Tuesday, July 12, 2011

പ്രവാസികളുടെ പ്രശ്നങ്ങള്‍

പ്രവാസികളുടെ പ്രശ്നങ്ങള്‍.


ചന്ദ്രനില്‍ ചെന്നപ്പോഴും മലയാളിയുണ്ടായിരുന്നുവെന്നത് തമാശയാണെങ്കിലും അതിലൊരു കാര്യമുണ്ടായിരുന്നു. ലോകത്തിന്റെ ഏതു കോണില്‍ചെന്നും പണിയെടുക്കുകയും ജീവിക്കുകയും ചെയ്യുന്ന ശീലമുള്ളവരാണ് മലയാളികള്‍ . ദമാമിലേക്കുള്ള വിമാനയാത്രയില്‍ പരിചയപ്പെട്ട പ്രായം ചെന്നയാള്‍ മൂന്നുപതിറ്റാണ്ടുകഴിഞ്ഞു മണലാരണ്യത്തിലേക്ക് വന്നിട്ടെന്നു പറഞ്ഞു. ജീവിതം തേടി വന്നിട്ട് സ്വയം ജീവിക്കാന്‍ സമയം കിട്ടാതെപോയവരാണ് നല്ലൊരു പങ്കും. പലരും വര്‍ഷങ്ങള്‍ പണിയെടുത്തുകഴിഞ്ഞായിരിക്കും വിസക്ക് നല്‍കിയ പണത്തിന്റെ കടം തീര്‍ക്കുന്നത്. പിന്നെ സഹോദരിമാരുടെ വിവാഹം തുടങ്ങി ആവശ്യങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വരും. വളരെ വൈകിയാണ് പലരും വിവാഹം കഴിക്കുന്നത്. പത്തുവര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞാല്‍ ഒട്ടകമായെന്നാണ് പറച്ചില്‍ .

ദമാമിലെ നവോദയ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സംഘടനയാണ്്. ആയിരക്കണക്കിനു മലയാളികളാണ് നവോദയയില്‍ പ്രവര്‍ത്തിക്കുന്നത്. മഹാഭൂരിപക്ഷവും സാധാരണ തൊഴില്‍ ചെയ്ത് ജീവിക്കുന്നവരാണ്. നല്ല രീതിയില്‍ ജോലിയുള്ള ഇടത്തരക്കാരും സംഘടനയിലുണ്ട്്. മറ്റു പല സംഘടനകളും മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്്. പൊതുപ്രശ്നങ്ങളില്‍ ഇവര്‍ തമ്മില്‍ പൊതുവെ നല്ല ഐക്യമാണുള്ളത്. നവോദയയുടെ പുതിയ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. അവരുടെ ക്ഷണം സ്വീകരിച്ചാണ് മുന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ദമാമിലേക്കു പോയത്്. വിമാനത്താവളത്തില്‍നിന്ന് നഗരത്തിലേക്കുള്ള യാത്ര മരുഭൂമിക്കുള്ളിലൂടെ സഞ്ചരിക്കുന്നതുപോലെയാണ്. മണല്‍കാറ്റ് വീശിയടിക്കുന്നുണ്ട്. റോഡില്‍ മണല്‍ പരന്നുകിടക്കുന്നു.

യൂറോപ്പിലെ യാത്രയില്‍ മഞ്ഞുവാരിവിതറിയ റോഡുകള്‍ കാണാമെങ്കില്‍ ഇവിടെ മണലിന്റെ മഞ്ഞനിറമാണ്. പത്രത്തില്‍ ഇന്ത്യോനേഷ്യക്കാരിയായ ഗദ്ദാമയുടെ വധശിക്ഷയുടെ ചെറിയ വാര്‍ത്ത യാത്രക്കിടയില്‍ കണ്ടിരുന്നു. തന്നെ ആക്രമിക്കാന്‍ ശ്രമിച്ച വീട്ടുകാരിയെ കൊലപ്പെടുത്തിയതിനു ലഭിച്ചത് വധശിക്ഷയാണ്. തുടര്‍ച്ചയായി രണ്ട് ഇന്ത്യോനേഷ്യക്കാരികളെയാണ് വധശിക്ഷക്കുവിധിച്ചത്. ഇപ്പോള്‍ ഇന്ത്യോനേഷ്യക്കാരികളും ഫിലിപ്പന്‍കാരികളുമാണ് ഗദ്ദാമമാരില്‍ കൂടുതലെന്നും കബീര്‍ പറഞ്ഞു. കബീറാണ് നവോദയയുടെ പ്രസിഡന്റ്. ഈ രണ്ടു രാജ്യങ്ങളും ഇപ്പോള്‍ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നു. അവര്‍ പുതിയ നിബന്ധനകളോടെ മാത്രമേ ജോലിക്കാരെ ഇങ്ങോട്ട് അയക്കുന്നുള്ളു. എന്നാല്‍ , ഇന്ത്യന്‍ എംബസിക്ക് ഇതിനൊന്നും നേരമില്ല. ഇല്ലാകമ്പനികളുടെ പേരു പറഞ്ഞ് വിസകൊടുത്ത് നാട്ടില്‍നിന്ന് കൊണ്ടുവന്നവര്‍ പലരും ജയിലിലാണ്. അവരെ രക്ഷപ്പെടുത്തുന്നതിനും തട്ടിപ്പ് ഏജന്‍സികളെ ശക്തമായി കൈകാര്യം ചെയ്യുന്നതിനും നമ്മുടെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന പരാതി മലയാളി സംഘടനകള്‍ക്ക് ശക്തമായി ഉണ്ട്. നവോദയയുടെ വെല്‍ഫെയര്‍ കാര്യങ്ങള്‍ നോക്കുന്നത് നാസ് വക്കമാണ്. ജയിലുകളും ലേബര്‍ കോടതികളും സന്ദര്‍ശിക്കലാണ് പ്രധാന പണി. ചാടിപ്പോയവരെന്ന കുറ്റം ചാര്‍ത്തിയവര്‍ക്ക് പ്രത്യേകം ഡിപോര്‍ട്ട് സെല്ലുണ്ട്്. നൂറുക്കണക്കിന് ആളുകളാണ് അതിനകത്തുള്ളത്. ഇടക്കാലത്ത് ഇതുപോലെയുള്ള സംഘത്തില്‍ ഒരാള്‍ മരണപ്പെട്ട കാര്യം കബീര്‍ പറഞ്ഞു. മരിച്ചയാളുടെ കൈയില്‍ ചുരുട്ടിവച്ച റിയാലുകളുടെ ഒരു ചെറിയ കെട്ടുണ്ടായിരുന്നു. പതിനായിരത്തോളം റിയാല്‍ . മകളുടെ വിവാഹത്തിനായി വയര്‍ മുറുക്കിക്കെട്ടി സമ്പാദിച്ച പണം. ഇങ്ങനെയുള്ള പൊള്ളുന്ന അനുഭവങ്ങള്‍ ഇവിടെ നിരവധിയാണെന്ന് ആസാദും സുരേഷും പറഞ്ഞു. പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ എല്ലാവശങ്ങളും മന:പാഠമാണ് നയീമിന്. ഇവരോടൊത്ത് ലേബര്‍ ക്യാമ്പുകളും ജയിലും സന്ദര്‍ശിച്ചപ്പോള്‍ കുറേയെല്ലാം നേരില്‍ കണ്ടു.


സാങ്കേതിക വൈദഗ്ധ്യമുള്ള ജോലികളിലും മാര്‍ക്കറ്റിങ്ങിലും ഓഫീസുകളിലും മറ്റും ജോലിചെയ്യുന്ന പതിനായിരക്കണക്കിന് മലയാളികളുണ്ട്. അവരില്‍ നല്ലൊരു പങ്കും കുടുംബമായി താമസിക്കുന്നവരാണ്. സ്ത്രീകള്‍ക്ക് ഒറ്റക്ക് പുറത്തിറങ്ങാന്‍ അവിടത്തെ നിയമം അനുവദിക്കാത്തതിനാല്‍ പുരുഷന്‍മാരുടെ ജോലി കൂടുതലാണ്. അതെല്ലാം കഴിഞ്ഞാണ് പലരും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ ഇടപെടലുകള്‍ക്കും സമയം കണ്ടെത്തുന്നത്. ദമാമിലെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ 16000 കുട്ടികളാണ് പഠിക്കുന്നത്്. ആയിരത്തോളം സ്റ്റാഫുണ്ട്.

കോതമംഗലത്തുകാരനായ ഡോക്ടര്‍ ഷാഫിയാണ് പ്രിന്‍സിപ്പല്‍ . ഇപ്പോള്‍ സ്കൂളിന് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുണ്ട്. എന്നാല്‍ , മലയാളികള്‍ നേതൃത്വത്തില്‍ വരാതിരിക്കാന്‍ തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ നിരന്തരം മാറ്റുകയാണെന്ന പരാതി ശക്തം. ഒരു സംസ്ഥാനത്തുനിന്ന് രണ്ടുപേര്‍ മാത്രമേ ഭരണസമിതിയില്‍ ഉണ്ടാകാവൂയെന്ന വ്യവസ്ഥ ഇതിന്റെ ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 60 ശതമാനത്തിലധികം മലയാളി കുട്ടികളുള്ള സ്കൂളിലെ ഭരണസമിതിയില്‍ ഒരു കുട്ടിയും പഠിക്കാത്ത സംസ്ഥാനങ്ങള്‍ക്കും തുല്യപ്രാതിനിധ്യം ലഭിക്കും. ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളിലും ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുണ്ട്്.


കൊച്ചി സര്‍വകലാശാലയില്‍ എംബിഎയ്ക്കുണ്ടായിരുന്ന അംബുജാക്ഷന്‍ ഭരണസമിതിയിലുണ്ട്. അവിടെയും സമിതിക്ക് അധികാരങ്ങള്‍ കൈമാറുന്നതിന്റെ പ്രശ്നങ്ങളുണ്ട്. ഫീസ് ഏകപക്ഷീയമായി വര്‍ധിപ്പിച്ചതിനെതിരെ ശക്തമായ പരാതിയുണ്ടായിരുന്നു. മസ്ക്കറ്റിലെ കേരളവിങ് വളരെ പ്രശസ്തമായ സംഘടനയാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റില്‍ സമകാലികനായിരുന്ന പ്രദീപ് മേനോന്‍ ഈ സംഘടനയുടെ ഭാരവാഹിയായിരിക്കുമ്പോഴാണ് ആദ്യമായി അവിടെ പോയത്. മട്ടന്നൂരിന്റെ മേളം അവിടെ പ്രസിദ്ധമാക്കിയത് കേരള വിങ്ങാണ്. ജാബിറും രതീഷും റെജിയുമൊക്കെയടങ്ങുന്ന വലിയ സംഘം എല്ലാ കാര്യങ്ങളിലും സജീവമായി ഇടപ്പെടുന്നുണ്ട്്. ഇവരുമൊന്നിച്ച് ഒമാനിലെ അംബാസഡറെ കണ്ട് നേരത്തെ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഒമാനില്‍നിന്ന് വ്യത്യസ്തമായ സാഹചര്യവും പരിമിതികളുമാണ് സൗദിയിലുള്ളത്. അതിനുള്ളില്‍നിന്ന് നന്നായി പ്രവര്‍ത്തിക്കാന്‍ സംഘടനകള്‍ക്ക് കഴിയുന്നുണ്ട്. നവോദയയുടെ കുടുംബവേദിയും ഇപ്പോള്‍ ശക്തമാകുന്നുണ്ട്.


സ്ത്രീകള്‍ക്ക് പ്രവര്‍ത്തനത്തിനുള്ള പരിമിതികളുണ്ടെങ്കിലും അതിനകത്തുള്ള സാധ്യതകളെ ഇവര്‍ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി പ്രവാസികളില്‍ നല്ലൊരു പങ്കും സാധാരണക്കാരാണ്. ഇവിടെയുളളവരെല്ലാം തന്നെ നാട്ടിലേക്ക് മടങ്ങുന്നവരാണ്. മറ്റു രാജ്യങ്ങളിലേതുപോലെ പൗരത്വം ലഭിക്കാത്ത പ്രശ്നമുണ്ട്. അല്ലെങ്കിലും നല്ലൊരു പങ്കും മനസുകൊണ്ട് നാട്ടിലേക്ക് മടങ്ങണമെന്നുതന്നെ ആഗ്രഹിക്കുന്നവരാണ്. പലരും രണ്ടും മൂന്നും വര്‍ഷം കുടുമ്പോള്‍ നാട്ടിലേക്ക് അവധിക്കു വന്ന് മാസങ്ങള്‍ ചെലവഴിക്കുന്നവരാണ്. അപ്പോഴാണ് അറുപതു ദിവസത്തില്‍ കുടുതല്‍ നാട്ടില്‍നിന്നാല്‍ എന്‍ആര്‍ഐ പദവി ഇല്ലാതാക്കുന്ന ഭേദഗതിയുമായി ഡയറക്ട് ടാക്സ് കോഡ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഇതോടെ അവിടെനിന്നുള്ള സമ്പാദ്യത്തിന് ഇവിടെയും നികുതി കൊടുക്കേണ്ടിവരും. എംബസിയില്‍ പരാതി പറയാന്‍ ചെന്നാല്‍ അവിടെ മലയാളം അറിയാവുന്ന ഒരാളുപോലുമില്ല. ഇത്രയുമധികം മലയാളികള്‍ ജീവിക്കുന്ന ഒരു രാജ്യത്ത് നമ്മുടെ എംബസിയില്‍ രണ്ടു മൂന്നു മലയാളി ഉദ്യോഗസ്ഥരെങ്കിലും ഉണ്ടാകേണ്ടതുണ്ട്.


ലക്ഷക്കണക്കിന് ഇന്ത്യക്കാരുള്ള ദമാമില്‍ ഒരു കോണ്‍സുലേറ്റ് വേണമെന്ന ആവശ്യവും സര്‍ക്കാര്‍ ഇതുവരെയും പരിഗണിച്ചിട്ടില്ല. അറബ് മേഖലയിലെ അരക്ഷിതാവസ്ഥയും ജനാധിപത്യത്തിനായുള്ള പോരാട്ടങ്ങളും പല പരിഷ്കാരങ്ങളും വരുത്തുന്നതിനു ഭരണകൂടങ്ങളെ നിര്‍ബന്ധിതമാക്കുന്നുണ്ട്. അതതു രാജ്യത്തെ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങളില്‍ മുന്‍ഗണന നല്‍കുന്ന ഭേദഗതി സൗദിയിലും വരികയാണ്. ഇതിനായി സ്ഥാപനങ്ങളെ നാലായി തിരിക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഉള്ളടക്കം പഠിക്കുന്നതിനും ഇന്ത്യക്കാര്‍ അഭിമുഖീകരിക്കാന്‍ പോകുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും നവോദയപോലുള്ള സംഘടനകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും എംബസിയും നമ്മുടെ സര്‍ക്കാരും ഇക്കാര്യത്തില്‍ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല. റിയാദിലെ കേളിയും ജിദ്ദയിലെ നവോദയയും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളാണ്. ഗള്‍ഫിലെ മലയാളി സംഘടനകള്‍ നടത്തുന്ന ദുഷ്കരമായ പ്രവര്‍ത്തനവും മനുഷ്യസ്നേഹം നിറഞ്ഞ സന്നദ്ധപ്രവര്‍ത്തനങ്ങളും നാട്ടില്‍ വേണ്ടത്ര അറിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

പി രാജീവ്

1 comment:

ജനശബ്ദം said...

പ്രവാസികളുടെ പ്രശ്നങ്ങള്‍

ചന്ദ്രനില്‍ ചെന്നപ്പോഴും മലയാളിയുണ്ടായിരുന്നുവെന്നത് തമാശയാണെങ്കിലും അതിലൊരു കാര്യമുണ്ടായിരുന്നു. ലോകത്തിന്റെ ഏതു കോണില്‍ചെന്നും പണിയെടുക്കുകയും ജീവിക്കുകയും ചെയ്യുന്ന ശീലമുള്ളവരാണ് മലയാളികള്‍ . ദമാമിലേക്കുള്ള വിമാനയാത്രയില്‍ പരിചയപ്പെട്ട പ്രായം ചെന്നയാള്‍ മൂന്നുപതിറ്റാണ്ടുകഴിഞ്ഞു മണലാരണ്യത്തിലേക്ക് വന്നിട്ടെന്നു പറഞ്ഞു. ജീവിതം തേടി വന്നിട്ട് സ്വയം ജീവിക്കാന്‍ സമയം കിട്ടാതെപോയവരാണ് നല്ലൊരു പങ്കും. പലരും വര്‍ഷങ്ങള്‍ പണിയെടുത്തുകഴിഞ്ഞായിരിക്കും വിസക്ക് നല്‍കിയ പണത്തിന്റെ കടം തീര്‍ക്കുന്നത്. പിന്നെ സഹോദരിമാരുടെ വിവാഹം തുടങ്ങി ആവശ്യങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വരും. വളരെ വൈകിയാണ് പലരും വിവാഹം കഴിക്കുന്നത്. പത്തുവര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞാല്‍ ഒട്ടകമായെന്നാണ് പറച്ചില്‍ . ദമാമിലെ നവോദയ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സംഘടനയാണ്്. ആയിരക്കണക്കിനു മലയാളികളാണ് നവോദയയില്‍ പ്രവര്‍ത്തിക്കുന്നത്. മഹാഭൂരിപക്ഷവും സാധാരണ തൊഴില്‍ ചെയ്ത് ജീവിക്കുന്നവരാണ്.