Monday, January 2, 2012

യുഡിഎഫിന്റെ കേന്ദ്ര വിധേയത്വം കേരളത്തിന് ദോഷമായി: പിണറായി


യുഡിഎഫിന്റെ കേന്ദ്ര വിധേയത്വം കേരളത്തിന് ദോഷമായി: പിണറായി

കൊല്ലം: യുഡിഎഫിന്റെ വിധേയത്വ രാഷ്ട്രീയം കേരളത്തിന് അര്‍ഹമായ പലതും നഷ്ടപ്പെടുത്തുകയാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ടി കൊല്ലം ജില്ലാ സമ്മേളനം ഇ ബാലാനന്ദന്‍ നഗറില്‍ (സി കേശവന്‍ സ്മാരക ടൗണ്‍ഹാള്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ പോലും കേന്ദ്രസര്‍ക്കാര്‍ തള്ളുന്ന അവസ്ഥയാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷിതന്നെ കേരളത്തിലും അധികാരത്തില്‍ വന്നാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നായിരുന്നു പ്രചാരണം. പ്രധാനമന്ത്രിയെ കാണാന്‍ മൂന്നുനാലു ദിവസം കെട്ടിക്കിടക്കേണ്ട അവസ്ഥയാണ് ഉമ്മന്‍ചാണ്ടിക്ക്. അതേസമയം, ചിലരെ കാണാന്‍ പ്രധാനമന്ത്രി അങ്ങോട്ടു പോകുകയും ആവശ്യങ്ങള്‍ ചോദിച്ച് അറിയുകയും ചെയ്യുന്നു. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. കേരളത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് തരാന്‍ പോകുകയാണെന്നാണ് രണ്ടു മാസം മുമ്പ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍ , പാക്കേജും കൊണ്ട് ബംഗാള്‍ പോയി. കേരളത്തിനു കിട്ടിയത് വട്ടപ്പൂജ്യം. മെട്രോറെയില്‍ പദ്ധതിക്കായി മുംബൈയ്ക്ക് 471 കോടി രൂപയും ഹൈദരാബാദിന് 1458 കോടിയും ചെന്നൈയ്ക്ക് 2190 കോടിയും ബംഗളൂരുവിന് 1634 കോടിയും നല്‍കി. അതേ സമയം, കൊച്ചി മെട്രോയ്ക്ക് അംഗീകാരം തരാന്‍പോലും കേന്ദ്രം തയ്യാറായില്ല. ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പദ്ധതി വരാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുപരിധി വരെ കാര്യങ്ങള്‍ ചെയ്തതാണ്. എന്നാല്‍ , പദ്ധതി ഇന്ന് അട്ടിമറിക്കുകയാണ്. കാര്യക്ഷമത തെളിയിച്ച പൊതുമേഖലാ സ്ഥാപനമായ ഡിഎംആര്‍സിക്ക് ടെന്‍ഡര്‍ ഇല്ലാതെ കരാര്‍ നല്‍കാമെന്നിരിക്കെ ആഗോള ടെന്‍ഡര്‍ വിളിക്കാനാണ് നീക്കം. വഴിവിട്ട കാര്യങ്ങള്‍ നടത്താനുള്ള ദുര്‍മോഹികളാണ് ഇതിനു പിന്നില്‍ . ഇതില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള ഭരണപക്ഷത്തിലെ ആരെല്ലാം എന്നേ ഇനി പുറത്തുവരാനുള്ളൂ.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അവസ്ഥയിലേക്ക് നാട് തിരിച്ചു പോകുകയാണ്. കൊള്ളയും കൊള്ളിവയ്പും കൊലപാതകങ്ങളും വ്യാപകമാകുന്നു. സാധാരണ സര്‍ക്കാര്‍ ജീവനക്കാരന്റെ സ്ഥലംമാറ്റത്തില്‍ പോലും വ്യാപക അഴിമതി നടക്കുന്നു. ഭൂപരിഷ്കരണം അട്ടിമറിക്കാനുള്ള വലിയ ശ്രമമാണ് നടക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാനിരുന്ന 5751 കോടിയുടെ പദ്ധതികള്‍ അട്ടിമറിച്ചു. ലോഡ് ഷെഡിങ് പ്രഖ്യാപിച്ചു കഴിഞ്ഞു. പവര്‍ കട്ട് പിന്നാലെ വരും. തീവ്രവാദികളുടെ അടക്കം ഇടപെടലുണ്ടായെന്ന് സംശയിക്കുന്ന കാസര്‍കോട് അക്രമത്തില്‍ അന്വേഷണം ഇല്ലാതാക്കിയ ലീഗിന്റെ നടപടി ഒരു രാഷ്ട്രീയ പാര്‍ടിക്ക് ചേര്‍ന്നതല്ല. തീവ്രവാദ ശക്തികളെ പിന്തുണയ്ക്കുന്ന നയമാണ് ലീഗിന്റേതെന്നും പിണറായി പറഞ്ഞു.

No comments: