Tuesday, June 21, 2011

ഉയരട്ടെ, സന്ധിയില്ലാത്ത പോരാട്ടംഅഴിമതി തടയുന്നതിലും കുറ്റക്കാരെ ശിക്ഷിക്കുന്നതിലും പൂര്‍ണമായി പരാജയപ്പെട്ട കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ മുഖംമൂടി വലിച്ചൂരുന്ന പ്രചാരണവും പ്രക്ഷോഭവും ദേശീയതലത്തില്‍ ഇടതുപക്ഷ പാര്‍ടികള്‍ ഏറ്റെടുക്കുന്നത് ഇന്ത്യയുടെ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ സൂചനയാണ്. ഫലപ്രദമായ ലോക്പാല്‍ ബില്‍ പാസാക്കുക, ജുഡീഷ്യറിയിലെ അഴിമതി അവസാനിപ്പിക്കാന്‍ ദേശീയ ജുഡീഷ്യല്‍ കമീഷനു രൂപം നല്‍കുക, 2ജി സ്പെക്ട്രം ഇടപാട് പോലെയുള്ള വന്‍കിട ബിസിനസുകാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അഴിമതികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുക, തെരഞ്ഞെടുപ്പിലെ പണക്കൊഴുപ്പ് തടയാന്‍ ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിലും തെരഞ്ഞെടുപ്പ് നടത്തുന്നതുള്‍പ്പെടെയുള്ള പരിഷ്കരണം നടപ്പാക്കുക, രാജ്യത്തുനിന്ന് കള്ളപ്പണം വീണ്ടെടുക്കുന്നതിനോടൊപ്പം വിദേശത്തേക്ക് അനധികൃതമായി കടത്തിയ പണം തിരിച്ചുകൊണ്ടുവരിക എന്നീ ആവശ്യങ്ങളാണ് ഇടതുപക്ഷം ഉയര്‍ത്തുന്നത്.

കേന്ദ്ര യുപിഎ സര്‍ക്കാരിനെ അഴിമതി ആപാദചൂഡം മൂടിയിരിക്കുന്നു. എല്ലാ പരിധിയും അതിലംഘിച്ച് വന്‍കിട കോര്‍പറേറ്റുകളുമായി ചേര്‍ന്ന് ഖജനാവ് കൊള്ളയടിക്കുകയാണ് യുപിഎ നേതൃത്വം. ഉന്നതസ്ഥാനങ്ങളിലെ അഴിമതി തടയണമെന്നും കള്ളപ്പണം പിടിച്ചെടുക്കണമെന്നും വിദേശത്തേക്ക് അനധികൃതമായി കടത്തിയ പണം തിരിച്ചുകൊണ്ടുവരാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ക്കായി ഇതര ഇടതുപക്ഷപാര്‍ടികളുമായി ചേര്‍ന്ന് വിപുലമായ പ്രസ്ഥാനത്തിനു രൂപംനല്‍കാനും ഹൈദരാബാദില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യത്തിനു വിരുദ്ധമായി ചില്ലറ വില്‍പ്പനമേഖലയില്‍ ബഹുരാഷ്ട്രകുത്തകകളെ അനുവദിക്കാനും സാര്‍വത്രിക പൊതുവിതരണ സംവിധാനം അട്ടിമറിക്കാനും കര്‍ഷകരെ ദ്രോഹിക്കാനുമുള്ള നീക്കങ്ങള്‍ക്കും കര്‍ഷകരെ കൃഷിഭൂമിയില്‍നിന്ന് ആട്ടിയിറക്കുന്ന കോര്‍പറേറ്റുകളുടെയും റിയല്‍ എസ്റ്റേറ്റ് ഊഹക്കച്ചവടക്കാരുടെയും നീക്കങ്ങള്‍ക്കും എതിരെയുള്ള പ്രക്ഷോഭത്തിനാണ് കേന്ദ്രകമ്മിറ്റി രൂപം നല്‍കിയത്. ആ തീരുമാനത്തിന്റെ പ്രായോഗികരൂപമാണ് ജൂലൈ 15 മുതല്‍ 21 വരെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുമ്പില്‍ റാലിയും പിക്കറ്റിങ്ങും നടത്താനുള്ള ഇടതുപക്ഷ പാര്‍ടികളുടെ തീരുമാനം. ലോക്പാല്‍ ബില്ലിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരും "പൗര സമൂഹ" പ്രതിനിധികള്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെടുന്നവരും നടത്തുന്ന പ്രഹസനങ്ങള്‍ മനംപിരട്ടുംവിധം അസഹ്യമായ പശ്ചാത്തലത്തിലാണ് ഇടതുപക്ഷ പാര്‍ടികള്‍ അതിശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. പൊതുമുതല്‍ കൊള്ളയടിക്കുന്ന കോര്‍പറേറ്റുകളെയും ഭരണവര്‍ഗത്തെയും സംരക്ഷിക്കുന്ന ദൗത്യമാണ് അരാഷ്ട്രീയ മുഖംമൂടിയുമായി രംഗത്തുവന്ന ഹസാരെ-ശാന്തിഭൂഷണ്‍ പ്രഭൃതികള്‍ ഏറ്റെടുത്തിട്ടുള്ളത്.

ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ടികളെപ്പോലും അകറ്റിനിര്‍ത്തി ഇത്തരക്കാരുമായി ചര്‍ച്ച നടത്തുന്ന കേന്ദ്രസര്‍ക്കാരിന് തങ്ങളുടെ വികൃതമുഖം രക്ഷിക്കുക എന്ന ഏക അജന്‍ഡയേ ഉള്ളൂ. അതില്‍പ്പോലും ചില വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ കേന്ദ്രത്തിന് പക്ഷേ കഴിയുന്നില്ല. അത്രമേല്‍ അഴിമതിയോട് ഇഴുകിച്ചേര്‍ന്നിരിക്കയാണവര്‍ . ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ വരേണ്ടവരുടെ ലിസ്റ്റ് ഉണ്ടാക്കുന്ന ആദ്യഘട്ടത്തില്‍തന്നെ ചര്‍ച്ച വഴിമുട്ടി. നിലവിലുള്ള അഴിമതി സാധ്യതകള്‍ അപ്പാടെ നിലനിര്‍ത്താനുള്ള വ്യഗ്രതയില്‍ അഴിമതി തടയാനുള്ള നേരിയ നീക്കങ്ങളെപ്പോലും യുപിഎ നേതൃത്വം ഭയപ്പെടുന്നു. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, എസ് ബാന്‍ഡ്, എന്‍ടിആര്‍ഒ അഴിമതി, എണ്ണ പര്യവേക്ഷണം, ഐഎസ്ആര്‍ഒ, വിമാനക്കച്ചവടം തുടങ്ങി സ്വന്തം വകുപ്പിലടക്കം നടന്ന കൂറ്റന്‍ അഴിമതികളില്‍ പ്രധാനമന്ത്രിയുടെ പേര് പ്രതിസ്ഥാനത്താണുയര്‍ന്നത്. മന്‍മോഹന്‍ സിങ്ങിനോടൊപ്പം ക്യാബിനറ്റിലിരുന്ന എ രാജ ഇന്ന് തിഹാര്‍ ജയിലിലാണെന്നുള്ളത്, കോണ്‍ഗ്രസിനും അതിന്റെ സമുന്നത നേതൃത്വത്തിനും എളുപ്പം കൈകഴുകി രക്ഷപ്പെടാനുള്ളതല്ല ഉയര്‍ന്നുവന്ന അഴിമതികള്‍ എന്ന് തെളിയിക്കുന്നു. 2 ജി സ്പെക്ട്രം സംബന്ധിച്ച അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് അറിവുണ്ടായിരുന്നു എന്നതും രഹസ്യമല്ല. എന്നിട്ടും പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ഒഴിവാക്കുന്നതിന് നാണംകെട്ട കളികളിലേര്‍പ്പെടുകയായിരുന്നു മന്‍മോഹനും സംഘവും.

പി ചിദംബരം, ദയാനിധി മാരന്‍ തുടങ്ങിയ കേന്ദ്രസര്‍ക്കാരിലെ പ്രധാനികള്‍ക്കെതിരെയും തെളിവുസഹിതമുള്ള ആരോപണങ്ങളാണ് വന്നിട്ടുള്ളത്. കള്ളപ്പണക്കാരെയും വിദേശബാങ്കുകളിലെ കള്ളനിക്ഷേപങ്ങളെയും സംരക്ഷിക്കുകയാണ് യുപിഎ സര്‍ക്കാര്‍ എന്ന് സുപ്രീംകോടതിതന്നെ ആവര്‍ത്തിച്ചു പറഞ്ഞുകഴിഞ്ഞു. ഇത്തരമൊരവസ്ഥയില്‍ സ്വതന്ത്രവും നിര്‍ഭയവുമായ അഴിമതിക്കേസ് അന്വേഷണങ്ങള്‍ക്ക് കോണ്‍ഗ്രസിലെ ഉന്നത കേന്ദ്രങ്ങളെ മാറ്റിനിര്‍ത്താനാവില്ല. അഴിമതിക്കാരെ സംരക്ഷിക്കുന്നതും നിലവില്‍ അഴിമതി ആരോപണവിധേയരായ പ്രധാനമന്ത്രിയെ അന്വേഷണ പരിധിയില്‍നിന്നുപോലും മാറ്റിനിര്‍ത്തുന്നതുമായ ലോക്പാല്‍ നിയമത്തിന് എന്തു വില? അഴിമതി നിരോധനബില്ലിന് അര്‍ഥമുണ്ടാകണമെങ്കില്‍ അത് കുറ്റമറ്റതും ആരെയും സംരക്ഷിക്കാത്തതുമാകണം. അങ്ങനെയുള്ള ബില്ലിനുവേണ്ടിയാണ് ഇടതുപക്ഷത്തിന്റെ സമരം. വൈകാരികമായ ഏതെങ്കിലും പ്രശ്നം ഉയര്‍ത്തിപ്പിടിച്ച് കെട്ടുകാഴ്ചയിലൂടെയും പെട്ടിപ്പാട്ടിലൂടെയും അനുയായികളെ ആകര്‍ഷിക്കുന്ന അരാഷ്ട്രീയ നാടകമല്ല ഇടതുപക്ഷത്തിന്റെ പ്രക്ഷോഭം എന്നതുകൊണ്ടുതന്നെ, അഴിമതിയില്‍ മനംമടുത്തവരും വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്നവരും നവ ലിബറല്‍ നയങ്ങളുടെ കെടുതിയനുഭവിക്കുന്നവരുമായ ജനലക്ഷങ്ങള്‍ക്ക് അതില്‍ അണിചേരാനാകും. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന മൂര്‍ത്തമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള ആ പ്രക്ഷോഭത്തെ ജനകോടികളുടെ മഹാ പ്രസ്ഥാനമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിലൂടെയേ വിനാശകരമായ യുപിഎ നയങ്ങള്‍ തടുത്തുനിര്‍ത്താനാവുകയുള്ളൂ. ഇടതുപക്ഷ സമരം വിജയിപ്പിക്കുന്നത് അതുകൊണ്ടുതന്നെ രാജ്യസ്നേഹികളുടെയാകെ ബാധ്യതയാകുന്നു.

1 comment:

ജനശബ്ദം said...

ഉയരട്ടെ, സന്ധിയില്ലാത്ത പോരാട്ടം
അഴിമതി തടയുന്നതിലും കുറ്റക്കാരെ ശിക്ഷിക്കുന്നതിലും പൂര്‍ണമായി പരാജയപ്പെട്ട കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ മുഖംമൂടി വലിച്ചൂരുന്ന പ്രചാരണവും പ്രക്ഷോഭവും ദേശീയതലത്തില്‍ ഇടതുപക്ഷ പാര്‍ടികള്‍ ഏറ്റെടുക്കുന്നത് ഇന്ത്യയുടെ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ സൂചനയാണ്. ഫലപ്രദമായ ലോക്പാല്‍ ബില്‍ പാസാക്കുക, ജുഡീഷ്യറിയിലെ അഴിമതി അവസാനിപ്പിക്കാന്‍ ദേശീയ ജുഡീഷ്യല്‍ കമീഷനു രൂപം നല്‍കുക, 2ജി സ്പെക്ട്രം ഇടപാട് പോലെയുള്ള വന്‍കിട ബിസിനസുകാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അഴിമതികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുക, തെരഞ്ഞെടുപ്പിലെ പണക്കൊഴുപ്പ് തടയാന്‍ ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിലും തെരഞ്ഞെടുപ്പ് നടത്തുന്നതുള്‍പ്പെടെയുള്ള പരിഷ്കരണം നടപ്പാക്കുക, രാജ്യത്തുനിന്ന് കള്ളപ്പണം വീണ്ടെടുക്കുന്നതിനോടൊപ്പം വിദേശത്തേക്ക് അനധികൃതമായി കടത്തിയ പണം തിരിച്ചുകൊണ്ടുവരിക എന്നീ ആവശ്യങ്ങളാണ് ഇടതുപക്ഷം ഉയര്‍ത്തുന്നത്.