Tuesday, March 15, 2011

5.കേരളത്തിന്റെ സര്‍‌വ്വതോന്മുഖ വികസനം ലക്ഷ്യമാക്കുന്ന ഇടതുമുന്നണി പ്രകടന പത്രിക.5.സാമൂഹ്യ പശ്ചാത്തല സൗകര്യങ്ങള്‍

5.കേരളത്തിന്റെ സര്‍‌വ്വതോന്മുഖ വികസനം ലക്ഷ്യമാക്കുന്ന ഇടതുമുന്നണി പ്രകടന പത്രിക. 5.സാമൂഹ്യ പശ്ചാത്തല സൗകര്യങ്ങള്‍


ആരോഗ്യം144. വൃദ്ധജനങ്ങളുടെ പ്രത്യേകമായ മാനസിക ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പഠനവും ഇടപെടലും നടത്തും. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും ത്രിതല സംവിധാനത്തിലെ താഴെത്തട്ട് മുതല്‍ ലഭ്യമായ സാധ്യത ഉപയോഗപ്പെടുത്തും. സാന്ത്വന ചികിത്സാപദ്ധതിയുമായി ബന്ധപ്പെടുത്തി 'വയോമിത്രം' പരിപാടി നടപ്പിലാക്കും.145. ആശുപത്രികളുടെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിച്ച് ആവശ്യമായ ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കും.146. സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഡോക്ടര്‍മാര്‍ക്കും ഇതര ജീവനക്കാര്‍ക്കും തുടര്‍പരിശീലനം നല്‍കും. മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ ചികിത്സാനിരോധനം വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തി ഫലപ്രദമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും.147. സാര്‍വ്വത്രികവും സൗജന്യവുമായ ആരോഗ്യസേവനം ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് സാമ്പ്രദായികമായിത്തന്നെ എല്ലാ കാലത്തും ഉറപ്പ് വരുത്തും. മറ്റ് രാജ്യങ്ങളിലെ ഇന്‍ഷുറന്‍സ് സംവിധാനത്തിലുണ്ടായ പാളിച്ചകള്‍ പഠിച്ച് ഇന്‍ഷുറന്‍സ് സംവിധാനം ശക്തിപ്പെടുത്തും. 108 ആംബുലന്‍സ് സമ്പ്രദായം സാര്‍വ്വത്രികമാക്കും.148. സാങ്കേതിക വിദ്യയുടെ വികാസത്തിനനുസരിച്ച് സേവനരീതികളും അതിനാവശ്യമായ പുതിയ ഉപകരണങ്ങളും വികസിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ പാരമെഡിക്കല്‍ പ്രവര്‍ത്തകരുടെ അഭാവം നേരിടുന്നു. ആവശ്യം അനുസരിച്ച് പുതിയ കോഴ്‌സുകള്‍ ഈ മേഖലയില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. കൂടാതെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പാരാമെഡിക്കല്‍ പ്രവര്‍ത്തകരുടെ യോഗ്യത ഉറപ്പ് വരുത്തുന്നതിനുള്ള നടപടി സ്വീകരിക്കും.149. ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് മെഡിക്കല്‍ കോളേജുകളിലെ ഫാര്‍മസി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വികസിപ്പിച്ച് ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ജില്ലാതലത്തില്‍ ഹൈടെക് ഡ്രഗ് വെയര്‍ഹൗസുകള്‍ ആരംഭിക്കുന്നതാണ്.150. സ്റ്റേറ്റ് ഡിസീസ് സര്‍വയിലന്‍സ് സെല്ലിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തും.151. ആയൂര്‍വ്വേദ-ഹോമിയോ മേഖലകളില്‍ വലിയ തോതിലുള്ള അടിസ്ഥാന സൗകര്യം ഉണ്ടായിട്ടുണ്ട്. ഈ വളര്‍ച്ച നിലനിര്‍ത്തും. ജീവതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ ആരംഭിക്കും. മെഡിക്കല്‍ ഇന്‍ഷ്വറന്‍സില്‍ ആയൂര്‍വ്വേദ-ഹോമിയോ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും. ആയൂര്‍വ്വേദ ഔഷധമേഖലയില്‍ ഗവേഷണപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കും. മരുന്നുകളുടെ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍, വാലിഡേഷന്‍ എന്നിവ ഉറപ്പുവരുത്തും.
വിദ്യാഭ്യാസം152. കേരളത്തിലെ മുഴുവന്‍ പ്രീസ്‌കൂള്‍ പ്രായക്കാരെയും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന വിധത്തില്‍ സാര്‍വ്വത്രികവും ശാസ്ത്രീയവുമായ പ്രീസ്‌കൂള്‍ വിദ്യാഭ്യാസം നടപ്പിലാക്കും. നിലവിലുള്ള അംഗന്‍വാടികളുടെയും ലോവര്‍ പ്രൈമറി സ്‌കൂളുകളുടെയും ഭൗതിക സൗകര്യങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും ഇത് നടപ്പിലാക്കുക.153. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതിനായി ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ തല്‍പ്പരരും ചേര്‍ന്നുള്ള കൂട്ടായ്മ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംഘടിപ്പിക്കും. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ മുതിര്‍ന്നവരുടെയും യുവജനസംഘടനകളുടെയും ഗ്രന്ഥശാലകളുടെയും സഹായം ഉപയോഗപ്പെടുത്തും.154. വിദ്യാഭ്യാസ അവകാശ നിയമം കേരളീയ പശ്ചാത്തലം കൂടി കണക്കിലെടുത്തുകൊണ്ട് നടപ്പിലാക്കുന്ന രീതിയായിരിക്കും അവലംബിക്കുക.155. കലാ-കായിക അംശങ്ങളെ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ഉള്‍ച്ചേര്‍ക്കുന്നതിനുള്ള നടപടി സ്വീകരിക്കും.156. കുട്ടികള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത് അവര്‍ക്ക് ആത്മവിശ്വാസത്തോടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള ശേഷി സ്‌കൂള്‍ ഘട്ടത്തില്‍ തന്നെ ആര്‍ജ്ജിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.157. മാതൃഭാഷാ പഠനം നിര്‍ബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. അതോടൊപ്പംതന്നെ ബന്ധഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് വിനിമയശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും കുട്ടികള്‍ക്ക് താല്‍പ്പര്യമുള്ള മറ്റ് ഭാഷകള്‍ പഠിക്കാനുള്ള സൗകര്യവും ഉണ്ടാക്കും.158. എല്ലാ തലങ്ങളിലും കൂടുതല്‍ വിദ്യാഭ്യാസ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ യത്‌നിക്കും. അതിന് പരിമിതികള്‍ ഉള്ളതുകൊണ്ട് സാമൂഹ്യ നിയന്ത്രണങ്ങള്‍ക്കു വിധേയമായി സ്വാശ്രയ സ്ഥാപനങ്ങള്‍ അനുവദിക്കും. സഹകരണ മേഖലയ്ക്കും സര്‍ക്കാര്‍ നിയന്ത്രിത മേഖലയ്ക്കും ഈ മേഖലയില്‍ പ്രാമുഖ്യം നല്‍കും. ഗുണമേന്മ, സാമൂഹ്യനീതി എന്നിവ ഈ സ്ഥാപനങ്ങളില്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സദാ ജാഗരൂകമായിരിക്കും.159. ഇന്ത്യക്കകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ക്രിയാത്മകമായ അക്കാദമിക സഹകരണത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അദ്ധ്യാപക പരിശീലനത്തിനും തുടര്‍പഠനത്തിനും ആവശ്യമായ സ്ഥിരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ആധുനിക ആശയവിനിമയ സങ്കേതങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തികൊണ്ട് ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കും.160. അധികാര വികേന്ദ്രീകരണവും അക്കാദമിക മികവും സ്വ.യംഭരണവും സാമൂഹ്യ ഉത്തരവാദിത്തവും ജനാധിപത്യ പ്രാതിനിധ്യവും ഉറപ്പാക്കുംവിധവും അക്കാദമിക ആവശ്യങ്ങള്‍ അനായാസേന നിറവേറ്റുന്നതിനു സഹായകമായ രീതിയിലും സര്‍വകലാശാലകളുടെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിയമവ്യവസ്ഥകളും ഭരണനിര്‍വഹണവും പരിഷ്‌കരിക്കും.161. വിദ്യാര്‍ത്ഥി പ്രവേശനം, ഫീസ്പിരിവ് എന്നിവയ്ക്ക് സര്‍വകലാശാലതലത്തില്‍ ഏക ജാലക സംവിധാനം ഏര്‍പ്പെടുത്തും.162. സ്വാശ്രയ സ്ഥാപനങ്ങളില്‍ ഉള്‍പ്പടെ വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും ജനാധിപത്യ അവകാശങ്ങളും സംഘടനാസ്വാതന്ത്ര്യവും പരിരക്ഷിക്കുന്നതിനുവേണ്ട നിയമ - ഭരണ നടപടികള്‍ കൈക്കൊള്ളും.163. ശാരീരികമായി പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പ്രത്യേക അടിസ്ഥാന സൗകര്യങ്ങളും പഠനപ്രവര്‍ത്തനങ്ങളും എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും.
ഐ.ടി.ഐകള്‍164. കൂടുതല്‍ ഐ.ടി.ഐകള്‍ സ്ഥാപിക്കും. നിലവിലുളള ട്രേഡുകളുടെ കരിക്കുലവും പരിശീലന മുറകളും പരിശീലന സൗകര്യങ്ങളും കാലോചിതമായി പരിഷ്‌കരിക്കും. വ്യവസായ സ്ഥാപനങ്ങളും പരിശീലന സ്ഥാപനങ്ങളുമായുളള ബന്ധവും വിവരവിനിമയവും സഹകരണവും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ശാസ്ത്ര-സാങ്കേതിക ഗവേഷണം165. പല കാലങ്ങളിലായി ആരംഭിച്ചതും പ്രശസ്തിയാര്‍ജ്ജിച്ചതുമായ പല ശാസ്ത്ര-സാങ്കേതിക ഗവേഷണ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. അവയുടെ പ്രവര്‍ത്തനം വിലയിരുത്തി അവയെ മെച്ചപ്പെടുത്താന്‍ നടപടിയെടുക്കും. പല പുതിയ വിജ്ഞാനമേഖലകളിലും ഇത്തരം സ്ഥാപനങ്ങള്‍ ആവശ്യമായി വന്നിട്ടുണ്ട്. അവയും സര്‍വ്വകലാശാലകളുമായുള്ള ബന്ധം മെച്ചപ്പെടുത്തും. അവയ്ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കുന്നതിനും സമൂഹത്തിന് കൂടുതല്‍ പ്രയോജനം അവയിലൂടെ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താനും ഉതകുന്നവിധം ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പ്രവര്‍ത്തനം പുനരാവിഷ്‌കരിക്കുന്നതാണ്.
വന സംരക്ഷണം166. വനസംരക്ഷണത്തിന് കൂടുതല്‍ ഫോറസ്റ്റ് സ്റ്റേഷനുകളും ജീവനക്കാരെയും അനുവദിക്കും.167. 1977 ജനുവരി 1-നു മുമ്പ് വനഭൂമിയില്‍ കൃഷിയാരംഭിച്ചവര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുകയും പട്ടയം അനുവദിക്കുകയും ചെയ്യും. എന്നാല്‍ പുതിയ വനം കയ്യേറ്റത്തെ കര്‍ശനമായി നേരിടും. കള്ളപ്പട്ടയങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് പ്രത്യേക ടീമിനെ നിയോഗിക്കുന്നതാണ്. ഇ.എഫ്.എല്‍ പ്രശ്‌നം സമയബന്ധിതമായി പരിഹരിക്കും.
സംസ്‌കാരം168. ലൈബ്രറി കൗണ്‍സിലിന് നിയമമനുസരിച്ച് ലഭിക്കേണ്ട നികുതിവിഹിതം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തും. ഗ്രന്ഥശാലാസംഘങ്ങള്‍ക്കുളള ഗ്രാന്റില്‍ വര്‍ദ്ധന വരുത്തും. ഗ്രാമീണ ലൈബ്രറികളില്‍ ഇന്റര്‍നെറ്റ് അടക്കമുളള അടിസ്ഥാന സൗകര്യങ്ങളും നിലവാരമുളള പുസ്തക ശേഖരവും ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കും. ലൈബ്രേറിയന്മാരുടെ അലവന്‍സ് വര്‍ദ്ധിപ്പിക്കും.169. നാടിന്റെ സാംസ്‌ക്കാരിക കേന്ദ്രങ്ങളായി ഗ്രന്ഥശാലകളെ വളര്‍ത്തി എടുക്കുന്നതിനുള്ള നടപടി സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന, വിജ്ഞാന വ്യാപനത്തിന്റെ മുഖ്യ കണ്ണിയായി ഗ്രന്ഥശാലകളെ മാറ്റിയെടുക്കും.170. അക്കാദമികള്‍ക്കുള്ള ധനസഹായം ഗണ്യമായി വര്‍ദ്ധിപ്പിക്കും. അന്തര്‍ദേശീയ നിലവാരത്തിലുള്ള ഫിലിം, നാടക, സംഗീത, നൃത്ത, ചിത്രകല ഉത്സവങ്ങള്‍ക്ക് ധനസഹായം ഉറപ്പുവരുത്തും. വായനശാലകള്‍ക്കെന്നപോലെതന്നെ ആര്‍ട്‌സ് ക്ലബ്ബുകള്‍ക്കും ധനസഹായം ഉറപ്പുവരുത്തും. ഇവ കൂടാതെ നിരവധി സാംസ്‌കാരിക സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. അവയ്ക്ക് ആവശ്യമായ ധനസഹായം ലഭ്യമാക്കും. ഗോത്ര കലകളെ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കും.171. മലയാളം മിഷന്‍ ശക്തിപ്പെടുത്തും. മലയാള ഭാഷാ പഠനത്തിനും ഗവേഷണത്തിനും സര്‍വ്വകലാശാലകള്‍ക്കും ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്കും വിവിധ ഏജന്‍സികള്‍ക്കും പ്രത്യേക ധനസഹായം ഉറപ്പുവരുത്തും.172. പ്രാദേശിക ടെലിവിഷന്‍ ചാനലുകളെ പ്രോത്സാഹിപ്പിക്കും. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കും ചാനല്‍ പ്രവര്‍ത്തകര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തും.
സ്‌പോര്‍ട്‌സ്173. എല്ലാ ജില്ലകളിലും കായിക പരിശീലനത്തിന് മികച്ച സൗകര്യമുണ്ടാക്കും. മിടുമിടുക്കരായ കായിക പ്രതിഭകളെ പരിശീലിപ്പിക്കുന്നതിന് ഒരു സെന്റര്‍ ഓഫ് എക്‌സലന്‍സ് ഉണ്ടാക്കും. ലോകോത്തര നിലവാരത്തിലുള്ള എല്ലാ ഭൗതിക സൗകര്യങ്ങളും ഇവിടെ ഉറപ്പുവരുത്തും.174. സംസ്ഥാനത്തിനകത്തും പുറത്തും നടക്കുന്ന മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്കായി പ്രോത്സാഹക കായിക പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കും.175. കേരളത്തിലെ കായിക വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് ഒരു ഏകീകൃത സ്വഭാവം രൂപപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.176. കായികതാരങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാനാടിസ്ഥാനത്തില്‍ ഒരു സ്‌പോണ്‍സറിംഗ് സെല്‍ ആരംഭിക്കും.177. സ്‌പോര്‍ട്‌സില്‍ നിശ്ചിത നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകള്‍ക്ക് പ്രത്യേക ധനസഹായം നല്‍കും. സ്‌കൂള്‍ കായികരംഗത്തുള്ള കുരുന്ന് പ്രതിഭകളെ ചെറിയ പ്രായത്തില്‍ത്തന്നെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും.
ഭരണപരിഷ്‌കാരം
സഹകരണം178. സ്വന്തം ഫണ്ടില്‍ അധികരിച്ച് സഞ്ചിത നഷ്ടമുള്ള സംസ്ഥാന സഹകരണ ബാങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓഹരി മൂലധനപങ്കാളിത്തം വര്‍ദ്ധിപ്പിക്കും. അപ്പെക്‌സ് സംഘങ്ങള്‍ക്കു നല്‍കിയിട്ടുള്ളതും നിഷ്‌ക്രിയ വായ്പ ആയി തീര്‍ന്നതുമായ വായ്പകള്‍ സ്റ്റാന്‍ഡേര്‍ഡ് വായ്പകളാക്കുകയും ചെയ്യും.179. ജീവനക്ഷമമല്ലാത്ത സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിനായി കര്‍മ്മ പദ്ധതി തയ്യാറാക്കുകയും ഒരു കോര്‍പ്പസ് ഫണ്ട് രൂപീകരിക്കുകയും ചെയ്യും. ലിക്വിഡേഷനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് ഓഹരി മൂലധനം നല്‍കി സഹായിക്കും.180. എല്ലാ പഞ്ചായത്തുകളിലും സഹകരണ വിപണന കേന്ദ്രങ്ങളും നീതി മെഡിക്കല്‍ സ്റ്റോറുകളും തുടങ്ങും.181. സഹകരണ പ്രാഥമിക വായ്പാ സംഘങ്ങളിലെ നിക്ഷേപകര്‍ക്കും വായ്പക്കാര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും. ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരാത്ത വായ്പ സംഘങ്ങളിലെ നിക്ഷേപകര്‍ക്ക് ഒരു ലക്ഷം രൂപയ്ക്ക് ഡെപ്പോസിറ്റ് ഗ്യാരിന്റി ഉറപ്പ് വരുത്തും.182. സഹകരണ വായ്പാ സംഘങ്ങള്‍ക്ക് അനുയോജ്യമായ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുക്കുകയും കമ്പ്യൂട്ടറൈസ്ഡ് ആഡിറ്റിങ് സാധ്യമാക്കുകയും ചെയ്യും. സംസ്ഥാന സഹകരണ ബാങ്ക്, ജില്ല സഹകരണബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ എന്നിവയെ ഉള്‍പ്പെടുത്തിക്കൊണ്ട് എ.റ്റി.എം.ശൃംഖല വിപുലപ്പെടുത്തും.183. റിസര്‍വ് ബാങ്ക് ലൈസന്‍സില്ലാത്ത ജില്ലസഹകരണ ബാങ്കുകള്‍ക്ക് 2012 നു മുമ്പ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള യോഗ്യതകള്‍ കൈവരിക്കുന്നതിന് ആവശ്യമായ സഹായം ലഭ്യമാക്കും.
ദേവസ്വം184. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കും. അതിന്റെ ആദ്യഘട്ടമായി 100 കോടി രൂപയുടെ ചെലവ് വരുന്ന നിലയ്ക്കല്‍ പാര്‍ക്കിംഗ്, വലിയ നടപ്പന്തല്‍ രണ്ടാംനില, അരവണ നിര്‍മ്മാണശാല മാറ്റി സ്ഥാപിക്കല്‍, ഭക്തര്‍ക്ക് തിരിച്ചുപോകാന്‍ പ്രത്യേക പാത തുടങ്ങിയവ അടുത്ത മകരമാസത്തിനു മുമ്പ് പൂര്‍ത്തീകരിക്കും. ശബരി പാതയ്ക്കായി റെയില്‍വേയും റവന്യൂ വകുപ്പും സംയുക്തമായി കല്ലിട്ട് തിരിച്ചിരിക്കുന്ന ഐക്കൊമ്പ് (പാലയ്ക്കു സമീപം) വരെയുള്ള സ്ഥലത്തിന്റെ വില നല്‍കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. എരുമേലി വരെയുള്ള ദൂരത്തെ സ്ഥലമെടുപ്പിനുള്ള നടപടികള്‍ ആരംഭിക്കുവാനുള്ള നിര്‍ദ്ദേശം നല്‍കും.
ലോട്ടറി185. കേന്ദ്ര ലോട്ടറി നിയമം സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള രീതിയില്‍ ഭേദഗതി ചെയ്യുന്നതിന് സമ്മര്‍ദ്ദം ചെലുത്തും. ലോട്ടറി മാഫിയയെ കേരളത്തില്‍നിന്ന് പുറത്താക്കുന്നതിനുവേണ്ടി എല്ലാവിധ നടപടികളും സ്വീകരിക്കും. കേരള ഭാഗ്യക്കുറി സംരക്ഷിക്കും.
സെക്രട്ടേറിയറ്റും ഡിപ്പാര്‍ട്ട്‌മെന്റുകളും186. വന്‍കിട പ്രോജക്ടുകളുടെ മോണിറ്ററിംഗിന് പ്രത്യേക സംവിധാനമുണ്ടാക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കേരളത്തിന് കൂടുതല്‍ അനുയോജ്യമാക്കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. എല്ലാ മാസവും അവയുടെ നടത്തിപ്പ് അവലോകനം ചെയ്യുന്ന സമ്പ്രദായം കൊണ്ടുവരും.187. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും വകുപ്പുകളിലേക്കും വകുപ്പുകളില്‍ നിന്നു താഴെത്തലങ്ങളിലേക്കും വികേന്ദ്രീകരിക്കേണ്ട അധികാരങ്ങള്‍, ധനകാര്യ അധികാരങ്ങള്‍ ഉള്‍പ്പെടെ, അടിയന്തിരമായി വികേന്ദ്രീകരിച്ചു നല്‍കണം. ഓരോ തട്ടിലും കൈകാര്യം ചെയ്യേണ്ട കാര്യങ്ങള്‍ അനിവാര്യമായ സാഹചര്യങ്ങളിലല്ലാതെ മുകള്‍ തട്ടിലേക്ക് പോകുന്നില്ലായെന്ന് ഉറപ്പ് വരുത്തും.188. കാലഹരണപ്പെട്ട സര്‍വീസ് നിയമങ്ങളും ചട്ടങ്ങളും മാനുവലുകളും, മാര്‍ഗനിര്‍ദ്ദേശങ്ങളും രീതി സമ്പ്രദായങ്ങളും കാലോചിതമായി പുതുക്കുന്നതിന് സമയബന്ധിതമായി പദ്ധതി ആവിഷ്‌കരിക്കും. തട്ടുകള്‍ കുറച്ചുകൊണ്ട് സെക്രട്ടേറിയറ്റ് ഭരണ സംവിധാനത്തില്‍ വേണ്ട പരിഷ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കണം.189. മിഡില്‍ മാനേജ്‌മെന്റ് ശക്തമാക്കുന്നതിന് സ്റ്റേറ്റ് സിവില്‍ സര്‍വീസ് രൂപീകരിക്കണമെന്ന ഭരണ പരിഷ്‌കാര കമ്മീഷന്‍ നിര്‍ദ്ദേശം നടപ്പിലാക്കും.190. അഴിമതിരഹിതവും സംശുദ്ധവുമായ സിവില്‍ സര്‍വ്വീസ് എന്ന ലക്ഷ്യത്തോടെ ലോകായുക്ത, ഓംബുഡ്‌സ്മാന്‍, വിജിലന്‍സ് സംവിധാനങ്ങളെ ഫലപ്രദമാക്കാനുണ്ട്. സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് ഓംബുഡ്‌സ്മാന്‍ പ്രാവര്‍ത്തികമാക്കുന്നതായിരിക്കും.191. സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പൊതുസ്ഥലംമാറ്റത്തിന് വിദ്യാഭ്യാസവകുപ്പില്‍ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ സംവിധാനം എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കും.192. 'സേവനാവകാശ നിയമം' കൊണ്ടുവരും. നിലവിലുള്ള റെക്കോര്‍ഡുകളുടെയും രജിസ്റ്ററുകളുടെയും അടിസ്ഥാനത്തില്‍ നല്‍കാവുന്നതും കൂടുതല്‍ അന്വേഷണം ആവശ്യമില്ലാത്തതുമായ സര്‍ട്ടിഫിക്കറ്റുകള്‍ അടുത്ത പ്രവൃത്തിദിവസം തന്നെയും അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകളും റെക്കോര്‍ഡുകളും പരമാവധി അഞ്ച് ദിവസത്തിനുള്ളിലും നല്‍കാന്‍ നടപടി സ്വീകരിക്കും. ഇതിനായി ആഫീസുകളെ തമ്മില്‍ ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കും. സര്‍ക്കാരിനു ലഭിക്കുന്ന വിവിധങ്ങളായ നിവേദനങ്ങള്‍ അവയുടെ സ്വഭാവം അനുസരിച്ച് ഓരോ വിഭാഗത്തിനും നിശ്ചിത സമയത്തിനുളളില്‍ തീര്‍പ്പുകല്‍പ്പിച്ച് പരാതിക്കാരനെ അറിയിക്കണമെന്ന് വ്യവസ്ഥ ചെയ്യും. ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കും.
വിവര സംവേദന സാങ്കേതികവിദ്യയും ഇ-ഗവേണന്‍സും193. വിവിധ വകുപ്പ് - സ്ഥാപനതലങ്ങളില്‍ സഞ്ചയിക്കപ്പെട്ടിരിക്കുന്ന വിവരശേഖരം (ഡാറ്റാ ബേയ്‌സ്) ഉദ്ഗ്രഥിപ്പിക്കും. ഉദാഹരണമായി ഫ്രണ്ട്‌സ് മുഖേന നികുതി പിരിയ്ക്കുമ്പോള്‍ തന്നെ ബന്ധപ്പെട്ട തദ്ദേശ ഭരണ-വകുപ്പ് സ്ഥാപനങ്ങളില്‍ ഈ വിവരം പുതുക്കി ചേര്‍ക്കപ്പെടുക എന്ന രീതി ആവിഷ്‌കരിക്കും.194. രജിസ്റ്ററുകളും ഫയലുകളും എഴുതി സൂക്ഷിക്കുന്ന വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റി ദ്രുതഗതിയില്‍ വിവരവിനിമയം നടത്തി സേവനം ലഭ്യമാക്കുന്ന സംവിധാനം രൂപപ്പെടുത്തും. ഇത്തരം വിവരമാറ്റം വരുത്തുമ്പോള്‍ അവയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്താനും രേഖീകൃതവിവരങ്ങളുടെ പരസ്പരം കൈമാറ്റവും വിനിയോഗവും ഉറപ്പാക്കുന്നതിനും ഉള്ള നയവും നടപടി ക്രമവും അവയുടെ നിയമസുരക്ഷയ്ക്കായുള്ള ചട്ട വ്യവസ്ഥകളും ഉണ്ടാക്കും.195. ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാനും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും പൊതു ആവശ്യങ്ങള്‍ക്കും അനുമതി തേടിക്കൊണ്ട് പരസ്പരം കൈമാറി ഉപയോഗിക്കാനും വ്യവസ്ഥപ്പെടുത്തും.196. വിവിധ പദ്ധതികളുടെ ആസൂത്രണം, ഗുണഭോക്തൃനിര്‍ണയം, തുടങ്ങിയവയ്ക്ക് പൗരരുടെ വിവരങ്ങള്‍, ജനന-മരണവിവരങ്ങള്‍, വിദ്യാര്‍ത്ഥി വിവരങ്ങള്‍ വോട്ടര്‍ വിവരങ്ങള്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ പരസ്പരം കൈമാറ്റി വിനിയോഗിക്കാന്‍ വ്യവസ്ഥപ്പെടുത്തും.197. ദൈനംദിന ഭരണ പ്രവൃത്തികളില്‍ ഇലക്‌ട്രോണിക് രേഖകളുടെയും ഡിജിറ്റല്‍ സിഗ്‌നേച്ചറിന്റെയും പ്രയോഗം സാധ്യമാക്കി സേവന നിര്‍വ്വഹണം ദ്രുതഗതിയിലാക്കാന്‍ നടപടിയുണ്ടാകണം.198. സാര്‍വ്വത്രിക ഈ.സാക്ഷരത നടപ്പാക്കാനുള്ള തീവ്രയത്‌നം തദ്ദേശഭഭരണതലത്തില്‍ ലീപ് കേരള മിഷന്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി സാധിതമാക്കും. ഇതിനായി നിലവിലുള്ള ഐ.ടി.മിഷന്‍, ഐ.കെ.എം തുടങ്ങിയ ശൃംഖലാസംവിധാനങ്ങളെ പുസംഘടിപ്പിച്ച് ഉപയോഗപ്പെടുത്തും.
അധികാരവികേന്ദ്രീകരണം199. അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി ഒട്ടേറെ അധികാരങ്ങള്‍ താഴേക്കു നല്‍കിയിട്ടുണ്ട്. പലവകുപ്പുകളിലും ഉദ്യോഗസ്ഥരെയും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു വിന്യസിച്ചിട്ടുണ്ട്. ഈ പുനര്‍വിന്യാസ പ്രക്രിയ അധികാരത്തിലെത്തി ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും. കൈമാറ്റപ്പെടുന്ന ജീവനക്കാരുടെ നിര്‍വ്വഹണപരവും നിയന്ത്രണപരവുമായ മേല്‍നോട്ട അധികാരം തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ഭാരമേല്‍പ്പിക്കും. ഇതിനായി ലൈന്‍സി ഡിപ്പാര്‍ട്ടുമെന്റുകളുടെ അടിസ്ഥാനതല നിര്‍വ്വഹണകൃത്യങ്ങള്‍ പൂര്‍ണ്ണമായും തദ്ദേശഭരണക്രമവുമായി ഏകോപിപ്പിക്കും.200. ജില്ലാ ആസൂത്രണസമിതി കേരളത്തിന് അനുയോജ്യമായ വിധം പുന:സംഘടിപ്പിക്കുകയും ഡി.പി.സി സെക്രട്ടേറിയറ്റ് രൂപീകൃതമാക്കുകയും ചെയ്ത് നിര്‍വ്വഹണക്ഷമമാക്കും.201. പഞ്ചായത്ത്-നഗര ഭരണ മാന്വല്‍, ബജറ്റ്-അക്കൗണ്ട്‌സ്, ഓഡിറ്റ് മാന്വല്‍ എന്നിവ ഉണ്ടാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ചട്ടങ്ങള്‍ അടിയന്തരമായി രൂപീകരിക്കും.202. ഗ്രാമസഭകള്‍ ഫലപ്രദമാക്കുന്നതിനു അയല്‍ക്കൂട്ടങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവ ഗ്രാമസഭകളുടെ ഉപഘടകങ്ങളാക്കി വളര്‍ത്തും.203. സന്നദ്ധസാങ്കേതികപ്രവര്‍ത്തകര്‍ അടങ്ങുന്ന കര്‍മ്മ സമിതികള്‍, സാമൂഹ്യനിയമകാര്യപ്രവര്‍ത്തകര്‍ അടങ്ങുന്ന ജാഗ്രതാ സമിതികള്‍, സദ്ഭരണഭാഗമായ പരാതി പരിഹാര സമിതികള്‍, സാമൂഹ്യാവലോകനസമിതികള്‍, സ്ഥാപനമാനേജ്‌മെന്റ് സമിതികള്‍ എന്നിവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനാവശ്യമായ ഇടപെടല്‍ നടത്തും.204. സ്റ്റാന്‍ഡിംഗ് കമ്മിറ്റികളെ പ്രായോഗിക വികേന്ദ്രീകൃതാധികാര നിര്‍വ്വഹണവേദികളായി ഉത്തരവാദിത്തപ്പെടുത്തുംവിധം നിയമ-ചട്ട ഭേദഗതികള്‍ നടപ്പാക്കി ശാക്തീകരിക്കും.205. എല്ലാ പഞ്ചായത്തിലും ഒരു പൊതു കളിസ്ഥലവും പൊതു ശ്മശാനവും ഉറപ്പുവരുത്തും. ജനങ്ങള്‍ക്ക് ഒത്തുകൂടാനും ആശയവിനിമയം നടത്താനും സൗകര്യപ്പെടുന്ന വിധത്തിലുള്ള കമ്മ്യൂണിറ്റി സെന്ററുകളോ ഓപ്പണ്‍ എയര്‍ തിയേറ്ററുകളോ എല്ലാ പഞ്ചായത്തുകളിലും ഉറപ്പുവരുത്തും.
ജുഡീഷ്യറി206. കീഴ്‌കോടതികളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കും. കുടുംബകോടതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ജഡ്ജിമാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ക്ക് ലിംഗാവബോധ പരിശീലനങ്ങള്‍ നല്‍കും.207. ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍, സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍, ജാഗ്രതാ സമിതികള്‍, വനിതാ സെല്ലുകള്‍ എന്നിവയുമായി നെറ്റ്‌വര്‍ക്കിംഗ് ഉണ്ടാകും.
തൊഴില്‍ നയം208. തൊഴിലാളി-തൊഴിലുടമ ബന്ധം മെച്ചപ്പെടുത്തുന്നതിനും ഉല്‍പ്പാദനത്തിന്റെ ഗുണനിലവാരവും കാര്യക്ഷമതയും ഉയര്‍ത്തുന്നതിനും തൊഴിലാളി സംഘടനകളോട് ചര്‍ച്ച ചെയ്യുക എന്നത് എല്‍.ഡി.എഫിന്റെ നയമായിരിക്കും. ഇ.എസ്.ഐ വിപുലീകരിക്കും. തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്യും എന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയമായിരിക്കും.209. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കുും അവകാശങ്ങള്‍ക്കും പൂര്‍ണ്ണ സംരക്ഷണം നല്‍കും. ആരോഗ്യകരമായ തൊഴില്‍ ബന്ധത്തിലൂടെ വ്യവസായവല്‍ക്കരണത്തിന് കൂടുതല്‍ പ്രോല്‍സാഹനജനകമായ ക്രിയാത്മക അന്തരീക്ഷം സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കും. പുതിയ വ്യവസായസംരംഭങ്ങളുടെ നിര്‍മ്മാണഘട്ടത്തിലും പ്രവര്‍ത്തനങ്ങളുടെ പ്രാരംഭദശയിലും അനാരോഗ്യകരമായ തൊഴില്‍ കുഴപ്പങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ കര്‍ശന സംവിധാനങ്ങള്‍ ട്രേഡ് യൂണിയനുകളുമായി ആലോചിച്ച് ഏര്‍പ്പെടുത്തും.210. വ്യാപാര സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന തരത്തിലുളള നടപടികള്‍ സ്വീകരിക്കും.211. തൊഴില്‍വകുപ്പ് ശക്തിപ്പെടുത്തും.212. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ വന്നു തൊഴിലെടുക്കുന്നവരുടെ സ്ഥിതിയെക്കുറിച്ച് സമഗ്രാന്വേഷണം നടത്തും. ഇന്റര്‍ സ്‌റ്റേറ്റ് മൈഗ്രന്റ് വര്‍ക്കേഴ്‌സ് ആക്ട് നടപ്പിലാക്കും.
മദ്യനയം213. മദ്യവും മയക്കുമരുന്നുകളും സമൂഹത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അവ വര്‍ജിക്കുന്നതിന് ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. മദ്യപാനത്തെ കര്‍ശനമായി നിരുല്‍സാഹപ്പെടുത്തുന്ന ഒരു നയമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുള്ളത്. മദ്യപാനാസക്തിക്കെതിരെ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ ഗ്രാമസഭകളുടെ പങ്കാളിത്തത്തോടെ ആവിഷ്‌കരിക്കും. മദ്യമാഫിയയ്‌ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.214. വിദേശ മദ്യഷാപ്പുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കും. വീര്യംകൂടിയ മദ്യങ്ങളെ നിരുത്സാഹപ്പെടുത്തുകയും അതേ സമയം വീര്യംകുറഞ്ഞ കള്ളുപോലുള്ള പരമ്പരാഗത മദ്യം ഗുണനിലവാരം ഉറപ്പുവരുത്തി ലഭ്യമാക്കുകയും ചെയ്യുക എന്നതായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നയം. വ്യാജ കള്ളിനെതിരെ കര്‍ശനമായ നടപടികള്‍ തുടരും. ചെത്തുവ്യവസായ സംരക്ഷണത്തിനുള്ള നടപടി തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് രൂപം നല്‍കും.
ഗതാഗതം215. കെ.എസ്.ആര്‍.ടി.സി ചെയ്യുന്ന സേവനം കണക്കിലെടുത്ത് മതിയായ സഹായം നല്‍കും. കടബാധ്യത ഒറ്റത്തവണ തീര്‍പ്പ് വഴി ഇല്ലാതാക്കും. ഇതിനായി പ്രത്യേക പാക്കേജിന് രൂപം നല്‍കും. പെന്‍ഷന്‍ മാസാദ്യം തന്നെ കെ.എസ്.ആര്‍.ടി.സി വിതരണം ചെയ്യുന്നു എന്നകാര്യം ഉറപ്പ് വരുത്തും.
റവന്യൂ216. കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
പരിസ്ഥിതി നയം217. തീരദേശ പരിപാലനം ഉള്‍പ്പെടെ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ വികസന പദ്ധതികളുമായി സംയോജിപ്പിച്ച് നടപ്പിലാക്കുന്ന രീതി പ്രാവര്‍ത്തികമാക്കും.218. ഹരിത സാങ്കേതിക വിദ്യാ പ്രയോഗത്തിലൂടെ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുകയും, പ്രകൃതി വിഭവ സംരക്ഷണവും വിനിയോഗവും ക്രമീകരിക്കുകയും സൂസ്ഥിര വികസനത്തിലൂന്നിയുള്ള സാമൂഹ്യ-സാമ്പത്തിക വികസനക്രമത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യും.219. മലിനജലം ശൂദ്ധീകരിച്ച് പുനഃചംക്രമണം നടത്തിയും പാഴ്‌വസ്തുക്കളുടെ പരമാവധി പുനരുപയോഗം സാധ്യമാക്കിയും വ്യവസായങ്ങളെ സീറോ ഡിസ്ചാര്‍ജ്ജ് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പ്രേരിപ്പിക്കും. ഇതിനായി സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിനുള്ള ഇടപെടല്‍ നടത്തും.220. ഇന്നു നിലവിലുള്ള മലിനീകരണ നിയന്ത്രണ നിയമത്തിലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിലും ഉള്ള പരിമിതികളും പോരായ്മകളും പരിഹരിക്കും.221. ക്ലീന്‍ ടെക്‌നോളജി, ഗ്രീന്‍ ടെക്‌നോളജി തുടങ്ങിയ നൂതന സങ്കേതങ്ങളെ സമൂഹത്തിന്റെ ആവശ്യത്തിനുതകുന്ന രീതിയില്‍ പ്രയോഗത്തിലെത്തിക്കുന്നതിന് പരിസ്ഥിതി പരിപാലന ഏജന്‍സിയെ പ്രാപ്തമാക്കുന്ന തരത്തിലുള്ള ഇടപെടല്‍ നടത്തും.222. പ്രാദേശിക സര്‍ക്കാരുകളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടപ്പിലാക്കിവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്കും സമൂഹത്തിനും ദോഷമുളവാക്കുന്നവയല്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കും. അതേ സമയം കേവല പരിസ്ഥിതി വാദമുയര്‍ത്തി വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന നീക്കങ്ങളെ തുറന്ന് കാട്ടുകയും ചെയ്യും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരുത്സാപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ക്രമസമാധാനപാലനവും പോലീസും223. ജനമൈത്രി സുരക്ഷാപദ്ധതി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. കേരള സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വ്യാപകമായി നടപ്പാക്കും.224. സംസ്ഥാനത്ത് ഒരു വനിതാ ബറ്റാലിയന്‍ സ്ഥാപിക്കും. മൊത്തം പോലീസ് സേനയുടെ 15 ശതമാനം എന്ന നിരക്കിലേക്ക് വനിതാ പോലീസിന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കും.225. സംസ്ഥാനത്ത് വ്യവസായ സംരക്ഷണ സേന രൂപീകരിക്കും.226. ട്രാഫിക് അപകട നിവാരണത്തിനും നിയന്ത്രണത്തിനുമായി സംസ്ഥാനാടിസ്ഥാനത്തില്‍ പ്രത്യേകം പരിശീലനം നല്‍കപ്പെട്ട പോലീസ് വിഭാഗം രൂപീകരിക്കും. ട്രാഫിക് ഫൈന്‍ ഈടാക്കുന്നത് ഇലക്‌ട്രോണിക് സംവിധാനം വഴിയാക്കി മാറ്റിയും ക്യാമറകള്‍ സ്ഥാപിച്ചും അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കും.227. പോലീസിന് നല്‍കിയ പരാതിയിന്മേല്‍ എടുത്ത നടപടി പൊതുജനങ്ങളെ അറിയിക്കുന്നതിന് ഡിജിറ്റല്‍ പെറ്റീഷന്‍ മോണിറ്ററിംഗ് സംവിധാനം പൊതുജനങ്ങള്‍ക്ക് എല്ലാവര്‍ക്കും ലഭ്യമാകത്തക്കവിധത്തില്‍ നടപ്പിലാക്കും.228. കമാണ്ടോ വിഭാഗം, ആഭ്യന്തര സുരക്ഷാ ഇന്റലിജന്‍സ് വിഭാഗം, ആഭ്യന്തര സുരക്ഷാ അന്വേഷണ വിഭാഗം എന്നിവ സംയോജിപ്പിച്ച് സംസ്ഥാന ഭീകരവിരുദ്ധ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി പോലീസ് സേനയില്‍ സൃഷ്ടിക്കും.229. ജയിലുകളുടെ ആധുനികവല്‍ക്കരണ പ്രക്രിയ ശക്തിപ്പെടുത്തും.230. അഞ്ചുവര്‍ഷം കൊണ്ട് 140 മണ്ഡലങ്ങളിലും ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കും.
വിമുക്തഭടന്മാര്‍231. വിമുക്തഭടന്മാര്‍ക്കായി ആരംഭം കുറിച്ച ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കിന് സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.232. മലപ്പുറം ജില്ലയില്‍ വിമുക്തഭടന്മാര്‍ രൂപം നല്‍കിയ സൈനിക പബ്ലിക് സ്‌കൂളിന് എന്‍.ഒ.സി നല്‍കും.233. യുദ്ധ സ്മാരകങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും.234. അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
അഴിമതിക്കെതിരെ235. അഴിമതിരഹിത സംശുദ്ധഭരണം എല്‍.ഡി.എഫ് ഉറപ്പുവരുത്തും236. ഒരുവര്‍ഷം കൊണ്ട് വിജിലന്‍സ് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കേസുകള്‍ കോടതിയില്‍ സമര്‍പ്പിക്കത്തക്ക വിധത്തില്‍ വിജിലന്‍സ് വകുപ്പിനെ ആധുനികവല്‍ക്കരിക്കും. പുതിയ വിജിലന്‍സ് കോടതികള്‍ സ്ഥാപിക്കും.237. സംശുദ്ധമായ സിവില്‍ സര്‍വീസും അഴിമതിരഹിത പൊതുപ്രവര്‍ത്തനവും ഉറപ്പുവരുത്തുന്നതിന് സമഗ്രമായ നിയമനിര്‍മാണം നടത്തും. അതിലേക്കായി നിലവിലുള്ള അഴിമതിനിരോധന നിയമത്തിലും കേരള ലോകായുക്ത നിയമത്തിലും സമഗ്രമായ മാറ്റങ്ങള്‍ വരുത്തും.238. അഴിമതി, കാര്യക്ഷമതയില്ലായ്മ എന്നിവയ്‌ക്കെതിരായി സംഘടനകളുടെ സഹായത്തോടെ വലിയ ബഹുജന ക്യാമ്പയിന്‍ ആരംഭിക്കുന്നതും ശക്തമായ ഭരണനടപടികള്‍ സ്വീകരിക്കുന്നതുമാണ്.239. പൊതുപ്രവര്‍ത്തകരെക്കുറിച്ചും അവരുടെ സ്വത്തുവിവരങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് സുതാര്യവും വിശ്വാസ്യയോഗ്യവുമായ നിലയില്‍ വിവരം നല്‍കുവാനും അന്യസംസ്ഥാനങ്ങളിലോ അന്യരാജ്യങ്ങളിലോ അവര്‍ക്കുള്ള സ്വത്തുക്കള്‍ പൊതുജനമധ്യത്തില്‍ വെളിച്ചം കാണുവാനും ഇന്നുള്ള സംവിധാനം അപര്യാപ്തമാണ്. ഇതിനായി കേരള ലോകായുക്ത നിയമത്തിലും ചട്ടങ്ങള്‍ക്കും ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതാണ്.
സംവരണനയം240. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഇന്നുള്ള തോതില്‍ സംവരണം തുടരണമെന്ന നയത്തില്‍ എല്‍.ഡി.എഫ്. ഉറച്ചു നില്‍ക്കുന്നു. സംവരണകാര്യത്തില്‍ പരസ്പര വിരുദ്ധവും അവസരവാദപരവുമായ നിലപാടുകള്‍ സ്വീകരിക്കുന്നവരുടെ ഒരു മുന്നണിയാണ് യു.ഡി.എഫ്. ഓരോ സമുദായത്തിനും അര്‍ഹതപ്പെട്ട സംവരണാനുകൂല്യം മുഴുവന്‍ അവര്‍ക്കു തന്നെ കിട്ടുമെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതോടൊപ്പം, മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തുകയും വേണം. ഈ രണ്ടു കാര്യങ്ങളും നടപ്പില്‍ വരാന്‍ ഉചിതമായ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ഇത്തരമൊരു ഭരണഘടനാ ഭേദഗതി നടപ്പില്‍ വരുത്താന്‍ എല്‍.ഡി.എഫ്. പരിശ്രമിക്കുന്നതായിരിക്കും.241. ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യം ന്യായയുക്തമാണെന്ന് എല്‍.ഡി.എഫ് കരുതുന്നു. ഇതു പ്രായോഗികമായി നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള പട്ടികജാതി വിഭാഗങ്ങള്‍ അനുഭവിച്ചുവരുന്ന ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഇക്കാര്യം അവരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്ത് അഭിപ്രായസമന്വയം ഉണ്ടാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
ഉപസംഹാരം
ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ പിന്തുടര്‍ന്ന കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കേരളം നേടിയ നേട്ടങ്ങളെ മുഴുവനും തകര്‍ക്കുന്ന തരത്തിലുള്ള നിലപാടാണ് സ്വീകരിച്ചത്. ഇതില്‍നിന്നും വ്യത്യസ്തമായി ഓരോ മേഖലയിലും ജനകീയ ബദലിന് രൂപം നല്‍കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പരിശ്രമിച്ചത്. മതേതര അടിത്തറയും സാമ്രാജ്യത്വവിരുദ്ധ സമീപനവും ഇത്തരം വികസനത്തിന് അത്യന്താപേക്ഷിതമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യ-സാമ്പത്തിക നീതിയും ഒന്നിച്ചുകൊണ്ടുപോകുന്ന കേരള വികസന മാതൃകയ്ക്ക് രൂപം നല്‍കി. അനിയന്ത്രിതമായ കമ്പോളവല്‍ക്കരണമാണ് വികസന മാര്‍ഗം എന്ന ധാരണ തിരുത്തുന്നതിന് ഈ നയങ്ങളിലൂടെ സാധ്യമാവുകയും ചെയ്തു.
പ്രകടനപത്രികയില്‍ എല്‍.ഡി.എഫ് ജനങ്ങളുടെ മുമ്പില്‍ വച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കി മുന്നോട്ടുപോവുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. നേട്ടങ്ങളുടെ നിറവില്‍ നിന്നുകൊണ്ട് കൂടുതല്‍ ശോഭനമായ നാളയിലേക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി ആത്മവിശ്വാസത്തോടെ ഉറ്റുനോക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തിന് ഒരു തുടര്‍ച്ച ഉണ്ടായേ തീരൂ. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുത്തന്‍ വികസന മാതൃക സൃഷ്ടിക്കായുള്ള കര്‍മ്മപരിപാടി കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ എല്‍.ഡി.എഫ് അവതരിപ്പിക്കുന്നത്. ഇത് നടപ്പില്‍ വരുത്താന്‍, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും വിജയിപ്പിക്കാന്‍ കേരളത്തിലെ പ്രബുദ്ധരായ മുഴുവന്‍ ജനങ്ങളോടും ഇടതുപക്ഷ ജനാധിപത്യ മുന്നണി സവിനയം അഭ്യര്‍ത്ഥിക്കുന്നു.

വൈക്കം വിശ്വന്‍
കണ്‍വീനര്‍എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റി

No comments: