Friday, March 19, 2010

പോരാട്ടം: പാര്‍ലമെന്റിന് അകത്തും പുറത്തും


പോരാട്ടം: പാര്‍ലമെന്റിന് അകത്തും പുറത്തും.
പ്രകാശ് കാരാട്ട്.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിനുശേഷം ലോക്സഭ ഇടവേളയിലേക്ക് നീങ്ങി. മൂന്നാഴ്ച നീണ്ടുനിന്ന സമ്മേളനം രാജ്യത്തെ രാഷ്ട്രീയരംഗത്തെക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ നല്‍കി. കഴിഞ്ഞവര്‍ഷം, കോഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും അവര്‍ക്ക് ഭൂരിപക്ഷം നേടാനായില്ല. യുപിഎയ്ക്ക് 262 സീറ്റ് മാത്രമാണ് ലഭിച്ചത്. എസ്പി, ആര്‍ജെഡി, ബിഎസ്പി, ജനതാദള്‍ എസ് എന്നിവപോലുള്ള ഏതാനും പാര്‍ടികള്‍ പിന്തുണ പ്രഖ്യാപിച്ചതിനാല്‍ യുപിഎയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനായി. കോഗ്രസ് അങ്ങോട്ട് ആവശ്യപ്പെടാതെയാണ് ഈ പാര്‍ടികള്‍ പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ, കോഗ്രസ് മുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത് തങ്ങളുടെ നയസമീപനങ്ങള്‍ക്ക് വന്‍പിന്തുണ കിട്ടിയെന്ന മട്ടിലാണ്. സഖ്യത്തിന്റെ ദൌര്‍ബല്യവും പുറത്തുനിന്നുള്ള പിന്തുണയും അവര്‍ തിരിച്ചറിഞ്ഞില്ല. പത്തുമാസത്തിനുശേഷം ഈ സംവിധാനം തകര്‍ന്നിരിക്കുന്നു. വ്യാമോഹങ്ങളില്‍നിന്ന് ആദ്യം മോചനം നേടിയത് എസ്പിയാണ്. ഇന്ത്യ-അമേരിക്ക ആണവകരാറിനോടുള്ള നിലപാടിന്റെ കാര്യത്തില്‍ മുലായം മലക്കംമറിഞ്ഞപ്പോള്‍ ആരംഭിച്ച എസ്പി-കോഗ്രസ് അവസരവാദ സഖ്യം ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഉലഞ്ഞിരുന്നു. തന്റെ പാര്‍ടി കോഗ്രസിന് പിന്തുണ നല്‍കിയതില്‍ മുലായം അന്നേ പരസ്യമായി ഖേദം പ്രകടിപ്പിച്ചു. യുപിഎയിലെ മറ്റൊരു വിശ്വസ്ത കൂട്ടാളിയായ ആര്‍ജെഡിയും തെരഞ്ഞെടുപ്പിനുശേഷം അപമാനവും നിന്ദയും നേരിട്ടു. ലാലുപ്രസാദ് യാദവിനെക്കൊണ്ടുള്ള ഉപയോഗം കഴിഞ്ഞു. ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും അഭൂതപൂര്‍വ വിലക്കയറ്റം യുപിഎ സര്‍ക്കാരിന്റെ പിടിപ്പുകേടും നിരുത്തരവാദിത്തവും വെളിച്ചത്തുകൊണ്ടുവന്നു. രാജ്യാന്തരവിലയും കര്‍ഷകര്‍ക്ക് ഉയര്‍ന്നവില നല്‍കിയതുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് സര്‍ക്കാര്‍ ആദ്യം പറഞ്ഞു; സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേടിനെയും ഭക്ഷ്യഉപഭോഗം വര്‍ധിച്ചുവരുന്നതിനെയും പഴിചാരി. കേന്ദ്രസര്‍ക്കാര്‍ ഹൃദയശൂന്യമായ നിലപാട് എടുക്കുമ്പോള്‍, പ്രതിപക്ഷം ഈ പ്രശ്നം പാര്‍ലമെന്റില്‍ ശക്തമായി ഉയര്‍ത്തുക സ്വാഭാവികം. അതാണ് ഈ സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭയിലും ഉണ്ടായത്. സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന എല്ലാ പാര്‍ടികളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. കിറിത് പരീഖ് സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ സര്‍ക്കാരിനുള്ളിലെ സഖ്യകക്ഷികള്‍ തടസ്സംനിന്നു. ഡിഎംകെയും തൃണമൂല്‍ കോഗ്രസും എതിര്‍പ്പ് പ്രകടിപ്പിച്ചു. വിലവര്‍ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭ മാറ്റിവച്ചെങ്കിലും കോഗ്രസ് തക്കം പാര്‍ത്തിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിത്തീരുവയും എക്സൈസ് തീരുവയും വര്‍ധിപ്പിക്കാനുള്ള അവസരമായി കേന്ദ്രബജറ്റിനെ ഉപയോഗിച്ചു. ബജറ്റ് പ്രസംഗത്തിലെ ഈ നിര്‍ദേശത്തിനെതിരെ അപ്പോള്‍ത്തന്നെ പ്രതിഷേധം ഉയര്‍ന്നു, പ്രതിപക്ഷകക്ഷികളാകെ ഇറങ്ങിപ്പോയി. വനിതാസംവരണ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് പാസാക്കിയതു മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുണകരമായ ഏകനടപടി. ഇടതുപക്ഷ പാര്‍ടികളും ബിജെപിയും പ്രതിപക്ഷത്തെ ചില പ്രമുഖ പ്രാദേശികകക്ഷികളും ഉറച്ച പിന്തുണ നല്‍കിയതുകൊണ്ടാണ് ഇതുതന്നെ സാധ്യമായത്. എന്നാല്‍, ഈ ബില്‍ അതിനെ എതിര്‍ക്കുന്ന എസ്പിയെയും ആര്‍ജെഡിയെയും കൂടുതല്‍ വിറളിപിടിപ്പിച്ചു. സിപിഐ എമ്മും മറ്റു ഇടതുപക്ഷ പാര്‍ടികളും വനിതാസംവരണ ബില്ലിന്റെ കാര്യത്തില്‍ ചാഞ്ചല്യമില്ലാത്ത പിന്തുണയാണ് നല്‍കുന്നത്. നവഉദാരവല്‍ക്കരണ നയങ്ങളെയും സര്‍ക്കാരിന്റെ അമേരിക്കന്‍ അനുകൂല നയങ്ങളെയും ഇതോടൊപ്പം വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുകയുംചെയ്യുന്നു. കോര്‍പറേറ്റ് അനുകൂല, സ്വകാര്യവല്‍ക്കരണ അജന്‍ഡ മുന്നോട്ടുകൊണ്ടുപോകാനും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുമായി മറ്റൊരു കൂട്ടം നിയമനിര്‍മാണങ്ങള്‍ നടത്താനും യുപിഎ സര്‍ക്കാര്‍ ആസൂത്രണം നടത്തുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ സര്‍ക്കാര്‍ ഓഹരിവിഹിതം 55ല്‍നിന്ന് 51 ശതമാനമായി കുറയ്ക്കാനുള്ളതാണ് ഇതില്‍ ഒരു നിയമനിര്‍മാണം. മറ്റൊന്ന്, വിദേശവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ത്യയിലെ 'വിദ്യാഭ്യാസ കമ്പോളത്തില്‍' പ്രവേശനത്തിന് അനുമതി നല്‍കാനുള്ളതാണ്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ 40,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കാനുള്ള ബജറ്റ് നിര്‍ദേശത്തിന് പുറമെയാണ് ഈ നടപടികള്‍. ഇടതുപക്ഷത്തിനുമാത്രം എതിര്‍പ്പുള്ള നടപടികളല്ല കോഗ്രസ് മുന്നണി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്, മറ്റ് മതനിരപേക്ഷ പ്രതിപക്ഷപാര്‍ടികള്‍ക്കും ഇവയോട് ഒട്ടും യോജിപ്പില്ല. വളം സബ്സിഡിയില്‍ 3,000 കോടി രൂപ വെട്ടിക്കുറച്ചതിനെ ഇടതുപക്ഷം മാത്രമല്ല എതിര്‍ക്കുന്നത്, എസ്പി, ജനതാദള്‍ എസ് തുടങ്ങിയ മുന്‍കാല പിന്തുണക്കാരും എതിര്‍ക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് 80,000 കോടി രൂപയുടെ നികുതിയിളവുകള്‍ നല്‍കിയപ്പോള്‍ത്തന്നെയാണ് ഭക്ഷ്യ, വളം സബ്സിഡികള്‍ വെട്ടിക്കുറച്ചതെന്ന കാര്യം ആരും ശ്രദ്ധിക്കുന്നില്ലെന്ന് കരുതരുത്. യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയ ഒരു പാര്‍ടിക്കും ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ല, അല്ലെങ്കില്‍ അവ സ്വന്തം ബഹുജനാടിത്തറ വേണ്ടെന്നുവയ്ക്കണം. ജനവികാരം കോഗ്രസ് മുന്നണി സര്‍ക്കാര്‍ തെല്ലും വകവയ്ക്കുന്നില്ലെന്നതിന് മറ്റൊരു തെളിവാണ് സിവില്‍ ആണവ ബാധ്യത ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ അവര്‍ ശ്രമിച്ച മാര്‍ഗം. ആണവദുരന്തം ഉണ്ടാകുന്നപക്ഷം ജനങ്ങളുടെ ജീവനും സുരക്ഷയുമായി ബന്ധപ്പെട്ടതാണ് ഈ ബില്‍. പതിനായിരം മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ ആണവറിയാക്ടറുകള്‍ അമേരിക്കയില്‍നിന്ന് വാങ്ങാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ബില്‍. ആണവഅപകടം ഉണ്ടായാല്‍ റിയാക്ടറുകള്‍ നല്‍കുന്ന അമേരിക്കന്‍ കമ്പനികളെ അതിന്റെ ബാധ്യതയില്‍നിന്ന് ഒഴിവാക്കാനും ഇതിന്റെ ഭാരം മുഴുവന്‍ കേന്ദ്രസര്‍ക്കാരിന്റെയും രാജ്യത്തെ നികുതിദായകരുടെയും മേല്‍ ചുമത്താനും വ്യവസ്ഥചെയ്യുകയാണ് ഈ ബില്ലിന്റെ പ്രധാനലക്ഷ്യം. ആണവ അപകടം ഉണ്ടാകുന്നപക്ഷം മതിയായ നഷ്ടപരിഹാരവും വൈദ്യസഹായവും പരിസ്ഥിതി ശുചിത്വവും അവകാശപ്പെടാനുള്ള ഇന്ത്യന്‍ പൌരന്റെ അടിസ്ഥാന അവകാശം നിഷേധിക്കുന്നതാണ് ഈ ബില്‍. എന്നിട്ടും ഒരു മനഃസാക്ഷിക്കുത്തുമില്ലാതെയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവരുന്നത്. പ്രതിപക്ഷത്തെ എല്ലാ വിഭാഗങ്ങളില്‍നിന്നുമുള്ള എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ഈ ബില്‍ അവതരിപ്പിക്കാന്‍ കഴിയാതെ പിന്‍വാങ്ങേണ്ടിവന്നത് യുപിഎ സര്‍ക്കാര്‍ എത്രത്തോളം ഒറ്റപ്പെട്ടുവെന്ന് വ്യക്തമാക്കുന്നു. ഇക്കാലത്ത് പ്രകടമായ മറ്റൊരു പ്രതിഭാസം, സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കൈയടക്കാനുള്ള കേന്ദ്രത്തിന്റെ വ്യഗ്രതയാണ്. വിദ്യാഭ്യാസരംഗത്ത് സംസ്ഥാനങ്ങളുടെ പങ്ക് അവഗണിക്കുന്ന തരത്തില്‍ മാനവവിഭവശേഷി വികസനമന്ത്രി ഓരോദിവസവും സ്കൂള്‍, ഉന്നതവിദ്യാഭ്യാസമേഖലകളെക്കുറിച്ച് പലതരം പ്രഖ്യാപനങ്ങള്‍ നടത്തുന്നു. ഉന്നതവിദ്യാഭ്യാസമേഖലയ്ക്കു വേണ്ടിയുള്ള നിര്‍ദിഷ്ട ദേശീയകമീഷന്‍ ഈ മേഖലയില്‍ സംസ്ഥാനത്തിന്റെ പങ്ക് ഗണ്യമായി ഇല്ലാതാക്കുന്നതിനു പുറമെ, ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയുംചെയ്യും. വിദ്യാഭ്യാസം നേടാനുള്ള അവകാശം എന്ന നിയമം നടപ്പാക്കാന്‍ സാമ്പത്തികസഹായമൊന്നും നല്‍കാതെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിരന്തരം നിര്‍ദേശം നല്‍കുന്നു. സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനമേഖലയിലുള്ള നിരന്തര കടന്നുകയറ്റവും വിഭവങ്ങള്‍ക്കുമേലുള്ള സാമ്പത്തിക കടന്നാക്രമണവും വരുംനാളുകളില്‍ ശക്തമാകും, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ കൂടുതല്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാവുകയും ചെയ്യും. സര്‍ക്കാരിന്റെ വിനാശകരമായ നിയമനിര്‍മാണങ്ങള്‍, വിലക്കയറ്റ പ്രശ്നം, കാര്‍ഷികപ്രതിസന്ധി, ബജറ്റ് നിര്‍ദേശങ്ങളില്‍ പ്രകടമായ സര്‍ക്കാരിന്റെ പക്ഷപാതപരമായ മുന്‍ഗണനകള്‍ എന്നിവയ്ക്കെതിരെ കൂടുതല്‍ ശക്തമായ പോരാട്ടം ഇടവേളയ്ക്ക്ശേഷം എംപിമാര്‍ മടങ്ങിയെത്തുമ്പോള്‍ ഉ ണ്ടാകും. പെട്രോള്‍, ഡീസല്‍ തീരുവകളില്‍ വരുത്തിയ വര്‍ധന പിന്‍വലിപ്പിക്കാന്‍ എങ്ങനെ സാധിക്കുമെന്നതാണ് ഒരു പ്രധാന പ്രശ്നം. വന്‍കിടക്കാരെ പ്രീണിപ്പിക്കുന്ന യുപിഎ സര്‍ക്കാര്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിനെതിരെ രാജ്യത്ത് ഉയരുന്ന ജനരോഷത്തിന്റെ പ്രതിഫലനം മാത്രമാണ് പാര്‍ലമെന്റില്‍ ഉണ്ടാകുന്നത്. പ്രയാസകരമായ സാഹചര്യങ്ങള്‍ പ്രച്ഛന്നരൂപത്തില്‍ മറികടക്കാനുള്ള കോഗ്രസിന്റെ സാമര്‍ഥ്യം എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. വഴിപിരിഞ്ഞ ചില നേതാക്കളെയും പാര്‍ടികളെയും നിര്‍വീര്യമാക്കാനും പ്രീണിപ്പിക്കാനും അവര്‍ എല്ലാ വിഭവങ്ങളും അധികാരവും പ്രയോജനപ്പെടുത്തും. ഇക്കാര്യത്തിനായി അവര്‍ സിബിഐയെപ്പോലും ഉപകരണമാക്കാന്‍ തയ്യാറാകും. എന്നാല്‍, ഇതെല്ലാം താല്‍ക്കാലിക ഫലം മാത്രമേ ചെയ്യൂ. നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളോടും അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തോടും കൂടിച്ചേര്‍ന്നു നില്‍ക്കുന്ന യുപിഎ സര്‍ക്കാര്‍ ഉടന്‍ തന്നെ ഉപായത്തില്‍ പിന്‍വാങ്ങാന്‍ ഇടം കണ്ടെത്തും. സിപിഐ എമ്മിനെ സംബന്ധിച്ച് പാര്‍ലമെന്റിലെ പോരാട്ടം കോഗ്രസ് മുന്നണി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തിരുത്തിക്കാനുള്ള വിശാലമായ സമരത്തിന്റെ ഭാഗമാണ്. പാര്‍ലമെന്റിനുള്ളിലെ പോരാട്ടം സര്‍ക്കാരിനെ അട്ടിമറിക്കാനായി ആസൂത്രണം ചെയ്തതല്ല. ഭരണകക്ഷിയെ ഒറ്റപ്പെടുത്താനും ജനവിരുദ്ധ നയങ്ങള്‍ തിരുത്തിക്കാനുമുള്ള രാഷ്ട്രീയപോരാട്ടത്തിന്റെ ഭാഗമാണിത്. വിലക്കയറ്റം തടയുക, പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിരന്തര പോരാട്ടത്തിലാണ് ഇടതുപക്ഷം. അഞ്ചുമാസമായി സംസ്ഥാനങ്ങളില്‍ നടത്തിവന്ന കവന്‍ഷനുകളുടെയും റാലികളുടെയും പരിണതിയായിരുന്നു മാര്‍ച്ച് 12ന്റെ ഡല്‍ഹിറാലി. അടുത്ത ഘട്ടമായി ഏപ്രില്‍ എട്ടിന് നടക്കുന്ന ഉപരോധസമരത്തില്‍ 25 ലക്ഷം പേര്‍ പങ്കെടുത്ത് അറസ്റ് വരിക്കും. തൊഴിലാളിവര്‍ഗത്തിന്റെ അടിയന്തരാവശ്യങ്ങള്‍ ഉന്നയിച്ച് അഞ്ച് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തിയ സംയുക്തപ്രക്ഷോഭത്തിനും പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനം സാക്ഷ്യംവഹിച്ചു. മാര്‍ച്ച് അഞ്ചിന് പതിനായിരക്കണക്കിന് തൊഴിലാളികള്‍ രാജ്യവ്യാപകമായി അറസ്റ് വരിച്ചു. ഇത്തരം പോരാട്ടങ്ങളും പണിമുടക്കുകളും വരുംനാളുകളില്‍ ശക്തമാകും. ഇത് ബദല്‍ നയങ്ങള്‍ക്കുവേണ്ടി പോരാടുന്ന ജനാധിപത്യ, മതനിരപേക്ഷ, ഇടതുപക്ഷ ശക്തികളുടെ ഏകീകരണത്തിന് പാത തുറക്കും.

1 comment:

ജനശബ്ദം said...

പോരാട്ടം: പാര്‍ലമെന്റിന് അകത്തും പുറത്തും.
പ്രകാശ് കാരാട്ട്..
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിനുശേഷം ലോക്സഭ ഇടവേളയിലേക്ക് നീങ്ങി. മൂന്നാഴ്ച നീണ്ടുനിന്ന സമ്മേളനം രാജ്യത്തെ രാഷ്ട്രീയരംഗത്തെക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ നല്‍കി. കഴിഞ്ഞവര്‍ഷം, കോഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും അവര്‍ക്ക് ഭൂരിപക്ഷം നേടാനായില്ല. യുപിഎയ്ക്ക് 262 സീറ്റ് മാത്രമാണ് ലഭിച്ചത്. എസ്പി, ആര്‍ജെഡി, ബിഎസ്പി, ജനതാദള്‍ എസ് എന്നിവപോലുള്ള ഏതാനും പാര്‍ടികള്‍ പിന്തുണ പ്രഖ്യാപിച്ചതിനാല്‍ യുപിഎയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനായി. കോഗ്രസ് അങ്ങോട്ട് ആവശ്യപ്പെടാതെയാണ് ഈ പാര്‍ടികള്‍ പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ, കോഗ്രസ് മുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത് തങ്ങളുടെ നയസമീപനങ്ങള്‍ക്ക് വന്‍പിന്തുണ കിട്ടിയെന്ന മട്ടിലാണ്. സഖ്യത്തിന്റെ ദൌര്‍ബല്യവും പുറത്തുനിന്നുള്ള പിന്തുണയും അവര്‍ തിരിച്ചറിഞ്ഞില്ല. പത്തുമാസത്തിനുശേഷം ഈ സംവിധാനം തകര്‍ന്നിരിക്കുന്നു. വ്യാമോഹങ്ങളില്‍നിന്ന് ആദ്യം മോചനം നേടിയത് എസ്പിയാണ്. ഇന്ത്യ-അമേരിക്ക ആണവകരാറിനോടുള്ള നിലപാടിന്റെ കാര്യത്തില്‍ മുലായം മലക്കംമറിഞ്ഞപ്പോള്‍ ആരംഭിച്ച എസ്പി-കോഗ്രസ് അവസരവാദ സഖ്യം ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഉലഞ്ഞിരുന്നു. തന്റെ പാര്‍ടി കോഗ്രസിന് പിന്തുണ നല്‍കിയതില്‍ മുലായം അന്നേ പരസ്യമായി ഖേദം പ്രകടിപ്പിച്ചു. യുപിഎയിലെ മറ്റൊരു വിശ്വസ്ത കൂട്ടാളിയായ ആര്‍ജെഡിയും തെരഞ്ഞെടുപ്പിനുശേഷം അപമാനവും നിന്ദയും നേരിട്ടു. ലാലുപ്രസാദ് യാദവിനെക്കൊണ്ടുള്ള ഉപയോഗം കഴിഞ്ഞു. ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും അഭൂതപൂര്‍വ വിലക്കയറ്റം യുപിഎ സര്‍ക്കാരിന്റെ പിടിപ്പുകേടും നിരുത്തരവാദിത്തവും വെളിച്ചത്തുകൊണ്ടുവന്നു. രാജ്യാന്തരവിലയും കര്‍ഷകര്‍ക്ക് ഉയര്‍ന്നവില നല്‍കിയതുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് സര്‍ക്കാര്‍ ആദ്യം പറഞ്ഞു; സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേടിനെയും ഭക്ഷ്യഉപഭോഗം വര്‍ധിച്ചുവരുന്നതിനെയും പഴിചാരി. കേന്ദ്രസര്‍ക്കാര്‍ ഹൃദയശൂന്യമായ നിലപാട് എടുക്കുമ്പോള്‍, പ്രതിപക്ഷം ഈ പ്രശ്നം പാര്‍ലമെന്റില്‍ ശക്തമായി ഉയര്‍ത്തുക സ്വാഭാവികം.