Tuesday, January 3, 2012

ശ്രീധരനോട് കോണ്‍ഗ്രസ് നെറികേട് തുടര്‍ക്കഥ

ശ്രീധരനോട് കോണ്‍ഗ്രസ് നെറികേട് തുടര്‍ക്കഥ









കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍നിന്ന് ഇ ശ്രീധരനെ പുറത്താക്കിയതിലൂടെ ലോകം ആദരിക്കുന്ന സാങ്കേതികവിദ്യാ വിദഗ്ധനോടുള്ള നെറികേടിന്റെ ചരിത്രം കോണ്‍ഗ്രസ്നേതൃത്വം ആവര്‍ത്തിച്ചു. നേരിനും നീതിക്കുമൊപ്പം നിന്നതിന്റെ പേരില്‍ ശ്രീധരന് കോണ്‍ഗ്രസില്‍നിന്ന് നേരത്തെയും ദുരനുഭവം ഉണ്ടായി. കൊച്ചിന്‍ കപ്പല്‍ശാല ആദ്യമായി നിര്‍മിച്ച റാണി പത്മിനി എന്ന കപ്പലിന്് എന്‍ജിന്‍ വാങ്ങാന്‍ സഞ്ജയ്ഗാന്ധി ഉണ്ടാക്കിയ വിദേശ കരാറിനോടുള്ള വിയോജിപ്പ്, അന്ന് കപ്പല്‍ശാലയുടെ സിഎംഡിയായിരുന്ന ശ്രീധരന്റെ സ്ഥാനം തെറിപ്പിച്ചു. 1979 ഒക്ടോബര്‍ 10 മുതല്‍ 1980 നവംബര്‍ അഞ്ചുവരെയാണ് ശ്രീധരന്‍ ഷിപ്പ്യാര്‍ഡ് സിഎംഡിയായിരുന്നത്. നാലുവര്‍ഷത്തേക്കു നിയമിതനായ അദ്ദേഹത്തിന് എന്‍ജിന്‍ വാങ്ങല്‍ കരാര്‍ തര്‍ക്കത്തിന്റെ പേരില്‍ കാലാവധി നീട്ടിനല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. എന്നാല്‍ , കുറഞ്ഞ സര്‍വീസ് കാലത്തുതന്നെ റാണി പത്മിനിയുടെ നിര്‍മാണം പൂര്‍ത്തീയാക്കി ശ്രീധരന്‍ ചരിത്രത്തിലിടം നേടി. മാസങ്ങളോളം വേറെ നിയമനം നല്‍കാതെ പകപോക്കിയ കേന്ദ്രം 1981 ജൂലൈ 24നു നടന്ന റാണി പത്മിനിയുടെ കമീഷനിങ്ങിലും ശ്രീധരനെ പങ്കെടുപ്പിച്ചില്ല. ശ്രീധരന്‍ ചുമതലയേല്‍ക്കുന്നതിന് വര്‍ഷങ്ങള്‍ മുമ്പെ റാണി പത്മിനിയുടെ നിര്‍മാണം തുടങ്ങിയിരുന്നെങ്കിലും പുരോഗതിയുണ്ടായില്ല. അദ്ദേഹം ചുമതലയേറ്റതോടെ പണി ദ്രുതഗതിയിലാക്കി. ഇതിനിടെ, കേന്ദ്രസര്‍ക്കാര്‍ ബ്രിട്ടനിലെ മാന്‍ എന്ന വന്‍കിട കമ്പനിയില്‍നിന്ന് എന്‍ജിന്‍ വാങ്ങാന്‍ കരാറിലെത്തിയിരുന്നു. റാണി പത്മിനി ഉള്‍പ്പെടെ ആദ്യ അഞ്ച് കപ്പലുകള്‍ക്ക് എന്‍ജിന്‍ വാങ്ങാനുള്ള കരാറിന്റെ ഇടനില സഞ്ജയ്ഗാന്ധിയുടെ നിയന്ത്രണത്തിലായിരുന്ന മാരുതി ഉദ്യോഗായിരുന്നു. മാന്‍ കമ്പനിയുടെ ഇന്ത്യയിലെ ഡീലറായിരുന്നു മാരുതി. ശ്രീധരന്‍ സിഎംഡിയായ ഉടന്‍ കരാര്‍ പരിശോധിച്ചു. ബ്രിട്ടനുമായുള്ള ഇടപാടില്‍ എന്‍ജിന്‍ വില അഞ്ചുകോടിയിലേറെ രൂപയാകുമായിരുന്നു. വന്‍ വിലക്കുറവില്‍ പോളണ്ടിലെ സള്‍ഫര്‍ എന്ന കമ്പനിയില്‍നിന്ന് ഇതേ നിലവാരമുള്ള എന്‍ജിന്‍ വാങ്ങാനാകുമെന്നു ശ്രീധരന്‍ മനസ്സിലാക്കി. രേഖാമൂലം കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തെ അറിയിച്ചു. ബ്രിട്ടീഷ് കരാറില്‍ ഉറച്ചുനിന്ന മന്ത്രാലയം മാരുതിയുടെ ഇടനിലയില്‍ എന്‍ജിന്‍ വാങ്ങി. എന്നാല്‍ , അവിടം കൊണ്ടും ശ്രീധരന്‍ തളര്‍ന്നില്ല. റാണി പത്മിനിക്കു പിന്നാലെ ഷിപ്പ്യാര്‍ഡ് നിര്‍മാണമാരംഭിച്ച 75,000 കേവ് ഭാരമുള്ള രത്നദ്വീപ്, മറാത്ത മജസ്റ്റി, മറാത്ത മിഷന്‍ എന്നീ കപ്പലുകളുടെ എന്‍ജിന് പോളണ്ട് കമ്പനിക്ക് കരാര്‍ നല്‍കി. തൊട്ടു പിന്നാലെ ശ്രീധരന്റെ കപ്പല്‍ശാല സേവനം അവസാനിപ്പിക്കാനുള്ള അറിയിപ്പ് കേന്ദ്രത്തില്‍നിന്നെത്തി. എന്നിട്ടും തന്റെ ടെക്നിക്കല്‍ അസിസ്റ്റന്റ് ഉണ്ണികൃഷ്ണനൊപ്പം ദിവസവും ഷിപ്പ്യാര്‍ഡിലെത്തി കപ്പല്‍നിര്‍മാണ പുരോഗതി വിലയിരുത്തുന്നത് ശ്രീധരന്‍ തുടര്‍ന്നതായി അക്കാലത്തെ ഷിപ്പ്യാര്‍ഡ് ഉദ്യോഗസ്ഥര്‍ ഓര്‍ക്കുന്നു. ശ്രീധരനെ പങ്കെടുപ്പിക്കാതിരുന്ന റാണി പത്മിനിയുടെ കമീഷനിങ്ങ് ചടങ്ങ് ഷിപ്പ്യാര്‍ഡ് യൂണിയനുകളും ബഹിഷ്കരിച്ചിരുന്നു. യൂണിയനുകള്‍ ചേര്‍ന്നു സംഘടിപ്പിച്ച ബദല്‍ ചടങ്ങില്‍ കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ നേതാവായിരുന്ന ഇന്നത്തെ കേന്ദ്രസഹമന്ത്രി കെ വി തോമസും ഉണ്ടായിരുന്നു.എം എസ് അശോകന്‍

No comments: