Sunday, December 12, 2010

പണവും വര്‍ഗീയതയും ഉപയോഗപ്പെടുത്തി ജനാധിപത്യത്തെ എങ്ങനെ വെടക്കാക്കി തനിയ്ക്കാക്കാനാണു മുസ്ലിം ലീഗുകാര്‍ ശ്രമിക്കുന്നത്..

പണവും വര്‍ഗീയതയും ഉപയോഗപ്പെടുത്തി ജനാധിപത്യത്തെ എങ്ങനെ വെടക്കാക്കി തനിയ്ക്കാക്കാനാണു മുസ്ലിം ലീഗുകാര്‍ ശ്രമിക്കുന്നത്..

പണവും വര്‍ഗീയതയും ഉപയോഗപ്പെടുത്തി വോട്ടുകള്‍ അട്ടിമറിച്ച് ജനാധിപത്യത്തെ എങ്ങനെ വെടക്കാക്കി തനിയ്ക്കാക്കാമെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തെളിയിച്ചിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഈ സൂത്രങ്ങള്‍ അത്ര തന്നെ വിജയിച്ചില്ലെങ്കിലും മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗുകാര്‍ക്ക് ഇതേ ആയുധങ്ങള്‍ തന്നെ തുണയായി. രാത്രി കാലങ്ങളില്‍ ലീഗുകാര്‍ മുസ്ളിം വീടുകളിലേക്ക് വോട്ട് അട്ടി മറിക്കാന്‍ പോയിരുന്നത് പണവുമായി മാത്രമല്ല; കൂട്ടത്തില്‍ ഒരാള്‍ ഒരു ഖുര്‍ ആന്‍ പ്രതിയും കൈവശം വയ്ക്കുമായിരുന്നു. പണം കൊടുത്തതിന് ശേഷം ഗൃഹ നാഥന്‍ വോട്ട് കോണിക്ക് ചെയ്യുമെന്ന് ഖുര്‍ആന്‍ തൊട്ട് സത്യം ചെയ്തു കൊടുക്കണം. വോട്ടര്‍ മുസല്‍മാനല്ലെങ്കിലോ പണം കൊടുക്കുന്നയാളുടെ തലയില്‍ കൈവച്ച് സത്യം ചെയ്തു കൊടുക്കണം. മുമ്പൊക്കെ പണം വാങ്ങിയിട്ടും പലരും എല്‍.ഡി.എഫിന് വോട്ടു ചെയതത് കണ്ടു പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണത്രേ ലീഗുകാര്‍ പുതിയ പരിപാടി പയറ്റിയത്.

മുസ്ലിം അവകാശങ്ങളെ കോണ്‍ഗ്രസ് അവഗണിച്ചപ്പോഴാണ് മുസ്ലിം ലീഗ് സ്ഥാപിച്ചത്. ലീഗിലെ ബഹുമാന്യരായ പൂര്‍വ സൂരികള്‍ ആ പാര്‍ട്ടിയെ തികച്ചും സെക്കുലറായാണ് കെട്ടിപ്പടുത്തത്. ആ നിലക്ക് ഇടതുപക്ഷ മതേതരപാര്‍ട്ടികളൊക്കെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം മുന്‍ നിറുത്തി മുസലിം ലീഗിനെ സഹായിക്കുമായിരുന്നു. മുസ്ലിം ലീഗിന്റെ സഹായമില്ലാതെ തന്നെ ആദ്യത്തെ ഇ.എം.എസ് മന്ത്രി സഭ മുസ്ലിംകളുടെ പുരോഗതിക്കായി സംവരണമടക്കമുള്ള പല ആനുകൂല്യങ്ങളും നടപ്പാക്കിയിരുന്നു. പില്‍ക്കാലങ്ങളില്‍ മുസ്ലിം ലീഗുള്‍പ്പെട്ട ഭരണമുണ്ടായിട്ടു കൂടി അന്നത്തെ നിലയില്‍ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോയില്ല. കോണ്‍ഗ്രസിന്റെ അവഗണനകളില്‍ നിന്ന് മുസല്‍മാനെ രക്ഷിക്കാന്‍ പലപ്പോഴും ഇടതുപക്ഷം ഇടപെടുകയും ചെയ്തതാണ്. കോണ്‍ഗ്രസിന്റേയും ഹൈന്ദവ വര്‍ഗീയ പാര്‍ട്ടിയായ ജനസംഘത്തിന്റേയും കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ഇ.എം.എസ് മന്ത്രി സഭ പിന്നോക്ക പ്രദേശമായ മലപ്പുറത്തിന് ജില്ലാ പദവി നല്കിയത്. ഇടതുപക്ഷം ഭൂപരിഷ്കരണം കൊണ്ടുവന്നപ്പോള്‍ അതില്‍ ഏറ്റവും ഗുണം ലഭിച്ചത് മലപ്പുറം ജില്ലയിലെ പാവങ്ങള്‍ക്കായിരുന്നു. കോണ്‍ഗ്രസും വര്‍ഗീയ വാദികളും വര്‍ഗീയ ലഹളയാക്കി തള്ളിയ മാപ്പിള കലാപത്തെ ജന്‍മിത്തത്തിനെതിരേയുള്ള കര്‍ഷക സമരമായും രാജ്യത്തിന് വേണ്ടിയുള്ള സ്വാതന്ത്യ്ര സമരമായും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അംഗീകരിച്ചപ്പോള്‍ അത് മലപ്പുറത്തുകാരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു.

മുസ്ലിം ലീഗിനെ മുഖ്യ ശത്രുവായി കണ്ടിരുന്ന കോണ്‍ഗ്രസ് തന്നെ കേരളത്തില്‍ അവരുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുകയും ജയിച്ചു കയറിയപ്പോള്‍ ലീഗിന് ഒരു മന്ത്രി പദവി പോലും കൊടുക്കാതിരിക്കുകയും ചെയ്ത കാലത്ത് ആ അപമാനത്തില്‍ നിന്ന് കരകയറാന്‍ സമുദായത്തെ സഹായിച്ചത് ഇടതുപക്ഷമായിരുന്നു. ന്യൂനപക്ഷ പ്രശ്നങ്ങളില്‍ നിന്നകന്ന് മുസ്ലിം ലീഗ് പ്രമാണിത്ത പാര്‍ട്ടിയായിത്തീരുകയും അധികാരത്തിലെത്താന്‍ എന്ത് നെറികേടുകളും പ്രവര്‍ത്തിക്കുകയും ചെയ്തപ്പോഴാണ് മുസ്ലിം ലീഗുമായി മത നിരപേക്ഷ പാര്‍ട്ടികള്‍ അകലാന്‍ തുടങ്ങിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ മുസ്ലിം സമുദായത്തിന്റെ ആജീവനാന്ത ശത്രുക്കളായ ഹൈന്ദവ വര്‍ഗീയ വാദികളെ കൂട്ടു പിടിക്കാന്‍ പോലും ലീഗ് മടിച്ചില്ല; എന്ന് മാത്രമല്ല, ഭരണത്തിലെത്താന്‍ മതത്തേയും വര്‍ഗീയതയേയും പലപ്പോഴും കെട്ടിപ്പുണരുകയും ചെയ്തു. ബേപ്പൂരില്‍ ടി.കെ. ഹംസയെ തോല്പിക്കാന്‍ ബി.ജെ.പിയെ കൂട്ടു പിടിച്ച ലീഗിനെ കോഴിക്കോടന്‍ ജനത കൈയൊഴിക്കുകയായിരുന്നു. ഇപ്പോഴത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെ തോല്പിക്കാന്‍ ലീഗ് വോട്ടുകള്‍ ബി.ജെ.പിക്ക് പതിച്ചു നല്കിയത് കൊണ്ടാണ് പല വാര്‍ഡുകളിലും ബി.ജെ.പി അക്കൌണ്ട് തുറന്നത് തന്നെ.

കോണിക്ക് വോട്ട് ചെയ്താല്‍ സ്വര്‍ഗം പ്രാപിക്കുമെന്നും ചെയ്യാത്തവര്‍ക്ക് മരണമാണ് വിധിയെന്നുമൊക്കെ പഴയ ഏറനാടന്‍ ഗ്രാമങ്ങളില്‍ ലീഗുകാര്‍ പ്രസംഗിച്ചു നടക്കുമായിരുന്നു. വിമോചന സമരക്കാലത്ത് കമ്യൂണിസ്റ്റുകാര്‍ ദൈവമില്ലാത്തവരാണെന്നും അവര്‍ ഭരണത്തിലേറിയാല്‍ "ദീനുല്‍ ഇസ്ലാം'' പിന്നെ ലോകത്തുണ്ടാവില്ലെന്നും പറഞ്ഞ് പാവപ്പെട്ട മുസ്ലിംകളെ പറഞ്ഞു വിശ്വസിപ്പിച്ച ലീഗ് തന്നെ, അതേ കമ്യൂണിസ്റ്റു പാര്‍ട്ടിയുമായി ചേര്‍ന്ന് ഭരണത്തിലേറുകയായിരുന്നു. മുസ്ലിംകളെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കമ്യൂണിസ്റ്റുകാരെന്നാണ് അന്ന് ജനാബ് ബാഫഖി തങ്ങള്‍ തന്നെ പറഞ്ഞത്. ഇടത് - വലത് കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം മാറി മാറി ലീഗ് ഭരണം പങ്കിട്ടപ്പോഴൊക്കെ ദൈവ നിഷേധത്തെപ്പറ്റി ലീഗ് മിണ്ടിയില്ല. ന്യൂനപക്ഷങ്ങളുടെ മതവും ജീവനും സ്വത്തും സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്നത്, ഹൈന്ദവ വര്‍ഗീയ വാദികള്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ കലാപ വേളകളില്‍ സമുദായത്തിന് അംഗീകരിക്കേണ്ടി വന്നു.

പാണക്കാട് പൂക്കോയ തങ്ങളുടെ മരണ ശേഷം മുസ്ലിംസമുദായത്തിലെ സുന്നി വിഭാഗത്തിനെതിരെ അത്യന്തം ശത്രുതാപരമായ നിലപാട് സ്വീകരിച്ചപ്പോള്‍ നീതിയും ന്യായവും ലീഗിന്റെ ചരിത്രത്തില്‍ നിന്ന് തന്നെ അസ്തമിച്ചു. എല്ലാ മത വിഭാഗങ്ങളോടും തുല്യ നീതി പുലര്‍ത്താന്‍ ബാധ്യസ്ഥരായ പാര്‍ട്ടിക്കാര്‍ മത പണ്ഡിതന്‍മാരേയും മുഅല്ലിമുകളേയും മത പ്രവര്‍ത്തകരേയും അധികാരത്തിന്റെ മുഷ്ടി കൊണ്ട് അടിച്ചമര്‍ത്തുകയായിരുന്നു. മര്‍കസ് പ്രസ്ഥാനവുമായി വന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരേയും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേയും ലീഗ് നടത്തിയ ആക്രമണങ്ങള്‍ക്കും കൊലകള്‍ക്കും എന്ത് ന്യായീകരണമാണ് ലീഗ് പാര്‍ട്ടിക്ക് പറയാനുള്ളത്? ഭരണത്തിലേറുമ്പോള്‍ വഖഫ് ബോര്‍ഡ്, ഹജ്ജ് കമ്മറ്റി തുടങ്ങിയവയില്‍ നിന്ന് സുന്നി വിഭാഗത്തെ ലീഗ് പാടെ തഴയുകയായിരുന്നു. ഈ സമയത്തൊക്കെ സുന്നി മുസ്ലിംകളുടെ രക്ഷക്കെത്തിയത് ഇടതുപക്ഷമായിരുന്നു. കര്‍ഷക സമരങ്ങളുടെ ആവേശവും മുസ്ലിംകളുടെ പുണ്യവാളനുമായ മമ്പുറം തങ്ങളുടെ ഖബറിടം സ്ഥിതി ചെയ്യുന്ന തിരൂരങ്ങാടിയിലെ മമ്പുറത്ത് പുഴക്ക് മേലെ പാലം വേണമെന്ന തീര്‍ഥാടകരുടെ നിരന്തരമായ ആവശ്യം പോലും ലീഗ് അവഗണിച്ചപ്പോള്‍, അത് സ്ഥാപിച്ച് കൊടുത്തത് പൊതു മരാമത്ത് മന്ത്രിയായി വന്ന ടി.കെ. ഹംസയായിരുന്നു.

മുസ്ലിം ലീഗ് നില നിന്നതുകൊണ്ട് സമുദായത്തിന് ഒരു ഗുണവുമില്ലെന്ന് മനസ്സിലാവും വിധമായിരുന്നു കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്ത് ലീഗിന്റെ പ്രകടനം. സമുദായം നിരന്തരം ആവശ്യപ്പെട്ടിരുന്ന നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ലീഗ് പകിട കളിക്കുകയാണ് ചെയ്തത്. സംവരണക്കാര്യത്തില്‍ അണിയറയില്‍ നടന്നിരുന്ന അട്ടിമറി ഇല്ലാതാക്കാന്‍ പാര്‍ട്ടി ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുമായി യോജിച്ചു കൊണ്ടുള്ള നയമാണ് പാര്‍ട്ടി സ്വീകരിച്ചത്. യു.ഡി.എഫ് കാലത്ത് കേരളത്തില്‍ വന്ന തൊഗാഡിയ വര്‍ഗീയ വിഷം തുപ്പിയപ്പോള്‍ അതിനെതിരെ മറുത്തൊരു വാക്ക് പറയാന്‍ ലീഗ് തയ്യാറായില്ലെന്ന് മാത്രമല്ല, ശ്രീമാന്‍ ആന്റണി കാവി വര്‍ഗീയതയെ വാഴ്ത്തിയപ്പോഴും ലീഗ് നേതൃത്വം മൌനം കൊണ്ടു. മാറാട് കേസില്‍ ഹൈന്ദവ വര്‍ഗീയതയെ പ്രീണിപ്പിച്ചുകൊണ്ട് ആന്റണി ഒത്തു തീര്‍പ്പുണ്ടാക്കിയപ്പോഴും ലീഗ് നാവനക്കിയില്ല. സാമുദായികതയുടെ പേരില്‍ നരകിക്കുന്ന സ്വന്തം സമുദായത്തോട് ഒരനുകമ്പയും ലീഗിന് തോന്നിയില്ല. അപ്പോഴും മുന്നണി ബന്ധത്തിന് വിള്ളല്‍ വരാതെ കോണ്‍ഗ്രസിന് ചാഞ്ഞ് കൊടുക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ആര്യാടന്‍ മുഹമ്മദിനെ ഏല്പിച്ചതോടെ ലീഗ് നേതാക്കള്‍ക്ക് മാളത്തിലൊളിക്കേണ്ടി വന്നു.

മുസ്ലിം ന്യൂനപക്ഷത്തിന്റെ പ്രാദേശിക കാര്യങ്ങള്‍ പോവട്ടെ - ആഗോള തലത്തിലും മുസ്ലിം താല്പര്യങ്ങള്‍ മുസ്ലിം ലീഗ്, കോണ്‍ഗ്രസിന് വേണ്ടി ബലി കഴിക്കുകയായിരുന്നു. ബാബ്രി പ്രശ്നത്തില്‍ സമുദായത്തിന്റെ നാവടക്കിയ പാര്‍ട്ടി ഇസ്രായേലും അമേരിക്കയും മുസ്ലിം ലോകത്തിനെതിരെ നടത്തുന്ന അക്രമങ്ങളോട് പ്രതികരിച്ചതുമില്ല. ഇസ്രായേലിനും അമേരിക്കക്കുമെതിരെ ഇടതുപാര്‍ട്ടികള്‍ ശക്തിയായി രംഗത്ത് വന്നപ്പോഴും കോണ്‍ഗ്രസിന് വേണ്ടി ലീഗ് അനങ്ങാപ്പാറ നയം സ്വീകരിച്ചു. ഇസ്രായേലുമായി ഇന്ത്യന്‍ സര്‍ക്കാര്‍ ഒന്നൊന്നായി കരാറുകളുണ്ടാക്കിയതിനെതിരെ മുസ്ലിം സംഘടനകള്‍ ശക്തിയായി പ്രതികരിച്ചപ്പോഴും ലീഗ് മിണ്ടിയില്ല.

കോണ്‍ഗ്രസ് ഭരണ കാലത്ത് ബാബ്രി പള്ളി പൊളിച്ചപ്പോള്‍ അതിനെ പറ്റി മൌനം ദീക്ഷിച്ച കോണ്‍ഗ്രസിനെതിരെ ഒരു വാക്ക് പറയാന്‍ ലീഗ് തയ്യാറായില്ല. എന്തെങ്കിലും പറയാന്‍ തയ്യാറായ സേട്ടു സാഹിബിനെ ലീഗ് നിര്‍ദാക്ഷിണ്യം പുറത്താക്കുകയും ചെയ്തു. ബാബ്രി കാര്യത്തില്‍ സമുദായത്തെക്കൊണ്ട് മൌനം പാലിപ്പിച്ചതിന് ലീഗിനെ വര്‍ഗീയ വാദികള്‍ പ്രശംസിച്ചത് യുവ ലീഗ് നേതൃത്വത്തെ അസ്വാരസ്യപ്പെടുത്തിയിരുന്നു. ബാബ്രി ബാബറുടെ കാലത്തെ കാര്യമാണെന്ന് പറഞ്ഞ് മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ലീഗുകാര്‍ ശ്രമിച്ചത്. ബാബ്രി പ്രശ്നം ലീഗിന്റെ അജണ്ടയില്‍ തന്നെ ഇല്ലാതായി. മുസ്ലിംകള്‍ക്കവകാശപ്പെട്ട ബാബ്രിയുടെ ഭൂമി ഇയ്യിടെ കോടതി വീതം വയ്ക്കുമ്പോള്‍ ആരും മിണ്ടിപ്പോകരുതെന്ന സര്‍ക്കാരിന്റെ വിളംബരം ഏറ്റു പാടിയ മുസ്ലിം ലീഗുകാര്‍ക്ക് കോണ്‍ഗ്രസിന്റേതില്‍ നിന്ന് വ്യത്യസ്തമായി എന്താണ് പറയാനുള്ളത്? അത് ന്യായമല്ല എന്ന് ന്യായമായും പറഞ്ഞത് ഇടതുപക്ഷമായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ സര്‍ക്കാര്‍ വിലാസത്തില്‍ തന്നെ പൊളിച്ച പള്ളി പുനര്‍ നിര്‍മിച്ചു കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് പറയാനുള്ള കൊച്ചു ധൈര്യമെങ്കിലും ലീഗു നേതൃത്വത്തിനുണ്ടായില്ല.

കേരളത്തിലേതടക്കമുള്ള ലോക മുസ്ലിം ജനത കാലങ്ങളായി ഫലസ്തീനിന്റെ കാര്യത്തില്‍ ദൈവത്തോട് ഉള്ളുതുറന്ന് പ്രാര്‍ഥിക്കുന്നവരാണ്. എന്നാല്‍ നരസിംഹവറാവുവിന്റെ കാലം തൊട്ട് ഇസ്രായേലിനോട് ഇന്ത്യ ചങ്ങാത്തം തുടങ്ങിയപ്പോള്‍ തുടങ്ങിയതാണ് ഫലസ്തീനില്‍ നിന്നുള്ള ലീഗിന്റെ തലയൂരല്‍. കോണ്‍ഗ്രസ് സര്‍ക്കാര്‍ അമേരിക്കയുമായി ചങ്ങാത്തം സ്ഥാപിക്കുകയും ഇസ്രായേലിനെ സ്വീകരിക്കുകയും മൊസാദിനെ ഇന്ത്യന്‍ മണ്ണില്‍ കയറൂരി വിടുകയും ചെയ്തപ്പോള്‍ ഇടതുപക്ഷം സാമ്രാജ്യത്വത്തിനെതിരെ ശക്തമായി നിലപാടെടുത്തു. അമേരിക്കന്‍ - ഇസ്രായേല്‍ അധിനിവേശത്തെ ഇടതുപക്ഷം എന്നെന്നും ചെറുക്കുകയാണ്. മുസ്ലിം സംഘടനകളും ഇക്കാര്യത്തില്‍ ഇടതുപക്ഷത്തോടൊപ്പം ചേരുന്നു. എന്നാല്‍ ലീഗ് ചെയ്തതോ? മിണ്ടിയില്ലെന്ന് മാത്രമല്ല; ഫലസ്തീന്‍ ഇന്ത്യയിലല്ല എന്ന് പറഞ്ഞ് സാധാരണക്കാരെ കബളിപ്പിക്കാനാണ് ശ്രമിച്ചത്. ചില യൂത്ത് ലീഗ് നേതാക്കള്‍ പ്രതികരിക്കാന്‍ ശ്രമിച്ചങ്കിലും അവരുടെ നാവടക്കുകയാണ് പാര്‍ട്ടി ചെയ്തത്. ഒടുവില്‍ ലീഗ് പ്രസിഡണ്ട് പാണക്കാട് തങ്ങള്‍ ഇസ്രായേലുമായി ബന്ധം വിച്ഛേദിക്കണമെന്നാവശ്യപ്പെട്ടപ്പോഴും അദ്ദേഹത്തെപ്പോലും അപമാനിക്കുന്ന നയമാണ് പാര്‍ട്ടി സ്വീകരിച്ചത്.

കഴിഞ്ഞ സംസ്ഥാന നിയമ സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ പരാജയപ്പെടുത്തുന്നതില്‍ മുസ്ലിം സംഘടനകള്‍ മുന്നിലുണ്ടായിരുന്നു. മുസ്ലിം ലീഗിന്റെ തട്ടകങ്ങളില്‍ പോലും ഇടതുപക്ഷം വിജയം കൊയ്തു. പ്രസ്തുത തെരഞ്ഞെടുപ്പില്‍ എറ്റവും കൂടുതല്‍ മുസ്ലിം ന്യൂനപക്ഷാംഗങ്ങളെ വിജയിപ്പിച്ചത് ലീഗായിരുന്നില്ല; മാക്സിസ്റ്റ് പാര്‍ട്ടിയായിരുന്നു. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന മന്ത്രി സഭ സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പാലൊളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ വിദഗ്ധ കമ്മറ്റി ഉണ്ടാക്കി. കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ളിം ന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പല പദ്ധതികളും ആവിഷ്കരിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ ഇതിനായി ഓരോ തീരുമാനമെടുക്കുമ്പോഴും അതിനെയൊക്കെ സമുദായത്തിനിടയില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ലീഗും അതിന്റെ കുഴലൂത്തുകാരായ ചില പണ്ഡിതന്‍മാരും, മെക്ക എന്ന പേരിലുള്ള ഉദ്യോഗസ്ഥ സംഘടനയും ചെയ്തത്. പാലൊളി കമ്മറ്റിയുണ്ടാക്കിയപ്പോള്‍ അത് സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് വൈകിക്കാനാണെന്ന് പ്രചരണമുണ്ടായി. എന്നാല്‍ അദ്ഭുതമെന്നേ പറയേണ്ടു; പ്രഖ്യാപിച്ച സമയത്തിനകം തന്നെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഒരു ചര്‍ച്ചയും കൂടാതെ അതിന് പൂര്‍ണമായ അംഗീകാരവും നല്കി. സൂത്രം ഫലിക്കില്ലെന്നായപ്പോള്‍ ലീഗിന് മറ്റൊരു കച്ചിത്തുരുമ്പ് കിട്ടി - പാഠ്യ പദ്ധതി പരിഷ്കരണം. അതില്‍ മുസ്ലിംകള്‍ക്ക് ഇഷ്ടമല്ലാത്ത ചില പാഠ ഭാഗങ്ങളുണ്ടെന്ന് പണ്ഡിതന്‍മാരും മുസ്ളിം നേതാക്കളും സര്‍ക്കാരിനെ അറിയിച്ചിരുന്നു. മുസ്ലിംകളുടെ താല്പര്യത്തിന് വിരുദ്ധമായി ഒരു റിപ്പോര്‍ട്ടും നടപ്പാക്കില്ലെന്ന് മന്ത്രി എം എ ബേബി ഉറപ്പ് കൊടുത്തിട്ടും അതൊന്നും കേള്‍ക്കാത്ത മട്ടില്‍ സര്‍ക്കാര്‍, മദ്രസകള്‍ അടച്ചു പൂട്ടിക്കുകയാണെന്നും പാഠപുസ്തകങ്ങളൊക്കെ മാര്‍ക്സിസ്റ്റുവത്കരിക്കുകയാണെന്നും ലീഗ് ശക്തമായി പ്രചരിപ്പിച്ചു കൊണ്ടിരുന്നു. അതിനു വേണ്ടി പള്ളികളേയും മദ്രസകളേയും ഉപയോഗപ്പെടുത്തിയെന്ന് മാത്രമല്ല; പാവപ്പെട്ടവര്‍ക്കുള്ള പാഠപുസ്തകങ്ങള്‍ റോഡിലിട്ട് ലീഗുകാര്‍ കൂട്ടമായി നേതാക്കളുടെ മുന്നിലിട്ട് കത്തിച്ചു കളഞ്ഞു. യു.ഡി.എഫ് കാലത്തെ പാഠപുസ്തകത്തില്‍ മുസ്ലിംകളും ക്രിസ്ത്യാനികളും ഒരുമിച്ചെതിര്‍ക്കുന്ന പരിണാമ സിദ്ധാന്തം കുശാലായി വന്നിട്ടും ഒരു ലീഗുകാരനും പരാതിയുണ്ടായിരുന്നില്ല. വളരെ കാലമായി അവഗണിക്കപ്പെട്ടിരുന്ന മലബാറിലെ കര്‍ഷക സമരങ്ങള്‍ക്ക് പാഠപുസ്തകങ്ങളിലൂടെ ജീവന്‍ നല്കിയതൊന്നും ലീഗ് കണ്ടില്ല. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന വിദ്യാഭ്യാസ ബില്ലിനെ അപ്പടി സ്വാഗതം ചെയ്ത ലീഗ് അതില്‍ ഭാഷാ പഠനം അവഗണിക്കപ്പെട്ട കാര്യം അറിയാഞ്ഞിട്ടൊന്നുമല്ല; കോണ്‍ഗ്രസിനെ ചൊടിപ്പിച്ചാല്‍ നില നില്പുണ്ടാവില്ല എന്ന് അറിയുന്നതുകൊണ്ടാണ്. ഇതേ പേരു പറഞ്ഞാണ് ലീഗ് തന്നെ നായനാര്‍ സര്‍ക്കാരിന്റെ ഭരണ കാലത്ത് മൂന്ന് പാവം സഹോദരന്‍മാരെ പോലീസിന് എറിഞ്ഞ് കൊടുത്തത്.

മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥക്ക് പദ്ധതികളാവിഷ്കരിക്കാനും ആവശ്യപ്പെടാനും മുസ്ലിംകള്‍ മതി; മുസ്ലിം ലീഗ് വേണ്ടെന്ന് ബോധ്യപ്പെടും വിധത്തിലാണ് പാലൊളി റിപ്പോര്‍ട്ട് ഒന്നൊന്നായി നടപ്പാക്കാന്‍ തുടങ്ങിയത്. കൊണ്ടോട്ടിയില്‍ ഹജ്ജ് സൌധം ഉയര്‍ന്ന് കാണാനും ഹജ്ജ് കേമ്പ് കൂടുതല്‍ വിപുലമായി നടത്താനും ഇടതു സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അവിടെ കുഴപ്പങ്ങളുണ്ടാക്കാനാണ് ലീഗ് ശ്രമിച്ചത്. എന്നാല്‍ ഇച്ഛാ ശക്തിയോടെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഞൊടിയിടയില്‍ ഹജ്ജ് സൌധം ഉയരുകയും കേമ്പുകള്‍ ലീഗുകാരില്ലാതെ തന്നെ സമുദായത്തിന്റെ പിന്തുണയോടെ വിജയകരമായി നടപ്പാവുകയും ചെയ്തു. മുസ്ലിം പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി അവര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാനുള്ള ഇടതു സര്‍ക്കാറിന്റെ തീരുമാനം മുസ്ലിം വിദ്യാഭ്യാസത്തിലെ നാഴികക്കല്ലായി. അതുവരെ മുസ്ലിം/നാടാര്‍ പെണ്‍കുട്ടികള്‍ക്ക് പത്താം ക്ളാസ് വരെ കിട്ടിക്കൊണ്ടിരുന്ന നക്കാപ്പിച്ച സര്‍ക്കാര്‍ നാലിരട്ടിയാക്കുകയും ചെയ്തു. ലീഗുകാര്‍ക്കോ കോണ്‍ഗ്രസുകാര്‍ക്കോ ഈ വക കാര്യങ്ങളില്‍ താല്പര്യമുണ്ടായില്ല. മത്സരപരീക്ഷകള്‍ക്ക് മുസ്ലിംകളെ കൂടി പ്രാപ്തരാക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് പൊന്നാനിയിലും കോഴിക്കോട്ടും സര്‍ക്കാര്‍ കേന്ദ്രങ്ങളാവിഷ്കരിച്ചപ്പോഴും കോണ്‍ഗ്രസിന് മുമ്പില്‍ ഏത്തമിട്ട് കൊടുക്കുകയായിരുന്നു ലീഗ്.

മുപ്പത് വര്‍ഷത്തോളം ലീഗുകാര്‍ ഭരിച്ചിട്ടും പരിഹരിക്കപ്പെടാതെ കിടന്ന പ്ളസ് ടു സീറ്റ് പ്രശ്നം പരിഹരിക്കാന്‍ വേണ്ടി ഇടതു ഭരണ കാലത്ത് ലീഗ് രംഗത്തിറങ്ങിയത് ആടിനെ പട്ടിയാക്കുന്ന രീതിയിലാണ്. ഇടത് സര്‍ക്കാര്‍ പ്രശ്നം പരിഹരിക്കാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ ലീഗുകാര്‍ കൊടിയെടുത്തത്, തങ്ങളുടെ കോഴി കൂകിയിട്ടാണ് നേരം വെളുക്കുന്നതെന്ന് സമുദായത്തെ ബോധ്യപ്പെടുത്താനാണ്. പ്ളസ് ടു പ്രശ്നം തീര്‍ന്നപ്പോള്‍ ലീഗുകാരെ ഇതിന്റെ നാലയലത്ത് പോലും കണ്ടില്ല. ഇടതു സര്‍ക്കാരിന് ഒരു നന്ദി വാക്ക് പറയാന്‍ പോലും ലീഗ് മുസ്ലിം സംഘടനകളെ അനുവദിച്ചില്ല. യു.ഡി.എഫ് കാലത്ത് കോഴിക്കൂടുകള്‍ക്ക് പോലും അംഗീകാരം നല്കി പണം വാരിക്കോരിയ ലീഗുകാര്‍ ഒന്ന് മനസ്സിലാക്കണം. ഇടതു സര്‍ക്കാര്‍ പ്ളസ് ടു അനുവദിച്ചത് സ്വാശ്രയ മേഖലയിലല്ല. സ്കൂള്‍ എത് പാര്‍ട്ടിയുടേതെന്ന് നോക്കാതെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് അനുവദിച്ചത്. അതുകൊണ്ടാണ് പല ലീഗ് മാനേജ്മെന്റുകള്‍ക്കും ഹയര്‍ സെക്കന്ററി അനുവദിച്ചത്. ഇപ്രകാരം സ്കൂള്‍ കിട്ടിയ ഒരു ലീഗുകാരന്‍ പറഞ്ഞു: 'ഒരു പൈസ പോലും ചിലവായില്ല. നമ്മളെ പാര്‍ട്ടിയായിരുന്നെങ്കില്‍ വാര്‍ഡ് മെമ്പര്‍ മുതല്‍ പണം കൊടുക്കേണ്ടിയിരുന്നു.'

യുഡിഎഫ് കാലത്ത് അപമാനം പേറുകയും, അധികാരത്തിന്റേയും അഴിമതിയുടേയും ദുരാചാരത്തിന്റേയും അനീതിയുടേയും പിന്നാലെ പോവുകയും ചെയ്തതുകൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വര്‍ഗീയ പാര്‍ട്ടികളിലേക്ക് ചേക്കേറാന്‍ തുടങ്ങിയത്. പഴയ കാല സിമി പ്രവര്‍ത്തകരുടെ തലയില്‍ നിന്നുണ്ടായ എന്‍.ഡി.എഫിലേക്ക് ലീഗില്‍ നിന്ന് കുത്തൊഴുക്കുണ്ടായി. ലീഗിന്റെ നയങ്ങളിലും പരിപാടികളിലും വര്‍ഗീയച്ഛായ ദൃശ്യമായി. ഹൈന്ദവരുടെ പിന്തുണ കിട്ടാന്‍ ഇന്ദിരാഗാന്ധി ബജറ്ങ് ദളിനെ പോറ്റിയത് പോലെ മുസ്ലിം പിന്തുണ പിടിച്ചു വാങ്ങാന്‍ എന്‍ ഡി എഫിനെ ഉപയോഗപ്പെടുത്തുകയായിരുന്നു ലീഗ് നേതൃത്വം. കഴിഞ്ഞ ലോക് സഭാ തിരിഞ്ഞെടുപ്പില്‍ പൊന്നാനിയിലെ ലീഗ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് ലീഗുകാരായിരുന്നില്ല; എന്‍. ഡി.എഫുകാരായിരുന്നു. മുസ്ലിം ലീഗുകാര്‍ കൂട്ടമായി എന്‍.ഡി.എഫില്േക്ക് കൂടൊഴിയുന്നത് കണ്ടപ്പോള്‍ ആ പാര്‍ട്ടിയെ താലോലിക്കാന്‍ ലീഗ് നിര്‍ബന്ധിതരായി. അങ്ങനെ വര്‍ഗീയതയെ പ്രത്യക്ഷമായി തന്നെ താലോലിക്കേണ്ട ഉത്തരവാദിത്തവും ലീഗിന്റെ തലയിലെത്തി. ഇതിനെതിരെ ലീഗിനോടൊപ്പം നില്‍ക്കുന്ന ചില മത സംഘടനകളും ചില നേതാക്കളും പാര്‍ട്ടി നൃേത്വത്തിന് മുന്നറിയിപ്പു കൊടുത്തിട്ടും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം അതിനെ അവഗണിച്ചെന്ന് മാത്രമല്ല; മത നിരപേക്ഷ പാര്‍ട്ടികളോടൊപ്പം നില്‍ക്കുന്ന ആളുകള്‍ക്കെതിരെ ഭീഷണി ഉയര്‍ത്താനും പാര്‍ട്ടി എന്‍.ഡി.എഫിനെ ഉപയോഗപ്പെടുത്തുകയായിരുന്നു.

തിരഞ്ഞെടുപ്പ് വരുമ്പോള്‍ എന്തെങ്കിലും മുസ്ലിം പ്രശ്നം എടുത്തിട്ട് അതിന്‍മേല്‍ കയറിപ്പറ്റാനാണ് ലീഗ് നേതൃത്വം ശ്രമിക്കാറ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി വിശ്വാസികള്‍ക്കെതിരാണ്, മദ്രസകള്‍ പൂട്ടിക്കുകയാണ് എന്നൊക്കെ പ്രചരിപ്പിക്കുന്ന ലീഗുകാര്‍ തന്നെ തങ്ങള്‍ കൊന്ന വിശ്വാസികളുടേയും തങ്ങള്‍ തന്നെ അധികാരമുഷ്ടിയാല്‍ പൂട്ടിച്ച മദ്രസകളുടേയും കണക്കെടുക്കട്ടെ. സമുദായത്തില്‍ തര്‍ക്കങ്ങളുണ്ടാവുമ്പോള്‍ നിഷ്പക്ഷത പാലിക്കേണ്ട ലീഗ്, പക്ഷം ചേര്‍ന്ന് ഒരു വിഭാഗത്തെ സഹായിക്കുകയായിരുന്നു. എതിര്‍ വിഭാഗത്തിന്റെ മദ്രസകള്‍ പൂട്ടിക്കാനും അവരെ മര്‍ദ്ദിക്കാനും ലീഗുകാരായിരുന്നല്ലോ മുന്‍ പന്തിയില്‍. ബാബ്രി മസ്ജിദ് പൊളിച്ചതിന് കോണ്‍ഗ്രസ് പോലും മാപ്പ് പറഞ്ഞു നാണം കെട്ടല്ലോ. എന്നാല്‍ മുസ്ലിം സമുദായത്തിലെ ഒരു വിഭാഗത്തിനെതിരെ അധികാരത്തിന്റേയും പ്രമാണിത്തത്തിന്റേയും പിന്‍ ബലത്തോടെ ലീഗ് ചെയ്ത അക്രമങ്ങള്‍ക്ക് ഒന്ന് മാപ്പു പറയാന്‍ പോലും പാര്‍ട്ടി തയ്യാറായില്ല. ചുളുവില്‍ അവരെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇങ്ങനെ ഇവര്‍ മുമ്പും ചെയ്തിരുന്നു. പക്ഷേ അധികാരം കിട്ടിയപ്പോള്‍ പഴയ അവഗണന കൂടുതല്‍ ശക്തിയോടെ തുടരുകയായിരുന്നു ലീഗുകാര്‍.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ വിഷയം അലിഗഡായിരുന്നു. ഒരു തരത്തിലും വരാന്‍ വകുപ്പില്ലാത്ത പാണക്കാട് തന്നെ അലിഗഡ് വരണമെന്ന ലീഗിന്റെ വാശിയുടെ പിന്നില്‍ ഇടത് ഭരണത്തില്‍ അലിഗഡ് വരരുതെന്ന് തന്നെയായിരിക്കണം. ഇടതു സര്‍ക്കാര്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി സര്‍വേ തുടങ്ങിയപ്പോള്‍ അത് അക്വയര്‍ ചെയ്യാന്‍ കഴിയില്ലെന്നും അലിഗഡ് വരാന്‍ പോകുന്നില്ലെന്നുമാണ് ലീഗുകാര്‍ പ്രചരിപ്പിച്ചത്. തങ്ങളുടെ റാന്‍ മൂളികളായ മത സംഘടനകളേയും അവര്‍ കൂട്ടു പിടിച്ചു. എന്നാല്‍ പിന്നോക്ക വിഭാഗങ്ങളോട് പ്രതിബദ്ധത കാണിച്ച സര്‍ക്കാര്‍ എത്ര പെട്ടെന്നാണ് അലിഗഡ് യാഥാര്‍ഥ്യമാക്കിയത്? അക്വിസിഷന്‍ സമയത്ത് പാര്‍ട്ടിക്കാരെക്കൊണ്ട് അതിന്റെ അതിവേഗതക്ക് തടയിടാനാണ് ലീഗ് ശ്രമിച്ചത്. അലിഗഡ് വന്നപ്പോള്‍ അങ്കലാപ്പിലായ ലീഗ് നേതൃത്വം പിന്നെ വിഷയം മാറ്റി. ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു വിഷയവും കിട്ടാതായപ്പോള്‍ മുഖ്യ മന്ത്രി പറഞ്ഞ എന്തോ പരാമര്‍ശങ്ങളിലാണ് ലീഗുകാര്‍ പിടിച്ചു തൂങ്ങിയത്. ഈ തട്ടിപ്പുകളൊക്കെ മലപ്പുറത്തെ സമുദായത്തിന് മനസ്സിലാക്കാന്‍ സമയമെടുക്കുകയാണ്.

തിരഞ്ഞെടുപ്പ് കാലത്ത് പണവും മതവും മാത്രമല്ല ലീഗിന്റ ആയുധം. തിരഞ്ഞെടുപ്പ് അടുക്കാന്‍ തുടങ്ങുമ്പോഴാണ് ലീഗ് സ്ഥാനാര്‍ഥികള്‍ പലരും പള്ളിയിലും ദര്‍ഗകളിലും പോയിത്തുടങ്ങുക. ഒപ്പം തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചില മുല്ലമാരെയും ലീഗ് രംഗത്തിറക്കും. പച്ചക്കള്ളങ്ങള്‍ പറഞ്ഞു പ്രചരിപ്പിക്കും. ഇല്ലാത്ത പള്ളി കമ്യൂണിസ്റ്റുകാര്‍ പൊളിച്ചതും നന്ദി ഗ്രാമില്‍ ഇല്ലാത്ത കൂട്ടക്കൊല നടത്തിയതും പറഞ്ഞ് ലീഗ് നേതാക്കള്‍ കണ്ണീര്‍ വാര്‍ക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബീഹാറിലെ ഒരു തീവണ്ടി അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കിടത്തിയത് കാണിച്ച് അത് നന്ദിഗ്രാമില്‍ മാര്‍ക്സിസ്റ്റുകാര്‍ കൊന്ന മുസ്ലിംകളാണെന്ന പ്രചരണമഴിച്ചു വിട്ടു. ഉത്തരേന്ത്യയില്‍ എല്ലാ മതക്കാരും തലക്കെട്ട് ഉപയോഗിക്കുന്നവരായത് കൊണ്ട് മരിച്ചു കിടക്കുന്നവര്‍ മുസ്ലിംകളാണെന്ന് പറയാന്‍ ലീഗുകാര്‍ക്ക് ഒരു പ്രയാസവുമുണ്ടായില്ല. ഗള്‍ഫില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പിരിച്ചെടുത്ത പണമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഗുകാര്‍ വാരിവിതറിയത്. ഈ പണം തന്നെയാണ് ബിജെപിക്കാര്‍ക്ക് ഓഫീസുണ്ടാക്കാനും അവരുടെ വോട്ട് തട്ടാനും വേണ്ടി ചെലവഴിച്ചത്. ഇതൊക്കെ തെറ്റല്ലേ എന്ന് മാന്യനായിപ്പോയ ഒരു ലീഗുകാരന്‍ ചോദിച്ചപ്പോള്‍ 'ലീഗിനെ രക്ഷിക്കുന്നതും റിലീഫ് പ്രവര്‍ത്തനമല്ലേ' എന്നായിരുന്നു നേതാവിന്റെ മറുപടി.

മദ്രസാ മുഅല്ലിമുകള്‍ക്ക് പെന്‍ഷന്‍ വേണമെന്നത് ആ വിഭാഗത്തിന്റേയും മത നേതൃത്വത്തിന്റേയും ചിരകാലാഭിലാഷമായിരുന്നു. പാര്‍ട്ടിയിലെ ചില വിഭാഗങ്ങളുടെ സ്വാധീനം മൂലം ഇതിന് വേണ്ടി ഇത്ര കാലം ലീഗ് ഒരക്ഷരം മിണ്ടിയില്ല. ധര്‍മം പഠിപ്പിക്കുന്ന മുഅല്ലിമുകള്‍ക്കുള്ള ഈ പെന്‍ഷന്‍ പദ്ധതി പരമാവധി പലിശ ഉള്‍പ്പെടാത്ത വിധം സര്‍ക്കാര്‍ നടപ്പാക്കിയപ്പോള്‍, അത് പലിശപ്പണമാണ് 'വാങ്ങരുത്, കൊടുക്കരുത്' എന്നാണ് ലീഗ് നേതൃത്വത്തിന്റെ കീഴിലുള്ള മദ്രസാ ബോര്‍ഡുകാര്‍ സര്‍ക്കുലറിലൂടെ അറിയിച്ചത്. ഇതിന്റെ നഷ്ടം ആര്‍ക്കാണെന്ന് ലീഗിന് പറഞ്ഞു കൊടുക്കാന്‍ സമുദായമാണ് മുന്നോട്ട് വരേണ്ടത്. ഈ പദ്ധതി പൊളിച്ചു കൊടുക്കേണ്ടത് ലീഗിലെ തന്നെ ചില വിഭാഗങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണെന്ന് കൂടി ആര്‍ക്കാണറിഞ്ഞു കൂടാത്തത്!

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞുെപ്പില്‍ മലപ്പുറത്തെ മുസ്ലിം സമുദായം ലീഗിനനുകൂലമായി വോട്ട് ചെയ്തതിന് എന്ത് ന്യായീകരണമാണ് പറയാനുള്ളത്? കേരളപ്പിറവിക്ക് ശേഷം ഒരു സര്‍ക്കാരും നടപ്പാക്കാത്ത പദ്ധതികളാണ് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയത്. ഏറ്റവുമൊടുവില്‍ ന്യൂനപക്ഷ മന്ത്രാലയം തന്നെ സ്ഥാപിച്ച് സര്‍ക്കാര്‍ മാതൃക കാട്ടിയിരിക്കുന്നു. ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടി മറ്റേത് സര്‍ക്കാരും വകയിരുത്താത്ര തുക ഇടതുസര്‍ക്കാര്‍ നീക്കി വച്ചു. മുസ്ലിംകള്‍ക്ക് നല്കുന്ന സ്കോളര്‍ഷിപ്പുകളൊക്കെ കേന്ദ്രത്തിന്റേതാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന ലീഗുകാര്‍, കോണ്‍ഗ്രസ് ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളില്‍ കേരളത്തിലേതുപോലെ സ്കോളര്‍ഷിപ്പുകള്‍ ശാസ്ത്രീയമായി വിതരണം ചെയ്യുന്നു എന്ന് പറയാമോ? കേരളത്തിലേത് പോലെ സ്കോളര്‍ഷിപ്പിന് ശാസ്ത്രീയമായ സംവിധാനം ഒരു സംസ്ഥാനത്തുമില്ല. കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ പോലും സ്കോളര്‍ഷിപ്പ് വിതരണകാര്യത്തില്‍ താല്പര്യമെടുക്കുന്നില്ല.

ഇക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മുസ്ലിം സംഘടനകളും തയ്യാറാവണം. മുസ്ലിം ലീഗുകാര്‍ മുസ്ലിം സംഘടനാ യോഗം വിളിക്കുമ്പോള്‍ അവിടെ ചെന്ന് ഒപ്പിടുന്ന മുസ്ലിം സംഘടനകള്‍ യാഥാര്‍ഥ്യം മനസ്സിലാക്കണം. ലീഗ് ശ്രമിക്കുന്നത് മുസ്ലിംസംഘടനകളെ പിടിച്ച് കെട്ടി തങ്ങളുടെ മേധാവിത്വം സ്ഥാപിക്കാനാണ്. മുസ്ലിം പ്രമാണിത്തത്തോട് പൊരുതി ജയിച്ച മുസ്ലിം സംഘടനകള്‍ ഇന്ന് സജീവമാണ്. അവരുടെ പിന്തുണ ഇടതു സര്‍ക്കാരിന് ലഭിച്ചതുമാണ്. അതില്‍ നിന്ന് മാറിചിന്തിക്കേണ്ട ഒരു കാര്യവും ഇപ്പോഴുണ്ടായിട്ടില്ല. സംവരണം അട്ടിമിറക്കപ്പെടുന്നു എന്ന് യു.ഡി.എഫിന്റെ കാലത്ത് നിരന്തരം ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ മുസ്ലിം സംഘടനകളുടെ അറിവിലേക്കായി ചോദിക്കട്ടെ: ഇടതു ഭരണ കാലത്ത് എവിടെയെങ്കിലും സംവരണം അട്ടി മറിക്കപ്പെട്ടിട്ടുണ്ടോ? അര്‍ഹതപ്പെട്ടവര്‍ക്കൊക്കെ അവരുടെ അവകാശങ്ങള്‍ വാങ്ങിക്കൊടുക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിച്ചത്. അവര്‍ മുന്നോട്ട് വച്ച ക്ഷേമ പദ്ധതികള്‍ നടപ്പാവണമെങ്കില്‍ ഇടതുപക്ഷം തന്നെ ഭരണത്തിലേറണം. അതിന് മുസ്ലിം ലീഗിന്റെ തിട്ടൂരത്തിന് കാത്ത് നില്ക്കാതെ മുസ്ലിം സംഘടനകള്‍ ഇച്ഛാ ശക്തിയോടെ സര്‍ക്കാറിനെ സഹായിക്കാന്‍ മുന്നോട്ട് വരണം. മുസ്ലിം ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നത് മുസ്ലിം ലീഗല്ല, മതേതര പാര്‍ട്ടികളാണെന്ന വസ്തുതയും സമുദായ സംഘടനകള്‍ മനസ്സിലാക്കണം. ന്യൂനപക്ഷ സംരക്ഷണം ഭരണഘടനാ ബാധ്യതയാണ്. ആ ബാധ്യത ഇടതുപക്ഷം യഥാവിധി നിറവേറ്റുകയും ചെയ്യുന്നു. കേന്ദ്രം ഏര്‍പ്പെടുത്തിയ സച്ചാര്‍ കമ്മീഷന്‍ തന്നെ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദ ഫലമായിരുന്നല്ലോ?



1 comment:

Baiju Elikkattoor said...

".....ഹൈന്ദവ വര്‍ഗീയ വാദികള്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ കലാപ വേളകളില്‍ സമുദായത്തിന് അംഗീകരിക്കേണ്ടി വന്നു."

കേരളത്തില്‍ എപ്പോള്‍, എവിടെ ഇങ്ങനെ ഒരു കലാപം നടന്നു എന്ന് പറയാമോ? മാറാട് ആണ് ഉദേശിക്കുന്നത് എങ്കില്‍ അതില്‍ മുസ്ലിങ്ങള്‍ക്കും പങ്ക് ഇല്ലേ?