ഗാന്ധിജിയെ ഓര്‍മിക്കുമ്പോള്‍
ബുദ്ധനുശേഷം ഇന്ത്യ കണ്ട ഏറ്റവും മഹാനായ വ്യക്തി ആരാണെന്ന് ഇന്ത്യയുടെ പല ഭാഗത്തുമുളള വിദ്യാര്‍ഥികളോട് ഞാന്‍ പലപ്പോഴും ചോദിക്കുകയുണ്ടായിട്ടുണ്ട്. ഉത്തരത്തിന് ഒരിക്കലും കാത്തുനില്‍ക്കേണ്ടിവന്നിട്ടില്ല. എല്ലാവരുടെയും ഉത്തരം ഗാന്ധിജി എന്നുതന്നെയായിരുന്നു. എന്തുകൊണ്ട് ഗാന്ധിജി എന്ന തുടര്‍ചോദ്യത്തിന് മറുപടി അത്രതന്നെ ഏകകണ്ഠവും വ്യക്തവുമായിരുന്നില്ല. ആഗോളവല്‍ക്കരണപ്രക്രിയയിലൂടെ മുതലാളിത്തസംസ്കാരത്തിന്റെ സ്വാധീനം കൊടികുത്തിവാഴുന്ന സമൂഹത്തില്‍ ജീവിക്കുന്ന കുട്ടികളാണ് ഇവരെല്ലാവരും. അവരുടെ ജീവിതം ഗാന്ധിജി നിഷ്കര്‍ഷിച്ച ലളിതമായ ജീവിതത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണുതാനും. അവര്‍ ജീവിക്കുന്ന സമൂഹത്തില്‍ ഗാന്ധിസത്തിന്റെ സ്വാധീനമില്ല, എങ്കിലും ഗാന്ധിജിയെ അവര്‍ ആരാധിക്കുന്നു. ഗാന്ധിസം ഇന്ത്യന്‍ സമൂഹത്തിന് തികച്ചും അന്യമായി കഴിഞ്ഞിരിക്കുന്നെങ്കിലും ഗാന്ധിജി ജനമനസ്സുകളില്‍ ഇനിയും മായാതെതന്നെ കിടക്കുന്നു; ആദര്‍ശപരതയുടെ പ്രതീകമായി. ഇതൊരു വിരോധാഭാസമായി തോന്നാം. പക്ഷേ, ഗാന്ധിസം തിരസ്കരിച്ച സമൂഹം ഗാന്ധിജി എന്ന വ്യക്തിയോട് ആദരവ് പുലര്‍ത്തുന്നു എന്നര്‍ഥം. ഒരുപക്ഷേ, അതിനു കാരണം ഗാന്ധിജി പ്രതിനിധാനംചെയ്ത ആശയങ്ങളുടെ പ്രാധാന്യം പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ലെന്നതു മാത്രമല്ല, ധൃതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന ആഗോളസന്ദര്‍ഭത്തില്‍ അവയ്ക്ക് പ്രതിരോധസാധ്യതയുണ്ട് എന്നതുകൂടിയാണ്. ആദര്‍ശങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍മാത്രമേ പ്രതിരോധം സാധ്യമാകുകയുളളൂ. ഗാന്ധിജിയുടെ ജീവിതം ഒരാദര്‍ശമാണ്. ആ ആദര്‍ശം പിന്തുടരുന്നവര്‍ ആരും ഒരുപക്ഷേ ഇന്ത്യയില്‍ ഉണ്ടാകുകയില്ല. ഗാന്ധിയനായി ഗാന്ധി മാത്രമാണല്ലോ ഉണ്ടായിരുന്നത്? പക്ഷേ, ആ ആദര്‍ശത്തിന്റെ മായാതെ കിടക്കുന്ന സാമൂഹ്യാവബോധമാണ് വിദ്യാര്‍ഥികളിലൂടെ പ്രകടമായതെന്ന് വ്യാഖ്യാനിക്കാവുന്നതാണ്. ഗാന്ധിജിയുടെ ആദര്‍ശം നൈതികതയാണ്. സാമ്രാജ്യത്വത്തെ ചെറുക്കാന്‍ ഗാന്ധിജിക്ക് ശക്തിനല്‍കിയത് അതുതന്നെ. സാമ്രാജ്യത്വം എന്ന അധിനിവേശവ്യവസ്ഥ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ അനീതിയാണെന്ന് ഗാന്ധിജി വിശ്വസിച്ചു. നൈതികതയെ ആയുധമാക്കിക്കൊണ്ടു മാത്രമേ അതിനെ ചെറുക്കാന്‍ കഴികയുള്ളൂ എന്നതായിരുന്നു ഗാന്ധിജിയുടെ പരിപ്രേക്ഷ്യം. ദക്ഷിണാഫ്രിക്കയിലെ അനുഭവത്തിലൂടെ വളര്‍ത്തിയെടുത്ത ഈ ആശയം ശക്തമായ ഒരു സമരായുധമായി വളര്‍ത്തിയെടുത്തത് ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ പല ഘട്ടത്തില്‍ ഏറ്റെടുത്ത പരിപാടിയിലൂടെയാണ്. ഈ സമരത്തിന്റെ രൂപമായിരുന്നു സത്യഗ്രഹം. അതിലൂടെ സാമ്രാജ്യത്വത്തിന് മറ്റെങ്ങും നേരിടേണ്ടിവരാത്ത പ്രതിരോധമുറകളെയും ജനശക്തിയെയും അഭിമുഖീകരിക്കേണ്ടിവരുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിലുണ്ടായ ഏറ്റവും വലിയ ബഹുജനപ്രസ്ഥാനമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്യ്രസമരം. ഈ പ്രസ്ഥാനത്തിന്റെ നേതൃത്വം ഗാന്ധിജി ഏറ്റെടുക്കുന്നതോടുകൂടി അതിന്റെ സ്വഭാവത്തിലും പ്രവര്‍ത്തനത്തിലും അടിസ്ഥാനപരമായ മാറ്റമാണ് സംഭവിച്ചത്. ഇത് എങ്ങനെ എന്തുകൊണ്ട് സാധ്യമായി എന്നത് വളരെയേറെ വിശകലനം ചെയ്യപ്പെട്ടിട്ടുളള പ്രശ്നമാണ്. കര്‍ഷകരും തൊഴിലാളികളും ഹിന്ദുക്കളും മുസ്ളിങ്ങളും ബ്രാഹ്മണരും ഹരിജനങ്ങളുമൊക്കെ ഗാന്ധിജിയുടെ അനുയായികളായി. ഖിലാഫത്ത് പ്രസ്ഥാനത്തെ തുണച്ചുകൊണ്ടാണ് ഗാന്ധിജി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. അതിനുശേഷം ഹിന്ദു-മുസ്ളിം മൈത്രി എന്നത് അദ്ദേഹത്തിന്റെ ജീവിതലക്ഷ്യമായി മാറുകയും ചെയ്തു. സമുദായസൌഹാര്‍ദത്തിന്റെ പ്രാധാന്യം ഇത്രയും തിരിച്ചറിഞ്ഞ മറ്റൊരു വ്യക്തി ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. റിച്ചാര്‍ഡ് ആറ്റന്‍ബറോ നിര്‍മിച്ച ചലച്ചിത്രത്തില്‍ ഗാന്ധിജി ഇന്ത്യയെ അറിയാന്‍വേണ്ടി സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. തന്റെ രാഷ്ട്രീയഗുരുവായി സ്വീകരിച്ച ഗോപാലകൃഷ്ണ ഗോഖലെയുടെ ഉപദേശമനുസരിച്ചായിരുന്നു ഗാന്ധിജി ഇന്ത്യ കാണാന്‍’ ഇറങ്ങിയത്. അര്‍ധനഗ്നരും ദരിദ്രരുമായ നാട്ടുകാരെ കണ്ട് അദ്ദേഹം തന്റെ മേല്‍വസ്ത്രം നദിയിലൊഴുക്കുന്നതായി ആറ്റന്‍ബറോ ചിത്രീകരിച്ചിരിക്കുന്നു. മേല്‍മുണ്ട് ത്യജിക്കുന്നതിലൂടെ ഗാന്ധിജി ഇന്ത്യയിലെ കോടിക്കണക്കിലുളള ദരിദ്രനാരായണന്മാരുടെ പക്ഷത്ത് ചേരുകയാണ് ചെയ്തത്. ഗാന്ധിജിയുടെ ജനപ്രിയതയ്ക്കുളള കാരണവും അതുതന്നെ. ഗാന്ധിജി സഞ്ചരിച്ചിടത്തൊക്കെ ജനലക്ഷങ്ങള്‍ തടിച്ചുകൂടിയിരുന്നതിനു പിന്നില്‍ കിംവദന്തിയുടെ സ്വാധീനമുണ്ടായിരുന്നെന്ന് ഷാഹിദ് അമീന്‍ എന്ന ചരിത്രകാരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, അടിത്തറയില്ലാതെ കിംവദന്തി സൃഷ്ടിക്കാന്‍ കഴിയുകയില്ല. ജനതാല്‍പ്പര്യവുമായി ഗാന്ധിജി ആര്‍ജിച്ച താദാത്മ്യമായിരുന്നു ആ അടിത്തറ. കമ്യൂണിസം എന്താണെന്ന് തനിക്ക് അറിയില്ലെന്ന് ഗാന്ധിജി ഒരിക്കല്‍ പറയുകയുണ്ടായി. കമ്യൂണിസം എന്താണെന്നു‘പഠിപ്പിക്കാന്‍’ കമ്യൂണിസ്റ് നേതാവായ പി സി ജോഷിയെ അദ്ദേഹം ക്ഷണിക്കുകയുണ്ടായി. ജോഷി മൂന്നുദിവസം കമ്യൂണിസം പഠിപ്പിച്ചെന്നാണ് കഥ. ഇതാണ് കമ്യൂണിസമെങ്കില്‍ താന്‍ എന്നോ കമ്യൂണിസ്റുകാരനായിരുന്നെന്ന് ഗാന്ധിജി പറഞ്ഞുവത്രേ. അതായത്, ദരിദ്രരുടെയും ചൂഷിതരുടെയും പക്ഷത്തു നില്‍ക്കുന്ന വ്യക്തി എന്ന അര്‍ഥത്തില്‍. ഗാന്ധിജി നയിച്ച കൊളോണിയല്‍ വിരുദ്ധസമരം സാമ്രാജ്യത്വം എന്ന ചൂഷണവ്യവസ്ഥയ്ക്ക് എതിരായിരുന്നു. അതുകൊണ്ട് സ്വാതന്ത്യ്രത്തെയും സ്വരാജ്യത്തെയും ഗാന്ധിജി വേര്‍തിരിച്ചുകണ്ടു. സ്വാതന്ത്യ്രം നേടിയാലും സ്വരാജ്യം സിദ്ധിക്കണമെന്നില്ലെന്ന് ഗാന്ധിജി വിശ്വസിച്ചു. അതുകൊണ്ടാണ് സ്വരാജ്യം സിദ്ധിക്കാനുളള സമരമായി സ്വാതന്ത്യ്രസമരത്തെ ഉപയോഗിക്കണമെന്ന് ഗാന്ധിജി ശഠിച്ചത്. ജനങ്ങളെ സ്വരാജ്യത്തിനുവേണ്ടി സജ്ജമാക്കുകയെന്നതായിരുന്നു ഗാന്ധിജിയുടെ രാഷ്ട്രീയപരിപാടി. അതിന്റെ ഭാഗമായാണ് ഗാന്ധിജി രാഷ്ട്രീയസമരത്തെയും സാംസ്കാരികസമരത്തെയും കൂട്ടിയിണക്കാന്‍ ശ്രമിച്ചത്. സസ്യഭക്ഷണക്രമവും ശുചിത്വനിബന്ധനയുമൊക്കെ സമൂഹത്തെ സാംസ്കാരികമായി സജ്ജമാക്കുന്ന പ്രക്രിയയുടെ ഭാഗമായിരുന്നു. സാംസ്കാരിക അവബോധം രാഷ്ട്രീയമുന്നേറ്റത്തിന്റെ അനിഷേധ്യഘടകമാണെന്ന് തിരിച്ചറിഞ്ഞ ചുരുക്കം ചിലരിലൊരാളാണ്- ഒരുപക്ഷേ ഏക സ്വാതന്ത്യ്രസമരനേതാവാണ്- ഗാന്ധിജി. ഈ കാഴ്ച്ചപ്പാടിനെ മുന്നോട്ടു നയിക്കാന്‍ കഴിയാതെപോയത് സ്വാതന്ത്യ്രസമര പ്രസ്ഥാനത്തിന്റെ ഒരു വലിയ ദൌര്‍ബല്യമായിരുന്നു എന്ന വിലയിരുത്തല്‍ അസ്ഥാനത്തല്ല. നൈതികതയുടെ അടിത്തറയില്ലാത്ത രാഷ്ട്രീയം ഗാന്ധിജിക്ക് സ്വീകാര്യമായിരുന്നില്ല. മതത്തിന്റെ സ്വാധീനമില്ലാത്ത രാഷ്ട്രീയം ഉണ്ടായിക്കൂടെന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടത് അതുകൊണ്ടാണ്. പക്ഷേ, മതം എന്നതുകൊണ്ട് ഗാന്ധിജി അര്‍ഥമാക്കിയത് നൈതികതയെയാണ്. മതവിശ്വാസത്തെ രാഷ്ട്രീയലാഭങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന പ്രവണത എന്നല്ല. ഗാന്ധിജിയുടെ രാമരാജ്യം ഹിന്ദുരാഷ്ട്രമായിരുന്നില്ല. അങ്ങനെ വ്യാഖ്യാനിക്കുന്നവര്‍ ഒന്നുകില്‍ ഗാന്ധിജിയെ ശരിയായി മനസ്സിലാക്കാത്തവരാണ്, അല്ലെങ്കില്‍ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയാണ്. ആദര്‍ശപൂര്‍ണമായ നൈതികരാഷ്ട്രം എന്നാണ് ഗാന്ധിജി അര്‍ഥമാക്കിയത്. ആ നൈതികരാഷ്ട്രത്തിന്റെ മുഖമുദ്ര മതേതരത്വമായിരുന്നു. മതേതരത്വത്തെ ഗാന്ധിജി സമുദായമൈത്രിയായി ചുരുക്കിക്കണ്ടോയെന്ന് സംശയിക്കുന്നവരുണ്ടാകാം. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം സമുദായങ്ങള്‍ തമ്മിലുളള അന്യോന്യബഹുമാനം മതേതരത്വത്തിന് അനിവാര്യമായിരുന്നു. ഹിന്ദുവര്‍ഗീയതയുടെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു ഗാന്ധിജി. കാരണം, ഗാന്ധിജി ഒരു യഥാര്‍ഥ സനാതനഹിന്ദുവായിരുന്നു എന്നതാണ്. ഗാന്ധിജിയുടെ സാന്നിധ്യത്തില്‍ ഹിന്ദുമതത്തെ സ്വായത്തമാക്കാന്‍ വര്‍ഗീയതയ്ക്ക് സുസാധ്യമായിരുന്നില്ല. അതുകൊണ്ടായിരുന്നു ഗാന്ധിജിയെ വധിക്കാനുളള ശ്രമങ്ങളുണ്ടായത്. ഗാന്ധിജിയുടെ യഥാര്‍ഥ ഘാതകന്‍ നാഥുറാം ഗോഡ്സേ ആയിരുന്നില്ല, ഹിന്ദുവര്‍ഗീയതയായിരുന്നു. ഹിന്ദുവര്‍ഗീയതയ്ക്ക് ഗാന്ധിജിയെ പൊറുക്കാന്‍ കഴിയുമായിരുന്നില്ല. കാരണം, ഗാന്ധിജിയുടെ ഹിന്ദുമതവും വര്‍ഗീയതയുടെ ഹിന്ദുത്വവും പരസ്പരവിരുദ്ധമായിരുന്നു. ഗാന്ധിജി പ്രചരിപ്പിച്ചിരുന്ന ഹിന്ദുമതത്തെ പരാജയപ്പെടുത്തിയാല്‍ മാത്രമേ വര്‍ഗീയതയുടെ ഹിന്ദുത്വത്തിന് മുന്നേറാന്‍ കഴിയുമായിരുന്നുള്ളൂ. ഈ വൈരുധ്യം നിലനില്‍ക്കെ വര്‍ഗീയശക്തികള്‍ ഗാന്ധിജിയെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു എന്നത് വിരോധാഭാസമാണ്. മതപരിവര്‍ത്തനത്തിന് ഗാന്ധിജി എതിരായിരുന്നെന്നു പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഉദാഹരണം. ഗാന്ധിജിയെ യുഗപുരുഷനായി വിശേഷിപ്പിക്കാറുണ്ട്. പക്ഷേ, ഗാന്ധിജി ഭാവിയുടെ പ്രവാചകനായിരുന്നു. 1909ല്‍ എഴുതിയ ഹിന്ദുസ്വരാജ് പാശ്ചാത്യനാഗരികതയുടെ ദൌര്‍ബല്യത്തെക്കുറിച്ചുമാത്രം പ്രതിപാദിക്കുന്നതല്ല, നാഗരികതയുടെ ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ അതില്‍ നിഴലിക്കുന്നു. അതില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍, യന്ത്രവല്‍ക്കൃതയുഗത്തിന്റെ ഭീകരതകള്‍, ഇന്ന് യാഥാര്‍ഥ്യമായി കഴിഞ്ഞിരിക്കുയാണ്. ഒരുപക്ഷേ, ഇരുപതാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഏറ്റവും ദൂരദര്‍ശിത്വമുളള ഗ്രന്ഥമായി ഹിന്ദുസ്വരാജിനെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു. പ്രകൃതിയെ ബഹുമാനിക്കേണ്ട ആവശ്യം ജീവിതചര്യകളിലൂടെ സമര്‍ഥിച്ച ഗാന്ധിജിയുടെ കാഴ്ചപ്പാട് ആഗോളവല്‍ക്കരണത്തിന്റെ ഭീഷണിനേരിടുന്ന, ആഗോളതാപനം അനുഭവിക്കുന്ന സമകാലീനസമൂഹം ഓര്‍മിക്കേണ്ടതാണ്. ഇന്ത്യക്ക് സ്വാതന്ത്യ്രം നേടിയെടുത്തതില്‍ നിര്‍ണായകമായ പങ്കുവഹിച്ചത് ഗാന്ധിജി ആയിരുന്നെങ്കിലും ഗാന്ധിജി ഒരു ‘പരാജയപ്പെട്ട” രാഷ്ട്രീയനേതാവായിരുന്നു എന്നു പറഞ്ഞാല്‍ സ്വീകരിക്കാന്‍ വിഷമമുണ്ടാകും. പക്ഷേ, സമകാലീന ഇന്ത്യയുടെ ചരിത്രം ഗാന്ധിജിയുടെ ജീവിതദൌത്യങ്ങള്‍ നിറവേറ്റപ്പെടാതെ പോയതിന് സാക്ഷ്യം വഹിക്കുന്നു. ‘'എന്റെ ശവത്തിനു മേല്‍ മാത്രം വിഭജനം'’ എന്നു പറഞ്ഞ ഗാന്ധിജിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ആരുമുണ്ടായില്ല. വിഭജനത്തെ സ്വാതന്ത്യ്രമായി രാഷ്ട്രം ആഘോഷിച്ചു. സ്വാതന്ത്യ്രം ലഭിച്ചിട്ട് 60 കൊല്ലത്തിനുശേഷവും സ്വരാജ്യം’സിദ്ധിച്ചിട്ടില്ല. പോരാതെ, ഗാന്ധിജി പുറംതള്ളാന്‍ ശ്രമിച്ച സാമ്രാജ്യത്വം ശക്തിയോടെ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. ഗാന്ധിജിയുടെ പരാജയത്തിന് ഇനി എന്ത് തെളിവുവേണം? പക്ഷേ, ഗാന്ധിജിയുടെ ‘പരാജയത്തിന്റെ തെളിവ് കഴിഞ്ഞില്ല. ഗാന്ധിജി ജീവിതം ഉഴിഞ്ഞുവച്ചത് സമുദായസൌഹാര്‍ദത്തിനുവേണ്ടിയായിരുന്നല്ലോ? ഇന്ന് ഹിന്ദുവര്‍ഗീയവാദികള്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്ന ദയനീയസ്ഥിതിയാണ് പല സംസ്ഥാനത്തിലും. ഗാന്ധിജി വളര്‍ത്തിയെടുത്ത കോഗ്രസ് അതിനെതിരെ ഫലപ്രദമായ നടപടിയെടുക്കാന്‍ കഴിയാതെ നിസ്സഹായമായി നോക്കിനില്‍ക്കുകയും ചെയ്യുന്നു. കഴിഞ്ഞ കുറെ കൊല്ലമായി കോഗ്രസിന് സംഭവിച്ച മൂല്യച്ചുതിയുടെ പരിണതഫലമാണ് ഇത്. ഇന്ന് കോഗ്രസ് എന്ന മതേതരകകഷി വര്‍ഗീയതയോട് തുടര്‍ച്ചയായി സന്ധിചെയ്തുകൊണ്ടിരിക്കുന്നു. പലപ്പോഴും മൃദുഹിന്ദുത്വത്തെ തോളിലേറ്റാന്‍ വ്യഗ്രത കാണിക്കുകയും ചെയ്യുന്നു. ഗാന്ധിജിയുടെ ആദര്‍ശമെല്ലാം അദ്ദേഹത്തിന്റെതന്നെ പ്രസ്ഥാനത്തിന് അന്യമായി കഴിഞ്ഞിരിക്കുകയാണ്. ഈ സാധ്യത തിരിച്ചറിയാനുളള ദൂരദര്‍ശിത്വം അദ്ദേഹത്തിനുണ്ടായിരുന്നു എന്നുവേണം കരുതാന്‍. അതുകൊണ്ടാണല്ലോ അദ്ദേഹം കോഗ്രസിലെ അംഗത്വം രാജിവച്ചത്. കോഗ്രസ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടത്. ഈ രാഷ്ട്രീയപരാജയം ഗാന്ധിജിയെ അപ്രസക്തനാക്കുന്നില്ല. ഇന്നത്തെ സാഹചര്യത്തില്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ രണ്ടുകൊല്ലത്തില്‍ ഗാന്ധിജിയെക്കുറിച്ച് ചുരുങ്ങിയത് 25 ഗ്രന്ഥമെങ്കിലും ഇംഗ്ളീഷില്‍ എഴുതപ്പെട്ടിട്ടുണ്ട്. അതിന് ഒരുകാരണം ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ വളരെ പ്രസക്തമാണ് എന്നതായിരിക്കണം. അതുകൊണ്ട് ഇന്ന് ഗാന്ധിജി പുനര്‍വായിക്കപ്പെടേണ്ടതാണ്. ആ വായനയുടെ രീതിശാസ്ത്രം സങ്കീര്‍ണവും സമഗ്രവുമായിരിക്കണം. അതിലൂടെ ഉരുത്തിരിയുന്ന ഒരു പുതിയ തിരിച്ചറിവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഡോ. കെ എന്‍ പണിക്കര്‍
1 comment:

Post a Comment