Friday, October 8, 2010

യുഡിഎഫിനെ ഉപദേശിച്ചു മടുത്തു; 'മുഖപത്രങ്ങള്‍'ക്കും പരിഹാസം

യുഡിഎഫിനെ ഉപദേശിച്ചു മടുത്തു; 'മുഖപത്രങ്ങള്‍'ക്കും പരിഹാസം

കണ്ണൂര്‍: യുഡിഎഫിന്റെ കുപ്രചാരണങ്ങളെയും ജനാധിപത്യവിരുദ്ധ നടപടികളെയും കണ്ണൂരിലെ ജനത തെരഞ്ഞെടുപ്പിനുമുമ്പേ തള്ളി. നാമനിര്‍ദേശപത്രിക പിന്‍വലിക്കല്‍ പൂര്‍ത്തിയായതോടെ ജില്ലയിലെ 28 സീറ്റുകളില്‍ എല്‍ഡിഎഫിന് എതിരില്ല. സ്ഥാനാര്‍ഥിത്വം അടിച്ചേല്‍പ്പിക്കപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ഥികള്‍ സ്വമേധയാ പിന്‍വാങ്ങുകയായിരുന്നു. വ്യാജ സ്ഥാനാര്‍ഥികളെയും നിര്‍ദേശകരെയും ഇറക്കി ജനാധിപത്യം അട്ടിമറിക്കാനുള്ള യുഡിഎഫ് നീക്കം വിലപ്പോയില്ല. നാമനിദേശപത്രിക കുറ്റമറ്റരീതിയില്‍ സമര്‍പ്പിക്കാന്‍പോലും കഴിയാത്ത യുഡിഎഫിനെ അവരുടെ 'മുഖപത്ര'ങ്ങളായ മനോരമയും മാതൃഭൂമിയും കണക്കറ്റ് പരിഹസിച്ചു. സിപിഐ എമ്മിനെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനുമുമ്പേ സ്വന്തം കുറ്റങ്ങള്‍ക്ക് ഉത്തരം പറയണമെന്നാണ് ഇരു പത്രങ്ങളുടെയും നിലപാട്. എത്ര ഉപദേശിച്ചാലും യുഡിഎഫ് നന്നാവില്ലെന്ന ധ്വനിയും റിപ്പോര്‍ട്ടിലുണ്ട്. പത്രിക സമര്‍പ്പിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് മനോരമയും മാതൃഭൂമിയും ആവര്‍ത്തിച്ച് പറഞ്ഞിട്ടും യുഡിഎഫ് എല്ലാം മറന്നുപോയി. നിര്‍ദേശകര്‍ വിശ്വസ്തരാണെന്ന് ഉറപ്പുവരുത്താത്തതാണ് ഇത്തവണത്തെ കുഴപ്പമെന്നാണ് മനോരമയും മാതൃഭൂമിയും കണ്ടുപിടിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ ജയിക്കുന്നത് യുഡിഎഫിന്റെ മെഗാഫോണുകളായ ഈ പത്രങ്ങള്‍ക്ക് രസിച്ചിട്ടില്ല. എന്നാല്‍ പതിവുപോലെ, ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചുവെന്ന് പറയാന്‍ മെനക്കെട്ടില്ല. അങ്ങനെ പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് അനുഭവങ്ങള്‍ ഇവരെ പഠിപ്പിച്ചിട്ടുണ്ട്. കൂത്തുപറമ്പിലെ തട്ടിക്കൊണ്ടുപോകല്‍ കഥയും ചീറ്റിപ്പോയി. എത്ര ഉപദേശിച്ചാലും യുഡിഎഫ് നന്നാവില്ലെന്നാണ് രണ്ട് പത്രങ്ങളുടെയും ഒടുവിലത്തെ വിലയിരുത്തല്‍

No comments: