Thursday, October 22, 2009

കോഴിക്കോടിന്റെ രാമേട്ടന്‍

കോഴിക്കോടിന്റെ രാമേട്ടന്‍


പ്രമുഖ പത്രപ്രവര്‍ത്തകനായ കോഴിക്കോടിന്റെ രാമേട്ടനായിരുന്ന തെരുവത്ത് രാമന്റെ നിര്യാണം പത്രലോകത്തിനും സമൂഹത്തിനാകെയും തീരാനഷ്ടമാണ്. രാമേട്ടന് 93 വയസ്സായിരുന്നുവെന്നത് ദുഃഖത്തിന് ഇളവുനല്‍കുന്നതല്ല. കോഴിക്കോട്ടെ സാമൂഹ്യ സാംസ്കാരികമേഖലയില്‍ നിറസാന്നിധ്യമായിരുന്നു രാമേട്ടന്‍. വരുംതലമുറയ്ക്ക് പഠിക്കാന്‍ തന്റെ മൃതദേഹം മെഡിക്കല്‍കോളേജിന് നല്‍കണമെന്ന സുചിന്തിതമായ ആഗ്രഹം തന്നെ ആ ജീവിതം ജനങ്ങള്‍ക്കായി ഉഴിഞ്ഞുവച്ചതായിരുന്നുവെന്നതിനു മികച്ച ഉദാഹരണമാണ്. അന്യര്‍ക്ക് വെളിച്ചം നല്‍കാന്‍ തന്റെ കണ്ണുകളും ദാനം ചെയ്തു. ആരെയും ആകര്‍ഷിക്കുന്നതായിരുന്നു രാമേട്ടന്റെ വിനയം നിറഞ്ഞ പെരുമാറ്റം. മിതഭാഷിയായ രാമേട്ടന്‍ സദസ്സിലെത്തിയാല്‍ തന്റെ സാന്നിധ്യം മറ്റുള്ളവരെ അറിയിക്കാനൊന്നും ഒരുമ്പെടാറില്ല. എന്നാല്‍, ശയ്യാവലംബിയാകുംവരെ അനാരോഗ്യം അവഗണിച്ചുകൊണ്ടുതന്നെ എത്തേണ്ടിടത്തൊക്കെ എത്തിയിരിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. പ്രദീപം എന്ന സായാഹ്നപത്രത്തിന്റെ പത്രാധിപര്‍ എന്ന നിലയിലാണ് രാമേട്ടന്‍ പത്രലോകത്ത് സുപരിചിതനായത്. സായാഹ്നപത്രം അക്കാലത്ത് പുതിയ പരീക്ഷണമായിരുന്നു. മലയാള പത്രപ്രവര്‍ത്തനമേഖലയില്‍ സായാഹ്നപത്രത്തിന് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത് രാമേട്ടനാണെന്നു പറയാം. 1957 നവംബര്‍ ഏഴിനു റഷ്യന്‍ വിപ്ളവദിനത്തിലാണ് പ്രദീപത്തിന്റെ തുടക്കം. 1994ല്‍ ഉടമാവകാശം ഒഴിയുംവരെ അതിന്റെ പത്രാധിപരായിരുന്ന രാമേട്ടന്‍ ആദ്യന്തം പുരോഗമന ആശയത്തോടും പ്രസ്ഥാനത്തോടും ആഭിമുഖ്യം പുലര്‍ത്തിപ്പോന്നു. കാഹളം ദ്വൈവാരിക ആരംഭിച്ചുകൊണ്ടാണ് പത്രപ്രവര്‍ത്തനരംഗത്ത് കാലെടുത്തുവച്ചത്. സ്വാതന്ത്യ്രസമരകാലത്തെഴുതിയ മുഖപ്രസംഗത്തിന്റെ പേരില്‍ ആറുമാസം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു. ഉത്തരവാദഭരണ പ്രക്ഷോഭത്തെ അനുകൂലിച്ച് ലേഖനമെഴുതിയതിന്റെ പേരില്‍ 'ഭാരതി' എന്ന ആഴ്ചപ്പതിപ്പിന്റെ പ്രസിദ്ധീകരണം നിരോധിക്കപ്പെട്ടു. ഭാരതിയുടെ പ്രസിദ്ധീകരണം നി­ല­ച്ച­തി­നെ­തു­ടര്‍­ന്നാണ് മലയാളത്തിലെ ആദ്യത്തെ സായാഹ്ന പത്രമായ പ്രദീപം ആരം­ഭിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ കാലം അതിന്റെ പത്രാധിപരായിരു­ന്നു. ചെറൂട്ടിനഗര്‍ പൂര്‍ണിമയിലായിരുന്നു താമസം.ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍­സ്റ്റിറ്റിയൂട്ട്, ഓള്‍ ഇന്ത്യാ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്‌­സ് കോണ്‍ഫറന്‍സ് സ്റ്റാന്‍ഡിങ് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. പ്രസ്സ് അക്കാദമി സ്ഥാപക കമ്മിറ്റി അംഗം, സ്‌­മോള്‍ ന്യൂസ്‌­പേപ്പര്‍ അസോസിയേഷന്‍ പ്രസിഡന്റ്, ഇന്ത്യന്‍ സ്‌­മോള്‍ ആന്‍ഡ് മീഡിയം ന്യൂസ്‌­പേപ്പേഴ്‌­സ് അസോസിയേഷന്‍ വൈസ്പ്രസിഡന്റ്, സ്‌റ്റേറ്റ് അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗം, പ്രസ് അഡൈ്വസറി കമ്മിറ്റി അംഗം, നോണ്‍ ജേര്‍ണലിസ്റ്റ് തൊഴില്‍ ബന്ധ കമ്മിറ്റി അംഗം, സെന്‍ട്രല്‍ കോര്‍പ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, സഹകരണ ഭൂപണയ ബാങ്ക് ഡയറക്ടര്‍, സീനിയര്‍ സിറ്റിസണ്‍ സ്ഥാപക പ്രസിഡന്റ് തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കേസരി അവാര്‍ഡ്, ചെറുകിട പത്രങ്ങളുടെ പ്രിന്റിങ്ങിനും ലേ ഔട്ടിനും ഉള്ള പ്രത്യേക അവാര്‍ഡ്, ജെയന്റ്‌­സ് ഔട്ട്സ്റ്റാന്‍ഡിങ് പേഴ്‌­സണാലിറ്റി അവാര്‍ഡ്, കൊറിയന്‍ പ്രസ് സെന്ററിന്റെ വിശിഷ്ടാംഗത്വം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
അറിയപ്പെടുന്ന ഗ്രന്ഥകര്‍ത്താവ് കൂടിയായിരുന്നു രാമേട്ടന്‍. സുപ്രഭാതം, നെടുവീര്‍പ്പ്, ജയ്ഹിന്ദ്, ബുദ്ധചരിതം, ഓര്‍മയുടെ നിറങ്ങള്‍, നേതാജി, ജയപ്രകാശ് തുട­ങ്ങി­ പു­സ്­ത­ക­ങ്ങള്‍ ര­ചി­ച്ചി­ട്ടുണ്ട്.
ഭാര്യ: ശിവശങ്കരി മക്കള്‍: ഷീല, സോനില. മരുമക്കള്‍: സുരേഷ് (കുവൈത്ത്), വിനോദ്ബാബു (വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോട്).
ആ മഹാനുഭാവന്റെ നിര്യാണത്തില്‍ ഞങ്ങള്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

No comments: