Monday, February 22, 2010

പരിഹാസ്യമായ തനിയാവര്‍ത്തനം

പരിഹാസ്യമായ തനിയാവര്‍ത്തനം.
ജനതയുടെ ജീവിതപ്രശ്നങ്ങള്‍ നേരിടുന്നതിനും ആശ്വാസം പകരുന്നതിനും മൂര്‍ത്തമായ നടപടികള്‍ ഒന്നുംതന്നെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ അജന്‍ഡയില്‍ ഇല്ലെന്നു വ്യക്തമാക്കുന്ന നയപ്രഖ്യാപനമാണ് പാര്‍ലമെന്റിന്റെ ഇരുസഭയുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി പ്രതിഭ പാട്ടില്‍ നടത്തിയത്. കഴിഞ്ഞ നയപ്രഖ്യാപനത്തിലെ പരിപാടികളുടെ ആവര്‍ത്തനമാണ് മിക്കവാറും കാര്യങ്ങളില്‍ പ്രതിഫലിക്കുന്നത്. ഏറ്റവും രൂക്ഷമായ വിലക്കയറ്റം നേരിടുന്നതിനുള്ള മൂര്‍ത്തമായ പദ്ധതികള്‍ ഒന്നും തന്നെ ഇല്ല. പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുമെന്ന വാചകമടി മാത്രമാണ് മിച്ചം. ജി 20 രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ലക്ഷ്യാധിഷ്ഠിതമാക്കിയതോടെ പൊതുവിതരണസമ്പ്രദായത്തിന്റെ യഥാര്‍ഥലക്ഷ്യം നഷ്ടമായി. മഹാഭൂരിപക്ഷവും പൊതുവിതരണസമ്പ്രദായത്തില്‍നിന്ന് പുറത്തായി. എപിഎല്‍ കാര്‍ഡ് ഉടമകള്‍ അവശ്യസാധനങ്ങള്‍ക്ക് പരസ്യവിപണിയിലെ വില നല്‍കേണ്ടിവരുന്നെന്നതാണ് കേരളത്തിന്റെ അനുഭവം പഠിപ്പിക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടാകുമെന്ന സൂചനകള്‍ കോഗ്രസിന്റെ നേതൃത്വംതന്നെ നല്‍കിയിരുന്നു. എന്നാല്‍, അതൊന്നുംതന്നെ നയപ്രഖ്യാപനത്തില്‍ കാണുന്നില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ അതീവഗുരുതരമായ അലംഭാവമാണ് കേന്ദ്രം കാണിക്കുന്നത്. വിലക്കയറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായ അവധിവ്യാപാരം നിരോധിക്കുന്ന പ്രഖ്യാപനവും പലരും പ്രതീക്ഷിച്ചിരുന്നു. അതുമുണ്ടായില്ല. അങ്ങേയറ്റം ജനവിരുദ്ധമായ ഈ സമീപനത്തിന് സര്‍ക്കാര്‍ വില നല്‍കേണ്ടിവരും. ഭക്ഷ്യസുരക്ഷാനിയമം കൊണ്ടുവരുമെന്ന പല്ലവി ഇത്തവണയും ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, അതിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതൊന്നും പുതിയ പ്രസംഗത്തില്‍ കാണാനില്ല. കാര്‍ഷികപ്രതിസന്ധിയുടെ കാര്യത്തിലും പുതിയ പരിപാടികള്‍ ഒന്നുംതന്നെ നയപ്രഖ്യാപനത്തിലില്ല. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ഒരുകോടിയോളം കര്‍ഷകരാണ് ഈ മേഖല ഉപേക്ഷിച്ചുപോയത്. വര്‍ധിച്ചുവരുന്ന കാര്‍ഷികചെലവും വിളകളുടെ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടവും അങ്ങേയറ്റം അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്. കര്‍ഷക ആത്മഹത്യകളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ ഉത്തരവാദിത്തം കോഗ്രസിനുമാത്രമാണ്. ഈ സ്ഥിതി രൂക്ഷമാക്കുന്നതാണ് യൂറിയയുടെ വിലവര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം. രാസവളങ്ങളുടെ സബ്സിഡി നിരക്കില്‍ മാറ്റം വരുത്തുന്ന നിലപാട് എല്ലാ വളങ്ങളുടെയും വില വര്‍ധിപ്പിക്കും. ഇതിനെതിരായ വികാരം നാനാമേഖലയില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. രണ്ടാം യുപിഎയിലെ ഘടകകക്ഷികളില്‍ ചിലതും പ്രതിഷേധം പ്രകടിപ്പിച്ചെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, കര്‍ഷകവിരുദ്ധമായ ഇത്തരം നയങ്ങളില്‍നിന്നുമാറാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് നയപ്രഖ്യാപനം. സാമ്പത്തികവളര്‍ച്ചയുടെ പ്രതീക്ഷകളാണ് രാഷ്ട്രപതിയുടെ പ്രസംഗത്തിലുള്ളത്. സാധാരണ ജനങ്ങളുടെ താല്‍പ്പര്യമാണ് സര്‍ക്കാരിന്റേതെന്ന് പലയിടങ്ങളിലും ആവര്‍ത്തിക്കുന്നുണ്ട്. ദാരിദ്യ്രവും അവഗണനയും അസുഖങ്ങളും അവസരങ്ങളിലെ അസമത്വവും തുടച്ചുനീക്കുമെന്ന് സ്വാതന്ത്യ്രപ്പുലരിയില്‍ അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുനടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗവും പ്രതിഭ പാട്ടില്‍ ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍, അതിന് കടകവിരുദ്ധമായ നടപടികളാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റേതെന്ന കാര്യം ജനം അനുഭവംകൊണ്ട് തിരിച്ചറിയുന്നുണ്ട്. 77 ശതമാനം ജനങ്ങളും ഇരുപതുരൂപയില്‍ താഴെ പ്രതിദിന ഉപഭോഗമുള്ള രാജ്യമായി ഇന്ത്യയെ മാറ്റിയത് ഈ നയങ്ങളാണ്. ശതകോടീശ്വരന്മാരുടെ എണ്ണം കൂട്ടുന്ന സര്‍ക്കാര്‍ പാവപ്പെട്ടവരുടെ കാര്യത്തില്‍ കണ്ണടയ്ക്കുന്നു. പെതുമേഖലാസ്ഥാപനങ്ങളുടെ പത്തുശതമാനം ഓഹരി വിറ്റഴിക്കുമെന്ന പ്രഖ്യാപനം സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നടപടികള്‍ ശക്തിപ്പെടുത്തുമെന്നുതന്നെയാണ് കാണിക്കുന്നത്. ലാഭത്തിലുള്ള സ്ഥാപനങ്ങളുടെ ഓഹരികളും ആസ്തികളും സ്വകാര്യകുത്തകകള്‍ക്ക് വിറ്റുതുലയ്ക്കുന്നതാണ് ഈ നയം. ഒന്നാം യുപിഎ സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമാണ് ഈ സര്‍ക്കാരിന്റെ നിലപാടെന്ന് കഴിഞ്ഞ നയപ്രഖ്യാപനത്തിലും ബജറ്റിലും വ്യക്തമാക്കിയിരുന്നു. വിറ്റഴിക്കലിന്റെ കാര്യത്തില്‍ ഒരുതരത്തിലുള്ള വ്യത്യാസവും സ്ഥാപനങ്ങളുടെ കാര്യത്തിലില്ലെന്നാണ് ഇതു കാണിക്കുന്നത്. തന്ത്രപ്രധാനമേഖലകളും നവരത്ന സ്ഥാപനങ്ങളും വില്‍ക്കാന്‍വച്ചിരിക്കുന്നെന്നാണ് അര്‍ഥം. വിത്തെടുത്ത് കുത്തി നിത്യചെലവുകള്‍ നടത്തുന്നവര്‍പൊതുമേഖലാസ്ഥാപനങ്ങളെ ക്ഷേത്രങ്ങളോട് ഉപമിച്ച ജവാഹര്‍ലാല്‍ നെഹ്രുവിന്റെ വാചകങ്ങള്‍ നിരന്തരം ഉദ്ധരിക്കുന്നത് ആ മഹാനെ പരിഹസിക്കുന്നതിനു തുല്യമാണ്. വനിതാസംവരണത്തിനായി പുതിയ നിയമനിര്‍മാണം നടത്തുമെന്ന വാചകമടി ഇത്തവണയും ആവര്‍ത്തിച്ചു. ഈ സര്‍ക്കാരിന്റെ ആദ്യസെഷനില്‍തന്നെ ഇതിനുള്ള നിയമനിര്‍മാണം നടത്തുമെന്ന് പ്രസംഗിച്ചവര്‍ തന്നെയാണ് പല്ലവി പാടിക്കൊണ്ടിരിക്കുന്നത്. സ്ത്രീസമൂഹത്തോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണിത്. സാമൂഹ്യസേവനമേഖലകളെ വിദേശമൂലധനത്തിനു തുറന്നിട്ടുകൊടുക്കുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തുന്നതായിരിക്കും ഇനിയുണ്ടാകുകയെന്ന് വ്യക്തം. ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ പ്രഖ്യാപിച്ച നൂറുദിനപദ്ധതിയില്‍ എത്രയെണ്ണം നടപ്പാക്കിയെന്ന കാര്യമെങ്കിലും രാഷ്ട്രപതി വ്യക്തമാക്കേണ്ടതായിരുന്നു. ഈ പദ്ധതികള്‍ നടപ്പാക്കുന്നതിന് ഇനിയാണത്രേ മേല്‍നോട്ടം വഹിക്കാന്‍ പോകുന്നത്! മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് ഒപ്പമല്ല ഈ സര്‍ക്കാരെന്ന പരസ്യപ്രഖ്യാപനമാണ് രാഷ്ട്രപതി നടത്തിയിരിക്കുന്നത്. പാര്‍ലമെന്റിനകത്തും പുറത്തും കത്തിപ്പടരുന്ന അതിശക്തമായ പ്രക്ഷോഭത്തെയാണ് വരുംകാലം ആവശ്യപ്പെടുന്നത് എന്ന് വ്യക്തം.

1 comment:

ജനശബ്ദം said...

പരിഹാസ്യമായ തനിയാവര്‍ത്തനം

ജനതയുടെ ജീവിതപ്രശ്നങ്ങള്‍ നേരിടുന്നതിനും ആശ്വാസം പകരുന്നതിനും മൂര്‍ത്തമായ നടപടികള്‍ ഒന്നുംതന്നെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ അജന്‍ഡയില്‍ ഇല്ലെന്നു വ്യക്തമാക്കുന്ന നയപ്രഖ്യാപനമാണ് പാര്‍ലമെന്റിന്റെ ഇരുസഭയുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി പ്രതിഭ പാട്ടില്‍ നടത്തിയത്. കഴിഞ്ഞ നയപ്രഖ്യാപനത്തിലെ പരിപാടികളുടെ ആവര്‍ത്തനമാണ് മിക്കവാറും കാര്യങ്ങളില്‍ പ്രതിഫലിക്കുന്നത്. ഏറ്റവും രൂക്ഷമായ വിലക്കയറ്റം നേരിടുന്നതിനുള്ള മൂര്‍ത്തമായ പദ്ധതികള്‍ ഒന്നും തന്നെ ഇല്ല. പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുമെന്ന വാചകമടി മാത്രമാണ് മിച്ചം. ജി 20 രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ലക്ഷ്യാധിഷ്ഠിതമാക്കിയതോടെ പൊതുവിതരണസമ്പ്രദായത്തിന്റെ യഥാര്‍ഥലക്ഷ്യം നഷ്ടമായി. മഹാഭൂരിപക്ഷവും പൊതുവിതരണസമ്പ്രദായത്തില്‍നിന്ന് പുറത്തായി. എപിഎല്‍ കാര്‍ഡ് ഉടമകള്‍ അവശ്യസാധനങ്ങള്‍ക്ക് പരസ്യവിപണിയിലെ വില നല്‍കേണ്ടിവരുന്നെന്നതാണ് കേരളത്തിന്റെ അനുഭവം പഠിപ്പിക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടാകുമെന്ന സൂചനകള്‍ കോഗ്രസിന്റെ നേതൃത്വംതന്നെ നല്‍കിയിരുന്നു. എന്നാല്‍, അതൊന്നുംതന്നെ നയപ്രഖ്യാപനത്തില്‍ കാണുന്നില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ അതീവഗുരുതരമായ അലംഭാവമാണ് കേന്ദ്രം കാണിക്കുന്നത്. വിലക്കയറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായ അവധിവ്യാപാരം നിരോധിക്കുന്ന പ്രഖ്യാപനവും പലരും പ്രതീക്ഷിച്ചിരുന്നു.