Tuesday, March 15, 2011

4.കേരളത്തിന്റെ സര്‍‌വ്വതോന്മുഖ വികസനം ലക്ഷ്യമാക്കുന്ന ഇടതുമുന്നണി പ്രകടന പത്രിക.4. ഭൗതിക പശ്ചാത്തല സൗകര്യങ്ങള്‍-4

4.കേരളത്തിന്റെ സര്‍‌വ്വതോന്മുഖ വികസനം ലക്ഷ്യമാക്കുന്ന ഇടതുമുന്നണി പ്രകടന പത്രിക.4 ഭൗതിക പശ്ചാത്തല സൗകര്യങ്ങള്‍ -4സമഗ്ര റോഡ് പുനരുദ്ധാരണ പദ്ധതി85. സംസ്ഥാനത്തെ റോഡുകള്‍ അടിയന്തിരമായി നവീകരിക്കും. വര്‍ദ്ധിച്ചുവരുന്ന ഗതാഗതതിരക്കും വാഹനങ്ങളുടെ ബാഹുല്യവും ഇന്നത്തെ റോഡുകള്‍ക്ക് താങ്ങാനാവുന്നതല്ല. ഇതിനായി ഇന്നത്തെ റോഡ് നിര്‍മ്മാണ രീതി മാറ്റേണ്ടതുണ്ട്. ബിറ്റുമിന്‍ മക്കാഡം-ബിറ്റുമിന്‍ കോണ്‍ക്രീറ്റ് ഡിസൈനര്‍ റോഡുകളിലേക്കുള്ള മാറ്റം വരുത്തും. പൊതുമരാമത്തു വകുപ്പിന്റെ അധീനതയിലുളള റോഡുകള്‍ ഇപ്രകാരം നവീകരിക്കുന്നതിന് ഏകദേശം 40,000 കോടി രൂപ ചെലവ് വരും. സംസ്ഥാന സര്‍ക്കാര്‍ നേരിട്ടല്ലാതെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വതന്ത്രമായ ബോര്‍ഡുകളോ കമ്പനികളോ വഴി വായ്പയെടുത്ത് റോഡ് പുനരുദ്ധാരണം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കും. ഈ ചുമതല റോഡ് ഫണ്ട് ബോര്‍ഡിനും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനേയും ഏല്‍പ്പിക്കും. മോട്ടോര്‍ വാഹന നികുതിയുടെ ആദ്യത്തെ മൂന്ന്-ആറുമാസത്തെ വരുമാനം എസ്‌ക്രൂ അക്കൗണ്ടായി ഈ രണ്ടു സ്ഥാപനങ്ങള്‍ക്കു നല്‍കുന്നതിന് നിയമനിര്‍മ്മാണം നടത്തും. വായ്പാ തിരിച്ചടവ് ഉറപ്പു നല്‍കുന്ന നിയമബദ്ധമായ വരുമാനസ്രോതസ് ഉണ്ടെങ്കില്‍ കമ്പോള വായ്പ എടുത്ത് റോഡ് പുനരുദ്ധാരണം നടത്താന്‍ പ്രാപ്തിയുളള സ്ഥാപനങ്ങളായി റോഡ് ഫണ്ട് ബോര്‍ഡും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനേയും മാറ്റും.86. സംസ്ഥാന ഹൈവേകളും ജില്ലാ റോഡുകളും പുനരുദ്ധരിക്കും. ഇതോടൊപ്പം തീരദേശ ഹൈവേയും മലയോര ഹൈവേയും പൂര്‍ത്തിയാക്കും. എല്ലാ പ്രധാന പട്ടണങ്ങള്‍ക്കും ബൈപാസും/റിംഗ് റോഡുകളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച റെയില്‍ ഓവര്‍ബ്രിഡ്ജുകളും അഞ്ച് കോര്‍പ്പറേഷനുകളിലെയും ഫ്‌ളൈഓവറുകളും ഏറ്റെടുക്കുന്നതാണ്. അഞ്ചുവര്‍ഷത്തിനുള്ളില്‍ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും. പത്തുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കും.87. പൊതുമരാമത്ത് മേഖലയില്‍ അഴിമതി വിമുക്തമാക്കുന്നതിന് ഇതിനകം നടപ്പിലാക്കിത്തുടങ്ങിയ ഇ-ടെന്‍ഡറിംഗ്, ദീര്‍ഘകാല മെയിന്റനന്‍സ് കോണ്‍ട്രാക്ട് തുടങ്ങിയ പരിഷ്‌കാരങ്ങള്‍ പൂര്‍ണ്ണതയിലെത്തിക്കും.
വൈദ്യുതി88. സാധ്യമായ ഇടങ്ങളില്‍ ജലവൈദ്യുത പദ്ധതികള്‍ തുടങ്ങുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും ഊര്‍ജിത നടപടികള്‍ സ്വീകരിക്കും. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും ഇവ ആരംഭിക്കുക. നിലവില്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന 331 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള 12 ഇടത്തരം ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തീകരിക്കും. ഇതിനുപുറമെ 158 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള 17 പുതിയ ജലവൈദ്യുത പദ്ധതികള്‍ ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.89. ബൈതരണി കല്‍ക്കരി പാടത്തുനിന്നും അനുവദിച്ചു കിട്ടിയ കല്‍ക്കരി ഉപയോഗപ്പെടുത്തി 1000 മെഗാവാട്ട് വരുന്ന വൈദ്യുതി നിലയം സ്ഥാപിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. പ്രകൃതിവാതകം ലഭ്യമാകുന്നതോടെ കൊച്ചിയിലും ചീമേനിയിലും 1000 മെഗാവാട്ടിന്റെ താപനിലയങ്ങള്‍ സ്ഥാപിക്കുന്നതാണ്. നിലവില്‍ ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന താപനിലയങ്ങളെ പ്രകൃതിവാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാക്കി മാറ്റും. മേല്‍പ്പറഞ്ഞ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും കേന്ദ്ര പൂളില്‍നിന്നും കേരളത്തിന് അര്‍ഹമായ വിഹിതം ഉറപ്പുവരുത്താനും കഴിഞ്ഞാല്‍ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനാവും. പ്രസരണ നഷ്ടം കുറയ്ക്കാനുള്ള നടപടികള്‍ ഇനിയും ഊര്‍ജ്ജിതപ്പെടുത്തും.90. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന പ്രകൃതി വാതകം, നിലവില്‍ എല്‍.എന്‍.ജി ടെര്‍മിനലിനോ ടനുബന്ധമായി നിര്‍മ്മിക്കുന്ന പൈപ്പ് ലൈന്‍ ഉപയോഗിച്ച് കേരളത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. മെച്ചപ്പെട്ട പരിസ്ഥിതി സൗഹൃദ ഇന്ധനമെന്ന നിലയ്ക്ക് കാസര്‍കോട്ടെ ചീമേനിയിലും എറണാകുളത്തെ ബ്രഹ്മപുരത്തും പ്രകൃതിവാതക പദ്ധതികള്‍ ആരംഭിക്കുന്നതിന് ഇന്ത്യന്‍ പ്രകൃതി വാതക ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കും. പ്രധാന നഗരങ്ങളില്‍ ഗാര്‍ഹിക-വ്യാവസായിക ആവശ്യങ്ങള്‍ക്കും തീരദേശത്ത് മത്സ്യബന്ധന ബോട്ടുകള്‍ക്കും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും ലഭ്യമാക്കും.91. സൗരോര്‍ജ്ജം, കാറ്റാടി, മിനി മൈക്രോ ഹൈഡല്‍ എന്നിവയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കും. ഇതിനനുസൃതമായി അനര്‍ട്ടിനെ പുനഃസംവിധാനം ചെയ്യും.92. സ്ട്രീറ്റ് ലൈറ്റുകള്‍ തുടങ്ങിയ പൊതു സംവിധാനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളുടെ കൂടി സജീവ സഹകരണത്തോടെ മെച്ചപ്പെടുത്തും. പൊതു വിളക്കുകളുടെ ഊര്‍ജ്ജ ക്ഷമത മെച്ചപ്പെടുത്തുന്നതിനും അവയുടെ പരിപാലനം കാര്യക്ഷമമാക്കുന്ന തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തും.93. ഒന്നരക്കോടി സി.എഫ്.എല്‍ പരിപാടിയുടെ തുടര്‍ച്ചയായി ഇത്രതന്നെ ബള്‍ബുകളും വിതരണം ചെയ്യാനുള്ള രണ്ടാം ഘട്ടം ആവിഷ്‌കരിക്കും. ഗാര്‍ഹിക വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് പ്രോത്സാഹനാര്‍ത്ഥം കുട്ടികള്‍ക്ക് എനര്‍ജി ക്രെഡിറ്റ് കൂപ്പണ്‍ നല്‍കുന്ന സ്‌കീം നടപ്പിലാക്കും. പൊതു കെട്ടിടങ്ങളിലെ ഊര്‍ജവ്യയം കുറയ്ക്കുന്നതിന് എസ്‌കോ മോഡല്‍ കമ്പനി രൂപീകരിക്കും. വ്യവസായ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വൈദ്യുതിയുടെ ഉപയോഗക്ഷമത ഉറപ്പുവരുത്തുന്നതിന് എനര്‍ജി ഓഡിറ്റിംഗ് നിര്‍ബന്ധമാക്കും.
മറ്റു പശ്ചാത്തല സൗകര്യങ്ങള്‍94. വിഴിഞ്ഞം അന്തര്‍ദേശീയ കണ്ടയ്‌നര്‍ഷിപ്പിന്റെ നിര്‍മ്മാണം ഒന്നാം ഘട്ടം നേരിട്ട് പൂര്‍ത്തീകരിക്കും. രണ്ടാം ഘട്ടം ഉചിതമായ അന്തര്‍ദേശീയ പങ്കാളിയെ കണ്ടെത്തും. അഴീക്കല്‍, ബേപ്പൂര്‍, തങ്കശ്ശേരി, പൊന്നാനി, ആലപ്പുഴ മറീന എന്നിവ സംയുക്ത സംരംഭമായി നടപ്പാക്കും.95. കോഴിക്കോട്ട് എയര്‍പോര്‍ട്ട് വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കുന്ന പ്രക്രിയ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകും. വയനാട്ടിലും ഇടുക്കി ജില്ലയില്‍ പുറ്റടിയിലും ബേക്കലിലും എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കും.96. തെക്ക്-വടക്ക് അതിവേഗ റെയില്‍വേ പാതയ്ക്കുള്ള വിശദമായ റിപ്പോര്‍ട്ട് പൂര്‍ത്തീകരിച്ച് സംയുക്ത സംരംഭമായി നടപ്പാക്കും. റെയില്‍വേ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കും. കൊച്ചി മെട്രോയ്ക്ക് അനുവാദം ലഭിക്കും എന്ന ശുഭപ്രതീക്ഷയില്‍ റോഡ് വീതികൂട്ടല്‍, ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണം തുടങ്ങിയ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും.97. വ്യവസായ പാര്‍ക്കുകള്‍ക്ക് കൂടുതല്‍ സ്ഥലം ഏറ്റെടുക്കും. ഇവിടങ്ങളിലേക്കുള്ള പശ്ചാത്തല സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉറപ്പുവരുത്തും. കര്‍ശനമായ നിബന്ധനകളുടെ അടിസ്ഥാനത്തിലേ പ്രത്യേക സാമ്പത്തിക മേഖലകള്‍ നടപ്പിലാക്കൂ.98. കൊച്ചിയിലെ എല്‍.എന്‍.ജി ടെര്‍മിനലും ബംഗളൂരു, മംഗലാപുരം, കായംകുളം എന്നിവിടങ്ങളിലേയ്ക്കുളള വാതകപൈപ്പു ലൈനുകളും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാല്‍ കെ.എസ്.ഐ.ഡിസിയുടെയും ഗെയിലിന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട നഗരങ്ങളിലേയ്ക്കും സപ്ലിമെന്ററി വാതകവിനിയമ ശൃംഖല സ്ഥാപിക്കും.99. കൊച്ചി, കോയമ്പത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോറിനുളള മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കും.
നഗര വികസനം100. കേരളത്തിന്റെ വിസ്തൃതിയുടെ ആറുശതമാനം വരുന്ന നഗരങ്ങളിലാണ് ജനസംഖ്യയുടെ 26 ശതമാനവും ഉല്‍പ്പാദനത്തിന്റെ 50 ശതമാനവും. ഈ അവസ്ഥ സൃഷ്ടിക്കുന്ന ചേരിവല്‍ക്കരണം, മാലിന്യപ്രശ്‌നങ്ങള്‍, ഗതാഗതക്കുരുക്കുകള്‍ തുടങ്ങി സവിശേഷ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.
ജലസേചനവും ജലനയവും101. ദേശീയ ജലപാത വികസനത്തിനുണ്ടായിരിക്കുന്ന കാലതാമസം കൂടി കണക്കിലെടുത്ത് ഭാവിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും.102. നിലവിലുള്ള വന്‍കിട-ഇടത്തരം ജലസേചനപദ്ധതികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി ഊര്‍ജ്ജിതപ്പെടുത്തുന്നതാണ്. അതിനുശേഷമേ പുതിയവ ഏറ്റെടുക്കുകയുള്ളൂ. ചെറുകിട ജലസേചന പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കുക. കോള്‍ നിലങ്ങള്‍, കുട്ടനാടന്‍ പാടശേഖരം എന്നിവിടങ്ങളിലെ പുറം ബണ്ട് നിര്‍മ്മാണം അടക്കമുള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും.103. നിലവിലുള്ള അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ പരിശോധിച്ച് സംസ്ഥാനത്തിന്റെ താല്‍പര്യം ഫലപ്രദമായി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കും. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പുതിയ ഡാം നിര്‍മ്മിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കിക്കൊണ്ടുള്ള നിലപാട് തുടരും. ജലവിഭവങ്ങളുടെ വികേന്ദ്രീകൃത സ്വഭാവം കണക്കിലെടുത്തുകൊണ്ടുള്ള മാനേജ്‌മെന്റ് രീതികള്‍ കൂടുതല്‍ കാര്യക്ഷമമായും സുതാര്യമായും നടപ്പിലാക്കുന്ന രീതി വികസിപ്പിക്കും. ജലവിതരണത്തെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തെ എതിര്‍ക്കും.104. മഴവെള്ളം സംഭരിക്കുന്നതിനുള്ള ക്രിയാത്മകമായ പദ്ധതികളാരംഭിക്കും. ചെറുകിട ജലവിതരണ സംവിധാനത്തിനായി കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് സൊസൈറ്റികള്‍ വഴി കുറഞ്ഞ ചെലവില്‍ ജലം പരിശോധിക്കാനുള്ള സംവിധാനം വ്യാപകമായി പ്രചരിപ്പിക്കും. സി.ഡി.എസുകള്‍ വഴി സമയബന്ധിതമായി ജലത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനും ക്ലോറിന്‍ തളിക്കല്‍ ഉള്‍പ്പടെയുള്ള പരിപാടികള്‍ നടപ്പിലാക്കുന്നതിനുമുള്ള പദ്ധതികള്‍ ആരംഭിക്കും.105. അഞ്ചുവര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഏറ്റെടുത്തിട്ടുള്ള സ്‌കീമുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും കാലഹരണപ്പെട്ട സ്‌കീമുകള്‍ നവീകരിക്കുകയും ചെയ്യും. ജലനിധിയുടെ രണ്ടാം ഘട്ടം അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.
വ്യവസായ മേഖലകള്‍
പൊതുമേഖല106. പൊതുമേഖലയിലെ ഉത്പാദനശേഷി അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയാക്കും. ഇതിനായി നിലവിലുളള സ്ഥാപനങ്ങളുടെ വിപുലീകരണത്തിനും പുതിയവ സ്ഥാപിക്കുന്നതിനുമായി ഒരു സമയബന്ധിത പരിപാടി ആറു മാസത്തിനകം പ്രഖ്യാപിക്കും. 2011-12ലേയ്ക്കുളള പ്രവര്‍ത്തനങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.107. പൊതുമേഖലാ സ്ഥാപനങ്ങള്‍ അനുബന്ധ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുന്ന സമീപനം കൈക്കൊള്ളും. ഉദാഹരണത്തിന് കേരള സോപ്‌സ് ആന്‍ഡ് ഓയില്‍സിന് സോപ്പുനിര്‍മാണവുമായി ബന്ധപ്പെട്ട് ഒട്ടനവധി ചെറിയ സംരംഭങ്ങളുടെ ഉപദേഷ്ടാവായും പ്രമോട്ടറായും പ്രവര്‍ത്തിക്കും. കുടുംബശ്രീയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇത്തരം ക്ലസ്റ്ററുകള്‍ രൂപീകരിക്കുന്നത് ആ മേഖലകളുടെ സാമ്പത്തിക വികസനത്തെ സഹായിക്കും.108. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ബാധകമായി ഒരു മാതൃകാ കമ്പനി ഭരണ ചാര്‍ട്ടര്‍ വികസിപ്പിക്കും. ഡയറക്ടര്‍ ബോര്‍ഡുകള്‍ എങ്ങനെ തിരഞ്ഞെടുക്കണം. അവയുടെ ചുമതലകള്‍ എന്തായിരിക്കണം, ബോര്‍ഡും മാനേജ്‌മെന്റും തമ്മിലുള്ള ബന്ധം തുടങ്ങിയവ ഈ മാതൃകാ ചാര്‍ട്ടറില്‍ നിര്‍വചിക്കും. നിശ്ചിത വാണിജ്യ മാനദണ്ഡങ്ങള്‍ പരിപാലിക്കുന്ന കമ്പനികള്‍ക്കു സ്വയംഭരണം അനുവദിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെന്നപോലെ സംസ്ഥാനത്തും ഭരണവകുപ്പിനും പൊതുമേഖലാ സ്ഥാപനത്തിനുമിടയില്‍ ധാരണാപത്രം നിര്‍ബന്ധമാക്കും. അതതു വര്‍ഷങ്ങളില്‍ എന്തൊക്കെയാണ് നേടിയെടുക്കേണ്ടതെന്നും അതിനുവേണ്ടി ഈ സ്ഥാപനങ്ങള്‍ക്ക് ഏതു വിധത്തിലുള്ള സ്വതന്ത്രഭരണാധികാരമാണ് നല്‍കേണ്ടതെന്നും ഈ ധാരണാപത്രത്തില്‍ കൃത്യമായും ക്രോഡീകരിക്കും. സമാന സ്വഭാവമുളള പൊതുമേഖലാ സ്ഥാപനങ്ങള്‍ തമ്മില്‍ ലയിപ്പിക്കും.109. മാനേജ്‌മെന്റ് പൂര്‍ണമായി പ്രൊഫഷണലൈസ് ചെയ്യും. മാനേജ്‌മെന്റില്‍ തൊഴിലാളി പ്രാതിനിധ്യം അനുവദിക്കും. ലാഭത്തില്‍ നിശ്ചിതവിഹിതം നീക്കിവെച്ചു കൊണ്ടുളള പെന്‍ഷന്‍ പദ്ധതി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി ആവിഷ്‌കരിക്കും.110. എഫ്എസിടി, എച്ച്എംടി, റിഫൈനറീസ്, ഷിപ്പ്‌യാര്‍ഡ്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണത്തിനും വിപുലീകരണത്തിനും ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനല്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് മുന്‍ഗണന നല്‍കും. പ്രകൃതി വാതകത്തെ അടിസ്ഥാനമാക്കി എഫ്എസിടിയില്‍ യൂറിയാ കോംപ്ലക്‌സ്, കാസര്‍കോട്ടെ ടെക്‌നോ കെമിക്കല്‍ കോംപ്ലക്‌സ്, അമ്പലമേട്ടില്‍ ഗ്യാസ് ക്രാക്കര്‍ കോംപ്ലക്‌സ്, തുടങ്ങിയ വ്യവസായങ്ങളും ചെറുകിട അനുബന്ധ വ്യവസായങ്ങളും ആരംഭിക്കുന്നതിന് ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കും.111. നമ്മുടെ കരിമണല്‍ ഉപയോഗിച്ചുളള ടൈറ്റാനിയം സ്‌പോഞ്ചും ലോഹവുമടക്കം ടൈറ്റാനിയം വികസനത്തിന് ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതാണ്. ചവറയിലെയും തിരുവനന്തപുരത്തെയും ടൈറ്റാനിയം ഫാക്ടറികള്‍ വിപുലീകരിക്കുന്നതിനും ആധുനീകരിക്കുന്നതിനും നടപടിയെടുക്കും.
സ്വകാര്യ വ്യവസായമേഖല112. ഇന്ത്യയിലെ വന്‍കിട മൂലധന നിക്ഷേപത്തിന്റെ തുച്ഛമായ ഭാഗമേ കേരളത്തിലേക്ക് വരുന്നുളളൂ. ദീര്‍ഘനാളായുളള സ്ഥിതിയാണിത്. അഞ്ചുവര്‍ഷം കൊണ്ട് മൂലധന നിക്ഷേപം ജനസംഖ്യാനുപാതികമായെങ്കിലും കേരളത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതിന് ലക്ഷ്യമിട്ടുളള പ്രവര്‍ത്തനം നടത്തും.113. നമ്മുടെ സംസ്ഥാനത്ത് നിക്ഷേപകര്‍ക്ക് കൂടുതല്‍ സൗകര്യം ഉറപ്പു വരുത്തുന്നതിനു വേണ്ടി ഏകജാലക സംവിധാനം ഫലപ്രദമായി നടപ്പിലാക്കും. അനായാസേന വ്യവസായം ആരംഭിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കും. ആരോഗ്യകരമായ തൊഴില്‍ ബന്ധങ്ങള്‍ ഉറപ്പു വരുത്തും. ഗുണനിലവാരമുള്ള വൈദ്യുതി, ഗതാഗത സൗകര്യങ്ങള്‍, സ്റ്റോറേജ് സൗകര്യങ്ങള്‍, പൊതുമലിനീകരണം കുറയ്ക്കുന്നതിനാവശ്യമായ പൊതുസംവിധാനങ്ങള്‍ തുടങ്ങിയ പശ്ചാത്തല സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഉറപ്പു വരുത്തും.114. നിര്‍മ്മാണ മേഖലയിലെ അനാരോഗ്യകരമായ പ്രവണതകള്‍ക്ക് കര്‍ശനമായി വിരാമമിടും.
ചെറുകിട വ്യവസായങ്ങള്‍115. വന്‍കിട മൂലധനത്തെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം തന്നെ ചെറുകിട-ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പ്രത്യേകം ശ്രദ്ധ നല്‍കണം. വന്‍കിട വ്യവസായങ്ങളുടെ അനുബന്ധമേഖലകളായിട്ടോ സ്വതന്ത്രമായ ക്ലസ്റ്ററുകയോ ഇവ വളര്‍ത്തിയെടുക്കാം. സൂക്ഷ്മ തൊഴില്‍സംരംഭങ്ങളുടെ സാധ്യതകളും പ്രയോജനപ്പെടുത്തണം.116. സൂക്ഷ്മ പൊതുസംരംഭകര്‍ക്ക് പൊതു സൗകര്യ കേന്ദ്രങ്ങളും അവയുടെ ഉല്‍പ്പന്നങ്ങള്‍ ബ്രാന്റ് ചെയ്ത വില്‍ക്കുന്നതിന് പൊതുവിപണന സംവിധാനങ്ങളും ഉണ്ടാക്കുന്നതാണ്. സൂക്ഷ്മ തൊഴില്‍സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് വിപണന കേന്ദ്രങ്ങളുടെ ഒരു സംസ്ഥാനതല ശൃംഖലയ്ക്ക് രൂപം നല്‍കുന്നതാണ്.117. ചെറുകിട വ്യവസായികള്‍ക്കുള്ള ക്ഷേമപദ്ധതി ശക്തിപ്പെടുത്തി ആകര്‍ഷകമാക്കും.
വിവര -വിനിമയ സാങ്കേതികവിദ്യാ വ്യവസായങ്ങള്‍118. സോഫ്റ്റ്‌വെയര്‍ പാര്‍ക്കുകളുടെ വിസ്തൃതി അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയാക്കും. കേരളത്തിലെ ഐ.ടി നയത്തിന്റെ ശ്രദ്ധേയ വശം വികേന്ദ്രീകൃതമായ ഐടി വ്യവസായ കേന്ദ്രങ്ങളാണ്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളോടനുബന്ധിച്ച് വലിയ ഐ.ടി. പാര്‍ക്കുകള്‍ വികസിപ്പിക്കുമ്പോള്‍ത്തന്നെ വിവിധ ജില്ലകളിലും പാര്‍ക്കുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും.119. വ്യവസായ പാര്‍ക്കുകളിലെ ഡാറ്റാ എന്‍ട്രി, സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണ സബ് കോണ്‍ട്രാക്റ്റിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതോടൊപ്പം നിലവിലുളള ഉല്‍പാദനമേഖലകളുടെ നവീകരണത്തിനും വൈവിദ്ധ്യവത്കരണ ത്തിനും വിവരവിനിമയ സാങ്കേതികവിദ്യ ഉപയോഗിക്കും. മാത്രമല്ല, കാര്‍ഷിക പരമ്പരാഗത വ്യവസായ മേഖലകളുടെ നവീകരണത്തിനും വൈവിദ്ധ്യവല്‍കരണത്തിനും ഈ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ആരായും.120. കച്ചവട സേവന മേഖലകളില്‍ മാത്രമല്ല, പൊതു'ഭരണത്തിന്റെ കാര്യക്ഷമതയ്ക്കും സുതാര്യതയ്ക്കും ഈ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തും. വൈദഗ്ദ്ധ്യപോഷണം നടത്താനും നടപടി സ്വീകരിക്കും.121. ഉളളടക്കം ഇന്നു വിവരവിനിയമ വ്യവസായത്തിന്റെ ഒരു ഘടകമാണ്. എഴുത്ത്, ഫോട്ടോഗ്രാഫുകള്‍, സിനിമ, വീഡിയോ, സംഗീതം, റിങ് ടോണുകള്‍ ഇവയെല്ലാം മള്‍ട്ടി മീഡിയയുടെ വിവിധ രൂപങ്ങളാണ്. ഇവയടങ്ങുന്ന സിഡികളും വെബ് പേജുകളും മറ്റും കൈകാര്യം ചെയ്യുന്ന സംരംഭങ്ങളെ'പ്രത്യേകം പ്രോത്സാഹിപ്പിക്കും.122. ഐടി വ്യവസായത്തിനു സോഫ്റ്റ്‌വെയര്‍ മാത്രമല്ല, കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഹാര്‍ഡ്‌വെയറുകളും പ്രധാനമാണ്. ഇവയ്ക്കുളള നിര്‍മ്മാണവ്യവസായങ്ങളും ആരംഭിക്കും.123. കേരളത്തിന്റെ വിവര സേവനാവശ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രാദേശിക വ്യവസായങ്ങളെ (പൊതുമേഖലാ സ്ഥാപനങ്ങളേയും ചെറുകിട-ഇടത്തരം സ്വകാര്യ സ്ഥാപനങ്ങളെയും) പ്രോത്സാഹിപ്പിക്കും. കേരളത്തിന്റെ വിവര സേവനാവശ്യങ്ങള്‍ നിറവേറ്റുന്നതിലൂടെ നേടുന്ന പരിചയം ഈ വ്യവസായങ്ങളെ വിദേശ കമ്പോളം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാനും കൂടുതല്‍ ഉയര്‍ന്ന മൂല്യം സൃഷ്ടിക്കാനും കൂടുതല്‍ കയറ്റുമതി വരുമാനം കൊണ്ടുവരാനും പ്രാപ്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.124. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 100 ശതമാനം ഇന്റര്‍നെറ്റ് കണക്ടിവിറ്റി കൈവരിക്കും. എഡ്യൂസറ്റ് സൗകര്യം എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ലഭ്യമാക്കും. ടെലി മെഡിസിന്‍ ശൃംഖല ജില്ലാ ആശുപത്രി വരെ ദീര്‍ഘിപ്പിക്കും. ടെലി അഗ്രിക്കള്‍ച്ചര്‍ ശൃംഖലയും വിപണന സൗകര്യവും പഞ്ചായത്തുതലം വരെ സ്ഥാപിക്കും.125. ഐ.ടി വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ എഞ്ചിനീയര്‍മാരുടെയും മാനേജര്‍മാരുടെയും മറ്റ് സാങ്കേതിക വിദഗ്ധന്മാരുടെയും ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് സമയബന്ധിത പരിപാടി തയ്യാറാക്കുന്നതാണ്. ആവശ്യമായ സ്ഥലങ്ങളില്‍ വ്യവസായ അടിസ്ഥാനത്തിലുള്ള സര്‍ട്ടിഫിക്കേഷന്‍ രീതികള്‍ ഏര്‍പ്പെടുത്തുന്നത് കൂടാതെ പരിശീലനകേന്ദ്രങ്ങള്‍ക്കും പരിശീലകര്‍ക്കും സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടാക്കും.126. ഉല്‍പ്പാദന-സേവന മേഖലകളുമായി ബന്ധപ്പെടുത്തിക്കൊണ്ട് അക്ഷയക്ക് പുതുജീവന്‍ പകരും. 2010-ഓടെ നൂറുശതമാനം വിവര സാങ്കേതികവിദ്യാ സാക്ഷരത കൈവരിക്കും. കേരളത്തെ പൂര്‍ണ്ണമായും മലയാളഭാഷയില്‍ പ്രവര്‍ത്തിക്കുന്ന, ഇലക്‌ട്രോണിക ഭരണ നിര്‍വ്വഹണക്ഷമത കൈവരിക്കുന്ന, രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായിത്തീര്‍ക്കും.127. മലയാള ഭാഷയിലുള്ള കംപ്യൂട്ടിംഗ് സൗകര്യങ്ങളും മള്‍ട്ടിമീഡിയ ഉള്ളടക്കവും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പ്രോല്‍സാഹനവും ധനസഹായവും നല്‍കും.128. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പ്രോത്സാഹിപ്പിക്കും. ഇതിനായുള്ള പഠനകേന്ദ്രത്തെ അന്തര്‍ദേശീയ നിലവാരത്തിലെത്തിക്കും.
ജൈവ സാങ്കേതിക വ്യവസായം129. കേരളാ ബയോടെക്‌നോളജി കമ്മീഷന്‍ പുറത്തിക്കിയ സംസ്ഥാന ബയോടെക്‌നോളജി നയം ലക്ഷ്യമിടുന്നത് സംസ്ഥാനത്ത് ലഭ്യമായ ജൈവവിഭവങ്ങളും ഉയര്‍ന്ന മാനവശേഷിയും ഉപയോഗപ്പെടുത്തി ആഗോളതലത്തിലുള്ള ബയോടെക്‌നോളജി ഉല്‍പന്നങ്ങളുടെ ആവശ്യം നിറവേറ്റുന്നതോടൊപ്പം കേരളത്തെ വികസനത്തിന്റെ പാതയിലെത്തിക്കുന്നതിന് ബയോടെക്‌നോളജി ഉപയോഗപ്പെടുത്തുക എന്നുള്ളതാണ്. ഇതിന്റെയൊപ്പം തന്നെ സംസ്ഥാനത്തിന്റെ ബയോടെക്‌നയം ലോകോത്തര ബയോടെക്‌നോളജി ഗവേഷണ വികസനസ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും സ്വകാര്യ പങ്കാളിത്തത്തോടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിനുമൊക്കെ ലക്ഷ്യമിടുന്നുണ്ട്. ബയോടെക്‌നോളജി പാര്‍ക്കുകള്‍ രൂപീകരിക്കും.130. പതിറ്റാണ്ടുകളായി കേരളത്തില്‍ നിന്നും കയറും, കശുവണ്ടിയും, സുഗന്ധവ്യഞ്ജനങ്ങളും, മത്സ്യഉല്‍പന്നങ്ങളും, പഴം, പച്ചക്കറി ഉല്‍പന്നങ്ങളും കയറ്റി അയയ്ക്കുന്നുണ്ട്. എന്നാല്‍ ഈ രംഗത്ത് ആഗോളതലത്തിലുള്ള മത്സരം നേരിടുന്നതിന് നാം നമ്മുടെ ഉല്‍പന്നങ്ങളുടെ ഗുണമേന്മ ബയോടെക്‌നോളജി ഉള്‍പ്പെടെയുള്ള നൂതനസാങ്കേതികവിദ്യകളുപയോഗിച്ച് വര്‍ധിപ്പിക്കേണ്ടതുണ്ട്.131. കേരളത്തില്‍ നിന്നിറങ്ങുന്ന ആയുര്‍വേദ ഔഷധങ്ങള്‍ക്ക് അന്തര്‍ദ്ദേശീയ കമ്പോളത്തിലേയ്ക്കു കടക്കാന്‍ കഴിയുന്നില്ല. ഇതിന് പ്രധാന കാരണം ആയുര്‍വേദ ഔഷധക്കൂട്ടുകളുടെ ഗുണനിലവാരത്തെയും ഉള്ളടക്കത്തെയും സംബന്ധിച്ച് വിദേശരാജ്യങ്ങള്‍ക്കുള്ള സംശയങ്ങളാണ്. നിയന്ത്രിത ഫെര്‍മെന്റേഷനും മറ്റ് സങ്കേതങ്ങളും ഉപയോഗപ്പെടുത്തി ഈ രംഗത്ത് ഗുണനിലവാരമുറപ്പ് വരുത്താന്‍ കഴിയും. ഉല്‍പന്നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ച് സജീവമൂലകങ്ങളെ തിരിച്ചറിഞ്ഞ് ഉള്ളടക്കം നിര്‍വചിക്കുന്നതോടെ ആയുര്‍വേദ ഔഷധങ്ങള്‍ക്ക് അന്തര്‍ദേശീയ വിപണി നേടാനാകും.132. ടിഷ്യൂകള്‍ച്ചര്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗുണമേന്മയുള്ള ഔഷധസസ്യങ്ങളുടെ കൃത്രിമപ്രജനനം സാധ്യമാക്കിക്കൊണ്ട് ഈ രംഗത്ത് വ്യവസായ വികസനത്തിനും ഒപ്പം തന്നെ ജൈവവൈവിധ്യ സംരക്ഷണത്തിനുമുള്ള സാധ്യത തെളിയിക്കാനാകും. അലങ്കാരസസ്യങ്ങളും, നാണ്യവിളകളുമൊക്കെത്തന്നെ ഇത്തരത്തില്‍ പ്രജനനം നടത്താമെന്നുള്ളത് കേരളത്തിലെ കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള തൈകള്‍ ലഭ്യമാക്കുന്നതിന് സഹായിക്കും.133. ജീനോമിക്‌സ്/പ്രോട്ടിയോമിക്‌സ് സാങ്കേതികവിദ്യകളിലൂടെ രോഗങ്ങളെ തടയുന്നതിനോ മുന്‍കൂട്ടി കണ്ടെത്തുന്നതിനോ ഉള്ള ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാന്‍ കഴിയും. കേരളത്തിലെ ബയോടെക്‌നോളജി അധിഷ്ഠിത ഔഷധനിര്‍മാണരംഗത്ത് ഇത്തരം സംരംഭങ്ങള്‍ക്കുള്ള ഉയര്‍ന്ന സാധ്യതകളെ പ്രയോജനപ്പെടുത്തും.134. ഐ.ടിയും ബയോടെക്‌നോളജിയും കൈകോര്‍ത്ത് മുന്നേറുന്ന പുത്തന്‍ സാങ്കേതികവിദ്യയാണ് ബയോഇന്‍ഫര്‍മാറ്റിക്‌സ്. ഈ രംഗത്ത് ഗവേഷണ സ്ഥാപനങ്ങളും മറ്റും ആരംഭിച്ച് പുറംജോലി കരാര്‍ ഉള്‍പ്പെടെ കേരളത്തിന് ലഭിക്കാവുന്ന അവസരങ്ങള്‍ അനവധിയാണ്. അവ ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
നാനോ സാങ്കേതിക വിദ്യ135. ചില സര്‍വകലാശാലകളില്‍ നാനോ സാങ്കേതികവിദ്യക്ക് പ്രത്യേക വകുപ്പുകളും ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്ററുകളും സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വ്യവസായം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നാനോ സാങ്കേതികവിദ്യയുപയോഗിച്ച് നവീകരണത്തിനും വിപുലനത്തിനുമുള്ള സാധ്യതകള്‍ ഒട്ടേറെയുണ്ട്. അവയെ പ്രയോജനപ്പെടുത്തുന്നതാണ്. അതിനായി തൊഴിലധിഷ്ഠിത നാനോ സാങ്കേതികവിദ്യാ കോഴ്‌സുകള്‍ ആവശ്യാനുസരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ടൂറിസം136. ഏറ്റവും വേഗതയില്‍ വളരുന്ന പുതിയ വ്യവസായ മേഖലയാണ് ടൂറിസം. ടൂറിസത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും അതിന്റെ ദൂഷ്യഫലങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനും വേണ്ടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവാദിത്ത ടൂറിസം നയം രൂപീകരിച്ചത്. ഇത് ഫലപ്രദമായി നടപ്പാക്കുക എന്നതായിരിക്കും അടുത്ത അഞ്ചുവര്‍ഷത്തെ ലക്ഷ്യം.137. ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലെ പശ്ചാത്തല സൗകര്യങ്ങള്‍ വിപുലീകരിക്കുകയും അവയുടെ മാനേജ്‌മെന്റു കമ്മിറ്റികളുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്യും. പ്രാദേശിക ഭരണകൂടങ്ങളുടെ പങ്കാളിത്തം ടൂറിസം വികസനത്തില്‍ ഉറപ്പുവരുത്തും. ഏതൊരു ജൈവ മേഖലയ്ക്കും താങ്ങാവുന്ന ഭാരത്തിന് പരിധിയുണ്ട്. ഇതു സംബന്ധിച്ചു പഠനം നടത്തുകയും ആ പരിധി ലംഘിക്കാതെ ടൂറിസം പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുകയും ചെയ്യും.138. ആരോഗ്യ ടൂറിസം, ഫാം ടൂറിസം, ഇക്കോ ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങിയ ടൂറിസത്തിന്റെ വൈവിദ്ധ്യമാര്‍ന്ന സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. കേരളത്തിന്റെ തനതു ജൈവസമ്പത്തുകളായ കാലാവസ്ഥ, കായലുകള്‍, ബീച്ചുകള്‍, വന്യമൃഗ സങ്കേതങ്ങള്‍, ആയൂര്‍വ്വേദം ഇവയെ ഉപയോഗിച്ച് ടൂറിസം പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കും. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഗുണമേന്മയും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.139. മുസിരിസ്, തലശേരി, ആലപ്പുഴ, തിരുവനന്തപുരം, വയനാട് പൈതൃക സംരക്ഷണ സര്‍ക്യൂട്ടുകള്‍ പൂര്‍ത്തീകരിക്കും. യുനെസ്‌കോയുടെ സഹായത്തോടെ സ്‌പൈസസ് റൂട്ട് എന്ന പൈതൃക അന്തര്‍ദ്ദേശീയ സര്‍ക്ക്യൂട്ട് യാഥാര്‍ത്ഥ്യമാക്കും. മുപ്പതില്‍പ്പരം രാജ്യങ്ങള്‍ പങ്കാളികളായിട്ടുളള ഈ ബൃഹദ് സംരംഭം കേരളത്തിലെ ടൂറിസത്തിന്റെ മുഖച്ഛായ മാറ്റും.140. ആയൂര്‍വേദ ചികിത്സയും സാംസ്‌ക്കാരിക കലാരൂപങ്ങളും ടൂറിസത്തിന്റെ അതിരുകവിഞ്ഞ വാണിജ്യവല്‍കരണം മൂലം അധഃപതിക്കാതിരിക്കാന്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കും. ടൂറിസത്തിന്റെ സാംസ്‌ക്കാരിക പ്രത്യാഘാതങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യും.141. ടൂറിസത്തിന്റെ സാമ്പത്തിക നേട്ടം പ്രാദേശിക സമ്പദ്ഘടനയ്ക്കു കൂടി സഹായകരമാവും എന്നുറപ്പുവരുത്തേണ്ടതുണ്ട്. ചെറുകിട സംരംഭങ്ങള്‍ക്കു പരമാവധി സാധ്യതകള്‍ തുറക്കുന്നതാണ്.142. ടൂറിസ്റ്റ് ഡസ്റ്റിനേഷന്‍ എന്ന നിലയില്‍ കേരളത്തിന്റെ പ്രശസ്തി കൂടുതല്‍ വളര്‍ത്തുന്നതിന് ശക്തമായ പ്രചാരണം വിദേശരാജ്യങ്ങളിലടക്കം തുടര്‍ന്നും നടത്തും. കേരള ട്രാവല്‍ മാര്‍ട്ടിന് കൂടുതല്‍ ധനസഹായം അനുവദിക്കും.143. ടൂറിസം മേഖലയുടെ മേലുളള നികുതിഭാരം കുറയ്ക്കും.

No comments: