Tuesday, December 29, 2009

തീവ്രവാദത്തെ നേരിടേണ്ടത് ഇങ്ങനെയോ?

തീവ്രവാദത്തെ നേരിടേണ്ടത് ഇങ്ങനെയോ?

തീവ്രവാദത്തിന്റെ ഭീഷണി രാജ്യത്തിനുമുന്നിലെ വലിയ വെല്ലുവിളിയാണിന്ന്. രാജ്യത്തിന്റെ കെട്ടുറപ്പ് ആഗ്രഹിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കേണ്ടതാണത്. ഏതെങ്കിലും വിഭാഗീയമോ ഒറ്റപ്പെട്ടതോ പക്ഷപാതപരമോ ആയ നടപടികള്‍ തീവ്രവാദത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. കളമശേരി ബസ് കത്തിക്കല്‍ കേസും കശ്മീരിലേക്ക് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഏകപക്ഷീയമായ ഉത്തരവ് അത്തരമൊരു നീക്കമാണെന്ന് പറയാതെവയ്യ. സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെയാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളെ അറിയിച്ചുമാത്രമേ കേസുകള്‍ ഏറ്റെടുക്കൂ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനം അദ്ദേഹത്തിന്റെ മന്ത്രാലയംതന്നെ കാറ്റില്‍ പറത്തിയിരിക്കുന്നു. കേസ് ഏറ്റെടുത്ത കാര്യം ഇതുവരെ സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് സംസ്ഥാന ആഭ്യന്തരമന്ത്രിപോലും വിവരം അറിഞ്ഞത്. ഇതില്‍ സംസ്ഥാന സര്‍ക്കാരിനുള്ള അതൃപ്തി സംസ്ഥാന ആഭ്യന്തരമന്ത്രി പ്രകടിപ്പിച്ചത് മുഖവിലയ്ക്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറായില്ലെന്നത് പ്രതിഷേധാര്‍ഹമാണ്. തിങ്കളാഴ്ച രണ്ടു കേസ്കൂടി എന്‍ഐഎ ഏറ്റെടുത്തതും സംസ്ഥാനത്തെ അറിയിക്കാതെയാണ്. ഫെഡറല്‍ സംവിധാനത്തിന്റെ മാത്രമല്ല, സാമാന്യമര്യാദയുടെകൂടി ലംഘനമാണ് ഈ നടപടികളില്‍ കാണാനാകുന്നത്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ കേരളത്തിലും കടന്നുവന്നിരിക്കുന്നു എന്ന ആശങ്കാജനകമായ യാഥാര്‍ഥ്യത്തിലേയ്ക്ക് വിരല്‍ ചൂണ്ടിക്കൊണ്ടാണ് ചില കേസുകളുടെ അന്വേഷണം പരിണാമഗുപ്തിയിലെത്തുന്നത്. ഈ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിവുകളുള്ള കേസുകള്‍ ഏത് സംസ്ഥാനത്തെയായാലും ദേശീയ അന്വേഷണ ഏജന്‍സിക്ക് അന്വേഷിക്കാവുന്നതാണ്. എന്‍ഐഎ കേസുകള്‍ അന്വേഷിക്കുന്നതിനെ കേരള സര്‍ക്കാര്‍ ഒരിക്കലും എതിര്‍ത്തിട്ടില്ല. എന്നുമാത്രമല്ല കോഴിക്കോട് ഇരട്ട സ്ഫോടനക്കേസുകള്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതുതന്നെ സംസ്ഥാന സര്‍ക്കാരാണ്. എന്‍ഐഎയുടെ അന്വേഷണങ്ങള്‍ക്കെല്ലാം പൂര്‍ണ സഹകരണമാണ് സംസ്ഥാന പൊലീസ് നല്‍കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഒരു ജനാധിപത്യ ഭരണക്രമത്തില്‍ പ്രവര്‍ത്തിക്കുന്ന ഏത് ഏജന്‍സിയും ഭരണഘടനയെയും ജനാധിപത്യ നടപടിക്രമങ്ങളെയും മാനിക്കേണ്ടതുണ്ട്. സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസുകളില്‍ കൂടുതല്‍ തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അവ സംസ്ഥാന ഗവമെന്റുമായി പങ്കുവയ്ക്കുകയും പരസ്പരധാരണയില്‍ കേസുകള്‍ ഏറ്റെടുക്കുകയുമാണ് വേണ്ടത്. 2009നുശേഷമുള്ള കേസുകള്‍ എന്‍ഐഎയ്ക്ക് നേരിട്ട് ഏറ്റെടുക്കാം. എന്നാല്‍, അതിനുമുമ്പുള്ളവ സംസ്ഥാനവുമായി ആലോചിച്ച് മാത്രമേ ഏറ്റെടുക്കാവൂ എന്നാണ് ധാരണ. ഈ ധാരണയും ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. എന്‍ഐഎ കേസേറ്റെടുത്ത വിവരം സംസ്ഥാന സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്ന് അറിയേണ്ടിവരുന്നു എന്ന സ്ഥിതിവിശേഷം അപകടകരമാണ്. ജനാധിപത്യരാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ക്ക് ഏകാധിപത്യത്തിന്റെ ശീലങ്ങള്‍ ഭൂഷണമല്ല. 2008ല്‍ എന്‍ഐഎ ആക്ട് പാര്‍ലമെന്റ് ഏകകണ്ഠമായി പാസാക്കുമ്പോള്‍ത്തന്നെ ഇത് ഫെഡറലിസത്തിനുമേലുള്ള ഇടപെടലാണോ എന്ന സംശയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടിരുന്നു. ഈ സംശയങ്ങള്‍ പരിഗണനയില്‍ എടുത്തുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തുമെന്ന് പാര്‍ലമെന്റില്‍ ഉറപ്പുനല്‍കിയത്. തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് കേരള പൊലീസിന് എന്തെങ്കിലും വീഴ്ച സംഭവിച്ചതായി കേന്ദ്ര ഏജന്‍സികളോ കോടതിയോ ഒന്നും ഇതുവരെ ചൂണ്ടിക്കാണിച്ചിട്ടില്ല. എന്നുമാത്രമല്ല ദുര്‍ബലമായ സൂചനകളില്‍നിന്നുപോലും കൃത്യമായ നിഗമനങ്ങളില്‍ എത്താനും തീവ്രവാദശക്തികളെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും ഏറ്റവും ബുദ്ധിപരമായ നീക്കങ്ങള്‍ നടത്തിയത് കേരള പൊലീസാണെന്ന് അടുത്തകാലത്ത് ശ്രദ്ധയില്‍ വന്ന പല കേസുകളും തെളിയിക്കുന്നു. ഒരു വ്യാജ ഐഡന്റിറ്റി കാര്‍ഡില്‍നിന്നാണ് കശ്മീരില്‍ തീവ്രവാദപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരെ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ കേരള പൊലീസ് കണ്ടെത്തിയത്. തടിയന്റവിട നസീര്‍ എന്ന ലഷ്കര്‍ നേതാവ് ബംഗ്ളാദേശിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടെന്ന വിവരം അയാള്‍ ഉപയോഗിക്കുന്ന ടെലിഫോ നമ്പര്‍ അടക്കം കേന്ദ്ര ഏജന്‍സികളെ അറിയിച്ചതും കേരള ഇന്റലിജന്‍സാണ്. ഇപ്പോള്‍ എന്‍ഐഎ ഏറ്റെടുത്തിരിക്കുന്ന രണ്ട് കേസുകളും കേരള പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചവയാണ്. തടിയന്റവിട നസീറും സര്‍ഫ്രാസ് നവാസും ആസൂത്രണം ചെയ്തതായി വെളിപ്പെടുന്ന ബംഗളൂരു സ്ഫോടനക്കേസ് ഏറ്റെടുക്കാന്‍ എന്‍ഐഎ ഇതുവരെ തയ്യാറായിട്ടില്ല. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ജയ്പുര്‍, സൂറത്ത് തുടങ്ങി വന്‍ സ്ഫോടന കേസുകളും അവര്‍ ഏറ്റെടുത്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ കേസുകളോട് കാണിക്കുന്ന അമിതമായ താല്‍പ്പര്യം സംശയത്തിന്റെ നിഴലിലാകുന്നത്. കേരളത്തിലെ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ആരംഭം ഒരുപക്ഷേ, മാറാട് കലാപമായിരിക്കും. ഈ കാലാപത്തിനുപിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് സംഭവം സംബന്ധിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മൂന്നുതവണ ആവശ്യപ്പെട്ടിട്ടും ഈ കേസ് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ താല്‍പ്പര്യം കാണിച്ചില്ല. തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ ആത്മാര്‍ഥത ചോദ്യംചെയ്യപ്പെടുന്നതും ഈ പശ്ചാത്തലത്തിലാണ്.

1 comment:

ജനശബ്ദം said...

തീവ്രവാദത്തെ നേരിടേണ്ടത് ഇങ്ങനെയോ?

തീവ്രവാദത്തിന്റെ ഭീഷണി രാജ്യത്തിനുമുന്നിലെ വലിയ വെല്ലുവിളിയാണിന്ന്. രാജ്യത്തിന്റെ കെട്ടുറപ്പ് ആഗ്രഹിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കേണ്ടതാണത്. ഏതെങ്കിലും വിഭാഗീയമോ ഒറ്റപ്പെട്ടതോ പക്ഷപാതപരമോ ആയ നടപടികള്‍ തീവ്രവാദത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. കളമശേരി ബസ് കത്തിക്കല്‍ കേസും കശ്മീരിലേക്ക് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഏകപക്ഷീയമായ ഉത്തരവ് അത്തരമൊരു നീക്കമാണെന്ന് പറയാതെവയ്യ. സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെയാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളെ അറിയിച്ചുമാത്രമേ കേസുകള്‍ ഏറ്റെടുക്കൂ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനം അദ്ദേഹത്തിന്റെ മന്ത്രാലയംതന്നെ കാറ്റില്‍ പറത്തിയിരിക്കുന്നു. കേസ് ഏറ്റെടുത്ത കാര്യം ഇതുവരെ സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് സംസ്ഥാന ആഭ്യന്തരമന്ത്രിപോലും വിവരം അറിഞ്ഞത്. ഇതില്‍ സംസ്ഥാന സര്‍ക്കാരിനുള്ള അതൃപ്തി സംസ്ഥാന ആഭ്യന്തരമന്ത്രി പ്രകടിപ്പിച്ചത് മുഖവിലയ്ക്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറായില്ലെന്നത് പ്രതിഷേധാര്‍ഹമാണ്.