്ടിപ്പിന് അവസരങ്ങള്‍ ഒരുക്കാതിരിക്കാനാണ് കേരളത്തിന്റെ ശ്രദ്ധ, അവസരമൊരുക്കാനാണ് യുപിയില്‍ ശ്രമിക്കുന്നത്. കേന്ദ്ര എംപ്ളോയ്മെന്റ് ഗ്യാരന്റി കൌണ്‍സില്‍ അംഗം സഞ്ജയ് ദീക്ഷിത് സോന്‍ഭദ്ര ജില്ലയില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പഞ്ചായത്തിരാജ് മന്ത്രി സി പി ജോഷിക്ക് സമര്‍പ്പിച്ചു. അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നവയായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പാണ് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിലുള്ള തടാകങ്ങള്‍ പുതിയതായി നിര്‍മ്മിച്ചതായി രേഖയുണ്ടാക്കിയതായി കണ്ടെത്തി. മസ്റ്റര്‍റോളിലെ ഒപ്പുകള്‍ പരിശോധിച്ചപ്പോള്‍ നൂറുകണക്കിനാളുകളുടെ വിരലൊപ്പ് ഒരാള്‍തന്നെ രേഖപ്പെടുത്തിയതാണെന്നും തെളിഞ്ഞു.
പഞ്ചായത്തിന് ഇവിടെ ഒന്നും ചെയ്യാനില്ല. ഗ്രാമസഭകളില്‍നിന്നും ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കപ്പെടുകയെന്ന സംവിധാനമേ ഇല്ല. സോന്‍ഭദ്ര ജില്ലാ മജിസ്ട്രേട്ട് പന്ധാരി യാദവ് പറയുന്നത്, ഒരുപാട് പരാതികള്‍ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുണ്ടെന്നാണ്. ജനങ്ങളിടപെട്ടതിന്റെ ഫലമായി ചിലയിടത്ത് ട്രാക്ടറുകള്‍ അധികാരികള്‍ക്ക് പിടിച്ചെടുക്കുകപോലും ചെയ്യേണ്ടിവന്നു. തട്ടിപ്പ് നടത്തിയവരില്‍നിന്ന് കാശ് പിടിച്ചെടുക്കണമെന്ന അഭിപ്രായക്കാരനാണ് യാദവ്.
പഞ്ചായത്തുകള്‍ക്ക് കൈമാറേണ്ടുന്ന ഇരുപത്തിയൊന്‍പത് വിഷയങ്ങളില്‍ പന്ത്രണ്ട് എണ്ണം മാത്രമാണ് ഇവിടെ പഞ്ചായത്തുകള്‍ക്ക് കൈമാറിയിരിക്കുന്നത്. പദ്ധതി ആസൂത്രണത്തിലും നടത്തിപ്പിലും ജനങ്ങള്‍ക്ക് യാതൊരു പങ്കാളിത്തവുമില്ല. 80 ശതമാനത്തിലേറെ പഞ്ചായത്തുകള്‍ക്കും സൌകര്യപ്രദമായ ഓഫീസ് സംവിധാനങ്ങളില്ല. പദ്ധതി ആസൂത്രണത്തിന്റെയും നടത്തിപ്പിന്റെയും അധികാരങ്ങള്‍ ജില്ലാതല ആസൂത്രണസമിതികള്‍ക്കല്ല, റൂറല്‍ ഡെവലപ്മെന്റ് (ഗ്രാമീണ വികസന) വകുപ്പിനാണ്. ഗ്രാമപഞ്ചായത്ത്, ക്ഷേത്ര പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെയുള്ള ത്രിതല സമിതികള്‍ക്ക് ഇവിടെ നിര്‍വഹിക്കാന്‍ ഒരു ചുമതലയുമില്ല.
പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ പരിശോധിക്കുന്നതിന് ഇവിടെ പ്രത്യേകമായ സംവിധാനങ്ങളില്ല. അതുകൊണ്ടുതന്നെയാകാം കേന്ദ്ര പഞ്ചായത്തീരാജ് വകുപ്പിന് യു പി ഗവണ്‍മെന്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍തന്നെ 'ഓഡിറ്റ്' സിസ്റ്റം സംതൃപ്തികരമല്ലെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
പദ്ധതി നടത്തിപ്പില്‍ ബഹുജന പങ്കാളിത്തമെന്നതിന് കോണ്‍ഗ്രസ്, ബിജെപി, ബിഎസ്പി, എസ് പി തുടങ്ങിയ പാര്‍ടികളുടെ അജണ്ടയില്‍ ഇനിയും ഇടം കിട്ടിയിട്ടില്ല.
ആറ്
അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയാണ് രാജസ്ഥാനില്‍ അധികാരത്തിലിരിക്കുന്നത്. രണ്ടാംതവണയാണദ്ദേഹം മുഖ്യമന്ത്രിപദത്തിലെത്തുന്നത്. ഇടയ്ക്കൊരഞ്ചുവര്‍ഷം വസുന്ധരരാജ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവണ്‍മെന്റായിരുന്നു അധികാരത്തില്‍. ഇരു ഗവണ്‍മെന്റുകളും പഞ്ചായത്തീരാജ് നിയമത്തില്‍ നിഷ്കര്‍ഷിച്ചത് പ്രകാരം അധികാരവും പണവും പഞ്ചായത്തുകള്‍ക്ക് കൈമാറിയിട്ടില്ല. ദന്താരാംഗഢിലെ എംഎല്‍എയായ അംരാറാമിന്റെ അഭിപ്രായത്തില്‍ "പഞ്ചായത്തുകള്‍ നിശ്ചലാവസ്ഥയിലാകുന്നുണ്ടെങ്കില്‍ അതിന്റെ കാരണം സര്‍ക്കാര്‍ നയങ്ങളാണ്. ഓരോ വര്‍ഷവും പ്രഖ്യാപിക്കും, അധികാരങ്ങള്‍ പൂര്‍ണമായും അടുത്തവര്‍ഷത്തോടെ കൈമാറും എന്ന്. എന്നാലിതുവരെ നടപ്പിലാക്കിയിട്ടില്ല. പഞ്ചായത്തീരാജ് സംവിധാനത്തിനും ഭൂപരിഷ്കരണത്തിനും വിവിധ ജനവിഭാഗങ്ങളുടെ ക്ഷേമ പദ്ധതികള്‍ക്കുമായി ഞങ്ങള്‍ (സിപിഐ എം) സമരത്തിലാണ്. അതിനുള്ള അംഗീകാരമാണ് ഞാനുള്‍പ്പടെ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്''.
ബജറ്റ്വിഹിതമായി കേരളത്തിന്റെ നാലിലൊന്നുപോലും ഇവിടെ പഞ്ചായത്തുകള്‍ക്ക് ഇപ്പോഴും നീക്കിവെയ്ക്കുന്നില്ല. നീക്കിവെയ്ക്കുന്ന തുകതന്നെ ശരിയാംവണ്ണം വിനിയോഗിക്കപ്പെടുന്നുമില്ല. പലപ്പോഴും നോക്കുകുത്തികളാകുന്ന പഞ്ചായത്തുകള്‍ക്ക് ഇതില്‍ കാര്യമായി ഇടപെടാനും കഴിയുന്നില്ല. കെടുകാര്യസ്ഥതയുടെ പര്യായമാണ് ഇവിടുത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. ഇന്ത്യയുടെ പഞ്ചായത്തീരാജ് വകുപ്പ് മന്ത്രി സി പി ജോഷിയുടെ മണ്ഡലമായ ഭില്‍വാര ഇവിടെയാണ്. കുത്തഴിഞ്ഞ സംവിധാനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നും ഇവിടംതന്നെയായിരുന്നു. ഭില്‍വാരയിലെ പതിനൊന്ന് പഞ്ചായത്തുകളില്‍ നടന്ന സോഷ്യല്‍ ഓഡിറ്റില്‍ 1.5 കോടി രൂപയുടെ തിരിമറിയാണ് കണ്ടെത്തിയത്. അതായത് ഒരു പഞ്ചായത്തില്‍ 12 ലക്ഷം രൂപ വീതം. ചഞഋഏട പ്രകാരം സാധനങ്ങള്‍ വാങ്ങിയ ബില്ലുകളാണ് ഓഡിറ്റ് ടീം പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിന് നേതൃത്വം നല്‍കിയ ദില്‍വാരയിലെ ഓഡിറ്റ് ടീം അംഗങ്ങള്‍ പറഞ്ഞത് ഓരോവര്‍ഷവും ഏകദേശം 800 കോടിക്കും 1000 കോടിക്കുമിടയില്‍ രൂപ വെട്ടിപ്പ് നടക്കുന്നുണ്ടെന്നാണ്. മറ്റൊരു പഞ്ചായത്തായ സോണിയാനയില്‍ ചഞഋഏട പ്രകാരം ഫണ്ട് ചെലവഴിച്ചതില്‍ തൊഴിലാളികള്‍ക്ക് കൊടുത്തത് 10% മാത്രമായിരുന്നു. അംഗന്‍വാടികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ഒരു കാര്യപരിപാടിയും ഇവിടെയില്ല. പഞ്ചായത്തുകള്‍ക്കാവട്ടെ കാശില്ലെന്ന കാരണത്താല്‍ സഹായിക്കാനും ആകുന്നില്ല. അംഗന്‍വാടി ജീവനക്കാരിയായ ജോദ്പൂരിലെ ഫൂല്‍ദേവി പറയുന്നു: "ആവശ്യത്തിന് കെട്ടിടങ്ങളില്ല. വാടകക്കെട്ടിടത്തിനാണെങ്കിലോ സര്‍ക്കാര്‍ തരിക വെറും 200 രൂപ മാത്രം. 800 രൂപയെങ്കിലുമില്ലാതെ എവിടെയും സ്ഥലം കിട്ടില്ല. അപ്പോള്‍ ഞങ്ങളെന്തുചെയ്യും''.
പഞ്ചായത്ത്, പഞ്ചായത്ത്സമിതി, ജില്ലാ പരിഷത്ത് എന്നിങ്ങനെയാണ് ത്രിതല പഞ്ചായത്തുകള്‍ അറിയപ്പെടുന്നത്. ഇതില്‍ ജില്ലാ പരിഷത്ത് ഓഫീസുകളില്‍ ടെലഫോണ്‍, കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് എന്നിവ അനുവദിച്ചിട്ടുണ്ട്. നാല്‍പ്പത് ശതമാനത്തോളം പഞ്ചായത്ത് സമിതികള്‍ക്കും (ബ്ളോക്ക്) ഈ സംവിധാനങ്ങളുണ്ട്. എന്നാല്‍ പഞ്ചായത്തുകളില്‍ എണ്‍പത് ശതമാനത്തിനും ഇവ ഇനിയും ലഭ്യമായിട്ടില്ല.
(അവസാനിക്കുന്നില്ല)

No comments: