Tuesday, March 15, 2011

2.കേരളത്തിന്റെ സര്‍‌വ്വതോന്മുഖ വികസനം ലക്ഷ്യമാക്കുന്ന ഇടതുമുന്നണി പ്രകടന പത്രിക.പുത്തന്‍ കേരള വികസന മാതൃകയ്ക്കായി ഒരു കര്‍മ്മപരിപാടി-2

2.കേരളത്തിന്റെ സര്‍‌വ്വതോന്മുഖ വികസനം ലക്ഷ്യമാക്കുന്ന ഇടതുമുന്നണി പ്രകടന പത്രിക.പുത്തന്‍ കേരള വികസന മാതൃകയ്ക്കായി ഒരു കര്‍മ്മപരിപാടി -2



മുകളില്‍ വിവരിച്ച നേട്ടങ്ങളുടെ നിറവില്‍ നിന്നുകൊണ്ട് നാളയിലേക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി ആത്മവിശ്വാസത്തോടെ ഉറ്റുനോക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തിന് ഒരു തുടര്‍ച്ച ഉണ്ടായേ തീരൂ. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുത്തന്‍ വികസന മാതൃക സൃഷ്ടിക്കായുള്ള കര്‍മ്മപരിപാടി കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ വയ്ക്കുകയാണ്. അവ ഏഴ് ഖണ്ഡികകളിലായി സംക്ഷേപിക്കുന്നു.1. അഞ്ചുവര്‍ഷം കൊണ്ട് കേരളത്തെ ഇന്ത്യയില്‍ ഏറ്റവും വേഗതയില്‍ വളരുന്ന സംസ്ഥാനമാക്കി മാറ്റും. ഇതിനായി കാര്‍ഷികാഭിവൃദ്ധി ഉറപ്പുവരുത്തും. ഐടി, ടൂറിസം, ഇലക്‌ട്രോണിക്‌സ്, മൂല്യവര്‍ദ്ധിത കാര്‍ഷിക വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളുടെ ഗതിവേഗം ഉയര്‍ത്തും.2. നാല്‍പതിനായിരം കോടി രൂപയുടെ റോഡു പുനരുദ്ധാരണ പദ്ധതി നടപ്പാക്കും. അതിവേഗ റെയില്‍പാത, ദേശീയ ജലപാതകള്‍, വിമാനത്താവളങ്ങള്‍, പുതിയ തുറമുഖങ്ങള്‍, വാതകശൃംഖല എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. സ്വകാര്യ നിക്ഷേപകരെ കൂടുതലായി കേരളത്തിലേയ്ക്ക് ആകര്‍ഷിക്കും. അതോടൊപ്പം പൊതുമേഖലയെ വളര്‍ച്ചയുടെ ചാലകശക്തിയാക്കി മാറ്റും.3. സാമ്പത്തിക വളര്‍ച്ചയിലൂടെ തൊഴിലവസരങ്ങളില്‍ ഗണ്യമായ വര്‍ദ്ധന സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ചെറുകിട-സൂക്ഷ്മ മേഖലകളില്‍ പത്തുലക്ഷവും സേനവത്തുറകളില്‍ പത്തുലക്ഷവും ഐ.ടി-ബി.ടി സംഘടിത മേഖലകളില്‍ അഞ്ചുലക്ഷവും സര്‍ക്കാര്‍ മേഖലയില്‍ 50,000 പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കും. ഇത്തരത്തില്‍ കാര്‍ഷികേതര മേഖലകളില്‍ 25 ലക്ഷത്തില്‍പ്പരം തൊഴിലവസരം സൃഷ്ടിക്കും.4. കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന നിയോലിബറല്‍ ചട്ടക്കൂട് അസമത്വവും ദാരിദ്ര്യവും തീക്ഷ്ണമാക്കുന്നു. അതുകൊണ്ട് വളര്‍ച്ചയോടൊപ്പം സാധാരണക്കാരായ മുഴുവന്‍ പൗരന്മാര്‍ക്കും സമഗ്രമായ സാമൂഹ്യസുരക്ഷിതത്ത്വം ഉറപ്പുവരുത്തുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാബദ്ധമാണ്. ഭൂപ്രശ്‌നത്തിന് പരിഹാരം കാണും. എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും ഭക്ഷണം, വെള്ളം, വെളിച്ചം, ശുചിത്വം എന്നിവ ഉറപ്പുവരുത്താന്‍ നടപ്പാക്കിവരുന്ന സ്‌കീമുകള്‍ പൂര്‍ണതയിലെത്തിക്കും. പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ മതിയായ വില നല്‍കി സാമൂഹ്യസുരക്ഷാ പുനരധിവാസ പദ്ധതി നടപ്പിലാക്കും.5. സാധാരണക്കാര്‍ ആശ്രയിക്കുന്ന പൊതു വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. വളര്‍ന്നുവരുന്ന തലമുറയുടെ തൊഴില്‍ നൈപുണി മെച്ചപ്പെടുത്തുന്നതിനും വിവിധ തൊഴില്‍ത്തുറകളില്‍ മികവുറ്റ തൊഴിലാളികളെ ലഭ്യമാക്കുന്നതിനും ഉപകരിക്കുംവിധം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം/പോളിടെക്‌നിക്/ഐ.ടി.ഐ തുടങ്ങിയവ പരിഷ്‌കരിക്കുന്നതാണ്. കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റാനുതകുന്ന രീതിയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം ഉയര്‍ത്തും.6. കേരളത്തെ സ്ത്രീ സൗഹൃദ സംസ്ഥാനമാക്കും. ദുര്‍ബ്ബല വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കും. പരിസ്ഥിതി സന്തുലനാവസ്ഥ സംരക്ഷിക്കും.7. വികസനോന്മുഖ ധനനയം നടപ്പാക്കും. ക്ഷേമച്ചെലവുകള്‍ ചുരുക്കാതെ റവന്യൂ കമ്മി പരമാവധി കുറയ്ക്കും. അതേസമയം നാടിന് അത്യന്താപേക്ഷിതമായ പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് ഭാവനാപൂര്‍ണമായ പരിപാടികള്‍ ആവിഷ്‌കരിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഉതകുംവിധം സമഗ്രമായ ഭരണപരിഷ്‌കാരം നടപ്പാക്കും. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഭരണം നവീകരിക്കും. സെക്രട്ടേറിയറ്റ്, റവന്യൂ തുടങ്ങിയ ഭരണതലങ്ങളിലും അടിയന്തര പരിഷ്‌കാരങ്ങള്‍ നടത്തും.
ഇപ്രകാരം ക്ഷേമവും നീതിയും ഉറപ്പുവരുത്തി അതിവേഗത്തില്‍ വളരുന്ന ഒരു പുതിയ മാതൃക കേരളത്തില്‍ സൃഷ്ടിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുഴുവന്‍ ജനങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു. ഇതോടൊപ്പം മതസൗഹാര്‍ദ്ദത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും പാരമ്പര്യത്തെ സംരക്ഷിക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അഴിമതി തുടച്ചുനീക്കി സംശുദ്ധമായ പൊതുജീവിതം ഉറപ്പുവരുത്തും. ഇങ്ങനെയുള്ളൊരു നവീന കേരള സൃഷ്ടിക്കായുള്ള അഞ്ചുവര്‍ഷ കര്‍മ്മപരിപാടി താഴെ കൊടുക്കുന്നു :

എല്ലാവര്‍ക്കും ക്ഷേമം
ജനനം മുതല്‍ മരണം വരെ സാമൂഹ്യസുരക്ഷ
1. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും സുപ്രധാന നേട്ടങ്ങളിലൊന്ന് വിവിധങ്ങളായ ക്ഷേമ സുരക്ഷാ പരിപാടികളെ സംയോജിപ്പിച്ച് സമഗ്ര സാമൂഹ്യസുരക്ഷ പദ്ധതിയ്ക്കു രൂപം നല്‍കി എന്നതാണ്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ജനനം മുതല്‍ മരണം വരെ കേരളത്തിലെ ഓരോ പൗരനും സുരക്ഷ ഉറപ്പുവരുത്താനുളള പരിപാടി നടപ്പാക്കും. താഴെ പറയുന്നവയാണ് ഇതില്‍ പ്രധാനപ്പെട്ട സ്‌ക്കീമുകള്‍.
1) അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്ക് ഒരു മാസത്തെ കൂലിയോടുകൂടിയുള്ള പ്രസവാവധി.2) എല്ലാ കുഞ്ഞുങ്ങളുടെ പേരിലും 10,000 രൂപയുടെ നിക്ഷേപം.3) എല്ലാ സ്‌ക്കൂള്‍ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം (പാഠപുസ്തകവും ഉച്ചഭക്ഷണവും യൂണിഫോമുമടക്കം)4) ആരോഗ്യ ഇന്‍ഷ്വറന്‍സ്5) വരുമാന - തൊഴിലുറപ്പു പദ്ധതികള്‍6) എല്ലാവര്‍ക്കും 2 രൂപയ്ക്ക് അരി7) 400 രൂപ വാര്‍ദ്ധക്യകാല പെന്‍ഷന്‍
2. അഞ്ചുവര്‍ഷം കൊണ്ട് കൂലിയോടു കൂടിയുളള പ്രസവാവധി മൂന്നു മാസമായി ഉയര്‍ത്തും. വാര്‍ധക്യകാല/ക്ഷേമ പെന്‍ഷന്‍ 1000 രൂപയായി ഉയര്‍ത്തും. ക്ഷേമ പെന്‍ഷനുകള്‍ ഇല്ലാത്ത എല്ലാവര്‍ക്കും ഇതിന്റെ നാലിലൊന്നെങ്കിലും പെന്‍ഷന്‍ ഉറപ്പുവരുത്തും. കൂടുതല്‍ ഉയര്‍ന്ന ഇന്‍ഷ്വറന്‍സിനും പെന്‍ഷനും കൂടുതല്‍ പ്രീമിയമോ അംശദായമോ അടച്ച് അര്‍ഹത നേടുന്നതിന് വ്യക്തികള്‍ക്ക് അവസരം നല്‍കും. ക്ഷേമനിധിയിലെ അംഗങ്ങള്‍ക്കും ഇപ്രകാരം കൂടുതല്‍ ഉയര്‍ന്ന പ്രീമിയമോ അംശദായമോ അടയ്ക്കാവുന്നതാണ്.3. ക്ഷേമനിധികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതാണ്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ (സ്‌പെഷ്യല്‍ സ്‌ക്കൂളിലെ ജീവനക്കാരടക്കം) അടക്കം മുഴുവന്‍ തൊഴിലാളികള്‍ക്കും ക്ഷേമപദ്ധതിയും പെന്‍ഷനും ഉറപ്പുവരുത്തും. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ജീവനക്കാര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തും.4. ഇഎംഎസ് പാര്‍പ്പിട പദ്ധതി പൂര്‍ത്തീകരിക്കുന്നതിലൂടെ എല്ലാവര്‍ക്കും വീട് ഉറപ്പുവരുത്തും. ഇപ്പോള്‍ 100 മണ്ഡലങ്ങളില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നേടിക്കഴിഞ്ഞു. അടുത്ത ആറുമാസം കൊണ്ട് എല്ലാ വീടുകളിലും വെളിച്ചമെത്തിക്കും. അഞ്ചുവര്‍ഷം കൊണ്ട് എല്ലാ വീട്ടിലും ശുദ്ധജലം ഉറപ്പുവരുത്തും.
പാവപ്പെട്ടവരെല്ലാം ബിപിഎല്‍
5. കേന്ദ്രസര്‍ക്കാര്‍ 11.5 ലക്ഷം കുടുംബങ്ങളെ മാത്രമേ ബിപിഎല്‍ ആയി അംഗീകരിച്ചിട്ടുളളൂ. എന്നാല്‍ കേരള സര്‍ക്കാര്‍ കര്‍ഷകത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, പട്ടിക വിഭാഗങ്ങള്‍, പരമ്പരാഗത വ്യവസായ തൊഴിലാളികള്‍ എന്നിങ്ങനെ മുഴുവന്‍ സ്വയംതൊഴിലെടുക്കുന്നതോ കൂലിവേലക്കാരോ ആയ അസംഘടിത മേഖലയിലെ പാവപ്പെട്ടവരെയും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. അങ്ങനെ സംസ്ഥാന സര്‍ക്കാരിന്റെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന 20 ലക്ഷം കുടുംബങ്ങളുടെ പേരുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെടാതെ പോയിട്ടുളള അര്‍ഹരായവരെ ഇനിയും ഉള്‍പ്പെടുത്തുന്നതാണ്. അങ്ങനെ 35-40 ലക്ഷം കുടുംബങ്ങളെ ബിപിഎല്‍ കുടുംബങ്ങളായി സംസ്ഥാനം അംഗീകരിക്കും.വിലക്കയറ്റത്തിനെതിരെ6. വിലക്കയറ്റത്തിനെതിരെ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമം പാസ്സാക്കുന്നതിനുവേണ്ടി ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. കേരളത്തില്‍ എല്‍.ഡി.എഫ് പ്രഖ്യാപിച്ചിട്ടുള്ള എ.പി.എല്‍, ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് രണ്ടുരൂപയ്ക്ക് അരി നല്‍കുന്ന പദ്ധതിയും ശക്തിപ്പെടുത്തും.7. മണ്ണെണ്ണ, റേഷനു പകരം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സബ്‌സിഡി പണമായി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. വൈദ്യുതി ലഭ്യമായിട്ടുള്ള വീടുകള്‍ക്ക് ഇത് ലഭിക്കുകയുമില്ല. പ്രായോഗികമായി മണ്ണെണ്ണ റേഷന്‍ സംവിധാനം തന്നെ ഇല്ലാതാകുന്ന നിലയാണ് ഉണ്ടാവുക. ഈ നയത്തിനെതിരെ ശക്തമായ സമ്മര്‍ദ്ദം സംസ്ഥാന സര്‍ക്കാര്‍ നടത്തും.8. കമ്പോള വിലയെക്കാള്‍ 30-60 ശതമാനം വരെ താഴ്ന്ന വിലയ്ക്ക് മാവേലിസ്റ്റോറുകള്‍ വഴി പയറുകളും പലവ്യഞ്ജനങ്ങളുമുള്‍പ്പെടെ 13 ഇനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ആവശ്യമായ അളവില്‍ സാധനങ്ങള്‍ ലഭ്യമാകുന്നില്ല എന്ന വിമര്‍ശനമുണ്ട്. അവശ്യവസ്തുക്കളുടെ ലഭ്യതയില്‍ 50 ശതമാനമെങ്കിലും വര്‍ദ്ധന വരുത്തുന്നതാണ്. അവശ്യവസ്തുക്കള്‍ റേഷന്‍ കടകള്‍ വഴിയും ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനുളള പരിപാടി നടപ്പാക്കും. റേഷന്‍ കടകളെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഫ്രാഞ്ചൈസി കടകളായി പ്രഖ്യാപിക്കും. ഈ കടകളിലൂടെ കാര്‍ഡ് ഒന്നിന് കമ്പോള വിലയ്ക്ക് 300 രൂപ വിലമതിക്കുന്ന വെളിച്ചെണ്ണ, പയര്‍, പരിപ്പ്, മുളക്, പഞ്ചസാര എന്നീ അഞ്ച് ഇനങ്ങളുടെ കിറ്റ് 150 രൂപയ്ക്കു ലഭ്യമാക്കും.9. 14,400ത്തില്‍ പരം റേഷന്‍ കടകളുടെ ബൃഹദ്ശൃംഖല കേരളത്തിലുണ്ട്. എന്നാല്‍ സാര്‍വത്രിക സ്റ്റാറ്റിയൂട്ടറി റേഷനിംഗ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെ റേഷന്‍ കടകള്‍ പ്രതിസന്ധിയിലാണ്. റേഷന്‍ വ്യാപാരികള്‍ക്കുളള അരിയുടെയും ഗോതമ്പിന്റെയും കമ്മിഷന്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കും. മുഴുവന്‍ റേഷന്‍ കടകളും ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ സംവിധാനം എല്ലായിടത്തും ഏര്‍പ്പെടുത്തും.10. കണ്‍സ്യൂമര്‍ഫെഡിന്റെയും സപ്ലൈകോയുടെയും സഹകരണ സംഘങ്ങളുടെയും നേതൃത്വത്തിലുള്ള ഉത്സവകാല ചന്തകള്‍ വിപുലപ്പെടുത്തുന്നതാണ്. പച്ചക്കറിയുടെ വില നിയന്ത്രിക്കുന്നതിനുവേണ്ടി ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പ്പറേഷന്‍ തുടര്‍ച്ചയായി കമ്പോളത്തില്‍ ഇടപെടുന്നതാണ്. കൂടുതല്‍ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നതാണ്.11. വെട്ടിക്കുറച്ച മണ്ണെണ്ണ ക്വാട്ട പുനഃസ്ഥാപിക്കാനുളള അപേക്ഷ കേന്ദ്രസര്‍ക്കാര്‍ മാനിച്ചിട്ടില്ല. ഇതിനുവേണ്ടി ശക്തമായ പ്രക്ഷോഭം ഉയരേണ്ടതുണ്ട്. ഈ അന്തരാളഘട്ടത്തില്‍ മണ്ണെണ്ണയ്ക്ക് ലിറ്ററൊന്നിന് 20 രൂപ സബ്‌സിഡി നല്‍കും.
ദളിതരും ആദിവാസികളും മുഖ്യധാരയില്‍
12. സാമൂഹ്യ പുരോഗതിക്കുള്ള മുഖ്യ ഇടപെടല്‍ വിദ്യാഭ്യാസമാണ്. കൂടുതല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കും. വിദ്യാഭ്യാസത്തിനായുളള അലവന്‍സുകളും സ്‌കോളര്‍ഷിപ്പുകളും ഗണ്യമായി ഇനിയും വര്‍ദ്ധിപ്പിക്കും. ഫിനിഷിംഗ് സ്‌കൂളുകള്‍ ആരംഭിക്കും.13. മുഴുവന്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് കൃഷിഭൂമി ലഭ്യമാക്കും. വന്‍കിട തോട്ടമുടമകളും ഭൂപ്രമാണിമാരും അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കും. കര്‍ഷക തൊഴിലാളികള്‍ക്കായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലേബര്‍ സൊസൈറ്റികള്‍ രൂപീകരിക്കും. ഈ ലേബര്‍ സൊസൈറ്റികള്‍ക്ക് പ്രവര്‍ത്തന മൂലധനം, ഓഫീസ് സംവിധാനം, കാര്‍ഷികോപകരണങ്ങള്‍, യന്ത്ര സാമഗ്രികള്‍ തുടങ്ങിയവ ലഭ്യമാക്കും. ഇതു വഴി പട്ടികവിഭാഗക്കാര്‍ ഭൂരിപക്ഷം വരുന്ന കാര്‍ഷിക കാര്‍ഷികേതര തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലും സാമൂഹ്യ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പു വരുത്തും. നിര്‍മ്മാണ മേഖലയിലും ഇത്തരം സൊസൈറ്റികള്‍ ആരംഭിക്കും.14. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ ലഭ്യമാക്കുന്ന വിധം പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ പുനഃസംഘടന പൂര്‍ത്തിയാക്കും. പട്ടികജാതി-പട്ടികവര്‍ഗ സഹകരണ ഫെഡറേഷനില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള 538 പട്ടികജാതി സഹകരണ സംഘങ്ങളെയും 98 പട്ടികവര്‍ഗ സഹകരണ സംഘങ്ങളെയും പുനരുദ്ധരിക്കും.15. പട്ടികജാതി-പട്ടികവര്‍ഗ ലിസ്റ്റുകള്‍ പുതുക്കുന്നതും പരിഷ്‌കരിക്കുന്നതും കേന്ദ്രസര്‍ക്കാരാണ്. പാര്‍ലമെന്റ് അംഗീകരിക്കുന്ന മുറയ്ക്കാണ് ലിസ്റ്റില്‍ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും നടത്തുന്നത്. കിര്‍ത്താഡ് നടത്തുന്ന നരവംശശാസ്ത്ര പഠനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനുള്ള സമ്മര്‍ദ്ദം ചെലുത്തും. വടക്കേ മലബാറിലെ മൂവാരി-മുഖാരി സമുദായത്തെ കേരളത്തില്‍ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും.16. മിശ്രവിവാഹ ദമ്പതികളില്‍ ഒരാള്‍ പട്ടികജാതിയായാല്‍ അവരുടെ കുട്ടികള്‍ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കേരള സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന് ഉടന്‍ അംഗീകാരം നല്‍കുകയും ഇതു സംബന്ധിക്കുന്ന ഒരു കേന്ദ്ര നിയമം നിര്‍മ്മിച്ച് നടപ്പിലാക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തും.17. എല്ലാ പട്ടികജാതി-പട്ടികവര്‍ഗ സങ്കേതങ്ങളിലും അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയാക്കും. ഇതിന്റെ ഭാഗമായി കുടിവെള്ളം, വൈദ്യുതി, റോഡ്, വിദ്യാഭ്യാസം, ചികിത്സാ സൗകര്യങ്ങള്‍ എന്നിവയും ഏര്‍പ്പെടുത്തും.18. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഓരോ വര്‍ഷവും നടപ്പാക്കുന്ന വിവിധങ്ങളായ സ്‌കീമുകളുടെ അവലോകനം സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യും.
പരിവര്‍ത്തിത ക്രിസ്ത്യാനികള്‍19. ദളിത് ക്രൈസ്തവര്‍ക്കുളള കൃഷിഭൂമി വായ്പ, സ്വയം തൊഴില്‍ വായ്പ, വിവാഹവായ്പ, മിശ്രവിവാഹിതര്‍ക്കുളള ധനസഹായം എന്നിവയുടെ പലിശയും ആനുകൂല്യങ്ങളും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റേതിനു തുല്യമാക്കും. ഇതിനായി കൂടുതല്‍ പണം പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷന് അനുവദിക്കും. ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വിദ്യാര്‍ത്ഥികളുടെ എല്ലാ ആനുകൂല്യങ്ങളും നല്‍കും.
പിന്നോക്ക സമുദായം20. പിന്നോക്ക സമുദായ വികസന കോര്‍പറേഷന് കൂടുതല്‍ പണം ലഭ്യമാക്കുന്നതാണ്. കുമാരപിളള കമ്മിഷന്‍ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ സഹായം വര്‍ദ്ധിപ്പിക്കുന്നതാണ്. കാസര്‍ഗോഡ് തുളു ക്രിസ്ത്യാനികളുടെ അവശതകള്‍ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പിന്നോക്ക ക്ഷേമവകുപ്പ് രൂപീകരിക്കും.
ന്യൂനപക്ഷം21. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ ഭാഗമായുള്ള പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കും. ഹജ്ജ് കമ്മിറ്റിയ്ക്ക് സ്ഥിരം ഗ്രാന്റ് അനുവദിക്കും. വഖഫ് ബോര്‍ഡിനുളള ധനസഹായം വര്‍ദ്ധിപ്പിക്കും.
സ്ത്രീ തുല്യതയ്ക്കുവേണ്ടി
22. കേരളത്തിന്റെ വികസനത്തില്‍ സ്ത്രീകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത് തിരുത്തുന്നതിനുള്ള പരിശ്രമം മുന്നോട്ട് കൊണ്ടുപോകും. യുഡിഎഫ് ഭരണകാലത്ത് പദ്ധതിയുടെ അഞ്ചുശതമാനത്തില്‍ താഴെയാണ് സ്ത്രീകള്‍ ഗുണഭോക്താക്കളായുളള സ്‌കീമുകള്‍ക്ക് അനുവദിച്ചിരുന്നത്. 2011-12 ലെ ബജറ്റില്‍ ഇത് 9.4 ശതമാനമായി ഉയര്‍ത്തി. ഇന്ത്യയില്‍ ആദ്യമായി സംസ്ഥാനതലത്തില്‍ ജെന്‍ഡര്‍ ബജറ്റിംഗ് കേരളത്തിലാണ് നടപ്പിലാക്കിയത്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 7500 കോടി രൂപ സ്ത്രീകള്‍ ഉപഭോക്താക്കളായുള്ള സ്‌കീമുകള്‍ക്കായി ചെലവഴിക്കും.23. വനിതാ അടങ്കലില്‍ 1000 കോടി രൂപ കുടുംബശ്രീ വഴിയായിരിക്കും ചെലവഴിക്കുക. അഞ്ചുലക്ഷം സ്ത്രീകള്‍ക്ക് സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളില്‍ തൊഴില്‍ നല്‍കുന്നതിനുള്ള സ്‌കീം കുടുംബശ്രീ വഴി നടപ്പാക്കും. നാലു ശതമാനം പലിശയ്ക്കുളള ബാങ്ക് ലിങ്കേജ് പദ്ധതി സാര്‍വത്രികമാക്കും. പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കു കീഴില്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ വിപുലമായ തോതിലാരംഭിക്കും. നാഷണല്‍ ലൈവ്‌ലിഹുഡ് മിഷന്റെ നോഡല്‍ ഏജന്‍സി കുടുംബശ്രീ ആയിരിക്കും. ഈ സ്ഥാനം ജനശ്രീയ്ക്ക് നല്‍കുന്നതിനാണ് യുഡിഎഫ് ശ്രമിക്കുന്നത്. സ്വയംസഹായസംഘാംഗങ്ങളുടെ ആത്മഹത്യയിലൂടെ കുപ്രസിദ്ധമായ ആന്ധ്രയിലെ മൈക്രോ ഫിനാന്‍സ് ബ്ലേഡ് കമ്പനികള്‍ പോലുളള ഒന്നായി ജനശ്രീ അതിവേഗം രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്.24. എല്ലാ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കു പ്രത്യേക മൂത്രപ്പുര നിര്‍മ്മിക്കും. വനിതാ ഹോസ്റ്റലുകള്‍ എല്ലാ നഗരങ്ങളിലും സ്ഥാപിക്കും. സ്ത്രീകള്‍ക്കായുളള പ്രത്യേക തൊഴില്‍പരിശീലന സ്ഥാപനങ്ങള്‍ വ്യാപകമാക്കും. വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവര്‍ക്ക് സ്വയംതൊഴിലിന് കൂടുതല്‍ പണമനുവദിക്കും. വിധവകള്‍ക്ക് ജോലിക്കുള്ള പ്രായപരിധിയില്‍ ഇളവു വരുത്തും.25. തന്റേടം ജെന്‍ഡര്‍ പാര്‍ക്കുകള്‍ ആരംഭിക്കും. സാംസ്‌കാരിക സേവനമേഖലകളിലെ സ്ത്രീ സംരംഭകര്‍ക്കുളള കെട്ടിട സൗകര്യങ്ങളും പഠന കേന്ദ്രവും ലൈബ്രറിയും ഗസ്റ്റ് ഹൗസ് തുടങ്ങിയവയെല്ലാമടങ്ങുന്നതായിരിക്കും ഈ പാര്‍ക്ക്.26. വനിതാ കമ്മിഷന്‍, വനിതാ വികസന കോര്‍പറേഷന്‍, ഗാര്‍ഹിക പീഡന നിയമത്തിന്റെ നടത്തിപ്പ് എന്നിവ ശക്തിപ്പെടുത്തും. സ്വതന്ത്രമായ വനിതാവികസന വകുപ്പ് രൂപീകരിക്കും.
തീരദേശത്തിന് പാക്കേജ്27. തീരദേശത്തിനുവേണ്ടി 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഉണ്ടാക്കും. ഇതിനുള്ള സ്‌കീം തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. കേന്ദ്ര-സംസ്ഥാന പ്രാദേശിക സര്‍ക്കാരുകള്‍ സംയുക്തമായി ഇവ നടപ്പിലാക്കും. ഇതിന് രണ്ട് ഘടകങ്ങളുണ്ട്. ഒന്നാമത്തേത്, തീരദേശ പശ്ചാത്തല സൗകര്യ വികസനമാണ്. 1500 കോടി രൂപ ചെലവ് വരുന്ന തീരദേശ ഹൈവേ സമഗ്ര റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കും. ഇതിനു പുറമെ, 30 കിലോമീറ്ററിന് ഒന്ന് എന്ന തോതില്‍ ഫിഷിംഗ് ഹാര്‍ബര്‍ ഉണ്ടാക്കും. രണ്ടാമത്തെ ഘടകം മാതൃകാ മത്സ്യഗ്രാമം പരിപാടിയാണ്. ഇതിന്റെ ഭാഗമായി എല്ലാ ഗ്രാമങ്ങളിലും പാര്‍പ്പിടം, കക്കൂസ്, കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമാക്കും. മുഴുവന്‍ കുട്ടികള്‍ക്കും 12-ാം തരംവരെ വിദ്യാഭ്യാസം ഉറപ്പുവരുത്തും. സംസ്ഥാന ശരാശരിയെക്കാള്‍ ഉയര്‍ന്ന വിജയശതമാനം ഉറപ്പാക്കും. സംസ്ഥാന ശരാശരിയെക്കാള്‍ ശിശുമരണ നിരക്ക് കുറച്ചുകൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കും. ക്ഷേമനിധി അംഗത്വവും ഇന്‍ഷ്വറന്‍സും എല്ലാവര്‍ക്കും ഉറപ്പുവരുത്തും. വായനശാലയും ക്ലബ്ബും എല്ലാ വാര്‍ഡുകളിലും ആരംഭിക്കും. ഇപ്രകാരം കൃത്യമായി മോണിറ്ററിംഗ് ചെയ്യാവുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മാതൃകാ ഗ്രാമങ്ങളെ പ്രഖ്യാപിക്കുക. ഗ്രാമം ഒന്നിന് ശരാശരി 20 കോടി രൂപ ചെലവുവരും.28. മത്സ്യത്തൊഴിലാളി മേഖലയില്‍ ഇന്ന് നല്‍കിക്കൊണ്ടിരിക്കുന്ന ക്ഷേമ ആനുകൂല്യങ്ങള്‍ ഇരട്ടിയായി വര്‍ദ്ധിപ്പിക്കും. പഞ്ഞമാസ സമാശ്വാസപദ്ധതി അനുബന്ധ തൊഴിലാളികളിലേക്ക് വ്യാപിപ്പിക്കുകയും ആനുകൂല്യം 1800 രൂപയില്‍നിന്ന് 3600 രൂപയായി ഉയര്‍ത്തുകയും ചെയ്യും. ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ കൂടുതല്‍ ആകര്‍ഷകമാക്കും. ന്യായവിലയ്ക്ക് മണ്ണെണ്ണ ലഭ്യമാക്കാന്‍ മണ്ണെണ്ണ ഇറക്കുമതി ചെയ്യും.29. അക്വേറിയന്‍ റിഫോംസ് നിയമം പാസ്സാക്കും. തൊഴില്‍ വൈവിധ്യവല്‍ക്കരണ സ്‌കീമുകള്‍ ശക്തിപ്പെടുത്തും.
വികലാംഗരും അശരണരും30. ഈ വിഭാഗത്തില്‍പ്പെടുന്നവരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും പരിരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളും. ഇവര്‍ക്കുള്ള ധനസഹായങ്ങള്‍ ഉയര്‍ത്തും. ശയ്യാവലംബരായ രോഗികളുടെയും മാനസിക രോഗികളുടെയും ശുശ്രൂഷകര്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കും. എല്ലാ സ്‌പെഷ്യല്‍ സ്‌കൂളുകളും കേന്ദ്ര നിരക്കില്‍ ധനസഹായം നല്‍കും. വികലാംഗ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. എല്ലാ പഞ്ചായത്തുകളിലും ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കും.31. എല്ലാ അനാഥാലയങ്ങള്‍ക്കും ധനസഹായം നല്‍കും; ധനസഹായം വര്‍ദ്ധിപ്പിക്കും.32. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള പാക്കേജ് പൂര്‍ണ്ണമായും നടപ്പാക്കും. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കും. സാന്ത്വന ചികിത്സ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കും.
പ്രവാസിക്ഷേമം33. കേരള സമ്പദ്ഘടനയുടെ ശക്തി സ്രോതസ്സാണ് പ്രവാസികള്‍. എന്നാല്‍, ഇവരുടെ സുരക്ഷിതത്വം സംസ്ഥാനത്തിന്റെ വികസനപ്രക്രിയയില്‍ ഉള്‍ച്ചേര്‍ക്കാന്‍ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. പ്രവാസികളുടെ സമ്പാദ്യം കേരളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി രൂപീകരിച്ച ഇന്‍കെല്‍, അല്‍ബരാക് തുടങ്ങിയ സ്ഥാപനങ്ങളുടെ അനുഭവങ്ങള്‍ പരിശോധിച്ച് ഇത്തരം സംരംഭങ്ങള്‍ വിപുലപ്പെടുത്തും. പ്രവാസി ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ രൂപീകരിക്കും. വിദ്യാഭ്യാസം, ആശുപത്രി, വ്യവസായ സ്ഥാപനങ്ങള്‍, ഭവന നിര്‍മ്മാണ മേഖലയിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. പ്രവാസി പുനരധിവാസ പദ്ധതിക്ക് രൂപം നല്‍കും.34. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രവാസി ക്ഷേമത്തിനായി ഒരു സ്‌കീമും ആരംഭിക്കാന്‍ തയ്യാറായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള ക്ഷേമനിധി വഴി ആകര്‍ഷകമായ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും. വിമാന സര്‍വീസിന്റെ ചാര്‍ജ്ജ് ഭീമമായി ഉയര്‍ത്തുന്ന നടപടി അവസാനിപ്പിക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉണ്ടാകും. ഗള്‍ഫ് സര്‍വ്വീസുകളില്‍ ടാക്‌സ് ഏര്‍പ്പെടുത്താതിരിക്കുന്നതിനുള്ള സമ്മര്‍ദ്ദം ചെലുത്തും. കൊച്ചിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഗള്‍ഫ് മലയാളികളെ ലക്ഷ്യമിട്ട് മുന്നോട്ടുവച്ച ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ തുടങ്ങുവാനുള്ള നിര്‍ദ്ദേശം നടപ്പിലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും.35. കുടിയേറ്റ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നതിനുള്ള സമ്മര്‍ദ്ദം കേന്ദ്രസര്‍ക്കാരില്‍ ചെലുത്തും. താഴ്ന്നവരുമാനക്കാരായ തൊഴിലാളികളുടെയും സ്ത്രീ തൊഴിലാളികളുടെയും അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിന് സമഗ്രമായ നിയമം ആവിഷ്‌കരിക്കുന്നതിനുള്ള ഇടപെടല്‍ നടത്തും. ഗള്‍ഫ് രാജ്യങ്ങളില്‍ ആരംഭിക്കാന്‍ പോകുന്ന ലീഗല്‍ സെല്ലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. ജയിലുകളില്‍ കഴിയുന്നവരെ നാട്ടിലേക്കു തിരിച്ചു കൊണ്ടുവരുന്നതിനുളള സാധ്യമായ നടപടികള്‍ സ്വീകരിക്കും. ക്ഷേമനിധിയില്‍ അംഗമാകുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തും.
യുവജനക്ഷേമം36. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥാപിക്കപ്പെട്ട യൂത്ത് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലുകള്‍, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍, യൂത്ത് സെന്ററുകള്‍ എന്നീ സംവിധാനങ്ങളെ കൂടുതല്‍ ശക്തമാക്കും. ജില്ലാടിസ്ഥാനത്തില്‍ വികസനരംഗത്തെ യൂവജനകൂട്ടായ്മ ഉറപ്പുവരുത്തുന്നതിനായി കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലുകള്‍ രൂപീകരിക്കും.37. സ്‌പോര്‍ട്‌സ് കൗണ്‍സില്‍-യുവജനക്ഷേമബോര്‍ഡ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. തൊഴില്‍വകുപ്പ്, വിദ്യാഭ്യാസവകുപ്പ്, സാസ്‌കാരിക വകുപ്പ്, സാമൂഹ്യക്ഷേമവകുപ്പ് എന്നിവയുമായും യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരും. കേരള യൂത്ത്‌ഫോറത്തെ, കേരള യുവത്വത്തിന്റെ ഏറ്റവും വലിയ ഒത്തുചേരലായി വിപുലീകരിക്കും.38. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചുകളെ അടിമുടി പുനസംഘടിപ്പിക്കും. എല്ലാതരം തൊഴിലവസരങ്ങളെയും (സ്വകാര്യമേഖല ഉള്‍പ്പെടെ) വിദ്യാഭ്യാസ അവസരങ്ങളെയും ഏകോപിപ്പിക്കുന്ന കരുത്തുറ്റ സംവിധാനമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ മാറ്റും.39. യുവജനശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍ സംഘടിപ്പിക്കും. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമല്ലാത്ത ഇത്തരം എല്ലാ പരിശീലപദ്ധതികളെയും ഏകോപിപ്പിക്കാനും നേതൃത്വം കൊടുക്കാനും നോര്‍ക്കയുമായി ചേര്‍ന്ന്, പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ വിപുലീകരിക്കാനും യുവജനക്ഷേമബോര്‍ഡിന് അവസരമൊരുക്കും
.

1 comment:

ജനശബ്ദം said...

പുത്തന്‍ കേരള വികസന മാതൃകയ്ക്കായി ഒരു കര്‍മ്മപരിപാടി
മുകളില്‍ വിവരിച്ച നേട്ടങ്ങളുടെ നിറവില്‍ നിന്നുകൊണ്ട് നാളയിലേക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി ആത്മവിശ്വാസത്തോടെ ഉറ്റുനോക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തിന് ഒരു തുടര്‍ച്ച ഉണ്ടായേ തീരൂ. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുത്തന്‍ വികസന മാതൃക സൃഷ്ടിക്കായുള്ള കര്‍മ്മപരിപാടി കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ വയ്ക്കുകയാണ്. അവ ഏഴ് ഖണ്ഡികകളിലായി സംക്ഷേപിക്കുന്നു.
1. അഞ്ചുവര്‍ഷം കൊണ്ട് കേരളത്തെ ഇന്ത്യയില്‍ ഏറ്റവും വേഗതയില്‍ വളരുന്ന സംസ്ഥാനമാക്കി മാറ്റും. ഇതിനായി കാര്‍ഷികാഭിവൃദ്ധി ഉറപ്പുവരുത്തും. ഐടി, ടൂറിസം, ഇലക്‌ട്രോണിക്‌സ്, മൂല്യവര്‍ദ്ധിത കാര്‍ഷിക വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളുടെ ഗതിവേഗം ഉയര്‍ത്തും.
2. നാല്‍പതിനായിരം കോടി രൂപയുടെ റോഡു പുനരുദ്ധാരണ പദ്ധതി നടപ്പാക്കും. അതിവേഗ റെയില്‍പാത, ദേശീയ ജലപാതകള്‍, വിമാനത്താവളങ്ങള്‍, പുതിയ തുറമുഖങ്ങള്‍, വാതകശൃംഖല എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. സ്വകാര്യ നിക്ഷേപകരെ കൂടുതലായി കേരളത്തിലേയ്ക്ക് ആകര്‍ഷിക്കും. അതോടൊപ്പം പൊതുമേഖലയെ വളര്‍ച്ചയുടെ ചാലകശക്തിയാക്കി മാറ്റും.
3. സാമ്പത്തിക വളര്‍ച്ചയിലൂടെ തൊഴിലവസരങ്ങളില്‍ ഗണ്യമായ വര്‍ദ്ധന സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ചെറുകിട-സൂക്ഷ്മ മേഖലകളില്‍ പത്തുലക്ഷവും സേനവത്തുറകളില്‍ പത്തുലക്ഷവും ഐ.ടി-ബി.ടി സംഘടിത മേഖലകളില്‍ അഞ്ചുലക്ഷവും സര്‍ക്കാര്‍ മേഖലയില്‍ 50,000 പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കും. ഇത്തരത്തില്‍ കാര്‍ഷികേതര മേഖലകളില്‍ 25 ലക്ഷത്തില്‍പ്പരം തൊഴിലവസരം സൃഷ്ടിക്കും.
4. കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന നിയോലിബറല്‍ ചട്ടക്കൂട് അസമത്വവും ദാരിദ്ര്യവും തീക്ഷ്ണമാക്കുന്നു. അതുകൊണ്ട് വളര്‍ച്ചയോടൊപ്പം സാധാരണക്കാരായ മുഴുവന്‍ പൗരന്മാര്‍ക്കും സമഗ്രമായ സാമൂഹ്യസുരക്ഷിതത്ത്വം ഉറപ്പുവരുത്തുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാബദ്ധമാണ്. ഭൂപ്രശ്‌നത്തിന് പരിഹാരം കാണും. എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും ഭക്ഷണം, വെള്ളം, വെളിച്ചം, ശുചിത്വം എന്നിവ ഉറപ്പുവരുത്താന്‍ നടപ്പാക്കിവരുന്ന സ്‌കീമുകള്‍ പൂര്‍ണതയിലെത്തിക്കും. പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ മതിയായ വില നല്‍കി സാമൂഹ്യസുരക്ഷാ പുനരധിവാസ പദ്ധതി നടപ്പിലാക്കും.
5. സാധാരണക്കാര്‍ ആശ്രയിക്കുന്ന പൊതു വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. വളര്‍ന്നുവരുന്ന തലമുറയുടെ തൊഴില്‍ നൈപുണി മെച്ചപ്പെടുത്തുന്നതിനും വിവിധ തൊഴില്‍ത്തുറകളില്‍ മികവുറ്റ തൊഴിലാളികളെ ലഭ്യമാക്കുന്നതിനും ഉപകരിക്കുംവിധം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം/പോളിടെക്‌നിക്/ഐ.ടി.ഐ തുടങ്ങിയവ പരിഷ്‌കരിക്കുന്നതാണ്. കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റാനുതകുന്ന രീതിയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം ഉയര്‍ത്തും.
6. കേരളത്തെ സ്ത്രീ സൗഹൃദ സംസ്ഥാനമാക്കും. ദുര്‍ബ്ബല വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കും. പരിസ്ഥിതി സന്തുലനാവസ്ഥ സംരക്ഷിക്കും.
7. വികസനോന്മുഖ ധനനയം നടപ്പാക്കും. ക്ഷേമച്ചെലവുകള്‍ ചുരുക്കാതെ റവന്യൂ കമ്മി പരമാവധി കുറയ്ക്കും. അതേസമയം നാടിന് അത്യന്താപേക്ഷിതമായ പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് ഭാവനാപൂര്‍ണമായ പരിപാടികള്‍ ആവിഷ്‌കരിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഉതകുംവിധം സമഗ്രമായ ഭരണപരിഷ്‌കാരം നടപ്പാക്കും. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഭരണം നവീകരിക്കും. സെക്രട്ടേറിയറ്റ്, റവന്യൂ തുടങ്ങിയ ഭരണതലങ്ങളിലും അടിയന്തര പരിഷ്‌കാരങ്ങള്‍ നടത്തും.