Wednesday, June 2, 2010

കിനാലൂര്‍മുതല്‍ ഇടമലക്കുടിവരെ.

കിനാലൂര്‍മുതല്‍ ഇടമലക്കുടിവരെ
‍വികസനത്തിന്റെ ജനഹിത പരിശോധന സജീവ ചര്‍ച്ചാവിഷയമായി കേരളത്തില്‍ മാറിയിരിക്കയാണല്ലോ. ഇടുക്കി ജില്ലയിലെ വനാന്തര ഗ്രാമമായ ഇടമലക്കുടിയിലെ ആദിവാസി ജനസമൂഹത്തിന് വികസനമെന്നത് കേവലം ഒരു വിവാദമല്ല. കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്തായി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ചതും ഇപ്പോള്‍ മൂന്നാര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്നതുമായ തമിഴ്നാട് അതിര്‍ത്തിയോട് അടുത്തുകിടക്കുന്നതുമായ പ്രദേശമാണ് ഇടമലക്കുടി. സ്വാതന്ത്യ്രംകിട്ടി 63 വര്‍ഷം പിന്നിട്ടിട്ടും ഐക്യകേരളം രൂപീകരിച്ച് 54 വര്‍ഷം കഴിഞ്ഞിട്ടും ഈ ആദിവാസി ഊരില്‍ ഒരു വികസനവും നടന്നിട്ടില്ല. 5000 ലേറെ ആദിവാസികള്‍ 24 കുടിയിലായി താമസിക്കുന്ന ഇവിടത്തെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വികസനസ്വപ്നം വനത്തിലൂടെയുള്ള 16 കിലോമീറ്റര്‍ റോഡാണ്. നാലരക്കോടി രൂപ ചെലവില്‍ പ്രസ്തുത റോഡ് നിര്‍മാണം 2009 ഒടുവിലാണ് ആരംഭിച്ചത്. കിനാലൂരില്‍ വ്യവസായങ്ങള്‍ കൊണ്ടുവരാനാണ് റോഡെങ്കില്‍ ഇടമലക്കുടിയില്‍ രോഗിയെ ആശുപത്രിയിലെത്തിക്കാനും മൃതദേഹം കുടിയിലെത്തിക്കാനുമാണ് റോഡ്. രണ്ടിടത്തും അടിസ്ഥാനവികസന സൌകര്യം റോഡുതന്നെയാണ്. ഇടമലക്കുടിയില്‍ ആദിവാസികള്‍ താമസമാരംഭിച്ചിട്ട് 80 വര്‍ഷമായി. 24 ആദിവാസി കുടികളാണുള്ളത്. 12 അങ്കണവാടിയും ഒരു എല്‍പി സ്കൂളും ഒരു റേഷന്‍കടയും മാത്രമാണ് ഈ പ്രദേശക്കാര്‍ക്ക് ആശ്രയം. രോഗം വന്നാല്‍ മഞ്ചലിലോ ചുമലിലോ കിലോമീറ്ററുകള്‍ ചുമന്നുവേണം ആശുപത്രിയിലെത്തിക്കാന്‍. ഭക്ഷ്യവസ്തുക്കളും ചുമടായി എത്തിക്കുന്നു. റേഷനരിക്ക് ചുമട്ടുകൂലികൂടി ആദിവാസികള്‍ നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഈയിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമട്ടുകൂലി നല്‍കാന്‍ സംവിധാനമുണ്ടാക്കിയത് ആദിവാസികള്‍ ആശ്വാസത്തോടെ ഓര്‍ക്കുന്നു. വനത്തിലൂടെ റോഡ് നിര്‍മാണം അസാധ്യമാണെന്നാണ് പലരും കരുതിയത്. വനംവകുപ്പും ആദ്യം പച്ചക്കൊടി കാട്ടിയില്ല. പശ്ചിമഘട്ടത്തിലെ വന്‍ കാടിനുള്ളില്‍ വന്യജീവികളുടെ നടുവില്‍ ഒറ്റപ്പെട്ടുകഴിയുന്ന ആദിവാസികളുടെ ദുരിതം മനസ്സിലാക്കിയ ഇടതുപക്ഷസര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് റോഡുള്‍പ്പെടെയുള്ള വികസനപദ്ധതികള്‍ക്ക് തുടക്കംകുറിച്ചത്. ആദിവാസി വികസനത്തിനുവേണ്ടി സര്‍ക്കാര്‍ വകയിരുത്തുന്ന തുക മുഴുവന്‍ വിനിയോഗിക്കാറില്ല. ചെലവഴിക്കുന്നതില്‍ നല്ലൊരു ശതമാനം തുകയാകട്ടെ ഇടത്തട്ടുകാരുടെ കൈയിലെത്തുന്നു. ഇതായിരുന്നു കേരളത്തിലെ മുന്‍കാല അനുഭവം. എന്നാല്‍, ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇക്കാര്യത്തില്‍ വലിയ മാറ്റം വന്നു. നാലുവര്‍ഷത്തിനിടെ 587 കോടി രൂപയാണ് ആദിവാസിക്ഷേമത്തിനു വകയിരുത്തിയത്. 550 കോടി രൂപ വിനിയോഗിച്ചു. യുഡിഎഫ് ഭരണത്തേക്കാള്‍ 20 ശതമാനം അധികമാണ്. തയ്യാറാക്കിയ പദ്ധതികളാകട്ടെ ഊരുകൂട്ടങ്ങളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്തുമാണ്. അതുകൊണ്ടുതന്നെ അര്‍ഹതപ്പെട്ടവരുടെ ക്ഷേമത്തിനും പ്രദേശത്തിന്റെ വികസനത്തിനും പുരോഗതിക്കുംതന്നെ വിനിയോഗിക്കപ്പെടുന്നു. ഇക്കാര്യങ്ങള്‍ ത്വരിതപ്പെടുത്താനും സൂക്ഷ്മമായി നിരീക്ഷിച്ച് ജാഗ്രതപ്പെടുത്താനും പട്ടികവര്‍ഗ-ജാതി ക്ഷേമ മന്ത്രി എ കെ ബാലന്റെ ആദിവാസികോളനി സന്ദര്‍ശനം വലിയ പ്രയോജനമാണ് ചെയ്തത്. നാടിന്റെ പുരോഗതിയും പിന്നോക്കംനില്‍ക്കുന്ന ജനങ്ങളുടെ ക്ഷേമവും എന്നതാണ് ഇടതുപക്ഷ വികസന കാഴ്ചപ്പാട്. അതുകൊണ്ടാണ് സാമൂഹ്യനീതി, സമഗ്രകേരളമെന്ന മുദ്രാവാക്യം സംസ്ഥാനം ഏറ്റെടുത്തത്. മുതലാളിത്ത സാമൂഹ്യവ്യവസ്ഥയ്ക്കകത്ത് ആഗോളവല്‍ക്കരണത്തിനു ബദലില്ല എന്ന അരാജകവാദികളുടെയും ബൂര്‍ഷ്വാ പ്രചാരകരുടെയും വാദങ്ങള്‍ കേരളമുയര്‍ത്തിയ ബദല്‍മാര്‍ഗങ്ങള്‍ പൊളിക്കുന്നു. വലതുപക്ഷത്തിന്റെ വികസനകാഴ്ചപ്പാടാകട്ടെ ആഗോളവല്‍ക്കരണത്തിലൂടെ സമ്പന്നരുടെ സമ്പത്ത് വര്‍ധിപ്പിക്കുന്നതും മുതലാളിവര്‍ഗതാല്‍പ്പര്യം സംരക്ഷിക്കുന്നതുമായ ഒന്നാണ്. 50 ദശകത്തെ ചരിത്രമുള്ള കേരളത്തില്‍ ഈ രണ്ടു വികസനകാഴ്ചപ്പാടുകള്‍ തമ്മിലുള്ള വ്യത്യസ്തതകള്‍ കേരളീയസമൂഹം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. 1957 മുതല്‍ ആറു തവണയായി രണ്ടു ദശകത്തോളമാണ് കേരളത്തില്‍ കമ്യൂണിസ്റ്-പുരോഗമന-ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഭരിച്ചത്. ഈ ഘട്ടങ്ങളിലെ ജനകീയ ബദല്‍നയങ്ങള്‍ നടപ്പാക്കിയുള്ള ഭരണമാണ് ആധുനിക കേരളം സൃഷ്ടിച്ചതും പല കാര്യങ്ങള്‍ക്കും ഇന്ത്യക്ക് കേരളം മാതൃകയായതും. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നും നിറവേറ്റുകയാണ്. നാനാമേഖലകളില്‍ ഉയര്‍ന്നുവരുന്ന ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ട് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയും ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തിയും അഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് വികസനവിരുദ്ധരും വലതുപക്ഷ രാഷ്ട്രീയക്കാരും ഇവിടെ ശ്രമിക്കുന്നത്. അതിരപ്പിള്ളി, കിനാലൂര്‍ എന്നിവിടങ്ങളില്‍ മുഴങ്ങിയ വികസനവിരുദ്ധരുടെ ശബ്ദം ഇടമലക്കുടിയിലും ഉയരുമോ എന്ന ഭയമാണ് ആദിവാസികള്‍ക്കുള്ളത്. വികസനത്തിനുവേണ്ടി ഭൂമി എടുക്കുമ്പോള്‍ പ്രയാസപ്പെടേണ്ടിവരുന്ന ഒരുവിഭാഗമാണ് സ്ഥലം ഉടമകള്‍. മറ്റൊരിടത്തും വീടും സ്ഥലവും ഇല്ലാത്തവര്‍ക്കാകട്ടെ വിവരിക്കാന്‍ കഴിയാത്ത പ്രയാസമായിരിക്കും. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം വിവിധ വികസനപദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കേണ്ടിവന്ന ഘട്ടത്തിലൊക്കെ ന്യായമായ നഷ്ടപരിഹാരത്തിനു പുറമെ വീടുവയ്ക്കാനുള്ള സ്ഥലമുള്‍പ്പെടെയുള്ള പാക്കേജുകള്‍ നടപ്പാക്കിക്കൊണ്ടാണ് ഇത്തരക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചത്. കിനാലൂരിലും ന്യായമായ നഷ്ടപരിഹാരം, വീടുവയ്ക്കാന്‍ സ്ഥലം, തൊഴില്‍ എന്നിവയുള്‍പ്പെടെയുള്ള പാക്കേജാണ് നടപ്പാക്കുന്നത്. അതിരപ്പിള്ളിയിലാകട്ടെ വെള്ളച്ചാട്ടവും ജൈവവൈവിധ്യവും സംരക്ഷിക്കുകയും ആദിവാസി പുനരധിവാസത്തിന് പണം വകയിരുത്തുകയും ചെയ്തുകൊണ്ടുള്ള പാക്കേജാണ്. ഇടമലക്കുടിയിലാകട്ടെ വനനശീകരണമല്ല, മറിച്ച് കൊടും വനത്തിനകത്തെ ഒരു ആദിവാസിജനവിഭാഗത്തെ മുഖ്യധാരയിലെത്തിക്കാനുള്ള വികസനപാക്കേജാണ്. നാടിന്റെ വികസനത്തിനും പുരോഗതിക്കും മറ്റെല്ലാ പരിഗണനകള്‍ക്കും അതീതമായി ഒരു കൂട്ടായ്മയാണ് കേരളത്തില്‍ ഇന്ന് ആവശ്യം. സമീപകാലത്തായി കേരളത്തില്‍ രൂപപ്പെടുന്നത് വലതുപക്ഷ രാഷ്ട്രീയക്കാരുടെയും വികസനവിരുദ്ധരുടെയും കൂട്ടായ്മയാണ്. അത് തകര്‍ക്കുകതന്നെ വേണം. ഇക്കൂട്ടര്‍ മുതലെടുക്കുന്നത് വികസനപദ്ധതികള്‍ വരുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ്, പ്രയാസങ്ങളാണ്. കണ്ണൂര്‍ വിമാനത്താവളത്തിന് സ്ഥലം എടുക്കാന്‍ തുടങ്ങിയ ആദ്യഘട്ടത്തില്‍ സമരമായിരുന്നു. എന്നാല്‍, ഫലപ്രദവും കാര്യക്ഷമവുമായ നഷ്ടപരിഹാരപാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ സ്ഥലമുടമകള്‍ സര്‍ക്കാരുമായി സഹകരിച്ചു. അക്വിസിഷന്‍പരിധിയില്‍പ്പെടാത്ത ഭൂമികൂടി നല്‍കാനുള്ള സന്നദ്ധത ചിലര്‍ പ്രകടിപ്പിച്ചു. സോളിഡാരിറ്റിക്കാരടക്കമുള്ള വികസനവിരുദ്ധരുടെകൂടെ ജനം അണിനിരന്നില്ല. ഇത്തരം നിരവധി അനുഭവങ്ങളും കേരളത്തിലുണ്ട്. വികസനത്തിനു സഹായകമായ ഇത്തരം അനുഭവങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നില്ലെന്നു മാത്രമല്ല, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുകയും ചെയ്യുന്നു. അതിലൊന്നാണ് കിനാലൂരില്‍ 100 മീറ്റര്‍ വീതിയിലാണ് റോഡെന്നും ബിനാമികള്‍ ഭൂമി വാങ്ങിക്കൂട്ടുന്നെന്നും അവര്‍ക്കുവേണ്ടിയാണ് റോഡെന്നുമുള്ള പ്രചാരണം. തൊഴിലാളികള്‍ നടത്തുന്ന എസ്റേറ്റൊഴികെ 2000 ഏക്കര്‍ ജനവാസമില്ലാത്ത ഭൂമികൂടി അക്വയര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കുന്ന സര്‍ക്കാര്‍, റോഡുണ്ടാക്കാന്‍ സര്‍വേ നടത്തുന്നത് ബിനാമികള്‍ക്കു വേണ്ടിയല്ല, നാടിനും ജനങ്ങള്‍ക്കും വേണ്ടിയാണെന്ന് ഏതൊരാള്‍ക്കും ബോധ്യമാകുന്നതുമാണ്. സര്‍വേ നടത്തുമ്പോള്‍ത്തന്നെ സമരം ആരംഭിക്കുന്നത് വികസനതാല്‍പ്പര്യമല്ല, മറിച്ച് അട്ടിമറി താല്‍പ്പര്യമാണ്. ദേശീയപാതയുടെ വീതി കേരളത്തിന്റെ സവിശേഷസാഹചര്യം കണക്കിലെടുത്ത് 30 മീറ്ററാക്കണമെന്ന് കേന്ദ്രത്തോട് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരിക്കയാണ്. പിന്നെ എങ്ങനെ സര്‍വേമാത്രം നടത്തുന്ന ഒരു റോഡിന്റെ വീതി 100 മീറ്ററാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ നിശ്ചയിക്കും. ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തിയാല്‍ മാത്രമേ ജനങ്ങളെ കൂടെനിര്‍ത്താന്‍ സോളിഡാരിറ്റിപോലുള്ള സംഘടനകള്‍ക്ക് സാധിക്കൂ. ഇടത് ഏകോപനസമിതി, ജനജാഗ്രതാസമിതി, ചില നക്സല്‍ ഗ്രൂപ്പുകള്‍ എന്നിവയൊക്കെ വികസനവിരുദ്ധ കൂട്ടായ്മയില്‍ യോജിക്കുന്നു. യുഡിഎഫ് നേതാക്കളാകട്ടെ അവസരവാദ സമീപനം സ്വീകരിക്കുന്നു. സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന യോഗങ്ങളില്‍ വികസനത്തോടൊപ്പവും വെളിയില്‍ വികസനവിരുദ്ധരോടൊപ്പവും. ദേശീയപാതയുടെ വീതി 30 മീറ്ററാക്കി കേരളത്തിനുവേണ്ടി മാനദണ്ഡം മാറ്റി കേന്ദ്രസര്‍ക്കാരില്‍നിന്ന് ഉത്തരവ് നേടിത്തരാനുള്ള ബാധ്യത കോഗ്രസ് നേതൃത്വത്തിനാണുള്ളത്. ദേശീയപാതാ വികസന നിക്ഷേപമൊന്നും കുറയ്ക്കാതെ ഈ പൊതു ആവശ്യം നേടിയെടുക്കാന്‍ ബാധ്യതപ്പെട്ടവരാണ് പലയിടത്തും ജാഗ്രതാസമിതികള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഇത് ജനവഞ്ചനയല്ലാതെ മറ്റെന്താണ്. സര്‍വകക്ഷിയോഗം ഇത്തരം ഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിളിക്കുന്നത് വികസനകാര്യത്തില്‍ സുതാര്യനിലപാട് സ്വീകരിക്കുന്നതുകൊണ്ടാണ്. ജനങ്ങളില്‍നിന്നു മറച്ചുവയ്ക്കാന്‍ എല്‍ഡിഎഫിന് ഒന്നുമില്ല. വികസനം ജനങ്ങള്‍ക്കുവേണ്ടിയാണ്. വികസനം കൊണ്ടുവരുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കുകയും ചെയ്യും. ജനങ്ങളാണ് വികസനം ആവശ്യപ്പെടുന്നത്. ഇത് ആഗോളവല്‍ക്കരണകാലത്തെ മുതലാളിത്തവര്‍ഗ വികസനകാഴ്ചപ്പാടോ ജനവിരുദ്ധമോ അല്ല. ഇടമലക്കുടിമുതല്‍ കിനാലൂര്‍വരെയുള്ള വികസനപദ്ധതികള്‍ അക്ഷരാര്‍ഥത്തില്‍ ജനപക്ഷ ബദല്‍വികസന കാഴ്ചപ്പാടുതന്നെയാണ്. 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പുവരെ ഇടമലക്കുടി ഗ്രാമവാസികള്‍ ഒന്നടങ്കം കോഗ്രസിന്റെ വോട്ടുബാങ്കായിരുന്നു. പിന്നീട് സ്ഥിതിഗതികളില്‍ മാറ്റംവരുത്തിയത് ആദിവാസികളുടെ സ്വന്തം അനുഭവമാണ്. കൈപ്പത്തിക്ക് വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ലെന്ന് വികസനത്തിനുവേണ്ടി കേഴുന്ന ആദിവാസികള്‍ തിരിച്ചറിഞ്ഞു. അധികമാരും പോകാത്ത പ്രദേശമായതിനാല്‍ കോഗ്രസിന് ആദിവാസികളെ വഞ്ചിച്ച് സ്വന്തം പാവകളാക്കി കൂടെ കൊണ്ടുപോകാനും കഴിഞ്ഞു. അതിന് മൂപ്പന്മാരെ കൈയിലെടുക്കുകയായിരുന്നു വലതുപക്ഷ രാഷ്ട്രീയക്കാര്‍. എന്നാല്‍, ഒരു ദശകംമുമ്പ് സ്ഥിതിഗതികളില്‍ മാറ്റംവന്നു. കോഗ്രസുകാരായ ചിലര്‍ സിപിഐ എമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അവരുടെ വികസനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിവിധ പദ്ധതികള്‍ക്ക് മൂന്നാര്‍ പഞ്ചായത്തും എംഎല്‍എയും എല്‍ഡിഎഫ് സര്‍ക്കാരും രൂപംനല്‍കി. സിപിഐ എമ്മിന്റെ സാന്നിധ്യമാണ് ഇടമലക്കുടിയിലെ വികസനത്തിനു കാരണം. ഈ തിരിച്ചറിവിന്റെ ഫലമായി മുന്‍കാലങ്ങളില്‍ കോഗ്രസിനോടൊപ്പം അണിചേര്‍ന്നവര്‍ സിപിഐ എമ്മിന്റെ ഉശിരന്‍ പ്രവര്‍ത്തകരായി. 2010 ഒക്ടോബര്‍ രണ്ടിന്
എം വി ജയരാജന്

1 comment:

ജനശബ്ദം said...

കിനാലൂര്‍മുതല്‍ ഇടമലക്കുടിവരെ
എം വി ജയരാജന്‍
വികസനത്തിന്റെ ജനഹിത പരിശോധന സജീവ ചര്‍ച്ചാവിഷയമായി കേരളത്തില്‍ മാറിയിരിക്കയാണല്ലോ. ഇടുക്കി ജില്ലയിലെ വനാന്തര ഗ്രാമമായ ഇടമലക്കുടിയിലെ ആദിവാസി ജനസമൂഹത്തിന് വികസനമെന്നത് കേവലം ഒരു വിവാദമല്ല. കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്തായി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ചതും ഇപ്പോള്‍ മൂന്നാര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്നതുമായ തമിഴ്നാട് അതിര്‍ത്തിയോട് അടുത്തുകിടക്കുന്നതുമായ പ്രദേശമാണ് ഇടമലക്കുടി. സ്വാതന്ത്യ്രംകിട്ടി 63 വര്‍ഷം പിന്നിട്ടിട്ടും ഐക്യകേരളം രൂപീകരിച്ച് 54 വര്‍ഷം കഴിഞ്ഞിട്ടും ഈ ആദിവാസി ഊരില്‍ ഒരു വികസനവും നടന്നിട്ടില്ല. 5000 ലേറെ ആദിവാസികള്‍ 24 കുടിയിലായി താമസിക്കുന്ന ഇവിടത്തെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വികസനസ്വപ്നം വനത്തിലൂടെയുള്ള 16 കിലോമീറ്റര്‍ റോഡാണ്.