Tuesday, March 15, 2011

1.കേരളത്തിന്റെ സര്‍‌വ്വതോന്മുഖ വികസനം ലക്ഷ്യമാക്കുന്ന ഇടതുമുന്നണി പ്രകടന പത്രിക.

1.കേരളത്തിന്റെ സര്‍‌വ്വതോന്മുഖ വികസനം ലക്ഷ്യമാക്കുന്ന ഇടതുമുന്നണി പ്രകടന പത്രിക.1

അഴിമതിരഹിത ജനപക്ഷ വികസനം1. ദേശീയ രാഷ്ട്രീയവും 13-ആം കേരള നിയമസഭാ തെരഞ്ഞെടുപ്പും


2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായൊരു ദേശീയ രാഷ്ട്രീയ പശ്ചാത്തലമാണ് 13-ാം കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ളത്. അന്ന് ബി.ജെ.പിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിനായി ഇടതുപക്ഷം യു.പി.എ സര്‍ക്കാരിനെ പിന്തുണച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മതനിരപേക്ഷതയ്ക്കും ന്യൂനപക്ഷാവകാശ പ്രതിബദ്ധതയ്ക്കും ഉത്തമ നിദര്‍ശനമായിരുന്നു സംസ്ഥാനത്തെ രാഷ്ട്രീയ ശത്രുക്കളുടെ ഒരു കേന്ദ്രസര്‍ക്കാരിനെ പിന്താങ്ങിയ ഈ നിലപാട്. എന്നാല്‍, കോണ്‍ഗ്രസ്സിന്റെ അമേരിക്കന്‍ വിധേയത്വവും ജനവിരുദ്ധ നയങ്ങളും മൂലം ഇടതുപക്ഷം ആ പിന്തുണ പിന്‍വലിച്ചു. ഒരു അവസരവാദ കൂട്ടുകെട്ടിന്റെ പിന്തുണയോടെ ഇന്ന് കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്ന രണ്ടാം യു.പി.എ സര്‍ക്കാരാവട്ടെ കൂടുതല്‍ തീവ്രതയോടെ ആഗോളവല്‍ക്കരണ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുകയാണ്.രണ്ടാം യുപിഎ സര്‍ക്കാര്‍ അമേരിക്കന്‍ വിധേയത്വ നയമാണ് നിര്‍ലജ്ജം പിന്തുടരുന്നത്. ആണവക്കരാര്‍ അമേരിക്കയുമായുളള തന്ത്രപരമായ സൈനിക ബന്ധത്തിന്റെ തുടക്കമായിരുന്നു. അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി ധനകാര്യമേഖലയില്‍ ആഗോളവത്കരണ പരിഷ്‌കാരങ്ങള്‍ പൂര്‍വാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടുപോവുകയാണ്. ചരക്കുകളുടെ കാര്യത്തിലെന്നപോലെ ധനകാര്യത്തിലും ഇന്ത്യയെ ഒരു തുറന്ന സമ്പദ്ഘടനയാക്കുകയാണ് ഈ നടപടികളുടെ ലക്ഷ്യം. കോര്‍പ്പറേറ്റുകള്‍ക്ക് ഭീമമായ നികുതി ഇളവുകള്‍ പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വരുമാന നഷ്ടം നികത്താന്‍ പൊതുമേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണ്. ഇവയെല്ലാം സ്വാശ്രയത്വത്തിന് മാത്രമല്ല, രാഷ്ട്രപരമാധികാരത്തിനു തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു.കേന്ദ്രനയങ്ങള്‍ രൂക്ഷമായ വിലക്കയറ്റത്തിലേയ്ക്കും ജനജീവിതദുരിതത്തിലേയ്ക്കും നയിച്ചിരിക്കുകയാണ്. കാര്‍ഷിക നിക്ഷേപത്തിലുണ്ടായ ഇടിവു മൂലം ഉല്‍പാദനം മുരടിച്ചു നില്‍ക്കുന്നതും ഇടത്തട്ടുകാരുടെയും ഊഹക്കച്ചവടക്കാരുടെയും തിരിമറികളും ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ദ്ധനയ്ക്ക് ഇടയാക്കിരിക്കുന്നു. കേന്ദ്രസര്‍ക്കാരാകട്ടെ, വില നിയന്ത്രിക്കുന്നതിന് പൊതുവിതരണ സമ്പ്രദായം ഉപയോഗപ്പെടുത്താന്‍ വിസമ്മതിക്കുകയാണ്. എണ്ണവില തുടര്‍ച്ചയായി ഉയര്‍ത്തുന്നത് ഭക്ഷ്യവിലക്കയറ്റം പൊതുവിലക്കയറ്റമായി മാറുന്നതിന് പ്രേരകമായിരിക്കുകയാണ്. കേന്ദ്ര ബജറ്റില്‍ വിലക്കയറ്റത്തെ തടയാന്‍ ഫലപ്രദമായ ഒരു നിര്‍ദ്ദേശവുമില്ല. ധനികര്‍ക്ക് 5.6 ലക്ഷം കോടി രൂപയുടെ നികുതിയിളവ് നല്‍കിയവര്‍ക്ക് ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനുള്ള 90,000 കോടി രൂപ കണ്ടെത്താനായിട്ടില്ല.
സ്വകാര്യവത്കരണം പൊതുസമ്പത്തിന്റെ കൊള്ളയായി മാറിയിരിക്കുന്നു. ഭരണത്തിന്റെ മേലുളള ദുസ്വാധീനമായിരിക്കുന്നു കോര്‍പറേറ്റുകളുടെ മത്സരശേഷിയുടെ പ്രധാനഘടകം. ഈ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഏറ്റവും ദുര്‍ഗന്ധം വമിക്കുന്ന അധ്യായമായി 2-ജി സ്‌പെക്ട്രം അഴിമതി മാറിയിട്ടുണ്ട്. കോര്‍പറേറ്റുകളാണ് രണ്ടാം യുപിഎ സര്‍ക്കാരിലെ മന്ത്രിമാരെപ്പോലും നിശ്ചയിച്ചതെന്ന് റാഡിയ ടേപ്പ് സംഭവം വെളിപ്പെടുത്തി. ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് വെട്ടിപ്പ്, എസ് ബാന്‍ഡ് (ഐ.എസ്.ആര്‍.ഒ) തിരിമറി, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ നിയമനം, ഭീമാകാരമായ കള്ളപ്പണത്തിനുള്ള സംരക്ഷണം ഇങ്ങനെ അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സുപ്രീംകോടതി വിധികള്‍ പ്രധാനമന്ത്രിയെപ്പോലും സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു.
ഈയൊരു സാഹചര്യത്തെ മുതലാക്കുന്നതിന് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ 2-ജി സ്‌പെക്ട്രമടക്കമുളള കുംഭകോണങ്ങളുടെ വേര് ബിജെപി ഭരണം വരെ ചെല്ലുന്നുണ്ട്. കര്‍ണാടക മുഖ്യമന്ത്രി യെഡ്യൂരപ്പയുടെ അഴിമതിയെ ബിജെപി നേതൃത്വത്തിനു ന്യായീകരിക്കേണ്ടി വന്നു. ഹിന്ദുത്വ വര്‍ഗീയവാദികള്‍ക്ക് ഭീകര പ്രവര്‍ത്തനങ്ങളുമായുളള ബന്ധം കോടതിയുടെ മുന്നിലെത്തിക്കഴിഞ്ഞു. കോണ്‍ഗ്രസില്‍ നിന്നു വ്യത്യസ്തമായ നയങ്ങളില്ലെന്നു മാത്രമല്ല, കോണ്‍ഗ്രസിന്റെ അഴിമതി പാരമ്പര്യവും ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. ഭീകര പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഭീഷണമായിക്കൊണ്ടിരിക്കുമ്പോള്‍ ബിജെപിയുടെ ബന്ധുക്കള്‍ക്ക് ഇവയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. ബിജെപി ഒന്നുകൊണ്ടും കോണ്‍ഗ്രസിനു ബദലല്ല.
ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയര്‍ത്തുന്ന ബദല്‍ പ്രസക്തമായി തീരുന്നത്. സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ഉത്തമതാല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുളള ബദല്‍ നയം ആവിഷ്‌കരിക്കുന്നതിന് ശക്തമായ പരിമിതികളുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് അവഗണനാ മനോഭാവമാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 3.2 ശതമാനം കേരളത്തിലാണെങ്കിലും കേന്ദ്ര നികുതി വിഹിതത്തില്‍ നമ്മുടെ ഓഹരി 2.6 ശതമാനം മാത്രമാണ്. കേരളത്തിലെ കേന്ദ്ര നിക്ഷേപം 2.6 ശതമാനമാണ്. എന്നാല്‍ ഈ പരിമിതികള്‍ക്കുളളില്‍ നിന്നു കൊണ്ട് ഓരോ മേഖലയിലും യുഡിഎഫിന്റേതില്‍ നിന്ന് വ്യത്യസ്തമായ നയസമീപനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു വെയ്ക്കുന്നത്.
കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന യാഥാസ്ഥിക ധനനയങ്ങള്‍ക്കുപകരം വികസനോന്മുഖ ധനനയം സ്വീകരിച്ചു. വികസന-ക്ഷേമ ചെലവുകള്‍ വെട്ടിച്ചുരുക്കാതെ വരുമാനം വര്‍ദ്ധിപ്പിച്ചുകൊണ്ട് കമ്മി കുറച്ചു. അഞ്ചുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ ചെലവ് ഇരട്ടിയായി. നികുതി വരുമാനമാകട്ടെ ഏതാണ്ട് 7000 കോടി രൂപയില്‍നിന്ന് 16000 കോടി രൂപയായി ഇരട്ടിയിലേറെ ഉയര്‍ന്നു. റോഡ് നിര്‍മ്മാണം പോലുള്ള മൂലധന ചെലവിനായി വായ്പ എടുക്കുന്നത് തെറ്റാണെന്ന് കേരളത്തിലെ ബദല്‍ ധനനയം കാണുന്നില്ല. കടഭാരത്തെ അളക്കുന്നത് വായ്പയുടെ വലുപ്പം നോക്കിയല്ല. മറിച്ച് അത് തിരിച്ചടയ്ക്കാനുള്ള സമ്പദ്ഘടനയുടെ ശേഷിയുടെ അഥവാ വലുപ്പത്തിന്റെ അടിസ്ഥാനത്തിലാവണം. കേരള സമ്പദ്ഘടന വേഗതയില്‍ വളര്‍ന്നതുകൊണ്ട് കടഭാരത്തിന്റെ തോത് കുറയുകയാണ് ഉണ്ടായത്.
കാര്‍ഷികമേഖലയില്‍ സ്വതന്ത്രവ്യാപാര കരാറുകളെ കേരളം ശക്തിയുക്തം എതിര്‍ത്തു. ആസിയാന്‍ കരാറിന്റെ ആപത്ത് നാം അഭിമുഖീകരിക്കാന്‍ പോവുന്നതേ ഉള്ളൂ. കരാര്‍ കൃഷിക്കും മറ്റും ബദലായി കര്‍ഷക കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് പിന്തുടര്‍ന്നത്. ഭക്ഷ്യ ആവശ്യങ്ങള്‍ കമ്പോളം പരിഹരിക്കും എന്നതിന് പകരം ഭക്ഷ്യസുരക്ഷയിലാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഊന്നുന്നത്.
വ്യവസായ മേഖലയില്‍ പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിന് പകരം ശക്തിപ്പെടുത്തുന്ന ബദല്‍ നയം എല്‍.ഡി.എഫ് നടപ്പിലാക്കി. വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിന് കേരളം വിസമ്മതിച്ചു. ദേശീയപാതാ നിര്‍മ്മാണത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ടോളിന് പകരം ഭാവി വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വായ്പ എടുത്ത് റോഡ് വികസനത്തിന് സമഗ്ര റോഡ് പദ്ധതി ആവിഷ്‌കരിച്ചു.കേരളത്തിലെ പൊതുവിതരണത്തെ സംരക്ഷിച്ചും നിരന്തരവും ശക്തവുമായ കമ്പോള ഇടപെടലിന്റെ ഭാഗമായും വിലക്കയറ്റത്തില്‍ നിന്ന് ഒരു പരിധി വരെ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിഞ്ഞു. കേന്ദ്ര ലേബര്‍ ബ്യൂറോയുടെ കണക്കനുസരിച്ച് കേരളം വിലക്കയറ്റത്തില്‍ 17-ാം സ്ഥാനത്താണ്.
ആരോഗ്യ-വിദ്യാഭ്യാസമേഖലയില്‍ പൊതുസംവിധാനം ശക്തിപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ അര്‍ഹരെപോലും പുറന്തള്ളുന്ന ബി.പി.എല്‍ ലിസ്റ്റിനു പകരം ബദല്‍ ബി.പി.എല്‍ ലിസ്റ്റിന് രൂപം നല്‍കി. ആരോഗ്യ ഇന്‍ഷ്വറന്‍സ് പൊതു ആരോഗ്യവുമായി ബന്ധപ്പെടുത്തിയാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ആന്ധ്രയിലെ തകര്‍ന്നുകിടക്കുന്ന മൈക്രോഫിനാന്‍സ് മാതൃകയ്ക്കു കേരളത്തിലെ കുടുംബശ്രീ ഒരു ബദലാണ്. അധികാരവികേന്ദ്രീകരണത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നത് കേരളമാണ്. കോണ്‍ഗ്രസ് സര്‍ക്കാരിനെപ്പോലെ ഭരണപരിഷ്‌കാരമായി ഇതിനെ കാണുന്നതിനു പകരം താഴെ തട്ടില്‍നിന്നുള്ള ജനകീയ പ്രസ്ഥാനമായിട്ടാണ് ഇതിനെ സംഘടിപ്പിച്ചത്. ലോകബാങ്ക് ആവിഷ്‌കരിച്ച അധികാരവികേന്ദ്രീകൃത മാതൃകയില്‍നിന്ന് കേരളത്തിന്റെ സംഭാവന തികച്ചും വ്യത്യസ്തമാണ്.
ഇപ്രകാരം ഓരോ മേഖലയിലും ജനകീയ ബദലിന് രൂപം നല്‍കാനാണ് ശ്രമിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യ-സാമ്പത്തിക നീതിയും ഒന്നിച്ചുകൊണ്ടുപോകുന്ന കേരള വികസന മാതൃകയ്ക്ക് രൂപം നല്‍കി. അനിയന്ത്രിതമായ കമ്പോളവല്‍ക്കരണമാണ് വികസന മാര്‍ഗം എന്ന ധാരണ കേരളം തിരുത്തുകയാണ്.
2. വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ട്...
അഞ്ചുവര്‍ഷം മുമ്പ് സമ്മതിദായകര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ക്ഷേമപെന്‍ഷന്‍ 200 രൂപയാക്കുമെന്ന് പറഞ്ഞു. എന്നാല്‍ അത് 400 രൂപയായി ഉയര്‍ത്തി. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യവിലയ്ക്ക് റേഷന്‍ നല്‍കുമെന്നു പ്രഖ്യാപിച്ചു. എന്നാല്‍ എല്ലാവര്‍ക്കും രണ്ടുരൂപയ്ക്ക് അരി നല്‍കാന്‍ തീരുമാനിച്ചു. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെക്കുറിച്ചേ പ്രകടനപത്രികയില്‍ പരാമര്‍ശമുണ്ടായിരുന്നുളളൂ. എന്നാല്‍ അത് നഗരങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു. പരമ്പരാഗത മേഖലയില്‍ വരുമാനമുറപ്പു പദ്ധതിയും ആവിഷ്‌കരിച്ചു. എല്ലാവര്‍ക്കും വീട് എന്ന സങ്കല്‍പം ഇഎംഎസ് പാര്‍പ്പിട പദ്ധതിയിലൂടെയും എം.എന്‍ ലക്ഷംവീട് പദ്ധതിയിലൂടെയും പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. പാവപ്പെട്ടവരുടെ എല്ലാ ഭവനവായ്പകളും എഴുതിത്തളളി. പ്രകടനപത്രികയില്‍ പറഞ്ഞതുപോലെ എല്ലാ വീട്ടിലും വെളിച്ചവും കക്കൂസും ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചു.
നെല്ലിന്റെ സംഭരണവില വര്‍ദ്ധിപ്പിക്കുമെന്നു മാത്രമേ പറഞ്ഞിരുന്നുളളൂ. എന്നാല്‍ 7 രൂപയില്‍ നിന്ന് 14 രൂപയായി, ഇരട്ടിയായി, വര്‍ദ്ധിപ്പിച്ചു. കടാശ്വാസം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിലെ ഒരു പ്രധാന ഇനമായിരുന്നു. കേന്ദ്ര കടാശ്വാസ പ്രഖ്യാപനത്തിനു മുന്നേ തന്നെ കാര്‍ഷിക കടാശ്വാസ കമ്മിഷനു കേരള സര്‍ക്കാര്‍ രൂപം നല്‍കി. മത്സ്യത്തൊഴിലാളികള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കും കടാശ്വാസം പ്രഖ്യാപിച്ചു.വില്‍പന നിര്‍ത്തിവെച്ച് പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുമെന്ന് പറഞ്ഞപ്പോള്‍ 96 കോടി രൂപ നഷ്ടം വരുത്തിയ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ 300 കോടിയിലേറെ ലാഭം സൃഷ്ടിക്കുന്നവയായി മാറുമെന്ന് എത്രപേര്‍ ചിന്തിച്ചിട്ടുണ്ടാകും! എട്ടു പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരംഭിച്ചു എന്നു മാത്രമല്ല, ആലപ്പുഴയിലെ കേരള സ്പിന്നേഴ്‌സ് ദേശസാല്‍ക്കരിക്കുകയും ചെയ്തു. ഇന്‍ഫോപാര്‍ക്ക് സംരക്ഷിച്ചും വികസിപ്പിച്ചും കൊണ്ടു തന്നെ സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമാക്കി. അഞ്ചുവര്‍ഷം കൊണ്ട് ഐടി പാര്‍ക്കുകളുടെ വിസ്തൃതി 339 ഏക്കറില്‍നിന്ന് 2261 ഏക്കറായി ഉയര്‍ത്തി. കെട്ടിടങ്ങളുടെ വിസ്തൃതിയാകട്ടെ 18.9 ലക്ഷം ചതുരശ്ര അടിയില്‍ നിന്ന് 76.1 ലക്ഷം ചതുരശ്ര അടിയായി ഉയര്‍ത്തി. പൈതൃക സംരക്ഷണ ടൂറിസം ആവിഷ്‌കരിച്ചു. ഈ സര്‍ക്കാര്‍ വരുന്നതുവരെ വ്യവസായ ആവശ്യങ്ങള്‍ക്ക് ഏറ്റെടുത്ത ഭൂമിയുടെ വിസ്തൃതി 3000 ഏക്കറായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയില്‍ മാത്രം 3700 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കാനുളള നടപടികള്‍ പൂര്‍ത്തിയാക്കി. വനാവകാശ നിയമമനുസരിച്ച് 30,000-ത്തോളം ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്തു. ഇന്ത്യയില്‍ ആദ്യമായി ഈ നിയമം പൂര്‍ണ്ണമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ റോഡ് പുനരുദ്ധാരണത്തിന് പ്രകടനപത്രിക നല്‍കിയ പ്രാധാന്യം കണക്കിലെടുത്ത് രണ്ടാം വര്‍ഷം ഓരോ മണ്ഡലത്തിനും ഒരു കോടി രൂപ വീതവും മൂന്നാം വര്‍ഷം രണ്ടു കോടി രൂപ വീതവും നാലാം വര്‍ഷം ചുരുങ്ങിയത് 15 കോടി രൂപ വീതവും അങ്ങനെ ഏതാണ്ട് 5000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അനുവാദം നല്‍കി. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ റോഡുകള്‍ മുഴുവന്‍ പുനരുദ്ധരിക്കുന്നതിന് 40,000 കോടി രൂപയുടെ സമഗ്ര പരിപാടിയ്ക്ക് രൂപം നല്‍കാനും കഴിഞ്ഞു.
പ്രകടനപത്രികയിലെ കാഴ്ചപ്പാട് അനുസരിച്ച് രൂപീകരിച്ച ജനകീയാരോഗ്യ നയവും വിദ്യാഭ്യാസ നയവും ഈ മേഖലകളിലെ പൊതുസംവിധാനങ്ങളിലെ ഗുണമേന്മയില്‍ കുതിച്ചു ചാട്ടം സൃഷ്ടിച്ചു. സ്വകാര്യവല്‍ക്കരണമല്ല ജനപങ്കാളിത്തമാണ് ഗുണമേന്മ ഉയര്‍ത്താനുള്ള മാര്‍ഗം എന്ന് കേരളത്തിലെ അനുഭവം തെളിയിക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ ചെലവ് മൂന്നു മടങ്ങിലേറെയായി ഉയര്‍ത്തിയിരിക്കുകയാണ്. മാതൃഭാഷാ സംരക്ഷണത്തിനുള്ള നടപടികളും സ്വീകരിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനു നല്‍കിയ ഊന്നല്‍ ഇന്ന് ഹരിത ബജറ്റിലെത്തിയിരിക്കുകയാണ്. റിസര്‍വ്വ് വനത്തിന്റെ വിസ്തൃതിയില്‍ 50,000-ത്തില്‍പ്പരം ഏക്കര്‍ വര്‍ദ്ധനവ് വരുത്തി. ജെന്‍ഡര്‍ ബജറ്റ് യാഥാര്‍ത്ഥ്യമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാസംവരണം ഏര്‍പ്പെടുത്തി. യുഡിഎഫ് നിയോഗിച്ച മൂന്നാം ധനകാര്യകമ്മിഷന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു ലഭിച്ചുവന്ന ധനസഹായം ഗണ്യമായി വെട്ടിക്കുറച്ചു. നാലാം ധനകാര്യ കമ്മിഷനിലൂടെ അവ പുനസ്ഥാപിച്ചിരിക്കുകയാണ്. നടപ്പുവര്‍ഷത്തില്‍ 40 ശതമാനമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികമായി ലഭിക്കുന്ന സഹായം. പട്ടികജാതി-പട്ടികവര്‍ഗ വികസന പദ്ധതികള്‍ക്കുളള പണം അനുമാനക്കണക്കുകളെ അടിസ്ഥാനമാക്കാതെ ജനസംഖ്യാനുപാതികമായി നീക്കിവെയ്ക്കും എന്ന വാഗ്ദാനം പാലിച്ചതിന്റെ ഫലമായി ഇവയുടെ അടങ്കല്‍ ഇരട്ടിയായി.നിയമനിരോധനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് 13600 തസ്തിക നിര്‍ത്തലാക്കിയ സ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ 31000 തസ്തിക സൃഷ്ടിച്ചു. പിഎസ്‌സി വഴി ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി. ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടു. ജീവനക്കാര്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ നിഷേധിച്ച ഭവനവായ്പയടക്കം എല്ലാ ആനുകൂല്യങ്ങളും പുനസ്ഥാപിച്ചു. യു.ഡി.എഫ് സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായി കൃത്യസമയത്ത് ശമ്പളപരിഷ്‌കരണം നടപ്പിലാക്കി. അനോമിലി പരിഹരിക്കുന്നതിന് സംവിധാനമേര്‍പ്പെടുത്തി. കെ.എസ്.ഇ.ബി, കെ.ഡബ്ല്യൂ.എ തുടങ്ങി ഏതാണ്ടെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ശമ്പളപരിഷ്‌കരണം നടപ്പാക്കി. കെ.എസ്.ആര്‍.ടി.സി 1290 പുതിയ ഷെഡ്യൂളുകള്‍ ഈ കാലയളവില്‍ ആരംഭിച്ചു. 19,948 പുതിയ നിയമനങ്ങള്‍ ഇതിനകം ഇവിടെ നടത്തി. ട്രാന്‍സ്‌പോര്‍ട്ട് രംഗത്ത് 13 ശതമാനം ഉണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ പങ്കാളിത്തം 27 ശതമാനമായി ഉയര്‍ത്തി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനുള്ള നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായി.
ദേശീയ ശരാശരിയെക്കാള്‍ ഗണ്യമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി ലക്ഷ്യമിടുന്നത്'എന്ന പ്രഖ്യാപനം അക്ഷരംപ്രതി യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ദേശീയ വരുമാനം 8.6 ശതമാനം ഉയര്‍ന്നപ്പോള്‍ കേരളത്തില്‍ 9.6 ശതമാനം ഉയര്‍ന്നു.
3. രണ്ടു മാതൃകകള്‍
വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ടുളള കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ എല്‍ഡിഎഫ് ഭരണത്തെ യുഡിഎഫിന്റെ ദുര്‍ഭരണവുമായി താരതമ്യപ്പെടുത്തിയാല്‍ എന്തിന്റെ തുടര്‍ച്ചയാണ് കേരളത്തില്‍ ഇനി വേണ്ടത് എന്നതിനെക്കുറിച്ച് ഒരാള്‍ക്കുപോലും സംശയത്തിനിടയുണ്ടാവില്ല.
2001-06 കാലത്ത് അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റേതുപോലൊരു ദുര്‍ഭരണം കേരളം അതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല. കേരള വികസനത്തിന് നഷ്ടത്തിന്റെ അഞ്ചുവര്‍ഷമായി ആ കാലയളവു മാറി. ജനകീയാസൂത്രണത്തിനു പകരം കേരള വികസന പദ്ധതി എന്ന പേരില്‍ അവര്‍ തട്ടിക്കൂട്ടിയ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകരണ സങ്കല്‍പങ്ങളുടെ അടിത്തറ തന്നെ നശിപ്പിച്ചു. മൂന്നാം ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിനെ എഡിബിയുടെ ഭരണ നവീകരണ പദ്ധതിയാക്കി അധഃപതിപ്പിച്ചു. ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ കവര്‍ന്നെടുത്തും പ്രതികരിക്കാനും പ്രക്ഷോഭം നടത്താനുമുളള ജനാധിപത്യാവകാശങ്ങള്‍ക്കു വില പറഞ്ഞുമാണ് വലതുമുന്നണി സര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരിച്ചത്. ധനകാര്യ ഉത്തരവാദിത്വ ബില്‍ പാസ്സാക്കികൊണ്ടു സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ-വികസന ഇടപെടലുകളുടെ സാധ്യത വെട്ടിച്ചുരുക്കി. ഭരണകൂടത്തെ നിര്‍ബന്ധിത ചെറുതാക്കലിനു വിധേയമാക്കി.
വിദ്യാഭ്യാസ, ആരോഗ്യ, ക്ഷേമ പൊതുസൗകര്യങ്ങള്‍ക്കും പൊതുമേഖലയ്ക്കും പരമ്പരാഗതവ്യവസായങ്ങള്‍ക്കും മറ്റുമുള്ള ധനസഹായം വെട്ടിക്കുറക്കപ്പെട്ടു. പൊതുകാര്യങ്ങളില്‍ നിന്നും ഭരണകൂടം പിന്മാറുകയാണെന്നും ആ ഇടം കമ്പോള ശക്തികള്‍ക്കു അഥവാ മൂലധനശക്തികള്‍ക്കു വിട്ടുകൊടുക്കുകയാണെന്നും വിളംബരമുണ്ടായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ തസ്തികകള്‍ വെട്ടിക്കുറക്കുകയും, ശമ്പളം മരവിപ്പിക്കുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍പ്പനയ്ക്കുവെച്ചു. കാടും, കായലും, കടലോരങ്ങളും, പുഴയും, റവന്യുഭൂമിയും എന്നു വേണ്ട പൊതുസ്വത്തും പൊതുവിഭവങ്ങളും കൈയ്യേറ്റക്കാരുടെ സ്വാതന്ത്യത്തിനു വിട്ടുകൊടുക്കുന്ന സ്ഥിതിയുണ്ടായി. അഴിമതി അഴിഞ്ഞാടി. ഏതാണ്ട് എല്ലാ മന്ത്രിമാരും അഴിമതിയാരോപണങ്ങളിലും കേസിലും പ്രതികളായി.
കേരളത്തിന്റെ വികസനരംഗത്ത് ഘടനാപരമായ അപഭ്രംശത്തിനു ഇടയാക്കിയ മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ മേല്‍പറഞ്ഞ നടപടികളുടെ പ്രത്യാഘാതം ഏറെ രൂക്ഷമായിരുന്നു. കേരളം പട്ടിണിമരണങ്ങളുടെയും കര്‍ഷക ആത്മഹത്യകളുടെയും നാടായി മാറി. നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടു എന്നു കരുതിയിരുന്ന പകര്‍ച്ചവ്യാധികള്‍ തിരിച്ചുവന്നു. വര്‍ഗീയ കലാപങ്ങള്‍ രൂപപ്പെട്ടു. പെണ്‍വാണിഭസംഘങ്ങള്‍ പെരുകി. അധോലോകം വളര്‍ന്നു. തീവ്രവാദസംഘങ്ങള്‍ കേരളത്തെ സുരക്ഷിത സങ്കേതമാക്കി. പൊതുസ്ഥലങ്ങളില്‍ ബോംബുകള്‍ കണ്ടെത്തുന്നതും, ദുരൂഹമായ സ്‌ഫോടനങ്ങള്‍ ഉണ്ടാവുന്നതും വ്യാപകമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. കൂട്ടായ ഇടപെടലിന്റെ ഇടുതുപക്ഷ പാരമ്പര്യത്തില്‍ നിന്നുള്ള വ്യതിചലനം കേരളത്തെ എവിടെ കൊണ്ടെത്തിക്കും എന്നതിന്റെ തുറന്നുകാട്ടലായി ആ വര്‍ഷങ്ങള്‍.
ഐക്യകേരളപ്പിറവിയ്ക്കു ശേഷം സംസ്ഥാനത്തിന്റെ പുരോഗമന വികസന മാതൃകക്കെതിരെ നടന്ന ഏറ്റവും ക്രൂരമായ ഈ ആക്രമണത്തില്‍ മുറിവേറ്റു ക്ഷീണിച്ച സംസ്ഥാനത്തെ വീണ്ടും വികസനത്തിന്റെയും, ക്ഷേമത്തിന്റെയും സാമൂഹ്യനീതിയുടെയും പാതയിലേക്കു തിരിച്ചെത്തിക്കുക എന്ന കടമയാണ് 2006-2011ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഏറ്റെടുത്തത്. അങ്ങനെ കഴിഞ്ഞ അഞ്ചുവര്‍ഷം യുഡിഎഫ് ദുര്‍ഭരണത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരനുഭവമായി മാറി. ഏത് മേഖലയെടുത്തു പരിശോധിച്ചാലും ഈ മാറ്റം അനുഭവവേദ്യമാണ്.
ക്ഷേമമേഖലയില്‍ യുഡിഎഫ്, എല്‍ഡിഎഫ് ഭരണങ്ങള്‍ തമ്മിലുളള താരതമ്യം താഴെ കൊടുക്കുന്നു.
കര്‍ഷക ആത്മഹത്യകള്‍ പഴങ്കഥകളായി. കേരളത്തില്‍ ഇപ്പോള്‍ കര്‍ഷക ആത്മഹത്യ ഇല്ലെന്ന് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. 1999-2004 കാലത്തെ വിലത്തകര്‍ച്ചയുടെ കെടുതിയില്‍ നിന്ന് കാര്‍ഷിക ഉത്പാദനം ഇനിയും കരകയറിക്കഴിഞ്ഞിട്ടില്ല. വിലത്തകര്‍ച്ചയുടെ കാലയളവില്‍ നിക്ഷേപത്തില്‍ വലിയ ഇടിവുണ്ടായി. കേരളത്തിലെ കൃഷി വൃക്ഷവിളകളായതിനാല്‍ ഉത്പാദനക്ഷമത വീണ്ടും ഉയര്‍ന്നു തുടങ്ങാന്‍ ഇനിയും താമസമുണ്ടാകും. ഇതാണ് യുഡിഎഫ് വലിയ വിമര്‍ശനമായി മുന്നോട്ടു വയ്ക്കുന്നത്. നടപ്പുവര്‍ഷം മുതലുളള കാര്‍ഷിക വളര്‍ച്ച അവരുടെ വായടക്കും. നെല്‍കൃഷിയുടെ കാര്യത്തില്‍ മൂന്നു പതിറ്റാണ്ടായി തുടരുന്ന വിസ്തൃതിയുടെയും ഉല്‍പാദനത്തിന്റെയും ഇടിവ് തിരുത്താന്‍ ഭക്ഷ്യസുരക്ഷാ പരിപാടിയിലൂടെ കഴിഞ്ഞു. 2007-08ല്‍ 2.28 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ നിന്ന് 5.28 ലക്ഷം ടണ്‍ നെല്ലായിരുന്നു ഉല്‍പാദിപ്പിച്ചത്. തുടര്‍ന്നുളള മൂന്നുവര്‍ഷങ്ങളിലും തുടര്‍ച്ചയായി ഉല്‍പാദനം ഉയര്‍ന്നു. ഇക്കണോമിക് റിവ്യൂ റിപ്പോര്‍ട്ടു പ്രകാരം 2009-10ല്‍ വയല്‍ വിസ്തൃതി 2.34 ലക്ഷം ഹെക്ടറായും ഉല്‍പാദനം 5.9 ലക്ഷം ടണ്ണായും വര്‍ദ്ധിച്ചു.
യുഡിഎഫ് ഭരണകാലത്ത് പാലിന്റെ ഉല്‍പാദനവും തുടര്‍ച്ചയായി കുറയുകയായിരുന്നു. 2005-06ല്‍ 20.63 ലക്ഷം ടണ്‍ പാലുല്‍പാദിപ്പിച്ച സ്ഥാനത്ത് 2010-11ല്‍ 29 ലക്ഷം ടണ്‍ പാല്‍ ഉല്‍പാദിപ്പിച്ചു. മുട്ടയുടെ ഉല്‍പാദനം 120 കോടിയില്‍നിന്ന് 163 കോടിയായി ഉയര്‍ന്നു. ഉള്‍നാടന്‍ മത്സ്യോത്പാദനം 0.75 ലക്ഷം ടണ്ണില്‍ നിന്ന് 1.26 ലക്ഷം ടണ്ണായി ഉയര്‍ന്നു. പച്ചക്കറിയുടെ ഉല്‍പാദനത്തിലും ഗണ്യമായ വര്‍ദ്ധനയുണ്ട്.ഏറ്റവും പിന്നോക്കം നിന്ന സ്‌കൂളുകളില്‍പ്പോലും വിജയശതമാനത്തിലുണ്ടായ വലിയ വര്‍ദ്ധന സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ന്നതിന്റെ സൂചികയാണ്. ഉന്നതവിദ്യാഭ്യാസതലത്തില്‍ സെമസ്റ്റര്‍ സമ്പ്രദായവും പാഠ്യപദ്ധതി പരിഷ്‌കാരവും നടപ്പാക്കി. യുഡിഎഫ് ഭരണകാലത്ത് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കുളള ധനസഹായം 2001-02ല്‍ 710.28 കോടി രൂപ ആയിരുന്നത് 2005-06ല്‍ 790.34 കോടി രൂപയായി തുടരുകയായിരുന്നു. ഇതിന്റെ ഫലമായി അത്യാവശ്യം ഒഴിവുകള്‍ പോലും നികത്താനാവാത്ത നില സര്‍വകലാശാലകള്‍ക്കു വന്നു ചേര്‍ന്നു. എന്നാല്‍ ഈ സ്ഥിതിവിശേഷം ഇന്നു പാടേ മാറി. 2011-12ല്‍ 2300 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, വെറ്റിനറി യൂണിവേഴ്‌സിറ്റി, ഫിഷറീസ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപിച്ചു.
ആരോഗ്യമേഖലയിലും മുന്‍കാലത്തെ അപേക്ഷിച്ച് ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ട്. പുതിയ ആശുപത്രി കെട്ടിടങ്ങള്‍, ആധുനിക ഉപകരണങ്ങള്‍, സ്റ്റാഫിന്റെ എണ്ണത്തിലുള്ള വര്‍ദ്ധന, മെഡിക്കല്‍ കോര്‍പ്പറേഷന്‍ വഴിയുള്ള മരുന്ന് സപ്ലൈ ഇവയെല്ലാം ആരോഗ്യമേഖലയില്‍ പുതിയൊരു അധ്യായം തുറന്നിരിക്കുകയാണ്.
കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ ഒരു ദിവസം പോലും ട്രഷറി ഓവര്‍ഡ്രാഫ്റ്റിലായില്ല. നടപ്പുവര്‍ഷത്തില്‍ ഇതുവരെ ഒരുദിവസം പോലും റിസര്‍വ് ബാങ്കില്‍ നിന്നു കൈവായ്പ വാങ്ങേണ്ടി വന്നിട്ടില്ല. ഏതാണ്ടെല്ലാ വെയ്‌സ് ആന്‍ഡ് മീന്‍സ് നിയന്ത്രണങ്ങളും വേണ്ടെന്നു വച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ കേരളത്തില്‍ ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭൂരിപക്ഷം ദിവസങ്ങളിലും ട്രഷറി ഓവര്‍ഡ്രാഫ്റ്റിലായിരുന്നു എന്നോര്‍ക്കണം.
യു.ഡി.എഫ് കാലത്തെ പവര്‍കട്ടും ലോഡ്‌ഷെഡ്ഡിംഗും പൂര്‍ണ്ണമായും ഒഴിവാക്കി. അഞ്ചുവര്‍ഷത്തിനിടയില്‍ താരിഫ് വര്‍ദ്ധിപ്പിക്കുകയുണ്ടായില്ല. മീറ്റര്‍ വാടക വേണ്ടെന്നുവച്ചു. വല്ലാര്‍പ്പാടം, വിഴിഞ്ഞം പോര്‍ട്ട്, സ്മാര്‍ട്ട് സിറ്റി, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കി.
ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിമാരില്‍ ഒരാള്‍ക്കെതിരെ പോലും തെളിവുസഹിതം ഒരഅഴിമതിയാരോപണം പോലും തെളിവുസഹിതം ഉന്നയിക്കുന്നതിന് പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. എന്നാല്‍ ഒരു യുഡിഎഫ് മന്ത്രി ഇതിനകം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. നാലുപേര്‍ക്കെതിരെ കോടതിയില്‍ കേസ് നടന്നുവരികയാണ്. ബാക്കിയുളളവരില്‍ ഭൂരിപക്ഷവും വിജിലന്‍സ് അന്വേഷണം നേരിടുകയാണ്.
യുഡിഎഫ് ഭരണകാലം സ്ത്രീപീഡനങ്ങളുടെ വിളയാട്ടമായിരുന്നു. ക്രമസമാധാനത്തകര്‍ച്ചയുടെ കാലമായിരുന്നു. 121 വര്‍ഗീയ ലഹളകള്‍ ഇക്കാലത്ത് നടന്നു. ഇതില്‍ 18 പേര്‍ മരണപ്പെട്ടു. 72 പോലീസ് വെടിവെപ്പുകളും ഉണ്ടായി. ഇതായിരുന്നു യുഡിഎഫ് ഭരണകാലത്തെ ക്രമസമാധാനത്തിന്റെ റെക്കോഡ്.
രാഷ്ട്രീയ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയ വികസന നയങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പല പുരസ്‌കാരങ്ങളും സംസ്ഥാനത്തെ തേടിയെത്തി.

കാര്യക്ഷമമായ അധികാര വികേന്ദ്രീകരണത്തിന്
മികച്ച ക്രമസമാധാന പാലനത്തിന്
ശുദ്ധജലവിതരണ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് മൂന്ന് അവാര്‍ഡുകള്‍
സര്‍വ്വശിക്ഷാ അഭിയാന്‍ അപ്പര്‍ പ്രൈമറി തലംവരെ മികച്ച രീതിയില്‍ നടപ്പാക്കിയതിന്.
ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്
ശുചിത്വ പരിപാലനത്തിന്
രാഷ്ട്രീയ സ്വാസ്ഥ്യ ഭീമാ യോജന മികച്ച രീതിയില്‍ നടപ്പാക്കുന്നതിന്
'എന്റെ മരം' പദ്ധതിക്കും വനത്തിനുപുറത്ത് വൃക്ഷാവരണം തീര്‍ക്കുന്നതിനും
ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് ഏകജാലകസംവിധാനം നടപ്പിലാക്കിയതിന്
സോഫ്റ്റ്‌വെയര്‍ വികസനത്തിന്
നികുതി വകുപ്പിലെ ഇ-ഗവേര്‍ണന്‍സിന് 3 അവാര്‍ഡുകള്‍
ടൂറിസത്തിന് 26 അവാര്‍ഡുകള്‍

1 comment:

ജനശബ്ദം said...

അഴിമതിരഹിത ജനപക്ഷ വികസനം

1. ദേശീയ രാഷ്ട്രീയവും 13-ആം കേരള നിയമസഭാ തെരഞ്ഞെടുപ്പും


2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായൊരു ദേശീയ രാഷ്ട്രീയ പശ്ചാത്തലമാണ് 13-ാം കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ളത്. അന്ന് ബി.ജെ.പിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിനായി ഇടതുപക്ഷം യു.പി.എ സര്‍ക്കാരിനെ പിന്തുണച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മതനിരപേക്ഷതയ്ക്കും ന്യൂനപക്ഷാവകാശ പ്രതിബദ്ധതയ്ക്കും ഉത്തമ നിദര്‍ശനമായിരുന്നു സംസ്ഥാനത്തെ രാഷ്ട്രീയ ശത്രുക്കളുടെ ഒരു കേന്ദ്രസര്‍ക്കാരിനെ പിന്താങ്ങിയ ഈ നിലപാട്. എന്നാല്‍, കോണ്‍ഗ്രസ്സിന്റെ അമേരിക്കന്‍ വിധേയത്വവും ജനവിരുദ്ധ നയങ്ങളും മൂലം ഇടതുപക്ഷം ആ പിന്തുണ പിന്‍വലിച്ചു. ഒരു അവസരവാദ കൂട്ടുകെട്ടിന്റെ പിന്തുണയോടെ ഇന്ന് കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്ന രണ്ടാം യു.പി.എ സര്‍ക്കാരാവട്ടെ കൂടുതല്‍ തീവ്രതയോടെ ആഗോളവല്‍ക്കരണ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുകയാണ്.
രണ്ടാം യുപിഎ സര്‍ക്കാര്‍ അമേരിക്കന്‍ വിധേയത്വ നയമാണ് നിര്‍ലജ്ജം പിന്തുടരുന്നത്. ആണവക്കരാര്‍ അമേരിക്കയുമായുളള തന്ത്രപരമായ സൈനിക ബന്ധത്തിന്റെ തുടക്കമായിരുന്നു. അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി ധനകാര്യമേഖലയില്‍ ആഗോളവത്കരണ പരിഷ്‌കാരങ്ങള്‍ പൂര്‍വാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടുപോവുകയാണ്. ചരക്കുകളുടെ കാര്യത്തിലെന്നപോലെ ധനകാര്യത്തിലും ഇന്ത്യയെ ഒരു തുറന്ന സമ്പദ്ഘടനയാക്കുകയാണ് ഈ നടപടികളുടെ ലക്ഷ്യം. കോര്‍പ്പറേറ്റുകള്‍ക്ക് ഭീമമായ നികുതി ഇളവുകള്‍ പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വരുമാന നഷ്ടം നികത്താന്‍ പൊതുമേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണ്. ഇവയെല്ലാം സ്വാശ്രയത്വത്തിന് മാത്രമല്ല, രാഷ്ട്രപരമാധികാരത്തിനു തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു.

കേന്ദ്രനയങ്ങള്‍ രൂക്ഷമായ വിലക്കയറ്റത്തിലേയ്ക്കും ജനജീവിതദുരിതത്തിലേയ്ക്കും നയിച്ചിരിക്കുകയാണ്. കാര്‍ഷിക നിക്ഷേപത്തിലുണ്ടായ ഇടിവു മൂലം ഉല്‍പാദനം മുരടിച്ചു നില്‍ക്കുന്നതും ഇടത്തട്ടുകാരുടെയും ഊഹക്കച്ചവടക്കാരുടെയും തിരിമറികളും ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ദ്ധനയ്ക്ക് ഇടയാക്കിരിക്കുന്നു. കേന്ദ്രസര്‍ക്കാരാകട്ടെ, വില നിയന്ത്രിക്കുന്നതിന് പൊതുവിതരണ സമ്പ്രദായം ഉപയോഗപ്പെടുത്താന്‍ വിസമ്മതിക്കുകയാണ്. എണ്ണവില തുടര്‍ച്ചയായി ഉയര്‍ത്തുന്നത് ഭക്ഷ്യവിലക്കയറ്റം പൊതുവിലക്കയറ്റമായി മാറുന്നതിന് പ്രേരകമായിരിക്കുകയാണ്. കേന്ദ്ര ബജറ്റില്‍ വിലക്കയറ്റത്തെ തടയാന്‍ ഫലപ്രദമായ ഒരു നിര്‍ദ്ദേശവുമില്ല. ധനികര്‍ക്ക് 5.6 ലക്ഷം കോടി രൂപയുടെ നികുതിയിളവ് നല്‍കിയവര്‍ക്ക് ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനുള്ള 90,000 കോടി രൂപ കണ്ടെത്താനായിട്ടില്ല.