Tuesday, July 12, 2011

പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തെ മുതലാളിത്ത പ്രതിസന്ധി

പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തെ മുതലാളിത്ത പ്രതിസന്ധി .

പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍

പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് സംജാതമായിരിക്കുന്ന കലുഷിതാവസ്ഥ കേരളത്തിലെ പൊതുജീവിതത്തേയും പൊതുവിദ്യാഭ്യാസത്തേയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഒരു ചെറിയ വിഭാഗം മാത്രമാണ് പ്രൊഫഷണല്‍ രംഗം. ഇന്ത്യാ ഗവണ്‍മെന്‍റിെന്‍റ നയവ്യതിയാനം ആരംഭിക്കുന്ന തൊണ്ണൂറുകളില്‍ പ്രത്യക്ഷപ്പെട്ടതും പ്രചാരം സിദ്ധിച്ചതുമായ ഒരു പദമാണ് സ്വാശ്രയം (അണ്‍ എയിഡഡ്). അതിനുമുമ്പ് സ്കൂള്‍ വിദ്യാഭ്യാസമേഖലയില്‍ അത്തരം സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് അത് തീരെയില്ലായിരുന്നു. 1991ല്‍ കേന്ദ്രത്തില്‍ നരസിംഹറാവുവും കേരളത്തില്‍ കെ കരുണാകരനും അധികാരത്തിലെത്തുന്നത് ഒരേ സമയത്തായിരുന്നു. അവര്‍ തുടങ്ങിവച്ച നവലിബറല്‍ നയങ്ങളാണ് സാമ്പത്തികരംഗത്ത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നയവ്യതിയാനത്തിനടിസ്ഥാനം. അണ്‍ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വന്‍തോതില്‍ ആരംഭിക്കാന്‍ തുടങ്ങിയത് കെ കരുണാകരന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ്. അതിനൊരു കുതിച്ചുചാട്ടമുണ്ടാകുന്നത് 2001ല്‍ എ കെ ആന്‍റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. ഇന്ന് കേരളത്തിലുള്ള അണ്‍ എയിഡഡ് പ്രൊഫഷണല്‍ കോളേജുകളില്‍ മഹാഭൂരിപക്ഷവും സ്ഥാപിക്കപ്പെടുന്നത് 2001നുശേഷമാണ്. അണ്‍ എയിഡഡ് സ്ഥാപനങ്ങളുടെ ഈ പെരുപ്പമാണ് പ്രതിസന്ധിക്ക് അടിസ്ഥാനം. കേരളത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് നാലുതരം കോളേജുകളുണ്ട്. സര്‍ക്കാരിെന്‍റ ഉടമസ്ഥതയിലുള്ളത്, സര്‍ക്കാര്‍ ധനസഹായം നല്‍കുന്നവ (എയിഡഡ്), പൊതുമേഖല (ഐഎച്ച്ആര്‍ഡി, എല്‍ബിഎസ്, എസ്സിടി, കേപ്പ്), അണ്‍ എയിഡഡ് എന്നിവ. ഇതില്‍ സര്‍ക്കാര്‍ കോളേജുകളില്‍ മുഴുവന്‍ സീറ്റുകളും മെറിറ്റടിസ്ഥാനത്തില്‍ നികത്തുന്നു. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ് പിരിക്കുന്നു. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം സര്‍ക്കാര്‍ നല്‍കുന്നു. അവരെ നിയമിക്കുന്നതും സര്‍ക്കാര്‍ തന്നെ. എയിഡഡ് കോളേജുകളില്‍ ഒരു നിശ്ചിത ശതമാനം മാനേജ്മെന്‍റ് ക്വാട്ട ഒഴികെ ബാക്കിയുള്ള സീറ്റുകള്‍ മെറിറ്റടിസ്ഥാനത്തില്‍ നികത്തുന്നു. അദ്ധ്യാപകരേയും ജീവനക്കാരേയും മാനേജര്‍ നിയമിക്കുന്നു. സര്‍ക്കാര്‍ ശമ്പളം നല്‍കുന്നു. പൊതുമേഖലയിലുള്ള സ്ഥാപനങ്ങളില്‍ ഭൂരിപക്ഷം സീറ്റും മെറിറ്റടിസ്ഥാനത്തില്‍ നികത്തുന്നു. ബാക്കിയുള്ളവ മാനേജ്മെന്‍റ്, എന്‍ആര്‍ഐ ക്വാട്ടകളായി നികത്തുന്നു. സര്‍ക്കാര്‍ അനുവദിക്കുന്ന ഉയര്‍ന്ന ഫീസ് പിരിക്കുന്നു. അദ്ധ്യാപകരേയും ജീവനക്കാരേയും മാനേജ്മെന്‍റ് നിയമിക്കുന്നു. ശമ്പളം മാനേജ്മെന്‍റ് നല്‍കുന്നു (സര്‍ക്കാര്‍ നിരക്കല്ല ശമ്പളം). അണ്‍ എയിഡഡ് കോളേജുകളില്‍ ഒരു വിഭാഗം 50:50 നിരക്കില്‍ വിദ്യാര്‍ത്ഥി പ്രവേശനം നടത്തുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഫീസ് പിരിക്കുന്നു. ശമ്പളം അവര്‍ നല്‍കുന്നു. (മാനേജ്മെന്‍റിന് ഇഷ്ടമുള്ളത്). മറ്റൊരു വിഭാഗം കോളേജുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതൊന്നും അനുസരിക്കാന്‍ തയ്യാറല്ല. സ്വന്തം നിലയ്ക്ക് വിദ്യാര്‍ത്ഥി പ്രവേശനം നടത്തുന്നു. ഇഷ്ടമുള്ള ഫീസ് പിരിക്കുന്നു. ഇഷ്ടമുള്ള ശമ്പളം നല്‍കുന്നു. ഇഷ്ടംപോലെ സ്ഥാപനം ഭരിച്ചുകൊണ്ടുപോകുന്നു. മേല്‍പ്പറഞ്ഞവയില്‍ നാലാമത്തെ വിഭാഗത്തിലെ ഒരു ചെറിയ വിഭാഗമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു മുഴുവന്‍ കാരണക്കാര്‍ . എന്തെന്നാല്‍ ആദ്യത്തെ മൂന്നു വിഭാഗങ്ങളിലും യാതൊരു പ്രശ്നവും നിലനില്‍ക്കുന്നില്ല. ആര്‍ക്കും അതേപ്പറ്റി പരാതിയുമില്ല. സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന നാലാമത്തെ വിഭാഗത്തിലെ ഒരു ചെറിയ സംഘത്തിെന്‍റ പ്രേരണയാല്‍ രണ്ടായിനിന്ന നാലാമത്തെ വിഭാഗം ഇപ്പോള്‍ ഒറ്റക്കെട്ടാവുകയും സര്‍ക്കാരിനെതിരെ തിരിയുകയും ചെയ്തിരിക്കുകയാണ്. മെഡിക്കല്‍ കോളേജുകള്‍ നടത്തുന്ന ക്രൈസ്തവ സഭകളില്‍ കത്തോലിക്കാ സഭ മാത്രമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ എതിര്‍ക്കുന്നത്. മറ്റുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാന്‍ സന്നദ്ധരായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കത്തോലിക്കാസഭ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ വന്നതിനാല്‍ ന്യൂനപക്ഷാവകാശം ഉയര്‍ത്തിക്കാട്ടി മറ്റു ക്രൈസ്തവ മാനേജ്മെന്‍റുകളേയും കൂടെ നിറുത്തുകയായിരുന്നു. അങ്ങനെയാണ് ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ രൂപീകൃതമാവുന്നത്. മറ്റു മാനേജ്മെന്‍റുകള്‍ വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ 50:50 എന്ന തത്വം പാലിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഫീസ് ഘടന അംഗീകരിക്കാനും തയ്യാറാണെന്നു പറയുമ്പോള്‍ ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാത്രമാണ് ഈ വര്‍ഷം ഇത് അംഗീകരിക്കാന്‍ കഴിയില്ലായെന്നു പറയുന്നത്. ഇവിടെ വാസ്തവത്തില്‍ പ്രതിസന്ധിയെന്താണ്? കോടിക്കണക്കിന് രൂപ മുടക്കി പറമ്പ് വാങ്ങുകയും (അല്ലെങ്കില്‍ അത്രയും മൂല്യമുള്ള പള്ളിപ്പറമ്പ് ഉപയോഗപ്പെടുത്തുന്നു) കെട്ടിടം പണിയുകയും ചെയ്തിട്ട് നിറയെ പഠിതാക്കളെ കിട്ടിയില്ലെങ്കില്‍ ചെലവാക്കിയ തുക ഈടാക്കാന്‍ പറ്റുന്നില്ല. എന്നുവെച്ചാല്‍ സ്ഥാപനങ്ങള്‍ ഹ്രസ്വകാലാടിസ്ഥാനത്തിലായാലും ഈ സ്ഥിതി തുടരുകയാണെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലായാലും മുടക്കിയ തുകയില്‍നിന്നും വരുമാനം കിട്ടുകയില്ല. ഇത് മൂലധനം നിക്ഷേപിച്ചവെന്‍റ പ്രശ്നമാണ്; മുതലാളിയുടെ പ്രശ്നമാണ്. പ്രതീക്ഷിച്ച തോതില്‍ വരുമാനം കിട്ടാത്തതിനുകാരണം സര്‍ക്കാരിെന്‍റ ഇടപെടലാണ്. യാതൊരു തരത്തിലും സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ല എന്നത് ക്ലാസിക്കല്‍ മുതലാളിത്തത്തിെന്‍റ ആവശ്യമായിരുന്നു. ബ്രിട്ടീഷ് അര്‍ത്ഥശാസ്ത്രകാരനായ ആദം സ്മിത്ത് തെന്‍റ "വെല്‍ത്ത് ഓഫ് നേഷന്‍സ്" എന്ന കൃതിയില്‍ ആവശ്യപ്പെടുന്നത് ഇതാണ്. അതിെന്‍റ വികസിത രൂപമാണ് ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ ആവിഷ്കരിച്ച ലെസ്സേ ഫെയര്‍ (ഘമശലൈ്വ ളമശൃല) സിദ്ധാന്തം. ഇതനുസരിച്ച് വ്യവസായത്തിെന്‍റ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ല. മുതലാളിമാര്‍ സര്‍വതന്ത്ര സ്വതന്ത്രരായിരിക്കണം. ക്രമസമാധാനപാലനം മാത്രമാണ് ഭരണകൂടത്തിെന്‍റ ചുമതല. മറ്റു കാര്യങ്ങള്‍ മുതലാളിമാര്‍ തന്നിഷ്ടപ്രകാരം നടത്തിക്കൊണ്ടുപോകും. അത് ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനുപോലും അധികാരമില്ലഎന്നത് മുതലാളിത്ത കാഴ്ചപ്പാടാണ്. ഇവിടുത്തെ ഏറ്റുമുട്ടല്‍ മുതലാളിമാരും ഭരണകൂടവും തമ്മിലുള്ളതാണ്. ഇതില്‍ ആര്‍ക്കാണ് പരമാധികാരം (െീ്ലൃലശഴിേ്യ) എന്നതാണ് നിശ്ചയിക്കപ്പെടേണ്ടത്. ഇന്ത്യന്‍ ഭരണഘടന പ്രകാരം പരമാധികാരം ഭരണകൂടത്തിനാണ്. അതിനെ വെല്ലുവിളിക്കുന്നതിനെയാണ് രാജ്യദ്രോഹമെന്നു പറയുന്നത്. ആ നിലയ്ക്കുനോക്കിയാല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് മുതല്‍മുടക്കിയിരിക്കുന്ന മുതലാളിമാര്‍ ചെയ്യുന്നത് രാജ്യദ്രോഹമാണ്. അത് ന്യൂനപക്ഷാവകാശമെന്ന പേരിലായതുകൊണ്ടുമാത്രം കുറ്റത്തിെന്‍റ ഗൗരവം കുറയുന്നില്ല. ഇവര്‍ സ്ഥാപിച്ചിരിക്കുന്ന കോളേജുകളില്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെടുന്നവര്‍ മാത്രമല്ല പ്രവേശനം നേടുന്നത്. ന്യൂനപക്ഷ - ഭൂരിപക്ഷ വ്യത്യാസമില്ലാതെ ഉയര്‍ന്ന ഫീസു നല്‍കി പഠിക്കാന്‍ കഴിയുന്നവര്‍ക്കാണ് പ്രവേശനം ലഭിക്കുന്നത്. സാമ്പത്തികമായി പിന്നോക്കമായവര്‍ക്ക് അവിടെ പ്രവേശനം ലഭിക്കുന്നില്ല. ആരേയും സൗജന്യമായി പഠിപ്പിക്കുന്നില്ല. ഇക്കൂട്ടര്‍ ഇത്തരം സ്ഥാപനങ്ങള്‍ നടത്തിയില്ലെങ്കിലും ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എയിഡഡ് കോളേജുകളില്‍ പ്രവേശനം ലഭിക്കും. സാമ്പത്തികമായി പിന്നോക്കമാണെങ്കില്‍ ഇളവുകള്‍ ലഭിക്കും. സ്കോളര്‍ഷിപ്പ് ലഭിക്കും. അല്‍പംകൂടി ഉയര്‍ന്ന ഫീസ് നിരക്കില്‍ ഐഎച്ച്ആര്‍ഡിപോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കും. ചുരുക്കത്തില്‍ ന്യൂനപക്ഷങ്ങളുടെ അവകാശം പൂര്‍ണമായും മേല്‍പ്പറഞ്ഞ കോളേജുകളിലൂടെ സംരക്ഷിക്കപ്പെടും. അതിനാല്‍ അതിലേക്കായി "പാവം മുതലാളിമാര്‍" കോടികള്‍ മുടക്കി പ്രൊഫഷണല്‍ കോളേജുകള്‍ നടത്തേണ്ടതില്ല. ന്യൂനപക്ഷാവകാശത്തിെന്‍റ പേരില്‍ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ ന്യൂനപക്ഷത്തില്‍പ്പെട്ട ധനവാന്മാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ ഭാഷ, ലിപി, സംസ്കാരം എന്നിവ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ നടത്തുകയല്ല മേല്‍പറഞ്ഞ ന്യൂനപക്ഷങ്ങള്‍ ചെയുന്നത്. ഭാഷയും ലിപിയും സംസ്കാരവും സംരക്ഷിക്കാന്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും കഴിയില്ല. അവിടെ പഠിപ്പിക്കുന്നത് എഐസിടിഇയും, മെഡിക്കല്‍ കൗണ്‍സിലും, സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളും നിഷ്കര്‍ഷിച്ചിട്ടുള്ള പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളുമാണ്. പരീക്ഷ നടത്തുന്നത് ആ പാഠ്യപദ്ധതിക്കനുസൃതമായിട്ടാണ്. ഫലം പ്രസിദ്ധീകരിക്കുന്നത് ആ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. ബിരുദധാരികള്‍ക്ക് ജോലി കിട്ടുന്നത് അതിെന്‍റയടിസ്ഥാനത്തിലാണ്. അല്ലാതെ അവര്‍ക്ക് ഏതെങ്കിലും ഭാഷയും ലിപിയുമറിയാമോ എന്നതിെന്‍റയടിസ്ഥാനത്തിലല്ല. ന്യൂനപക്ഷാവകാശത്തിെന്‍റ പേരില്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ചില ധനാഢ്യന്മാരുടെ താല്‍പര്യം സംരക്ഷിക്കുന്നതരത്തില്‍ സുപ്രീംകോടതി പരസ്പര വിരുദ്ധമായ നിരവധി വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ കേസിലും, മോഹിനി ജെയിന്‍ കേസിലും, ഇനാംദാര്‍ കേസിലും, ടിഎംഎ പൈ കേസിലും പരസ്പര വിരുദ്ധമായ വിധികളാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ളത്. പ്രഗത്ഭനായ ഒരഭിഭാഷകനുപോലും ഈ എല്ലാ വിധികളുടെയും സാരാംശം പറഞ്ഞു മനസ്സിലാക്കിത്തരുവാന്‍ കഴിയുമോയെന്ന് സംശയമാണ്. ഇതിനുസമാനമായ ഒരു നിയമയുദ്ധമാണ് മൗലികാവകാശത്തിെന്‍റ ഭാഗമായിരുന്ന സ്വത്തവകാശത്തിെന്‍റ പേരില്‍ നടന്നത്. സംസ്ഥാന നിയമസഭകള്‍ പാസ്സാക്കിയ ഭൂപരിഷ്കാര നിയമങ്ങള്‍ പലതും സുപ്രീംകോടതി അസാധുവാക്കി. ഭൂപരിധി നിശ്ചയിക്കാന്‍ നിയമസഭകള്‍ക്കധികാരമില്ലായെന്നായിരുന്നു കോടതി വിധിയുടെ സാരാംശം. ഈ പ്രശ്നം പരിഹരിച്ചത് മൗലികാവകാശങ്ങളുടെ പട്ടികയില്‍നിന്ന് സ്വത്തവകാശത്തെ നീക്കം ചെയ്തുകൊണ്ടാണ്. അതിനുള്ള അവകാശം പാര്‍ലമെന്‍റിനാണ്. ന്യൂനപക്ഷാവകാശം എന്നതുകൊണ്ട് ഭരണഘടനാ ശില്‍പികള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് ഭരണഘടനാ നിര്‍മാണസഭാ നടപടിക്രമങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ആ അവകാശം മൗലികാവകാശങ്ങളുടെ പട്ടികയില്‍പ്പെടുത്തുവാനുണ്ടായ സാഹചര്യമെന്തായിരുന്നുവെന്ന് പരിശോധിക്കണം. അതിനു വിരുദ്ധമായിട്ടാണ് സുപ്രീംകോടതി വിധികള്‍ വന്നിട്ടുള്ളതെങ്കില്‍ അവയെ തിരുത്തുന്നതിന് ഭരണഘടന ഭേദഗതി ചെയ്യേണ്ടതായിവരും. അതു ചെയ്യേണ്ടത് പാര്‍ലമെന്‍റാണ്. ന്യൂനപക്ഷാവകാശങ്ങളുടെ ദുരുപയോഗം തടയുന്നതിനും അതിെന്‍റ ഗുണഫലങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്കുതന്നെ ലഭിക്കുന്നതിനുംവേണ്ടിയുള്ള നിയമനിര്‍മ്മാണമാണ് വേണ്ടത്. സംസ്ഥാന നിയമസഭയ്ക്ക് അതിനുള്ള അവകാശമില്ല. രണ്ടേകാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും ഉപരിപഠന യോഗ്യത നേടി ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കുന്നത്.അതില്‍ ഏകദേശം നാല്‍പതിനായിരം പേര്‍ക്കാണ് എഞ്ചിനീയറിംഗ്, മെഡിക്കല്‍ തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശന സൗകര്യമുള്ളത്. എന്നാല്‍ , കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അണ്‍ എയിഡഡ് കോളേജുകളിലെ എഞ്ചിനീയറിംഗ് സീറ്റുകള്‍ പലതും ഒഴിഞ്ഞുകിടക്കുന്നതായിട്ടാണ് കാണുന്നത്. ഉയര്‍ന്ന ഫീസായതിനാല്‍ കുട്ടികള്‍ എത്താത്തതാകാം കാരണം. മേല്‍പറഞ്ഞ നാല്‍പതിനായിരത്തില്‍ ഒരു ചെറിയ വിഭാഗത്തിെന്‍റ പ്രവേശനവും അവരുടെ ഫീസുമാണ് തര്‍ക്കവിഷയം. അതിെന്‍റ പേരിലാണ് പൊതുവിദ്യാഭ്യാസത്തെയാകെ സ്തംഭിപ്പിക്കുന്ന അവസ്ഥയുണ്ടാക്കുന്നത്. മഹാഭൂരിപക്ഷത്തിേന്‍റയും താല്‍പര്യം ബലികഴിച്ചുകൊണ്ട് ഈ ചെറു ന്യൂനപക്ഷത്തിനുവേണ്ടി കുറെ മുതലാളിമാരും അവരുടെ ചരടുവലിക്കൊത്ത് തുള്ളുന്നതിന് ചില രാഷ്ട്രീയ നേതാക്കളും എത്തുന്നതാണ് പ്രശ്നം പരിഹരിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. അണ്‍എയിഡഡ് പ്രൊഫഷണല്‍ കോഴ്സുകളിലെ വിജയശതമാനം എത്രയാണെന്ന് ഇതേവരെ ആരും പഠനം നടത്തിയിട്ടില്ല. പല കോളേജുകളിലും മുഴുവന്‍ വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതാറില്ല. പഠിക്കാത്തതുകൊണ്ടു തന്നെയാകാം. എഴുതുന്നവരില്‍ത്തന്നെ ഭൂരിപക്ഷവും പരാജയപ്പെടുന്നതായിട്ടാണ് കാണുന്നത്. വിജയശതമാനം കുറയാന്‍ കാരണം യോഗ്യത കുറഞ്ഞ കുട്ടികളെ കിട്ടുന്നതുകൊണ്ടാണെന്ന് ചില മാനേജര്‍മാര്‍ ഈയിടെ പറയുകയുണ്ടായി. യോഗ്യതയുള്ളവര്‍ക്ക് പഠിക്കാനുള്ള സൗകര്യം അണ്‍എയിഡഡ് അല്ലാത്ത കോളേജുകളിലുണ്ട്. യോഗ്യതയില്ലാത്ത കുറെപ്പേരെ നിരന്തരം പ്രേരിപ്പിച്ച് (രക്ഷിതാക്കളും മാനേജര്‍മാരും) പഠിക്കാനയക്കുകയും പണക്കൊഴുപ്പ് അതിന് പിന്‍ബലമായി നില്‍ക്കുകയും ചെയ്യുമ്പോഴാണ് വിജയശതമാനം കുറഞ്ഞുപോകുന്നത്. യോഗ്യത കുറവാണെങ്കിലും ശരി പണമുണ്ടെങ്കില്‍ പഠിക്കാനുള്ള അവസരമാണ് അണ്‍എയിഡഡ് മാനേജ്മെന്‍റുകള്‍ ചെയ്തുകൊടുക്കുന്നത്. ലക്ഷ്യമൊന്നേയുള്ളൂ. പണമിറക്കി പണം കൊയ്യുക. എഞ്ചിനീയറിംഗ് കോഴ്സുകളെ സംബന്ധിച്ചിടത്തോളം ക്യാമ്പസ് റിക്രൂട്ട്മെന്‍റ് ഒരു നിര്‍ണായക ഘടകമാണ്. ക്യാമ്പസ് സെലക്ഷന്‍ കിട്ടാത്തവര്‍ക്ക് പിന്നീട് ആഗ്രഹിക്കുന്ന ജോലി കിട്ടുകയില്ല. കമ്പ്യൂട്ടര്‍ സയന്‍സ്പോലുള്ള വിഷയങ്ങള്‍ അനുദിനം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ പല കമ്പനികളും അതാതുവര്‍ഷത്തെ ബിരുദധാരികളെ മാത്രമേ തെരഞ്ഞെടുക്കാറുള്ളു. കാലഹരണപ്പെട്ടവരെ ആര്‍ക്കും വേണ്ട. അതിനാല്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ ഗുമസ്തപ്പണിക്ക് പോകേണ്ടതായി വരുന്നു. യുപിഎസ്സിയും പിഎസ്സിയും നടത്തുന്ന നിരവധി മല്‍സരപ്പരീക്ഷകളിലെ അപേക്ഷകരില്‍ ധാരാളം എഞ്ചിനീയറിംഗ് ബിരുദധാരികളുമുണ്ട്. രക്ഷിതാക്കള്‍ ആഗ്രഹിച്ചത് എഞ്ചിനീയറിംഗ് പഠിച്ചശേഷം ഒരു സാധാരണ ബിരുദധാരിക്ക് ചെയ്യാവുന്ന ഗുമസ്തപ്പണി ലഭിക്കണമെന്നല്ലല്ലോ. നാലുകൊല്ലത്തെ പഠനം ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ പാഴ്വേലയാകുന്നു. വിദ്യാഭ്യാസ ലോണെടുത്താണ് പലരും പഠിക്കുന്നത്. പഠനം പൂര്‍ത്തിയായാലുടന്‍ പണം തിരിച്ചടയ്ക്കണം. ബാങ്കിന് അതിേന്‍റതായ നടപടിക്രമങ്ങളും ചട്ടങ്ങളുമുണ്ട്. അത് ലംഘിക്കാന്‍ ആര്‍ക്കും കഴിയില്ല. ഇവിടെ ബാങ്കുകളും അണ്‍എയിഡഡ് മാനേജര്‍മാരും തമ്മില്‍ ഒരു രഹസ്യ ധാരണയുണ്ടെന്ന് കണ്ടെത്താന്‍ കഴിയും. ബാങ്കിലെപ്പണം വിദ്യാര്‍ത്ഥികളിലൂടെ മാനേജര്‍മാര്‍ക്ക് ലഭിക്കുന്നു. തിരിച്ചടയ്ക്കാനുള്ള ബാദ്ധ്യത വിദ്യാര്‍ത്ഥിക്കാണ്. വ്യവസായിയും ബാങ്കും തമ്മിലുള്ള ധാരണയിലൂടെ ഉപഭോക്താവിെന്‍റ പണം വ്യവസായിക്ക് ലഭിക്കുന്നതിനു സമാനമാണിത്. പാവം ഉപഭോക്താവ് കടക്കെണിയില്‍പെടുന്നു. ഇവിടെ വിദ്യാര്‍ത്ഥിയാണ് കടക്കെണിയില്‍പെടുന്നത്. കാര്‍ഷികവായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു. ഇവിടെ രക്ഷിതാവിെന്‍റ ഊഴമായിരിക്കാം. കേരളത്തിെന്‍റ ഭാവി പ്രൊഫഷണല്‍ വിദ്യാഭ്യാസമാണോ നിയന്ത്രിക്കുന്നത്? കേരളത്തിെന്‍റ നിത്യജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ഏത് വിദ്യാഭ്യാസമാണ്? പഞ്ചായത്തംഗം മുതല്‍ പാര്‍ലമെന്‍റംഗം വരെയുള്ളവര്‍ പഠിച്ചിറങ്ങുന്നത് എവിടെനിന്ന്? സ്കൂള്‍ - കോളേജദ്ധ്യാപകരേയും വില്ലേജാഫീസ് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള ഭരണതലങ്ങളിലെ ഉദ്യോഗസ്ഥരേയും സൃഷ്ടിക്കുന്നത് ഏതു വിദ്യാഭ്യാസം? അഭിഭാഷകന്മാരും ന്യായാധിപന്മാരും പിറവിയെടുക്കുന്നത് ഏതു വിദ്യാഭ്യാസത്തിെന്‍റ ഗര്‍ഭപാത്രത്തില്‍ ? മേല്‍പറഞ്ഞ വിഭാഗങ്ങളാണ് കേരളത്തിെന്‍റ സദാചാരവും ധാര്‍മികതയും നിലനിറുത്തുന്നത്. അവരുടെ നിലവാരമാണ് കേരളത്തിെന്‍റ നിലവാരം. എന്നാല്‍ ഇക്കൂട്ടര്‍ പഠിക്കുന്ന ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളെപ്പറ്റി ആര്‍ക്കും വേവലാതിയില്ല. അവിടുത്തെ വിദ്യാഭ്യാസം എങ്ങനെ പോകുന്നുവെന്ന് ആരും അന്വേഷിക്കാറില്ല. മനുഷ്യവിഭവശേഷിയുടെ കയറ്റുമതിക്കുമാത്രം ഉതകുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനു നല്‍കുന്ന മുന്‍ഗണനയുടെ ഒരംശമെങ്കിലും ബിരുദ - ബിരുദാനന്തര പഠനത്തിനുള്ള സാധാരണ കോളേജുകള്‍ക്കു നല്‍കിയിരുന്നുവെങ്കില്‍ കേരളത്തിെന്‍റ പൊതുമണ്ഡലം ശക്തിപ്പെട്ടേനെ. നിലവാരം മെച്ചപ്പെടുമായിരുന്നു. കത്തോലിക്കാസഭ നടത്തുന്ന കോളേജുകള്‍ നഷ്ടത്തിലായതിനാല്‍ മറ്റു ക്രൈസ്തവ സഭകളെക്കൂടി ഒരുമിച്ച് ചേര്‍ത്ത് അവര്‍ വിലപേശുകയാണ്. ഇത് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ക്രൈസ്തവര്‍ക്കും അപമാനകരമാണ്. ഏതാനും ചിലര്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയതിെന്‍റ പേരില്‍ മുസ്ലീം സമുദായമാകെ അപമാനിതരായതുപോലെ ഇപ്പോള്‍ ഏതാനും ചിലരുടെ ദുഷ്ചെയ്തികള്‍ കാരണം ഒരു മതവിഭാഗമാകെ അപമാനിക്കപ്പെടുകയാണ്. ഇതവസാനിപ്പിക്കുന്നതിനുള്ള മുന്‍കയ്യെടുക്കേണ്ടത് ക്രൈസ്തവര്‍ തന്നെയാണ്. പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തെ മുതലാളിത്ത പ്രതിസന്ധി പരിഹരിക്കാന്‍ സാധാരണ ജനങ്ങള്‍ക്ക് ബാദ്ധ്യതയില്ല. മുതലാളിമാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാരിനും ബാദ്ധ്യതയില്ല. സര്‍ക്കാര്‍ സംരക്ഷിക്കേണ്ടത് ഭൂരിപക്ഷ താല്‍പര്യമാണ്. അതാണ് ജനാധിപത്യം. ആ ബാദ്ധ്യതയാണ് സര്‍ക്കാരില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

No comments: