Tuesday, February 2, 2010

പയ്യന്നൂര്‍ വിചാരങ്ങള്‍ തുടരുന്നു

പയ്യന്നൂര്‍ വിചാരങ്ങള്‍ തുടരുന്നു...

സുകുമാര്‍ അഴീക്കോട്...

നമ്മുടെ പ്രമുഖനായ ഒരു കഥാകാരന്‍ ഏറെ തെക്കുനിന്ന് ഏറെ വടക്കോട്ട് ചെന്ന് ഒരു പ്രസംഗം ചെയ്തതേയുള്ളൂ, വടക്കന്‍ ഭാഷയില്‍ ആ മാന്യമിത്രത്തിന്റെ 'തടി വെടക്കായി'. കുറച്ച് കഴിയുമ്പോള്‍ത്തന്നെ അത് അഭിപ്രായസ്വാതന്ത്യ്രം തൊട്ട് സദാചാരത്തിന്റെ സ്വഭാവമെന്ത് എന്ന ചോദ്യംവരെ പടര്‍ന്നുപന്തലിച്ച ഒരു വാദക്കോളായി മാറി. ഞാന്‍ ഇതുസംബന്ധിച്ച് ഉടനെ ഒരു പ്രസ്താവന ഇറക്കുകയും തുടര്‍ന്ന് ഒരു ലേഖനം എഴുതുകയും രണ്ടുമൂന്ന് പ്രസംഗങ്ങളില്‍ ഈ വിഷയം പ്രതിപാദിക്കുകയും ചെയ്തിരുന്നു. പോരെന്നു തോന്നിയതുകൊണ്ട് ഈ പ്രബന്ധംകൂടി. എന്റെ സുഹൃത്തായ കഥാകാരന്‍ അങ്ങനെ ഒരു നിരന്തരപ്രഭാഷകനല്ല. 'അങ്ങനെ' എന്നുവച്ചാല്‍ 'എന്നെപ്പോലെ' എന്നുതന്നെ പറയാം. വല്ലപ്പോഴും പ്രസംഗിക്കുന്ന ഒരാള്‍ക്ക് നല്ലപോലെ ആലോചിച്ച് വാക്കുകള്‍ പ്രയോഗിക്കാന്‍ വേണ്ട തയ്യാറെടുപ്പിനും ചിന്തിച്ച് പറയുന്നതിനും വേണ്ടത്ര സൌകര്യമുണ്ട്. എന്നിട്ടും ആള്‍ കുഴപ്പത്തില്‍ച്ചെന്നുചാടി. ഈ ലേഖകനാകട്ടെ 1941ല്‍ പ്രസംഗിക്കാന്‍ തുടങ്ങി. ഇന്നും അതിഭാഷകനായി തുടരുന്നു. തയ്യാറെടുപ്പിനൊന്നും നേരമില്ല. ഉച്ചഭാഷിണി 'ഓ' ചെയ്യുന്നതുപോലെ എനിക്കും അതിന്റെ മുന്നില്‍നിന്ന് മാനസികമായ ഒരു 'ഓ' ചെയ്യലുണ്ട്. ആലോചനക്കൊന്നിനും സാവകാശമേയില്ല. എന്നിട്ടും ഇന്നുവരെ 'തടി വെടക്കാക്കുന്ന' ഒരു കുഴപ്പത്തിലും ഞാന്‍പെട്ടില്ല. ബാബറി മസ്ജിദ് തകര്‍ന്ന കാലത്ത് എനിക്ക് ഒരു രാഷ്ട്രീയകക്ഷിയില്‍നിന്ന് ആറുമാസത്തോളം വധഭീഷണിയുണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് കുറച്ച് പേരുകിട്ടിയെന്നല്ലാതെ മറ്റൊന്നും ഉണ്ടായില്ല. പതിനായിരക്കണക്കിന് പ്രസംഗങ്ങള്‍ നടത്തിയിട്ടും ശാരീരികമായ ആക്രമണമൊന്നും നേരിടാതെ ഞാന്‍ രക്ഷപ്പെട്ടത് 'രാശിഗുണം' കൊണ്ടുമാത്രമല്ല, ഞാന്‍ വിമര്‍ശിക്കുമ്പോള്‍ അവാസ്തവങ്ങളെയോ കേട്ടുകേള്‍വിയെയോ കടുത്ത പക്ഷപാതങ്ങളെയോ ഉപയോഗപ്പെടുത്താറില്ല. വിഷയത്തിലുള്ള പരിജ്ഞാനം, പ്രതിപാദനത്തിലെ സത്യസന്ധത, പ്രതിപക്ഷ ബഹുമാനം എന്നിവ മനസ്സിനടിയില്‍ എപ്പോഴും പ്രവര്‍ത്തിക്കാറുണ്ട്. നമ്മുടെ കഥാകൃത്തിന് നല്ല തയ്യാറെടുപ്പിന് സമയവും സൌകര്യവും ഉണ്ടായിട്ടും വസ്തുതകളുടെ സത്യത്തിലോ പക്ഷപാതവര്‍ജനത്തിലോ ചിന്താശുദ്ധിയിലോ ഒന്നും വേണ്ടത്ര ശ്രദ്ധിച്ചില്ല. ഫലം നാം കണ്ടല്ലോ. എന്തു പറയാനും ഇന്ത്യയില്‍ ഏത് പൌരനും സ്വാതന്ത്യ്രമുണ്ട് എന്ന് നാം സസന്തോഷം സദാ പറയാറുണ്ട്. ഇതില്‍ അല്‍പ്പം അതിശയോക്തിയുടെ കലര്‍പ്പുണ്ട്. അത്രത്തോളം നിരുപാധികമല്ല ആശയ സ്വാതന്ത്യ്ര വ്യവസ്ഥ. രാഷ്ട്രതാല്‍പ്പര്യം, വിദേശബന്ധം, സമൂഹക്രമം തുടങ്ങിയവ അഭിപ്രായസ്വാതന്ത്യ്രത്തിന് അതിര് കല്‍പ്പിക്കുന്നുണ്ട്. മാത്രമല്ല, നമ്മള്‍ എത്ര ഭരണഘടനാ സീമയ്ക്കുള്ളില്‍നിന്ന് പറഞ്ഞാലും കേള്‍വിക്കാരെ കരുതിക്കൂട്ടി പ്രകോപിപ്പിക്കുന്ന വിധത്തിലുള്ള പ്രസംഗമായാല്‍ സദസ്സ് മുഴുവനായോ ഒരു വിഭാഗമോ കോപിക്കുകയോ ക്ഷോഭിക്കുകയോ ചെയ്തേനെ. അത്തരം പ്രതിസന്ധി വരുത്താതിരിക്കുന്നതാണ് ബുദ്ധി. ഭരണഘടനയും പത്രപ്രസ്താവനകളും രക്ഷയ്ക്കെത്തുന്നതിനുമുമ്പ് 'തടി കേടാകാന്‍' സാധ്യതയുണ്ടെന്ന് മറക്കരുത്. നമ്മുടെ കഥാകാരന് ഈയബദ്ധം ഇനി വരാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. ഒരു കോഗ്രസ് നേതാവ് ഒരു 'സഹോദരി'യുമായി (എല്ലാ സ്ത്രീകളും സഹോദരിമാര്‍തന്നെ!) അര്‍ധരാത്രിയോടടുത്ത് ആള്‍പ്പാര്‍പ്പില്ലാത്ത ഒരു കെട്ടിടത്തില്‍ ചെന്ന് വാതിലടച്ച് 'സാഹോദര്യ'സംഗമം നടത്തുമ്പോള്‍ ഇത്തരം ഉല്‍കൃഷ്ടമായ 'സാഹോദര്യം' എന്തെന്നറിഞ്ഞുകൂടാത്ത ആളുകള്‍ തടിച്ചുകൂടി ആ സഹോദരയുഗ്മത്തെ പിടികൂടി അല്‍പ്പം 'തടി കേടാക്കി'യതിനെയാണ് കഥാകാരന്‍ പയ്യന്നൂരില്‍ വിഷയമാക്കിയത്. സമൂഹത്തിലെ അക്രമപ്രവണതയെ എതിര്‍ത്ത് സംസാരിച്ചാല്‍ ധാരാളം മതിയായിരുന്നു. പക്ഷേ, നമ്മുടെ ഇന്നത്തെ രാഷ്ട്രീയ നേതാക്കളുടെ 'സഹോദരീ' പ്രേമത്തെ ദിവ്യമായി ചിത്രീകരിക്കേണ്ടിയിരുന്നില്ല. കെപിസിസി ആളെ 'സസ്പെന്‍ഡ്' ചെയ്ത് രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ ആന്ധ്രയില്‍ ഗവര്‍ണര്‍ പദവിയിലുള്ള ഒരു വമ്പന്‍ കോഗ്രസ് നേതാവ് ഒരുപാട് സഹോദരിമാരോടുകൂടി അനവദ്യമായ ഒരു സംഗമം നടത്തിയത് എല്ലാവരുമറിഞ്ഞു. വലിയ പൊലീസുദ്യോഗസ്ഥന്മാര്‍ ഹരിയാനയിലും പഞ്ചാബിലും നാരീബന്ധങ്ങളില്‍ കഴിഞ്ഞതും സഹോദരീപ്രണയമായിരിക്കാം. പക്ഷേ, പൊതുവെ നാട്ടുകാര്‍ ഈ കപടരാഷ്ട്രീയനേതാക്കളുടെ സഹോദരീപ്രണയത്തെ നമ്മുടെ കഥാകാരനെപ്പോലെ ദിവ്യമായി കാണുന്നവരല്ല. ഭരണഘടന പറയുന്ന സമൂഹക്രമത്തെ തീരെ നിസ്സാരമായി കാണരുത് 'സഹോദരീ'പ്രേമവാദികള്‍. അതൊരുവശം. കോഗ്രസ് നേതാക്കള്‍ ചെയ്തുകൊണ്ടിരിക്കുന്ന പെങ്ങള്‍പ്രണയത്തെ ന്യായീകരിക്കുന്നതിന് പണ്ടെന്നോ കമ്യൂണിസ്റ് നേതാക്കള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്ത് സമാന കൃത്യങ്ങള്‍ നടത്തിയിരുന്നുവെന്ന പ്രത്യുദാഹരണം കൊണ്ടുവന്നത് നന്നായോ? ഒന്നാമത്, കഥാകൃത്തിന് നേരിട്ടറിവില്ലാത്തതും പറഞ്ഞുകേട്ടതും (മിക്കവാറും എതിരാളികള്‍) ആയ കെട്ടുകഥകള്‍ വര്‍ണിച്ച് ഒരു രാഷ്ട്രീയകക്ഷിയെ മുഴുവന്‍ അടിസ്ഥാനമില്ലാതെ കുറ്റപ്പെടുത്തിയതിന് ഭരണഘടനയുടെ സംരക്ഷണം ഉണ്ടോ? കേരളത്തിലെയും ആന്ധ്രയിലെയും 'സഹോദരീപ്രണയ'ങ്ങള്‍ നടന്നതുപോലെ ഇപ്പോള്‍ ഏതെങ്കിലും കമ്യൂണിസ്റ് നേതാവ് പിടികൂടപ്പെട്ടിരുന്നെങ്കില്‍ ആ കഥ വര്‍ണിച്ച് ഫലിപ്പിക്കുന്നതില്‍ തെറ്റില്ലായിരുന്നു. ഒരു രാഷ്ട്രീയകക്ഷിയിലെ അംഗങ്ങള്‍ ഇന്നും ആരാധ്യരായി കാണുന്ന നേതാക്കളെ 'എക്സ്പാര്‍ടി'യായി, വിഷയലമ്പടന്മാരായി ചിത്രീകരിച്ചത് എന്തുദ്ദേശത്തിലെന്ന് മനസ്സിലാവുന്നില്ല. ഇത് നീതികരിക്കാനാവാത്ത തെറ്റാകയാല്‍ കഥാകാരന് പിന്നെ മുഖം രക്ഷിക്കാന്‍, ഒരുവഴിയേ ഉണ്ടായിരുന്നുള്ളൂ-താന്‍ അങ്ങനെ പറഞ്ഞില്ലെന്ന് പ്രസ്താവിക്കല്‍. പക്ഷേ, ടിവി ചാനലുകള്‍ എല്ലാം ഒപ്പിയെടുക്കുന്ന ഇക്കാലത്ത് ഒരാള്‍ക്ക് പൊതുവേദിയില്‍ പറഞ്ഞത് മാറ്റാന്‍ സാധ്യമല്ല. കഥാകാരന്റെ സത്യസന്ധതയാണ് ഇവിടെ തകര്‍ന്നത്. തനിക്ക് അപായകരമായ ഒരു വാദഗതി കഥാകൃത്ത് കൊണ്ടുവന്നത് എന്തിനാണ്? അത്രമാത്രം രാഷ്ട്രീയപക്ഷപാതം ഒരെഴുത്തുകാരന്‍ പുലര്‍ത്തേണ്ട കാര്യമെന്ത്? അന്ധം എന്ന് വിശേഷിപ്പിക്കാവുന്നത്ര കടുത്ത ഈ പക്ഷപാതത്തിന്റെ തള്ളിച്ച, എഴുത്തുകാരന്റേതെന്നല്ല ബൃഹസ്പതിയുടേതായാലും വാക്കുകളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും. ഞാന്‍ സമര്‍ഥിക്കാന്‍ ഉദ്ദേശിക്കുന്നത്, കഥാകാരനോട് അനീതി പ്രകടിപ്പിച്ചത് കഥാകാരന്‍ തന്നെയാണെന്നും അദ്ദേഹത്തിന്റെ വാക്കുകേട്ട് ക്ഷോഭിച്ച് എന്തോ ചില അരുതാത്തത് കാട്ടിയ നാട്ടുകാരോ പാര്‍ടിക്കാരോ അല്ലെന്ന് അദ്ദേഹത്തെയും ലോകത്തെയും ബോധ്യപ്പെടുത്താനാണ്. നാട്ടിന്‍പുറക്കാരായ സാധാരണമനുഷ്യര്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടവരെയും ആരാധ്യരെയും ദുഷ്ടബുദ്ധിയോടെ അവഹേളിച്ചാല്‍ പെട്ടെന്ന് ചാടിപ്പുറപ്പെടും. ഭരണഘടനയും അഭിപ്രായസ്വാതന്ത്യ്രവും ക്രിസ്തു-ബുദ്ധവചനങ്ങളുമെല്ലാം തോന്നുന്നതിനുമുമ്പ് അടി നടന്നെന്നുവരും. ചെയ്തത് തെറ്റാണെന്ന് അവര്‍ക്കുതന്നെ പിന്നീട് തോന്നുകയും ചെയ്യും. പക്ഷേ, അപ്പോഴേക്കും അടി നടന്നുകഴിയും. അതിനാല്‍ എന്റെ പ്രഭാഷണത്തിന്റെ വലിയൊരു വിജയം ഈ ബഹുജന സ്ഫോടനത്തിന്റെ അതിര്‍ത്തി ലംഘിക്കാതിരിക്കാന്‍ ഞാന്‍ സര്‍വാത്മനാ ശ്രദ്ധിക്കാറുണ്ട് എന്നതാണ്. എന്റെ നീണ്ട പ്രഭാഷണജീവിതത്തില്‍ നേരത്തെ പറഞ്ഞ ഒരു വധഭീഷണി ഉണ്ടായതല്ലാതെ തടിതൊട്ടുള്ള കളിയോ യോഗം കലങ്ങലോ ഒന്നും ഉണ്ടായിട്ടില്ല. ഞാന്‍ പ്രസംഗിച്ച വിഷയങ്ങളുടെ വിവാദപരതയും സംഖ്യയുംമറ്റും ഇടതട്ടിച്ചുനോക്കിയാല്‍ ഈ കഥാകാരന്റെ പ്രഭാഷണാനുഭവം വളരെ ചെറുതാണ്. എന്നിട്ടുപോലും അദ്ദേഹത്തിന് ഇങ്ങനെയൊരു ആപത്ത് വന്നുപെട്ടതിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനുമുമ്പ് അദ്ദേഹം തന്റെ പ്രവര്‍ത്തനരീതിയെപ്പറ്റി ഒരു രണ്ടാംവിചാരം നടത്തുന്നത് നല്ലതായിരിക്കും. ഈ അഭിപ്രായം പറയുന്നതുകൊണ്ട് അസഹിഷ്ണുതയും അക്രമപ്രവണതയുംകൊണ്ട് വിരുദ്ധാഭിപ്രായങ്ങളെ നേരിടുന്ന സമ്പ്രദായം ശരിയാണെന്ന് ഒരു സൂചനയുമില്ല എന്ന് ആവര്‍ത്തിച്ചുപറയട്ടെ. ഈ കഥാകാരന്റെ പ്രസംഗത്തില്‍ അവഹേളനഭാഗം ഒഴിവാക്കിയാലും, അദ്ദേഹത്തിന്റെ കാതലായ ആശയഗതി പ്രോത്സാഹനം അര്‍ഹിക്കാത്തതാണ്. നമ്മുടെ സ്ത്രീപുരുഷ ബന്ധത്തിന്റെ അടിസ്ഥാനമായ വിവാഹസമ്പ്രദായത്തിലും കുടുംബജീവിതത്തിലും പല വൈകല്യങ്ങളുമുണ്ട്. എന്നുവച്ച് അത് രായ്ക്കുരാമാനം അറബിക്കടലില്‍ തള്ളണമെന്ന് വാദിക്കുന്നവരോട് വിനീതമായ ഒരു ചോദ്യം. ഈ വ്യവസ്ഥ പോയാല്‍ പകരം വയ്ക്കാന്‍ നിങ്ങളുടെ കൈയില്‍ വല്ലതും ഉണ്ടോ? ലോകം മുഴുവന്‍ അംഗീകരിക്കുന്ന, അത്യന്തം അനവദ്യമായ; 'ബ്ളൂപ്രിന്റ്' ആയിരിക്കണം അത്. കാരണം കാലഭേദവ്യത്യാസങ്ങള്‍ക്കെല്ലാമപ്പുറത്ത് ലോകം എന്നും എവിടെയും സ്വീകരിച്ചിട്ടുള്ളതാണ് വിവാഹ-കുടുംബ വ്യവസ്ഥ. പൊട്ടിയും പൊളിഞ്ഞും ആകാമെങ്കിലും ഈ വണ്ടി ലോകചരിത്രത്തില്‍ ഉരുണ്ട് പൊയ്ക്കൊണ്ടിരിക്കുന്നു. അത് അപ്പാടെ മാറ്റാന്‍, ഒരു രാത്രിയിലെ 'സാഹോദര്യ'ത്തിന്റെ സുഖം ഓര്‍ത്ത്, ആഹ്വാനം ചെയ്യുന്നവര്‍ തങ്ങളുടെ ഏകദിന പരിപാടിയുടെ ക്ഷണികമായ സംതൃപ്തിയെ മുന്‍നിര്‍ത്തി വല്ലതും വിളിച്ചുപറയുന്നത് തികഞ്ഞ അസംബന്ധമാണ്. ലോകത്തിന്റെ സദാചാര നീതി മാറ്റണമെന്ന്, അവസാനം വീഴ്ച വരുമ്പോള്‍, തന്നെ നീതികരിക്കാനായി പറയുന്ന ആത്മരക്ഷാവചനങ്ങളെ ലോക സദാചാരപരിഷ്കരണം എന്ന നിലയില്‍ കാണാനാവില്ല. സ്വതേ ചിന്തിച്ച് സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന വ്യക്തിയെന്ന് നാം ധരിച്ചുവച്ച ഈ കഥാകാര സുഹൃത്ത് നല്ല മാതൃകയെന്ന് പറഞ്ഞു വാഴ്ത്തിയ ആ സംഭവം ഇന്നത്തെ രാഷ്ട്രീയ ജീര്‍ണതയുടെ നിന്ദ്യമായ ഒരു ദൃഷ്ടാന്തമായിട്ടേ സാമാന്യബുദ്ധിയുള്ളവര്‍ക്ക് തോന്നുകയുള്ളൂ. ഈ സംഭവത്തിലെ കേന്ദ്രപാത്രത്തെ വെള്ളപൂശാനുള്ള വ്യഗ്രതയില്‍ അദ്ദേഹം താറടിച്ച് കാട്ടിയത് ഇവിടത്തെ പണ്ടത്തെ ത്യാഗദീപ്തമായ രാഷ്ട്രീയസമരത്തിലെ ജനകീയ നായകന്മാരെയാണ്. ഈ നിലപാടുകളെ ശരിപ്പെടുത്താന്‍ ഒടുവില്‍ നിസ്സഹായനായി അദ്ദേഹത്തിന് അവാസ്തവ പ്രസ്താവനകളും നടത്തേണ്ടിവന്നു. ഈ വര്‍ഷത്തിലെ ഏറ്റവും സഹതാപാര്‍ഹനായ വ്യക്തി ആരാണെന്ന് ചോദിച്ചാല്‍ ഈ കഥാകൃത്തിനെ ചൂണ്ടിക്കാണിക്കേണ്ട ഗതികേടിലാണ് നാമിപ്പോള്‍ കഴിഞ്ഞുകൂടുന്നത്.


1 comment:

ജനശബ്ദം said...

പയ്യന്നൂര്‍ വിചാരങ്ങള്‍ തുടരുന്നു...
സുകുമാര്‍ അഴീക്കോട്...
നമ്മുടെ പ്രമുഖനായ ഒരു കഥാകാരന്‍ ഏറെ തെക്കുനിന്ന് ഏറെ വടക്കോട്ട് ചെന്ന് ഒരു പ്രസംഗം ചെയ്തതേയുള്ളൂ, വടക്കന്‍ ഭാഷയില്‍ ആ മാന്യമിത്രത്തിന്റെ 'തടി വെടക്കായി'. കുറച്ച് കഴിയുമ്പോള്‍ത്തന്നെ അത് അഭിപ്രായസ്വാതന്ത്യ്രം തൊട്ട് സദാചാരത്തിന്റെ സ്വഭാവമെന്ത് എന്ന ചോദ്യംവരെ പടര്‍ന്നുപന്തലിച്ച ഒരു വാദക്കോളായി മാറി. ഞാന്‍ ഇതുസംബന്ധിച്ച് ഉടനെ ഒരു പ്രസ്താവന ഇറക്കുകയും തുടര്‍ന്ന് ഒരു ലേഖനം എഴുതുകയും രണ്ടുമൂന്ന് പ്രസംഗങ്ങളില്‍ ഈ വിഷയം പ്രതിപാദിക്കുകയും ചെയ്തിരുന്നു. പോരെന്നു തോന്നിയതുകൊണ്ട് ഈ പ്രബന്ധംകൂടി. എന്റെ സുഹൃത്തായ കഥാകാരന്‍ അങ്ങനെ ഒരു നിരന്തരപ്രഭാഷകനല്ല. 'അങ്ങനെ' എന്നുവച്ചാല്‍ 'എന്നെപ്പോലെ' എന്നുതന്നെ പറയാം. വല്ലപ്പോഴും പ്രസംഗിക്കുന്ന ഒരാള്‍ക്ക് നല്ലപോലെ ആലോചിച്ച് വാക്കുകള്‍ പ്രയോഗിക്കാന്‍ വേണ്ട തയ്യാറെടുപ്പിനും ചിന്തിച്ച് പറയുന്നതിനും വേണ്ടത്ര സൌകര്യമുണ്ട്. എന്നിട്ടും ആള്‍ കുഴപ്പത്തില്‍ച്ചെന്നുചാടി. ഈ ലേഖകനാകട്ടെ 1941ല്‍ പ്രസംഗിക്കാന്‍ തുടങ്ങി. ഇന്നും അതിഭാഷകനായി തുടരുന്നു. തയ്യാറെടുപ്പിനൊന്നും നേരമില്ല. ഉച്ചഭാഷിണി 'ഓ' ചെയ്യുന്നതുപോലെ എനിക്കും അതിന്റെ മുന്നില്‍നിന്ന് മാനസികമായ ഒരു 'ഓ' ചെയ്യലുണ്ട്. ആലോചനക്കൊന്നിനും സാവകാശമേയില്ല. എന്നിട്ടും ഇന്നുവരെ 'തടി വെടക്കാക്കുന്ന' ഒരു കുഴപ്പത്തിലും ഞാന്‍പെട്ടില്ല. ബാബറി മസ്ജിദ് തകര്‍ന്ന കാലത്ത് എനിക്ക് ഒരു രാഷ്ട്രീയകക്ഷിയില്‍നിന്ന് ആറുമാസത്തോളം വധഭീഷണിയുണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് കുറച്ച് പേരുകിട്ടിയെന്നല്ലാതെ മറ്റൊന്നും ഉണ്ടായില്ല. പതിനായിരക്കണക്കിന് പ്രസംഗങ്ങള്‍ നടത്തിയിട്ടും ശാരീരികമായ ആക്രമണമൊന്നും നേരിടാതെ ഞാന്‍ രക്ഷപ്പെട്ടത് 'രാശിഗുണം' കൊണ്ടുമാത്രമല്ല, ഞാന്‍ വിമര്‍ശിക്കുമ്പോള്‍ അവാസ്തവങ്ങളെയോ കേട്ടുകേള്‍വിയെയോ കടുത്ത പക്ഷപാതങ്ങളെയോ ഉപയോഗപ്പെടുത്താറില്ല. വിഷയത്തിലുള്ള പരിജ്ഞാനം, പ്രതിപാദനത്തിലെ സത്യസന്ധത, പ്രതിപക്ഷ ബഹുമാനം എന്നിവ മനസ്സിനടിയില്‍ എപ്പോഴും പ്രവര്‍ത്തിക്കാറുണ്ട്. നമ്മുടെ കഥാകൃത്തിന് നല്ല തയ്യാറെടുപ്പിന് സമയവും സൌകര്യവും ഉണ്ടായിട്ടും വസ്തുതകളുടെ സത്യത്തിലോ പക്ഷപാതവര്‍ജനത്തിലോ ചിന്താശുദ്ധിയിലോ ഒന്നും വേണ്ടത്ര ശ്രദ്ധിച്ചില്ല. ഫലം നാം കണ്ടല്ലോ. എന്തു പറയാനും ഇന്ത്യയില്‍ ഏത് പൌരനും സ്വാതന്ത്യ്രമുണ്ട് എന്ന് നാം സസന്തോഷം സദാ പറയാറുണ്ട്. ഇതില്‍ അല്‍പ്പം അതിശയോക്തിയുടെ കലര്‍പ്പുണ്ട്. അത്രത്തോളം നിരുപാധികമല്ല ആശയ സ്വാതന്ത്യ്ര വ്യവസ്ഥ. രാഷ്ട്രതാല്‍പ്പര്യം, വിദേശബന്ധം, സമൂഹക്രമം തുടങ്ങിയവ അഭിപ്രായസ്വാതന്ത്യ്രത്തിന് അതിര് കല്‍പ്പിക്കുന്നുണ്ട്. മാത്രമല്ല, നമ്മള്‍ എത്ര ഭരണഘടനാ സീമയ്ക്കുള്ളില്‍നിന്ന് പറഞ്ഞാലും കേള്‍വിക്കാരെ കരുതിക്കൂട്ടി പ്രകോപിപ്പിക്കുന്ന വിധത്തിലുള്ള പ്രസംഗമായാല്‍ സദസ്സ് മുഴുവനായോ ഒരു വിഭാഗമോ കോപിക്കുകയോ ക്ഷോഭിക്കുകയോ ചെയ്തേനെ. അത്തരം പ്രതിസന്ധി വരുത്താതിരിക്കുന്നതാണ് ബുദ്ധി. ഭരണഘടനയും പത്രപ്രസ്താവനകളും രക്ഷയ്ക്കെത്തുന്നതിനുമുമ്പ് 'തടി കേടാകാന്‍' സാധ്യതയുണ്ടെന്ന് മറക്കരുത്.