Tuesday, December 14, 2010

ചരിത്രപരമായ പാര്‍ലമെന്റ് സ്തംഭനം

ചരിത്രപരമായ പാര്‍ലമെന്റ് സ്തംഭനം.

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഒരു നടപടിയിലേക്കും കടക്കാനാകാതെ പിരിഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യമായാണ് ഒരു നടപടിയിലേക്കും കടക്കാനാകാതെ ഒരു സമ്മേളനം പരിയുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെക്കുറിച്ച് ജെപിസി അന്വേഷണം അനുവദിക്കാനാകില്ലെന്ന സര്‍ക്കാരിന്റെ പിടിവാശി ഒന്നുകൊണ്ടുമാത്രമാണ് സമ്മേളനം പൂര്‍ണമായും സ്തംഭിച്ചത്. നേരത്തെ പലഘട്ടങ്ങളിലും പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെട്ടിരുന്നെങ്കിലും ഒരു സമ്മേളനം മുഴുവന്‍ തടസ്സപ്പെടുന്നത് ഇതാദ്യമായാണ്. ബൊഫോഴ്സ്, ഓഹരികുംഭകോണങ്ങള്‍, തെഹല്‍ക വെളിപ്പെടുത്തല്‍, ശവപ്പെട്ടി കുംഭകോണം തുടങ്ങിയവ പുറത്തുവന്ന വേളയില്‍ ദിവസങ്ങളോളം പാര്‍ലമെന്റ് നടപടികള്‍ സ്തംഭിച്ചു. എന്നാല്‍, അന്നൊന്നും സമ്മേളനം പൂര്‍ണമായും തടസ്സപ്പെട്ടിരുന്നില്ല. 64 കോടി രൂപയുടേതാണ് ബൊഫോഴ്സ് അഴിമതിയെങ്കില്‍ സ്പെക്ട്രം അഴിമതി 1.76 ലക്ഷം കോടി രൂപയുടേതാണ്. നവംബര്‍ ഒമ്പതിന് ശീതകാലസമ്മേളനം തുടങ്ങുന്ന ഘട്ടത്തില്‍ മൂന്ന് പ്രധാനപ്പെട്ട അഴിമതികള്‍ പാര്‍ലമെന്റിനുമുമ്പില്‍ ഉണ്ടായിരുന്നു. ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം, കോമവെല്‍ത്ത് ഗെയിംസ് അഴിമതി, സ്പെക്ട്രം അഴിമതി എന്നിവ. സ്പെക്ട്രം കുംഭകോണം പുറത്തുവന്നതോടെ സഭ പ്രക്ഷുബ്ധമായി. രാജയുടെ രാജിയോടെ സഭാസ്തംഭനം അവസാനിക്കുമെന്നും സ്പെക്ട്രം അഴിമതിയുടെ കാര്യത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് വിരാമമാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിച്ചു. എന്നാല്‍, മന്ത്രിയുടെ രാജികൊണ്ട് അവസാനിക്കുന്നതല്ല പ്രശ്നമെന്ന് സുപ്രീംകോടതിയുടെ പരാമര്‍ശങ്ങളും തുടര്‍ന്ന് പുറത്തുവന്ന നീര റാഡിയ ടേപ്പുകളും വ്യക്തമാക്കി. രാജയെ മന്ത്രിയാക്കുന്നതിന് കോര്‍പറേറ്റുകളും കോര്‍പറേറ്റ് മാധ്യമങ്ങളും ചരടുവലിച്ചുവെന്ന് വ്യക്തമായി. ജെപിസി അന്വേഷണം എന്തിനെന്ന സര്‍ക്കാരിന്റെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഈ സംഭവവികാസങ്ങള്‍. സര്‍ക്കാരാകട്ടെ മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്തംഭനം ഒഴിവാക്കാന്‍ കാര്യമായ ഒരു ശ്രമവും നടത്തിയില്ല. ലോക്സഭാ നേതാവും ധനമന്ത്രിയുമായ പ്രണബ് മുഖര്‍ജി രണ്ടുതവണ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തെങ്കിലും അതില്‍ മൂര്‍ത്തമായ ഒരു നിര്‍ദേശവും മുന്നോട്ടുവച്ചില്ല. പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിയുടെ അന്വേഷണം നടത്താമെന്ന് മാത്രമാണ് മുഖര്‍ജി ആവര്‍ത്തിച്ചത്. മന്ത്രിമാരെ വിളിച്ചുവരുത്താന്‍ അധികാരമില്ലാത്ത പിഎസി അന്വേഷണംകൊണ്ട് കാര്യമില്ലെന്നും മാനങ്ങളേറെയുള്ള സ്പെക്ട്രം അഴിമതിയെക്കുറിച്ച് ജെപിസി അന്വേഷണംതന്നെ വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. സ്പീക്കര്‍ മീരാകുമാറും അനുരഞ്ജനയോഗം വിളിച്ചെങ്കിലും അതും വിജയിച്ചില്ല. സര്‍ക്കാരിന്റെ തലവനായ പ്രധാനമന്ത്രിയാകട്ടെ പ്രശ്നപരിഹാരത്തിന് ഒരു മുന്‍കൈയും എടുത്തില്ല. പ്രതിപക്ഷ നേതാക്കളുമായി വ്യക്തിപരമായി കണ്ടുപോലും സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അഞ്ചാഴ്ച നീണ്ട സഭാ സ്തംഭനത്തിനിടയില്‍ ഇരുസഭയിലും ഹാജരാകാന്‍പോലും പ്രധാനമന്ത്രി തയ്യാറായില്ല. പാര്‍ലമെന്റിലെ സ്തംഭനം തങ്ങള്‍ക്ക് വിഷയമല്ലെന്ന രീതിയിലായിരുന്നു സര്‍ക്കാരിന്റെ സമീപനം. പാര്‍ലമെന്ററി ജനാധിപത്യത്തിന് വിലകല്‍പ്പിക്കാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് ഇതുവഴി പ്രധാനമന്ത്രിയും യുപിഎ സര്‍ക്കാരും നല്‍കിയത്. ഇന്ത്യന്‍ പാര്‍ലമെന്ററി സംവിധാനത്തില്‍ ജെപിസി എന്ന അന്വേഷണ സംവിധാനമുണ്ട്. നാലുതവണ ജെപിസിക്ക് രൂപം നല്‍കിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്ത് നടന്ന ഏറ്റവും വലിയ അഴിമതിയെക്കുറിച്ച് ജെപിസി അന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിക്കാന്‍ പ്രതിപക്ഷത്തിന് അവകാശവുമുണ്ട്. ജെപിസി അന്വേഷണത്തിന് ഉത്തരവിട്ടതുകൊണ്ട് സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതിവിഭാഗം എന്നിവയുടെ അന്വേഷണം നിര്‍ത്തിവയ്ക്കേണ്ടതുമില്ല. കോര്‍പറേറ്റുകളും ബ്യൂറോക്രസിയും രാഷ്ട്രീയക്കാരും കോര്‍പറേറ്റ് മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ വ്യാപ്തി കണ്ടെത്തി അത് തടയാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ കഴിയുന്ന സമിതി ജെപിസിയാണ്. ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം നടത്താനും പാര്‍ലമെന്റിനു കഴിയും. ഓഹരി കുംഭകോണത്തില്‍ പല നിര്‍ദേശങ്ങളും ജെപിസി മുന്നോട്ടുവയ്ക്കുകയും അവ പലതും നിയമനിര്‍മാണങ്ങളായി പാര്‍ലമെന്റിനുമുമ്പില്‍ വരികയും ചെയ്തിട്ടുണ്ട്. പാര്‍ലമെന്റിന്റെ ഈ അവകാശത്തെയാണ് ഭരണപക്ഷം അട്ടിമറിച്ചിട്ടുള്ളത്. ഭരണനിര്‍വഹണ വിഭാഗം അന്തിമമായി പാര്‍ലമെന്റിനോട് കടപ്പെട്ടിരിക്കുന്നു. എന്നാല്‍, ജെപിസി അനുവദിക്കില്ലെന്ന മര്‍ക്കടമുഷ്ടി നയം സ്വീകരിക്കുകവഴി ഭരണനിര്‍വഹണവിഭാഗം പാര്‍ലമെന്റിനെത്തന്നെ വെല്ലുവിളിക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇത് ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ല. പ്രതിപക്ഷം ഒറ്റക്കെട്ടായാണ് ജെപിസി അന്വേഷണം ആവശ്യപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. അത്തരമൊരു ഘട്ടത്തില്‍ ഏതൊരു സര്‍ക്കാരും വൈകിയാണെങ്കിലും അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാറാണ് പതിവ്. രണ്ടുതവണ തുടര്‍ച്ചയായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ ഹുങ്കില്‍ പ്രതിപക്ഷത്തെ തീര്‍ത്തും അവഗണിക്കുന്ന സമീപനമാണ് യുപിഎ സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന കോഗ്രസും സ്വീകരിച്ചിട്ടുള്ളത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് എല്ലാ ജനാധിപത്യ അവകാശങ്ങളെയും കാറ്റില്‍ പറത്തി ഏകാധിപത്യത്തിന് വഴിയൊരുക്കിയ പാര്‍ടിയാണ് കോഗ്രസ് എന്നത് മറക്കാറായിട്ടില്ല. അതിനു സമാനമായ സമീപനമാണ് ഇപ്പോള്‍ കോഗ്രസ് സ്വീകരിച്ചിട്ടുള്ളത്. രണ്ടു ലക്ഷം കോടി രൂപയോളം കേന്ദ്രഖജനാവിന് നഷ്ടപ്പെടുത്തിയവരല്ല മറിച്ച് അവരെ ചൂണ്ടിക്കാട്ടിയ പ്രതിപക്ഷമാണ് ക്രിമിനലുകളെന്നാണ് പാര്‍ലമെന്ററിമന്ത്രി പവന്‍കുമാര്‍ ബന്‍സലിന്റെ ജല്‍പ്പനം. ജനാധിപത്യമല്ല, മറിച്ച് ഏകാധിപത്യമാണ് ഭരണപക്ഷത്തിന് പഥ്യമെന്ന് ഈ പ്രസ്താവന വ്യക്തമാക്കുന്നു. ജെപിസി ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുമെന്ന സൂചനയാണ് അവസാനദിവസവും ലഭിച്ചത്. ഇനിയുള്ള രണ്ടുമാസക്കാലം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള 11 കക്ഷി കൂട്ടുകെട്ടും രാജ്യമെമ്പാടും പ്രചാരണ പരിപാടികള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്്. ബജറ്റ്സമ്മേളനത്തിലും ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സഭാസ്തംഭനം തുടര്‍ന്നാല്‍ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സംജാതമാവുക. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഇടക്കാല തെരഞ്ഞെടുപ്പല്ലാതെ മറ്റൊരു മാര്‍ഗം ഉണ്ടാകില്ല. ഈ സാഹചര്യമൊരുക്കുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്തം യുപിഎ സര്‍ക്കാരിനും അതിന് നേതൃത്വം നല്‍കുന്ന കോഗ്രസിനുമായിരിക്കും.

No comments: