Friday, March 19, 2010

ഇ.എം.എസ്-എ.കെ.ജി അനുസ്മരണം

ഇ.എം.എസ്-എ.കെ.ജി അനുസ്മരണം.ഓരോ രാജ്യത്തിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് മാര്‍ക്സിസ്റ്-ലെനിനിസ്റ് സിദ്ധാന്തം പ്രയോഗിക്കേണ്ടത്. നാടിന്റെ സവിശേഷതകളെ മനസ്സിലാക്കിക്കൊണ്ട് നടത്തുന്ന ഇടപെടല്‍ സാമൂഹ്യ വികാസത്തിന് ഏറെ സഹായകമായിത്തീരുകയും ചെയ്യും. ഇത്തരത്തില്‍ മാര്‍ക്സിസത്തെ ഇന്ത്യന്‍ സാഹചര്യത്തിനനുസരിച്ച് പ്രയോഗിക്കുന്നതില്‍ തനതായ സംഭാവന ചെയ്ത സൈദ്ധാന്തികനാണ് സ: ഇ.എം.എസ്.സൈദ്ധാന്തികമായ ഇത്തരം ഉള്‍ക്കാഴ്ചകള്‍ ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കുകയും അതനുസരിച്ച് ജനങ്ങളെ സമരോത്സുകരാക്കുകയും ചെയ്യുക എന്നതും ഏറെ പ്രധാനമാണ്. ഈ പ്രക്രിയയിലൂടെ ജനങ്ങളുടെ ബോധത്തെ മുന്നോട്ടുനയിക്കുക എന്ന കടമ സ: എ.കെ.ജി വിജയകരമായി നിര്‍വ്വഹിച്ചു.ഇങ്ങനെ മാര്‍ക്സിസ്റ് സിദ്ധാന്തത്തെ നമ്മുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തിയെടുത്ത് അത് ജനങ്ങളുടെ ഹൃദയങ്ങളില്‍ ആണ്ടിറങ്ങുന്ന വികാരമായും തിരിച്ചറിവായും മാറ്റി എടുത്തു എന്നതാണ് എ.കെ.ജിയും ഇ.എം.എസും ചെയ്ത സുപ്രധാനമായ ദൌത്യം. ഇതിന്റെ ഫലമായാണ്ഉന്നതമായ ജനാധിപത്യബോധവും മെച്ചപ്പെട്ട ജീവിതസാഹചര്യവും നിലനില്‍ക്കുന്ന ഇന്നത്തെ കേരളം രൂപം കൊണ്ടത്.ത്യാഗിവര്യരായ ഈ സഖാക്കളുടെ സംഭാവനകളെ വിശദമായി പ്രതിപാദിക്കുക ഈ ചെറിയ ലേഖനത്തില്‍ അസാധ്യമാണ്. സ്വാമിവിവേകാനന്ദന്‍ കേരളത്തെ വിശേഷിപ്പിച്ചത് ഭ്രാന്താലയം എന്നായിരുന്നു. ആ നിലയില്‍നിന്നിരുന്ന കേരളത്തെ ഇന്നത്തെ രൂപത്തില്‍ മാറ്റിയെടുക്കുന്നതിന് നേതൃത്വം നല്‍കുന്നതില്‍ സുപ്രധാനമായ പങ്കാണ് ഇ.എം.എസ് നിര്‍വ്വഹിച്ചത്. ജാതിയുടെയും മതത്തിന്റെയും ചട്ടക്കൂട്ടിനകത്തായിരുന്നു അന്ന് കേരളജനത കഴിഞ്ഞിരുന്നത്. ജാതീയവും മതപരവുമായ ചിന്തകളില്‍ കുരുങ്ങിക്കിടന്ന ജനതയെ വര്‍ഗപരമായ കാഴ്ചപ്പാടോടുകൂടി സംഘടിപ്പിക്കുന്നതിന് ആശയപരമായ നേതൃത്വം നല്‍കി എന്നതാണ് ഇ.എം.എസിന്റെ സുപ്രധാനമായ സംഭാവനകളിലൊന്ന്.വര്‍ത്തമാനകാലത്തും ജാതീയവും വര്‍ഗീയവുമായ സ്വത്വരാഷ്ട്രീയത്തിന്റെ ചുവടുപിടിച്ചുകൊണ്ട് പുരോഗമനപരം എന്ന മുഖംമൂടിയണിഞ്ഞുകൊണ്ട് പലരും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടുകൂടിയാണ് ഇത്തരമൊരു ആശയം ശക്തിപ്രാപിച്ചത്. പഴയ നക്സലൈറ്റ് നേതാക്കളില്‍ പലരും ഇതിനുസമാനമായ കാഴ്ചപ്പാട് മുന്നോട്ടുവെച്ചുകൊണ്ട് മുമ്പുതന്നെ കടന്നുവരികയുണ്ടായി. കമ്മ്യൂണിസ്റുകാരന്റെ ജനാധിപത്യ സങ്കല്‍പ്പത്തെ ഇത്തരത്തിലുള്ള സ്വത്വരാഷ്ട്രീയ നിലപാടുകളുമായി യോജിപ്പിക്കാന്‍ വേണ്ടിയുള്ള പരിശ്രമവും അവര്‍ നടത്തുകയുണ്ടായി. ഇതിനെതിരെ ശക്തമായ സൈദ്ധാന്തിക ആക്രമണമാണ് ഇ.എം.എസ് നടത്തിയത്. എന്നാല്‍ ഇന്ന് വീണ്ടും സ്വത്വവാദികള്‍ പഴയ ആശയങ്ങള്‍ പുതിയ കുപ്പികളില്‍ നിറച്ച് രംഗപ്രവേശം ചെയ്യുന്നുണ്ട്. സ്വത്വബോധം മുമ്പുണ്ടായിരുന്നുവെങ്കിലും അത് സ്വത്വരാഷ്ട്രീയമാക്കി പരിവര്‍ത്തിച്ച് പ്രയോഗിക്കുകയാണ് സാമ്രാജ്യത്വശക്തികള്‍. ആ സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ ഇരകളായി നമ്മുടെ നാട്ടില്‍ പലരും മാറിയിട്ടുണ്ട്. ഇതിലൂടെ കേരളത്തില്‍ കമ്മ്യൂണിസ്റുകാര്‍ വളര്‍ത്തിയെടുത്ത വര്‍ഗപരമായ യോജിപ്പിന്റെ രാഷ്ട്രീയം തകര്‍ക്കുന്നതിനുള്ള പരിശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ജാഗ്രത പുലര്‍ത്തുക എന്നത് വര്‍ഗ രാഷ്ട്രീയ സമീപനം മുന്നോട്ടുകൊണ്ടുപോകുന്നതിന് അനിവാര്യമാണ്. ജാതിരഹിതവും മതേതരവുമായ കേരളം കെട്ടിപ്പടുക്കുക എന്ന ഇ.എം.എസിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഈ സമീപനം അത്യന്താപേക്ഷിതമാണ്.കേരളത്തിന്റെ ഭാഷാപരമായ സവിശേഷതകളെയും സംസ്കാരങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ട് ഇ.എം.എസ് എഴുതിയ പുസ്തകമാണ് 'കേരളം മലയാളികളുടെ മാതൃഭൂമി' എന്നുള്ളത്. കേരളജനതയുടെ സവിശേഷതകളെ വിശകലനം ചെയ്തുകൊണ്ട് എഴുതപ്പെട്ട ഈ പുസ്തകം ഭാഷാപരമായപ്രത്യേകതയുടെയും കേരളത്തിന്റെ സാംസ്കാരിക സവിശേഷതകളുടെയും സാമ്പത്തിക-രാഷ്ട്രീയ ഘടകങ്ങളെ വിശകലനം ചെയ്യുന്നതാണ്. ഇത്തരത്തിലുള്ള വിശകലനത്തിലൂടെ ആധുനിക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇ.എം.എസ് മുന്നോട്ടുവച്ചിരുന്നു. ഭാവികേരളം ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും കുത്തക മുതലാളിത്തത്തിനും എതിരായുള്ള ഒന്നാവണം എന്ന സമീപനവും അദ്ദേഹത്തിനുണ്ടായിരുന്നു. കൊച്ചിരാജാവിന്റെ ഐക്യകേരളം എന്ന സങ്കല്‍പ്പത്തെഎതിര്‍ത്തുകൊണ്ട് ഇ.എം.എസ് എഴുതിയ കൊച്ചി രാജാവിന്റെ ഐക്യകേരളം ബ്രിട്ടീഷ്കമ്മട്ടത്തില്‍ അടിച്ച കള്ളനാണയം എന്ന ലഘുലേഖ യഥാര്‍ത്ഥത്തില്‍ ആധുനിക കേരളത്തെ സംബന്ധിച്ചുള്ള ഒരു രൂപരേഖ തന്നെയായിരുന്നു.ഈ രൂപരേഖയുടെ അടിസ്ഥാനത്തില്‍ കേരളത്തെ രൂപപ്പെടുത്തുവാനുള്ള സാഹചര്യവും ഇ.എം.എസിന് ലഭിക്കുകയുണ്ടായി. 1957 ലെ കേരളത്തിലെ ഒന്നാമത്തെ മന്ത്രിസഭയുടെതലവന്‍ എന്ന നിലയില്‍ ഈ കാഴ്ചപ്പാടിനെ പ്രായോഗികമാക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. ജന്മിത്വത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചുകൊണ്ട് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സുകള്‍ ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് വെളിച്ചംവീശുന്നത്. ആഗോളവല്‍ക്കരണ കാലഘട്ടം കേരള വികസനത്തിന് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തിയപ്പോള്‍ അത് എങ്ങനെ തരണം ചെയ്യണം എന്ന് കണ്ടെത്തുവാനുള്ള ഇടപെടലും ഇ.എം.എസ് നടത്തുകയുണ്ടായി. എ.കെ.ജി പഠന ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ് ഈകാര്യത്തിലേക്കാണ് ശ്രദ്ധ ഊന്നിയത്. ഇങ്ങനെ കാലത്തിനൊപ്പം വളരുക മാത്രമല്ലആ വളര്‍ച്ചയ്ക്ക് നേതൃത്വപരമായ പങ്ക് നല്‍കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഇ.എം.എസിന്റേത്. ചരിത്രത്തിനു മുമ്പേ നടന്നയാള്‍ എന്നവിശേഷണം ഇതുകൊണ്ടുതന്നെയാണ് ഇ.എം.എസിന് ഇണങ്ങുന്നത്.പാവങ്ങളുടെ പടത്തലവന്‍ എന്നത് എ.കെ.ജിയുടെ ഒരു വിശേഷണം മാത്രമല്ല. മറിച്ച്,സഖാവിന്റെ പ്രവര്‍ത്തനത്തെ പ്രതിഫലിപ്പിക്കുന്ന യഥാര്‍ത്ഥ വാചകം തന്നെയാണ്. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരില്‍നിന്ന് പഠിച്ച് അവരെ നയിച്ച കമ്മ്യൂണിസ്റായിരുന്നു എ.കെ.ജി. അതുകൊണ്ടുതന്നെ സഖാവിന്റെ ജീവിതം സമരപോരാട്ടങ്ങളുടെ നിരവധി അധ്യായങ്ങളാല്‍ സമ്പന്നമാണ്. പാവപ്പെട്ട ജനതയുടെ പ്രശ്നങ്ങളില്‍ ആണ്ടിറങ്ങുക എന്നതും എ.കെ.ജിയുടെ സവിശേഷമായ സ്വഭാവം തന്നെയായിരുന്നു.നവോത്ഥാന പ്രസ്ഥാനമാണ് ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് അടിസ്ഥാനപരമായ ചലനങ്ങള്‍ മുന്നോട്ടുവച്ചത്. അതിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു സ്ഥാനമാണ് ഗുരുവായൂര്‍ സത്യാഗ്രഹത്തിനുള്ളത്. ആ സത്യാഗ്രഹസമരം നവോത്ഥാന കേരളത്തിന്റെ സമരകാഹളം തന്നെയായിരുന്നു. ആ സമരത്തില്‍ വളണ്ടിയര്‍ ക്യാപ്ടനായി എ.കെ.ജി പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ് പ്രസ്ഥാനത്തിലുംകമ്മ്യൂണിസ്റ് പ്രസ്ഥാനത്തിലും സജീവമായി സഖാവ് നിറഞ്ഞുനിന്നു. അക്കാലത്ത് ജാതിവ്യവസ്ഥയ്ക്കെതിരായി നടത്തിയ സമരത്തിലെ സുപ്രധാനമായ അധ്യായമാണ് കണ്ടോത്ത് നടത്തിയ സമരവും അതിനെത്തുടര്‍ന്നുണ്ടായ ഭീകരമര്‍ദ്ദനവും.കര്‍ഷകജനതയുടെ സമരപോരാട്ടങ്ങള്‍ രാജ്യത്തെമ്പാടും ഉയര്‍ന്നുവന്നപ്പോള്‍അതിന്റെ നേതൃസ്ഥാനത്തും എ.കെ.ജി ഉണ്ടായിരുന്നു. രാജസ്ഥാനിലെ ഗംഗാനഗറിലും ഉത്തര്‍പ്രദേശിലെ ഗ്രാമീണമമേഖലയിലും ബീഹാറിലെ കാര്‍ഷിക ഭൂമിയിലും സഖാവ് കര്‍ഷകര്‍ക്കൊപ്പം നിന്ന് പൊരുതി. കേരളത്തില്‍ നടന്ന ഐതിഹാസികമായ മിച്ചഭൂമിസമരത്തില്‍ അടിസ്ഥാന ജനവിഭാഗത്തോടൊപ്പം പോര്‍നിലങ്ങളില്‍ എ.കെ.ജി സജീവ നേതൃത്വമായിരുന്നു. മുടവന്‍മുഗള്‍ മിച്ചഭൂമി സമരം എടുത്തുപറയേണ്ടതാണ്. ഇടുക്കിയില്‍ മണ്ണില്‍ പൊന്നുവിളയിച്ച കര്‍ഷകജനത ഭൂമിയില്‍നിന്ന് എടുത്തെറിയപ്പെടുന്ന സാഹചര്യം സംജാതമായപ്പോള്‍ അവിടെ അവര്‍ക്കൊപ്പം നിന്ന് എകെ ജി നടത്തിയ സമരം കേരളത്തിലെ കാര്‍ഷിക സമരചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചവയായിരുന്നു.കിടപ്പാടമില്ലാത്തവര്‍ക്ക് ഭൂമി നല്‍കുക എന്നത് കമ്മ്യൂണിസ്റുകാരുടെ എക്കാലത്തെയും മുദ്രാവാക്യമായിരുന്നു. അതുകൊണ്ടാണ് 1957 ലെ ഒന്നാമത്തെ കമ്മ്യൂണിസ്റ് മന്ത്രിസഭ കുടിയൊഴിപ്പിക്കലിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ആ സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തെ അട്ടിമറിക്കാനാണ് പിന്നീട് വന്ന വലതുപക്ഷ മന്ത്രിസഭ ശ്രമിച്ചത്. ഇതിനെയെല്ലാം മറികടന്നുകൊണ്ടാണ് 1967 ല്‍ അധികാരത്തില്‍ വന്ന രണ്ടാം ഇ.എം.എസ് മന്ത്രിസഭ സമഗ്രമായ കാര്‍ഷിക പരിഷ്കരണ നിയമം കൊണ്ടുവന്നത്. കമ്മ്യൂണിസ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് മിച്ചഭൂമിയായി പ്രഖ്യാപിച്ച ഇടങ്ങള്‍ പോലും സമ്പന്നരുടെ കൈകളിലേക്ക് തിരിച്ചുനല്‍കുന്നതിനുള്ള നിയമങ്ങളാണ് വലതുപക്ഷ കക്ഷികള്‍ കേരളത്തില്‍ നടപ്പിലാക്കിയത്. അതുകൊണ്ട് മിച്ചഭൂമിയുടെ അളവ് കുറഞ്ഞുവന്ന നിലയുണ്ടായി. അതിന്റെ ഫലമായി ആദിവാസികളും ദളിതരും ഉള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്ക് ഇവ പതിച്ചുനല്‍കുക എന്ന കമ്മ്യൂണിസ്റ് സര്‍ക്കാരിന്റെ കാഴ്ചപ്പാട് പ്രാവര്‍ത്തികമായില്ല. 1967 ലെ ബില്ല് തന്നെ പ്രായോഗികമാക്കുന്നതിന് 1970-ല്‍ വലിയ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിച്ചു. ഈ പോരാട്ടങ്ങളിലും നേതൃനിരയില്‍ത്തന്നെ എ.കെ.ജി ഉണ്ടായിരുന്നു.നിയമം നിലനില്‍ക്കുന്നു എന്നതുകൊണ്ടുമാത്രം പാവപ്പെട്ടവര്‍ക്ക് ഭൂമി ലഭിച്ചുകൊള്ളണമെന്നില്ല. ബ്യൂറോക്രസിയുടെയും കോടതികളുടെയും ഇടപെടലുകളെ എല്ലാം മറികടന്നുവേണം ഇത് പ്രായോഗികമാവാന്‍. അതുകൊണ്ടുതന്നെ നിയമം പ്രായോഗികമാക്കുന്നതിനുള്ള ജനകീയ മുന്നേറ്റം അനിവാര്യമാണെന്നാണ് അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ഭരണവും സമരവുമെന്ന ഇ.എം.എസിന്റെ പ്രസിദ്ധമായ കാഴ്ചപ്പാട് ഈ പശ്ചാത്തലത്തിലാണ് നാം കാണേണ്ടത്. ചരിത്രത്തിലെ ഇത്തരം അനുഭവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് കമ്മ്യൂണിസ്റുകാര്‍ മുന്നോട്ടുപോകുന്നത്. എ.കെ.ജിയും ഇ.എം.എസും തങ്ങളുടെ ജീവിതം കൊണ്ട് കാണിച്ചുതന്ന ഈ മാതൃക കേരളത്തിലെ കമ്മ്യൂണിസ്റുകാര്‍ പിന്തുടരുകയാണ്.ഈ കാഴ്ചപ്പാടിന്റെ ഭാഗമായിട്ടാണ് വയനാട്ടിലെ ഭൂസമരവും നടക്കുന്നത്. എ.കെ.എസിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ കുടില്‍ കെട്ടിയത് ഇതിന്റെ ഫലമാണ്. ആ ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നുമുള്ള ആവശ്യമാണ് ഈ പ്രക്ഷോഭം ഉന്നയിക്കുന്നത്. ഇത് ഏതെങ്കിലും ജനവിഭാഗത്തിനെതിരായുള്ള സമരമല്ല. എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പിച്ചുകൊണ്ടുള്ള സമരപോരാട്ടമാണ്. ചെങ്ങറയില്‍ നടന്ന ഭൂസമരവും ഇതും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. മറ്റെല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പാക്കിക്കൊണ്ടും അവരുടെ കൂടി പ്രശ്നങ്ങള്‍ ഏറ്റുപിടിച്ചുകൊണ്ടുമാണ് വയനാട്ടില്‍ സമരം നടക്കുന്നത്.എന്നാല്‍, ചെങ്ങറയില്‍ നടന്ന സമരം അവിടത്തെ തൊഴിലാളികളുടെ എതിര്‍പ്പ് മുഴുവനും ഉണ്ടാക്കിയെടുത്തതും ഭൂരഹിതരും തൊഴിലാളികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുവയ്ക്കപ്പെട്ടതുമായ ഒന്നാണ്. വര്‍ഗപരമായ കാഴ്ചപ്പാടോടുകൂടിയാണ് വയനാട്ടിലെ ഭൂസമരം നടക്കുന്നത് എന്നതുകൊണ്ടാണ് ആ സമരത്തെ വലതുപക്ഷ മാധ്യമങ്ങള്‍ ശക്തമായി എതിര്‍ക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. എന്നാല്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ചെങ്ങറയിലെ സമരത്തിന് വലിയ പിന്തുണയുമായി ഇത്തരംമാധ്യമങ്ങള്‍ രംഗപ്രവേശം ചെയ്ത അനുഭവവും നമ്മുടെ മുമ്പിലുണ്ട്. രണ്ടും ഭൂസമരമാണ്. എന്നാല്‍ ഒന്ന് മികച്ചതായതും മറ്റൊന്ന് തഴയപ്പെടുന്നതിന്റെയും പിന്നിലുള്ളത് രാഷ്ട്രീയമാണ്; വര്‍ഗസമരത്തെ തകര്‍ക്കാനുള്ള രാഷ്ട്രീയം; സ്വത്വരാഷ്ട്രീയത്തെ മുന്നോട്ടുവയ്ക്കാനുള്ള രാഷ്ട്രീയം. ഈ വസ്തുതയെ നാം തിരിച്ചറിയണം.ഇ.എം.എസും എ.കെ.ജിയും തങ്ങളുടെ ജീവിതം ആരംഭിക്കുന്ന കാലത്ത് കേരളം ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്‍ ജനതയെ ഒതുക്കിനിര്‍ത്തിയിരുന്നു. അതിനെതിരായുള്ള വലിയ പോരാട്ടമാണ് നവോത്ഥാനപ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയായി വര്‍ഗ കാഴ്ചപ്പാടോടെ ഇവിടെ നടന്നത്. അതാണ് ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചത്. ഇത്തരത്തില്‍ സാമൂഹ്യമായി ഏറെ മുന്നോട്ടുപോയ കേരളത്തെ ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് ഭിന്നിപ്പിക്കുവാനുള്ള പരിശ്രമമാണ് വലതുപക്ഷം നടത്തുന്നത്. അതിനെ പിന്തുണച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സ്വത്വരാഷ്ട്രീയവാദികളെ തുറന്നുകാട്ടിമുന്നോട്ടുപോവുക എന്നതും വര്‍ത്തമാനകാലത്ത് പ്രധാനമാണ്. ഒപ്പം ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുമെന്ന് പ്രതിജ്ഞ ചെയ്യുകയുമാണ് ഇ.എം.എസിന്റെയും എ.കെ.ജിയുടെയും അനുസ്മരണ ദിനത്തില്‍ നമുക്ക്ചെയ്യാനുള്ളത്.

എം.വി. ഗോവിന്ദന്‍മാസ്റ്റര്‍

No comments: