Saturday, August 13, 2011

കാസര്‍കോട് കലാപവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ പുറത്തുവന്നതോടെ ഇന്ത്യന്‍യൂണിയന്‍ മുസ്ലിംലീഗിന്റെ തനിനിറമാണ് മറനീക്കിയത്


കാസര്‍കോട് കലാപവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ പുറത്തുവന്നതോടെ ഇന്ത്യന്‍യൂണിയന്‍ മുസ്ലിംലീഗിന്റെ തനിനിറമാണ് മറനീക്കിയത്


കാസര്‍കോട് കലാപവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ പുറത്തുവന്നതോടെ ഇന്ത്യന്‍യൂണിയന്‍ മുസ്ലിംലീഗിന്റെ തനിനിറമാണ് മറനീക്കിയത്. മതനിരപേക്ഷ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന നിലപാടാണ് മുസ്ലിംലീഗിനുള്ളതെന്ന അവകാശവാദം പൊള്ളയാണെന്ന് വ്യക്തമായി. കാസര്‍കോട് വെടിവയ്പിനെപ്പറ്റി അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് എം എ നിസാര്‍ കമീഷന് ലഭിച്ച തെളിവുകള്‍ പ്രമുഖ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടത് അക്ഷരാര്‍ഥത്തില്‍ കേരളീയരെയാകെ ഞെട്ടിക്കുന്നതാണ്. മലബാറിലാകെ വര്‍ഗീയകലാപം ഇളക്കിവിടാന്‍ മുസ്ലിംലീഗ് ഗൂഢാലോചന നടത്തിയ വിവരമാണ് പുറത്തുവന്നത്. കാസര്‍കോട് എസ്പിയായിരുന്ന രാംദാസ് പോത്തനും ഡിവൈഎസ്പി കെ വി രഘുരാമനും തെളിവുസഹിതം ജുഡീഷ്യല്‍ കമീഷന് നല്‍കിയ മൊഴിയാണ് പരസ്യമായത്.

ജുഡീഷ്യല്‍ കമീഷനെ പിരിച്ചുവിടാന്‍ മുസ്ലിംലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും സംഘവും സമ്മര്‍ദം ചെലുത്തിയതും കമീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതും എന്തുകൊണ്ടാണെന്ന് ഇനിയും അന്വേഷിച്ച് വിഷമിക്കേണ്ടതില്ല. വിധി എതിരാകുമെന്ന് കണ്ടാല്‍ ജഡ്ജിയുടെ ജാതകം പരിശോധിക്കുന്നതില്‍ യുഡിഎഫിന് യാതൊരു മടിയുമില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്നുവന്ന പാമൊലിന്‍ അഴിമതി ആരോപണം വസ്തുനിഷ്ഠമായും കാര്യക്ഷമമായും അന്വേഷിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ട വിജിലന്‍സ് ജഡ്ജി വിദ്യാര്‍ഥിയായിരുന്ന കാലത്ത് ഒരു വിദ്യാര്‍ഥി സംഘടനയില്‍ അംഗമായിരുന്നെന്ന് യുഡിഎഫ് ചീഫ് വിപ്പ് പി സി ജോര്‍ജ് അന്വേഷണം നടത്തി കണ്ടെത്തിയതായി ഇപ്പോള്‍ പറയുന്നു. ഇത് പ്രസ്തുത ജഡ്ജിയുടെ വിധി നിഷ്പക്ഷമല്ലെന്ന് വരുത്താനാണ്. കാസര്‍കോട് വെടിവയ്പിനെപ്പറ്റി അന്വേഷിക്കാന്‍ നിയോഗിച്ച റിട്ടയേര്‍ഡ് ജഡ്ജിക്കും രാഷ്ട്രീയബന്ധമുണ്ടായിരുന്നെന്നാണ് മുസ്ലിംലീഗ് പറയുന്നത്. അതുകൊണ്ടാണ് ജുഡീഷ്യല്‍ കമീഷനെ പിരിച്ചുവിട്ടതെന്നും ന്യായീകരണമായി പറയുന്നു. വിവിധ കോടതികളിലെ ജഡ്ജിമാരുടെ പൂര്‍വകാലചരിത്രം അന്വേഷിച്ചാല്‍ പലരും വിദ്യാര്‍ഥിജീവിതകാലത്തും യുവാവായിരുന്ന കാലത്തും ഏതെങ്കിലും സംഘടനയില്‍ അംഗമോ നേതാവോ ആയിരുന്നെന്ന് കാണാന്‍ കഴിയും. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ഭാരവാഹികളായിരുന്നവര്‍പോലും പിന്നീട് ജഡ്ജിയുടെ പദവിയില്‍ എത്തിയതായി കാണാം. അവര്‍ ഏതെങ്കിലും കേസില്‍ വിധി പ്രസ്താവിക്കുമ്പോള്‍ കേസിന്റെ തെളിവിന്റെ അടിസ്ഥാനത്തിലാണ് വിധി കല്‍പിക്കുക-അതാണ് പതിവ്. അതില്‍നിന്ന് വ്യതിചലിച്ച് പക്ഷപാതിത്വം കാണിച്ചതായി വ്യക്തമായ തെളിവുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. അതല്ലാതെ ഒരു ജഡ്ജിയുടെ പൂര്‍വകാല രാഷ്ട്രീയബന്ധം പരിശോധിച്ച് പക്ഷപാതിത്വം ആരോപിക്കുന്നത് നീതിന്യായവ്യവസ്ഥയെത്തന്നെ കളങ്കപ്പെടുത്തുന്നതിനുള്ള ശ്രമമായി മാത്രമേ കാണാന്‍ കഴിയൂ.

കാസര്‍കോട് ജുഡീഷ്യല്‍ കമീഷന്റെ മുമ്പില്‍ രണ്ട് ഉന്നത പൊലീസുദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുസ്ലിംലീഗ് വര്‍ഗീയകലാപം കുത്തിപ്പൊക്കാന്‍ ശ്രമിച്ചെന്ന വിവരം വെളിവാകുന്നത്. കാസര്‍കോട്ട് അക്രമമുണ്ടായ ദിവസം തളിപ്പറമ്പിലും നാദാപുരത്തും ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കുനേരെ അക്രമമുണ്ടായി. മലബാറില്‍ ഒരേസമയത്ത് വിവിധ ജില്ലകളില്‍ അക്രമമുണ്ടായത് യാദൃശ്ചിക സംഭവമായി കാണാന്‍ കഴിയുന്നതല്ല. അത് ആസൂത്രിതമാണെന്ന് വ്യക്തം. 2009 നവംബര്‍ 15നാണ് ലീഗ് നേതാക്കള്‍ക്ക് കാസര്‍കോട്ട് സ്വീകരണം നല്‍കിയത്. അനുമതിയില്ലാതെ മുസ്ലിംലീഗ് പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിയുണ്ടായി. കടകള്‍ക്കുനേരെ ആക്രമണമുണ്ടായി. അന്യമതസ്ഥരുടെ കടകളും വാഹനങ്ങളുമാണ് നശിപ്പിച്ചത്.

നാദാപുരത്താണെങ്കില്‍ കല്ലാച്ചിക്കടുത്ത് നരിക്കാട്ടേരിയില്‍ ഒരു ബോംബ് നിര്‍മാണ ഫാക്ടറിതന്നെ പിന്നീട് പ്രവര്‍ത്തിച്ചതായി കാണുന്നു. ബോംബ് നിര്‍മിക്കുന്നതിനിടയിലാണ് അഞ്ച് മുസ്ലിംലീഗ് ചെറുപ്പക്കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ചുപേര്‍ കൊല്ലപ്പെടാനും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായി. നിരവധി ആളുകള്‍ അവിടെ ബോംബ് നിര്‍മാണ ഫാക്ടറിയില്‍ പണിയെടുത്തിരുന്നു എന്നാണ് തെളിഞ്ഞത്. അതുകൊണ്ടുതന്നെയാണ് ഇതൊരു ഫാക്ടറിതന്നെയായിരുന്നെന്ന് പറയുന്നത്. ലീഗിന്റെ ശക്തികേന്ദ്രത്തിലാണ് ബോംബ്സ്ഫോടനം നടന്നതെന്ന വസ്തുതയും കാണാതിരുന്നുകൂടാ. കാസര്‍കോട്ടും നാദാപുരത്തുമൊക്കെ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി ആരോപിക്കുന്നത് ശരിയാണെന്ന് കരുതാനാകില്ല. ലീഗും എന്‍ഡിഎഫും തോളോടുതോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. എന്‍ഡിഎഫ് തീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കുന്നതും പ്രോത്സാഹനം നല്‍കുന്നതും മുസ്ലിം ലീഗാണെന്ന വിവരവും ആര്‍ക്കും അറിയാത്തതല്ല. തെരഞ്ഞെടുപ്പിനെ ലക്ഷ്യംവച്ചാണ് ലീഗ് വര്‍ഗീയകലാപം ആളിക്കത്തിക്കാന്‍ ശ്രമിച്ചത്. അതിനുപുറമെ കള്ളപ്പണ ഇടപാട്, കള്ളനോട്ട് എന്നിവയടക്കം ദേശവിരുദ്ധമായ പലതും മറച്ചുവെക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. വര്‍ഗീയകലാപമുണ്ടായാല്‍ മുസ്ലിം ഏകീകരണം എളുപ്പത്തില്‍ സാധ്യമാകും എന്നാണ് ലീഗ്നേതൃത്വം കരുതുന്നത്. ഹിന്ദുവര്‍ഗീയവാദികളും മുസ്ലിം വര്‍ഗീയവാദികളും തീവ്രവാദികളും മതവിദ്വേഷം വളര്‍ത്തി മുതലെടുക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. മതവിദ്വേഷം കുത്തിവച്ചാല്‍ വൈകാരികമായി ഉത്തേജനം ലഭിക്കാനിടവരും. അതുവഴിയാണ് സ്വന്തം സംഘടന ശക്തിപ്പെടുത്താന്‍ വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത്.

മുസ്ലിംലീഗിന് 2006ലെ തെരഞ്ഞെടുപ്പില്‍ ക്ഷീണം സംഭവിച്ചപ്പോള്‍ മുസ്ലിം ഏകീകരണം ഏതുവിധേനയും സാധിച്ചെടുക്കാനാണ് കുഞ്ഞാലിക്കുട്ടിയും സംഘവും ശ്രമിച്ചത്. കാസര്‍കോട്ടുനടന്ന വെടിവയ്പും കലാപവും ശരിയായ രീതിയില്‍ അന്വേഷിച്ചാല്‍ വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ മുസ്ലിംലീഗ് നേതൃത്വം ശ്രമിച്ചതായ സത്യം പുറത്തുവരും. അതില്‍ കുഞ്ഞാലിക്കുട്ടിക്ക് നേരിട്ടുള്ള പങ്കാളിത്തവും തെളിയും. അങ്ങനെ വന്നാല്‍ ഇന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാകും. അതൊഴിവാക്കാനാണ് അസാധാരണമായ നടപടി യുഡിഎഫ് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ജുഡീഷ്യല്‍ കമീഷനുമുമ്പില്‍ രണ്ട് ഉന്നത പൊലീസുദ്യോഗസ്ഥര്‍ നല്‍കിയ തെളിവിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി നാടിനെയാകെ നശിപ്പിക്കാന്‍ വര്‍ഗീയവാദികള്‍ ശ്രമിച്ചതിനെക്കുറിച്ചുള്ള വസ്തുതകള്‍ പുറത്തുകൊണ്ടുവന്നേ തീരൂ. വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള ലീഗ് നേതൃത്വത്തിന്റെ ആപല്‍ക്കരമായ ശ്രമം ജനമധ്യത്തില്‍ തുറന്നുകാട്ടാനും കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കാനുമുള്ള സമ്മര്‍ദം ജനങ്ങളില്‍ നിന്നാകെ ഉണ്ടാകണം. ഭരണം കിട്ടാന്‍ വര്‍ഗീയത; കുറ്റകൃത്യങ്ങള്‍ മറയ്ക്കാന്‍ അധികാര ദുര്‍വിനിയോഗം-ഈ രീതി സഹിക്കാനാവില്ല എന്ന് യുഡിഎഫിനെ ബോധ്യപ്പെടുത്താനുള്ള ജനാധിപത്യപരമായ അവകാശം ഇന്നാട്ടിലെ ജനങ്ങള്‍ക്കുണ്ട്.

No comments: