Tuesday, March 16, 2010

അമേരിക്കന്‍ ദാസന്മാര്‍ ഭരണാധികാരികളാകുന്നത് ഇന്ത്യക്ക് ഹാനികരം

അമേരിക്കന്‍ ദാസന്മാര്‍ ഭരണാധികാരികളാകുന്നത് ഇന്ത്യക്ക് ഹാനികരം.

കഴിഞ്ഞ യു.പി.എ ഭരണകാലത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയതായിരുന്നു ആണവകരാര്‍.ഇന്ത്യയുടെ പരമാധികാരത്തിനു ആണവനയത്തിനും കോട്ടം തട്ടുന്ന നിരവധി കാര്യങ്ങള്‍ പ്രത്യക്ഷത്തിലും പരോക്ഷമായും ഉള്ള ആ കരാറിനെതിരെ ശക്തമായ നിലപാടാണ് ഇടതുപക്ഷ കക്ഷികളും ഒരു വിഭാഗം ശാത്രഞ്ജന്മാരും എടുത്തത്. ബി.ജെ.പിയെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തുവാന്‍ യു.പി.എ സര്‍ക്കാറിനെ പുറത്തുനിന്നും പിന്താങ്ങിയിരുന്ന സി.പി.ഐഎം അടക്കം ഉള്ള ഇടതുപക്ഷം ഈ കരാറിനെതിരെ ശക്തമായ നിലാ‍പാടാണ് എടുത്തത്.ഇതിന്റെ ഭാഗമായി പാര്‍ലിമെന്റിനകത്തും പുറത്തും പ്രക്ഷോഭപരിപാടികളും ബോധവല്‍ക്കരണവും നടത്തി.നിരന്തരമായ താക്കീതുകള്‍ അവഗണിച്ച സര്‍ക്കാറിനുള്ള പിന്തുണ പിന്‍‌വലിച്ചെങ്കിലും അവസരവാദികളുടെ പിന്തുണയോടെ കോണ്‍ഗ്രസ്സ് നയിക്കുന്ന യു.പി.എ അമേരിക്കന്‍ സാമ്രാജ്യത്വതാല്പര്യങ്ങള്‍ക്ക് മുമ്പില്‍ രാജ്യത്തിന്റെ താല്പര്യങ്ങളെ അടിയറവുവച്ചുകൊണ്ട് ആണവകരാര്‍ പാസ്സാ‍ക്കി. ആണവകരാര്‍ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും പരമാധികാരത്തെയും സ്വാശ്രയയത്തത്തെയും പണയപ്പെടുത്തുന്നതും അപകടപ്പെടുത്തുന്നതുമാണെന്ന് ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പ് ഗൗരവമായി എടുക്കാതിരിക്കുകയും പുച്ഛിച്ച് തള്ളുകയും ചെയ്തവര്‍ക്ക് ഏറെക്കുറെ കാര്യങള്‍ മനസ്സിലായിക്കൊണ്ടിരിക്കുകയാണിന്ന്.
> > ഈ അടുത്ത സമയത്താണു ഇന്ത്യന്‍ സൈനികകേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കയെ അനുവദിക്കുന്ന 'എന്‍ഡ് യൂസ് മോണിറ്ററിങ്' കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചത്.ഇന്ത്യ അമേരിക്കയില്‍നിന്ന് വാങ്ങുന്ന ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായിമാത്രം ഉപയോഗിക്കുന്നെന്ന് ഉറപ്പു വരുത്താനുള്ളതാണ് 'എന്‍ഡ് യൂസ് മോണിറ്ററിങ്' എന്ന പരിശോധനാസംവിധാനം. അമേരിക്കയില്‍നിന്ന് ഇന്ത്യ പണംകൊടുത്തു വാങ്ങുന്ന സാധനങള്‍ എങ്ങനെ നാം ഉപയോഗിക്കണമെന്ന് അമേരിക്ക പറയും . അമേരിക്കയെ ബോധ്യപ്പെടുത്തേണ്ട ഉത്തവാദിത്തം ഇന്ത്യക്ക് ഉള്ളതാണു.അത് അവര്‍ തന്നെ പരിശോധിച്ച് ഉറപ്പ് വരുത്തുകയും വേണം. ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് സൈനികകേന്ദ്രങ്ങളിലെത്തി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഏതു സമയവും പരിശോധിക്കാന്‍ കഴിയും. ഇന്ത്യക്ക് അതോടെ പ്രതിരോധ രഹസ്യങ്ങള്‍ ഇല്ലാതാകും-എല്ലാം അമേരിക്കയ്ക്കുമുന്നില്‍ തുറന്നുവയ്ക്കേണ്ടിവരും.അമേരിക്കയില്‍ നിന്ന് ആയുധം വാങിച്ചുവെന്ന ഒറ്റക്കാരണം കൊണ്ട് എവിടെയും ചാടിക്കയറാനും പരിശോധന നടത്താനും അമേരിക്കക്ക് കൊടുക്കുന്ന സ്വാതന്ത്ര്യം ഇന്ത്യന്‍ പരമാധികാരം അമേരിക്കന്‍ സാമ്രജിത്ത ശക്തികള്‍ക്ക് മുന്നില്‍ അടിയറവെയ്ക്കുക തന്നെയാണു.
ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ വിദേശശക്തികളെ അനുവദിക്കില്ലെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് വെറും പാഴ്വാക്കായി തീര്‍ന്നിരിക്കുന്നു.
ആണവക്കരാറിന്റെ പേരില്‍ അമേരിക്ക ഇന്ത്യയെ വിരട്ടി കാര്യങള്‍ നേടുകയാണു.സ്വന്തം താല്പ്പര്യങള്‍ സം‌രക്ഷിക്കാന്‍ മറ്റു രാജ്യങളുടെ മേല്‍ അമേരിക്ക ചെലുത്തുന്ന സമ്മര്‍ദ്ദങളും വിലപേശലും അധിനിവേശവും ആര്‍ക്കും മനസ്സിലാക്കാവുന്നതെയുള്ളു.അത് കാലാകാലമായി തുടര്‍ന്ന് പോരുന്നതുമാണു.എന്നാല്‍ ഇന്ത്യ സ്വന്തം താല്പ്പര്യങളും പരമാധികാരവും അമേരിക്കയുടെ കാല്‍ച്ചുവട്ടില്‍ കാണിക്ക വെച്ച് ഓച്ഛാനിച്ച് നില്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല..ലൊകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം അമേരിക്കാന്‍ സാമ്രാജിത്ത ശക്തികളുടെ അഹങ്കാരത്തിന്നു മുന്നില്‍ അടിയറവ് പറയുന്നത് ലജ്ജാകരമാണു.ഇന്ത്യന്‍ ജനതയുടെ അഭിമാനത്തിന്ന് ഏല്‍ക്കുന്ന മഹാക്ഷതമാണിത്.
> > > > ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കന്‍ തീരുമാനിച്ചതും എന്നാല്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ചതുമായ ആണവബാധ്യതാ ബില്‍ ഇന്ത്യയിലെ ജനലക്ഷങളുടെ താല്പ്പര്യങളെ പാടെ ഹനിക്കുന്നതും അമേരിക്കയിലെ ആണവ വ്യവസായികളുടെ താല്‍പ്പര്യങ്ങളെമാത്രം സംരക്ഷിക്കുന്നതാണു
> > > ഇന്ത്യ-അമേരിക്ക ആണവ സഹകരണകരാറിന്റെ ഭാഗമാണിത്. ആണവ ക്കരാര്‍ ഒപ്പ് വെയ്ക്കുമ്പോള്‍ മറച്ച് വെച്ചിട്ടുള ഒരോരെ നിബന്ധനകള്‍ ആണവക്കരാര്‍ നടപ്പാക്കുന്നതിന്ന് മുമ്പായി ഇന്ത്യയെക്കൊണ്ട് അംഗികരിപ്പിക്കാനാണു അമേരിക്ക ശ്രമിക്കുന്നത്.ഇതൊക്കെ വാക്കാല്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ അംഗികരിച്ചിട്ടുള്ളതും ഇന്ത്യന്‍ ജനങളോട് മറച്ച് വെച്ചിട്ടുള്ളതുമാണു.
> > > > > ഇന്ത്യന്‍ ജനതയുടെ സുരക്ഷ അപകടത്തിലാക്കി അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് യുപിഎ സര്‍ക്കാരിന്റെ വ്യഗ്രത. അപകടകരമായ രാസവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന വ്യവസായങ്ങള്‍, ആണവോര്‍ജ ഉല്‍പ്പാദനം എന്നിവയുടെ ഭാഗമായി അപകടങ്ങളുണ്ടാകുമ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ പോകാനുള്ള പൌരന്റെ അവകാശം ഇല്ലാതാക്കുന്നതാണ് ഈ സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ളിയര്‍ ഡാമേജസ് ബില്‍ (ആണവഅപകട ബാധ്യതാബില്‍)
> > > > > റിയാക്ടര്‍ വിതരണം ചെയ്തയാളെ സംരക്ഷിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്നാണു പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകളില്‍നൊന്നൊക്കെ മനസ്സിലാകുന്നത്. ആണവ റിയാക്ടര്‍ നിര്‍മിച്ച ഘട്ടത്തിലുള്ള എന്തെങ്കിലും പിഴവുകാരണം ആണവ അപകടമുണ്ടായി ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചാലും റിയാക്ടര്‍ വിതരണംചെയ്ത കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടതില്ലയെന്നത് അംഗികരിക്കാന്‍ ഒരു ജനാധിപത്യ രാജ്യത്തില്‍ ആര്‍ക്കെങ്കിലും കഴിയുമോ ? . എല്ലാ ഉത്തരവാദിത്തവും ഇന്ത്യയില്‍ റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്റെ ചുമലില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നത് കടുത്ത രാജ്യദ്രോഹമാണു. നഷ്ട പരിഹാരത്തുക മൊത്തം ബാധ്യതയായി പരമാവധി 2200 കോടി രൂപയാണെന്നാണു നിശ്ചയിച്ചിട്ടുള്ളത്. ഈ തുക ക്ണ്ടെത്തേണ്ട ബാധ്യത സര്‍ക്കാ റ്ര്ിനുള്ളതാണു. നഷ്ടപരിഹാര തുകയുടേ പരിധി 2200 കോടി രൂപയെന്ന് നിശ്ചയിച്ചതും ജനവിരുദ്ധമാണ്. നഷ് ടത്തിന്റെ വ്യപ്തിയെ പറ്റി അറിയാതെ എങിനെയാണു നഷ്ട പരിഹാര തുക നിശ്ചയിക്കുക.
> ആണവ റിയക്ടര്‍ ഉണ്ടാക്കുന്നത് അമേരിക്ക പണം വാങുന്നതും ലാഭം കൊയ്യുന്നതും അമേരിക്ക , അപകടം ഉണ്ടായാല്‍ മരിക്കുന്നത് ഇന്ത്യക്കാര്‍ ,നഷ്ടപരിഹാരം കൊടുക്കേണ്ടത് ഇന്ത്യക്കാരന്‍ കൊടുക്കുന്ന നികുതി പണത്തില്‍ നിന്ന് , ഇത് എന്തൊരു രാജ്യനീതി.

ആണവ അപകടങ്ങളുടെ വ്യാപ്തിയും ഭീകരതയും പ്രവചനാതീതമാണ്.ചെറിയ ഒരു അശ്രദ്ധപോലും ഒരു പ്രദേശത്തെ മുഴുവന്‍ വിനാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുവാന്‍ മാത്രം വിനാശകരമാണ്. അതിനാല്‍ തന്നെ ആണവനിലയങ്ങള്‍ നിര്‍മ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കമ്പനികള്‍ക്ക് ഉത്തരവാദിത്ത്വത്തില്‍ നിന്നും ഒഴിവാകുവാന്‍ ആകില്ല. എന്നാല്‍ ഈ ഉത്തരവാദിത്വത്തിന്റെ ഭാരം കമ്പനിയില്‍ നിന്നും പരമാവധി ഒഴിവാക്കുന്ന വിധത്തിലും അപകടങ്ങള്‍ സംഭവിച്ചാല്‍ തന്നെ നല്‍കേണ്ട നഷ്ടപരിഹാരം വളരെ പരിമിതപ്പെടുത്തിക്കൊണ്ടും ആണ് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള ബില്‍. ഭോപ്പാല്‍ ദുരന്തവും അതേതുടര്‍ന്നുണ്ടായ ദീര്‍ഘമായ നിയമനടപടികളും നമുക്ക് മുമ്പില്‍ ഉണ്ട്. ഇന്ത്യയില്‍ ആണവനിലയങ്ങള്‍ ആരംഭിക്കുവാന്‍ ഇന്നത്തെ സാഹചര്യത്തില്‍ അമേരിക്കയിലെ സ്വകാര്യകമ്പനികള്‍ ആണ് മുന്നോട്ടുവരിക എന്നതുകൂടെ ഇവിടെ ശ്രദ്ധിക്കെണ്ടതുണ്ട്. ആണവനിലയത്തിന്റെ നിര്‍മ്മിതിയിലോ പ്രവര്‍ത്തനത്തിലോ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് അവരേക്കാള്‍ ഉത്തരവാദിത്വം ഇന്ത്യക്ക് ആകുന്ന വിധത്തില്‍ ക്രമപ്പെടുത്തുന്ന ഈ ബില്ലില്‍ നഷ്ടപരിഹാരത്തിനായി പൌരനു കോടതിയെ സമീപിക്കുവാന്‍ ഉള്ള സ്വാതന്ത്രത്തിനും വിലക്കേര്‍പ്പെടുത്തുന്നുണ്ട്. സ്വന്തം ജനതയേക്കാള്‍ അമേരിക്കന്‍ കുത്തകകളോട് എത്രമാത്രം താല്പര്യവും വിധേയത്വവുമാണ് ഈ ഭരണാധികാരികള്‍ പ്രകടിപ്പിക്കുന്നതെന്ന് ഈ ഒറ്റ കാര്യത്തില്‍ നിന്നും വ്യക്തം.
ലോകകോടീശ്വരപ്പട്ടികയില്‍ അംബാനിമാര്‍ ഇടം‌പിടിക്കുമ്പോളും അനവധി ആളുകള്‍ ഇതേ ഭൂമിയില്‍ ഒരു നേരത്തെ ആഹാരം കഴിക്കുവാന്‍ പോലും വകയില്ലാതെ പിടഞ്ഞുവീണു മരിക്കുന്നു എന്നതും നാം സ്മരിക്കേണ്ടതുണ്ട്. പുത്തന്‍ സാമ്പത്തീകനയങ്ങള്‍ മൂലം കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നു. അവരെ സംബന്ധിച്ചേടത്തോളം ആണവക്കരാറും അതിന്റെ പുറകിലെ ചരടുവലികളും പെട്ടെന്ന് മനസ്സിലായി എന്നുവരില്ല. ജീവിത തത്രപ്പാടില്‍ നെട്ടോട്ടം ഓടുന്ന അവര്‍ക്ക് പ്രതികരിക്കുവാന്‍ ആയി എന്നും വരില്ല. ഈ പഴുതു മുതലെടുത്തുകൊണ്ടാണ് ഭരണവര്‍ഗ്ഗം പലപ്പോഴും തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുന്നത്.അമേരിക്കയ്ക്ക് വിധേയപ്പെടുവാന്‍ സ്വയം നിന്നുകൊടുക്കുന്ന സ്വന്തം ജനതയെ പ്രേരിപ്പിക്കുന്ന ഒരു ഭരണവര്‍ഗ്ഗം ഇന്ത്യന്‍ ജനാധിപത്യത്തിനു ഭൂഷണമാണോ എന്നാണ് ഓരോ രാജ്യസ്നേഹിയുടെയും മനസ്സില്‍ നിന്നും ഉയരേണ്ടത്.
പാര്‍ലിമെന്റില്‍ ഇടതുപക്ഷം ദുര്‍ബലമായതോടെ പ്രതിഷേധങ്ങളുടെ ശക്തികുറഞ്ഞിരിക്കുന്നു. ദാസ്യവേലയുടെ അടയാളപ്പെടുത്തലുകളായിരിക്കും വരാനിരിക്കുന്ന ഓരോ ദിനങ്ങളും. പ്രതികരിക്കുവാനും പ്രതിഷേധിക്കുവാനും ഉള്ള സ്വാതന്ത്ര്യം നാം പ്രയോജനപ്പെടുത്തിയേ പറ്റൂ‍. സ്വാതന്ത്ര്യം നേടിത്തരുവാന്‍ ജീവന്‍ ബലികൊടുത്തവര്‍ക്കും വരാന്‍ ഇരിക്കുന്ന തലമുറക്കും വേണ്ടി സ്വന്തം നാടിന്റെ സ്വാതന്ത്രം കാക്കുവാന്‍ വേണ്ടി.
നാരായണന്‍ വെളിയംകോട്
kunneth@gmail.com

No comments: