Sunday, August 14, 2011

സ്വാതന്ത്ര്യദിനത്തില്‍ നീതിക്കുവേണ്ടി കേഴുന്നവര്‍,മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ച 158 പേര്‍ക്ക് നഷ്ടപരിഹാരം ഇതുവരെ കിട്ടിയിട്ടില്ല

സ്വാതന്ത്ര്യദിനത്തില്‍ നീതിക്കുവേണ്ടി കേഴുന്നവര്‍,മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ച 158 പേര്‍ക്ക് നഷ്ടപരിഹാരം ഇതുവരെ കിട്ടിയിട്ടില്ല

മംഗലാപുരം വിമാനത്താവളത്തില്‍ 2010 മെയ് 22ന് നടന്ന ദുരന്തത്തിന് ഒരു യാത്രക്കാരനും ഉത്തരവാദിയല്ല. 52 മലയാളികള്‍ ഉള്‍പ്പെടെ 158 പേരാണ് അന്ന് മരിച്ചത്..കാസര്‍കോട് ജില്ലയില്‍നിന്ന് മാത്രം 48 പേര്‍ മരിച്ചു. അങ്ങനെ മരിച്ചവരുടെ കുടുംബങ്ങളോട് തികഞ്ഞ അവഗണനയും നിരുത്തരവാദിത്തവുമാണ് എയര്‍ ഇന്ത്യ കാട്ടിയത്. അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയില്ല. ദുരന്തത്തില്‍ മരിച്ച കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദ് റാഫിയുടെ പിതാവ് നീതിതേടി കോടതിയെ സമീപിച്ചു. ആ ഹര്‍ജിയിലാണ് 75 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. എയര്‍ ഇന്ത്യ നേരത്തെ നല്‍കിയ നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്നും തങ്ങളുടേതല്ലാത്ത കാരണത്താല്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരത്തുക കണക്കാക്കി ഉടന്‍ നല്‍കണമെന്നുമാണ് കോടതി ഉത്തരവിട്ടത്. വിധി അംഗീകരിക്കുമെന്നും നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നും കേന്ദ്ര വ്യോമയാനമന്ത്രി വയലാര്‍ രവിയും എയര്‍ ഇന്ത്യയും അന്ന് വ്യക്തമാക്കി. ഇന്ന് അതേ കൂട്ടര്‍ ഹൈക്കോടതിവിധിക്കെതിരെ ഡിവിഷന്‍ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നു. യാത്രചെയ്ത ക്ലാസ്, പരിക്കുകളുടെ വ്യാപ്തിയും സ്വഭാവവും, തൊഴില്‍ , പ്രായം എന്നിവ കണക്കിലെടുക്കാതെ ദുരന്തത്തിനിരയായ മുഴുവന്‍ യാത്രക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള വിധി നിയമപരമല്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് എയര്‍ ഇന്ത്യയുടെ പുതിയ നീക്കം. കഴിഞ്ഞ ജൂലൈ 20ന് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്റെ ഉത്തരവില്‍ 1999ലെ മോണ്‍ട്രിയല്‍ ഉടമ്പടിപ്രകാരം വിമാനാപകടങ്ങളില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യക്തമാക്കിയിരുന്നത്. എയര്‍ ഇന്ത്യ പൊതുമേഖലാസ്ഥാപനമാണ്. ഒരുകാലത്ത് അസൂയാവഹമാംവണ്ണം സര്‍വീസ് നടത്തിയിരുന്ന ആ സ്ഥാപനത്തെ സ്വകാര്യ വിമാനക്കമ്പനികള്‍ക്കുവേണ്ടി തകര്‍ക്കാനും സ്വകാര്യവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങള്‍ നിരന്തരം നടക്കുന്നു. ഇന്ന് എയര്‍ ഇന്ത്യ വിമാനസര്‍വീസിന്റെ സ്ഥിതി പരിതാപകരമാണ്. മറ്റൊരു വിമാനവും കിട്ടിയില്ലെങ്കിലേ യാത്രക്കാര്‍ എയര്‍ ഇന്ത്യയെ ആശ്രയിക്കുന്നുള്ളൂ. ആ സ്ഥാപനത്തിന് അതില്‍ യാത്രചെയ്യുന്നവരോട് ഉണ്ടായിരിക്കേണ്ട കുറഞ്ഞ ഉത്തരവാദിത്തംപോലും ഇല്ല എന്ന സന്ദേശമാണ് അപ്പീല്‍ നല്‍കിയതിലൂടെ പുറത്തുവരുന്നത്. നഷ്ടപരിഹാരം നല്‍കുന്നത് പരമാവധി താമസിപ്പിച്ച് ബഹുരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനിയെ സഹായിക്കാനാണ് ഈ അപ്പീല്‍നാടകമെന്ന വിമര്‍ശവും ഉയര്‍ന്നുകഴിഞ്ഞു. എയര്‍ ഇന്ത്യയെ തകര്‍ത്ത് സ്വകാര്യകമ്പനികള്‍ക്ക് കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം കഴിഞ്ഞദിവസം ലോക്സഭയില്‍ ഗൗരവമായി ഉയര്‍ന്നിരുന്നു. ഇന്ന് എയര്‍ ഇന്ത്യ വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കമ്പനി 22,165 കോടി രൂപയുടെ കടക്കെണിയിലാണ്. ആ നഷ്ടം നികത്തി കമ്പനിയെ മുന്നോട്ടുനയിക്കാനുള്ള ഇടപെടല്‍ യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. പകരം ചെലവേറിയ വിമാനം വാങ്ങിക്കൂട്ടുകയാണ്. സര്‍വീസ് മെച്ചപ്പെടുത്തല്‍ , യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍ , സുരക്ഷ ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെയാണിത്. പുതുതായി 111 വന്‍കിട വിമാനം വാങ്ങിയതില്‍ പതിനായിരം കോടി രൂപ നഷ്ടം വന്നു എന്നാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്ന് നാനാഭാഗത്തുനിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. 2005ല്‍ 43 വിമാനങ്ങളാണ് വാങ്ങിയത്. എയര്‍ ഇന്ത്യയുടെ സാമ്പത്തികശേഷി പരിശോധിക്കാതെയാണ് ഈ ഇടപാടിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. അതിനുംപുറമെ 68 വിമാനങ്ങള്‍കൂടി വാങ്ങാന്‍ സിവില്‍ വ്യോമയാനമന്ത്രാലയം നിര്‍ദേശിച്ചു. 28 വിമാനങ്ങള്‍ വാങ്ങണമെന്ന് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടപ്പോഴാണ് 68 എണ്ണത്തിന് ഓര്‍ഡര്‍ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. എയര്‍ ഇന്ത്യ മാനേജുമെന്റല്ല, യുപിഎ സര്‍ക്കാര്‍ തന്നെയാണ് ഇതിലാകെ ഇടപെടുന്നത് എന്ന് തെളിയിക്കുന്ന അനുഭവമാണിത്. ഇഞ്ചിഞ്ചായി എയര്‍ ഇന്ത്യയെ ഇല്ലാതാക്കുക; അതിനുമുമ്പ് പരമാവധി അഴിമതി നടത്തുക-ഈ ലക്ഷ്യത്തോടെയാണ് യുപിഎ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അടുത്ത കാലത്ത് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടുനടന്ന ഒട്ടുമിക്ക ഇടപാടുകളിലും അഴിമതിയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ആവശ്യത്തിലധികം പരിചയസമ്പന്നരായ പൈലറ്റുമാര്‍ ഇന്ത്യയിലുള്ളപ്പോഴാണ് എയര്‍ ഇന്ത്യ വിദേശപൈലറ്റുമാരെ എടുക്കുന്നത്. എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനത്തോടെയാണ് കമ്പനി നഷ്ടത്തിലായത്. ആ ലയനത്തിന്റെ ഉദ്ദേശ്യശുദ്ധി തെളിയിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ പൈലറ്റുമാര്‍ക്ക് കൃത്യമായി ശമ്പളം കൊടുക്കുന്നില്ല. പൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചപ്പോള്‍ ശമ്പളവും ആനുകൂല്യവും നല്‍കാമെന്ന് വാഗ്ദാനംചെയ്തെങ്കിലും അത് പാലിക്കപ്പെട്ടില്ല. എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ വെട്ടിക്കുറച്ചതുപോലും ഏതാനും സ്വകാര്യ കമ്പനികള്‍ക്കുവേണ്ടിയാണ്. ഈ പ്രക്രിയയുടെ തുടര്‍ച്ച മാത്രമാണ് മംഗലാപുരം ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട് കാട്ടുന്ന കടുത്ത അനീതി എന്നേ കരുതാനാകൂ. ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ അരുതായ്മകള്‍ അരങ്ങേറുന്നത്. ജനങ്ങളോടും രാജ്യത്തിനോടുമുള്ള വെല്ലുവിളി തന്നെയാണിത്. ഹൈക്കോടതി വിധിക്കും മുമ്പുതന്നെ പൂര്‍ണമായ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതപ്പെട്ടവര്‍ , കോടതിവിധിയെ മറികടക്കാന്‍ ശ്രമിക്കുന്ന ലജ്ജാകരമായ അവസ്ഥയുടെ കാരണം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനും വ്യോമയാനമന്ത്രി വയലാര്‍ രവിക്കും ബാധ്യതയുണ്ട്. അതവര്‍ നിറവേറ്റണം. എയര്‍ ഇന്ത്യ രാജ്യത്തിന്റെ സ്വത്താണെന്നും ജനങ്ങളുടെ ശത്രുവല്ലെന്നും അതിനെ നയിക്കുന്നവര്‍ മനസ്സിലാക്കിയേ തീരൂ.

1 comment:

ജനശബ്ദം said...

സ്വാതന്ത്ര്യദിനത്തില്‍ നീതിക്കുവേണ്ടി കേഴുന്നവര്‍,മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ച 158 പേര്‍ക്ക് നഷ്ടപരിഹാരം ഇതുവരെ കിട്ടിയിട്ടില്ല



.