Sunday, October 11, 2009

ആദിവാസി കോളനിയില്‍ കണ്ടത് അമ്പത് വര്‍ഷം മുമ്പുള്ള എന്റെ ജീവിതം

ആദിവാസി കോളനിയില്‍ കണ്ടത് അമ്പത് വര്‍ഷം മുമ്പുള്ള എന്റെ ജീവിതം . എ.കെ. ബാലന്‍

(വൈദ്യുതി^പട്ടികവിഭാഗവികസന മന്ത്രി)



അര നൂറ്റാണ്ട് മുമ്പ് ജീവിച്ച അവസ്ഥയിലേക്കുള്ള തിരിച്ചുപോക്കായിരുന്നു എനിക്ക് ആദിവാസി ഊര് സന്ദര്‍ശനം. വന്‍കിടക്കാര്‍ ഭൂമി കൈയേറിയതിനാല്‍ കുടിയിറക്കപ്പെട്ട ആദിവാസികളെ ഞാന്‍ കണ്ടു. അവര്‍ ഞാന്‍ തന്നെയായിരുന്നു. നാല് കുടിയിറക്ക് നേരിട്ടയാളാണ് ഇന്ന് പട്ടികജാതി^വര്‍ഗ മന്ത്രിയായ ഈ ഞാന്‍. കമ്യൂണിസ്റ്റുകാരും മുസ്ലിംലീഗുകാരും കോണ്‍ഗ്രസുകാരും എന്നെ കുടിയിറക്കി. കോഴിക്കോട് ജില്ലയിലെ തെക്കേ അമ്പലത്തായിരുന്നു ആദ്യം ഞങ്ങള്‍ താമസിച്ചിരുന്നത്. ഞാന്‍ അന്ന് മൂന്നാം ക്ലാസിലാണ്. ഇ.എം.എസ് സര്‍ക്കാര്‍ അധികാരമേറ്റ സമയം. 'പറ്റൂല്ല, ഇനി പറ്റൂല്ല, കുടിയിറക്കല് പറ്റൂല്ല. കിട്ടൂല്ല, ഇനി കിട്ടൂല്ല, പാട്ടവും പറയും ഇനി കിട്ടൂല്ല'^ആ സമയത്ത് മുഴങ്ങിക്കേട്ട ഇനിയും മറക്കാത്ത മുദ്രാവാക്യം. മൂന്നാംക്ലാസില്‍ പഠിക്കുന്ന ഞാന്‍ സ്കൂള്‍ വിട്ട് വരുമ്പോള്‍ കണ്ടത് ചട്ടിയും കോളാമ്പിയും എല്ലാം മുറ്റത്ത് കിടക്കുന്നതാണ്. അച്ഛനും അമ്മയും മഴയത്ത് ഇരിക്കുന്നു. രാവിലെ ഒരു കട്ടന്‍ ചായ മാത്രം കഴിച്ച് സ്കൂളിലേക്ക് പോയതാണ്. മഴയത്ത് വിറച്ച് ഞാനും അവര്‍ക്കൊപ്പം നിന്നു. പിന്നീട് തോടിന്റെ അപ്പുറം പാടത്തിന്റെ കരയില്‍ മറ്റൊരു സ്ഥലത്തേക്ക് ഞങ്ങള്‍ മാറി. ചാപ്പന്‍ നായരുകണ്ടി എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. അവിടെ നിന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ കുടിയിറക്കപ്പെട്ടു. പിന്നീട് നെടിയാണ്ടി, അവിടെ നിന്ന് പുലക്കുന്നത്ത്. പുലക്കുന്നത്ത് നിന്ന് കുടിയിറക്കപ്പെട്ടപ്പോഴാണ് പിന്നീട് ഇരുപത് സെന്റ് സ്ഥലം അച്ഛന്‍ പണിയെടുത്ത് വാങ്ങിയത്. അതിലാണ് പിന്നീട് ഞങ്ങള്‍ താമസിച്ചത്. അന്ന് എനിക്ക് മഴ പേടിയായിരുന്നു. മഴയത്തേക്ക് കുടിയിറക്കപ്പെട്ടതിന്റെ ദുഃഖം. മഴ പെയ്താല്‍ പിറ്റേ ദിവസം അച്ഛന് പണിയില്ല. പട്ടിണി. ഇപ്പോള്‍ ഞാന്‍ മഴ അനുഭവിക്കുന്നു, ആഗ്രഹിക്കുന്നു. വൈദ്യുതി മന്ത്രിയല്ലേ? ഡാമുകള്‍ നിറയട്ടേയെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മനുഷ്യര്‍ എങ്ങനെ മാറുന്നു. എന്റെ ഭാര്യ കര്‍ഷക തൊഴിലാളി യൂനിയന്‍നേതാവായിരുന്ന പി.കെ. കുഞ്ഞച്ചന്റെ മകളാണ്. പറയ സമുദായത്തില്‍പെട്ടവര്‍. എം.ബി.ബി.എസ് പാസായി. ഇന്ന് വലിയ ജോലിയുണ്ട്. സര്‍ക്കാറിലേക്ക് നികുതി കൊടുക്കുന്നു. പക്ഷേ, അമ്പത് കൊല്ലം മുമ്പുള്ള ജീവിതം ഞാന്‍ മറന്നിട്ടില്ല.ഭൂപരിഷ്കരണത്തിലൂടെ ദലിതര്‍ക്ക് പത്ത് സെന്റ് കിട്ടി. അവര്‍ ഒരിക്കലും ഭൂമിയുടെ ഉടമസ്ഥരായിരുന്നില്ലല്ലോ. പാട്ട കുടിയാന്മാര്‍ക്ക് അവരുടെ പാട്ടഭൂമി കിട്ടി. മിച്ചഭൂമി ദലിതര്‍ക്ക് കിട്ടുമെന്നായിരുന്നു പറഞ്ഞിരുന്നത്. അത് വേണ്ട രീതിയില്‍ നടന്നില്ല. അന്ന് കിട്ടിയ പത്ത് സെന്റില്‍ ഇപ്പോള്‍ മൂന്നും നാലും കുടുംബങ്ങളാണ്. മരിച്ചാല്‍ അടുക്കള പൊളിച്ച് സംസ്കരിക്കേണ്ട അവസ്ഥ. ആദിവാസികളുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. അവരുടെ ഭൂമി പലരും കൈയേറി. '99 ലെ ആദിവാസി ഭൂനിയമവും 2005 ലെ വനാവകാശ നിയമവും നടപ്പാക്കിയാല്‍ മാത്രമേ ഇനി ആദിവാസിക്ക് രക്ഷയുള്ളൂ. ഇതുകൂടി പരാജയപ്പെട്ടാല്‍ എന്തായിരിക്കും അവസ്ഥയെന്ന് പറയാന്‍ കഴിയില്ല. പൊതു സമൂഹം ആദിവാസികളുടെയും ദലിതരുടെയും പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യാന്‍ ഇനി വൈകരുത്. ഇടതുമുന്നണിയും സി.പി.എമ്മും ആദിവാസി^ദലിത് പ്രശ്നങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന പ്രചാരണം കുറച്ച് നാളായി പലരും നടത്തുന്നു. ഈ സാഹചര്യത്തിലാണ് ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. ഈ സര്‍ക്കാര്‍ വന്ന ശേഷം നിരവധി കാര്യങ്ങള്‍ ചെയ്തു. പ്ലാന്‍ ഫണ്ട് 97 ശതമാനം ചെലവഴിച്ചു. യു.ഡി.എഫ് 62 ശതമാനമാണ് ചെലവഴിച്ചത്. ഭൂട്ടാസിംഗ് തന്നെ പറഞ്ഞത് യു.ഡി.എഫ് കാലത്ത് പദ്ധതിവിഹിതത്തിന്റെ 70 ശതമാനം ലാപ്സാക്കിയെന്നാണ്. 41 കോടി രൂപയായിരുന്നു ദലിത്^ആദിവാസി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യ കുടിശãിക. അത് മുഴുവന്‍ കൊടുത്ത് തീര്‍ത്തു. ലംപ്സം ഗ്രാന്റും സ്റ്റൈപന്റും അമ്പത് ശതമാനം വര്‍ധിപ്പിച്ചു. മെട്രിക് ഹോസ്റ്റല്‍ അലവന്‍സും കുത്തനെ കൂട്ടി. ആദിവാസിവിദ്യാര്‍ഥികള്‍ക്ക് എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റിന് പ്രത്യേക പ്രവേശനപരീക്ഷ സംഘടിപ്പിച്ചു. സുപ്രീംകോടതിയുടെ അനുമതി വാങ്ങി ആദിവാസികള്‍ക്ക് മാത്രമായി സമ്പൂര്‍ണ വൈദ്യസഹായ പദ്ധതി രൂപവത്കരിച്ചു. എത്ര രൂപ ചെലവഴിക്കേണ്ടി വന്നാലും വിദഗ്ധചികില്‍സ സൌജന്യമാക്കി. വീട് നിര്‍മിക്കാനുള്ള തുക ഇരട്ടിയാക്കി. മിശ്ര വിവാഹ ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചു. വനാവകാശ നിയമം നടപ്പാക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചു. എങ്കിലും പ്രശ്നങ്ങള്‍ അവശേഷിക്കുന്നുണ്ട്. ഇത് മനസ്സിലാക്കുന്നതിനാണ് ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചത്.വയനാട്ടിലായിരുന്നു തുടക്കം. പ്രിയദര്‍ശിനി എസ്റ്റേറ്റിലെ അമ്പത് വീടുകള്‍ക്ക് തറക്കല്ല് ഇട്ടുകൊണ്ടാണ് ആരംഭിച്ചത്. ബേഗൂര്‍, പനവല്ലി, പെരുങ്കുളം, വെങ്ങലോട്, കുറ്റിയാംവയല്‍, ഇടിയംവയല്‍, മുട്ടില്‍മല, മുളഞ്ചിറ, ചീനേരി, മരിയനാട്, കല്ലുവയല്‍, കോട്ടത്തറ പൊയ്ക്കോളനി, പഞ്ചമി, കൈരളി, കുപ്പച്ചിക്കോളനി..... ഈ ഊരുകളെല്ലാം സന്ദര്‍ശിച്ചു.മറക്കാനാകാത്ത അനുഭവമായിരുന്നു അത്. ആദിവാസികള്‍ അവരില്‍ ഒരാളായി എന്നെ കണ്ടു. വെങ്ങലോട് കോളനിയില്‍ അണ്ണന്റെ വീട്ടിലാണ് ആദ്യ ദിവസം തങ്ങിയത്. അവിടെ ഭക്ഷണം കഴിച്ച് അവിടെത്തന്നെ കിടന്നു. നേരം വെളുത്തപ്പോഴേക്കും നൂറുകണക്കിന് ആദിവാസികള്‍ കാണാനായി വന്നു. അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി. പിറ്റേ ദിവസം കല്ലുവയല്‍ പണിയകോളനിയില്‍ താമസം. അവിടെ കുടിവെള്ളമില്ല. പമ്പ് ഹൌസിലേക്ക് മതിയായ വൈദ്യുതിയെത്തിക്കാനുള്ള സംവിധാനമില്ലാത്തതാണ് കാരണം. ട്രാന്‍സ്ഫോര്‍മറിന്റെ ശേഷി വര്‍ധിപ്പിച്ച് കുടിവെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിച്ചു. 2000 പരാതികളാണ് ആദിവാസികള്‍ നല്‍കിയത്. അതില്‍ 1500 ഉം ചികില്‍സാസഹായം ആവശ്യപ്പെട്ടായിരുന്നു. 30 ലക്ഷം രൂപ ഇതിന് ആദ്യഗഡുവായി അനുവദിച്ചിട്ടുണ്ട്. വൈദ്യുതീകരണത്തിന് മൂന്ന് കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചീങ്ങേരി ഫാമില്‍ 182 ഏക്കര്‍ തോട്ടം ആദിവാസി തൊഴില്‍ ഉന്നതിക്ക് മാറ്റിവെക്കാന്‍ തീരുമാനിച്ചു.മുളഞ്ചിറ കോളനിയില്‍ വെച്ചാണ് പ്ലസ്ടു പഠനം കഴിഞ്ഞ് സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ പഠനം നിര്‍ത്തേണ്ടിവന്ന കാട്ടുനായ്ക്കകോളനിയിലെ ഗീതയെന്ന കുട്ടിയെ കണ്ടത്. സഹകരണകോളജില്‍ ഈ കുട്ടിക്ക് പ്രവേശനം നല്‍കാനും ചീരാള്‍ ട്രൈബല്‍ ഹോസ്റ്റലില്‍ താമസമൊരുക്കാനും തീരുമാനമായി. പരാതികളില്‍ ജില്ലാ കലക്ടര്‍ക്ക് തീര്‍പ്പ് കല്‍പിക്കാന്‍ കഴിയുന്നത് കലക്ടര്‍ക്ക് നല്‍കിയ ശേഷം മറ്റ് പരാതികള്‍ പരിശോധിച്ച് വകുപ്പ് തലത്തില്‍ പരിഹരിക്കാന്‍ തീരുമാനമെടുത്തു.അട്ടപ്പാടിയിലെ ആദിവാസി ഊരുകളാണ് പിന്നീട് സന്ദര്‍ശിച്ചത്. അവിടെ ഏറ്റവും വലിയ പ്രശ്നം തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടതാണ്. പദ്ധതി ഇവിടെ ശരിയായ രീതിയില്‍ നടപ്പാക്കാനായിട്ടില്ല. 9359 ആദിവാസി കുടുംബങ്ങളാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ക്ക് നൂറ് ദിവസം തൊഴില്‍ നല്‍കുന്നതിന് പകരം 2006^'07 ല്‍ 112 കുടുംബങ്ങള്‍ക്കും 2007^'08 ^ല്‍ 1505 കുടുംബങ്ങള്‍ക്കും 2008^'09 ^ല്‍ 342 കുടുംബങ്ങള്‍ക്കുമാണ് തൊഴില്‍ കൊടുത്തത്. ആദിവാസി മേഖലയില്‍ തൊഴില്‍ നല്‍കാനുള്ള പദ്ധതി അവര്‍ക്ക് ഗുണകരമാകാത്തതിന്റെ ഉദാഹരണമായിരുന്നു ഇത്. കേരളം മോശമല്ലാതെ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന തൊഴിലുറപ്പ് പദ്ധതിയുടെ അവസ്ഥ ഇതാണെങ്കില്‍ അത് പരിതാപകരമാണ്. പട്ടയവും റേഷന്‍ കാര്‍ഡും ഇല്ലാത്തതാണ് ഭൂരിഭാഗം ആദിവാസികളുടെയും പരാതി. വീടുകളുടെ ദയനീയാവസ്ഥ മറ്റൊന്ന്. 6500 വീടുകള്‍ നിലവിലുണ്ട്. 2500 എണ്ണം അഹാഡ്സ് പുതുക്കി പണിതു. പുതുക്കി പണിയല്‍ സര്‍ക്കാറിന്റെ അജണ്ടയിലില്ല. പുതിയ വീട് കൊടുക്കാനുള്ള പദ്ധതിയേ ഉള്ളൂ. 4500 വീടുകള്‍ വാസയോഗ്യമേ അല്ല. പുതുക്കി പണിയാതെ രക്ഷയില്ല. 1229 കുടുംബങ്ങള്‍ വീടില്ലാത്തവരാണ്. ഇ.എം.എസ് ഭവനപദ്ധതിയില്‍ ഇവരെ ഉള്‍പ്പെടുത്തും. 850 വീടുകള്‍ക്ക് ഞാന്‍ തറക്കല്ലിട്ടു. 560 വീടുകള്‍ക്ക് ആദ്യഗഡു ധനസഹായം നല്‍കി. അവസാനം സന്ദര്‍ശിച്ച മൂലഗംഗല്‍ ഊരിലെ ശോച്യാവസ്ഥ ഊഹാതീതമാണ്. 54 ആദിവാസി കുടുംബങ്ങളാണ് ഇവിടെ. വീട് എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞ് വീഴാം. പട്ടികവര്‍ഗ ഫണ്ട് ഉപയോഗിച്ച് അടിയന്തരമായി വീട് നിര്‍മിച്ച് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരങ്കപ്പാടി മുതല്‍ മൂലഗംഗല്‍ വരെയുള്ള 15 കിലോമീറ്റര്‍ റോഡില്ല, വൈദ്യുതിയില്ല. കോളനിയിലും വൈദ്യുതിയില്ല. ഒരു രോഗം വന്നാല്‍, ആശുപത്രിയില്‍ എത്തിക്കാനുള്ള സംവിധാനമില്ല. വൈദ്യുതീകരണവും റോഡ് നിര്‍മാണവും അടിയന്തരമായി ചെയ്യേണ്ടതുണ്ട്. അട്ടപ്പാടി ആദിവാസി മേഖലയുടെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന് 4.32 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് ഇത് പൂര്‍ത്തിയാക്കും. ഗ്രാമീണ റോഡുകള്‍ ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് ചെയ്യുന്നില്ല. ഗ്രാമപഞ്ചായത്തും ഏറ്റെടുക്കുന്നില്ല. ഇതിനായി പുതിയ പദ്ധതി സര്‍ക്കാര്‍ അടിയന്തരമായി ആവിഷ്കരിക്കേണ്ടതുണ്ട്. അട്ടപ്പാടിയില്‍ ആദിവാസികളുടെ ജീവിതം ഒരു ചോദ്യ ചിഹ്നമാണ്. സന്ദര്‍ശനം കഴിഞ്ഞപ്പോള്‍ ആദിവാസികള്‍ എന്റെ കൈ പിടിച്ചു അവരുടെ ദുരിത ജീവിതത്തിന് മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയോടെ മുഖത്തേക്ക് നോക്കി. ആ മുഖങ്ങള്‍ മറക്കാനാകില്ല.വനാവകാശ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2157 അപേക്ഷകള്‍ കിട്ടി. 18000 ഏക്കര്‍ ഭൂമിയാണ് ആദിവാസികള്‍ക്ക് അവകാശപ്പെട്ടത്. വനാവകാശം, പട്ടയം, റേഷന്‍ കാര്‍ഡ്, വിദ്യാഭ്യാസം, വൈദ്യുതീകരണം ഈ രംഗത്തെല്ലാം നിരവധി കാര്യങ്ങള്‍ ഇനിയും ചെയ്യേണ്ടതുണ്ട്. വ്യാജമദ്യവും മയക്കുമരുന്നുമാണ് ആദിവാസി മേഖലയിലെ പ്രധാന സാമൂഹിക പ്രശ്നങ്ങള്‍. മദ്യവര്‍ജനത്തിനായി ആദിവാസികള്‍ക്കിടയില്‍ പ്രത്യേക പ്രചാരണം തന്നെ നടത്തേണ്ടതുണ്ട്.ആദിവാസികളുടെയും ദലിതുകളുടെയും ഭൂപ്രശ്നത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സര്‍ക്കാര്‍ മാത്രമല്ല, സമൂഹം തന്നെ ഇതിനായി രംഗത്തുവരണം. ജുഡീഷ്യറിയും ലെജിസ്ലേച്ചറും എക്സിക്യൂട്ടീവും ഇതിനായി യോജിച്ച് പ്രവര്‍ത്തിക്കണം. വിവിധ കോടതികളില്‍ മിച്ചഭൂമി കേസുകള്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്നു. 342 കേസുകളിലായി 13,000 ഏക്കറിന്റെ പ്രശ്നമാണ് ഹൈക്കോടതിയില്‍ തീര്‍പ്പാകാനുള്ളത്. 1436 കേസുകളിലായി 18600 ഏക്കര്‍ ഭൂമി പ്രശ്നമാണ് ട്രിബ്യൂണലില്‍ കിടക്കുന്നത്. ഇത് കൂടാതെ പലരും അനധികൃതമായി ആദിവാസി ഭൂമിയും സര്‍ക്കാര്‍ ഭൂമിയും കൈവശം വെച്ചിട്ടുണ്ട്. പ്ലാന്റേഷനുകള്‍ ഭൂമി കൈക്കലാക്കി. ഈ ഭൂമി അടിയന്തരമായി ഏറ്റെടുക്കുകയും വിതരണം ചെയ്യുകയും ചെയ്താല്‍ മാത്രമേ ആദിവാസി^ദലിത് ഭൂപ്രശ്നം പരിഹരിക്കാന്‍ കഴിയൂ.ആദിവാസി^ദലിത് വിഭാഗങ്ങളുടെ കേരളത്തിലെ സാമൂഹിക^സാമ്പത്തിക^രാഷ്ട്രീയ അവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂരിലെ 'കില'യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ആദിവാസികളുടെ സാമൂഹിക അവസ്ഥ വ്യക്തമാക്കും. ട്രൈബല്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ആറളത്ത് ഭൂമി കൊടുത്തു. വീട് നിര്‍മാണം കുറച്ച് നിര്‍മിതിയെ ഏല്‍പിച്ചു. നിരവധി വീടുകളുടെ നിര്‍മാണം ആരംഭിക്കാനുണ്ട്. ഇതിന് ഏജന്‍സിയെ കിട്ടിയിട്ടില്ല. സന്നദ്ധസംഘടനകള്‍ രംഗത്ത് വന്നാല്‍ സര്‍ക്കാര്‍ യോജിക്കാന്‍ തയാറാണ്. ആറളത്തെ വീട് നിര്‍മാണം പൂര്‍ത്തീകരിക്കല്‍ അടിയന്തരപ്രാധാന്യം അര്‍ഹിക്കുന്നതാണ്. വനാവകാശ നിയമം നടപ്പാക്കുന്നതിന് പകരം ആദിവാസികളെ വനംവകുപ്പ് പുറത്താക്കുന്ന പ്രവണത ഉണ്ടായിരുന്നു. ഈ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പട്ടികജാതി^വര്‍ഗ വകുപ്പും റവന്യൂ^വനം വകുപ്പുകളും സംയുക്തമായി യോഗം ചേര്‍ന്നു. ഊര് അടിസ്ഥാനത്തില്‍ രൂപവത്കരിക്കുന്ന കമ്മിറ്റിക്ക് മുമ്പില്‍ ആദിവാസി നല്‍കുന്ന അപേക്ഷ ഒരു വകുപ്പും ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.ആഗോളീകരണ ഭാഗമായുള്ള സ്വാശ്രയ വിദ്യാഭ്യാസ നയങ്ങള്‍ ആദിവാസി^ദലിത് മേഖലയുടെ മുന്നോട്ടുപോക്കിന് തിരിച്ചടിയായിരിക്കുകയാണ്. ഗവ. സ്ഥാപനങ്ങളില്‍ മാത്രമല്ല, എയ്ഡഡ് സ്ഥാപനങ്ങളിലും സ്വയംഭരണ സ്ഥാപനങ്ങളിലും ഉദ്യോഗ സംവരണം അടക്കം നടപ്പാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ വരും നാളുകളില്‍ ദലിത്^ആദിവാസിവിഭാഗങ്ങള്‍ വലിയ രീതിയില്‍ പിന്നാക്കംതള്ളപ്പെടും.മുത്തങ്ങ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. ആദിവാസികളും സര്‍ക്കാറും തമ്മിലുള്ള കേസില്‍ ആദിവാസികള്‍ക്ക് സഹായകമായ സമീപനം സ്വീകരിക്കുകയെന്നതാണ് ഇടത് സര്‍ക്കാറിന്റെ നിലപാട്. സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നത് ഉപയോഗിച്ച് സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്ന് തുടങ്ങിയിട്ടുണ്ട്. വര്‍ക്കലയിലെ സംഭവവികാസങ്ങള്‍ അതാണ്. ഈ സാഹചര്യത്തിലാണ് ദലിത്^ആദിവാസി പ്രശ്നങ്ങളില്‍ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും സവിശേഷ ശ്രദ്ധ പതിയേണ്ടത്.

തയാറാക്കിയത് പി.കെ. പ്രകാശ്

1 comment:

ജനശബ്ദം said...

ആദിവാസി കോളനിയില്‍ കണ്ടത് അമ്പത് വര്‍ഷം മുമ്പുള്ള എന്റെ ജീവിതം
എ.കെ. ബാലന്‍ (വൈദ്യുതി^പട്ടികവിഭാഗവികസന മന്ത്രി)

അര നൂറ്റാണ്ട് മുമ്പ് ജീവിച്ച അവസ്ഥയിലേക്കുള്ള തിരിച്ചുപോക്കായിരുന്നു എനിക്ക് ആദിവാസി ഊര് സന്ദര്‍ശനം. വന്‍കിടക്കാര്‍ ഭൂമി കൈയേറിയതിനാല്‍ കുടിയിറക്കപ്പെട്ട ആദിവാസികളെ ഞാന്‍ കണ്ടു. അവര്‍ ഞാന്‍ തന്നെയായിരുന്നു. നാല് കുടിയിറക്ക് നേരിട്ടയാളാണ് ഇന്ന് പട്ടികജാതി^വര്‍ഗ മന്ത്രിയായ ഈ ഞാന്‍. കമ്യൂണിസ്റ്റുകാരും മുസ്ലിംലീഗുകാരും കോണ്‍ഗ്രസുകാരും എന്നെ കുടിയിറക്കി. കോഴിക്കോട് ജില്ലയിലെ തെക്കേ അമ്പലത്തായിരുന്നു ആദ്യം ഞങ്ങള്‍ താമസിച്ചിരുന്നത്. ഞാന്‍ അന്ന് മൂന്നാം ക്ലാസിലാണ്. ഇ.എം.എസ് സര്‍ക്കാര്‍ അധികാരമേറ്റ സമയം. 'പറ്റൂല്ല, ഇനി പറ്റൂല്ല, കുടിയിറക്കല് പറ്റൂല്ല. കിട്ടൂല്ല, ഇനി കിട്ടൂല്ല, പാട്ടവും പറയും ഇനി കിട്ടൂല്ല'^ആ സമയത്ത് മുഴങ്ങിക്കേട്ട ഇനിയും മറക്കാത്ത മുദ്രാവാക്യം. മൂന്നാംക്ലാസില്‍ പഠിക്കുന്ന ഞാന്‍ സ്കൂള്‍ വിട്ട് വരുമ്പോള്‍ കണ്ടത് ചട്ടിയും കോളാമ്പിയും എല്ലാം മുറ്റത്ത് കിടക്കുന്നതാണ്. അച്ഛനും അമ്മയും മഴയത്ത് ഇരിക്കുന്നു. രാവിലെ ഒരു കട്ടന്‍ ചായ മാത്രം കഴിച്ച് സ്കൂളിലേക്ക് പോയതാണ്. മഴയത്ത് വിറച്ച് ഞാനും അവര്‍ക്കൊപ്പം നിന്നു. പിന്നീട് തോടിന്റെ അപ്പുറം പാടത്തിന്റെ കരയില്‍ മറ്റൊരു സ്ഥലത്തേക്ക് ഞങ്ങള്‍ മാറി. ചാപ്പന്‍ നായരുകണ്ടി എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. അവിടെ നിന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ കുടിയിറക്കപ്പെട്ടു. പിന്നീട് നെടിയാണ്ടി, അവിടെ നിന്ന് പുലക്കുന്നത്ത്. പുലക്കുന്നത്ത് നിന്ന് കുടിയിറക്കപ്പെട്ടപ്പോഴാണ് പിന്നീട് ഇരുപത് സെന്റ് സ്ഥലം അച്ഛന്‍ പണിയെടുത്ത് വാങ്ങിയത്. അതിലാണ് പിന്നീട് ഞങ്ങള്‍ താമസിച്ചത്. അന്ന് എനിക്ക് മഴ പേടിയായിരുന്നു. മഴയത്തേക്ക് കുടിയിറക്കപ്പെട്ടതിന്റെ ദുഃഖം. മഴ പെയ്താല്‍ പിറ്റേ ദിവസം അച്ഛന് പണിയില്ല. പട്ടിണി. ഇപ്പോള്‍ ഞാന്‍ മഴ അനുഭവിക്കുന്നു, ആഗ്രഹിക്കുന്നു. വൈദ്യുതി മന്ത്രിയല്ലേ? ഡാമുകള്‍ നിറയട്ടേയെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മനുഷ്യര്‍ എങ്ങനെ മാറുന്നു. എന്റെ ഭാര്യ കര്‍ഷക തൊഴിലാളി യൂനിയന്‍നേതാവായിരുന്ന പി.കെ. കുഞ്ഞച്ചന്റെ മകളാണ്. പറയ സമുദായത്തില്‍പെട്ടവര്‍. എം.ബി.ബി.എസ് പാസായി. ഇന്ന് വലിയ ജോലിയുണ്ട്. സര്‍ക്കാറിലേക്ക് നികുതി കൊടുക്കുന്നു. പക്ഷേ, അമ്പത് കൊല്ലം മുമ്പുള്ള ജീവിതം ഞാന്‍ മറന്നിട്ടില്ല.