Tuesday, December 14, 2010

അലയടിക്കട്ടെ പ്രതിഷേധം

അലയടിക്കട്ടെ പ്രതിഷേധം

പാര്‍ലമെന്റിനെ മറികടന്ന് വിനാശകരമായ തീരുമാനങ്ങള്‍ വളഞ്ഞ വഴിയിലൂടെ നടപ്പാക്കുന്നത് യുപിഎ സര്‍ക്കാരിന്റെ പതിവായി മാറിയിരിക്കുന്നു. ജനാധിപത്യത്തോടല്ല സാമ്രാജ്യത്വത്തോടാണ് വിധേയത്വം എന്ന് തെളിയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികളില്‍ ഏറ്റവുമൊടുവിലത്തേതാണ് യൂറോപ്യന്‍ യൂണിയനുമായി ഒപ്പിടുന്ന സ്വതന്ത്രവ്യാപാര കരാര്‍. പാര്‍ലമെന്റിനെയും സംസ്ഥാനസര്‍ക്കാരുകളെയും രാഷ്ട്രീയപാര്‍ടികളെയും വിശ്വാസത്തിലെടുക്കാതെ രഹസ്യചര്‍ച്ചകള്‍ നടത്തിയാണ് വ്യാപാരകരാറിന്റെ കരടിന് രൂപം നല്‍കിയത്. ഇതിലൂടെ യുപിഎ സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിച്ചിരിക്കയാണ് എന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആണവ കരാറിന്റെ കാര്യത്തിലായാലും ആസിയന്‍ കരാറിലായാലും ചില്ലറവ്യാപാര രംഗത്ത് വിദേശ പ്രത്യക്ഷനിക്ഷേപത്തിന് അനുമതി നല്‍കുന്നതിനുള്ള ശ്രമത്തിലായാലും പാര്‍ലമെന്റിനെ മറികടന്നുള്ള നീക്കങ്ങളിലാണ് യുപിഎ ഗവമെന്റ് അഭിരമിച്ചത്; അഭിരമിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയുടെ ക്ഷീര- കാര്‍ഷികമേഖലകളിലേക്ക് നിയന്ത്രണങ്ങളില്ലാതെ കൂടുതല്‍ പ്രവേശനം നല്‍കണമെന്ന് വ്യാപാര കരാറിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നു. ആസിയന്‍ കരാറിന്റെ ഫലമായെന്നപോലെ ഇത് കര്‍ഷകരെയും മത്സ്യത്തൊഴിലാളികളെയും ചെറുകിട വ്യാപാരികളെയും ദോഷകരമായി ബാധിക്കും. യൂറോപ്യന്‍ യൂണിയന്‍ അവരുടെ അമിതലാഭേച്ഛയെ തൃപ്തിപ്പെടുത്താനുള്ള നിരവധി നിബന്ധനകള്‍ കരാറിന്റെ ഭാഗമാക്കാന്‍ സമ്മര്‍ദംചെലുത്തുകയാണ്. നിക്ഷേപ-ധന സേവനമേഖലയില്‍ വരുത്താന്‍ അവര്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ആഭ്യന്തരവ്യവസായത്തെ തകര്‍ക്കും. ചെറുകിട വില്‍പ്പനമേഖലയില്‍ വന്‍കിട കമ്പനികള്‍ കടന്നുവരുന്നതോടെ ചെറുകിടക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ധനമേഖല തുറന്നുകൊടുക്കുന്നതും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. ആവശ്യമായ മേഖലയിലേക്ക് വായ്പ എത്തിക്കാനുള്ള സര്‍ക്കാരിന്റെ കഴിവ് ഇല്ലാതാകും. സംഭരണശൃംഖലയും തുറന്നുകൊടുക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതംഗീകരിച്ചാല്‍, സ്വതേ ദുര്‍ബലമായ നമ്മുടെ പൊതുവിതരണസമ്പ്രദായം പാടേ തകരും. ചെറുകിട വ്യാപാരരംഗത്ത് അനേകം ബ്രാന്‍ഡുകളിലുള്ള കച്ചവടത്തിന്, വിദേശ പ്രത്യക്ഷനിക്ഷേപത്തിന് അനുമതി നല്‍കുന്നതിനാണ് വ്യവസായ-വ്യാപാര മന്ത്രാലയത്തിന്റെ കൊണ്ടുപിടിച്ച നീക്കം. ചെറുകിട വ്യാപാരരംഗം ഒന്നാകെ വിദേശ കമ്പനികള്‍ക്കായി തുറന്നുകൊടുക്കുകയാണ്. ഒരൊറ്റ ബ്രാന്‍ഡിലുള്ള സാധനങ്ങളുടെ ചെറുകിട വില്‍പ്പനയ്ക്കേ ഇപ്പോള്‍ വിദേശ പ്രത്യക്ഷനിക്ഷേപത്തിന് അനുവാദമുള്ളൂ. വാള്‍മാര്‍ട്ടിനെപ്പോലെയുള്ള കമ്പനികള്‍ക്കായി ചെറുകിട വ്യാപാരരംഗം തുറന്നുകിട്ടുന്നതിന് അമേരിക്ക, ഇന്ത്യക്കുമേല്‍ തുടര്‍ച്ചയായി സമ്മര്‍ദം ചെലുത്തുന്നു. ഇവിടെയും പര്‍ലമെന്റിനെ മറികടന്ന് അമേരിക്കന്‍ ഇംഗിതത്തിനൊത്ത തീരുമാനമെടുക്കാനാണ് യുപിഎ സര്‍ക്കാര്‍ ഒരുങ്ങുന്നത്. വിദേശ ചെറുകിട വ്യാപാരശൃംഖലയുടെ പ്രവേശനം ഇന്നാട്ടിലെ ചെറുകിട വ്യാപാരികളുടെ ഉപജീവനമാര്‍ഗം അടയ്ക്കും. അമേരിക്കന്‍ വ്യാപാര-വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കുമുന്നില്‍ ഇന്ത്യന്‍ വിപണികള്‍ മലര്‍ക്കെ തുറന്നിടുകയും കൂടുതല്‍ ദൃഢമായ സൈനിക-സുരക്ഷാബന്ധങ്ങളിലേക്ക് ഇന്ത്യയെ കൊണ്ടുവരികയും ചെയ്യുക എന്നതായിരുന്നു പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ മുഖ്യ അജന്‍ഡ. സന്ദര്‍ശനത്തിന്റെ അവസാനത്തില്‍ ഇറക്കിയ സംയുക്തപ്രസ്താവനയില്‍, ഈ ലക്ഷ്യങ്ങള്‍ ഊന്നിപ്പറഞ്ഞതാണ്. ഇന്ത്യയിലെ കാര്‍ഷിക ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന്റെയും ഭക്ഷ്യസുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും പേരില്‍ മൊസാന്റോ, വാള്‍മാര്‍ട്ട് എന്നിവയെപ്പോലെയുള്ള അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകളുടെ കൊള്ളലാഭത്തിനുമുന്നില്‍ ഇന്ത്യയുടെ കാര്‍ഷികമേഖലയും ചെറുകിട വ്യാപാരമേഖലയും തുറന്നിടുക എന്ന അജന്‍ഡയാണ് വ്യക്തമായത്. കോടിക്കണക്കിന് ചെറുകിട, നാമമാത്ര കൃഷിക്കാരുടെയും അസംഘടിതരായ ചെറുകിട കച്ചവടക്കാരുടെയും താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണിത്. സംയുക്ത പ്രസ്താവനയില്‍ ദൃഢമായ പ്രതിരോധ-സുരക്ഷാബന്ധങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. അമേരിക്കന്‍ ആയുധങ്ങള്‍ വന്‍തോതില്‍ വാങ്ങുന്നതും മനുഷ്യാവകാശങ്ങളെയും ജനാധിപത്യത്തെയും ആണവ നിര്‍വ്യാപനത്തെയും കുറിച്ചുള്ള അമേരിക്കയുടെ വഞ്ചനാപരവും സ്വാര്‍ഥപരവുമായ താല്‍പര്യങ്ങളോട് ചേര്‍ന്നുനില്‍ക്കേണ്ടതും അതിന്റെ ഭാഗമാണ്. ഇന്ത്യ ആയുധങ്ങള്‍ വാങ്ങുന്നതുവഴി, അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും എന്ന് സംയുക്ത പ്രസ്താവനയില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. 10 സി-17 ഇനത്തിലുള്ള സൈനിക ചരക്കുകടത്ത് വിമാനങ്ങള്‍ക്ക് (മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ്) 580 കോടി ഡോളറിന്റെ ഓര്‍ഡറാണ് നല്‍കാന്‍ പോകുന്നത്. എല്ലാം അമേരിക്കയ്ക്കുവേണ്ടിയെന്ന് വ്യക്തം. ഇങ്ങനെ വിവിധ കരാറുകളിലൂടെയും സ്വകാര്യനീക്കങ്ങളിലൂടെയും രാജ്യത്തെ വില്‍ക്കുകയാണ്. ആസിയനുമായി ഒപ്പിട്ട സ്വതന്ത്രവ്യാപാര കരാര്‍ ഉള്‍പ്പെടെ വലിയ വിഭാഗം ജനങ്ങളെ ബാധിക്കുന്ന കരാറുകള്‍ പാര്‍ലമെന്റുമായോ രാഷ്ട്രീയ പാര്‍ടികളുമായോ സംസ്ഥാനസര്‍ക്കാരുകളുമായോ ചര്‍ച്ചചെയ്യാതെയാണ് ഒപ്പിട്ടത് എന്ന വിമര്‍ശനം രാജ്യത്താകെ ഉയര്‍ന്നിട്ടും അതേ തെറ്റ് ആവര്‍ത്തിക്കാനാണ് പുറപ്പാട്. ഇന്ത്യ-ഇയു കരാറിലും അതേ രീതിതന്നെയാണ് തുടരുന്നത്. ഇത്തരം നീക്കങ്ങള്‍ക്കെതിരായ ശക്തമായ വികാരം രാജ്യത്താകെ ഉയരേണ്ടതുണ്ട്. എല്ലാ വിഭാഗം കച്ചവടക്കാരും കടയുടമകളും വ്യാപാരി സംഘടനകളും ഈ മുന്നേറ്റത്തില്‍ അണിനിരക്കേണ്ടതുണ്ട്. ഏതെങ്കിലുമൊരു വിഭാഗത്തിന്റെ മാത്രം പ്രശ്നങ്ങളല്ല, രാജ്യത്തെയും ജനതയെയും അടിമുടി ബാധിക്കുന്നതാണ് യുപിഎ സര്‍ക്കാരിന്റെ ഇവ്വിധ നീക്കങ്ങള്‍ എന്നു മനസ്സിലാക്കിയുള്ള ജനകീയ പ്രതിരോധം ഉച്ചസ്ഥായിയിലേക്ക് ഉയരാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

No comments: