Sunday, January 29, 2012

ഏണിമാഹാത്മ്യം

ഏണിമാഹാത്മ്യം


എന്തിന് രണ്ട്; ഒന്നു പോരേ എന്നാണ് ഇ ടി മുഹമ്മദ് ബഷീര്‍ ലോകത്തോട് ചോദിക്കുന്നത്. വലിയൊരു ചോദ്യമാണ്. ഇന്ത്യന്‍ യുണിയന്‍ മുസ്ലിംലീഗിന് എന്തിനാണ് രണ്ട് സെക്രട്ടറിമാര്‍ ? കുഞ്ഞാലിക്കുട്ടി ഏകസെക്രട്ടറിയായിരുന്നപ്പോള്‍ ഒന്നു മതിയോ എന്ന് ആരും ചോദിച്ചതല്ല. ആ ഇമ്മിണി ബല്യ ഒന്നിനുപകരം രണ്ടു സെക്രട്ടറിമാരായപ്പോഴും ഇങ്ങനെയൊരു സന്ദേഹം ഉണ്ടായതല്ല. ഇപ്പോഴാണ് ബഷീറിന് സംശയരോഗം പിടിപെടുന്നത്. യഥാര്‍ഥത്തില്‍ ഇങ്ങനെയായിരുന്നില്ല ചോദ്യം വരേണ്ടിയിരുന്നത്. എന്തിന് മറ്റൊരു സെക്രട്ടറി; ഞാന്‍ മാത്രംപോരേ എന്നാണ്. കെ പി എ മജീദ് സെക്രട്ടറിയായിരുന്നാല്‍ മതി എങ്കില്‍ ആരോടും ഒന്നും ചോദിക്കാതെ ബഷീര്‍ സ്ഥാനത്യാഗംചെയ്ത് എംപി പാസുംകൊണ്ട് വണ്ടികയറുമായിരുന്നു. അങ്ങനെ ചെയ്യാതിരിക്കുമ്പോഴാണ്, ബഷീറിന്റെ ചോദ്യം വളര്‍ന്നുവളര്‍ന്ന് ഒരു വല്യ ചോദ്യമായി മാറുന്നത്. സമ്മതിക്കേണ്ടത് പുലിക്കുട്ടിയെത്തന്നെയാണ്. പുലിക്കുട്ടിയെന്ന് പറഞ്ഞപ്പോള്‍ പലരും ചോദിച്ചത് പാര്‍ടിനേതാവിനെ മൃഗത്തോടുപമിക്കുന്നത് ശരിയാണോ എന്നാണ്. സി എച്ച് മുഹമ്മദുകോയയെ സമുദായോദ്ധാരകന്‍ എന്നാണ് വിളിച്ചിരുന്നത്. ലീഗ് എന്ന പാര്‍ടിയുടെ എക്കാലത്തെയും നേതാവായ പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിയെ അനുയായികള്‍ പക്ഷേ അത്തരം പൊല്ലാപ്പ് പേരൊന്നും വിളിച്ചില്ല. പുപ്പുലിയെന്നു വിളിച്ചു. പലരും കളിയാക്കിയെങ്കിലും പേര് അന്വര്‍ഥമാണ്. ഭരണത്തിലും സംഘടനയിലും കോടതിയിലും എല്ലാം പുള്ളിക്കാരന്‍ പുലിതന്നെ. ഏതു പ്രതിസന്ധിയെയും മുള്ളെടുക്കുന്ന ലാഘവത്തോടെ വലിച്ചു ദൂരെക്കളയും. എത്രവലിയ കേസും നിസ്സാരമായി ഒതുക്കിക്കെട്ടും. ഇതിലും വലിയ വെടിക്കെട്ടു കണ്ട് ഞെട്ടിയിട്ടില്ല. ഇപ്പോള്‍ വന്ന ഇ-മെയില്‍ പ്രതിസന്ധിക്കുമുന്നില്‍ കുത്തിയിരുന്നു പോകുമെന്നു കരുതിയവര്‍ക്കാണ് തെറ്റിയത്. ഇ-മെയിലിന്റെ കഥ എക്സ്പ്രസ് മെയിലിന്റെ വേഗത്തില്‍ ചുരുട്ടി കൊട്ടയിലെറിഞ്ഞു. ശ്രീരാമന്‍ വനവാസത്തിനുപോയപ്പോള്‍ ഭരതന്‍ രാജ്യം ഭരിച്ചത് ജ്യേഷ്ഠന്റെ ചെരുപ്പുകള്‍ സിംഹാസനത്തില്‍ വച്ചുകൊണ്ടാണ്. ഇവിടെ കുഞ്ഞാലിക്കുട്ടി ഭരണവാസത്തിന് പോകുമ്പോള്‍ മജീദ് സെക്രട്ടറിയുടെ സിംഹാസനത്തിലിരിക്കുന്നു. അബ്ദുള്‍ വഹാബും സമദാനിയുമെല്ലാം അരിശപ്പെട്ടാലെന്ത്; ഇ ടി മുഹമ്മദ് ബഷീര്‍ വിലപിച്ചാലെന്ത്-മജീദ് കുലുങ്ങുകയേ ഇല്ല. ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്നത് ഇ-മെയില്‍ കാര്യം നിസാരമല്ല എന്നാണ്. ഈ പറച്ചില്‍ കേട്ട് പലരും കിനാവുകാണുന്നുണ്ട്, ലീഗില്‍ കുഴപ്പം വരുന്നുവെന്ന്. പണ്ട് ഇങ്ങനെ വല്ലതും വന്നാല്‍ കോഴിക്കോട്ട് ബിരിയാണിയുടെ ചെലവ് കൂടുമായിരുന്നു. പാണക്കാട്ടെ തങ്ങളുടെ ചുമലില്‍ തീരുമാനത്തിന്റെ കെട്ട് വച്ചുകൊടുത്ത് അനുയായികള്‍ ബിരിയാണി തിന്ന് പിരിയും. അത് നല്ലൊരേര്‍പ്പാടാണ്. തീരുമാനം എന്തായാലും തങ്ങളുടെ നാവില്‍നിന്നാണ് വരിക.

മുടക്കം വരാതെ അത്തരം പരിപാടി മുന്നോട്ടുപോയവാറെ ഏച്ചുകെട്ടിയ യുഡിഎഫ് മന്ത്രിസഭ വന്നു. ഒരാള്‍ക്ക് ഒരുപദവി എന്നത് വെറുതെ പറഞ്ഞതാണ്. അത് വിനയാകുമെന്ന് വന്നു. അതോടെ പിളര്‍പ്പിലൂടെയാണ് സംഘടനാ പ്രശ്നം പരിഹരിച്ചത്-ഭിന്നിപ്പിച്ച് ഭരിക്കല്‍ . മന്ത്രിപദവിയും വേണം; പാര്‍ടിയുടെ കടിഞ്ഞാണും വേണം. അതിനുകണ്ട ബുദ്ധിയാണ് ജനറല്‍ സെക്രട്ടറി എന്ന ഒന്നിനെ രണ്ടാക്കല്‍ . മുനീറിനെ ഒതുക്കാനും അതുതന്നെ ചെയ്തു-തദ്ദേശ ഭരണവകുപ്പിനെ രണ്ടാക്കി. രണ്ടെന്നു കണ്ടളവിലുണ്ടായ ചിരിയാണ് പുലിച്ചിരി. പഞ്ചായത്ത് വകുപ്പില്‍നിന്ന് നഗരകാര്യമെടുത്ത് സ്വന്തമാക്കിയപോലെ, സെക്രട്ടറിസ്ഥാനം പകുത്തെടുത്ത് ഒരു പകുതിയെ സ്വന്തം തൊഴുത്തില്‍ കൊണ്ടുവന്ന് കെട്ടി. ആ പാതിസ്ഥാനത്തിന് കരുവള്ളി പാത്തിക്കല്‍ അബ്ദുള്‍ മജീദ് അഥവാ കെ പി എ മജീദ് എന്നൊരു പേരും കൊടുത്തു. മജീദ് മഞ്ചേരിയില്‍ തോറ്റത് ഒരു കുറ്റമല്ല. ബഷീറും പണ്ട് തോറ്റതാണ്. കുറ്റിപ്പുറത്തെ തോല്‍വിയേക്കാള്‍ വലിയൊരു തോല്‍വിയുണ്ടോ-എല്ലാവരും തോറ്റവര്‍തന്നെ. ചിലചില പൊല്ലാപ്പുകള്‍ എവിടെയും ഉണ്ടാകും. പി സി ജോര്‍ജ്, വി എം സുധീരന്‍ എന്നൊക്കെയാണ് ആ പ്രതിഭാസത്തെ വിളിക്കുക. അങ്ങനെയൊരു പൊല്ലാപ്പായ ബഷീറിനെ പൊന്നാനിയില്‍ നിന്ന് ഡല്‍ഹിക്ക് വിട്ടത് ശല്യം ഒഴിവാക്കാനാണ്. അതു മനസിലാക്കി പെരുമാറുന്നില്ല എന്നതാണ് പ്രശ്നം. കര്‍മ്മണ്യേ ശല്യക്കാരനെങ്കിലും പെരുമാറ്റം കാണുമ്പോള്‍ തോന്നുക "ഇമ്മട്ടിലാരാനും ഭൂമീലുണ്ടോ, മാനത്തീന്നെങ്ങാനും പൊട്ടിവീണോ" എന്നാണ്. എന്തൊരു ഭവ്യത; വിനയം-ലാളിത്യം. ലീഗില്‍ കൂര്‍ത്ത നഖവും ദംഷ്ട്രയുമുള്ള ഒരു പുലിയും പിന്നെ കുറെ ആട്ടിന്‍കുട്ടികളും എന്നാണ് വയ്പ്. പുലി കഷ്ടപ്പെട്ട് വേട്ടയാടിക്കൊണ്ടുവരുന്ന ഇര വിഴുങ്ങാന്‍ അജവൃന്ദം നിരനിരയായി നില്‍ക്കും. അതില്‍ മുനീറും ബഷീറും ഞാന്‍മുമ്പന്‍ , ഞാന്‍മുമ്പന്‍ കളിക്കും. തിരിഞ്ഞുനിന്ന് പുലിയെ പൂച്ചയാക്കുന്ന വര്‍ത്തമാനം പറയും. പെരുത്ത് നല്ല പാര്‍ടിയായതുകൊണ്ട് എല്ലാവര്‍ക്കും അടിസ്ഥാന സ്വഭാവം ഒന്നുതന്നെ. ആര്‍എസ്എസിന്റെ ഫാസിസത്തിനെതിരെ പുസ്തകമെഴുതിയശേഷം തലയില്‍ മുണ്ടിട്ട് കാര്യാലയത്തില്‍ ചെന്ന് പണംകൊടുത്ത് വോട്ടുവാങ്ങാന്‍ മുനീറിന് ആദര്‍ശപ്പേടിയില്ല. അതുകഴിഞ്ഞ് നേരെ വണ്ടികയറി അമേരിക്കന്‍ സായ്പന്‍മാര്‍ക്കടുത്ത് ചെന്ന്, എന്‍ഡിഎഫിന്റെ കുട്ടിയാണ് കുഞ്ഞാലിക്കുട്ടിയെന്നും പറയാം. അടിയെല്ലാം ചെണ്ടയ്ക്കും പണമെല്ലാം മാരാര്‍ക്കും. ആരാണ് മുമ്പന്‍ എന്ന ചോദ്യത്തേക്കാള്‍ ആരാണ് യഥാര്‍ഥ പുലി എന്നു ചോദിക്കുന്നതാണ് നല്ലത്. എല്ലാം പുലികള്‍തന്നെ. ഇന്ത്യന്‍ യൂണിയന്‍ പുപ്പുലി ലീഗാണ് പാര്‍ടി. പ്രതിസന്ധി കണ്ട് ആരും പരിപ്പുവേവിക്കേണ്ടതില്ല. ബാബറി മസ്ജിദ് ആര്‍എസ്എസുകാര്‍ തകര്‍ത്തപ്പോള്‍ ഭരണത്തിന്റെ അടുപ്പത്ത് ബിരിയാണിയരി വേവിച്ച കൂട്ടരാണ്. ഭരണമോ സമുദായമോ എന്ന് ചോദിച്ചാല്‍ ഭരണം അല്ലെങ്കില്‍ മരണം എന്നുത്തരം കിട്ടും. ഭരണം കുഴപ്പത്തിലാകുമ്പോള്‍ സമുദായം വേണം. വലിയൊരു കേസ് വരുമ്പോള്‍ നാദാപുരത്ത് ബോംബുപൊട്ടിക്കും; കാസര്‍കോട്ട് വെടിവയ്പിക്കും. ഓരോരുത്തര്‍ക്ക് അര്‍ഹതയുള്ളത് കിട്ടുമെന്നാണ് പ്രമാണം. ഉമ്മന്‍ചാണ്ടിക്ക് ഇതിലും വലിയത് ഇനി എന്ത് കിട്ടാന്‍ . കന്യാകുമാരിക്കപ്പുറം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗെന്നാണ് പേര്. മലപ്പുറം മുതല്‍ മലപ്പുറംവരെ കേരളാസ്റ്റേറ്റ് മുസ്ലിംലീഗെന്ന്. ഇങ്ങനെ രണ്ടുപേരുള്ള പാര്‍ടിക്ക് രണ്ട് ജനറല്‍ സെക്രട്ടറിയും ആകാം. പറ്റില്ലെന്നുണ്ടെങ്കില്‍ ഇ ടി മുഹമ്മദ് ബഷീര്‍ രാജിവച്ച് മാതൃക കാട്ടട്ടെ. അഖിലേന്ത്യാ പ്രസിഡന്റിനെ സംസ്ഥാന പ്രസിഡന്റ് നിയന്ത്രിക്കുന്ന ദേശീയപാര്‍ടിയുടെ ഹരിതാഭമായ വളര്‍ച്ച അങ്ങനെ സുരഭിലമാകട്ടെ. ഏണി, കയറിപ്പോകാന്‍ മാത്രമല്ല, നുഴഞ്ഞ് കയറാനും കയറുമ്പോള്‍ പിണയാനുമുള്ളതാണ്. മാറാട് കേസിന്റെ പുതിയ വിവരം വരുമ്പോള്‍ ഏത് ഏണിയില്‍ കയറിയാണാവോ രക്ഷപ്പെടുക?ശതമന്യു

No comments: