Friday, April 2, 2010

കേരളം മൊബൈല്‍ ഭ്രാന്താലയമാകരുത്

കേരളം മൊബൈല്‍ ഭ്രാന്താലയമാകരുത്

കേരളം ഭ്രാന്താലയമാണെന്ന സ്വാമി വിവേകാനന്ദന്റെ 'ശാപവചനം' യാഥാര്‍ഥ്യമാകുകയാണോ. മൊബൈല്‍ ഫോണിലൂടെ പടരുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെക്കുറിച്ച് 'ദേശാഭിമാനി' പ്രസിദ്ധീകരിച്ച പരമ്പര ആരെയും ആശങ്കപ്പെടുത്തുന്നതാണ്. ഒട്ടും ശുഭകരമല്ലാത്തമ വാര്‍ത്തകളാണ് കേരളക്കരയുടെ സര്‍വകോണുകളില്‍നിന്നും വരുന്നത്. പലതും പ്രസിദ്ധീകരിക്കാന്‍പോലും വയ്യാത്തത്ര ആശങ്കാജനകം. രക്തബന്ധുക്കളുടെപോലും സ്വകാര്യത ഒളി ക്യാമറയില്‍ പകര്‍ത്തുന്നവരുടെ നാടായി പ്രബുദ്ധകേരളം മാറിക്കഴിഞ്ഞുവോ. സ്ത്രീകള്‍ക്ക് ഭയപ്പാടില്ലാതെ മൂത്രമൊഴിക്കാന്‍പോലും പറ്റാത്ത നാടെന്ന അപഖ്യാതി നമ്മളെ പിടികൂടിയോ? മഹത്തായ ലൈംഗികതയുടെ മറുവശം, നിമിഷനേരത്തേക്ക് ഇക്കിളിപ്പെടുത്തുന്ന അശ്ളീലം, മലയാളത്തിന്റെ സാമൂഹ്യരോഗമായി മാറിയോ? മനുഷ്യന്റെ മഹത്തായ കണ്ടുപിടിത്തങ്ങളിലൊന്നാണ് വിവരസാങ്കേതികവിദ്യ. അതിന്റെ ഏറ്റവും ഉപയുക്തമായ ഉല്‍പ്പന്നങ്ങളാണ് ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും. ആധുനികതയെ ചാടിപ്പിടിക്കുന്ന മലയാളി പ്രകാശവേഗത്തില്‍ ഇവയുടെ ചാമ്പ്യന്മാരായി. മൂന്നേകാല്‍ കോടി ജനസംഖ്യയുള്ള നാട്ടില്‍ രണ്ടുകോടിയിലേറെ മൊബൈല്‍ ഉപയോക്താക്കളാണ് ഇന്നുള്ളത്. മൊബൈല്‍, ടി വി, കംപ്യൂട്ടര്‍ എന്നിവയുടെ സാന്ദ്രതയില്‍ ലോകത്ത് ഏത് പ്രദേശത്തേക്കാളും മുന്നിലാണ് നമ്മുടെ സംസ്ഥാനം. ജീവിതമാര്‍ഗം തേടി ലോകമെങ്ങും ഊരുചുറ്റുന്ന മലയാളിക്ക് ലോകം ഇന്ന് കരതലാമലകം പോലെ കൈക്കുമ്പിളില്‍. വന്‍കരകള്‍ക്കുപുറത്തെ ജനതയും സംസ്കാരങ്ങളുമായി അവര്‍ സൌഹൃദ കൂട്ടായ്മയുണ്ടാക്കുന്നു. അച്ചടിമഷി പുരളാതെപോകുന്ന ആത്മാവിഷ്കാരങ്ങള്‍ ബ്ളോഗനകളിലൂടെ രക്തവും മാംസവും ആര്‍ജിക്കുന്നു. മാധ്യമസ്വാതന്ത്യ്രത്തിന്റെ പുതിയ വാതായനങ്ങളിലൂടെ അവന്റെ ബുദ്ധിയും ചേതനയും അഭിരമിക്കുന്നു. വ്യക്തിസ്വാതന്ത്യ്രത്തിന്റെ പുതുപുത്തന്‍ തലങ്ങളിലേക്ക് അവന്‍ അതിരില്ലാത്ത യാത്ര നടത്തുന്നു. പക്ഷേ, ഈ അതിരില്ലാത്ത യാത്രയില്‍ വ്യക്തിബന്ധങ്ങളുടെ കണ്ണികള്‍ അവന്‍ പൊട്ടിക്കുകയാണ്. രക്തബന്ധങ്ങളുടെ പവിത്രതപോലും ഒളിക്യാമറയ്ക്ക് അടിയറവയ്ക്കുന്നു. മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്യ്രത്തെ, സ്വകാര്യതകളെ, കശക്കിയെറിഞ്ഞ് വിറളിപിടിച്ചോടുകയാണ്. മറ്റേത് മേഖലയിലെയും പോലെ ഇരകളാകുന്നത് സ്ത്രീകള്‍ തന്നെ; ചുരുക്കം അപവാദങ്ങളുണ്ടെങ്കിലും. മനുഷ്യവികാസത്തിന്റെ കുതിച്ചുകയറ്റത്തിന് ഉപയുക്തമാകുന്ന ആധുനിക ഉപകരണങ്ങള്‍തന്നെ സമൂഹത്തിന്റെയാകെ ആശങ്കയായി മാറുന്നുവെന്നത് മാനവരാശി നേരിടുന്ന വൈരുധ്യംതന്നെയാണ്. കമ്പോള സമ്പദ്വ്യവസ്ഥ നീരാളിക്കൈകളായ പുതുപുത്തന്‍ വിപണനതന്ത്രങ്ങള്‍ ആവിഷ്കരിക്കുമ്പോള്‍ ഈ വൈരുധ്യം മൂര്‍ഛിക്കുന്നു. മനുഷ്യനെ കമ്പോളമനുഷ്യനാക്കി തീര്‍ക്കുകയാണ് പുത്തന്‍ മുതലാളിത്തം. മനുഷ്യബന്ധങ്ങളെ ലാഭചേതങ്ങളുടെ കോളങ്ങളിലേക്ക് വെട്ടിച്ചുരുക്കുന്നു. സ്വന്തം ബന്ധുവിന്റേതായാലും സ്ത്രീയുടെ സ്വകാര്യഭാഗം പകര്‍ത്തി ഇന്റര്‍നെറ്റിലെ അശ്ളീലക്കച്ചവടക്കാര്‍ക്ക് കൈമാറിയാല്‍ കൌമാരപ്രായക്കാരനും കിട്ടും രൊക്കംപണം. മനുഷ്യനും മനുഷ്യനും തമ്മില്‍ നഗ്നമായ സ്വാര്‍ഥമൊഴികെ, ഹൃദയശൂന്യമായ രൊക്കം പണമൊഴികെ, മറ്റൊന്നും മുതലാളിത്തം ബാക്കിവയ്ക്കുന്നില്ല. അപ്പോള്‍ അവന്‍ സമൂഹത്തില്‍നിന്നും കുടുംബത്തില്‍നിന്നും പറിച്ചുമാറ്റപ്പെടുന്നു. ലാന്‍ഡ് ഫോ കുടുംബത്തിന്റെ പൊതുവായ വിനിമയോപാധിയാകുമ്പോള്‍ മൊബൈല്‍ ഫോ കുടുംബത്തെ അംഗങ്ങളായി വിഭജിക്കുന്നു. ഒന്നിലേറെ സിംകാര്‍ഡുകള്‍ അവന്റെ/അവളുടെ വ്യക്തിത്വത്തെ വീണ്ടും വിഭജിക്കുന്നു. കുടുംബനാഥനറിയാതെ, കുടുംബാംഗമറിയാതെ, പരസ്പരമറിയാതെ മറ്റുപലരും ആ കുടുംബത്തിലേക്ക് കയറിവരുന്നു. ഈ കടന്നുകയറ്റക്കാരില്‍ സദുദ്ദേശികളേക്കാള്‍ ദുരുദ്ദേശികളാകും കൂടുതല്‍. ഇതില്‍ കൊടുംക്രിമിനലുകളും തീവ്രവാദികളുംവരെ കാണാം. നേര്‍ത്ത സ്നേഹത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും ദുര്‍ബല ബലത്തിലാണ് കേരളത്തിലെ ഓരോ അണുകുടുംബവും നിലനില്‍ക്കുന്നത്. അതൊരു കാറ്റത്തെ കിളിക്കൂടാണ്. ചെറുകാറ്റടിച്ചാല്‍ നിലംപൊത്തുന്ന ആ കിളിക്കൂടുകള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ കൊടുങ്കാറ്റില്‍ ഇളകുകയാണോ? കേരളത്തിലെ രണ്ടുകോടി വരുന്ന മൊബൈല്‍ ഉപയോക്താക്കളില്‍ ഒരു ശതമാനം ഫോ ദുരുപയോഗം ചെയ്താല്‍ ദിവസം ചുരുങ്ങിയത് പതിനേഴായിരത്തിലധികം സൈബര്‍ കുറ്റകൃത്യം കേരളത്തില്‍ നടക്കും. ഇതില്‍ പകുതിയും ബോധപൂര്‍വമായ കുറ്റകൃത്യമായിരിക്കും. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പൊലീസ് സൈബര്‍സെല്ലിന് ലഭിക്കുന്ന പരാതികള്‍ തുലോം തുച്ഛം. മാനഹാനി ഭയന്ന് കൂടുതല്‍പേരും പരാതിയുമായി പോകാറില്ല. അല്ലെങ്കില്‍ത്തന്നെ ഒരു വലിയ സാമൂഹ്യവിപത്ത് പൊലീസിനെക്കൊണ്ടുമാത്രം കൈകാര്യംചെയ്യാനാകില്ല. അശ്ളീലസാഹിത്യത്തിന് ഫാസിസത്തിന്റെ ഒരു പാരമ്പര്യമുണ്ട്. ഹിറ്റ്ലര്‍ രാജ്യം കീഴടക്കുമ്പോള്‍ ഗ്രന്ഥാലയങ്ങളിലെ ക്ളാസിക്കുകള്‍ കത്തിക്കുകയും പകരം അശ്ളീലസാഹിത്യം തിരുകിവയ്ക്കുകയും ചെയ്തിരുന്നു. കേരളത്തെ കീഴടക്കുന്ന മൊബൈല്‍- ഇന്റര്‍നെറ്റ് അശ്ളീലം ഫാസിസത്തിന്റെ പുനരവതരണമാണോ എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. കമ്യൂണിറ്റി റേഡിയോ, റിയാലിറ്റി ടിവി തുടങ്ങിയ നവതലമുറ മാധ്യമങ്ങള്‍ സംവേദനത്തിന്റെ പുതിയ സാധ്യതകള്‍ തുറക്കുമ്പോള്‍ ത്തന്നെ ഇക്കിളിപ്പെടുത്തലിന്റെ പുതിയ രീതികളും കൊണ്ടുവരുന്നുണ്ട്. ഭാഷയുടെ കരുത്തിനെയും സംവേദനക്ഷമതയെയും നശിപ്പിച്ച് അത് ഭാഷയെ വെറും കൊഞ്ചല്‍ മാത്രമാക്കുന്നു. മൊബൈല്‍ ഭാഷ കൊഞ്ചലിന്റേതാണ്, കരുത്തിന്റേതല്ല. വിവിധ മൊബൈല്‍ കമ്പനികള്‍ മത്സരാധിഷ്ഠിത കച്ചവടത്തിനായി ഈ കൊഞ്ചലിന് സര്‍വ സൌകര്യവും ഒരുക്കിക്കൊടുക്കുന്നു. ഈ പുതിയ പ്രതിസന്ധിയെ മുറിച്ചുകടക്കേണ്ടതുണ്ട്. 'മ' സാഹിത്യങ്ങള്‍ക്കെതിരെ എപതുകളില്‍ കേരളത്തില്‍ അതിശക്തമായ സാമൂഹ്യപ്രതിരോധം ഉയര്‍ന്നിരുന്നു. അന്നുമായി താരതമ്യംപോലും അര്‍ഹിക്കാത്ത അത്രയും ആശങ്കാകരമാണ് ഇന്നത്തെ സ്ഥിതി; ഇതിനെ മുറിച്ചുകടക്കാന്‍ സാമൂഹ്യപ്രസ്ഥാനങ്ങള്‍, രാഷ്ട്രീയ പാര്‍ടികള്‍, യുവജന- വിദ്യാര്‍ഥി, മഹിളാ സംഘടനകള്‍ ഒരേ മനസ്സായി പ്രതിരോധത്തിന്റെ മനുഷ്യച്ചങ്ങല തീര്‍ക്കേണ്ടതുണ്ട്. സൈബര്‍ ക്രിമിനല്‍ കുറ്റങ്ങള്‍ പൊലീസ് കൈകാര്യം ചെയ്യട്ടെ. എന്നാല്‍, ഇത് സാമ്പ്രദായിക കുറ്റകൃതമല്ല, ഇതില്‍ മലയാളിയുടെ മനോഭാവത്തില്‍ വരുന്ന സാമൂഹ്യവിരുദ്ധതയുടെ മനഃശാസ്ത്രമുണ്ട്. ലൈംഗികതയെക്കുറിച്ചുള്ള മലയാളിയുടെ സങ്കല്‍പ്പത്തില്‍ത്തന്നെ ആരോഗ്യകരമായ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാകുകയാണ്. "ഏത് ധൂസരസങ്കല്‍പ്പങ്ങളില്‍ പിറന്നാലും ഏത് യന്ത്രവല്‍ക്കൃതലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും മണവും മമതയും ഇത്തിരി കൊന്നപ്പൂവും''.

1 comment:

Unknown said...

സാംസ്ക്കാരികമായി കാടത്തത്തിലേക്ക് മലയാളി സമൂഹം കൂപ്പ് കുത്തുകയാണ്. രാഷ്ട്രീയമായ വ്യത്യസ്തനിലപാടുകള്‍ മാറ്റി വെച്ച് ഈ അരാജകത്വത്തിനെതിരെ ബോധവല്‍ക്കരണം നടത്താന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ട് വരുമോ? ഇത്തരമൊരു നവോത്ഥാനത്തിന് നേതൃത്വപരമായ പങ്ക് വഹിക്കാന്‍ ഇടത്പക്ഷങ്ങള്‍ക്കേ കഴിയുകയുള്ളൂ. അതിന് തയ്യാറാവുമോ? ഇല്ലെങ്കില്‍ കുറെക്കഴിഞ്ഞാല്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ആവശ്യം തന്നെ ഉണ്ടാവില്ല.