ടി ശിവദാസമേനോന്
Wednesday, October 14, 2009
കേരളത്തിന്റെ പ്രതിഷേധം ഉപതെരഞ്ഞെടുപ്പില്‍ അലയടിക്കും
ടി ശിവദാസമേനോന്
മാധ്യമ വിചിന്തനം
മാധ്യമ വിചിന്തനം.
ഈ ആഴ്ചക്കുറിപ്പിന് 'പത്രത്തിന്റെ അസത്യക്രീഡ' എന്ന ശീര്ഷകം കൊടുക്കണമെന്നാണ് ഞാന് ആദ്യം കരുതിയത്. 21 വര്ഷംമുമ്പ് ഞാന് ഒരു ഓണപ്പതിപ്പില് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട് അതായിരുന്നു. അതേ വിഷയത്തെപ്പറ്റി ഈ വര്ഷത്തിലും എഴുതേണ്ടിവന്നല്ലോ എന്നോര്ക്കുമ്പോള് ദുഃഖം തോന്നുന്നു. മാധ്യമങ്ങളെപ്പറ്റി ഒരുപാട് വിചാരങ്ങള് വന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അസത്യക്രീഡാ ലോലുപമായ ഇന്നത്തെ മാധ്യമ പ്രവര്ത്തനത്തെപ്പറ്റി കുറേക്കൂടി ആഴത്തില് ചിന്തിക്കേണ്ടതുണ്ട് എന്ന് സൂചിപ്പിക്കാനാണ് 'മാധ്യമവിചിന്തനം' എന്ന തലവാചകം സ്വീകരിച്ചത്. നമുക്ക് 'ത്രം' എന്ന അക്ഷരത്തില് അവസാനിക്കുന്ന രണ്ട് ഇന്ദ്രിയങ്ങള് ഉണ്ടല്ലോ- നേത്രം, ശ്രോത്രം എന്നിവ. സമൂഹത്തിന്റെ കണ്ണും ചെവിയുമായിരിക്കണം പത്രം എന്നാണ് പഴയ പ്രബന്ധത്തില് ഞാന് വാദിച്ചത്. പത്രം എന്ന വാക്ക് 'പവിത്രം' എന്ന വാക്കിനോട് ഒട്ടിപ്പിടിച്ചു നില്ക്കുന്നുവെന്ന് പത്രക്കാരും വായനക്കാരും എല്ലാം മറന്നുപോയ മട്ടുണ്ട് ഇന്നത്തെ പോക്കില്. പത്രം പവിത്രമായി നിലനില്ക്കണമെങ്കില് അത് സമൂഹത്തിന്റെ നേത്രവും ശ്രോത്രവുമായി പ്രവര്ത്തിക്കണം. സമൂഹത്തിന് ലോകത്തെമ്പാടും നടക്കുന്ന സംഭവങ്ങള് എല്ലാം സ്വന്തം കണ്ണുകൊണ്ട് കാണാനും സ്വന്തം ചെവികൊണ്ട് കേള്ക്കാനും കഴിയാത്തതുകൊണ്ട് വിശ്വാസപൂര്വം ഒരാളെ തന്റെ കണ്ണും കാതുമായി പ്രവര്ത്തിക്കാന് ഏല്പ്പിക്കുന്നു. അയാളാണ് പത്രപ്രവര്ത്തകന് എന്ന റിപ്പോര്ട്ടര്. അന്ധനായ ധൃതരാഷ്ട്രരുടെ സഞ്ജയന്! അതുകൊണ്ട് മാധ്യമസ്വാതന്ത്യ്രം എന്നു പറയുമ്പോള് സമൂഹത്തിന്റെ കണ്ണും ചെവിയും മൂടി വേറെ കണ്ണും ചെവിയും ഉപയോഗിക്കുന്ന സ്ഥിതിവിശേഷം പാടില്ല എന്നാണര്ഥം. സമൂഹത്തിനാണ് സ്വാതന്ത്യ്രം ഉള്ളത്. ഈ സ്വാതന്ത്യ്രം പത്രപ്രവര്ത്തകന് മാത്രം ഉള്ളതല്ല. പറയാനുള്ളത് പറയാന് ഇന്ത്യക്കാരനായ ഏത് പൌരനും ഭരണഘടനപ്രകാരം (19, 1, എ) അധികാരവും അവകാശവും ഉണ്ട്. മാധ്യമ സ്വാതന്ത്യ്രം എന്ന വേറിട്ടൊരു സ്വാതന്ത്യ്രമില്ല. ഈ ആശയപ്രകടന സ്വാതന്ത്യ്രത്തെ ഗവമെന്റും മാര്ക്സിസ്റ് കക്ഷിയും നിയന്ത്രിക്കാനും തടയാനും ശ്രമിക്കുന്നുവെന്ന് ഇന്നത്തെ പത്രക്കാരുടെയും അവരുടെ രക്ഷകരായി വേഷം കെട്ടിക്കഴിയുന്നവരുടെയും മുറവിളി നാടാകെ മുഴങ്ങുന്നു. ഇവരോട് തുടക്കത്തിലേ ഒരു ചോദ്യം ചോദിക്കട്ടെ- മാധ്യമങ്ങളെ വിമര്ശിക്കാന് പാടില്ലേ? അഥവാ മാധ്യമങ്ങളെ വിമര്ശിച്ചാല് അത് മാധ്യമ നിയന്ത്രണമാണോ? അല്ലെങ്കില്, മാധ്യമങ്ങളെ വിമര്ശിക്കാനുള്ള സ്വാതന്ത്യ്രം മാര്ക്സിസ്റ് നേതാക്കള്ക്ക് അവകാശപ്പെട്ടതല്ലേ? മാധ്യമങ്ങള് അത് തടയാമോ? വിമര്ശിച്ചുകൂടെന്ന് പറയുന്നത് ഏത് വകുപ്പനുസരിച്ചാണ്? ഇവിടെ മാധ്യമങ്ങള് വാര്ത്തകള് വളയ്ക്കുകയും ഒടിക്കുകയും ചെയ്യുന്നുവെന്നും വാര്ത്ത വ്യാജമായി മാറുന്നുവെന്നും രാഷ്ട്രീയപക്ഷപാതംകൊണ്ട് ഒരു പ്രത്യേക രാഷ്ട്രീയകക്ഷിയെ നിരന്തരം കുറ്റപ്പെടുത്തുകയും വഷളാക്കി ചിത്രീകരിക്കുകയും ചെയ്യുന്നത് പത്രധര്മമല്ല എന്നേ പറയുന്നുള്ളൂ. വിമര്ശം സ്വയം നേരിടാന് സഹിഷ്ണുതയില്ലാത്തവര് മാധ്യമസ്വാതന്ത്യ്രത്തെപ്പറ്റി പറയാന് യോഗ്യരല്ല. കേരളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ടു പത്രങ്ങളും ചുവടെ വരുന്ന രണ്ടു മൂന്നു പത്രങ്ങളും മേല്പ്പറഞ്ഞ 'അസത്യക്രീഡ' നടത്തിക്കൊണ്ടിരിക്കുന്നതില് അതിവിദഗ്ധരാണ്. ഈ സ്പഷ്ടമായ ചീത്തപ്രവണത കണ്ടിട്ടാണ് 'മാധ്യമ സിന്ഡിക്കറ്റ്' എന്ന പ്രയോഗം ഉണ്ടായത്. പ്രത്യക്ഷമായ ഒരു ഉന്നത്തോടെ കൂട്ടായി പ്രവര്ത്തിക്കുന്നവരെയാണ് സിന്ഡിക്കറ്റ് എന്ന് വിളിക്കുന്നത്. ഇവിടെ സമാനമായ ഒരു ലക്ഷ്യത്തോടെ വ്യത്യസ്തങ്ങളായ പത്രങ്ങള് പ്രവര്ത്തിച്ചുവരുന്നതിനെ അപഹസിക്കാന് ഉദ്ദേശിച്ചുള്ള ഒരു ആലങ്കാരിക പ്രയോഗമാണ് മാധ്യമ സിന്ഡിക്കറ്റ്. ഈ വിമര്ശം നേരിടുന്നതിന് പകരം 'മാധ്യമ സ്വാതന്ത്യ്രം സംഹരിക്കപ്പെടുന്നു' എന്ന് അലമുറയിടുന്നത് കുറ്റം സമ്മതിക്കുന്ന ഏര്പ്പാടാണ്. പത്രസ്വാതന്ത്യ്രം സ്വാതന്ത്യ്രാനന്തര ഘട്ടത്തില് വ്യാപകമായി നശിപ്പിക്കപ്പെട്ടത് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്താണ്. അന്ന് ഇന്ദിരയെ അനുകൂലിച്ച കോഗ്രസ് ഇന്ന് മാധ്യമ സ്വാതന്ത്യ്രമില്ലെങ്കില് ജനാധിപത്യമില്ല എന്ന മട്ടില് പ്രസംഗിച്ചു നടക്കുന്നു. ജനം എല്ലാം മറക്കുന്നു. കാവല്ക്കാരന് ആര് കാവല് നില്ക്കും എന്ന് ബൈബിളില് ഒരു ചോദ്യമുണ്ട്. മാധ്യമങ്ങള് കാവല്ക്കാര് തന്നെ; ജനപ്രതിനിധിസഭകളും കാവല്ക്കാര്തന്നെ, കോടതിയും കാവല്ക്കാര്തന്നെ- പക്ഷേ ഇവര്ക്കെല്ലാം കാവല് നില്ക്കാന് ഒരു ശക്തിയുണ്ട്. അതാണ് ജനങ്ങള്. അവര് കാവല്ക്കാരുടെ കുറ്റങ്ങളും തെറ്റുകളും ചൂണ്ടിക്കാട്ടും. അപ്പോള് 'ഞങ്ങള് കാവല്ക്കാരാണ്' എന്നുപറഞ്ഞ് രക്ഷപ്പെടാന് ശ്രമിക്കരുത്. ഇപ്പോള് കേരളത്തില് മാധ്യമ സ്വാതന്ത്യ്രത്തിന് ഒരാപത്തും ഇല്ല. പക്ഷേ, നേരത്തേതന്നെ മാധ്യമപ്രവര്ത്തകര് നിയന്ത്രിക്കപ്പെട്ടിട്ടുള്ളത് അവര് എന്തുകൊണ്ടാണ് സഹിക്കുകയും മൂടിവയ്ക്കുകയും ചെയ്യുന്നത് എന്നൊരു ചോദ്യമുണ്ട്. മാധ്യമ സ്വാതന്ത്യ്രത്തിന്റെ വക്താക്കള് ഈ ചോദ്യം കണ്ടില്ലെന്ന് നടിക്കരുത്. കേരളത്തില് ഏത് പത്രത്തിലാണ് പത്രപ്രവര്ത്തകര്ക്ക് സ്വാതന്ത്യ്രം പൂര്ണമായുള്ളത്. പത്രത്തില് വരുന്ന വാര്ത്തകളുടെ സ്വഭാവവും അവയുടെ ആവിഷ്കരണത്തിന്റെ ശൈലിയും പത്രത്തില് പ്രതിഫലിക്കുന്ന കാഴ്ചപ്പാടും ചിന്താഗതിയും പത്രപ്രവര്ത്തകരുടേതാണോ? വലിയ പാരമ്പര്യങ്ങളും അതിപ്രചാരവും ഉള്ള പത്രങ്ങളുടെ സ്വാതന്ത്യ്രം എന്ന് പറയുന്നത് പത്ര ഉടമയുടെ സ്വാതന്ത്യ്രമാണ്. പത്ര പ്രവര്ത്തകരുടെ സ്വാതന്ത്യ്രമല്ല. പത്രപ്രവര്ത്തകന് സ്വാതന്ത്യ്രം കൊടുത്ത ഒരു പത്ര ഉടമയെ മാത്രമേ കേരളം കണ്ടിട്ടുള്ളു-വക്കം അബ്ദുള് ഖാദര് മൌലവി. അദ്ദേഹം ഇല്ലായിരുന്നെങ്കില് ഇന്നറിയുന്ന ധീരനായ പത്രാധിപര് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ടാണ് ഇതിനിടെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ചോദിച്ചത്, അതുപോലെയൊരു പത്ര ഉടമ ഇന്ന് മലയാളത്തിലുണ്ടോ എന്ന്. ഇന്നോളം ഇവിടത്തെ മാധ്യമസ്വാതന്ത്യ്ര ഘോഷകര് ആരും ആ ചോദ്യം കേട്ടതായി ഭാവിച്ചിട്ടില്ല. ഉത്തരം പറയാനാവാത്ത ചോദ്യം നേരിടേണ്ടി വരുമ്പോള് ഏറ്റവും നല്ല ഉപായം അത് കേട്ടില്ലെന്നു നടിക്കലാണ്. തങ്ങളുടെ ശമ്പളം തരുന്നവരുടെ അഭിപ്രായത്തിനനുസരിച്ച് പത്രം നടത്തുന്ന ജേര്ണലിസ്റുകള് തങ്ങളുടെ സ്വാതന്ത്യ്രം അവിടെ അടിയറ വച്ചില്ലേ. മാധ്യമ പാരതന്ത്യ്രത്തില് സുഖിച്ചു കഴിയുന്ന ഇക്കൂട്ടര് സങ്കല്പ്പസൃഷ്ടിയായ ഒരു മാധ്യമ സ്വാതന്ത്യ്ര നിഷേധത്തെപ്പറ്റി ബഹളമുണ്ടാക്കി തടി രക്ഷിക്കുകയാണ്. മാധ്യമ സ്വാതന്ത്യ്രത്തെപ്പറ്റി വാതോരാതെ പ്രസംഗിക്കുന്ന ഒരു പത്രം ഈ ലേഖകനെപ്പറ്റി 'ഒരു രാഷ്ട്രീയ നേതാവിന്റെ ശമ്പളം പറ്റി കഴിയുന്ന അഴീക്കോട്' എന്ന താഴേക്കിടക്കാരനായ ഒരു യൂത്ത് കോഗ്രസുകാരന്റെ പ്രസ്താവന തങ്ങളുടെ പത്രത്തില് പ്രസിദ്ധീകരിച്ചല്ലോ. ആ പത്രത്തിലെ പ്രവര്ത്തകര് ഈ ആക്ഷേപം വിശ്വസിക്കുന്നവരാകാന് തരമില്ല. ആ യൂത്ത്കോഗ്രസുകാരന്തന്നെ ആ പ്രസ്താവന പിന്വലിച്ചത് അവര്ക്ക് പിന്നീട് പ്രസിദ്ധീകരിക്കേണ്ടി വന്നു. ശമ്പളം തരുന്നവര്ക്കുവേണ്ടി സ്വന്തം അഭിപ്രായത്തെ ഞെരിച്ചുകൊണ്ട് പത്രപ്രവര്ത്തനം നടത്തുന്നവര്, ഇന്നോളം ഒരുവന്റെ ഒരു പൈസപോലും പറ്റാതെ സ്വാഭിപ്രായം തുറന്നുപറയുന്നത് ശീലമാക്കിയ ഒരാളെപ്പറ്റി 'ശമ്പളം പറ്റുന്ന' എന്ന് എഴുതിപ്പിടിപ്പിച്ചത് ഇവരുടെ മാധ്യമ സ്വാതന്ത്യ്രത്തിന്റെ നല്ല ഉദാഹരണമാണ്. സോവിയറ്റ് യൂണിയനില് മുമ്പുണ്ടായിരുന്ന രണ്ടു പത്രങ്ങള്, ഒന്ന് 'പ്രവ്ദ'യും മറ്റേത് 'ഇസ്വെസ്റ്റിയ'യും ആയിരുന്നു. അവയുടെ അര്ഥം സത്യം എന്നും വാര്ത്ത എന്നും ആണ്. അമേരിക്കക്കാര്ക്ക് തമാശയായിരുന്നു ഈ പേരുകള്. തങ്ങളുടെ പത്രങ്ങളില് എത്രമാത്രം ശുദ്ധമായ സത്യവും വാര്ത്തയും ഉണ്ടെന്ന് കേരള പത്രപ്രവര്ത്തക സമൂഹം പരിശോധിക്കുന്നത് നന്നായിരിക്കും. കേരളത്തിലെ മാധ്യമലോകം ഇടയ്ക്കിടെ വായിക്കേണ്ട ഒരു കൃതിയാണ് സെബാസ്റ്യന് പോള് രചിച്ച 'പിലാത്തോസ് എഴുതിയത് എഴുതി' എന്ന പുസ്തകം. ഞാന് മേലേ എഴുതിയ വിമര്ശങ്ങളെല്ലാം ആ പുസ്തകത്തിലും ശക്തിയായി പ്രതിധ്വനിക്കുന്നുണ്ട്. പക്ഷേ, മാധ്യമങ്ങളുടെ വാര്ത്താവിഷ്കാര രീതി തിരുത്തേണ്ടതാണെന്ന വിമര്ശത്തെ ഇതിനിടെ അദ്ദേഹം എതിര്ത്തതുകണ്ട് അത്ഭുതപ്പെട്ടുപോയി ഈ ലേഖകന്. (ആ പുസ്തകത്തെ ഈ കോളത്തിലൂടെ ഞാന് നിരൂപണം ചെയ്തിട്ടുമുണ്ട്). ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ അഭിപ്രായം ശരിയാണെങ്കില് ആ പുസ്തകം പിന്വലിക്കേണ്ടി വന്നേക്കാം. 'പിലാത്തോസ് എഴുതിയത് എഴുതി' എന്ന മനോഭാവം മാധ്യമക്കാര്ക്ക് പാടില്ലെന്നാണ് പുസ്തകത്തിന്റെ സന്ദേശം. അല്ലെങ്കില് ആ തലക്കെട്ടുതന്നെ ഉപേക്ഷിക്കേണ്ടിവരും. പിലാത്തോസുമാരാകരുത് എന്നേ ഇവിടത്തെ മാധ്യമവിമര്ശകര് പറയുന്നുള്ളു. ഇന്നത്തെ മാധ്യമലേഖകരെ താരതമ്യപ്പെടുത്തിക്കൊണ്ട് രണ്ട് സാങ്കല്പ്പിക ചോദ്യങ്ങള് ഗ്രന്ഥകാരന് ചോദിക്കുന്നുണ്ട്- 1. ഗാന്ധിജിയുടെ ദണ്ഡിയാത്രയും ഉപ്പുണ്ടാക്കലും ഇന്നത്തെ പത്രപ്രവര്ത്തകരാണ് റിപ്പോര്ട്ട് ചെയ്തതെങ്കില് എങ്ങനെയിരിക്കും? 2. ക്രിസ്തുവിന്റെ സുവിശേഷങ്ങള് റിപ്പോര്ട്ട് ചെയ്തത് ഇവരാണെങ്കില് ക്രിസ്തു ബാക്കിയുണ്ടാകുമോ? മാധ്യമങ്ങളെ വിമര്ശിച്ച മാര്ക്സിസ്റ് നേതാവ് ഏതോ 'ഉപജാപകവൃന്ദ'ത്താല് വലയം ചെയ്യപ്പെട്ടതുകൊണ്ടാണത്രേ ഈ വിമര്ശം നടത്തുന്നത്. തന്റെ പുസ്തകത്തില് മാധ്യമവിമര്ശം നടത്തിയത് ഉപജാപകവൃന്ദം വലയം ചെയ്തതുകൊണ്ടാണെന്ന് സമ്മതിച്ചിട്ടു മതിയായിരുന്നു ഈ ആരോപണം. അവനവന് ചെയ്തത് മറ്റൊരാള് ചെയ്തുപോയാല് ആദ്യത്തേത് ശരിയും മറ്റേത് തെറ്റും ആകുന്നതെങ്ങനെ എന്ന് എന്റെ മാന്യമിത്രം വിവരിച്ചു തരാതിരിക്കില്ല എന്നാണെന്റെ വിശ്വാസം! വലിയൊരു മൂല്യച്യുതിയുടെ വക്കത്താണ് ഇന്ന് നമ്മുടെ പത്രലോകം. ദേശീയമോ മാനവികമോ തൊഴില് സംബന്ധിയോ ആയ ഉയര്ന്ന ആകാശങ്ങളിലേക്ക് കണ്ണയക്കാതെ താഴെ ഇഴഞ്ഞുപോകുന്നവരാണ് ഇവര്. 'ഞാനെഴുതിയത് എഴുതി' എന്ന വാശിയില് കഴിയുന്ന പിലാത്തോസിനെ വെല്ലുന്ന ഇവര് 'ഇനിയും ഇങ്ങനെയേ എഴുതുകയുള്ളു' എന്ന് ശാഠ്യം പിടിക്കുന്നവര്കൂടിയാണ്. ഇവര്ക്ക് പക്വതയും ആദര്ശമഹിമയും ഏറിവരുമ്പോള് നമ്മുടെ രാഷ്ട്രീയ-സാമൂഹിക ജീവിതമേഖലകള് വളരെയേറെ സമ്പുഷ്ടമാകാതിരിക്കില്ല. അപക്വതയും ആദര്ശ ദാരിദ്യ്രവുംകൊണ്ട് പത്രപ്രവര്ത്തനം നടത്തുമ്പോള് വന്നുചേരുന്ന ആഭാസങ്ങള്ക്ക് ഒന്നുരണ്ട് ഉദാഹരണങ്ങള്കൊണ്ട് തെളിയിക്കാന് മുതിരട്ടെ. 1. ഒക്ടോബര് ആറാം തീയതി വടക്കുവച്ച് കുട്ടികൃഷ്ണമാരാരുടെ 'ഭാരതപര്യടന'ത്തിന്റെ സംസ്കൃത വിവര്ത്തനം പ്രസിദ്ധീകരിക്കപ്പെട്ടു. മലയാള സാഹിത്യത്തിലെ അസാധാരണമായ ഒരു സംഭവമാണ് അന്നവിടെ നടന്നത്. സംസ്കൃതത്തില്നിന്നുള്ള തര്ജമകളുടെ പെരുവെള്ളത്തില് കൈരളി കിടന്നു കഴിയുമ്പോള് സംസ്കൃതത്തിന് മലയാളം ഒരു ഗദ്യകൃതി തര്ജമയിലൂടെ സംഭാവന ചെയ്യുന്നത് ചരിത്രപ്രാധാന്യമുള്ള ഒരു കടപ്പാട് വീട്ടലാണ്. ആ സംഭവം ഒരു സാധാരണ പ്രാദേശിക വാര്ത്തപോലെ നിസ്സാരീകരിച്ചവരുടെ മാധ്യമലോകം. സ്ഥലം മുഴുവന് പോയത് പോള്വധം, കോടാലി ശ്രീധരന് തുടങ്ങി അസംഖ്യം നിത്യഹരിത വിഷയങ്ങളുള്ളപ്പോള് ഏത് കുട്ടികൃഷ്ണമാരാര്, എന്ത് ഭാരതപര്യടനം. മാതൃഭൂമിക്കുപോലും ആ വാര്ത്ത കേരളം മുഴുവന് ഒരു സിങ്കിള് കോളത്തിലെങ്കിലും എത്തിക്കണമെന്ന് തോന്നിയില്ല! വെറുമൊരു പ്രൂഫ് റീഡറായ കുട്ടികൃഷ്ണമാരാരെ ഇന്നത്തെ വന്ശമ്പളക്കാരായ മാധ്യമപ്രവര്ത്തക ശ്രേഷ്ഠര്ക്ക് കണ്ണില് പിടിക്കുകയില്ല. പക്ഷേ, മലയാള സാഹിത്യചരിത്രത്തിലെ അനശ്വര ദീപ്തിയായ ആ വിമര്ശകനെപ്പോലൊരാള് 'മാതൃഭൂമി'യില് ഉണ്ടായിരുന്നുവെന്നത് ആ പത്രത്തിന്റെ അവിസ്മരണീയ മാഹാത്മ്യങ്ങളില് ഒന്നാണെന്ന് അവരോടു പറഞ്ഞിട്ട് ഫലമുണ്ടാകുമോ? ഒക്ടോബര് ഏഴിന് ശ്രീശങ്കര സംസ്കൃത സര്വകലാശാലയില് സ്വാമി അഗ്നിവേശ് നവോത്ഥാന പഠനത്തിനുള്ള ഒരു ഡിപ്പാര്ട്മെന്റ് ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഇന്ത്യയില് ഇന്നുള്ള പ്രതികരണ പ്രതിഭകളില് മുമ്പനും നൊബേല് സമ്മാനത്തിന് തുല്യമായി കണക്കാക്കപ്പെടുന്ന റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം നേടിയ വ്യക്തിയുമാണ്. കേരളത്തില് അടുത്തൊന്നും വന്നിട്ടില്ല. പക്ഷേ, ആ വാര്ത്തയും 'ഭാരതപര്യടനം' പോലെ തമസ്കരിക്കപ്പെട്ടു. പിറ്റേന്ന് രാഹുല്ഗാന്ധി എന്നൊരു ചെറുപ്പക്കാരനായ കോഗ്രസുകാരന് വന്ന് ചില കലാലയങ്ങളില് പോയതിന്റെ 'ത്രില്' അടിച്ച് പത്രപ്രവര്ത്തകര് എഴുതിക്കൂട്ടിയ 'പൈചില്യ'ങ്ങള് (സഞ്ജയന്റെ ശൈലിയാണ്) തൊണ്ടയില് ഉരുണ്ടുകളിക്കുന്നു!. തങ്ങള്മാത്രം ശരിയെന്നും തങ്ങള് എഴുതിയത് എഴുതിയതുതന്നെയെന്നും അഭിപ്രായസ്വാതന്ത്യ്രം തങ്ങള്ക്കുമാത്രമുള്ള അവകാശമാണെന്നും തങ്ങള് വിമര്ശത്തിന് അതീതരാണെന്നും വിശ്വസിക്കുന്ന ഒരു മാധ്യമലോകം തങ്ങള്ക്ക് ഈ നാട്ടിലെ ജനങ്ങള് ചരിത്രം പണയംവച്ചിരിക്കയാണെന്നുകൂടി വിശ്വസിക്കരുതേ എന്ന് പറഞ്ഞുനിര്ത്തട്ടെ!
ഇടതുപക്ഷ മുന്നണിക്ക് വിജയാവേശം പകര്‍ന്ന് തിരെഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ തുടങി



Tuesday, October 13, 2009
കണ്ണൂരില്‍ സ:എം വി ജയരാജന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി

എല്‍ഡിഎഫ് പ്രചാരണത്തിന് ഗംഭീര തുടക്കം ,പ്രചരണം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍: വിജയപ്രതീക്ഷയുണര്‍ത്തി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗംഭീര തുടക്കം. മൂന്നു മണ്ഡലത്തില്‍ നവംബര്‍ ഏഴിനു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജനവികാരം ഇടതുപക്ഷത്തിനൊപ്പമാണെന്ന പ്രഖ്യാപനവുമായി തെരഞ്ഞെടുപ്പ് കവന്‍ഷനുകള്‍ ആരംഭിച്ചു. തിങ്കളാഴ്ച കണ്ണൂരില്‍ ചേര്‍ന്ന എല്‍ഡിഎഫ് മണ്ഡലം കവന്‍ഷന്‍ വലിയ സമ്മേളനമായി മാറി. കണ്ണൂര്‍ ടൌ സ്ക്വയറില്‍ ചേര്‍ന്ന കവന്‍ഷന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് പ്രവര്‍ത്തകരല്ലാത്ത നൂറുകണക്കിനാളുകള്‍ കവന്‍ഷന് എത്തി. ആയിരത്തോളം പേര്‍ക്ക് ഇരിക്കാനുള്ള പന്തലാണ് ഒരുക്കിയത്. എന്നാല്‍, അതെല്ലാം നിറഞ്ഞുകവിഞ്ഞ് ടൌസ്ക്വയര്‍ ജനനിബിഢമായി. മുഖ്യമന്ത്രി വി എസിനെ പ്രവര്‍ത്തകള്‍ ആവേശപൂര്‍വം എതിരേറ്റു. ഉപതെരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്‍ഥിച്ചു വരുന്ന യുഡിഎഫുകാരോട് നിങ്ങള്‍ നെഗറ്റീവ് ലിസ്റ്റിലാണെന്ന് പറയണമെന്ന വി എസിന്റെ ആഹ്വാനം സദസ്സ് കരഘോഷത്തോടെ സ്വീകരിച്ചു. ദേവസ്വം മന്ത്രിയും കോഗ്രസ് എസ് സംസ്ഥാന പ്രസിഡന്റുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍, ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, സിപിഐ അസി. സെക്രട്ടറി സി എന്‍ ചന്ദ്രന്‍, ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എന്‍ എം ജോസഫ്, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍, ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം എംഎല്‍എ, കേരളകോഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്, സത്യന്‍ മൊകേരി, കെ പി സഹദേവന്‍, സ്ഥാനാര്‍ഥി എം വി ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. ആലപ്പുഴ മണ്ഡലം കവന്‍ഷന്‍ ചൊവ്വാഴ്ച വൈകിട്ട് നാലിന് മുനിസിപ്പല്‍ മൈതാനത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍ തുടങ്ങിയവര്‍ സംസാരിക്കും. മണ്ഡലത്തിലെ എട്ടു മേഖലയിലെയും കവന്‍ഷന്‍ 15നു നടക്കും. 16നും 17നും ബൂത്ത് കവന്‍ഷനുകള്‍ ചേരും.
Sunday, October 11, 2009
ആദിവാസി കോളനിയില്‍ കണ്ടത് അമ്പത് വര്‍ഷം മുമ്പുള്ള എന്റെ ജീവിതം

Friday, October 2, 2009
കേരളത്തിന്റെ താക്കീത്
കേരളത്തിന്റെ താക്കീത്
കേരളത്തിന്റെ കാര്‍ഷികമേഖലയുടെയും മത്സ്യമേഖലയുടെയും അതുവഴി വ്യവസായമേഖലയുടെയും തകര്‍ച്ചയ്ക്കിടവരുത്തുന്ന ആസിയന്‍ കരാറില്‍ ഏകപക്ഷീയമായി ഒപ്പിട്ട മന്‍മോഹന്‍സിങ് സര്‍ക്കാരിന് ഉഗ്രന്‍ താക്കീതായി കാസര്‍കോടുമുതല്‍ തലസ്ഥാനനഗരിയായ തിരുവനന്തപുരംവരെ ജനലക്ഷങ്ങള്‍ കോര്‍ത്തിണക്കിയ മനുഷ്യച്ചങ്ങല. ചങ്ങലയെന്നു പറയാന്‍ പറ്റാത്തവിധം കേരളത്തിന്റെ പ്രധാന പാതയില്‍ മനുഷ്യ മഹാ ദുര്‍ഗമാണുയര്‍ന്നത്. ഈ മുന്നേറ്റം സംസ്ഥാനത്തിന്റെ സമരചരിത്രത്തില്‍ ഒരു പുതിയ അധ്യായമാണ് എഴുതിച്ചേര്‍ത്തത്. കോരിച്ചൊരിയുന്ന മഴയിലും ജനപങ്കാളിത്തത്തില്‍ ഒരു കുറവുമുണ്ടായില്ല. സമരവീര്യം അല്‍പ്പംപോലും തണുത്തതുമില്ല. ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെ പ്രത്യക്ഷമായ പ്രകടനമായാണ് അത് മാറിയത്. സിപിഐ എമ്മിന്റെ സംഘടനാശക്തിയുടെ ഒരു പരീക്ഷണംകൂടിയായിരുന്നു ഈ സമരം. പല സ്ഥലങ്ങളിലും ഒന്നിലധികം മതിലുകള്‍ രൂപംകൊണ്ടു. മനുഷ്യച്ചങ്ങലയുടെ വിജയത്തിനായി ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രദര്‍ശിപ്പിച്ച പോസ്ററുകള്‍, ബാനറുകള്‍, ചുവരെഴുത്തുകള്‍, സംഘാടകസമിതി ഓഫീസുകള്‍, പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, കുടുംബയോഗങ്ങള്‍ തുടങ്ങിയവയൊന്നും കണ്ടില്ലെന്നു വലതുപക്ഷ മാധ്യമങ്ങള്‍ നടിച്ചു. സ്വയം എഴുതി തയ്യാറാക്കിയ പോസ്റര്‍ രാത്രികാലത്ത് സിപിഐ എം ഓഫീസിന്റെ മതിലില്‍ ഒട്ടിച്ച് പടമെടുത്ത് പ്രദര്‍ശിപ്പിച്ച് നുണപ്രചാരണം നടത്തി ശീലിച്ച ദൃശ്യമാധ്യമങ്ങള്‍പോലും നാടെങ്ങും ഒന്നരമാസമായി നടക്കുന്ന പ്രചാരവേല കണ്ടില്ലെന്നു നടിച്ചത് അവരെ ബാധിച്ച രാഷ്ട്രീയത്തിമിരത്തിന്റെ കാഠിന്യമാണ് വിളിച്ചറിയിച്ചത്. ഇതിനെല്ലാമുപരിയാണ് കോടിക്കണക്കിനു രൂപ ചെലവഴിച്ച് കേന്ദ്രസര്‍ക്കാര്‍ മൂന്നുദിവസം തുടര്‍ച്ചയായി മനുഷ്യച്ചങ്ങലയ്ക്കെതിരെ പ്രചാരവേല സംഘടിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കിയത്. ആസിയന്‍ കരാറിനെതിരെ സിപിഐ എം നടത്തുന്ന പ്രചാരവേലയും പ്രക്ഷോഭങ്ങളും ചൈനയെ സഹായിക്കാനാണെന്ന കുപ്രചാരണം അഴിച്ചുവിടാന്‍ കോഗ്രസിന്റെ ഉന്നതരായ നേതാക്കള്‍ക്കുപോലും ലജ്ജയുണ്ടായില്ല. ആസിയന്‍ കരാര്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ലേഖനമെഴുതി ജനങ്ങളെ ഉല്‍ബുദ്ധരാക്കാന്‍ ശ്രമിച്ച 'തീവ്രവിപ്ളവകാരി'യും ആസിയന്‍ കരാറിനെതിരെയുള്ള സമരം സാമ്രാജ്യത്വത്തെ സഹായിക്കുന്നതാണെന്ന കണ്ടുപിടിത്തം നടത്തിയത് അവരുടെ തനിനിറം വ്യക്തമാക്കുന്നതാണ്. മനുഷ്യച്ചങ്ങലയെന്ന സമരത്തിന് ഒരു പ്രത്യേകതയുണ്ട്. ജനസ്വാധീനത്തിന്റെയും ജനപങ്കാളിത്തത്തിന്റെയും പരീക്ഷണംകൂടിയാണ് ഈ സമരമാര്‍ഗം. കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ എവിടെയും വിടവില്ലാതെ മനുഷ്യച്ചങ്ങല തീര്‍ക്കണമെങ്കില്‍ അപാരമായ സംഘടനാശേഷി വേണം. ചങ്ങലയില്‍ വിടവുണ്ടോ എന്നാണ് ചില ചാനലുകള്‍ അന്വേഷിച്ചുനടക്കുക. ലക്ഷോപലക്ഷംപേര്‍ ചങ്ങലയില്‍ പങ്കെടുത്തതായി വെളിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം കണ്ടില്ല. എന്നാല്‍, ചങ്ങല തീര്‍ക്കുന്നതിന് അരമണിക്കൂര്‍മുമ്പ് വേണ്ടത്ര ആളുകള്‍ എത്തിയില്ലെന്ന പ്രതീതി ജനിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചുകണ്ടു. അത്തരക്കാരെ അമ്പരപ്പിച്ചുകൊണ്ടാണ് നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും ആവേശപൂര്‍വം ആബാലവൃദ്ധം ചെങ്കൊടിയേന്തി ഒഴുകിയെത്തിയത്. മറ്റൊരു രാഷ്ട്രീയപ്രസ്ഥാനത്തിനും ചിന്തിക്കാന്‍പോലും കഴിയാത്ത ദൌത്യം ഏറ്റെടുത്ത സിപിഐ എം അത് അത്യുജ്വലമായ വിജയത്തിലെത്തിച്ചതോടെ, പാര്‍ടി ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുകയാണ് എന്ന് പെരുമ്പറയടിച്ച് ഘോഷിച്ചവരുടെ കാപട്യവും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് ചങ്ങലയില്‍ കണ്ണിയായത് ഈ മഹാമുന്നേറ്റത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചു. സമൂഹത്തിന്റെ നാനാമേഖലയിലുള്ള പ്രഗത്ഭരായ ഒട്ടനവധി വ്യക്തികള്‍ കണ്ണി ചേര്‍ന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ഘടകകക്ഷികളും സഹയാത്രികരുമായ കേരള കോഗ്രസ് (ജോസഫ്), ജനതാദള്‍ (എസ്), കോഗ്രസ് (എസ്), ഐഎന്‍എല്‍ എന്നീ പാര്‍ടികളുടെ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ കണ്ണിയായതും ശ്രദ്ധേയമായി. സിപിഐ എം ആസിയന്‍ കരാറിനെതിരെ പ്രചാരവേലയും പ്രക്ഷോഭവും നടത്തുന്നത് ചൈനയ്ക്കു വേണ്ടിയാണെന്ന് വയലാര്‍ രവിയെപ്പോലുള്ള വ്യക്തികള്‍ പറയുമ്പോള്‍ അവരുടെ സാംസ്കാരിക നിലവാരത്തിന്റെ അളവുകോലായി അതിനെ കാണാനിടയായാല്‍ കുറ്റപ്പെടുത്തേണ്ടതില്ല. ഇന്ത്യ-അമേരിക്ക ആണവ സഹകരണ കരാറിനെ എതിര്‍ത്തപ്പോഴും ഇതേ പല്ലവിയാണ് കോഗ്രസ് നേതാക്കള്‍ക്ക് പാടാനുണ്ടായിരുന്നത്. കമ്യൂണിസ്റുകാരെ വിദേശ രാജ്യങ്ങളുടെ ദല്ലാളായി മുദ്രകുത്തുന്നത് കോഗ്രസിന്റെ പഴയ അടവാണ്. 1942ല്‍ കമ്യൂണിസ്റുകാര്‍ ബ്രിട്ടന്റെ അഞ്ചാം പത്തികളായി. പിന്നീട് സോവിയറ്റ് യൂണിയന്റെ ചാരന്മാരായി- മലങ്കോവിന്റെ മക്കളായി. ചൈനയുടെ ചാരന്മാരായി മുദ്രകുത്തുക മാത്രമല്ല, അതിന്റെ പേരില്‍ സിപിഐ എം നേതാക്കളെ ജയിലിലടയ്ക്കുകയും ചെയ്തു. എന്നാല്‍, ചൈന ഇന്നും ഇന്ത്യയുടെ സുഹൃദ്രാജ്യമായി തുടരുന്നു. ഇത്തരത്തിലുള്ള അത്യന്തം വിചിത്രവും തികച്ചും അടിസ്ഥാനരഹിതവുമായ നുണപ്രചാരവേല അഴിച്ചുവിട്ടിട്ടും ആസിയന്‍ കരാറിനെതിരായ മനുഷ്യച്ചങ്ങല വന്‍ വിജയമായത് കേരളജനതയുടെ ശക്തമായ വികാരത്തിന്റെ പ്രതിഫലനമായി കാണേണ്ടതുണ്ട്. ആസിയന്‍ കരാറിനെതിരെയുള്ള കേരളജനതയുടെ അത്യുഗ്രമായ താക്കീത് കണ്ടില്ലെന്നു നടിക്കാന്‍ മന്‍മോഹന്‍ സര്‍ക്കാരിന് കഴിയില്ല. കേന്ദ്രത്തിന്റെ പരസ്യത്തില്‍ പറയുന്നത് അസംസ്കൃത പാമോയില്‍ ഇറക്കുമതിച്ചുങ്കമില്ലാതെയും സംസ്കരിച്ച പാമോയില്‍ 37.5 ശതമാനം ചുങ്കം ചുമത്തിയും ഇഷ്ടംപോലെ ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ്. ഇത് തുടരുമെന്നും പറയുന്നു. ഇത് ജനങ്ങളെ സഹായിക്കാനാണെന്നാണ് ന്യായീകരണം. കേരളത്തിലെ ലക്ഷക്കണക്കിനു നാളികേര കര്‍ഷകരോടുള്ള പരസ്യമായ വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ മനുഷ്യച്ചങ്ങലയുടെ ഉഗ്രന്‍ താക്കീത് ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനും കേരളത്തിന്റെ നാളികേരം, തേയില, കാപ്പി, റബര്‍, മത്സ്യം തുടങ്ങിയ ഉല്‍പ്പന്നങ്ങളെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കാനും മന്‍മോഹന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത്. ആസിയന്‍ കരാറുമായി മുന്നോട്ടുപോവുകയും കേരളത്തിന്റെ സാമ്പത്തികമേഖല പാടെ തകര്‍ക്കാനിടവരുത്തുകയും ചെയ്യാനാണ് ഭാവമെങ്കില്‍ കേരള ജനത അത് പൊറുക്കുകയില്ലെന്ന താക്കീതാണ് മനുഷ്യച്ചങ്ങലയുടെ വമ്പിച്ച വിജയം വിളിച്ചുപറയുന്നത്. കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കേരളജനത അനുവദിക്കാന്‍ പോകുന്നില്ല. കേരളം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റത്തില്‍ കണ്ണിചേര്‍ന്ന എല്ലാവരെയും ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു.
കേരളത്തിന്റെ കരുത്ത് പ്രവാസികള്‍,വിദേശ മലയാളികളിലും നിക്ഷേപത്തിലും മലപ്പുറം മുന്നില്‍.
കേരളത്തില് ഏറ്റവും കൂടുതല്‍ വിദേശ മലയാളികളുള്ളത് മലപ്പുറം ജില്ലയില്‍ നിന്നാണ്. ത്രിശൂര്‍ ജില്ലയില്‍ നിന്ന് കഴിഞ്ഞ 10 വര്‍ഷമായി വിദേശത്ത് ജോലിതേടിപ്പോകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.. മയാളികളുടെ സ്വപ്നഭൂമി ഇന്നും ഗള്‍ഫ് തന്നെയാണെന്നാണ്‍ പഠനം വ്യക്തമാക്കുന്നത്.. മലയാളികളുടെ ഗള്‍ഫ് കിടിയേറ്റത്തില്‍ 1998 മുതല്‍ 2003 കാലഘട്ടത്തില്‍ ചെറിയ കുറവ് അനുഭവപ്പെട്ടെങ്കിലും 2003 നു ശേഷം 2008 വരെ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത് ..ഇതില്‍ 2007 - 2008 കാലഘട്ടത്തില്‍ അത് പാരമ്യത്തിലെത്തിയതെന്നും കാണാന്‍ കഴിയും1998 വരെ മലയാളികള്‍ സൌദി അറേബ്യയില്‍ ജോലി എടുക്കുന്നതില്‍ ഏറെ ഇഷ്ടം കാണിച്ചിരുന്നു പിന്നിട് ഈ മനോഭാവത്തില്‍ ഏറെ മാറ്റം വന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1998 വരെ കേരളത്തില്‍ നിന്നുള്ള വിദേശ മലയാളികളില്‍ 37.5 ശതമാനവും സൗദി അറേബ്യയിലാണ് പണിയെടുത്തിരുന്നത്. എന്നാല്‍ 2003 ല്‍ അത് 26.7 ശതമാനവും 2008 ല്‍ അത് 23 ശതമനമഅയും കുറഞ്ഞു.1998 വരെ 31 ശതമാനം പേരാണ് യു എ ഇ ലേക്ക് ജോലി തേടി പോയതെങ്കില്‍ 2008 ല്‍ അത് 41.9 ശതമാനമായി വര്‍ദ്ധിച്ചു. ഈ കാഘട്ടത്തില്‍ യു എ ഇ യുടെ വികസനരംഗത്തെ കുതിച്ച് ചാട്ടവും വേതനത്തിലും സ്വാതന്ത്ര്യത്തിലും ലഭിച്ച വര്‍ദ്ധനവുമാണെന്നത് പ്രത്യേകം എടുത്ത് പറയേണ്ടത്കേരളത്തിലെ തൊഴിലില്ലായ്മക്ക് കാര്യമായ പരിഹാരം കാണാന്‍ ഗല്ഫ് കുടിയേറ്റം കൊണ്ട് കഴിഞ്ഞതായി പഠനം വ്യക്തമക്കുന്നു.1998 ല്‍ കേരളത്തിലെ തൊഴിലില്ലയ്മ 11.2 ശതമാനമായിരുന്നു. 2003 ല്‍ അത് 19.2 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ 2008ല്‍ അത് 8.6 ശതമാനമായി കുത്തനെ താഴ്ന്നു.ഈ കാലഘട്ടത്തില്‍ ഗല്‍ഫ് രാജ്യങളിലേക്കുള്ള മലയാളികളുടെ ജോലിക്ക് വേണ്ടിയുള്ള കുടിയേറ്റം വര്‍ദ്ധിച്ചതും ഗല്‍ഫ് പണം ഉപയോഗിച്ച് സ്വകാര്യ മേഖലയില്‍ നിരവധി വ്യവസായ സംരംഭങല്‍ തുടങിയതും തൊഴിലില്ലായ്മയുടെ രൂക്ഷത കുറയാന്‍ കാരണമായിട്ടുണ്ട്.ഗള്‍ഫ് മലയാളികളില്‍ 40 ശതമാനത്തില്‍ കൂടുതല്‍ മുസ്ലിങളും 37.7 ശതമാനം ഹിന്ദുക്കളും 21.2 ശതമാനം ക്രൈസ്തവരുമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.എറ്റവും കൂടുതല്‍ നിക്ഷേപം മലപ്പുറം ജില്ലയിലെ പ്രവാസിളില്‍ നിന്നാണ് 35 ശതമാനം ഏറ്റവും കുറവ് ഇടുക്കി 1.5 ശതമാനം. പ്രവാസി മലയാളികളുടെ നിക്ഷേപം ദേശിയ ശരാശരിയുടെ 31 ശതമാനമാണ്. സാമ്പത്തിക മാന്ദ്യം ലോകത്തെ മറ്റെല്ലാ രാജ്യങളെയും പ്രതികൂലമായി ബാധിച്ചപ്പോള്‍ പ്രവാസി നിക്ഷേപത്തിന്റെ കാര്യത്തില്‍ കേരളത്തെ കാര്യമായി ബാധിച്ചില്ലായെന്നും പഠനം വ്യക്തമാക്കുന്നു. മാത്രമല്ല സംസ്ഥാനത്തിന്ന് ഇതുവരെയുള്ള മൊത്തം കടങളുടെയും മുക്കാല്‍ പങ്കും വീട്ടാന്‍ കഴിയും വിധം ശക്തമാണ് നമ്മുടെ പ്രവാസി നിക്ഷേപത്തിന്റെ തോത്.കേരളത്തിന്നും ഇന്ത്യക്കും അഭിമാനകരമായി സാമ്പത്തിക സുരക്ഷിതത്തവും സാമൂഹ്യ സുരക്ഷിതത്തവും ഉറപ്പ് വരത്താന്‍ മരുഭൂമിയില്‍ ജീവിതം ഹോമിക്കുന്നവരുടെ ഉന്നമനത്തിന്നു വേണ്ടി യാതൊന്നും ചെയ്യാന്‍ കേന്ദ്ര-കേരള ഗവണ്മണ്ടുകള്‍ തയ്യാറാകുന്നില്ലായെന്നത് എറെ പ്രതിഷേധാര്‍ഹമാണ്
CDS .A decade of kerala's gulf connection by K.C Zachariah
Wednesday, September 30, 2009
മനുഷ്യച്ചങല. ചരിത്രവഴിയിലൂടെ

Saturday, September 26, 2009
അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത്സിങിന്റെ 102 -)ം ജന്മദിനം 2009 സെപ്തംബര്‍ 27 ന്ന് .
അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത്സിങിന്റെ 102 -)ം ജന്മദിനം 2009 സെപ്തംബര്‍ 27 ന്ന് .
വിപ്ളവകാരികള്‍ക്കെന്നും ആവേശവും സാമ്രാജ്യത്വ ശക്തികള്‍ക്ക് ഉള്‍ക്കിടിലവുമായ അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത്സിങിന്റെ 102 -)ം ജന്മദിനം 2009 സെപ്തംബര്‍ 27 ന്നാണ്സാമ്രാജ്യത്വ കോളനിവാഴ്ചക്കെതിരെ പടപൊരുതി ജീവത്യാഗം ചെയ്യേണ്ടിവന്ന രക്തസാക്ഷികളുടെ പട്ടികയില്‍ ഭഗത്സിങിന്റെ പേര് എന്നും മുന്‍നിരയിലാണ്. അഹിംസാവാദിയായ മഹാത്മാഗാന്ധി വിപ്ളവകാരികളെ 'ഭീകരവാദികള്‍' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഭഗത്സിങിനെക്കുറിച്ച് പറഞ്ഞത് ഇതായിരുന്നില്ല. 'ഭഗത്സിങിന്റെ ദേശഭക്തി, ധീരത, ഭാരതീയജനതയോടുള്ള അഗാധമായ സ്നേഹം ഇവയെക്കുറിച്ചോര്‍ക്കുമ്പോള്‍, ഇത്രമേല്‍ കാവ്യാത്മകമൊ കാല്പനികമൊ ആയ ജീവിതം ഒരിക്കലും മറ്റൊരാള്‍ക്ക് ഉണ്ടായിരുന്നില്ല' എന്നാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് പറഞ്ഞതാകട്ടെ "രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റെ അറ്റംവരെ സ്വാധീനം ചെലുത്തിയ വിപ്ളവ ചൈതന്യമായിരുന്നു ഭഗത്സിങ്: ആ ചൈതന്യം അജയ്യമായിരുന്നു, ഇതില്‍നിന്നും ജ്വലിക്കുന്ന അഗ്നിനാളം ഒരിക്കലും കെട്ടടങ്ങുകയില്ല' എന്നാണ്. വിപ്ളവകാരികളെ എന്നും നിന്ദിക്കുകയും, അവഗണിക്കുകയും ചെയ്തിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരന്‍ പട്ടാഭി സീതാരാമയ്യക്കു പോലും പറയേണ്ടിവന്നത് (1931 ലെ കറാച്ചി സമ്മേളനത്തില്‍) 'ഭഗത്സിങിന്റെ നാമധേയം ഗാന്ധിജിയിലുള്ളതുപോലെതന്നെ ഇന്ത്യയിലൊട്ടാകെ പ്രശസ്തമായിരുന്നു' എന്നാണ്. 'ഭഗത്സിങിന്റെ ധീരതയും ആത്മാര്‍പ്പണവും ഇന്ത്യന്‍ യുവാക്കള്‍ക്ക് എന്നും പ്രചോദനമരുളും' എന്ന് പണ്ഡിറ്റ് നെഹ്റുവും ഉല്‍ഘോഷിക്കുകയുണ്ടായി.ഇത്രയും ഉദ്ധരിച്ചത് ഭഗത്സിങ് ഒരു ഭീകരവാദിയായിരുന്നില്ലെന്നും, മറിച്ച് ഇന്ത്യന്‍ വിപ്ളവപ്രസ്ഥാനത്തെ ലക്ഷ്യബോധവും സംഘടിത സ്വഭാവവുമുള്ള ശക്തമായ ഒരു ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തിയെടുക്കുകയെന്ന കാലഘട്ടത്തിന്റെ അര്‍പ്പിത ദൌത്യം നിര്‍വഹിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും സാക്ഷ്യപ്പെടുത്താനാണ്.ഇന്ത്യന്‍ ചക്രവാളത്തില്‍ ഒരു മിന്നല്‍പ്പിണര്‍പോലെ ഉദിച്ചസ്തമിക്കുകയായിരുന്നു ഭഗത്സിങ് എന്ന വിപ്ളവജ്യോതി. യൌവനത്തിന്റെ തുടിപ്പില്‍ 24 -ാം വയസ്സിലാണ് രക്തസാക്ഷിത്വം വരിച്ചത്. രാഷ്ട്രീയ ജീവിതത്തിന് അഞ്ച് വര്‍ഷക്കാലം മാത്രം ആയുസ്. അതിനിടയില്‍ രണ്ടുവര്‍ഷവും ഒളിവില്‍. ഹ്രസ്വമായ ഈ കാലയളവിലാണ് ലോകവിപ്ളവ പ്രസ്ഥാനത്തിനു തന്നെ ആവേശമായും ഒരു യുഗത്തിന്റെ വഴികാട്ടിയായും ഭഗത്സിങ് കത്തിജ്വലിച്ചത്.ഭഗത്സിങിന്റെ കുടുംബം തന്നെ വിപ്ളവവീര്യത്തിന്റെ ഊര്‍ജസ്രോതസ്സായിരുന്നു. മുത്തച്ഛന്‍ കടുത്ത സാമ്രാജ്യത്വ വിരോധിയും സാമൂഹ്യപരിഷ്കര്‍ത്താവും പഞ്ചാബ് കേസരി ലാലാ ലജ്പത്റായിയുടെ സഹപ്രവര്‍ത്തകനുമായ അര്‍ജുന്‍സിങ്. അച്ഛന്‍ സാമ്രാജ്യത്വവിരുദ്ധ സമരത്തിലെ നായകത്വം വഹിച്ച് നിരവധിതവണ കാരാഗൃഹത്തിലടക്കപ്പെട്ട കിഷന്‍സിങ്. ഇളയച്ഛന്‍ അജിത്സിങ് ജന്മനാടിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ആജീവനാന്തം നാട് കടത്തപ്പെട്ടയാള്‍. മറ്റൊരിളയച്ഛന്‍ സ്വരന്‍സിങ് ബ്രിട്ടീഷ് തടവറയില്‍ കൊടിയ മര്‍ദനത്തിനു വിധേയനായി 23 -ാം വയസ്സില്‍ രക്തസാക്ഷിത്വം വരിച്ച വിപ്ളവകാരി. പിറന്നു വീഴുമ്പോള്‍തന്നെ കണ്ണും കാതും എതിരേറ്റത് സാമ്രാജ്യത്വ വിരുദ്ധതയുടെ ശബ്ദവും വെളിച്ചവുമായിരുന്നു. തന്റെ കുടുംബത്തോടും ഇന്ത്യന്‍ ജനതയോടു ബ്രിട്ടീഷ് സാമ്രാജ്യത്വം നടത്തുന്ന കൊടുക്രൂരതയോടും സമൂഹത്തിലെ പാരമ്പര്യ വിശ്വാസത്തിലധിഷ്ഠിതമായ അനാചാരങ്ങളോടുമുള്ള എതിര്‍പ്പും പകയുമാണ് ബാലനായ ഭഗത്തിന്റെ രാഷ്ട്രീയ വളര്‍ച്ചക്ക് മാറ്റ് കൂട്ടിയത്.വിപ്ളവാഗ്നിയുടെ കനല്‍കോരി ജ്വലിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക് ഭഗത്സിങ് സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് കേവലം 18 വയസ്സു മാത്രം പ്രായമായ കര്‍ത്താര്‍സിങ് സാരാഭായിയുടെ രക്തസാക്ഷിത്വമായിരുന്നു. ഒന്നാം ലാഹോര്‍ ഗൂഢാലോചന കേസിലെ പ്രതിയാക്കിയാണ് ഭരണകൂടം ഈ ബാലനെ തൂക്കിലേറ്റിയത്. വധശിക്ഷക്കു വിധിച്ച ന്യായാധിപന്‍ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു: 'ഇവന്‍ ഒരിളം പൈതലാണെങ്കിലും കുറ്റവാളികളില്‍വെച്ച് ഏറ്റവും വലിയ അപകടകാരിയാണ്. ആകയാല്‍ ഇവനോട് തെല്ലും ദാക്ഷിണ്യമില്ല'. ന്യായാധിപന്റെ മുഖത്തുനോക്കി ആ കൊച്ചു വിപ്ളവകാരി പറഞ്ഞു: 'നിങ്ങളുടെ അടിമയായി കഴിയുന്നതിനെക്കാള്‍ അഭികാമ്യം എനിക്കീ കൊലക്കയറില്‍ ജീവന്‍ വെടിയുന്നതാണ്. എനിക്കൊരു പുനര്‍ജനി സാധ്യമാകുമെന്നു സങ്കല്‍പ്പിച്ചാല്‍ ഇനിയും അടര്‍ക്കളത്തിലിറങ്ങും'.കര്‍ത്താറിന്റെ ഈ വാക്കുകള്‍ ഭഗത്സിങിന്റെ ബാല മനസ്സില്‍ ശിലാഫലകം പോലെ കൊത്തിവെക്കപ്പെട്ടു. തന്റെ രാഷ്ട്രീയ ഗുരുവായി കര്‍ത്താറിനെ മനസ്സില്‍ പ്രതിഷ്ഠിച്ചു. പിന്നീട് ഭഗത്സിങ് തന്നെ ഇങ്ങനെ പറഞ്ഞു: 'കൊടുങ്കാറ്റില്‍ നിന്ന് കൊളുത്തിയ അഗ്നിപര്‍വതം കണക്കെ ജ്വലിച്ച ആ സംഭവം, സ്വപ്നം കാണുന്ന എന്റെ മനസ്സിലെ സമര ഖഡ്ഗത്തെ ഉണര്‍ത്താന്‍ ശ്രമിച്ചു' എന്നാണ്.ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോള്‍ ഭഗത്തിനു 12 വയസ്സ്. ലാഹോറിലെ പ്രൈമറി വിദ്യാലയത്തില്‍ പഠിക്കുമ്പോഴാണ് ക്ളാസ് മുറിയില്‍വെച്ച്, ലോകത്തെ ഞെട്ടിച്ച സാമ്രാജ്യത്വ കൂട്ടക്കൊലയുടെ വിവരം കാതില്‍ തുളച്ചുകയറിയത്. ഭഗത്സിങിന്റെ മനസ്സ് രോഷവും സങ്കടവും കൊണ്ട് വിജൃംഭിതമായി. രണ്ട് മുന്നുദിവസം ക്ളാസില്‍ പോകാനേ കഴിഞ്ഞില്ല. പിന്നീട് ഏകാന്ത പഥികനായി ആ സമര ഭൂവിലേക്ക് നടന്നുപോയി. രക്തപ്പുഴയൊഴുകി ചുവന്നുതുടുത്ത ആ മണ്ണില്‍ നിന്നും ഒരുപിടി എടുത്ത് സ്ഫടിക കുപ്പിയില്‍ നിറച്ചു. പിന്നെ കണ്ണടച്ച് ഇപ്രകാരം പ്രതിജ്ഞയെടുത്തു.'മാതൃഭൂമിക്കായി ബലിയര്‍പ്പിച്ച നിങ്ങളുടെ മഹായജ്ഞം പൂര്‍ത്തിയാക്കാന്‍ ഉശിരോടെ ഞാന്‍ ശ്രമിക്കും. ലക്ഷ്യം നേടാനായില്ലെങ്കില്‍ എന്റെ ജീവനും സസന്തോഷം ബലിയര്‍പ്പിക്കും'.പഠനത്തോടൊപ്പം രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കും ആ ബാലന്‍ ആകൃഷ്ടനായി. ഗാന്ധിയന്‍ ആദര്‍ശങ്ങളോട് തീരെ പ്രതിപത്തി തോന്നിയില്ല. അതിനുള്ള കാരണങ്ങളില്‍ ഒന്ന്, ഇന്ത്യയിലാകെ കൊടുങ്കാറ്റായി ആഞ്ഞടിച്ച നിസ്സഹകരണ സമരം മഹാത്മജി പൊടുന്നനെ ഉപേക്ഷിച്ചതുതന്നെ. 1922 ഫെബ്രുവരി 5 -ലെ ചൌരി ചൌരാ സംഭവം ഇതിനൊരു നിമിത്തമായി എടുത്താണ് സമരാഗ്നിയില്‍ മഹാത്മജി വെള്ളമൊഴിച്ചതെന്നും, ഗാന്ധിയന്‍ മുറ ഇന്ത്യയുടെ മോചനത്തിന് അഭികാമ്യമല്ലെന്നും ഭഗത്സിങ് ഉറച്ചുവിശ്വസിച്ചു. ഒപ്പം റഷ്യയിലെ മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ അലയും, മാര്‍ക്സിസം ലെനിനിസത്തിന്റെ ബാലപാഠവും ഭഗത്സിങിനെ വിപ്ളവ പാതയിലേക്ക് നയിച്ചു.ഈ സന്ദേശമാണ് ഭഗത്സിങിനെയും സഖാക്കളെയും ഹിന്ദുസ്ഥാന്‍ റിപ്പബ്ളിക്കന്‍ അസോസിയേഷന്‍ "ഹ്ര'' (ഒഞഅ) എന്ന വിപ്ളവ സംഘടനക്ക് ജന്മം നല്‍കാനും, വടക്കെ ഇന്ത്യയിലാകെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ പുതിയ ദിശയിലേക്ക് തിരിച്ചുവിടാനും സഹായിച്ചത്. 'ഹ്ര'യുടെ വ്യാപനം പൊതുവെ ഗാന്ധിയന്‍ മാര്‍ഗത്തില്‍ വിരക്തിപൂണ്ട ഇന്ത്യന്‍ യുവത്വത്തെ ഹഠാദാകര്‍ഷിച്ചു. ഭഗത്സിങിന്റെ തീക്ഷ്ണമായ ബുദ്ധിശക്തിയും പാണ്ഡിത്വവും, തന്റേടവും, ആത്മാര്‍ഥതയും, വിവിധ ഭാഷാ പണ്ഡിത്യവും, പ്രകാശിതമായ കര്‍മൌത്സുക്യവും, സാഹിത്യ രചനയിലെ നൈപുണ്യവുമെല്ലാം അദ്ദേഹത്തെ ഇന്ത്യയിലെ അറിയപ്പെടുന്ന വിപ്ളവകാരികളില്‍ ഒരാളാക്കി മാറ്റിക്കഴിഞ്ഞിരുന്നു.'ഹ്ര'യുടെ പ്രവര്‍ത്തനത്തെ വല്ലാതെ പിടിച്ചുലച്ച സംഭവമായിരുന്നു 'കക്കോരി ഗൂഢാലോചന കേസ്'. കോണ്‍പൂര്‍ ആസ്ഥാനമാക്കി റാം പ്രസാദ് ബിസ്മിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഒരു വിപ്ളവ ഗ്രൂപ്പ്, തങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള ധനം കണ്ടെത്താന്‍, തീവണ്ടിയില്‍ കൊണ്ടുപോവുകയായിരുന്ന സര്‍ക്കാര്‍ പണപ്പെട്ടി കൊള്ളയടിച്ച സംഭവമാണ് 'കക്കോരി ഗൂഢാലോചന' കേസ്. ഈ കേസിന്റെ മറവില്‍ നിരപരാധികളായ പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത്, 'ഹ്ര' യെ തകര്‍ക്കുക കൂടിയായിരുന്ന സാമ്രാജ്യത്വ ലക്ഷ്യം. ബിസ്മിലി നും നാല് പ്രവര്‍ത്തകര്‍ക്കും വധശിക്ഷ നല്‍കുകയും 'ഹ്ര'യുടെ നിരവധി നേതാക്കള്‍ തുറുങ്കിലടക്കപ്പെടുകയും ചെയ്തതോടെ കടുത്ത പ്രതിസന്ധിയെ സംഘടനക്ക് നേരിടേണ്ടിവന്നു. എന്നാല്‍ ഒളിവില്‍നിന്നുകൊണ്ട് ഭഗത്സിങ് നിരോധിക്കപ്പെട്ട 'ഹ്ര'ക്കു പകരം 'നൌജവാന്‍ ഭാരത് സഭ'യെന്ന പുതിയ സംഘടനക്ക് ജന്മം നല്‍കി. മതസൌഹാര്‍ദം, പന്തിഭോജനം തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രാജ്യത്തിനു രാഷ്ട്രീയ സ്വാതന്ത്യ്രത്തോടൊപ്പം സാമ്പത്തിക സ്വാതന്ത്യ്രം കൂടി കൈവരണമെന്നും, തൊഴിലാളികളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ ഒരു സോഷ്യലിസ്റ്റ് ഭരണകൂടം ഉണ്ടാവണമെന്നും സഭയുടെ പരിപാടിയില്‍ നിര്‍ദേശിച്ചു. റാകിഷന്‍ പ്രസിഡന്റും ഭഗത്സിങ് സെക്രട്ടറിയുമായ സഭ വിവിധ സംസ്ഥാനങ്ങളില്‍ ശക്തി കേന്ദ്രമായി വളര്‍ന്നു.എന്നാല്‍ ഭഗത്സിങിനെ ഭരണകൂടം അറസ്റ്റ് ചെയ്ത് രണ്ടുവര്‍ഷം ജയിലിലടച്ചു. ജയിലില്‍വെച്ചും പോരാട്ടം തുടരുകയായിരുന്നു ആ വിപ്ളവകാരി. 80 ദിവസം നീണ്ടുനിന്ന നിരാഹാരം ലോകശ്രദ്ധ പിടിച്ചു പറ്റി. ഭഗത്സിങിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യയാകെ മുറവിളികൂട്ടി. ഒടുവില്‍ ദേശീയ നേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.രണ്ട് വര്‍ഷത്തെ കാരാഗൃഹവാസത്തിനുശേഷം ജയില്‍ മോചിതനായ ഭഗത് വര്‍ധിതവീര്യത്തോടെ കര്‍മരംഗത്തിറങ്ങി. മന്ദീഭവിച്ച 'ഹ്ര'യെ പുനഃസംഘടിപ്പിക്കാന്‍ 1929 സെപ്തംബര്‍ 8,9 തീയതികളില്‍ കോണ്‍പൂരില്‍ സമ്മേളിച്ചു. ഭഗത്സിങ്, രാജഗുരു, സുഖദേവ്, യശ്പാല്‍, ഭഗവതീചരന്‍ വോറ, സുശീലാദേവി തുടങ്ങി 60 പ്രമുഖ നേതാക്കള്‍ പങ്കെടുത്ത സമ്മേളനം ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ളിക്ക് എന്ന പുതിയ സംഘടനക്ക് രൂപം കൊടുത്തു. 'ഹസ്ര' (ഒൃമ) വിപ്ളവപ്രവര്‍ത്തനം ഊര്‍ജിതമാക്കി. നിരോധിക്കപ്പെട്ട ഹസ്രയുടെ പ്രവര്‍ത്തകര്‍ ഒളിവില്‍ പ്രവര്‍ത്തിച്ചു.ഭഗത്സിങിന്റെയും സഖാക്കളുടെയും ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായിരുന്നു കോണ്‍ഗ്രസ് നേതാവായ ലാലാ ലജ്പത് റായിയുടെ കൊലപാതകം. ഇന്ത്യയില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട ഭരണ പരിഷ്കാരത്തെക്കുറിച്ച് പഠിക്കാന്‍ ബ്രിട്ടന്‍ നിയോഗിച്ച സൈമണ്‍ കമീഷനെ ബഹിഷ്കരിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്നു. കമീഷന്‍ എത്തുന്നേടത്തെല്ലാം 'ഗോ ബേക്ക്' വിളിച്ച് മടക്കി അയക്കുകയായിരുന്നു സമരമുറ. 1928 ഒക്ടോബര്‍ 30ന് ലാഹോറിലെ റെയില്‍വെ സ്റ്റേഷനിലെത്തിയ കമീഷനെതിരെ പ്രതിഷേധിച്ചപ്പോഴാണ് വന്ദ്യവയോധികനായ ലാലാജിയെ പൊലീസ് തിരഞ്ഞുപിടിച്ച് മര്‍ദിച്ചത്. ഭഗത്സിങടക്കം പ്രതിരോധനിര സൃഷ്ടിച്ചെങ്കിലും ലാലാജി മര്‍ദനത്തിനു വിധേയനായി നവംബര്‍ 17 ന് അന്ത്യശ്വാസം വലിച്ചു. ഭാരതത്തെയാകെ കണ്ണീരിലാഴ്ത്തിയ ഈ സംഭവത്തിനു പ്രതികാരം ചെയ്യാന്‍ 'രക്തത്തിനു പകരം രക്തം' എന്ന മുദ്രാവാക്യമുയര്‍ത്തി സമരം നടത്താന്‍ ഭഗത്സിങും സഖാക്കളും പദ്ധതിയിട്ടു. ദിവസങ്ങള്‍ക്കകം സാന്റേഴ്സ് എന്ന പൊലീസുദ്യോഗസ്ഥനെ വധിച്ചുകൊണ്ടായിരുന്നു തങ്ങളുടെ പ്രതികാരാഗ്നി അടക്കിയത്. ഭഗത് ഒരു കൊലക്കേസില്‍ കൂടി പ്രതിയായി.നിസ്സഹകരണ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയോടെ നിര്‍ജീവമായ കോണ്‍ഗ്രസ് ഗാന്ധിജിയുടെ വ്യക്തിപ്രഭാവത്തില്‍ വീണ്ടും സജീവമാകാന്‍ തുടങ്ങി. മറുഭാഗത്ത്'ഹസ്ര'യുടെ കൊടിക്കീഴില്‍ വിപ്ളവപ്രസ്ഥാനവും ശക്തിപ്പെട്ടു. ആളിപ്പടരുന്ന ജനകീയ പ്രക്ഷോഭത്തെ നേരിടാന്‍ ബ്രിട്ടീഷ് ഭരണകൂടം ശക്തമായ നിയമം കൊണ്ടുവന്നു. പൊതുരക്ഷാബില്‍, പത്രനിയന്ത്രണ ബില്‍, തൊഴില്‍ തര്‍ക്കബില്‍ എന്നിവയായിരുന്നു അത്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ ഹസ്ര തീരുമാനിച്ചു. നിയമനിര്‍മാണ സഭയില്‍ ബോംബെറിഞ്ഞ് പ്രതിഷേധിക്കുകയും ആവശ്യങ്ങളടങ്ങിയ ലഘുലേഖ രക്തലിപികളാല്‍ എഴുതി വിതരണം ചെയ്യുകയും രക്ഷപ്പെടാതെ അറസ്റ്റ് വരിക്കുകയും ചെയ്യാന്‍ തീരുമാനമെടുത്ത് ദൌത്യത്തിന്റെ ചുമതല ധീരന്മാരായ ഭഗത്സിങിനെയും ബടുകേശ്വര്‍ ഭത്തിനെയും ഏല്‍പ്പിച്ചു.1929 ഏപ്രില്‍ 8 ന് നിയമനിര്‍മാണ സഭ ചേരുമ്പോഴേക്കും ഏറെ സാഹസികമായ പ്രവര്‍ത്തനത്തിലൂടെ ബോംബും ലഘുലേഖയുമായി സമ്മേളന ഗാലറിയില്‍ ഹാജരായി. മോത്തിലാല്‍ നെഹ്റുവിന്റെ പാസാണ് സംഘടിപ്പിച്ചത്. ബില്‍ അവതരിപ്പിക്കാനുള്ള പ്രഖ്യാപനം സഭാധ്യക്ഷനായ വിക്തല്‍ ഭായ് പട്ടേല്‍ പുറപ്പെടുവിക്കുന്ന മാത്രയില്‍ വിജനമായ തറയിലേക്ക് ഭഗത്സിങ് ബോംബ് വലിച്ചെറിഞ്ഞു. വന്‍ സ്ഫോടനത്തില്‍ സഭാംഗങ്ങള്‍ ഞെട്ടിവിറച്ചു. 'ഇങ്ക്വിലാബ് സിന്ദാബാദ്' വിളികള്‍കൊണ്ട് ഹാള്‍ മുഖരിതമായി. പുകപടലംകൊണ്ട് പരിസരം മൂടപ്പെട്ടു. ആത്മരക്ഷാര്‍ഥം പലരും പലവഴിക്ക് കുതിച്ചു.നിര്‍ഭയരായി, തങ്ങളെ ഏല്പിച്ച ദൌത്യം നിര്‍വഹിച്ച ആത്മസംതൃപ്തിയോടെ രണ്ട് വിപ്ളവകാരികളും സഭാതലത്തില്‍തന്നെ ഇരിപ്പുറപ്പിച്ചു. ഏറെ സമയത്തിനുശേഷം ഭയപ്പാടോടെ അറച്ചറച്ച് കടന്നുവന്ന സുരക്ഷാ ഭടന്മാര്‍ക്കു മുമ്പില്‍ കരങ്ങള്‍ നീട്ടി സുസ്മേരവദനരായി അറസ്റ്റ് വരിച്ചു. വാര്‍ത്ത ബ്രിട്ടീഷ് കൊട്ടാരത്തെ ഞെട്ടിച്ചു. രാജ്യമാകെ ഭഗത്സിങിന്റെ ധീരനടപടി ചര്‍ച്ചാവിഷയമായി.1929 നാണ് ബോംബ് കേസ് വിചാരണ ആരംഭിച്ചത്. ആസഫലിയും ഭാര്യ അരുണാ ആസഫലിയുമാണ് ഭഗത്സിങിനുവേണ്ടി കേസ് വാദിച്ചത്. കോടതിയില്‍ എത്തുമ്പോഴെല്ലാം സഖാക്കള്‍ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഭരണകൂടത്തിന്റെ ഓരോ വാദങ്ങളെയും ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്യ്രേഛയുടെയും ആത്മാവിഷ്കാരത്തിന്റെയും ഭാഷയില്‍ പ്രതിരോധിച്ചു. തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ച പ്രസ്താവനകള്‍ വായിച്ചു. ഇന്ത്യന്‍ വിപ്ളവ ചരിത്രത്തിലെ അമൂല്യ രേഖയാണ് ഈ പ്രസ്താവനകള്‍.ജയിലിനകത്തും വിപ്ളവകാരികള്‍ പ്രക്ഷോഭമാരംഭിച്ചു. നിരാഹാര സമരം, രക്തസാക്ഷി ദിനാചരണം, ലെനില്‍ ചരമദിനാചരണം തുടങ്ങിയവ ഇതില്‍ പ്രധാനം. ലെനിന്‍ ദിനത്തില്‍ കോടതിയില്‍ ഹാജരായത് ചുവന്ന ടവല്‍ കഴുത്തില്‍ ചുറ്റിയും 'സോഷ്യലിസ്റ്റ് വിപ്ളവം നീണാള്‍ വാഴട്ടെ, ലെനിന്റെ നാമം അനശ്വരം, സാമ്രാജ്യത്വം തുലയട്ടെ' എന്ന മുദ്രാവാക്യം മുഴക്കിയുമാണ്.ഒടുവില്‍, പ്രതീക്ഷിച്ചതു പോലെതന്നെ ആ ധീരവിപ്ളവകാരികളെ വധശിക്ഷക്കു വിധിച്ചു. രാജ്യം ഇളകിമറിഞ്ഞു. ജീവന്‍ രക്ഷിക്കാന്‍ നിയമസഹായ സമിതി രൂപീകരിച്ചു. ഇതിനോട് പ്രതികരിച്ച് ഭഗത്സിങ് പറഞ്ഞു. 'ബ്രിട്ടീഷ് ഭരണത്തിന് ഞങ്ങളുടെ ജീവനാണ് ആവശ്യം, സമിതിക്ക് ലഭിച്ച പണംകൊണ്ട് തടവുകാര്‍ക്ക് പുസ്തകം വാങ്ങുകയും കുടുംബത്തെ സംരക്ഷിക്കുകയും ചെയ്യുക'.മരണത്തിന്റെ നിമിഷങ്ങള്‍ അടുക്കുന്തോറും ഭഗത്സിങ് ഏറെ സന്തോഷവാനായിരുന്നു. ഭഗത്സിങിനെ ഈ ഘട്ടത്തില്‍ സന്ദര്‍ശിച്ച ജവാഹര്‍ലാല്‍ നെഹ്റു തന്റെ ആത്മകഥയില്‍ വിവരിക്കുന്നതിങ്ങനെയാണ്. 'ആകര്‍ഷകവും പ്രജ്ഞാശക്തി ദ്യോതിപ്പിക്കുന്നതുമായ ആ മുഖം പ്രശാന്തവും സൌമ്യവുമായിരുന്നു. ക്രോധത്തിന്റെ ഒരു ലാഞ്ഛന പോലും അവിടെ നിഴലിച്ചില്ല. അദ്ദേഹത്തിന്റെ പെരുമാറ്റവും സംസാരവും മാന്യമായ നിലയിലായിരുന്നു.'തടവറയില്‍ കഴിയവെ സഹപ്രവര്‍ത്തകനായ ബടുകേശ്വര്‍ ദത്തിനയച്ച കത്തില്‍ ഭഗത്സിങ് ഇങ്ങനെ രേഖപ്പെടുത്തി. 'ഞാന്‍ സന്തോഷപൂര്‍വം കൊലമരത്തിലേറും. വിപ്ളവകാരികള്‍ എത്രമാത്രം ധീരതയോടെയാണ് തങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കുന്നതെന്ന് ലോകത്തിനു കാണിച്ചുകൊടുക്കും'.ശിക്ഷ നടപ്പാക്കുന്നതിനിടയിലെ ഏതാനും മാസത്തെ ഇടവേളകള്‍ ഭഗത്സിങ് പുസ്തകവായനയുടെ ലഹരിയിലായിരുന്നു. വായിച്ചും എഴുതിയും അവശേഷിച്ച ദിവസങ്ങള്‍ ഉല്ലാസപൂര്‍വം ചെലവഴിച്ചു. ഇതിനിടയില്‍ ജീവന്‍ ബലികഴിച്ചെങ്കിലും ജയിലില്‍നിന്നും മോചിപ്പിക്കാമെന്ന് വിപ്ളവകാരികളായ സുഹൃത്തുക്കള്‍ ഭഗത്തിനോട് കുറിപ്പുമുഖേന അറിയിച്ചു. അവര്‍ക്ക് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. 'പാര്‍ടിയും അതിന്റെ മഹത്തായ ത്യാഗങ്ങളും എന്നെ ഏറ്റവും ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. ജീവിച്ചിരുന്നാല്‍ അത് നിലനിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല.... ധീരതയോടെ മന്ദഹാസവുമായി തൂക്കിലേറിയാല്‍ ഭാരതത്തിലെ അമ്മമാര്‍ എന്നെ മാതൃകയാക്കാന്‍ തങ്ങളുടെ സന്താനങ്ങളെ പ്രേരിപ്പിച്ചു കൊള്ളും. ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാനെന്ന് സ്വയം കരുതുന്നു'.1931 മാര്‍ച്ച് 23 നാണ് ഭഗത്സിങ് രക്തസാക്ഷിത്വം വരിച്ചത്. രാത്രി 7 മണിക്കാണ് സമയമായ വിവരം മജിസ്ട്രേട്ട് അറിയിച്ചത്. അപ്പോള്‍ ആ വിപ്ളവകാരി ലെനിന്റെ ഭരണകൂടവും വിപ്ളവവുമെന്ന പുസ്തകം ആര്‍ത്തിയോടെ വായിക്കുകയായിരുന്നു. ഏതാനും പേജുകള്‍മാത്രം അവശേഷിക്കുന്നു. ഏതാനും മിനുട്ട് ക്ഷമിക്കണമെന്നും ഇതൊന്നു വായിച്ച് തീര്‍ത്തോട്ടെ എന്നുമുള്ള ഭഗത്സിങിന്റെ അഭ്യര്‍ഥന മജിസ്ട്രേട്ടിനെ അത്ഭുതസ്തബ്ധനാക്കി. വായിച്ചു തീര്‍ത്ത് പുസ്തകം മടക്കിവെച്ച് പുഞ്ചിരിതൂകി മജിസ്ട്രേട്ടിനോട് പറഞ്ഞു. 'മിസ്റ്റര്‍ മജിസ്ട്രേട്ട്, ഭാരതത്തിന്റെ വീരപുത്രന്മാര്‍ എത്രമാത്രം ധീരതയോടെയാണ് തങ്ങളുടെ ഉന്നതാദര്‍ശങ്ങള്‍ക്കുവേണ്ടി കഴുമരത്തെ സ്വീകരിക്കുന്നതെന്ന് നേരിട്ട് കാണാന്‍ പോകുന്ന നിങ്ങള്‍ ഭാഗ്യവാന്‍തന്നെ!'ഭഗത്സിങും സുഖദേവും രാജ്ഗുരുവും ഇരുവശങ്ങളിലുമായി തോളില്‍ കൈയിട്ട് മുദ്രാവാക്യം മുഴക്കി കഴുമരത്തിന്റെ തട്ടിലേക്ക് നടന്നടുത്തു. കൊലക്കയര്‍ കഴുത്തിലണിയിക്കാന്‍ ആരാച്ചാരെ അനുവദിച്ചില്ല. സ്വയം കഴുത്തിലണിഞ്ഞ് ആവേശ ഭരിതരായി ഉച്ചൈസ്തരം ഉല്‍ഘോഷിച്ചു. "ഭാരത് മാതാകീ ജെയ്... ഇന്‍ക്വിലാബ് സിന്ദാബാദ്.'' ഭാരതം ഒന്നടങ്കം ഈ നിമിഷത്തില്‍ വിറങ്ങലിച്ചു നിന്നു.രക്തസാക്ഷികളുടെ ജഡത്തെപ്പോലും ബ്രിട്ടീഷ് ഭരണകൂടം നിന്ദിച്ചു. മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് പാതിവെന്ത മൃതദേഹം നദിയിലൊഴുക്കിയാണ് പ്രതികാരം തീര്‍ത്തത്. എന്നാല്‍ വിവരമറിഞ്ഞ ജനാവലി ഒന്നടങ്കം കുതിച്ചെത്തി നദിയില്‍നിന്നും ഭൌതിക ശരീരം വീണ്ടെടുത്ത് ഭക്ത്യാദരപൂര്‍വം സംസ്കരിച്ചു. വിപ്ളവകാരികളുടെ ഭൌതിക ശരീരത്തെ നശിപ്പിക്കാം. എന്നാല്‍ അവര്‍ ഉയര്‍ത്തിവിട്ട ആശയത്തിന്റെ പ്രസ രണത്തെ തടുക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ലെന്ന സന്ദേശം ഭഗത്സിങ് ലോകത്തിന് നല്‍കുന്നു.
കടപ്പട്.വിവിധ പുസ്തകങള്‍,ലേഖനങള്‍
Saturday, August 29, 2009
ആശയസമരപ്പോരാളി, വിവാദങ്ങളുടെ കൂട്ടാളി
എന്‍.പി. രാജേന്ദ്രന്‍
അദ്ദേഹം എഴുതിയതും പറഞ്ഞതുമെല്ലാം ഇനിയുമേറെക്കാലം തലമുറകളെ സ്വാധീനിച്ചു കൊണ്ടിരിക്കും. അധികാരത്തിനോ പ്രശംസയ്‌ക്കോ പ്രസിദ്ധീകരണത്തിനോ വേണ്ടി ആരെയും വണങ്ങാനും നിന്നിട്ടില്ല അദ്ദേഹംപതിനെട്ടാംവയസ്സില്‍ ആദ്യത്തെ ലേഖനം പ്രസിദ്ധീകരിച്ചുകൊണ്ടാരംഭിച്ചതാണ് ഇ.എം. ശങ്കരന്‍നമ്പൂതിരിപ്പാടിന്റെ ആശയസമരം. അവസാനിച്ചത് എണ്‍പത്തെട്ടാം വയസ്സില്‍ മരിക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പെഴുതിയ ലേഖനത്തോടെയും. അവസാനിച്ചു എന്നുപറയാനാവില്ല. അദ്ദേഹം എഴുതിയതും പറഞ്ഞതുമെല്ലാം ഇനിയുമേറെക്കാലം കേരളത്തിനകത്തും പുറത്തും ജനിക്കാനിരിക്കുന്ന തലമുറയെക്കൂടി സ്വാധീനിച്ചുകൊണ്ടിരിക്കും.ലോകത്തൊരിടത്തും ഒരു പൊതുപ്രവര്‍ത്തകന്‍, രാഷ്ട്രീയനേതാവ്, ഭരണാധികാരി ഇത്രയും ആശയങ്ങള്‍ എഴുതിയും പ്രസംഗിച്ചും ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടാവില്ല. മുടങ്ങാത്ത ദിനചര്യയായിരുന്നു അദ്ദേഹത്തിന് എഴുത്തും വായനയും. സൂര്യനുദിക്കുന്നതിന് മുമ്പ് തുടങ്ങുമത്. ഏതുതിരക്കിലും മുടങ്ങുകയുമില്ല. പുസ്തകമായും ലേഖനമായും ലഘുലേഖയായും ചോദ്യോത്തരമായും പംക്തികളായുമെല്ലാം. എഴുതിയതെല്ലാം രാഷ്ട്രീയം മാത്രം. സാഹിത്യവും ജീവചരിത്രവും അദ്ദേഹത്തിന് രാഷ്ട്രീയത്തിന്റെ അനുബന്ധങ്ങള്‍ മാത്രമായിരുന്നു. എത്രമാത്രം അദ്ദേഹം എഴുതിയിട്ടുണ്ടാവും? കൃത്യമായ കണക്കുകളില്ല. അനേകായിരം പേജ് വരുമെന്നുമാത്രം പറയാനാകും. ആദ്യകാലത്തെ പല രചനകളും കണ്ടെത്താനായിട്ടില്ല. ബാക്കിയുള്ളവ അദ്ദേഹത്തിന്റെ മരണശേഷം സമാഹരിക്കാന്‍ തീരുമാനിച്ചു- ആകെ നൂറു വാള്യങ്ങളാണ് ലക്ഷ്യമിട്ടത്. മുന്നൂറു-നാനൂറുപേജുള്ള സഞ്ചികകള്‍. നാല്പതിനായിരത്തോളം പേജ് വരും അതാകെ. പൂര്‍ത്തിയായാല്‍ അതൊരു റെക്കോഡ് ആകാം.എഴുത്തും പ്രസംഗവും അദ്ദേഹത്തിന് പോരാട്ടത്തിന്റെ ആയുധങ്ങളായിരുന്നു. ഉറക്കമുണരുമ്പോള്‍ തുടങ്ങുകയായി ആശയങ്ങളെ മിനുക്കുകയും മൂര്‍ച്ചകൂട്ടുകയും ചെയ്യുന്ന പണി. എഴുത്തിലും പ്രസംഗത്തിലുമായി അത് നിരന്തരം വീശിയെറിഞ്ഞുകൊണ്ടേയിരുന്നു. ആശയലോകത്ത് ഓരോന്നും പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു. വയലോരങ്ങളിലും പീടികത്തിണ്ണകളിലും മുതല്‍ ബുദ്ധിജീവികളുടെ ദന്തഗോപുരങ്ങളില്‍ വരെയത് ചര്‍ച്ചാവിഷയമായി. വിവാദങ്ങളായി പൊട്ടിത്തെറിച്ച ഒരുപാട് കാര്യങ്ങള്‍ സാധാരണമനുഷ്യരുടെ മനസ്സുകളില്‍ മായാതെ എന്നും അവശേഷിച്ചു. പ്രസംഗകനും പൊതുപ്രവര്‍ത്തകനുമായ ഏതൊരാള്‍ക്കും വലിയ വെല്ലുവിളിയാകേണ്ട ശാരീരിക ദൗര്‍ബല്യമാണ് വിക്ക്. ഇ.എം.എസ്സിന് അതും ഒരു സൗകര്യമായെന്നാണ് അറിയുന്നവര്‍ പറയുന്നത്. പ്രസംഗത്തിനിടയില്‍, ചോദ്യങ്ങള്‍ക്കുമുമ്പില്‍ ആശയങ്ങളെ രാകിമിനുക്കാനും നല്ല വാക്കുകള്‍ തിരയാനുമുള്ള ചെറു ഇടവേളകളായി അത് മാറി. ലോകത്തൊരിടത്തും ഒരു 'വിക്കന്റെ' പ്രസംഗം കേള്‍ക്കാന്‍ ഇത്രയേറെ ആളുകള്‍ തിങ്ങിക്കൂടിയിട്ടുണ്ടാവില്ല. അട്ടഹാസമോ അലര്‍ച്ചയോ കോലാഹലമോ സാഹിത്യഭംഗിയോ ഇല്ലാത്ത പ്രസംഗങ്ങളില്‍ രാഷ്ട്രീയവിശകലനങ്ങളല്ലാതെ കേട്ടുരസിക്കാവുന്ന മറ്റൊന്നുമുണ്ടാകാറില്ല. അളന്നുമുറിച്ച വാചകങ്ങളില്‍ ബുദ്ധിയിലേക്ക് ആഞ്ഞുതറയ്ക്കുന്ന ആശയങ്ങള്‍ മാത്രം. പ്രസംഗങ്ങളെല്ലാം എഡിറ്റിങ് നടത്താതെ പ്രസ്സിലേക്കയക്കാവുന്ന ലേഖനങ്ങളായിരുന്നു. തന്റെ പാര്‍ട്ടിയുടെയും തന്റെ രാഷ്ട്രീയ വിശ്വാസങ്ങളുടെയും താത്പര്യങ്ങള്‍ക്കൊത്ത് അദ്ദേഹത്തിന്റെ ആശയങ്ങളും അഭിപ്രായങ്ങളും മാറിമറിഞ്ഞുകൊണ്ടിരുന്നു. എല്ലാ മാറ്റങ്ങളെയും വൈരുദ്ധ്യങ്ങളെയും വിശ്വസനീയമായി അവതരിപ്പിക്കാനും അവയ്ക്ക് ന്യായങ്ങള്‍ ചമയ്ക്കാനും അദ്ദേഹത്തിന് അസാധാരണമായ വൈദഗ്ദ്ധ്യമുണ്ടായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ പോലും കുശാഗ്രബുദ്ധിയും ആഴത്തിലുള്ള അറിവും ഇത്രത്തോളം ഉപയോഗപ്പെടുത്തിയ മറ്റൊരു നേതാവില്ല. അതുകൊണ്ടുതന്നെ ബുദ്ധിരാക്ഷസന്‍ എന്ന് നിരവധിപേര്‍ ആരാധനാപൂര്‍വവും കുറെപ്പേരെങ്കിലും ആക്ഷേപമായും വിളിച്ചുപോന്നിട്ടുണ്ട്. പ്രത്യക്ഷത്തിലുള്ള ശരികളില്‍ ചിലപ്പോഴെങ്കിലും ഒളിച്ചുവെച്ചത് ചോദ്യം ചെയ്യപ്പെടാവുന്ന നിലപാടുകളായിരുന്നു. 1962 ലെ ചൈന ആക്രമണകാലത്ത് ചൈന അവകാശവാദമുന്നയിച്ച പ്രദേശത്തെ അദ്ദേഹം ''അവര്‍ അവരുടേതെന്നും നാം നമ്മുടേതെന്നും അവകാശപ്പെടുന്ന പ്രദേശം'' എന്ന് വിശേഷിപ്പിച്ചത് ഇന്നും ആരും മറന്നിട്ടില്ല. അതൊരു തമാശയായിരുന്നില്ല. ചൈനയുടെയും ഇന്ത്യയുടെയും അവകാശവാദങ്ങള്‍ക്ക് തുല്യപ്രാധാന്യം നല്‍കുക എന്നത് ഒരു രാഷ്ട്രീയ നിലപാടായിരുന്നു. രാജ്യദ്രോഹപരം എന്നുകുറ്റപ്പെടുത്താവുന്ന നിലപാട്. പക്ഷേ ഒറ്റനോട്ടത്തില്‍ അതില്‍ പിശകില്ലെന്നതും സത്യം. ഇ.എം.എസ്സിന്റെ ബുദ്ധിയില്‍ മാത്രം ജനിക്കുന്ന ഒരു പ്രയോഗം.വിപ്‌ളവത്തിനുവേണ്ടി സജ്ജമാക്കിയ പാര്‍ട്ടി ലോകത്തിലാദ്യമായാണ് തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നത്. ബൂര്‍ഷ്വാഭരണഘടനയ്ക്ക് കീഴില്‍, കേന്ദ്രത്തിലെ 'മുതലാളിത്ത പിന്തിരിപ്പന്‍' ഭരണത്തിന്റെ ശാസനകള്‍ക്ക് വഴങ്ങി ഭരണം നടത്തേണ്ടിവന്നു. അപ്പോള്‍ അനുദിനം ഉയര്‍ന്നുവന്നത് എണ്ണമറ്റ പ്രതിസന്ധികളായിരുന്നു. ഇ.എം.എസ്സിനെപ്പോലൊരു ധിഷണാശാലിക്കുപോലും പരിഹാരം കണ്ടെത്താന്‍ കഴിയുന്നതായിരുന്നില്ല ആശയപരമായും നയപരവും പ്രായോഗികവുമായുള്ള പല പ്രതിസന്ധികളും. സ്വാഭാവികമായും പ്രായോഗികതയ്ക്ക് മുന്‍തൂക്കം നല്‍കി ഒരുപാട് ഒത്തുതീര്‍പ്പുകള്‍ വേണ്ടിവന്നു. 1967 ആയപ്പോഴേക്ക് കൂട്ടുകക്ഷി മന്ത്രിസഭയായി. എക്കാലവും വര്‍ഗീയപാര്‍ട്ടിയെന്ന് ആക്ഷേപിക്കാറുള്ള മുസ്‌ലിംലീഗുമായും വിമോചനസമരം എന്ന കൊടുംപാപത്തില്‍ പങ്കാളികളായിരുന്ന ആര്‍.എസ്.പി, സോഷ്യലിസ്റ്റ്, കെ.എസ്.പി, കെ.ടി.പി. തുടങ്ങിയ പാര്‍ട്ടികളുമായുമുള്ള സഖ്യത്തെ ന്യായീകരിക്കാന്‍ ഇ.എം.എസ്സിന് ഒരുപാട് സിദ്ധാന്തങ്ങള്‍ ചമയ്‌ക്കേണ്ടിവന്നു. കോണ്‍ഗ്രസ്സിനെ താഴെയിറക്കാന്‍ ''ഏത് ചെകുത്താനുമായും കൂട്ടുകൂടു''മെന്ന പ്രഖ്യാപനം കുറെക്കാലം ഒരു ശൈലിയായി നിലനിന്നു. സംസ്ഥാനത്തെഭരണം നടത്തുന്ന പാര്‍ട്ടിക്ക് കേന്ദ്രത്തിനെതിരെ സമരം നടത്താന്‍ പറ്റുമെന്ന് തെളിയിക്കാന്‍ 'ഭരണത്തിനൊപ്പം സമരം' എന്നസിദ്ധാന്തമുണ്ടാക്കി. ''ഭരണത്തിലിരിക്കാന്‍ സമരം വെടിയില്ല, സമരം ചെയ്യാന്‍ വേണ്ടി ഭരണവും വെടിയില്ല'' എനായി നയം. വിദ്യാര്‍ഥിസമരങ്ങളെ പൊലീസ് അടിച്ചമര്‍ത്തുന്നതിനെ ന്യായീകരിക്കാന്‍ ''ലാത്തിപുല്ലാങ്കുഴലൊന്നുമല്ല'' എന്ന ന്യായം പറയേണ്ടിവന്നു. ''കണ്ണിലെ കൃഷ്ണമണി പോലെ മുന്നണിയിലെ ഐക്യം കാത്തുസൂക്ഷിക്കൂഎന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ആ ശൈലീപ്രയോഗം മാത്രം നിലനിന്നു, മുന്നണിയിലെ ഐക്യം നിലനിന്നില്ല. അവസാനം വരെ വിവാദങ്ങളുടെ പിരിയാത്ത കൂട്ടുകാരനായിരുന്നു ഇ.എം.എസ്. ഒന്നുതീരുമ്പോള്‍ മറ്റൊന്നു, അദ്ദേഹം പുത്തന്‍ വിവാദങ്ങള്‍ തൊടുത്തുവിട്ടുകൊണ്ടിരുന്നു. ഒരു തവണ കുമാരനാശാനെക്കുറിച്ചാണെങ്കില്‍ മറ്റൊരിക്കല്‍ ശരീയത്തിനെക്കുറിച്ച്, ഇനിയുമൊരിക്കല്‍ രാമായണത്തെക്കുറിച്ച്. വാര്‍ത്തയില്‍ സ്ഥാനംപിടിക്കാനാണ് അദ്ദേഹം വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്ന് അദ്ദേഹത്തിന്റെ കടുത്ത ശത്രുക്കള്‍പോലും ആക്ഷേപിക്കുമായിരുന്നില്ല. പാര്‍ട്ടിയുടെയും പ്രത്യയശാസ്ത്രത്തിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഓരോന്നും തൊടുത്തുവിട്ടത്. അതുകൊണ്ടുതന്നെ മുസ്‌ലിംലീഗ് വര്‍ഗീയപാര്‍ട്ടിയാണെന്നും ന്യൂനപക്ഷതാത്പര്യം സംരക്ഷിക്കുന്ന ജനാധിപത്യപാര്‍ട്ടിയാണെന്നും മാറ്റിപ്പറയേണ്ടിവന്നിട്ടുണ്ട്. അബ്ദുല്‍നാസര്‍ മഅദനിയും മഹാത്മാഗാന്ധിയെപ്പോലൊരു നിര്‍ദോഷ മതമൗലികവാദിയാണെന്ന് ലേഖനമെഴുതിയത് വിവാദമായപ്പോള്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി ഹര്‍കിഷണ്‍ സിങ്ങ് സുര്‍ജിത്തിന് നയം വ്യക്തമാക്കാന്‍ വേറെ ലേഖനം എഴുതേണ്ടിവന്നിട്ടുണ്ട്. വിശ്വാസികള്‍ മതത്തില്‍ വിശ്വസിച്ചിരുന്നതുപോലെയാണ് അദ്ദേഹം കമ്യൂണിസത്തില്‍ വിശ്വസിച്ചിരുന്നതെന്ന് വിമര്‍ശകര്‍ പറയാറുണ്ട്. പലപ്പോഴും മാര്‍ക്‌സിയന്‍ ആശയങ്ങളില്‍ അത്തരത്തിലുള്ള ഉറച്ച വിശ്വാസം അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ മുതലാളിത്തപുനഃസ്ഥാപനം നടക്കുമെന്നആശങ്ക പ്രകടിപ്പിച്ച ചോദ്യകര്‍ത്താവിനോട് അദ്ദേഹം തിരിച്ചുചോദിച്ചത് മനുഷ്യന് കുരങ്ങനിലേക്ക് തിരിച്ചുപോകാനാകുമോ എന്നാണ്. പക്ഷേ ആ മുതലാളിത്ത പുനഃസ്ഥാപനം അദ്ദേഹത്തിന് ജീവിതകാലത്ത് കാണേണ്ടിവന്നു. ''ബൂര്‍ഷ്വാസി തന്നെ പ്രശംസിക്കുമ്പോള്‍, നരഭോജികളാല്‍ പ്രശംസിക്കപ്പെടാന്‍ എന്ത് ദ്രോഹമാണ് നീ തൊഴിലാളിവര്‍ഗത്തിന് ചെയ്തത്'' എന്ന് താന്‍ സ്വയം ചോദിക്കാറുണ്ടെന്ന് ജര്‍മന്‍ മാര്‍ക്‌സിസ്റ്റ് നേതാവ് ആഗസ്ത് ബെബല്‍ എഴുതിയത് ഇ.എം.എസ് വിയോജനകുറിപ്പുകള്‍എന്ന ലേഖനസമാഹാരത്തിലെ ലേഖനത്തില്‍ എം.റഷീദ് ഉദ്ധരിക്കുന്നുണ്ട്.ഇ.എം.എസ്. മറ്റൊരു രീതിയില്‍ തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പറയുകയുണ്ടായി. പക്ഷേ, കേരളത്തില്‍ അദ്ദേഹത്തോളം പ്രശംസിക്കപ്പെട്ട മറ്റൊരാള്‍ രാഷ്ട്രീയക്കാര്‍ക്കിടയിലോ അരാഷ്ട്രീയക്കാര്‍ക്കിടയില്‍പോലുമോ ഇരുപതാംനൂറ്റാണ്ടില്‍ ഉണ്ടായിട്ടില്ലെന്ന് പറയാം. പുകഴ്ത്തലുകളെ നിസ്സംഗതയോടെ കേട്ടിരുന്ന അദ്ദേഹം വിമര്‍ശകര്‍ക്കെതിരെ പടക്കിറങ്ങാറുമില്ല. പൊതുവേദിയില്‍ രൂക്ഷവിമര്‍ശനം നടത്തിയ കാലത്തും നേരിട്ടുകാണുമ്പോള്‍ ''നമുക്ക് ആശയസമരം തുടരാം'' എന്ന് ചിരിച്ചുകൊണ്ടേ പറയാറുണ്ടായിരുന്നുള്ളൂ എന്ന് ഇ.എം.എസ്സുമായി ഏറെ ആശയസമരങ്ങള്‍ നടത്തിയിട്ടുള്ള കെ. വേണു പറയുന്നു. അധികാരത്തിനോ പ്രശംസയ്‌ക്കോ പ്രസിദ്ധീകരണത്തിനോ വേണ്ടി ആരെയും വണങ്ങാനും നിന്നിട്ടില്ല അദ്ദേഹം. ഏറെ ആവര്‍ത്തിക്കപ്പെട്ടതാണ് തന്റെ വിക്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വലിയ തമാശ. എപ്പോഴും വിക്കുണ്ടോ എന്ന ചോദ്യത്തിന് ഇല്ല സംസാരിക്കുമ്പോള്‍ മാത്രമെന്ന തിരിച്ചടി കിട്ടിയത് പ്രശസ്തനായ ഒരു വിദേശപത്രപ്രവര്‍ത്തകനാണ്.
ഇ.എം.എസ്സിനെ എന്തിന് ഓര്‍ക്കുന്നു ? .
സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ സുപ്രധാനപങ്കുവഹിച്ച ധീരദേശാഭിമാനിയും ഐക്യകേരളത്തിന്റെ വികസനത്തിന് മൂലക്കല്ലുകള്‍ നാട്ടിയ ആദ്യത്തെ മുഖ്യമന്ത്രിയും തൊഴിലാളിവര്‍ഗത്തിന്റെ വിമോചനസമരത്തിന് വഴികാട്ടിയായിരുന്ന ദത്തുപുത്രനും ഉച്ചരിച്ച ഓരോ വാക്കും ലോകം ശ്രദ്ധിച്ച സൈദ്ധാന്തികനുമായിരുന്നു ഇ.എം.എസ്.ആ മഹാനെക്കുറിച്ചുള്ള മരിക്കാത്ത ഓര്‍മകള്‍ക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.ജന്മശതാബ്ദി എന്ന ഔപചാരികതയില്‍ പരിമിതപ്പെടുത്തേണ്ടതല്ല ഈ ഓര്‍മദിനം. ആ ജീവിതം ഒരുപാട് സന്ദേശങ്ങള്‍ നമുക്ക് കൈമാറിയതായിക്കാണാം. ജനാധിപത്യരാജ്യത്ത് തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരാന്‍ അവസരം ലഭിച്ച ആദ്യ കമ്യൂണിസ്റ്റ്‌നേതാവ് ഇ.എം.എസ് ആയത് യാദൃച്ഛികമാവാം. എന്നാല്‍ അന്ന് ആ അധികാരം അദ്ദേഹം കൈകാര്യംചെയ്ത രീതി ചരിത്രത്തിനുതന്നെ പാഠമായി. സ്വതന്ത്രതിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുക, ബഹുകക്ഷി ജനാധിപത്യത്തിന്റെ രീതികള്‍ക്ക് വഴങ്ങുക, സ്വകാര്യമൂലധനത്തിന് സംരക്ഷണം നല്‍കുക തുടങ്ങിയ ''ബുര്‍ഷ്വാ ജനാധിപത്യ ആശയങ്ങള്‍'' കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ന് ലോകമെങ്ങും സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ആദ്യമാതൃക ഇ.എം.എസ്സായിരുന്നു. ആ പരീക്ഷണം അകാലത്തില്‍ അവസാനിപ്പിച്ചതിന് പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവന്നത് അദ്ദേഹമോ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണമോ അല്ലെന്നതിന് വലിയ അര്‍ഥതലങ്ങളുണ്ട്.ഏഴുകക്ഷികളുടെ മുന്നണിയെ നയിച്ചാണ് 1967-ല്‍ അദ്ദേഹം മുഖ്യമന്ത്രിയായത്. മുന്നണിരാഷ്ട്രീയത്തിന്റെ അലിഖിതമായ ഏറെ ചട്ടങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും ആ രാഷ്ട്രീയാനുഭവം രൂപം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ ഭരണംതന്നെ ഇന്ന് നടക്കുന്നത് ആ മാതൃക പിന്‍പറ്റിയാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. മതാധിഷ്ഠിത പാര്‍ട്ടികളുമായും കമ്യുണിസ്റ്റ്‌വിരുദ്ധരുമായും ബന്ധം സ്ഥാപിച്ചതും നിയമസഭയിലെ ഏകാംഗകക്ഷികള്‍ക്കുപോലും മന്ത്രിസ്ഥാനം നല്‍കിയതുമെല്ലാം അന്നേറെ വിമര്‍ശിക്കപ്പെട്ടിരുന്നുവെങ്കിലും ഇ.എം.എസ് അതിനെല്ലാം സൈദ്ധാന്തികന്യായങ്ങള്‍ കെണ്ടത്തിയിരുന്നു. അവയെല്ലാം അവസരവാദപരമായ തത്ത്വങ്ങളായിരുന്നുവെന്ന് ഇന്ന് പറയാനാവില്ല.ഗാന്ധിസത്തില്‍നിന്ന് ഏറെ അകലെയാണ് മാര്‍ക്‌സിസം. എന്നാല്‍ ഇ.എം.എസ് ഗാന്ധിസത്തിന്റെ മൂല്യങ്ങള്‍ ജീവിതാന്ത്യംവരെ മുറുകെപ്പിടിച്ചു. സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ചുവളര്‍ന്ന് അധികാരത്തിന്റെ ഉയരങ്ങളില്‍ എത്തിയിരുന്നെങ്കിലും അങ്ങേയറ്റം ലളിതമായ ജീവിതമാണ് അദ്ദേഹം നയിച്ചത്. സ്വത്തുകള്‍ മുഴുവന്‍ പാര്‍ട്ടിക്ക് നല്‍കി പാര്‍ട്ടി നല്‍കുന്ന അലവന്‍സ്‌കൊണ്ട് ജീവിക്കുകയെന്നത്, രാഷ്ട്രീയപ്രവര്‍ത്തനം സ്വത്ത്‌സമ്പാദനത്തിനുള്ള ഉപാധിയാക്കി മാറ്റിയവരുടെ എണ്ണം പെരുകിവരുന്ന ഇക്കാലത്ത് ചിന്തിക്കാന്‍പോലും കഴിയുന്ന കാര്യമല്ല.ഉന്നതമായ ജനാധിപത്യബോധത്തോടെ, സഹിഷ്ണതയോടെ, പ്രതിപക്ഷബഹുമാനത്തോടെ വിമര്‍ശനങ്ങളെ നോക്കിക്കാണാന്‍ ഇ.എം.എസ്സിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ദൈനംദിന മാധ്യമഇടപെടലുകള്‍ ഏറെയും എതിരാളികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും വിമര്‍ശനങ്ങള്‍ക്കുള്ള മറുപടികളായിരുന്നു. തീപാറുന്ന ആശയസമരങ്ങളില്‍ അദ്ദേഹം പട നയിച്ചിട്ടുണ്ട്. എന്നാല്‍ എതിരാളികളെ അധിക്ഷേപിക്കാനോ അവരുടെ വിമര്‍ശങ്ങളുടെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യാനോ മുതിരാറില്ല അദ്ദേഹം. ആ മറുപടികളില്‍ പ്രകടമാകാറുള്ള വിനയം ശത്രുക്കളെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്. തന്റെ നിലപാടുകളിലെ ശരി എതിര്‍പക്ഷത്തെ ബോധ്യപ്പെടുത്താനുള്ള അവസരങ്ങളായേ അദ്ദേഹം സംവാദങ്ങളെ കണ്ടിട്ടുള്ളൂ. സംവാദങ്ങളെല്ലാം സ്പര്‍ധനിറഞ്ഞ, കലുഷമായ വ്യക്തിയുദ്ധങ്ങളായി മാറുന്ന ഈ കാലത്ത് എങ്ങനെയാണ് ഈ മഹത്വത്തെക്കുറിച്ചോര്‍ക്കാതിരിക്കുക. എളിമയോടെ പെരുമാറുമ്പോള്‍ത്തന്നെ സ്വന്തം ആശയങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുംവേണ്ടി ആരുടെ മുന്നിലും തലയെടുപ്പോടെ നില്‍ക്കാന്‍ ആ ചെറിയ മനുഷ്യന് കഴിഞ്ഞിരുന്നു.പ്രശംസകള്‍ക്കും ബഹുമതികള്‍ക്കും അംഗീകാരങ്ങള്‍ക്കുംവേണ്ടി ഒരിക്കലും തലനീട്ടിനിന്നിട്ടില്ലെങ്കിലും അവയെല്ലാം സമൃദ്ധമായി അദ്ദേഹത്തില്‍ ചൊരിയപ്പെട്ടിട്ടുണ്ട്. ഒരിക്കലും കറുത്ത മഷിപ്പൊട്ട് നന്മയുടെ ആ ശുഭ്രതയില്‍ ആരും തെറിപ്പിച്ചിട്ടില്ല. ഇ.എം.എസ്സില്‍നിന്ന് നാം പഠിക്കേണ്ട വലിയ പാഠവും അതുതന്നെ. ഗാന്ധിജിയെക്കുറിച്ച് ആല്‍ബര്‍ട് ഐന്‍സ്റ്റിന്‍ പറഞ്ഞത് ഒരു പരിധിവരെയെങ്കിലും ഇ.എം.എസ്സിനെക്കുറിച്ചും പറയാവുന്നതാണ്. ''ഇങ്ങനെയൊരു മനുഷ്യന്‍ ഈ മണ്ണിലൂടെ നടന്നുപോയിരുന്നുവെന്ന് വരുംതലമുറകള്‍ വിശ്വസിക്കുകയില്ല.''
കടപ്പാട് മാത്രുഭൂമി
സര്ഗധനന്
സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി പ്രത്യേക ലേഖിക പി.എസ്. നിര്‍മല നടത്തിയ അഭിമുഖം
*ഇ.എം.എസ്സിന്റെ ഒസ്യത്ത് എന്താണെന്നാണ് താങ്കള്‍ കരുതുന്നത് ?ചരിത്രപരമായിനോക്കിയാല്‍, ഇന്ത്യയില്‍ ഒരു സര്‍ഗധനനായ മാര്‍ക്‌സിസ്റ്റ് എന്ന നിലയില്‍ ഇ.എം.എസ്. വ്യതിരിക്തമായ സംഭാവനയാണ് നല്‍കിയത്. അതാണ് ഇന്ന് നമുക്ക് ആവശ്യം. മാര്‍ക്‌സിസം ഒരു വരട്ടുതത്ത്വമല്ലെന്ന ഇ.എം.എസ്സിന്റെ തുറന്ന മനസ്സാണ് നാം പിന്തുടരേണ്ടത്. അദ്ദേഹം മാര്‍ക്‌സിസത്തെ സൃഷ്ടിപരമായി പ്രയോഗിക്കാനാണ് ശ്രമിച്ചിരുന്നത്. ചില തെറ്റുകള്‍ അദ്ദേഹം വരുത്തിക്കാണും. പക്ഷേ, സൃഷ്ടിപരമായി മാര്‍ക്‌സിസം പ്രയോഗത്തില്‍ വരുത്താന്‍ നാം ശ്രമിച്ചില്ലെങ്കില്‍, ഒരു സിദ്ധാന്തമെന്ന നിലയില്‍ അതിന് അതിജീവിക്കാന്‍ ഒരിക്കലും കഴിയുകയില്ല. അത് നിരന്തരം പുതുക്കപ്പെടണം, ചൈതന്യവത്കരിക്കപ്പെടണം. അതാണ് ഇ.എം.എസ്സിന്റെ ഒസ്യത്ത് എന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ സൃഷ്ടിപരമായി പ്രയോഗിക്കപ്പെടാവുന്ന ഒന്നാണ് മാര്‍ക്‌സിസം എന്ന് കാണിച്ചുതന്നു എന്നതാണ് ഇ.എം.എസ്സിന്റെ ഒസ്യത്ത്. ഇതിന്റെയടിസ്ഥാനത്തില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ വിജയിക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു. യുവാവായി സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലേയ്ക്ക് എടുത്തുചാടിയപ്പോള്‍ മുതല്‍ അന്ത്യംവരെ, ഇതുസാധ്യമാണെന്നാണ് അദ്ദേഹം കാണിച്ചുതന്നത്. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒസ്യത്ത്.* ഇ.എം.എസ്സിനെ ഗുരുവായിട്ടാണ് കണക്കാക്കിയിട്ടുള്ളതെന്ന് മുന്‍പ് പറഞ്ഞിട്ടുണ്ടല്ലോ...ഗുരുവായിട്ട് പറഞ്ഞിട്ടില്ല. ഇ.എം.എസ്. എന്നില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മദ്രാസില്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഇ.എം.എസ്സിന്റെ പുസ്തകങ്ങള്‍ വായിച്ചിരുന്നു. 'കേരളം ഇന്നലെ ഇന്ന് നാളെ' ആണ് ഞാന്‍ വായിച്ച ആദ്യ പുസ്തകം. ഗവേഷണവേളയില്‍ ആ സമയത്ത് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ മിക്കവാറും പുസ്തകങ്ങള്‍ വായിക്കാന്‍ എനിക്കു കഴിഞ്ഞു. 1968-69 കാലത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അതെന്റെ രാഷ്ട്രീയ ധാരണ വ്യക്തമാക്കി. മൊത്തത്തില്‍ ഇടതുപക്ഷ ചിന്താഗതി വെച്ചുപുലര്‍ത്തിയിരുന്ന ആളാണ് ഞാന്‍. സി.പി.എമ്മില്‍ ചേരാനുള്ള തീരുമാനം സുവ്യക്തമായി കൈക്കൊള്ളാന്‍ എന്നെ സഹായിച്ചത് ഇ.എം.എസ്സിന്റെ പുസ്തകങ്ങളാണ്. അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനം വലുതാണ്.* ഒരു ബൗദ്ധിക സ്വാധീനം?അതെ. മാര്‍ക്‌സിസത്തോട് എനിക്ക് താത്പര്യമായിരുന്നു. പക്ഷേ, ഇന്ത്യയില്‍ ഞാന്‍ എന്തു ചെയ്യണം, ഏതു പാര്‍ട്ടിയില്‍ ചേരണം, ഏത് രാഷ്ട്രീയം ഞാന്‍ സ്വീകരിക്കണം. ഈ തീരുമാനങ്ങളൊക്കെ എടുത്തതില്‍ ഇ.എം.എസ്സിന്റെ പുസ്തകങ്ങളുടെ സ്വാധീനമാണുള്ളത്.* ഇ.എം.എസ്സുമായി പങ്കുവെച്ച എന്തെങ്കിലും സംഭാഷണങ്ങളോ, രസകരമായ അനുഭവങ്ങളോ പറയാമോ?ഞാന്‍ ആദ്യം ഇ.എം.എസ്സിനെ കണ്ടത് 1970 ലാണ്, അദ്ദേഹം ഒരു നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍. പട്ടാമ്പിയാണെന്നു തോന്നുന്നു. ഞാന്‍ മദ്രാസില്‍ നിന്ന് പട്ടാമ്പിയിലേക്ക് പോയി. പാര്‍ട്ടിയില്‍ ഞാന്‍ ചേര്‍ന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഞാന്‍ ഡല്‍ഹിയില്‍ വന്നു. ഡല്‍ഹിയില്‍ വെച്ച് ഞാന്‍ അദ്ദേഹത്തെ പതിവായി കാണുമായിരുന്നു. കാരണം ഞാന്‍ പാര്‍ലമെന്റ് ഓഫീസില്‍ എ.കെ.ജി.യോടൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. ഇ.എം.എസ്. ഡല്‍ഹിയിലെത്തുമ്പോഴൊക്കെ അദ്ദേഹത്തെ കാണാന്‍ അവസരമുണ്ടായി. ചിലപ്പോള്‍ കേരളത്തില്‍ വെച്ചും കണ്ടു.അക്കാലത്ത് എ.കെ.ജി.യോടൊപ്പം ഞാന്‍ ഏറെ യാത്രകള്‍ നടത്തിയിരുന്നു. ഞാന്‍ എ.കെ.ജി.യെ സഹായിക്കുന്ന കാലമായിരുന്നു. അങ്ങനെയൊരിക്കല്‍ കര്‍ണാടകത്തില്‍ വെച്ചു കണ്ടു. 1971 ലോ, 72 ലോ ഒരു തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ അവിടെ ഒരു ഗസ്റ്റ്ഹൗസില്‍ ഞങ്ങള്‍ക്ക് ഒരു മുറിപങ്കിടേണ്ടിവന്നു. ഇ.എം.എസ്സും, എ.കെ.ജി.യും ഞാനും ഒരു മുറിയില്‍. ഇ.എം.എസ്. പതിവുപോലെ രാവിലെ അഞ്ചുമണിക്കുണര്‍ന്നു. എന്നെ ഉണര്‍ത്താതിരിക്കാന്‍ അദ്ദേഹം ലൈറ്റിടാതെ ഇരുട്ടത്തു തന്നെ ഏറെ നേരം ഇരുന്നു! സാധാരണ അഞ്ചുമണിക്കുണര്‍ന്ന് വായനയില്‍ വ്യാപൃതനാകുന്ന ആളാണ്. എന്നെ ഉണര്‍ത്താതിരിക്കാന്‍ വേണ്ടി..... മറ്റുള്ളവരെപ്പറ്റി വലിയ പരിഗണനയായിരുന്നു അദ്ദേഹത്തിന്.1985 ല്‍ ഡല്‍ഹിയില്‍ പാര്‍ട്ടി കേന്ദ്രത്തില്‍ ചേര്‍ന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം പതിവായിത്തന്നെ പണിയെടുക്കാന്‍ തുടങ്ങി. കേന്ദ്രക്കമ്മിറ്റി ഓഫീസില്‍ ഇ.എം.എസ്. അന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ്. ഞാന്‍ കേന്ദ്രക്കമ്മിറ്റി അംഗവും. അപ്പോള്‍ മുതല്‍ എന്റെ ദൈനംദിന പ്രവര്‍ത്തനവും ബന്ധവും അദ്ദേഹവുമായിട്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെക്കുറിച്ചു ഞാന്‍ ഏറെ മനസ്സിലാക്കിയത്. പാര്‍ട്ടിയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന്, ചര്‍ച്ചകള്‍ എങ്ങനെ നടത്തണമെന്ന്, വ്യത്യസ്ത അഭിപ്രായക്കാരായ ആളുകളുമായി എങ്ങനെ ആശയവിനിമയം നടത്തണമെന്ന്, അവരുമായി എന്തെങ്കിലും പൊതുധാരണയിലെത്താന്‍ ശ്രമിക്കണമെന്ന്. തന്റെ സമീപനങ്ങളില്‍ ഇ.എം.എസ്. തികഞ്ഞ ജനനാധിപത്യവാദിയായിരുന്നു. ഞങ്ങളെ പരിചയക്കുറവുള്ള ജൂനിയര്‍ സഖാക്കളായല്ല അദ്ദേഹം കണ്ടത്. ഞങ്ങളുടെ വീക്ഷണങ്ങളും വിമര്‍ശനങ്ങളും അദ്ദേഹം വളരെ ഗൗരവമായി പരിഗണിച്ചു.*താങ്കളുടെ നോട്ടത്തില്‍, ഇ.എം.എസ്സിന്റെ ഏറ്റവും വലിയ സംഭാവന എന്താണ്?ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം നോക്കിയാല്‍, ഒരുപാട് സമുന്നതരായ നേതാക്കളെ അത് സൃഷ്ടിച്ചിട്ടുണ്ട്. അവരില്‍ നിരവധിപേര്‍ സ്വാതന്ത്ര്യ സമരത്തിലും സജീവമായി പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍നിന്നും അവര്‍ കമ്യൂണിസത്തിന്റെ പ്രത്യയശാസ്ത്രത്തിലേക്ക് ആകൃഷ്ടരായി വരികയായിരുന്നു. അവരില്‍ നിരവധിപേര്‍ 30 കളിലും 40 കളിലും പാര്‍ട്ടിയില്‍ ചേര്‍ന്നു. പക്ഷേ, ഇവരില്‍ നിന്നൊക്കെ ഇ.എം.എസ്. വ്യത്യസ്തനാണ്. അദ്ദേഹം മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം സ്വീകരിച്ചത് യാന്ത്രികമായ രീതിയിലായിരുന്നില്ല. തുടക്കം മുതലേ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മാര്‍ക്‌സിസം പ്രയോഗപ്പെടുത്തുന്നതില്‍ അദ്ദേഹം സൃഷ്ടിപരത കാണിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സംഭാവന ചെയ്തിട്ടുള്ളവരില്‍ ഏറ്റവും 'ഒറിജിന'ലും സര്‍ഗധനനുമായ മാര്‍ക്‌സിസ്റ്റ് ആയാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ഉദാഹരണത്തിന് മലബാറിലെ കാര്‍ഷിക ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനത്തിന്റെ കാര്യമെടുക്കാം. മലബാര്‍ കുടിയായ്മ കമ്മിറ്റിയില്‍ അംഗമായിരിക്കുമ്പോഴാണ് അദ്ദേഹം മദ്രാസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മലബാറിലെ കാര്‍ഷിക ബന്ധങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം ഒരു സൈദ്ധാന്തിക പഠനമല്ല. ജന്മിവ്യവസ്ഥയുടെ സമൂര്‍ത്ത സാഹചര്യങ്ങള്‍ അദ്ദേഹം പഠിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അവിടെ കര്‍ഷക പ്രസ്ഥാനത്തിനുവേണ്ട തന്ത്രം അദ്ദേഹം രൂപപ്പെടുത്തി. ഫ്യൂഡലിസത്തോട്, സാമ്രാജ്യത്വത്തോട്, എങ്ങനെ പൊരുതണമെന്നും ദേശീയ പ്രസ്ഥാനവുമായി അതിനെ എങ്ങനെ ബന്ധപ്പെടുത്തണമെന്നും. സമൂര്‍ത്ത സാഹചര്യങ്ങളെ പഠിച്ച്, അതില്‍ മാര്‍ക്‌സിസ്റ്റ് സമീപനം പ്രയോഗിച്ചാണ് അദ്ദേഹം മലബാറിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ തന്ത്രം ആവിഷ്‌കരിച്ചത്. ഇത് അദ്ദേഹം എല്ലാറ്റിലും പുലര്‍ത്തി. കേരള സമൂഹത്തിന്റെ ചരിത്രം പഠിച്ചപ്പോള്‍ 'ഒന്നരക്കോടി മലയാളികള്‍' എന്ന പത്രിക അദ്ദേഹം എഴുതി. പിന്നീട് അത് ഇംഗ്ലീഷില്‍ 'നാഷണല്‍ ക്വസ്റ്റ്യന്‍ ഇന്‍ കേരള'യായി പ്രസിദ്ധപ്പെടുത്തി. ഇതിലാണ് ആധുനിക, മതേതര കേരളത്തെ സംബന്ധിച്ച തന്റെ കാഴ്ചപ്പാട് അദ്ദേഹം ആവിഷ്‌കരിക്കുന്നത്. ഐക്യകേരളത്തിന്റെ, തിരുവിതാംകൂറും കൊച്ചിയും മലബാറും ചേര്‍ന്ന് കേരളത്തിന്റെ കാഴ്ചപ്പാട്. വാസ്തവത്തില്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യമെമ്പാടും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ക്കുവേണ്ടി പ്രക്ഷോഭം നടത്തിയത്. അങ്ങനെ ഏതുരംഗത്തും അദ്ദേഹം പഠനം നടത്തുമ്പോള്‍, മാര്‍ക്‌സിസം പ്രയോഗിച്ചു. അദ്ദേഹത്തിന്റെ മാര്‍ക്‌സിസ്റ്റ് രീതികള്‍പ്രയോഗിച്ചു, സ്വീകരിക്കേണ്ട പ്രായോഗിക രാഷ്ട്രീയ ലൈനുമായി മുന്നോട്ടുവന്നു. ഇത് മറ്റാര്‍ക്കുമില്ലാതിരുന്ന, തികച്ചും തന്‍േറതായ സൃഷ്ട്യുന്മുഖമായ സമീപനമായിരുന്നു. കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തിലും അദ്ദേഹം ഇത് കാണിച്ചുതന്നു.*അദ്ദേഹത്തിന്റെ സംഭാവന പ്രധാനമായും സൈദ്ധാന്തികമാണോ പ്രായോഗികതാവാദപരമാണോ?ഞാന്‍ വിചാരിക്കുന്നത് രണ്ടുമായിരുന്നു എന്നാണ്. പ്രയോഗമില്ലാതെ ഇ.എം.എസ്സില്ല. സൈദ്ധാന്തവത്കരണത്തിനൊപ്പം തന്നെ പ്രാക്ടിക്കലായ രാഷ്ട്രീയ പ്രവര്‍ത്തന പദ്ധതിയും അദ്ദേഹം തയ്യാറാക്കി. അദ്ദേഹത്തിന് പ്രത്യേകമായുണ്ടായിരുന്ന മറ്റൊരു ഗുണം ഈ സിദ്ധാന്തവും പ്രയോഗവും ജനങ്ങളുമായി സംവദിക്കാന്‍ കഴിഞ്ഞു എന്നതാണ്. ജനങ്ങള്‍ക്കു മനസ്സിലാവുന്ന ലളിതമായ രീതിയില്‍ അദ്ദേഹത്തിന് അത് ജനങ്ങളോടു പറയാന്‍ കഴിഞ്ഞു. സൈദ്ധാന്തികവിശകലനത്തിലൂടെയെത്തിയ നിഗമനവും, ഏതാണ് ദിശ, ഏതാണ് വഴി എന്നതും അദ്ദേഹത്തിന് ജനങ്ങളോട് പറയാന്‍ കഴിഞ്ഞു. അത് അദ്ദേഹം തന്റെ ലേഖനങ്ങളിലൂടെ, പംക്തികളിലൂടെ പത്രത്തിലെ മുഖപ്രസംഗങ്ങളിലൂടെ വ്യക്തമാക്കി. കേരളത്തില്‍ മറ്റാരും ചെയ്യാതിരുന്ന ഒരു കാര്യമാണ് ജനതയുമായുള്ള ഇത്തരം സംഭാഷണങ്ങള്‍.* മൊത്തത്തില്‍ നോക്കുമ്പോള്‍, ഇ.എം.എസ്സിന് മുമ്പ്, ഇ.എം.എസ്സിന് ശേഷം എന്ന് നമുക്ക് കാലഘട്ടത്തെ വിഭജിക്കാന്‍ കഴിയുമോ?ഞാനത് മറ്റൊരു തരത്തില്‍ പറയാം. ഇ.എം.എസ്. അദ്ദേഹത്തിന്റെ അവസാന വര്‍ഷങ്ങളില്‍ മുഴുകിയിരുന്ന നിരവധികാര്യങ്ങള്‍ ഇന്നും പ്രസക്തമാണ്. അതുകൊണ്ട് ഇ.എം.എസ്സിന് ശേഷം എന്ന ഒരു കാലഘട്ടമുണ്ടെന്ന് ഞാന്‍ പറയുകയില്ല. ഉദാഹരണത്തിന് ഇന്ത്യയില്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ വിപത്ത് മുന്‍കൂട്ടിക്കണ്ട ആദ്യത്തെ ദേശീയതല നേതാവായിരുന്നു അദ്ദേഹം. അദ്ദേഹം ആര്‍.എസ്.എസ്. -ബി.ജെ.പി. സംയുക്തം എന്ന വാക്കാണ് ഉപയോഗിച്ചത്. ആരും അത് മുന്‍പ് പറഞ്ഞിരുന്നില്ല. എണ്‍പതുകളുടെ തുടക്കത്തിലെ കാര്യമാണ്. ഈ സംയുക്തം രാജ്യത്തിന് അപകടകരമാകാന്‍ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയത ഇന്നും നമ്മുടെ രാജ്യത്ത് പ്രസക്തമായ പ്രശ്‌നമാണ്. പക്ഷേ, ഇത്തരമൊരു സ്ഥിതി ഉണ്ടാവുമെന്നും വര്‍ഗീയത ഭീഷണിയാകുമെന്നും ഭിന്നിപ്പിക്കുന്ന ഒരു ശക്തിയാവുമെന്നും അദ്ദേഹം മുന്‍കൂട്ടി കണ്ടു. 80 കളില്‍ത്തന്നെ അദ്ദേഹം വര്‍ഗീയതാ പ്രശ്‌നത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. കേരളത്തില്‍ വര്‍ഗീയ സംഘടനകളോ പാര്‍ട്ടികളോ ആയി ഒരു തരത്തിലുള്ള ബന്ധവും സി.പി.എം. ഉണ്ടാക്കരുതെന്ന് അദ്ദേഹം നിര്‍ബന്ധം പ്രകടിപ്പിച്ചു. കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ ഇതിനുവേണ്ടി ഞങ്ങള്‍ക്ക് പോരടിക്കേണ്ടിവന്നിട്ടുണ്ട്, വര്‍ഗീയമെന്നു കരുതപ്പെടുന്ന പാര്‍ട്ടികളുമായി ബന്ധം വിച്ഛേദിക്കാന്‍. അദ്ദേഹമിത് വളരെ മുന്നേ കണ്ടു എന്നാണ് പറഞ്ഞുവരുന്നത്. ഇതിന് ഇന്നും പ്രസക്തിയുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, കേരളത്തിലും വര്‍ഗീയത ഒരു പ്രസക്തഘടകമാണ്. ഇത്തരത്തില്‍ ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ചു മാത്രമല്ല, സോഷ്യലിസത്തിന്റെ ഭാവിയെക്കുറിച്ചും അദ്ദേഹം ചിന്തിച്ചിരുന്നു. അവസാനകാലങ്ങളില്‍ സോവിയറ്റ്‌യൂണിയനിലെ സോഷ്യലിസ്റ്റ് മോഡല്‍ പരീക്ഷണം പരാജയപ്പെട്ടതിന്റെ കാരണങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യണമെന്നും ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം കൂടുതല്‍ കൂടുതല്‍ നിര്‍ബന്ധിച്ചിരുന്നു. 21-ാം നൂറ്റാണ്ടില്‍ ഞങ്ങളിപ്പോഴും മനസ്സിലാക്കാന്‍ യത്‌നിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം അന്നുതന്നെ ആലോചിച്ചിരുന്നു എന്നര്‍ഥം. ഉത്തരം കണ്ടെത്താന്‍ വേണ്ടി അദ്ദേഹം ജീവിച്ചിരുന്നില്ല. പക്ഷേ, സോവിയറ്റ് യൂണിയനിലെന്താണ് സംഭവിച്ചത്, ചൈനയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നിവയെക്കുറിച്ച് പാര്‍ട്ടിയില്‍ ഗൗരവപൂര്‍ണവും പ്രത്യയശാസ്ത്രപരവുമായ ചര്‍ച്ചകളുണ്ടാവേണ്ടതിന്റെ ആവശ്യത്തെപ്പറ്റി അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. ഒരു മാതൃകാ സോഷ്യലിസം, നവീനവും പ്രസക്തവുമായ ഒരു മോഡല്‍, കാലത്തിന് യോജിച്ചത് ആവിഷ്‌കരിക്കാന്‍ വേണ്ടിയായിരുന്നു അത്. അദ്ദേഹം എപ്പോഴും കാലത്തിനു മുന്നേ ആയിരുന്നു. സിദ്ധാന്തത്തിന്റെ തലത്തില്‍ മാത്രമല്ല, തന്ത്രങ്ങളുടെ തലത്തിലും. അദ്ദേഹം തുടക്കമിടും. പാര്‍ട്ടിയില്‍ ആര്‍ക്കും അദ്ദേഹമെന്താണ് പറയുന്നതെന്ന് പോലും പിടികിട്ടാന്‍ സമയമെടുക്കും. മുന്‍പേ നടക്കുന്നയാള്‍, മാര്‍ഗദര്‍ശി, അദ്ദേഹമായിരുന്നു. അതെ, ആ അര്‍ഥത്തില്‍ ഇ.എം.എസ്സിന് ശേഷമുള്ള കാലഘട്ടത്തില്‍, അദ്ദേഹത്തെപ്പോലെ ദീര്‍ഘവീക്ഷണമുള്ള, വഴികാട്ടാന്‍ കഴിവുള്ള ഒരാള്‍ ഞങ്ങള്‍ക്കില്ല. അദ്ദേഹത്തിന്റെ മരണശേഷം ഞാനെഴുതിയ ഒരു ലേഖനത്തില്‍ ഞാനദ്ദേഹത്തെ 'മാര്‍ക്‌സിസ്റ്റ് വഴികാട്ടി' എന്നാണ് വിളിച്ചത്. ഇന്ന് ഇങ്ങനെയൊരാള്‍ നിശ്ചയമായും ഞങ്ങള്‍ക്കില്ല.*ഇ.എം.എസ്സിന് ശേഷമുള്ള കാലത്ത് പാര്‍ട്ടി നയങ്ങളില്‍ മാറ്റം വന്നുവോ?രാഷ്ട്രീയം സ്വാഭാവികമായും മാറും, കാലം മാറുമ്പോള്‍ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടാകും. ഇ.എം.എസ്സില്‍ നിന്ന് പഠിക്കാനുള്ള പാഠം എന്താണെന്നുവെച്ചാല്‍ നമുക്ക് നിശ്ചലമായിരിക്കാന്‍ കഴിയില്ല എന്നതാണ്. നമ്മുടെ ധാരണകള്‍ നിരന്തരം കാലത്തിനൊപ്പം പുതുക്കേണ്ടിയിരിക്കുന്നുവെന്നതാണ്, തന്ത്രങ്ങളിലും നയങ്ങളിലും ഉചിതമായ മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നുവെന്നതാണ്. അതിലൊരു 'മാസ്റ്റര്‍' ആയിരുന്നു അദ്ദേഹം.*വര്‍ഗീയതയെക്കുറിച്ച് പറയുമ്പോള്‍, കേരളത്തില്‍ തിരഞ്ഞെടുപ്പുവേളയില്‍ പി.ഡി.പി.യുമായി ഉണ്ടാക്കിയ ബന്ധം തെറ്റായിരുന്നുവെന്ന് തോന്നുന്നുണ്ടോ?ഞാന്‍ പറയുന്നത്, അദ്ദേഹം ഉയര്‍ത്തിയ ചോദ്യങ്ങള്‍, അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍-ഇവയ്‌ക്കൊക്കെ ഇന്നും പ്രസക്തിയുണ്ടെന്നാണ്. ഉവ്വ്, അത് പരിശോധിക്കേണ്ടിവരും.*ഇ.എം.എസ്സിന്റെ അഭാവം പാര്‍ട്ടിനേതൃത്വത്തില്‍ ഒരു ശൂന്യത സൃഷ്ടിച്ചുവെന്നു പറയാമോ?ഇല്ല, ഇ.എം.എസ്. തന്നെ അത് അങ്ങനെ കാണുമായിരുന്നില്ല. കൂട്ടായ നേതൃത്വത്തിലും കൂട്ടായ തീരുമാനമെടുക്കലിലും ഉറച്ചവിശ്വാസമുള്ളയാളായിരുന്നു അദ്ദേഹം. കൂട്ടായ ചില തീരുമാനമുണ്ടാകുമ്പോള്‍ ഇ.എം.എസ്. അതിനോട് യോജിക്കുമായിരുന്നു, അത് സ്വീകരിക്കുമായിരുന്നു. അതുകൊണ്ട് 'ശൂന്യ'തയുണ്ട് എന്ന് പറയാനാവില്ല. ഇ.എം.എസ്സിന്റെ ശൈലിയും സമീപനവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മൊത്തത്തിലും പാര്‍ട്ടിക്കും നേതൃത്വത്തിനും സ്വീകരിക്കാന്‍ കഴിയണം എന്നതാണ് വെല്ലുവിളി. അതെങ്ങനെ ചെയ്യണം. തീര്‍ച്ചയായും അത് വൈഷമ്യമുള്ള കാര്യമാണ്. ഞാന്‍ പറഞ്ഞതുപോലെ അദ്ദേഹമാണ് എപ്പോഴും കാര്യങ്ങളുടെ വേഗത നിര്‍ണയിച്ചിരുന്നത്. എപ്പോഴും ഞങ്ങള്‍ ഓടിയെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ശൈലിയും സമീപനവും ഞങ്ങള്‍ ഇനിയും സ്വീകരിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു.*1967-ലെ ഇ.എം.എസ്. മന്ത്രിസഭ കൂട്ടുകക്ഷി ഗവണ്മെന്റായിരുന്നല്ലോ. സഖ്യകക്ഷികളുമായുള്ള ബന്ധത്തെക്കുറിച്ച് ഇ.എം.എസ്സിന്റെ കാഴ്ചപ്പാട്?ഒരു ഗവെണ്മന്റില്‍ നമ്മള്‍ എങ്ങനെ പങ്കുവഹിക്കണമെന്നതു സംബന്ധിച്ചതാണ് ഇ.എം.എസ്സിന്റെ, പാര്‍ട്ടിക്കും പ്രസ്ഥാനത്തിനും ഉള്ള മറ്റൊരു സംഭാവന. ആദ്യത്തെ മുഖ്യമന്ത്രി കൂടി ആയിരുന്നതുകൊണ്ട് അദ്ദേഹം ഒരു വഴി കാട്ടിയിരുന്നു. ഗവണ്മെന്റില്‍ ഭാഗഭാക്കാകുമ്പോള്‍ കമ്യൂണിസ്റ്റുകളുടെ സമീപനം എന്തായിരിക്കണമെന്ന് അദ്ദേഹം കാട്ടിത്തന്നു. പാര്‍ലമെന്ററി പ്രവര്‍ത്തനവും പാര്‍ലമെന്റിനു പുറത്തുള്ള പ്രവര്‍ത്തനവും എങ്ങനെ യോജിപ്പിക്കണമെന്നും ഗവണ്മെന്റിലുള്ള നമ്മുടെ നിലപാട് വര്‍ഗസമരത്തിന്റെ ഭാഗമാണെന്നും, മൊത്തം പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നു. അവ വ്യത്യസ്തമല്ല. രണ്ടാമത്, സഖ്യകക്ഷികളെ, മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളുമായി മുന്നണിയുണ്ടാക്കുന്നതിനെ സംബന്ധിച്ചും അദ്ദേഹം മാര്‍ഗം കാണിച്ചു. 1967-ല്‍ കേരളത്തിലും ബംഗാളിലും ഞങ്ങള്‍ സഖ്യകക്ഷിഗവണ്മെന്റുകള്‍ രൂപവല്‍ക്കരിച്ചപ്പോള്‍ ഇ.എം.എസ്സിന്റെ പരിചയം അവ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചു.*1964-ല്‍ പാര്‍ട്ടി പിളര്‍ന്നതില്‍ ഇ.എം.എസ്. ഖേദിച്ചിരുന്നുവോ?പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അദ്ദേഹത്തിന് സ്വന്തം വീക്ഷണങ്ങളുണ്ടായിരുന്നു. അന്നത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചില നയങ്ങളോടും നിലപാടുകളോടും അദ്ദേഹം യോജിച്ചില്ല. സി.പി.എം. നേതൃത്വത്തില്‍ പ്രധാനികളോടും ആദ്യ ഘട്ടങ്ങളില്‍ അദ്ദേഹം പൂര്‍ണമായി യോജിച്ചില്ല. പാര്‍ട്ടിപരിപാടി, തന്ത്രം തുടങ്ങിയവയെപ്പറ്റി പക്ഷേ, ചര്‍ച്ചകള്‍ക്കു ശേഷം ഒരു പൊതുസമീപനമുണ്ടായി. 1964-ലെ ഞങ്ങളുടെ പാര്‍ട്ടികോണ്‍ഗ്രസ്സിനു മുമ്പത്തെ കാര്യമാണ്. പക്ഷേ, പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏകീകരണം രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഐക്യത്തിലൂടെ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നാണ് അദ്ദേഹം ഊന്നിപറഞ്ഞത്. സംഘടനാപരമായ നടപടികളിലൂടെയല്ല അത് ഉണ്ടാവുക. പ്രത്യയ ശാസ്ത്രപരമായും ഒട്ടേറെ അഭിപ്രായവ്യത്യാസം സി.പി.ഐ.യുമായി അന്നുണ്ടായിരുന്നു. പിന്നീട് ചര്‍ച്ചകളിലൂടെ അദ്ദേഹം ഒരു പൊതുവായസമീപനം രൂപവത്ക്കരിച്ചു. ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. '60 കളിലെ പ്രശ്‌നങ്ങളല്ല, ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍. എന്നാലും അന്നത്തെ പലപ്രശ്‌നങ്ങളും അപ്രസക്തമായി, പുതിയവ വന്നു. പക്ഷേ, ഏകീകരണത്തിന് അദ്ദേഹം എപ്പോഴും ഊന്നല്‍ നല്കിയിരുന്നു. അതേ, പാര്‍ട്ടി ഒന്നാവണമെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ, രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഐക്യത്തിന്റെ അടിസ്ഥാനത്തിലാവണമെന്നുമാത്രം.*ഇ.എം.എസ്. ഒരു ഗാന്ധിയനുമായിരുന്നല്ലോ. ലളിതജീവിതം, ധാര്‍ഷ്ട്യമില്ലായ്മ, ഇന്നത്തെ നേതാക്കള്‍ ഇതില്‍ നിന്നു വിഭിന്നരാണല്ലോ?സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ ഉത്പന്നമായിരുന്നു ഇ.എം.എസ്. തുടക്കത്തില്‍ അദ്ദേഹം ഗാന്ധിയനായിരുന്നു. അതുകൊണ്ട് ഗാന്ധിയന്‍ മൂല്യങ്ങള്‍ അദ്ദേഹം സൂക്ഷിച്ചിരുന്നു. ഈ മൂല്യങ്ങള്‍ പലതും ഇന്ന് പൊതുവെ രാഷ്ട്രീയരംഗത്തുനിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. പക്ഷേ, ഇടതുപ്രസ്ഥാനത്തില്‍ ഇപ്പോഴും ഇവ കാത്തുസൂക്ഷിക്കുന്ന നിരവധിപേരുണ്ടെന്ന് ഞാന്‍ പറയും. ലളിതജീവിതം നയിക്കുന്നവര്‍. പക്ഷേ, ഏറെക്കാലം ഗവണ്മെന്റിലുണ്ടായിക്കഴിയുമ്പോള്‍ കാഴ്ചകള്‍ക്ക് ഒരുതരം മങ്ങലുണ്ടാവും. രണ്ടുതവണ മുഖ്യമന്ത്രിയായിരുന്നിട്ടും ഉന്നതസ്ഥാനങ്ങളിലായിരുന്നിട്ടും ഇത്തരത്തില്‍ മാറ്റം വരാതിരുന്ന ഇ.എം.എസ്സില്‍ നിന്ന് പാഠം പഠിക്കണം. ഇപ്പോഴും പ്രസക്തമായ പാഠമാണിത്.*കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു സംഭവിച്ച തകര്‍ച്ചയെക്കുറിച്ച് എന്തെങ്കിലും പറയുമോ?അതേക്കുറിച്ചു ഞാന്‍ ഒന്നും പറയില്ല. ജൂണ്‍ മൂന്നാം വാരത്തില്‍ കേന്ദ്രകമ്മിറ്റി ചേരുന്നുണ്ട്. ഗൗരവപൂര്‍വം, ആത്മവിമര്‍ശനപരമായി, ഈ കാര്യം ഞങ്ങള്‍ ചര്‍ച്ചചെയ്യും.
കടപ്പാട് മാത്രുഭൂമി
Sunday, June 7, 2009
ഗൂഢാലോചനയ്ക്ക് ഗവര്‍ണറുടെ കൈയൊപ്പ്
തിരു: സിപിഐ എമ്മിനെതിരായ രാഷ്ട്രീയ ഗൂഢാലോചനയില്‍ ഒടുവില്‍ രാജ്ഭവനും പങ്കാളി. സംസ്ഥാന വിജിലന്‍സ് തോറ്റിടത്താണ് സിബിഐയെ ഇറക്കിയത്. എന്നാല്‍, സിബിഐക്കും പിണറായി വിജയനെതിരെ തെളിവൊന്നും കണ്ടെത്താനായില്ല. എന്നിട്ടും പിണറായിയെ പ്രതിപ്പട്ടികയില്‍പ്പെടുത്താനുള്ള തീരുമാനം കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഇടപെടലിലൂടെയായിരുന്നു. നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്തി സിപിഐ എമ്മിനെ ദുര്‍ബലമാക്കാനുള്ള ഗൂഢലോചനയ്ക്ക് ഇപ്പോള്‍ ഗവര്‍ണറുടെ കൈയൊപ്പുമായി. കേന്ദ്രത്തിലെ രാഷ്ട്രീയ കാലാവസ്ഥയും ഏറെക്കാലമായ ഗൂഢാലോചനയും മാധ്യമസമ്മര്‍ദവും മനസ്സിലാക്കിയ ആരും ലാവ്ലിന്‍ കേസില്‍ ഗവര്‍ണര്‍ മറിച്ചൊരു തീരുമാനമെടുക്കുമെന്ന് കരുതിയിട്ടില്ല. കേന്ദ്രഭരണകക്ഷിയുടെ ചട്ടുകമായ സിബിഐയും ഉപജാപകസംഘവും എഴുതിക്കൊടുത്ത തിരക്കഥ ആധാരമാക്കിയുണ്ടാക്കിയ റിപ്പോര്‍ട്ട് അപ്പടി അംഗീകരിക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. കോഗ്രസിന്റെ രാഷ്ട്രീയ ആവശ്യത്തിനായി ഗവര്‍ണര്‍ തരംതാഴുകയായിരുന്നു. പിണറായി വിജയന്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കിയെന്നോ പന്നിയാര്‍-ശെങ്കുളം-പള്ളിവാസല്‍ നവീകരണപദ്ധതിയില്‍ അഴിമതി നടന്നെന്നോ സിബിഐക്ക് പറയാന്‍ കഴിഞ്ഞില്ല.ല്‍സ്വന്തം മേഖലയില്‍ല്‍ക്യാന്‍സര്‍ ആശുപത്രി കൊണ്ടുവരാന്‍ മന്ത്രിപദവി ഉപയോഗിച്ച് പിണറായി മുന്‍കൈയെടുത്തെന്നതാണ് സിബിഐയുടെ പ്രധാന ആരോപണം. തലശേരിയില്‍ ക്യാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ തീരുമാനമെടുത്തത് മന്ത്രിസഭാ യോഗമാണ്. ബാഹ്യസമ്മര്‍ദത്തിനു കീഴടങ്ങി പിണറായിയെ കേസില്‍ ഉള്‍പ്പെടുത്താന്‍ തൊടുന്യായം കണ്ടുപിടിക്കുകയായിരുന്നു സിബിഐ. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നതിനുള്ള തെളിവ് സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ലാവ്ലിന്‍ കരാറിന്റെ പിന്നില്‍ നടന്ന ഗൂഢാലോചനയുടെ മുഖ്യസൂത്രധാരന്‍ ധാരണാപത്രവും കസള്‍ട്ടന്‍സി കരാറും ഒപ്പിട്ട അന്നത്തെ വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയനാണെന്ന് സിബിഐ പറയുന്നു. എന്നാല്‍, കാര്‍ത്തികേയന്‍ പ്രതിപ്പട്ടികയിലില്ല. പകരം, പിണറായി പ്രതി. ഈ കേസ് കോടതിയില്‍ നിലനില്‍ക്കുമെന്ന് നിയമത്തിന്റെ ആദ്യപാഠം അറിയുന്ന ആരും പറയില്ല. രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെ 2003 മാര്‍ച്ച് ആറിനാണ് ലാവ്ലിന്‍ പ്രശ്നത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടത്. എല്ലാ ആരോപണവും മന്ത്രിമാരുടെ പങ്കാളിത്തം പ്രത്യേകമായും വിജിലന്‍സ് പരിശോധിച്ചു. പിണറായി ഒരുതരത്തിലും ഉത്തരവാദിയല്ലെന്ന് 2006 ഫെബ്രുവരി 10നു വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പിണറായിയെ കേസില്‍ കുടുക്കാനുള്ള ഹീനനീക്കത്തിനേറ്റ തിരിച്ചടിയായിരുന്നു അത്്. എന്നാല്‍, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് ഒന്നിനു ചേര്‍ന്ന യുഡിഎഫ് മന്ത്രിസഭായോഗം കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചു. സംസ്ഥാന താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തിയാണ് പിണറായിപ്രവര്‍ത്തിച്ചത്. സിപിഐ എം നേതൃനിരയിലെ ഏറ്റവും ശക്തനായ നേതാവാണ് എന്നതുകൊണ്ടാണ് അദ്ദേഹത്തെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നത്. ഈ ഗൂഢാലോചനയുടെ വേരുകള്‍ ഡല്‍ഹിയിലേക്കും നീളുന്നു.
