Sunday, July 11, 2010

പ്രതിരോധമരുന്നു നിര്‍മ്മിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചിട്ടതുവഴി നഷ്ടം 117 കോടി

പ്രതിരോധമരുന്നു നിര്‍മ്മിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചിട്ടതുവഴി നഷ്ടം 117 കോടി..

പ്രതിരോധമരുന്നുകള്‍ നിര്‍മിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ അനാവശ്യമായി പൂട്ടിയിട്ടതിലൂടെയും സ്വകാര്യ കമ്പനികളില്‍നിന്ന് മരുന്ന് വാങ്ങിയതിലൂടെയും 116.67 കോടി രൂപ നഷ്ടമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. മന്ത്രാലയത്തില്‍നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പയ്യന്നൂരിലെ ഡോ. കെ വി ബാബുവാണ് രേഖകള്‍ ആവശ്യപ്പെട്ടത്.
രാജ്യത്ത് അവശ്യംവേണ്ട പ്രതിരോധമരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ ഹിമാചല്‍പ്രദേശ് ഖസോളിയിലെ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ചെന്നൈയിലെ ബിസിജി ലാബ്, കൂനൂര്‍ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ രണ്ടുവര്‍ഷം അടച്ചിട്ടാണ് സ്വകാര്യ കമ്പനികള്‍ക്ക് യഥേഷ്ടം മരുന്നുകള്‍ വിലകൂട്ടി വില്‍ക്കാന്‍ വഴി തുറന്നുകൊടുത്തത്. 2008 മുതല്‍ 2010 വരെയുള്ള കാലയളവിലാണ് മൂന്ന് സ്ഥാപനങ്ങള്‍ പൂട്ടിയിട്ട് ബിസിജി, ഡിപിടി, ടിടി തുടങ്ങിയ പ്രതിരോധമരുന്നുകള്‍ സ്വകാര്യകമ്പനികളില്‍നിന്ന് വാങ്ങിയത്. ലോകാരോഗ്യസംഘടന നിശ്ചയിച്ച മാനദണ്ഡമനുസരിച്ചല്ല മരുന്നുകള്‍ നിര്‍മിക്കുന്നതെന്നുപറഞ്ഞാണ് ഇങ്ങനെ ചെയ്തത്. 2008 ജനുവരി 15ന് പൂട്ടിയ സ്ഥാപനങ്ങള്‍ നവീകരണപ്രവര്‍ത്തനമൊന്നും നടത്താതെ 2010 ഫെബ്രുവരി 22ന് പ്രവര്‍ത്തനം പുനരാരംഭിച്ചു. അടച്ചിട്ട കാലത്ത് ഹിമാചല്‍പ്രദേശിലെ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സംരക്ഷിക്കാന്‍ 51.31 കോടി രൂപയാണ് ചെലവഴിച്ചത്. പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ലഭിക്കാനുണ്ടായിരുന്ന 3.46 കോടി രൂപ കഴിച്ച് ചെലവഴിച്ചത് 47.85 കോടി. കൂനൂരിലെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 20.24 കോടിയും ചെന്നൈയിലെ ബിസിജി ലാബ് 9.08 കോടിയും സംരക്ഷണത്തിന് ചെലവഴിച്ചു. രണ്ടു വര്‍ഷം സ്വകാര്യസ്ഥാപനങ്ങളില്‍നിന്ന് മരുന്ന് വാങ്ങിയതിന്റെ അധികച്ചെലവ് 39.5 കോടി രൂപയും.
പൊതുമേഖലാസ്ഥാപനങ്ങള്‍ പൂട്ടിയതോടെ സ്വകാര്യ കമ്പനികള്‍ മരുന്നുകള്‍ക്ക് കുത്തനെ വിലകൂട്ടി. 2007-08ല്‍ 13 രൂപയുണ്ടായിരുന്ന ബിസിജി വാക്സിന് 2008-09ല്‍ 17.50 രൂപയായും 2009-10ല്‍ 27.75 രൂപയായും വര്‍ധിപ്പച്ചു. ഡിപിടിയുടെ വില 11.50 രൂപയില്‍നിന്ന് 16.88 രൂപയായും പിന്നീട്, 23.49 രൂപയായും കൂട്ടിയപ്പോള്‍ ടിടി ഇഞ്ചക്ഷന്‍ വില 6.20ല്‍നിന്ന് 11.65 രൂപയായും 17.68 രൂപയായും ഓരോ വര്‍ഷവും വര്‍ധിപ്പിച്ചു. രാജ്യത്ത് ആവശ്യമായ വാക്സിനുകളുടെ ഭൂരിഭാഗവും കൂടിയ വിലനല്‍കി സ്വകാര്യ കമ്പനികളില്‍നിന്ന് വാങ്ങിയാണ് രണ്ടു വര്‍ഷവും സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്തത്. പാര്‍ലമെന്റില്‍ ഉള്‍പ്പെടെ പ്രതിഷേധമുയര്‍ന്നതോടെയാണ് അടച്ചുപൂട്ടാന്‍ പറഞ്ഞ കാരണങ്ങള്‍ വിഴുങ്ങി സ്ഥാപനങ്ങള്‍ വീണ്ടും തുറന്നത്. എന്നാല്‍, ഈ സ്ഥാപനങ്ങളില്‍നിന്ന് ഇതുവരെ പ്രതിരോധമരുന്ന് പുറത്തിറങ്ങിയിട്ടില്ല.
deshabhimani

1 comment:

ജനശബ്ദം said...

പ്രതിരോധമരുന്നു നിര്‍മ്മിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചിട്ടതുവഴി നഷ്ടം 117 കോടി..


പ്രതിരോധമരുന്നുകള്‍ നിര്‍മിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ അനാവശ്യമായി പൂട്ടിയിട്ടതിലൂടെയും സ്വകാര്യ കമ്പനികളില്‍നിന്ന് മരുന്ന് വാങ്ങിയതിലൂടെയും 116.67 കോടി രൂപ നഷ്ടമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.