Friday, October 8, 2010

പൊന്മള പഞ്ചായത്തില്‍ കോ-ലീ-ബി സഖ്യം പ്രചരണം തുടങ്ങി



പൊന്മള പഞ്ചായത്തില്‍ കോ-ലീ-ബി സഖ്യം പ്രചരണം



മലപ്പുറം: റിബല്‍ ശല്യം നേരിടുന്ന പൊന്മള പഞ്ചായത്തില്‍ കോഗ്രസും മുസ്ളിംലീഗും ബിജെപിയും ധാരണയിലെത്തി. ധാരണ പ്രകാരം ആറ്, എട്ട്, 15, 16 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. ഇതിനു പകരം മണ്ണഴി ഏഴാം വാര്‍ഡില്‍ ബിജെപി സ്വീകാര്യയായ പൊതു സ്ഥാനാര്‍ഥി മത്സരിക്കും. വി എം ലീലാവതിയാണ് വാര്‍ഡിലെ സ്ഥാനാര്‍ഥി. 12-ാം വാര്‍ഡില്‍ മാത്രമാണ് ബിജെപി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയുള്ളത്. മറ്റ് വാര്‍ഡുകളില്‍ ബിജെപി വോട്ടുകള്‍ കോഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കും. അതേ സമയം ഏഴാം വാര്‍ഡ് സ്ഥാനാര്‍ഥി ലീലാവതി വിജയിച്ചാല്‍ ബിജെപി അംഗമായാണ് അറിയപ്പെടുക. പഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലും റിബല്‍ സ്ഥാനാര്‍ഥികള്‍ സജീവമായതോടെ യുഡിഎഫ് സംവിധാനം തകര്‍ന്നത്. ധാരണ പ്രകാരം മുസ്ളിംലീഗ് 11 സീറ്റിലും കോഗ്രസ് ഏഴ് സീറ്റിലും മത്സരിക്കം. ഇതില്‍ കോഗ്രസിന് ലഭിച്ച സീറ്റുകളിലൊന്ന് ബിജെപി സ്വതന്ത്രന് നല്‍കുകയായിരുന്നു. അതേ സമയം കോഗ്രസും ലീഗും പല വാര്‍ഡുകളിലും പരസ്പരം കൊമ്പുകോര്‍ക്കുകയാണ്. വാര്‍ഡ് എട്ട് ചേങ്ങോട്ടൂരില്‍ കോഗ്രസിന്റെ സീറ്റാണെങ്കിലും മുസ്ളിം ലീഗ് വാര്‍ഡ് കമ്മിറ്റി സെക്രട്ടറികാട്ടിക്കുളങ്ങര ബഷീര്‍ സ്വതന്ത്രനായി വോട്ട്പിടുത്തം തുടങ്ങി. 17-ാം വാര്‍ഡില്‍ കോഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച ഹസീന കാസിമിനെ ഒന്നാം വാര്‍ഡില്‍ ലീഗ് കോണി ചിഹ്നത്തില്‍ മത്സരിപ്പിക്കുന്നതില്‍ കോഗ്രസ് പ്രതിഷേധത്തിലാണ്. 18ാം വാര്‍ഡിലും ലീഗ് റിബല്‍ രംഗത്തുണ്ട്. മുസ്ളിംലീഗ് കോട്ടയായ ചാപ്പനങ്ങാടിയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് എംഎസ്എഫ് പഞ്ചായത്ത് ഭാരവാഹി വഹാബുദ്ദീന്‍ റിബല്‍ സ്ഥാനാര്‍ഥിയായി പ്രവര്‍ത്തനം തുടങ്ങി. 16-ാം വാര്‍ഡില്‍ പി പി മുനീര്‍ റിബലായി മത്സരിക്കുന്നു. റിബല്‍ ശല്യത്തെ മറികടക്കാന്‍ കൂടിയാണ് ഇപ്പോള്‍ ബിജെപിയെ കൂട്ടുപിടിക്കുക എന്ന തന്ത്രം കണ്ടെത്തിയത്.

No comments: