Saturday, June 25, 2011

വിദ്യാഭ്യാസരംഗത്തെ പരിഷ്കാരവും നാളത്തെ കേരളവും

വിദ്യാഭ്യാസരംഗത്തെ പരിഷ്കാരവും നാളത്തെ കേരളവും


പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍




മനുഷ്യശരീരത്തിന് വിഷബാധയേറ്റാല്‍ മരണം സംഭവിച്ചില്ലെങ്കില്‍ ജീവിതാന്ത്യംവരെ വിഷത്തിന്റെ കാഠിന്യമനുസരിച്ച് അനന്തരഫലങ്ങള്‍ അനുഭവിച്ചുകൊണ്ടേയിരിക്കണം. വിഷം കരളിനെയാണ് ബാധിക്കുന്നത്. കരള്‍ ഉല്‍പാദിപ്പിക്കുന്ന ബൈല്‍ എന്ന ദ്രാവകമാണ് വിഷത്തെ ദൂരീകരിക്കുന്നത്. വിഷബാധയേറ്റ കരള്‍ ഉല്‍പാദിപ്പിക്കുന്ന ബൈലിന് പ്രതിരോധശക്തി കുറയും. മറ്റു നാനാവിധങ്ങളായ അണുക്കള്‍ ശരീരത്തെ ബാധിക്കും. രോഗാതുരനായി ദീര്‍ഘനാള്‍ നരകിച്ച് ബന്ധുക്കള്‍ക്കും സമൂഹത്തിനും ഭാരമായി ആ വ്യക്തി അന്ത്യശ്വാസം വലിക്കും. അയാളുടെ സന്തതിപരമ്പരകളിലൂടെ ഭാവിസമൂഹത്തെ നരകിപ്പിച്ചുകൊണ്ടേയിരിക്കും.ഇന്ത്യയുടെ രാഷ്ട്രഗാത്രത്തിലെ കരളിനേറ്റ അത്തരത്തിലുള്ള ഒരു വിഷബാധയാണ് കൊളോണിയല്‍ വിദ്യാഭ്യാസം. രണ്ടുനൂറ്റാണ്ടു കഴിഞ്ഞിട്ടും അത് വിതരണംചെയ്തത് പാഷാണമായിരുന്നുവെന്ന് തിരിച്ചറിയാനുള്ള വിവേകം ഭൂരിപക്ഷത്തിനും ഇല്ലാതായിപ്പോയിയെന്നതാണ് ആ സമ്പ്രദായത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ആ സമ്പ്രദായത്തെ ചെറുതായിട്ടാണെങ്കിലും പരിഷ്കരിക്കാന്‍ ശ്രമിക്കുന്നവരെ ശത്രുക്കളായി കണ്ട് സംഹരിക്കാനുള്ള ശക്തിയും അതിനുണ്ടാകും. അതാണ് കൊളോണിയല്‍ വ്യവസ്ഥ. അത് വിദ്യാഭ്യാസത്തെ മാത്രമല്ല വിദ്യാഭ്യാസം എന്ന ഉപകരണത്തിന്റെ സഹായത്താല്‍ തൊഴിലെടുത്ത് ജീവിക്കുന്ന മുഴുവന്‍ ജനതയെയും പരോക്ഷമായി സ്വാധീനിക്കും. ജനപ്രതിനിധിമുതല്‍ ഉന്നത ബ്യൂറോക്രാറ്റും ന്യായാധിപനും വരെ ആ വ്യവസ്ഥയുടെ വക്താക്കളും സംരക്ഷകരുമായിത്തീരും. അതില്‍നിന്നും ബോധപൂര്‍വം തെന്നിമാറി ഗുണദോഷവശങ്ങള്‍ വിശകലനംചെയ്യുന്നവരെ ഭൂരിപക്ഷത്തിന്റെ മുഷ്ക് ഉപയോഗിച്ച് അടിച്ചമര്‍ത്തും. എന്നാല്‍ ഒരുനാള്‍ തങ്ങള്‍ക്കതിനെ അതിജീവിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയോടെ മുമ്പേ പറക്കുന്ന പക്ഷികള്‍ ചിറകടിച്ച് പറന്നുകൊണ്ടേയിരിക്കും. താല്‍ക്കാലികങ്ങളായ പിന്നോട്ടടികളും അതിശക്തമായ മുന്നേറ്റങ്ങളുമാണ് ചരിത്രം കാട്ടിത്തരുന്ന പാഠം.ഗണപരമായ വര്‍ധനയേക്കാള്‍ പ്രധാനം ഗുണപരമായ മാറ്റമാണെന്ന തിരിച്ചറിവാണ് കേരളം ഭരിച്ച 1957ലെ ഇ എം എസ് മന്ത്രിസഭമുതല്‍ ഇപ്പോഴത്തെ വി എസ് മന്ത്രിസഭവരെയുള്ള ഇടതുപഷ സര്‍ക്കാരുകളുടെ പ്രത്യേകത. ഈ സര്‍ക്കാരുകളെ മൊത്തത്തില്‍ പരിശോധിച്ചാല്‍ ആദ്യഘട്ടത്തില്‍ ഗണപരമായ മാറ്റത്തിനാണ് ഊന്നല്‍ നല്‍കിയതെങ്കില്‍ രണ്ടാംഘട്ടത്തില്‍ ഗുണപരമായ മാറ്റത്തിനാണ് ഊന്നല്‍ നല്‍കിയത് എന്ന് കാണാന്‍ കഴിയും.1957ലെ കാര്‍ഷികബന്ധ നിയമത്തിന്റെ ഫലമായി പത്തുലക്ഷത്തിലേറെ കുടുംബങ്ങള്‍ക്കാണ് കൈവശഭൂമിയില്‍ ഉടമസ്ഥാവകാശം കിട്ടിയത്. പാതിവാരവും മിച്ചവാരവും ജന്മിക്ക് കൊടുത്ത് പട്ടിണിയെ സ്വയം വരിച്ചിരുന്ന പാട്ടക്കുടിയാന്‍ പൊടുന്നനെ ഭൂവുടമയായി, സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ടു. സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് പ്രതിമാസം ആറുരൂപ ഫീസ് കൊടുക്കണമായിരുന്നതുകൊണ്ട് മക്കളുടെ വിദ്യാഭ്യാസം പ്രാഥമിക ഘട്ടത്തില്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായിരുന്നു പാട്ടക്കുടിയാന്മാര്‍. ഒരുപറ നെല്ലിന് മൂന്നുരൂപയും ഒരു നാളികേരത്തിന് രണ്ടണയുമായിരുന്നു അന്നത്തെ വില. രണ്ടുപറ നെല്ല് വിറ്റെങ്കില്‍ മാത്രമേ ഒരു കുട്ടിയുടെ ഒരുമാസത്തെ ഫീസ് കൊടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. ആ ദുരവസ്ഥയ്ക്ക് അറുതിവരുത്തിയത് കാര്‍ഷികബന്ധ ബില്ലായിരുന്നു. ഭാവികേരളത്തിന്റെ വിദ്യാഭ്യാസ വ്യാപനത്തിന്റെ അടിത്തറയിട്ടത് ഈ നിയമമായിരുന്നു. 1957-58ല്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം 70311 ആയിരുന്നത് 1960-61ല്‍ 86623 ആയും 1961-62ല്‍ 96181 ആയും 1963-64ല്‍ 125225 ആയും വര്‍ധിച്ചതിനു കാരണം ജനസംഖ്യാ വര്‍ധനയല്ല, മറിച്ച് ഭൂപരിഷ്കാരത്തിലൂടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതുകൊണ്ടാണെന്നു കാണാന്‍ വിഷമമില്ല. പ്രീഡിഗ്രിക്ക് 13 രൂപയും ഡിഗ്രിക്ക് 17 രൂപയും പിജിക്ക് 20 രൂപയും ഫീസ് കൊടുത്ത് പഠിക്കാന്‍ കഴിയുന്ന ഒരു ജനവിഭാഗം കേരളത്തില്‍ വളര്‍ന്നതിന്റെ കാരണവും മറ്റൊന്നല്ല.ഭൂപരിഷ്കാരം ജനജീവിതത്തിന്റെ ഒരു മേഖലയില്‍ വരുത്തിയ മാറ്റത്തെ മാത്രമാണ് മുകളില്‍ സൂചിപ്പിച്ചത്. അത് സമഗ്രതലസ്പര്‍ശിയായ ഒരു നിയമനിര്‍മാണമായിരുന്നുവെന്നത് അരനൂറ്റാണ്ടിനുശേഷം പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ കാണാന്‍ സാധിക്കും. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നോട്ടുപോകാന്‍ കേരളത്തെ സഹായിച്ചത് ഭൂപരിഷ്കാരമാണ്. കേരളവികസനാനുഭവമെന്ന് അമര്‍ത്യാസെന്നിനെപോലുള്ള സാമ്പത്തികശാസ്ത്രജ്ഞന്മാര്‍ പറയാന്‍ കാരണം ഇതാണ്. ശിശുമരണനിരക്ക് കുറഞ്ഞത്, ആയൂര്‍ ദൈര്‍ഘ്യം വര്‍ധിച്ചത്, പകര്‍ച്ചവ്യാധികളെ നിര്‍മാര്‍ജനംചെയ്തത്, പിറന്നുവീഴുന്ന മുഴുവന്‍ ശിശുക്കള്‍ക്കും വിദ്യാലയപ്രവേശനത്തിന് സൌകര്യമുള്ളത്, ഹയര്‍സെക്കന്‍ഡറി തലംവരെ വിദ്യാഭ്യാസം സൌജന്യമാക്കിയത് തുടങ്ങിയ നേട്ടങ്ങളാണ് കേരളത്തിന്റെ വികസനാനുഭവങ്ങള്‍. ഇതിനെല്ലാം അടിത്തറപാകിയത് 1957ലെ ഇ എം എസ് മന്ത്രിസഭയായിരുന്നു. ആ മന്ത്രിസഭയുടെ നടപടികള്‍ തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോയത് ഇടതുപക്ഷ സര്‍ക്കാരുകളായിരുന്നു. അങ്ങനെ നേടിയ നേട്ടങ്ങളെല്ലാം തകര്‍ക്കാന്‍ തല്‍പരകക്ഷികള്‍ക്ക് പ്രേരണയും നേതൃത്വവും നല്‍കിയത് കോണ്‍ഗ്രസും ആ കക്ഷി നേതൃത്വം നല്‍കുന്ന മുന്നണിയുമായിരുന്നു. അതുകൊണ്ടാണ് 1959ലെ വിമോചനസമരത്തില്‍ പങ്കാളികളായവര്‍ പിന്നീട് ഭരണത്തിലെത്തിയപ്പോള്‍ ആ നേട്ടങ്ങളെ ഇല്ലായ്മചെയ്യാന്‍ ശ്രമിച്ചതും ഇപ്പോള്‍ പ്രതിപക്ഷത്തിരുന്നുകൊണ്ട് മോചനയാത്ര നടത്തി കേരളത്തെ പിന്നോട്ടടിപ്പിക്കാന്‍ യത്നിക്കുന്നതും.സ്വാതന്ത്യ്രലബ്ധിക്കുമുമ്പുതന്നെ തുടങ്ങിയ തര്‍ക്കമായിരുന്നു കോളേജ് വിദ്യാഭ്യാസത്തിന്റെ ചവിട്ടുപടിയായ ഇന്റര്‍മീഡിയറ്റ് കോഴ്സിന്റെ സ്ഥാനം എവിടെയായിരിക്കണമെന്നത്. രണ്ടുവര്‍ഷത്തെ ദൈര്‍ഘ്യമുള്ള ആ കോഴ്സിന്റെ ഒന്നാംവര്‍ഷത്തെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുകയും രണ്ടാംവര്‍ഷത്തെ പ്രീയൂണിവേഴ്സിറ്റി കോഴ്സ് എന്ന് പുനര്‍നാമകരണംചെയ്ത് കോളേജ് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുകയുംചെയ്തു. 1964ല്‍ അത് വീണ്ടും പ്രീഡിഗ്രി എന്ന പേരില്‍ രണ്ടുവര്‍ഷത്തെ കോഴ്സാക്കി കോളേജില്‍തന്നെ നിലനിര്‍ത്തി. 1966ല്‍ കോത്താരി കമ്മീഷന്‍ ശുപാര്‍ശചെയ്തത് ആ കോഴ്സ് ഹയര്‍സെക്കന്‍ഡറിയാക്കി സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അന്തിമഘട്ടമാക്കണമെന്നായിരുന്നു. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും പ്രീഡിഗ്രി നിര്‍ത്തലാക്കി ഹയര്‍സെക്കന്‍ഡറി കോഴ്സ് ആരംഭിച്ചു. ചില സംസ്ഥാനങ്ങള്‍ പ്രീഡിഗ്രിയെ പ്രത്യേക കോഴ്സാക്കി ജൂനിയര്‍ കേളേജുകളില്‍ നിലനിര്‍ത്തി. എന്നാല്‍, കേരളം ഈ പരീക്ഷണങ്ങളെയൊക്കെ അതിജീവിച്ച് ഒരു മാറ്റവും വരുത്താതെ പ്രീഡിഗ്രിയെ കോളേജുകളില്‍ തന്നെ നിലനിര്‍ത്തി. എസ്എസ്എല്‍സി കഴിയുന്നവരുടെ എണ്ണത്തിലെ വര്‍ധനവിനനുസരിച്ച് കൂടുതല്‍ കോളേജുകള്‍ ആരംഭിക്കുകയും 1978ല്‍ ഷിഫ്റ്റ് സമ്പ്രദായം തുടങ്ങുകയുംചെയ്തു. ബാച്ചുകള്‍ വര്‍ധിച്ചതതിനനുസൃതമായി അധ്യാപകരുടെയും സര്‍വകലാശാലാ ജീവനക്കാരുടെയും എണ്ണത്തിലും വര്‍ധനയുണ്ടായി. പ്രിഡിഗ്രിയെ കോളേജുകളില്‍നിന്ന് മാറ്റുന്നതിനെതിരെ ശക്തമായ പ്രക്ഷോഭവുമുണ്ടായി. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടുകൂടി പ്രീഡിഗ്രിയെ ഹയര്‍സെക്കന്‍ഡറിയാക്കി പുനഃസംവിധാനംചെയ്ത് സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അന്തിമഘട്ടമാക്കിയത് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരായിരുന്നു. 1990ല്‍ മുപ്പത്തിയൊന്ന് സര്‍ക്കാര്‍ സ്കൂളുകളില്‍ ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ തുടങ്ങി. 1998ല്‍ പ്രീഡിഗ്രി നിര്‍ത്തലാക്കല്‍ നിയമം നിയമസഭ പാസാക്കി. ഘട്ടംഘട്ടമായി പ്രീഡിഗ്രി കോളേജുകളില്‍നിന്ന് നിര്‍ത്തലാക്കുകയും ഹയര്‍സെക്കന്‍ഡറിയെ സ്കൂളുകളില്‍ വികസിപ്പിക്കുകയുംചെയ്തു. 2001ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലാവധി തീരുമ്പോള്‍ പ്രീഡിഗ്രി പൂര്‍ണ്ണമായി ഇല്ലാതാവുകയും ഹയര്‍സെക്കന്‍ഡറി വികസിക്കുകയും ചെയ്തിരുന്നു. ബോധനരീതിയിലും മൂല്യനിര്‍ണ്ണയത്തിലും ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു പരിഷ്കരണമായിരുന്നു 1990ലും 1998ലും നായനാര്‍ സര്‍ക്കാര്‍ നടപ്പാക്കിയത്.2006ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ നാഥനില്ലാക്കളരിയായി അഴിഞ്ഞുലഞ്ഞുകിടക്കുകയായിരുന്നു ഹയര്‍സെക്കന്‍ഡറി വകുപ്പ്. ആ വകുപ്പിനെ കാര്യക്ഷമമാക്കുകയും മലബാര്‍ ജില്ലകളില്‍ കൂടുതല്‍ സ്കൂളുകളും ബാച്ചുകളും അനുവദിച്ച് എസ്എസ്എല്‍സി പാസ്സാകുന്ന മുഴുവന്‍പേര്‍ക്കും ആവശ്യമെങ്കില്‍ ഹയര്‍സെക്കന്‍ഡറിയില്‍ പ്രവേശനസൌകര്യമൊരുക്കുകയും ചെയ്യുന്നതില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തല്‍ഫലമായി എസ്എസ്എല്‍സി കഴിയുന്ന മുഴുവന്‍പേര്‍ക്കും ഉപരിപഠനസാധ്യത ലഭ്യമാണ്. 1703 ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ മാത്രമായി 3,95,000 കുട്ടികള്‍ക്ക് പഠനസൌകര്യമുണ്ട്. ഇതിനു പുറമേ 389 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളും പോളിടെക്നിക്കുകളുമുണ്ട്. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി എസ്എസ്എല്‍സി പാസാകുന്ന കുട്ടികളുടെ എണ്ണം ഏകദേശം നാലേകാല്‍ലക്ഷമാണ്. അത്രയും പേര്‍ക്ക് ഇന്ന് ഹയര്‍സെക്കന്‍ഡറിയില്‍ പഠനസൌകര്യമുണ്ട്.ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് കോഴവാങ്ങുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. വാസ്തവത്തില്‍ കേരളത്തില്‍ പ്രീഡിഗ്രി മാറി ഹയര്‍സെക്കന്‍ഡറി വരുന്നതിനുള്ള തടസ്സം മാനേജര്‍മാര്‍ക്കുണ്ടായിരുന്ന സീറ്റ് വില്‍പന നിലച്ചുപോകുമെന്നതുകൊണ്ടായിരുന്നു. എന്നാല്‍ പഴികേട്ടത് കോളേജ് അധ്യാപകരും സര്‍വകലാശാലാ ജീവനക്കാരുമായിരുന്നു. അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയതും ഇടതുമുന്നണി സര്‍ക്കാരായിരുന്നു. ഒരൊറ്റ അധ്യാപകനെപോലും സ്കൂളിലേക്ക് നിര്‍ബന്ധമായി പറഞ്ഞയക്കാതെ മുഴുവന്‍പേര്‍ക്കും യുജിസി നിരക്കിലുള്ള ശമ്പളം സംസ്ഥാന ഖജനാവില്‍നിന്നു കൊടുത്തുകൊണ്ട് പരിഹാരം കണ്ടെത്താനുള്ള ഇച്ഛാശക്തി ഇടതുമുന്നണിക്കേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ മാനേജര്‍മാര്‍ ആര്‍ക്കും വഴങ്ങാതെനിന്നു. കുറേപ്പേര്‍ ന്യൂനപക്ഷാവകാശം ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെ വെല്ലുവിളിച്ചു. ഭരണകൂടത്തിനും സര്‍ക്കാരിനും അതീതരാണ് തങ്ങളെന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ചു. ജാതി-മത ശക്തികളുടെ പിന്തുണയില്‍ മാത്രം നിലനില്‍ക്കുന്ന യുഡിഎഫ് അവര്‍ക്ക് എരിവുപകര്‍ന്നു. ഭരണകൂടത്തെ വെല്ലുവിളിക്കാന്‍ പ്രേരിപ്പിച്ചു.എന്തായിരുന്നു മാനേജര്‍മാരുടെ പ്രശ്നം? എണ്‍പത് സീറ്റാണ് പ്രീഡിഗ്രിക്ക്. എന്നാല്‍ ഹയര്‍സെക്കന്‍ഡറിക്ക് അമ്പതാണ്. (മാര്‍ജിനല്‍ വര്‍ധനയുണ്ടെങ്കില്‍ അറുപത്). അമ്പത് ശതമാനം കമ്യൂണിറ്റി ക്വാട്ടയായും മാനേജ്മെന്റ് ക്വാട്ടയായും മാനേജര്‍ക്ക് നികത്താം. ബാക്കി അമ്പത് ശതമാനം മെറിറ്റ് അടിസ്ഥാനത്തിലും. ഇതില്‍ ഭൂരിപക്ഷം സീറ്റുകളും മാനേജര്‍മാര്‍ തന്നിഷ്ടപ്രകാരം നികത്തുമായിരുന്നു. ജാതി-മത-രാഷ്ട്രീയ-ഉദ്യോഗസ്ഥ-ധന പരിഗണനകള്‍ ഇതിന്റെ പിന്നിലുണ്ടായിരുന്നു. പ്രീഡിഗ്രിക്ക് ഇത്തരത്തില്‍ കൊഴുത്ത കച്ചവടമായിരുന്നു നടന്നിരുന്നത്. എണ്‍പത് സീറ്റ് അമ്പതായി കുറഞ്ഞപ്പോള്‍ സ്വാഭാവികമായും അവരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുവന്നു. പ്രീഡിഗ്രിക്ക് തത്തുല്യമായ ബാച്ചുകളല്ല സീറ്റുകളാണ് അവര്‍ ആവശ്യപ്പെട്ടത്. യുജിസി ശമ്പളത്തിന്റെ പേരില്‍ സമരത്തിലായിരുന്ന എയ്ഡഡ് കോളേജ് അധ്യാപകര്‍ക്ക് അവര്‍ പിന്തുണ നല്‍കി. അവസാനം ഒത്തുതീര്‍പ്പ് വന്നപ്പോള്‍ തത്തുല്യമായ സീറ്റുകള്‍ അവര്‍ നേടുകയുംചെയ്തു. അവശ്യമായൊരു തിന്മ (ിലരലമ്യൃൈ ല്ശഹ) എന്ന നിലയ്ക്ക് അതംഗീകരിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ നിബന്ധിതമായി. എന്നാല്‍, സീറ്റുകച്ചവടം അവസാനിപ്പിക്കണമെന്നത് ഇടതുമുന്നണിയുടെ ലക്ഷ്യമായിരുന്നു. അതാണ് 2007ല്‍ നടപ്പാക്കിയ ഏകജാലക പ്രവേശനസമ്പ്രദായം.2007-08 അധ്യയനവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയ ഏകജാലകസമ്പ്രദായം വിജയമെന്ന് കണ്ടതിനാല്‍ അടുത്തവര്‍ഷം സംസ്ഥാനമൊട്ടാകെ അത് വ്യാപിപ്പിച്ചു. അതിശക്തമായ എതിര്‍പ്പായിരുന്നു മാനേജര്‍മാരുടെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍ മാനേജ്മെന്റ്/കമ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം നല്‍കാനുള്ള മാനേജര്‍മാരുടെ അവകാശത്തെ അംഗീകരിക്കുന്നതായിരുന്നു സര്‍ക്കാരിന്റെ നയമെന്നതിനാല്‍ കോടതി ഏകജാലക സംവിധാനത്തെ അംഗീകരിച്ചു. എങ്കിലും വിശ്വാസികളെ കുത്തിയിളക്കി പ്രകടനം നടത്തിച്ചും അസംബ്ളിയില്‍ പ്രതിപക്ഷാംഗങ്ങളെ അങ്കക്കോഴികളായി അണിനിരത്തിയും ഏകജാലക പ്രവേശനത്തെ അട്ടിമറിക്കാന്‍ മാനേജര്‍മാര്‍ എല്ലാ ശ്രമങ്ങളും നടത്തി. കൂട്ടത്തില്‍ പറയട്ടെ, ചില മാനേജര്‍മാര്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കിയെന്നത് മറ്റുള്ളവര്‍ക്ക് താക്കീതാവുകയുംചെയ്തു. വിദ്യാര്‍ഥിപ്രവേശനത്തിലെ അഴിമതി അവസാനിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് ഇടതുമുന്നണി സര്‍ക്കാരിന്റെ ഇച്ഛാശക്തിയെയാണ് പ്രകടമാക്കിയത്. സര്‍ക്കാര്‍ സൌജന്യമായി നല്‍കുന്ന വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന ഓര്‍മപ്പെടുത്തലാണ് ഏകജാലകസമ്പ്രദായം.ഇതുപോലെ അഴിമതിയുടെ കേന്ദ്രമായിരുന്നു ഹയര്‍സെക്കന്‍ഡറി പാഠപുസ്തകവിതരണം. പുസ്തക കച്ചവടക്കാരുടെ കൂത്തരങ്ങായിരുന്നു ആ മേഖല. അതിന് കൂട്ടുനില്‍ക്കുന്ന അധ്യാപകരില്‍ ചിലരും അച്ചടിക്കാരും ഉണ്ടായിരുന്നു. സാധാരണഗതിയില്‍ അധ്യാപകര്‍ ശുപാര്‍ശചെയ്യുന്ന പുസ്തകങ്ങളാണ് വിദ്യാര്‍ഥികള്‍ വാങ്ങുന്നത്. പ്രത്യേകിച്ചും ശാസ്ത്രവിഷയങ്ങളില്‍. പ്രൊഫഷണല്‍ കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയെ ലക്ഷ്യമാക്കി മാത്രം ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കുകയും ട്യൂഷന്‍ എടുക്കുകയുംചെയ്യുന്നവരുടെ മായാവലയത്തിലാണ് വിദ്യാര്‍ഥികളും അതിലേറെ രക്ഷിതാക്കളും. പുസ്തകങ്ങളുടെ അച്ചടിയും വിതരണവും മനഃപൂര്‍വം താമസിപ്പിക്കാന്‍ കഴിവുള്ളവരാണ് പുസ്തക കച്ചവടക്കാര്‍. ഒരു പുസ്തകം വിറ്റാല്‍ ഒരു നിശ്ചിത ശതമാനം കമ്മീഷന്‍ അധ്യാപകര്‍ക്ക് കിട്ടും. മറ്റു പാരിതോഷികങ്ങള്‍ വേറെയും. ഈ പ്രലോഭനത്തിന് വഴങ്ങാത്തവര്‍ വിരളം. കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് ഈയിനത്തില്‍ ഓരോ വര്‍ഷവും നടന്നിരുന്നത്. എസ്സിഇആര്‍ടിയും എന്‍സിഇആര്‍ടിയും തയ്യാറാക്കുന്ന പുസ്തകങ്ങള്‍ ഗുണകരമല്ലെന്നും എന്‍ട്രന്‍സ് പരീക്ഷയ്ക്ക് യോജിച്ചതല്ലെന്നുമുള്ള പ്രചരണം രക്ഷിതാക്കളിലെത്തിച്ച് ഉന്മാദികളാക്കിയാണ് ഗൈഡ് മാഫിയ അരങ്ങ് കയ്യടക്കിയത്. ഇക്കൂട്ടര്‍ സര്‍ക്കാര്‍വക പുസ്തകങ്ങള്‍ അച്ചടിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പാഠപുസ്തകങ്ങളുടെ അച്ചടി മനഃപൂര്‍വം താമസിപ്പിക്കും. ഗൈഡ് പുസ്തകങ്ങള്‍ സ്കൂളുകളില്‍ എത്തിയതിനുശേഷമായിരിക്കും പാഠപുസ്തകം എത്തുക. അതും ടെക്സ്റ്ബുക്ക് ഡിപ്പോ എന്ന ആമയുടെ പുറത്തുകയറിയാണ് സഞ്ചാരം.ഈ കച്ചവടത്തിന് അറുതിവരുത്താനായി 2007-08 അധ്യയനവര്‍ഷം മുതല്‍ ഹയര്‍സെക്കന്‍ഡറി പാഠപുസ്തകവിതരണത്തില്‍ ചില ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. സ്വാഭാവികമായും കച്ചവടക്കാര്‍ കോടതിയിലെത്തി. ആമവാതം പിടിച്ച ടെക്സ്റ്ബുക്ക് ഡിപ്പോയുടെ വിതരണശൃംഖലയുടെ നടപടിക്രമം അവര്‍ക്ക് സഹായകരമായിരുന്നു. കോടതി കച്ചവടക്കാരുടെ കൂടെയായിരുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുകൊണ്ട് കച്ചവടക്കാര്‍ക്കുണ്ടാകുന്നത് എന്നായിരുന്നു അവര്‍ പച്ചയായി കോടതിയില്‍ പറഞ്ഞത്. കച്ചവടക്കാരുടെ പിടിയില്‍നിന്നും പാഠപുസ്തകവിതരണത്തെ മോചിപ്പിക്കാന്‍ ഇടതുസര്‍ക്കാരിന്റെ നയം സഹായകരമായിരുന്നു. വിദ്യാര്‍ഥിപ്രവേശനകാര്യത്തില്‍ മാനേജര്‍മാര്‍ എന്നപോലെ പുസ്തകവിതരണത്തിന്റെ കാര്യത്തില്‍ കച്ചവടക്കാരും ഇടതുമുന്നണിക്കെതിരായി. സര്‍ക്കാരിന്റെ മുന്നില്‍ ലക്ഷക്കണക്കായ വിദ്യാര്‍ഥികളുടെ താല്‍പര്യമായിരുന്നു പ്രധാനം. എന്നാല്‍ പ്രതിപക്ഷത്തിനാകട്ടെ കച്ചവടക്കാരുടെ താല്‍പര്യവും.സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അന്തിമഘട്ടമെന്ന നിലയ്ക്കും കോളേജ് വിദ്യാഭ്യാസത്തിന്റെ ചവിട്ടുപടിയെന്ന നിലയ്ക്കും ഹയര്‍സെക്കന്‍ഡറിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞത് ഇടതുമുന്നണി സര്‍ക്കാരാണ്. ഈ ഘട്ടത്തില്‍ പഠിക്കുന്ന കൌമാരപ്രായക്കാരായ വിദ്യാര്‍ഥികളില്‍ ശരിയായ മൂല്യബോധം വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണ്. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പിന്നാലെ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പായുന്ന ഒരു തലമുറ രാഷ്ട്രത്തിന്റെ പൊതുജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം നിര്‍ണ്ണായകമാണ്. അതിനാല്‍ പ്രൊഫഷണല്‍ കോഴ്സുകളോടൊപ്പം ശാസ്ത്ര-സാമൂഹ്യശാസ്ത്ര-മാനവികവിഷയങ്ങളിലും വിദ്യാര്‍ഥികളില്‍ താല്‍പര്യം ജനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിലേക്കുവേണ്ടിയാണ് ഹയര്‍സെക്കന്‍ഡറി സ്കോളര്‍ഷിപ്പ് പദ്ധതി ഏര്‍പ്പെടുത്തിയത്. ഒരു വിദ്യാര്‍ഥിക്ക് അയ്യായിരം രൂപ എന്ന കണക്കില്‍ പതിനായിരം പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. യോഗ്യതയും അര്‍ഹതയും മാത്രമാണ് മാനദണ്ഡം. ഒരു ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിക്ക് പ്രതിവര്‍ഷം അയ്യായിരം രൂപയെന്നത് നിസ്സാരമല്ല. ഇത്രയും തുക ഹയര്‍സെക്കന്‍ഡറിക്കാര്‍ക്ക് സ്കോളര്‍ഷിപ്പായി നല്‍കുന്ന പദ്ധതി ഇന്ത്യയിലൊരിടത്തും ഇല്ലതന്നെ. ഇതാണ് കേരളവികസനാനുഭവം

1 comment:

ജനശബ്ദം said...

വിദ്യാഭ്യാസരംഗത്തെ പരിഷ്കാരവും നാളത്തെ കേരളവും
പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍
മനുഷ്യശരീരത്തിന് വിഷബാധയേറ്റാല്‍ മരണം സംഭവിച്ചില്ലെങ്കില്‍ ജീവിതാന്ത്യംവരെ വിഷത്തിന്റെ കാഠിന്യമനുസരിച്ച് അനന്തരഫലങ്ങള്‍ അനുഭവിച്ചുകൊണ്ടേയിരിക്കണം. വിഷം കരളിനെയാണ് ബാധിക്കുന്നത്. കരള്‍ ഉല്‍പാദിപ്പിക്കുന്ന ബൈല്‍ എന്ന ദ്രാവകമാണ് വിഷത്തെ ദൂരീകരിക്കുന്നത്. വിഷബാധയേറ്റ കരള്‍ ഉല്‍പാദിപ്പിക്കുന്ന ബൈലിന് പ്രതിരോധശക്തി കുറയും. മറ്റു നാനാവിധങ്ങളായ അണുക്കള്‍ ശരീരത്തെ ബാധിക്കും. രോഗാതുരനായി ദീര്‍ഘനാള്‍ നരകിച്ച് ബന്ധുക്കള്‍ക്കും സമൂഹത്തിനും ഭാരമായി ആ വ്യക്തി അന്ത്യശ്വാസം വലിക്കും. അയാളുടെ സന്തതിപരമ്പരകളിലൂടെ ഭാവിസമൂഹത്തെ നരകിപ്പിച്ചുകൊണ്ടേയിരിക്കും.
ഇന്ത്യയുടെ രാഷ്ട്രഗാത്രത്തിലെ കരളിനേറ്റ അത്തരത്തിലുള്ള ഒരു വിഷബാധയാണ് കൊളോണിയല്‍ വിദ്യാഭ്യാസം. രണ്ടുനൂറ്റാണ്ടു കഴിഞ്ഞിട്ടും അത് വിതരണംചെയ്തത് പാഷാണമായിരുന്നുവെന്ന് തിരിച്ചറിയാനുള്ള വിവേകം ഭൂരിപക്ഷത്തിനും ഇല്ലാതായിപ്പോയിയെന്നതാണ് ആ സമ്പ്രദായത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ആ സമ്പ്രദായത്തെ ചെറുതായിട്ടാണെങ്കിലും പരിഷ്കരിക്കാന്‍ ശ്രമിക്കുന്നവരെ ശത്രുക്കളായി കണ്ട് സംഹരിക്കാനുള്ള ശക്തിയും അതിനുണ്ടാകും. അതാണ് കൊളോണിയല്‍ വ്യവസ്ഥ. അത് വിദ്യാഭ്യാസത്തെ മാത്രമല്ല വിദ്യാഭ്യാസം എന്ന ഉപകരണത്തിന്റെ സഹായത്താല്‍ തൊഴിലെടുത്ത് ജീവിക്കുന്ന മുഴുവന്‍ ജനതയെയും പരോക്ഷമായി സ്വാധീനിക്കും. ജനപ്രതിനിധിമുതല്‍ ഉന്നത ബ്യൂറോക്രാറ്റും ന്യായാധിപനും വരെ ആ വ്യവസ്ഥയുടെ വക്താക്കളും സംരക്ഷകരുമായിത്തീരും. അതില്‍നിന്നും ബോധപൂര്‍വം തെന്നിമാറി ഗുണദോഷവശങ്ങള്‍ വിശകലനംചെയ്യുന്നവരെ ഭൂരിപക്ഷത്തിന്റെ മുഷ്ക് ഉപയോഗിച്ച് അടിച്ചമര്‍ത്തും. എന്നാല്‍ ഒരുനാള്‍ തങ്ങള്‍ക്കതിനെ അതിജീവിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയോടെ മുമ്പേ പറക്കുന്ന പക്ഷികള്‍ ചിറകടിച്ച് പറന്നുകൊണ്ടേയിരിക്കും.