Wednesday, December 2, 2009

'ഗള്‍ഫ് മലയാളിയുടെ നഷ്ടങ്ങള്‍ രേഖപ്പെടുത്താതെ പോകുന്നു'


'ഗള്‍ഫ് മലയാളിയുടെ നഷ്ടങ്ങള്‍ രേഖപ്പെടുത്താതെ പോകുന്നു'

മനാമ: കേരളത്തിലെ നവോത്ഥാനപ്രസ്ഥാനത്തിന് സമാനമായി മലയാളിയുടെ ഗള്‍ഫ് ജീവിതമുണ്ടാക്കിയ സാമ്പത്തിക നവോത്ഥാനത്തിന്റെ ആഘാതങ്ങളെക്കുറിച്ച് ഗൌരവകരമായ പഠനമുണ്ടാകണമെന്ന് പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. കേരളീയ ഭൂപ്രകൃതി മുതല്‍ മലയാളിയുടെ സമീപനരീതികളില്‍ വരെ 'ഗള്‍ഫ് ജീവിതം' നടത്തിയ ഇടപെടല്‍ രേഖപ്പെടുത്താത്ത സംഘര്‍ഷങ്ങളായി അവശേഷിക്കുകയാണെന്ന് 'ഗള്‍ഫ് മാധ്യമ'വുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സാമ്പത്തിക അഭയാര്‍ഥികളുടെ ശരീര വില്‍പനകേന്ദ്രമാണ് ഗള്‍ഫ്. 25 വര്‍ഷം ഗള്‍ഫില്‍ ജീവിക്കുന്ന ഒരു മലയാളിക്ക് മൂന്ന് ജീവിതഘട്ടങ്ങളുണ്ട്. ആദ്യ 10 വര്‍ഷത്തിനുള്ളില്‍ അയാള്‍ ജോലി, വിവാഹം, വീട്, കുടുംബബാധ്യതകള്‍ തുടങ്ങിയ അതിജീവനത്തിന്റെ ഘട്ടത്തിലാണ്. ഇതുകഴിഞ്ഞാല്‍, 'ഞാനെവിടെ' എന്ന ചോദ്യം അലട്ടിതുടങ്ങും. പണമുണ്ട്, പക്ഷേ ഞാനില്ല എന്ന അസ്തിത്വ പ്രശ്നം വേട്ടയാടും. ഈ പ്രതിസന്ധിഘട്ടത്തില്‍ മതവും രാഷ്ട്രീയവും മുതല്‍ പ്രാദേശിക കൂട്ടായ്മകള്‍ വരെ ഒരായിരം വാതിലുകള്‍ അയാള്‍ക്കുമുന്നില്‍ തുറന്നിടും. ഇവയെ തന്റെ സ്വത്വ^ അധികാര പ്രവേശത്തിനുള്ള ഉപാധികളായി അയാള്‍ സ്വീകരിക്കുന്നു. സാമൂഹിക അസ്തിത്വം വീണ്ടെടുക്കാനുള്ള ഈ ശ്രമത്തില്‍ അയാള്‍ ഈ ചെറിയ ലോകത്തെ കോമാളിയായിത്തീരുന്നു.
തിരിച്ചുപോകാന്‍ തയാറെടുക്കുന്ന അവസാന കാലമാണ് ഏറ്റവും ദാരുണമായ ഘട്ടം. 25 വര്‍ഷം മുമ്പുള്ള ഓര്‍മയും ഭാവുകത്വവും കാലവും അയാളില്‍ സ്തംഭിച്ചുനില്‍ക്കുകയായിരിക്കും. അടിമുടി മാറിപ്പോയ കേരളത്തിലേക്ക് 1985ലെ ധാരണകള്‍ വച്ചുപുലര്‍ത്തുന്ന ഒരു വിഢിയായി അയാള്‍ മടങ്ങുന്നു. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ ഗൃഹനാഥന്മാര്‍ വീണ്ടും തിരിച്ചുപോയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന എത്രയോ കുടുംബങ്ങള്‍ കേരളത്തിലുണ്ട്. ഗള്‍ഫില്‍ ലില്ലിപ്പുട്ടിന്റെയും നാട്ടില്‍ റിപ്വാന്‍ വിങ്കിളിന്റുെം ജീവിതമാണ് അയാളുടേത്. തിരിച്ചെത്തിയ ഗള്‍ഫുകാരന്‍ സാമ്പത്തികമടക്കമുള്ള കൊള്ളകള്‍ക്ക് ഇരയാകുന്നു. പ്രവാസജീവിതത്തിന്റെ ശാരീരികവും ജൈവികവും മാനസികവുമായ ഇത്തരം നഷ്ടങ്ങളെപ്പറ്റിയാണ് യഥാര്‍ഥ പഠനമുണ്ടാകേണ്ടതെന്ന് ശിഹാബുദ്ദീന്‍ പറഞ്ഞു.
ഗള്‍ഫില്‍ പാഴാക്കുന്ന വര്‍ഷങ്ങള്‍ പിന്നീടൊരിക്കലും 'റഫര്‍' ചെയ്യാന്‍ കഴിയാത്തവിധം നഷ്ടമാകുന്നു. രേഖകളിലില്ലാത്ത, അലങ്കരിക്കപ്പെട്ട അഭയാര്‍ഥികളായി അവര്‍ ഒടുങ്ങുന്നു. 15 വര്‍ഷം മുമ്പ് ഇവിടെയെത്തിയ ഒരാളെ കാണുമ്പോള്‍, ഇയാള്‍ മരിച്ചുപോയ ഒരാളല്ലേ എന്ന് തോന്നും. ഇത്തരം ഭ്രമകല്‍പ്പനകള്‍ ജീവിതത്തെ അയഥാര്‍ഥമാക്കുന്നു. ഇതാണ് പ്രവാസി എഴുത്തുകാരന്റെയും പ്രതിസന്ധി. ഇവിടെ ജീവിച്ച 25 വര്‍ഷങ്ങള്‍ മരിച്ച വര്‍ഷങ്ങളാണ്. അതുകൊണ്ട് പ്രവാസി എഴുത്തുകാരന്‍ സ്വന്തം നാടിനെക്കുറിച്ച് എഴുതുന്നു. ഈന്തപ്പനയെ തെങ്ങായാണ് ഇവിടെയുള്ള മലയാളി കാണുന്നത്. ഓണത്തിന് കസവുമുണ്ടൊക്കെയുടുത്ത് ചെറിയ കേരളത്തെ പുനഃസൃഷ്ടിക്കുകയാണ് അയാള്‍.സര്‍ഗാത്മകതയെ പ്രചോദിപ്പിക്കുന്ന സ്വാതന്ത്യ്രബോധവും ജൈവികമായ ഭൂമണ്ഡലവും ഓര്‍മകളും നഷ്ടമായ, സ്വന്തമല്ലാത്ത ജീവിതം അയാള്‍ക്കൊരിക്കലും ആവിഷ്കരിക്കാനാകില്ല. അതുകൊണ്ട് മരുഭൂമിയില്‍ നട്ട തെങ്ങിന്റെ അവസ്ഥയാണ് പ്രവാസി എഴുത്തുകാരന്റേയും. വളരുമെങ്കിലും കുലയ്ക്കില്ല, കുലച്ചാല്‍ തന്നെ തേങ്ങയുടെ പ്രച്ഛന്നരൂപം മാത്രമായിരിക്കുമത്. ഗള്‍ഫിലെ മാധ്യമപ്രവര്‍ത്തനം പി.ആര്‍.ഒ വര്‍ക്കാണ്. മികച്ച പത്രപ്രവര്‍ത്തകര്‍ ഇവിടെ കുറവാണ്. ഏതെങ്കിലും പണക്കാരനെക്കുറിച്ച് എഴുതി അയാളുടെ കുടുംബഫോട്ടോ പ്രസിദ്ധീകരിക്കുന്നിടത്ത് പത്രപ്രവര്‍ത്തനം അവസാനിക്കുന്നു.
തന്റെ എഴുത്തുജീവിതത്തില്‍ ഇടക്കാലത്തുണ്ടായ 'ബ്ലോക്ക്' ഗള്‍ഫ് ജീവിതം വഴിയാണ് മറികടന്നതെന്ന് ശിഹാബുദ്ദീന്‍ പറഞ്ഞു. ഇവിടെ ഒറ്റക്കാകാനും കൈവിട്ടുപോയ ഏകാഗ്രത തിരിച്ചുപിടിക്കാനുമായി. അത് തന്റെ എഴുത്തിന് ഗുണകരമായി എന്നാണ് വിശ്വാസം. ആറു വര്‍ഷമായി ദുബൈയിലുള്ള ശിഹാബുദ്ദീന്‍ ഇപ്പോള്‍ 'പ്രവാസ ചന്ദ്രിക' പത്രാധിപരാണ്.
കെ. കണ്ണന്‍
കടപ്പാട്. ഗള്‍ഫ് മാധ്യമം
പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവുമായി'ഗള്‍ഫ് മാധ്യമം ' നടത്തിയ അഭിമുഖം
.

1 comment:

ജനശബ്ദം said...

കടപ്പാട്. ഗള്‍ഫ് മാധ്യമം

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവുമായി
'ഗള്‍ഫ് മാധ്യമം ' നടത്തിയ അഭിമുഖം .